വർഗീയവത്കരിക്കപ്പെടുന്ന വംശീയ സംഘർഷം – വാൾട്ടർ ഫെർണാണ്ടസ്

മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ തലക്കെട്ടായി വരുന്നത് ‘ക്രിസ്ത്യാനികളുടെ മേലുള്ള ആക്രമണം’ എന്നത്രേ.  ഇതിൽ അദ്ഭുതത്തിനു വകയില്ല. അനേകം ദൈവാലയങ്ങളും ചാപ്പലുകളും ആക്രമിക്കപ്പെടുകയും മെയ്തി വിഭാഗക്കാരുടെ വിശുദ്ധസ്ഥലങ്ങൾ ആക്രമണത്തിനു വിധേയമാക്കപ്പെടുകയും ചെയ്തുവെന്ന ആരോപണവും നിലനില്ക്കുന്നുണ്ട്. എന്നാൽ, ഇത് പരിശോധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല. ഈ സംഭവങ്ങളെല്ലാം വഴി സംഘർഷങ്ങൾക്ക് ഒരു വർഗീയനിറം കൊടുക്കാനായിട്ടുണ്ട്. എന്നാൽ, യഥാർഥത്തിൽ പതിറ്റാണ്ടുകൾ നീണ്ട വർഗീയ സംഘർഷചരിത്രമാണ് അതിനുള്ളത്. ഇതുടലെടുത്തത് സങ്കീർണമായ വംശീയബന്ധങ്ങളുടെയും മണിപ്പൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെയും പരിണതഫലമായിട്ടത്രേ. ഈ സംസ്ഥാനത്തിൽ മുഖ്യമായി, മൂന്നു വംശീയവിഭാഗങ്ങളാണുള്ളത്. അവയിൽ രണ്ടും ആദിവാസികളായ ക്രിസ്ത്യാനികളത്രേ. മൂന്നാമത്തെ വിഭാഗം ഹിന്ദുക്കളായ, എന്നാൽ ആദിവാസികളല്ലാത്ത, ‘മെയ്തി’ വംശത്തിൽ ഉൾപ്പെടുന്നു. 2011-ലെ സെൻസസ് പ്രകാരം 53 ശതമാനവും മെയ്തി വിഭാഗത്തിൽപെടും. അവരുടെ മൊത്തം ജനസംഖ്യയാകട്ടെ 2.86 ദശലക്ഷമാണ്. (ഇന്ന് ആ സംഖ്യ 3.6 ദശലക്ഷമായി വർധിച്ചിട്ടുണ്ട്). താഴ്‌വരകളിലെ 10 ശതമാനം വരുന്ന ഭൂമിയിലാണ് ഇവർ കഴിയുന്നത്. നാഗാ, കുക്കി വിഭാഗങ്ങളിൽപ്പെടുന്ന ആദിവാസികൾ 40 ശതമാനം വരും. മലമ്പ്രദേശങ്ങളിലടക്കം ഇക്കൂട്ടരുടെ ഉടമസ്ഥതയിലാണ് 90 ശതമാനം ഭൂമിയും ഉള്ളത്. അവരുടെ ഭൂമിയിൽപെടുന്നതാണ് വനഭൂമികളെല്ലാംതന്നെ. സംസ്ഥാനത്തിന്റ മൊത്തം ഭൂവിസ്തൃതിയിൽ 67 ശതമാനവും വനമേഖലയാണ്. മെയ്തി വിഭാഗത്തിന്റെ പ്രധാന പരാതി മലമ്പ്രദേശങ്ങളിൽ അവർക്ക് ഭൂമി സ്വന്തമാക്കാനാവില്ലായെന്നതാണ്. കാരണം, അത് ആദിവാസിമേഖലയാണ്. എന്നാൽ ആദിവാസികൾക്ക് താഴ്‌വരകളിൽ ഭൂമി സ്വന്തമാക്കുന്നതിനു വിലക്കുകളൊന്നുമില്ല. മെയ്തി വിഭാഗത്തിന് മലമ്പ്രദേശങ്ങളിൽ ഭൂമിവേണം. അതേസമയം, ആദിവാസികളുടെ എതിർവാദം മെയ്തിവിഭാഗം, സാമ്പത്തികമായും രാഷ്ട്രീയമായും സ്വാധീനിശക്തിയുള്ളവരാകയാൽ സർക്കാർ ഉദ്യോഗങ്ങളും തൊഴിലുമെല്ലാം അവർ തങ്ങളുടെ കുത്തകയാക്കി വച്ചിരിക്കുകയാണെന്നത്രേ. കൂടുതലായി, ഭൂമി അവർക്ക് നൽകാനാവില്ലയെന്നാണ് ഈ ആദിവാസികളുടെ നിലപാട്. യഥാർഥത്തിൽ മെയ്തിവിഭാഗത്തിൽപ്പെടുന്ന പാവപ്പെട്ടവർ മലമ്പ്രദേശങ്ങളിലും അധിവസിക്കുന്നുണ്ട്. എന്നാൽ അവിടെ അധിവസിക്കുന്ന നേതാക്കൾ പാവപ്പെട്ട ജനവിഭാത്തെ പ്രതിനിധീകരക്കുന്നില്ല.


ദശവർഷങ്ങളായി നിലനിന്നിരുന്ന ഈ സംഘർഷംമൂലം മലമ്പ്രദേശങ്ങളിലെ ഭൂമിയുടെ സ്വഭാവംതന്നെ മാറ്റിമറിക്കുന്ന രീതിയിൽ നിയമം ഉണ്ടാക്കുകയും അത് അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ആദിവാസികൾ ഇത്തരം ശ്രമങ്ങളെ ചെറുക്കുകയും ഭരണഘടനയുടെ ആറാം പട്ടികയിൽ നിർദേശിച്ചിട്ടുള്ളതുപോലെ സ്വയംഭരണാവകാശമുള്ള ജില്ലാ കൗൺസിലുകൾ രൂപവത്കരിക്കണമെന്ന വാദം ഉയർത്തുകയും ചെയ്തു. ആദിവാസികളുടെ സംസ്‌കാരം നിലനിറുത്തുകയെന്ന ലക്ഷ്യമാണ് ഈ ജില്ലാ കൗൺസിലുകൾക്കുള്ളത്. എന്നാൽ അതിനുപകരം, ആർട്ടിക്കിൾ 371-സി പ്രകാരമുള്ള ഏതാനും ഇളവുകൾ മാത്രമാണ് അവർക്ക് നൽകിയത്. ദശവർഷങ്ങളായി ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹൈവേയിലെ ഗതാഗതം തടയാനും സമരങ്ങളും അടച്ചുപൂട്ടലുകളുമൊക്കെ ഏറെ ഉണ്ടായിട്ടുണ്ട്. ഈ പ്രശ്‌നത്തിൽ നാഗാ-കുക്കി വിഭാഗങ്ങൾ ഒന്നിച്ചുവന്നെങ്കിലും ഭൂമിയെച്ചൊല്ലി അവരുടെയിടയിലും പ്രശ്‌നങ്ങൾ നിലനില്ക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് പട്ടാളക്കാർക്കുവേണ്ടി പോർട്ടർമാരായി ജോലിചെയ്യാൻ യൂറോപ്പിലേക്കുപോകാൻ വിസമ്മതിച്ച കുക്കികൾക്കെതിരെ ബ്രിട്ടീഷ് പട്ടാളം അക്രമം അഴിച്ചുവിടുകയുണ്ടായി. 1917-19 കാലത്തെ ആംഗ്ലോ-കുക്കി യുദ്ധത്തിൽ പരാജയപ്പെട്ട കുക്കികളെ ബ്രിട്ടീഷ് ഭരണകൂടം അവരുടെ സ്വന്തം ഭൂമിയിൽനിന്നു കുടിയിറക്കി ഒഴിപ്പിക്കുകയാണുണ്ടായത്. അങ്ങനെ കുക്കികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കപ്പെട്ടു. ഒപ്പം, കുക്കികൾ അഭയാർഥികളാണെന്ന വ്യാജപ്രചാരണം അഴിച്ചുവിടുകയും ചെയ്തു. ഭൂരിപക്ഷം സമുദായങ്ങളും ഈ പ്രചാരണം ശരിയാണെന്നും ഭൂമിക്ക് അവകാശമില്ലാത്ത അഭയാർഥികളാണെന്ന രീതിയിൽ അവരോടു പെരുമാറാനും തുടങ്ങി.


