ചരിത്രനിര്‍മിതികൾ മതാത്മകവും ശാസ്ത്രീയവും – ഡോ.കെ.ജി. പൗലോസ്

1964-തൃപ്പൂണിത്തുറ സംസ്‌കൃതകോളെജിന്റെ സുവര്‍ണജൂബിലി ആഘോഷം. രാജർഷി രാമവര്‍മ 1914-ൽ സ്ഥാപിച്ചതാണ് സംസ്‌കൃതശാസ്ത്രസിദ്ധാന്തങ്ങൾ പഠിപ്പിക്കാനുള്ള ഈ സ്ഥാപനം. കൊച്ചിയിലെ അവസാനത്തെ രാജാവും മഹാപണ്ഡിതനുമായ പരീക്ഷിത്ത് മഹാരാജാവാണ് അപ്പോൾ അതിന്റെ രക്ഷാധികാരി. ആഘോഷവേദിയിൽ അഗ്രാസനത്തിൽ അദ്ദേഹം ഉപവിഷ്ടനായിരിക്കുന്നു. രാജകുടുംബാംഗങ്ങളും പൗരമുഖ്യന്മാരും നിറഞ്ഞ സദസ്സ്.


സ്വാഗതം ആശംസിക്കാൻ മൈക്കിന് മുൻപിലേക്ക് വന്നത് അധികമാർക്കും പരിചിതനല്ലാത്ത, വെളുത്ത ഷർട്ടും പാന്റ്സും ധരിച്ച, സ്വര്‍ണഫ്രെയിമുള്ള കണ്ണടയുമുള്ള, മെല്ലിച്ച സൗമ്യനും സുന്ദരനുമായ ഒരു യുവാവാണ്. സ്വാതന്ത്ര്യാനന്തരം അറുന്നൂറോളം പ്രവിശ്യകളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതിന്റെ ഓര്‍മകൾ Integration of Indian States എന്ന ഗ്രന്ഥത്തിൽ വി.പി.മേനോൻ രേഖപ്പെടുത്തിയതിനെ ഉദ്ധരിച്ചായിരുന്നു അദ്ദേഹം സ്വാഗതപ്രഭാഷണം ആരംഭിച്ചത്. പല പ്രവിശ്യകളും ലയിക്കാൻ മടിച്ചു, ചിലർ വലിയ ആവശ്യങ്ങൾ മുന്നോട്ടു വച്ചു, പലരും യുദ്ധത്തിന് പുറപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. ഈ അനുഭവങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് വി.പി. മേനോൻ ഹിൽപാലസിൽ എത്തിയത്. മഹാരാജാവിനെ കണ്ടപ്പോഴെ മനസ്സ് നമിച്ചു – ഋഷിതുല്യമായ കാന്തി. കുശലപ്രശ്‌നത്തിനുശേഷം കാര്യത്തിലേക്ക് കടന്നു; തമ്പുരാൻ പരദേവതയെ ധ്യാനിച്ചു. പേനയെടുത്ത് സംയോജനത്തിനുള്ള കരാറിൽ ഒപ്പ് വച്ചു. ഒന്നും ആവശ്യപ്പെട്ടില്ല. അത്ഭുതാദരങ്ങളോടെ കൈകൂപ്പി, അദ്ദേഹം പുറത്തേയ്ക്കിറങ്ങി.


ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ സ്വര്‍ണത്താളുകളിൽ കുറിച്ച പേരാണ് പരീക്ഷിത്ത് തമ്പുരാന്റെയും കൊച്ചിയുടേയും എന്നു പറഞ്ഞാണ് സ്വാഗതം അവസാനിപ്പിച്ചത്. പരീക്ഷിത്തു തമ്പുരാൻ ശ്രദ്ധയോടെ കേട്ട്, ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു. മുൻനിരയിലിരുന്ന മഹാപണ്ഡിതന്മാർ അന്യോന്യം ചോദിച്ചു- ‘ആരാ? ആരാ ഇത്?’ ‘സ്ഥലം മാറി വന്ന ലക്ചററാ, ചരിത്രാണത്രേ വിഷയം’. അഭിനന്ദനസുചകമായി അവർ തലകുലുക്കി.