അടുത്തകാലത്ത്, ഏതാനും മെയ്തി നേതാക്കൾ ആദിവാസികളുടെ ഭൂമി തരപ്പെടുത്തി എടുക്കണമെങ്കിൽ മെയ്തി വിഭാഗവും ആദിവാസികളാണെന്നു സ്ഥാപിക്കണമെന്നു തീരുമാനിച്ചു. ആദിവാസികളെന്ന പരിഗണനയ്ക്കുവേണ്ടിയുള്ള ശ്രമമായിരുന്നു പിന്നീടുണ്ടായത്. അവരിൽ ചിലർ മണിപ്പൂർ ഹൈക്കോടതിയെ സമീപിക്കുകയും വേണ്ട തീരുമാനങ്ങൾ ഇക്കാര്യത്തിൽ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സിംഗിൾബഞ്ച് ജഡ്ജിയുടെ വിധിയനുസരിച്ച് മെയ്തി വിഭാഗത്തെ  ആദിവാസിസമൂഹമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാരിനു ശുപാർശ നൽകാൻ മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം, 1966-ലെ ഒരു നിയമം ഉപയോഗിച്ചുകൊണ്ട് ചർച്ചാന്ത്പൂർ ജില്ലയിലെ കുക്കികളുടെ ഭൂമി വനഭൂമിയാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവിടെനിന്ന് കുക്കികളെ ഒഴിപ്പിക്കുകയുണ്ടായി. കൂടാതെ, കുക്കികൾ പോപ്പികൃഷി അനധികൃതമായി നടത്തുന്നുണ്ടെന്നും ആരോപിച്ചു. അവർ കൃഷി നടത്തിയത് വൻമുതലാളികളുടെ കരങ്ങളിലെ കരുക്കൾ എന്ന നിലയിലായിരുന്നു. എന്നാൽ, ഈ വൻതോക്കുകളുടെ പേരിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യങ്ങൾ ദശവർഷങ്ങളായി നിലനിന്നിരുന്ന സംഘർഷങ്ങൾക്ക് തിരിതെളിച്ചു. കുക്കികളെ കുടിയിറക്കുന്നതിനെതിരെ വലിയ ചെറുത്തുനില്പ് അവരുടെ ഭാഗത്തുനിന്നുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ മെയ് മൂന്നാം തീയതി നാഗന്മാരും കുക്കികളും സഹകരിച്ചുനടത്തിയ പ്രകടനത്തിലും പ്രക്ഷോഭത്തിലും മെയ്തി വിഭാഗത്തെ ആദിവാസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനെതിരെ കടുത്ത വിമർശനമുണ്ടായി. സുപ്രീംകോടതി ഹൈക്കോടതിവിധിക്ക് സ്റ്റേ നല്കുകയുണ്ടായി. കേസ് ഒരു ഹൈക്കോടതിയുടെതന്നെ വലിയ ഒരു ബഞ്ചിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തു. എന്നാൽ, ഏറെ അപകടം അതുണ്ടാക്കി. പ്രകടനം നടത്തിയവരെ ആക്രമിക്കുകയും ലഹളവ്യാപകമാകുകയും ചെയ്തു. നൂറുപേർക്ക് ജീവഹാനിയുണ്ടാവുകയും 310 ആളുകൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റുകയും ചെയ്തു.


മുൻകാല സംഘർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇത്തവണത്തെ ലഹളയ്ക്ക് മൂന്നു സവിശേഷ സ്വഭാവങ്ങളുണ്ട്. ഒന്ന്, നാഗന്മാരുടെയും കുക്കികളുടെയും സംയുക്തമായ പ്രക്ഷോഭമായിരുന്നു ഇതെങ്കിലും, കുക്കികളെമാത്രം തിരഞ്ഞുപിടിച്ച് അക്രമിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ നാഗന്മാരും കുക്കികളും തമ്മിലുള്ള ലഹളയാണതെന്നു മുദ്രയടിക്കാനുള്ള ശ്രമങ്ങളും നടന്നു. നാഗന്മാരെ ഇളക്കിവിട്ടുകൊണ്ടായിരുന്നു, ഈ തന്ത്രം നടപ്പിലാക്കിയത്. പക്ഷേ, ഇതിന്റെ സംഘാടകർക്ക് അതിൽ വിജയിക്കാനായില്ല. രണ്ടാമതായി, റോഡ് ഉപരോധവും പൊതുപണിമുടക്കും അടച്ചുപൂട്ടലും ആയിരുന്നു ലക്ഷ്യം നേടാനുള്ള പഴയതന്ത്രങ്ങൾ. ഇതുവരെ ഒരു വംശീയ സംഘർഷമായിട്ടാണ് അത് ദശവർഷങ്ങളായി നിലനിന്നുപോന്നത്. ആദ്യമായിട്ടാണ് മതസ്ഥാപനങ്ങളും ദേവാലയങ്ങളും ആക്രമിക്കപ്പെടുന്നത്. യഥാർഥ പ്രശ്‌നങ്ങളിൽനിന്നു ജനശ്രദ്ധയെ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണിതിനു പിന്നിലുള്ളത്. പ്രശ്‌നത്തിന് വർഗീയ നിറം ചാർത്തുകയാണ് തത്പരകക്ഷികളുടെ ലക്ഷ്യം. ദൃക്‌സാക്ഷികൾ അവകാശപ്പെടുന്നത് 200 ചെറുപ്പക്കാർ ഇംഫാലിൽനിന്ന് മോട്ടോർ ബൈക്കുകളിൽ 50 കിലോമീറ്റർ അകലത്തുള്ള ദേവാലയങ്ങൾ ആക്രമിക്കാൻ എത്തിയതായി കണ്ടുവെന്നത്രേ. കൂലികൊടുത്ത് ഈ ചെറുപ്പക്കാരെ നിയോഗിക്കുകയാണുണ്ടായത്. എന്നത് വ്യക്തമാണ്. സ്ഥിരീകരിക്കാത്ത ഊഹാപോഹങ്ങളും പ്രചരിപ്പിക്കുകയുണ്ടായി. അതിൽ ഒന്ന്, മെയ്തി സ്ത്രീകളെ ബലാത്സംഗം ചെയ്തതിനുള്ള പരിഹാരമായിട്ടാണ് അവർ കുക്കിവംശജരായ സ്ത്രീകളെ റേപ്പ് ചെയ്തതെന്നാണ്.