അന്ന് പതിനഞ്ച് മിനിറ്റുകൊണ്ട് ഒരു മഹാസദസ്സിനെ, അതും യാഥാസ്ഥികമായ ഒന്നിനെ, വിസ്മയിപ്പിച്ച ഡോ.സി.കെ.കരീമിനെ തികഞ്ഞ അത്ഭുതാദരങ്ങളോടെയാണ് ഞങ്ങൾ വിദ്യാർത്ഥികൾ കണ്ടത്. എടവനക്കാടാണ് വീടെങ്കിലും അന്നത്തെ യാത്രാസൗകര്യങ്ങളുടെ പരിമിതിമൂലം തൃപ്പൂണിത്തുറയിൽ ഒരു ലോഡ്ജിലാണ് അദ്ദേഹം അന്നു പ്രവൃത്തിദിവസങ്ങളിൽ താമസിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒട്ടേറെ സമയം സാറിനോടൊപ്പം കഴിച്ചുകൂട്ടിയിട്ടുണ്ട്. വിജഞാനപ്രദങ്ങളായ ആ സായാഹ്നങ്ങളുടെ സൗഭാഗ്യം ഏറെനാൾ ഞങ്ങൾക്ക് കിട്ടിയില്ല; അടുത്തവർഷം പെരുങ്ങമ്മല കോളെജ് പ്രിൻസിപ്പലായി അദ്ദേഹം സ്ഥലം മാറിപ്പോയി.


1972-ലാണ് പിന്നെ ഞങ്ങൾ നേരിൽ കാണുന്നത്, അപ്പോഴേയ്ക്കും പട്ടാമ്പി കോളെജിൽ ലക്ചറായി എനിക്ക് നിയമനം കിട്ടിയിരുന്നു. സാറ്, തിരുവനന്തപുരത്തുനിന്ന് പുതുതായി തുടങ്ങുന്ന ‘ചരിത്രം’ എന്ന ത്രൈമാസികത്തെ കോളെജധ്യാപകർക്ക് പരിചയപ്പെടുത്താനും വരിക്കാരെ ചേർക്കാനുമുള്ള യാത്രയുടെ ഭാഗമായിട്ടാണ് പട്ടാമ്പിയിൽ എത്തിയത്. പിന്നീട് 1974-75 കാലത്ത് ഹിൽപാലസിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാർ ആയിരിക്കുമ്പോഴാണ് ഞങ്ങൾ അടുത്തു പെരുമാറുന്നത്. അപ്പോഴേക്കും എനിക്ക് തൃപ്പൂണിത്തുറയ്ക്ക് മാറ്റമായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ ആദ്യത്തെ സെനറ്റിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു കാഴ്ചകൾ പലതും. അന്നേക്ക് മുണ്ടശ്ശേരിയുമായുള്ള അകൽച്ച തുടങ്ങിയിരുന്നു; താമസിയാതെ സാറ് ഗസ്റ്റിയേഴ്‌സിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. വ്യക്തിബന്ധങ്ങൾ ഇത്രയും ഓര്‍മിപ്പിച്ചത് കരീം സാർ വ്യാപരിച്ചിരുന്ന മേഖലകളുടെ വൈപുല്യവും വൈവിധ്യവും സൂചിപ്പിക്കാനാണ്.


ജീവിതത്തിൽ ഫലപ്രദമായ എന്തെങ്കിലും ചെയ്തിട്ടുള്ള ആരുടെയും കാര്യത്തിലെന്നപോലെ കരീംസാറിനും ജീവിതം നിരന്തരസമരമായിരുന്നു. രണ്ടു തരത്തിലുള്ള സമരമാണ് അദ്ദേഹം നയിച്ചത്. ഒന്ന് – തന്റെ തന്നെ സമുദായത്തിലെ യാഥാസ്ഥികമായ മതശാഠ്യങ്ങളോട്; രണ്ട് – വൈജ്ഞാനികരംഗത്ത്  തന്റെ മേഖലയായ ചരിത്രത്തിലെ വക്രീകരണങ്ങളോട്.


യുവത്വത്തിൽ, പൊതുരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന 1950കളിൽ, കേരളത്തിൽ പിന്നോക്കം നില്ക്കുന്ന വിഭാഗമായിരുന്നു മുസ്ലീം സമൂഹം. കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ആരും ശ്രദ്ധിച്ചിരുന്നില്ല; ഉദ്യോഗങ്ങൾ കിട്ടാനില്ല, ഉണ്ടെങ്കിൽത്തന്നെ അർഹത നേടിയവർ കുറവ്. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രധാനമാര്‍ഗം കുഞ്ഞുങ്ങൾക്ക് ആധുനകവിദ്യാഭ്യാസം നല്കുകയാണെന്ന വിശ്വാസത്തിൽ വിദ്യാഭ്യാസപ്രചരണത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ, മതനേതാക്കന്മാർ പലരും ഇതിന് അനുകൂലമായിരുന്നില്ല.


ഒരിക്കൽ ഒരു മുസ്ലീം സാംസ്‌കാരിക സംഘടന മാനാഞ്ചിറയിൽ സംഘടിപ്പിച്ച ഒരു മഹായോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മതപണ്ഡിതൻ, സ്ത്രീവിദ്യാഭ്യാസത്തെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും നഖശിഖാന്തം എതിർത്താണ് സംസാരിച്ചത്. അറബി ഒഴിച്ച് ബാക്കിയെല്ലാം ‘നരക’ത്തിലെ ഭാഷകളാണെന്ന് അദ്ദേഹം സമർത്ഥിച്ചു. സ്വന്തം മകന്റെ കാര്യം ഉദാഹരിക്കുകയും ചെയ്തു. മകനെ നാല് ക്ലാസ് പഠിപ്പിച്ചു, ‘അപ്പോൾ അവൻ ചോദിക്കുന്നു, പടച്ചോൻ ഉണ്ടെന്നതിനുള്ള തെളിവെന്താന്ന്. അവനെ ഇനിയും പഠിപ്പിച്ചാലുള്ള സ്ഥിതിയെന്താണ്? നിങ്ങളാരും കുട്ടികളെ സ്‌കൂളിൽ വിടരുതെ’ന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം അദ്ധ്യക്ഷപ്രസംഗം അവസാനിപ്പിച്ചത്. തുടർന്നു പ്രസംഗിച്ചത് കരീം മാഷായിരുന്നു. സൗമ്യമായി, നല്ല നര്‍മബോധത്തോടെ അദ്ധ്യക്ഷൻ പറഞ്ഞതൊക്കെ അദ്ദേഹം നിരാകരിച്ചു; തെല്ലൊരു പരിഹാസത്തോടെ അദ്ധ്യക്ഷനെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. ഇതുവരെ അദ്ദേഹം സംസാരിച്ചത് മുഴുവൻ ‘നരകത്തിലെ ഭാഷ’യാണ്, മലയാളം സ്വര്‍ഗത്തിലെ ഭാഷയല്ലല്ലോ, അറബി മാത്രമല്ലേ സ്വര്‍ഗത്തിലേതുള്ളൂ’ ആ മഹാസദസ്സ് ആസ്വദിച്ചു ചിരിച്ചു. ഇങ്ങനെ അനേകം മൈതാനയോഗങ്ങളിൽ കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം നല്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്.


1960-കളിൽ ആരംഭിച്ച എം.ഇ.എസ്. സമുദായത്തിൽ വലിയൊരു നവോത്ഥാനം കൈവരുത്തുമെന്ന് പുരോഗമനാശയക്കാർ പ്രതീക്ഷിച്ചിരുന്നു. എം.ഇ.എസ്സിന്റെ പുരോഗമനനടപടികളെ സി.കെ.കരീം പിന്തുണച്ചു. വിദ്യാഭ്യാസകാര്യത്തിൽ മാത്രമല്ല, സമൂഹത്തെ പുരോഗമനോന്മുഖമാക്കുന്ന ഏതു കാര്യത്തിലും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ‘ഇസ്ലാമിക ശരി അത്ത്’ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ചർച്ചയിൽ അനുകൂലമായ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. വിദ്യാഭ്യാസരംഗത്ത് തിരിച്ചടികൾ പലപ്പോഴും ഉണ്ടായെങ്കിലും, സ്വന്തം സമുദായത്തിൽ വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം ഉണ്ടാകുന്നത് ജീവിതകാലത്ത് തന്നെ കാണാൻ അദ്ദേഹത്തിന് ഭാഗ്യം ഉണ്ടായി.