ഈ സംഭവങ്ങൾ എല്ലാം സൂചിപ്പിക്കുന്നത് ഈ സംഘർഷവും ലഹളയുമെല്ലാം കരുതിക്കൂട്ടി ആസൂത്രണംചെയ്ത് നടപ്പിലാക്കിയതെന്നത്രേ. ഭരണകൂടത്തിന്റെയും അധികാരികളുടെയും അറിവും സമ്മതവും അവയ്ക്കുണ്ടായിരുന്നുവെന്നുവേണം ന്യായമായും അനുമാനിക്കാൻ. സംഭവങ്ങൾ നിരീക്ഷിച്ചവരെല്ലാം വിശ്വസിക്കുന്നത്, പോലീസ് നിശ്ശബ്ദരായ കാണികളായി മാറിനിന്നുവെന്നാണ്. ഈ സംഘർഷങ്ങളിൽ തീവ്രവാദി സംഘടനകൾ ഇടപെട്ടിരുന്നില്ലായെന്നാണ് മനസ്സിലാക്കാനാവുന്നത്. ഇന്ത്യൻ പട്ടാളമേധാവിതന്നെ പറഞ്ഞത് ഇതൊരു തീവ്രവാദികളുടെ ലഹളയല്ലായെന്നത്രേ. ഈ സംഘർഷസാഹചര്യം തുടരുകയാണെങ്കിൽ തീവ്രവാദികൾക്ക് ഇടപെടാനുള്ള അവസരമൊരുക്കുകയാവും ചെയ്യുക. കൂടാതെ, ഏതാനും വർഷങ്ങളായി മൂന്നു സമുദായങ്ങളിലെയും പൊതുതാത്പര്യ സംഘടനകളും പൊതുസമൂഹവും ഇക്കാര്യത്തിൽ ഒരു ചർച്ച സംഘടിപ്പിക്കാനാവാത്ത സ്ഥിതിയിലാണുള്ളത്. അക്രമാസക്തരായ യുവാക്കളാണിന്ന് ഈ രംഗം കൈയടിക്കിയിരിക്കുന്നത്. സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ-സാമ്പത്തികനേട്ടങ്ങൾക്കായി അതിനെ ഉപയോഗിക്കുകയാണ് അതിന്റെ പിറകിലെ ലക്ഷ്യം. അതിൽ സംഘാടകർ ഒരുപരിധിവരെ വിജയിച്ചതായി കാണാം. അടുത്ത ഭാവിയിലൊന്നും ഇതിന് ഒരു പരിഹാരം ഉണ്ടാവുമെന്ന പ്രത്യാശ നഷ്ടപ്പെട്ടിരിക്കുന്നു.


വർഗീയവികാരം വെറുപ്പിനു വഴിമാറിക്കൊടുത്തിരിക്കുന്നു. അടുത്തെങ്ങും ഒരു ചർച്ചയ്ക്കുള്ള സാധ്യതപോലും കാണുന്നില്ല. കോടതിയിലെ കേസും, കുടിയിറക്കലും പ്രബലരായ രാഷ്ട്രീയക്കാർ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളും ലഹളകളുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണോ ഇരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. തീവ്രവാദികൾക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള ക്രമസമാധാന സംവിധാനങ്ങൾ തീരെ ഫലം കണ്ടിരുന്നില്ല. സമുദായങ്ങൾക്കിടയിൽ സംഘർഷം വർധിപ്പിക്കുന്നതിനു മാത്രമേ അതിനു സാധിച്ചിട്ടുള്ളൂ. എന്നാൽ ഇപ്പോഴത്തെ ലഹളയ്ക്കുശേഷം സെക്യൂരിറ്റി ഫോഴ്‌സിന് കൂടുതൽ അധികാരത്തോടും കാര്യക്ഷമതയോടും കാര്യങ്ങൾ മുഖ്യസ്ഥാനത്തുനിന്നുകൊണ്ട് നിയന്ത്രിക്കാനാവും. ഈ സുരക്ഷാഭടന്മാർക്ക് നിയമത്തിന്റെ ശക്തമായ പിന്തുണയുമുണ്ട്. (Armed Forces Special Power Act).