സ്വന്തം തട്ടകമായ ചരിത്രത്തിന്റെ മേഖലയിലായിരുന്നു സി.കെ.കരീം നീണ്ടപോരാട്ടം നടത്തിയത് അത്രയേറെ കാടും പടലവും നിറഞ്ഞതാണ് ഇന്ത്യയുടെ ചരിത്രം. ചുരുക്കം ചില ഇടവേളകളിലൊഴികെ ഭരണപരമായ ഐക്യം ഇന്ത്യയിൽ രൂപപ്പെട്ടിരുന്നില്ല; പിന്നെ ഉണ്ടായിരുന്നത് നൂറുകണക്കിന് ചെറുതും വലുതുമായ നാടുവാഴികളും അവരുടെ കൊച്ചുകൊച്ചുപ്രവിശ്യകളുമാണ്. അതത് പ്രദേശങ്ങളിലെ ദൈനംദിനവ്യവഹാരങ്ങൾ രേഖപ്പെടുത്തുന്നതിന് സൂതമാഗധരരായ കൊട്ടാരം സ്തുതിപാഠകരുണ്ട്. അതിനപ്പുറമുള്ളൊരു ചരിത്രബോധം ഈ നാടുവാഴികൾക്കുണ്ടാകുമെന്ന് കരുതാനാവില്ല. കൊളോണിയൽ ഭരണാധികാരികൾക്ക് ഇത് സൗകര്യമായി. വിധി, തങ്ങളെ ഇന്ത്യക്ക് ചരിത്രമുണ്ടാക്കാൻ കൂടി നിയോഗിച്ചിരിക്കുന്നു എന്ന് അഹങ്കരിച്ച അവർ, തോന്നിയപോലെ ഇന്ത്യക്ക് ചരിത്രം നിര്‍മിക്കാൻ തുടങ്ങി. അങ്ങനെ ഹിന്ദുക്കളുടെതായ സുവർണഭൂതകാലവും മുസ്ലീങ്ങളുടെതായ കിരാതകാലവും അവസാനം തങ്ങളുടേതായ പരിഷ്‌കൃതകാലവും എന്ന് ഇന്ത്യാചരിത്രത്തെ അവർ മൂന്നു ഘട്ടങ്ങളായി തിരിച്ചു; മുസ്ലീങ്ങളെയും ഹിന്ദുക്കളെയും നിത്യവൈരത്തിൽ തമ്മിലടിക്കുന്ന രണ്ടു വിഭാഗങ്ങളാക്കി മാറ്റി. ഇത്തരം സ്പർധ വളർത്താനാണ് കൊളോണിയൽ ഭരണാധികാരികൾ ചരിത്രത്തെ ഉപയോഗിച്ചത്.


ചരിത്രപഠനം ഗൗരവമായി തുടങ്ങിയപ്പോൾ തന്നെ, ഈ വൈരുദ്ധ്യം ഡോ.കരീമിന് ബോധ്യമായി. അന്നത്തെ ഏറ്റവും പ്രശസ്തനായ ഡോ.നൂറുൾഹസ്സന്റെ കീഴിലാണ് അദ്ദേഹം ഗവേഷണം ആരംഭിച്ചത്. ഹൈദരുടെയും ടിപ്പുവിന്റെയും സംഭാവനകൾ ആയിരുന്നു പഠനവിഷയം. രേഖകൾ പരിശോധിച്ച് വരുമ്പോഴാണ് എന്തെല്ലാം കള്ളക്കഥകളാണ് കൊളോണിയൽ ചരിത്രകാരന്മാർ എഴുതിപിടിപ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്. ഒരു രാക്ഷസനായിട്ടാണ് ടിപ്പുവിനെ വിദേശികൾ അവതരിപ്പിച്ചത്. യഥാർത്ഥത്തിൽ ഇന്ത്യയിലെ ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്തിനും പ്രജകൾക്കും ഒട്ടേറെ നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തു. മണ്ണൂർ, തിരുവഞ്ചിക്കുളം, ഗുരുവായൂർ എന്നീ ക്ഷേത്രങ്ങൾക്ക് ഏക്കർകണക്കിന് ഭൂമി പതിച്ചു നല്കിയ ടിപ്പുവിനെയാണ് മതഭ്രാന്തനും ഹിന്ദുവിരുദ്ധനും ഒക്കെ ആയി കൊളോണിയൽ ചരിത്രം ചിത്രീകരിച്ചത്. നമ്മുടെ സവര്‍ണ ചരിത്രബോധം അത് അപ്പാടെ ഏറ്റെടുത്ത് പ്രചരിപ്പിക്കയും ചെയ്തു.


ബ്രിട്ടീഷുകാർക്ക് ടിപ്പുവിനോട് വിരോധം തോന്നാൻ കാരണമുണ്ട്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തെ ശക്തിയായി എതിർത്ത ഭരണകൂടം ടിപ്പുവിന്റേതുമാത്രമാണ്. എങ്ങനെയെല്ലാം പ്രലോഭിപ്പിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടും ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി സന്ധി ഉടമ്പടി ഒപ്പ് വയ്ക്കാൻ ടിപ്പു സമ്മതിച്ചില്ല. കമ്പനിക്കൊന്നേ ചെയ്യാൻ പറ്റൂ-സുൽത്താനെ ജനദ്രോഹിയും മതഭ്രാന്തനും കിരാതനുമായി മുദ്രകുത്തി ചരിത്രത്തിൽനിന്ന് നിര്‍മാര്‍ജനം ചെയ്യുക; അതിന് പൊതുസവര്‍ണബോധത്തെ പ്രയോജനപ്പെടുത്തുക. സാമാജ്യത്വത്തിന്റെ ഈ ഗൂഡാലോചനയാണ് തന്റെ ഗവേഷണത്തിലൂടെ ശ്രീ. കരീം തകർത്തത്.


‘യുഗപരമ്പരയിലൂടെ മനുഷ്യൻ ആര്‍ജിച്ച സംസ്‌കാരത്തിന്റെ കഥയാണ് ചരിത്രം’ എന്നാണ്, പതിനൊന്ന് കനത്ത വാല്യങ്ങളിലായി ലോകനാഗരികതയുടെ ചരിത്രം രചിച്ച വിൽ ഡൂറന്റ് രേഖപ്പെടുത്തിയത്. അതുകൊണ്ട് എഴുതിവയ്ക്കുന്നവന്റെ പക്ഷപാതങ്ങൾ, പഴയകാലത്തെ സൂതസൂക്തങ്ങൾ പോലെ, ചരിത്രത്തെ സ്വാധീനിക്കരുതെന്ന് ഡോ. കരീമിന് നിർബന്ധം ഉണ്ടായിരുന്നു. ചരിത്രത്തെ സംബന്ധിച്ച തന്റെ കാഴ്ചപ്പാട് അദ്ദേഹം വ്യക്തമായി നിർവചിച്ചതിങ്ങനെയാണ്:


ശാസ്ത്രീയമെന്ന് (ചരിത്രരചനയെ) വിവക്ഷിക്കുമ്പോൾ വെറും അപഗ്രഥനവും നിരീക്ഷണവും മാത്രമല്ല മനസ്സിൽ കാണുന്നത്. വ്യക്തിഗതവും പ്രാദേശികവും സാമുദായികവും വർഗ്ഗീയവുമായ സ്പർധ ലവലേശം പോലും അടങ്ങിയിട്ടില്ലാത്ത ക്രിയാത്മകമായ രചനാവൈഭവം എന്നു കൂടി അർത്ഥമാക്കുന്നുണ്ട്.


ഈ തത്ത്വത്തെ പിൻതുടരുന്നതായിരുന്നു, അദ്ദേഹത്തിന്റെ ചരിത്രരചനാസംരംഭങ്ങൾ എല്ലാംതന്നെ, 29 പുസ്തകങ്ങൾ, ചരിത്രവുമായി ബന്ധപ്പെട്ടവ, അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടാതെ ചരിത്രം എന്ന ത്രൈമാസികം. 1970 മുതൽ 1987 വരെ വർഷത്തിൽ നാലെന്ന നിലയിൽ 17 വർഷം എഴുപതിനടുത്തു ലക്കങ്ങൾ മുടങ്ങാതെ അദ്ദേഹം പ്രസിദ്ധീകരിച്ചു. സാഹിത്യത്തിനും സിനിമയ്ക്കുമൊക്കെയല്ലാതെ ചരിത്രത്തിന് മാത്രമായി ഒരു പ്രസിദ്ധീകരണം അന്ന് അപൂർവമായിരുന്നു, അതു മുടക്കംകൂടാതെ കൊണ്ടുനടത്താൻ അദ്ദേഹം നന്നേ ക്ലേശിച്ചിട്ടുണ്ട്. തിരുവനന്തപുത്ത് നിന്ന് താമസം എറണാകുളത്തേക്ക് മാറ്റിയപ്പോഴാണ് പ്രസിദ്ധീകരണം നിലച്ചത്. ഇക്കാലഘട്ടത്തിൽ ചരിത്രത്തോട് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ധൈഷണികമായി ഇടപെടാൻ ത്രൈമാസികത്തിന് കഴിഞ്ഞു.