ഇതോടൊപ്പം പ്രത്യാശയുടെ ചില അടയാളങ്ങൾ കാണാനാവുന്നുണ്ട്. മെയ്തി വിഭാഗത്തിലെ എല്ലാവരും ഈ പ്രക്ഷോഭണത്തിൽ പങ്കെടുത്തില്ലായെന്നത് ഏറെ ആശ്വാസപ്രദമാണ്. അതിനെതിരെ ഈ വിഭാഗത്തിലെ നേതാക്കളും ചിന്തകരും മുമ്പോട്ടുവന്നുവെന്നതും ശ്രദ്ധേയമാണ്. ഇക്കാരണത്താൽ അവരുടെ ഭവനങ്ങൾ അക്രമത്തിനു വിധേയമായി ചിലർ ഒളിവിലുമാണത്രേ. സംഘർഷങ്ങൾക്കിടയിൽ കുക്കിവിഭാഗത്തിലെ സ്ത്രീകൾ മനുഷ്യച്ചങ്ങല തീർത്തുകൊണ്ട് തങ്ങളുടെതന്നെ പുരുഷന്മാർ മെയ്തി വിഭാഗത്തെ ആക്രമിക്കുന്നതിനെതിരെ ശബ്ദമുയർത്തി പ്രതിരോധം സൃഷ്ടിച്ചു. ചർച്ചാന്ത്പൂരിലാണ് ഇതുണ്ടായത്. അടുത്തുതന്നെയുള്ള മൊയ്‌റാങ് എന്ന സ്ഥലത്തെ മെയ്തി വിഭാഗത്തിലെ മാതാപിതാക്കളും കുട്ടികളും ജസ്വിറ്റ് സ്‌കൂളിന്റെ ഗേറ്റിനടുത്ത് സംഘം ചേർന്ന് ആക്രമികളെ തടയുന്നതിനുള്ള സാഹചര്യമുണ്ടാക്കി. സായുധരായിട്ടാണ് ഈ ആക്രമിസംഘങ്ങൾ എത്താറ്. പ്രശ്‌നപരിഹാരത്തിന് ആരംഭം കുറിക്കാനുള്ള പ്രത്യാശ നല്കുന്ന ഏതാനും കാര്യങ്ങളാണ്. രണ്ടാമതായി, ലഹളയുടെ സംഘാടകർ നാഗന്മാരെ കുക്കികൾക്കെതിരെ തിരിച്ചുവിടാനുള്ള ശ്രമങ്ങൾക്കിടയിലും നാഗലാന്റിൽ നിന്നുള്ള ഏതാനും നാഗാനേതാക്കളും അവരുടെ സംഘടനകളും രാഷ്ട്രീയനേതാക്കളും കുക്കിഗ്രാമങ്ങൾ സന്ദർശിക്കുകയും ആശ്വാസനടപടികൾ സ്വീകരിക്കുകയും ദുരിതാശ്വാസ വസ്തുവകകൾ വിതരണം ചെയ്യുകയും ഉണ്ടായി. കുക്കികളോടുള്ള ഐക്യദാർഢ്യം ഇപ്രകാരം അവർ പ്രഖ്യാപിച്ചു. നാഗാലാന്റ് മുഖ്യമന്ത്രി കുക്കി ഭൂരിപക്ഷപ്രദേശമായ കാങ്‌പോക്പി ജില്ലയിലേക്ക് വലിയ തോതിലുള്ള ഭക്ഷണപദാർഥങ്ങളും ദുരിതാശ്വാസ വസ്തുക്കളും അയച്ചുകൊടുത്തു. പ്രത്യാശയുടെ കിരണങ്ങളായിവേണം ഇത്തരം പ്രവൃത്തികളെ കാണാൻ. നാഗാ-കുക്കിവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുവരാനും മെയ്തിവിഭാഗത്തിലെ പ്രബുദ്ധരായ വ്യക്തികളും നേതാക്കളുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കുകയും വേണം.


(ലേഖകൻ, ഗുവാഹട്ടിയിലെ നോർത്ത് ഈസ്റ്റേൺ സോഷ്യൽ സയൻസ് റിസേർച്ച് സെന്ററിന്റെ ഡയറക്ടറാണ്)


മൊഴിമാറ്റം: മാത്യു കുരിശുംമൂട്ടിൽ