എറണാകുളത്ത് കഴിച്ചുകൂട്ടിയ അവസാനവർഷങ്ങൾ, (1987-2000) അമിതമായ അക്കാദമിക ബാധ്യതകൾ കൂടാതെ പൊതുരംഗത്ത് സജീവമാകാൻ അദ്ദേഹത്തിന് സമയം നല്കി. കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്തകേരള സാഹിത്യപരിഷത്ത് തുടങ്ങി അനേകം സാംസ്‌കാരിക സംഘടനകളുടെ നേതൃതലത്തിൽ പ്രവർത്തിക്കാനും കൊച്ചിയിലെ പ്രബുദ്ധമായ സാംസ്‌കാരികമണ്ഡലത്തിൽ ലയിച്ചുചേരാനും അദ്ദേഹത്തിന്  കഴിഞ്ഞു.


ശ്രീ. പി. ഗോവിന്ദപിള്ള, ഡോ. സി.കെ. കരീമിനെ ചരിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തിയ തിങ്ങനെയാണ്:


നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ചരിത്രത്തിലെ കുരിശുയുദ്ധമനഃസ്ഥിതി ഇന്നും തുടരുകയാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിച്ച പാശ്ചാത്യരീതിയാണ് ഇന്നും ഇന്ത്യയിൽ അസ്വസ്ഥതകൾ വിതയ്ക്കുന്നത്. വികൃതമാക്കപ്പെട്ട ചരിത്രം സംഘട്ടനങ്ങൾക്ക് ന്യായീകരണമാവുകയാണ്. വിഘടനവാദങ്ങൾക്ക് ചരിത്രപരമായ ന്യായീകരണങ്ങൾ ഉണ്ടാവുമ്പോൾ അത് വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമായി മാറുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ അധികാരം തട്ടിപ്പറിച്ചെടുത്തത് മുസ്ലീങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ട് മുസ്ലീങ്ങളെ അവർ ഒന്നാം നമ്പർ ശത്രുക്കളായി കണ്ടു. മുസ്ലീങ്ങളുടെ ഭരണകാലത്തെക്കുറിച്ച്  വിദ്വേഷജനകമായ കഥകൾ സൃഷ്ടിച്ച്  ഹിന്ദുക്കളിൽ മുസ്ലീം വിരോധം കുത്തിവച്ച ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. മുസ്ലീങ്ങളും തങ്ങളെപ്പോലെ വിദേശികളാണെന്ന് വരുത്തുക, അവർ ക്രൂരരായിരുന്നുവെന്ന് പഠിപ്പിച്ച് സ്ഥിരമായി ഹിന്ദുമുസ്ലീം വിരോധമുണ്ടാക്കി ഭരണം നിലനിറുത്തുക. ഇതിനെതിരെ പ്രതികരിച്ച ചരിത്രപണ്ഡിതന്മാരുടെ മുൻനിരയിലാണ്  കരീമിന്റെ സ്ഥാനം.


ഡോ. സി.കെ.കരീമിനെ വി.ആർ.കൃഷ്ണയ്യർ വിശേഷിപ്പിച്ചിരുന്നത്, ‘സെക്കുലറായ ചരിത്രകാരൻ’ എന്നാണ്.


കരീംസാർ നമ്മെ വിട്ടുപിരിഞ്ഞ രണ്ടു ദശകങ്ങൾക്ക് ശേഷം ബക്കർ മേത്തല പുറത്തിറക്കിയ ‘ഡോ.സി.കെ.കരീം – എഴുത്തും ജീവിതവും’ എന്ന പുസ്തകം ധന്യമായ ഒരു ഓര്‍മപ്പെടുത്തലാണ്.