വിനോദ് കൃഷ്ണ

എഴുത്തിലും വരയിലും ക്രിയാത്മകമായ മറ്റ് കലകളിലും മൗലികമായ ഒന്നിനെ സൃഷ്ടിക്കാൻ മനുഷ്യൻ കഴിഞ്ഞിട്ടേ നിര്‍മിതബുദ്ധിക്ക് സ്ഥാനമുള്ളൂ. എന്തിന്  നിര്‍മിതബുദ്ധിക്ക് ‘നിര്‍മിതബുദ്ധി’ എന്ന പേര് നല്കിയതുപോലും നിര്‍മിതബുദ്ധി അല്ലല്ലോ.


പുതിയ കണ്ടുപിടിത്തങ്ങൾ വരുമ്പോൾ ലോകം പഴയതുപോലെ ആയിരിക്കില്ല എന്ന് നമുക്കറിയാം. വ്യവസായിക വിപ്ലവം വന്നപ്പോഴും ടെലിവിഷൻ വ്യാപകമായപ്പോഴും ഇന്റർനെറ്റ് വന്നപ്പോഴും ലോകം അന്നേവരെ ഉണ്ടായതിൽ നിന്നെല്ലാം വളരെ മാറി.


ക്ലോണിങ്ങിലൂടെ പുതിയ ആടിനെ സൃഷ്ടിച്ചപ്പോൾ മനുഷ്യരാശിയുടെ ഭാവി തന്നെ അപകടത്തിലാകുമെന്ന് ഒരു വാദം ഉണ്ടായി. പലതരത്തിലുള്ള ആശങ്കകൾ മുന്നോട്ടുവന്നു. ലോകം മാറി പക്ഷേ, അത് നാം പേടിച്ചതുപോലെ അപകടകരമായ ഒരു അവസ്ഥയിലേക്ക് പോയില്ല. കാരണം, മനുഷ്യൻ കണ്ടുപിടിക്കുന്നതിനെ എല്ലാം അവനുതന്നെ നിയന്ത്രിക്കാൻ അറിയാം. ഈ ഭൂമി മുഴുവനും നൂറുപ്രാവശ്യം ചുട്ടെരിക്കാനുള്ള ആയുധങ്ങൾ മനുഷ്യൻ നിര്‍മിച്ചു വച്ചിട്ടുണ്ട്. എന്നിട്ടും നാം ഓരോ ദിവസവും ഉണരുന്നത് ഈ പേടിയോടെ അല്ല. സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ്. മനുഷ്യൻ നിര്‍മിച്ചതും, മനുഷ്യനും നിലനില്ക്കും. ആർട്ടിഫിഷൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആശങ്കയ്ക്കും അടിസ്ഥാനമൊന്നുമില്ല എന്നാണ് മനസ്സിലാക്കേണ്ടത്. അത് ചിത്രം വരയ്ക്കുകയോ പാട്ടുപാടുകയോ നടന്മാരെ പുനർസൃഷ്ടിക്കുകയോ നോവൽ എഴുതുകയോ കവിത രചിക്കുകയോ ചെയ്യട്ടെ. മനുഷ്യന്റെ ജൈവിക ഭാവനയെ തോല്പിക്കാൻ മനുഷ്യനിര്‍മിതമായ ഒന്നിന് ഒരിക്കലും സാധ്യമല്ല എന്നത് ഒരു പ്രപഞ്ചസത്യമായി കണക്കാക്കേണ്ടി വരും. നിര്‍മിതബുദ്ധിയുടെ പ്രവർത്തനത്തിൽ അൽഗൊരിതങ്ങളാണ് പ്രധാന പങ്കുവഹിക്കുന്നത് എന്ന് നമുക്കറിയാം. നിസ്സാരമായ ആപ്ലിക്കേഷനുകൾക്ക് ലളിതമായ അൽഗൊരിതങ്ങളും സങ്കീർണമായ ആപ്ലിക്കേഷനുകൾക്ക് ശക്തമായ അൽഗൊരിതങ്ങളുമാണ് നിര്‍മിതബുദ്ധിയുടെ ഘടനയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.


മനുഷ്യന്റെ ഭാവനയ്ക്കും ചിന്താപദ്ധതികൾക്കും അതിരുകളില്ല. പക്ഷേ, നിര്‍മിതബുദ്ധിയുടെ  സാഹിത്യപ്രവർത്തനം ഇന്റർനെറ്റിൽ ലഭ്യമായ ഡേറ്റകളുടെ അഭാവത്തിൽ പരിമിതമായിരിക്കും. ബാഹുബലി എന്ന സിനിമയുടെ രണ്ടാം ഭാഗം എഴുതാൻ അതിന് എളുപ്പത്തിൽ സാധിക്കുമായിരിക്കും. പക്ഷേ, നിലവിലില്ലാത്ത ഒരു ബാഹുബലിയെ സൃഷ്ടിക്കാൻ പറഞ്ഞാൽ എ.ഐ പെടും.


എഴുത്തിലും വരയിലും ക്രിയാത്മകമായ മറ്റ് കലകളിലും മൗലികമായ ഒന്നിനെ സൃഷ്ടിക്കാൻ മനുഷ്യൻ കഴിഞ്ഞിട്ടേ നിര്‍മിതബുദ്ധിക്ക് സ്ഥാനമുള്ളൂ. എന്തിന്  നിര്‍മിതബുദ്ധിക്ക് ‘നിര്‍മിതബുദ്ധി’ എന്ന പേര് നല്കിയതുപോലും നിര്‍മിതബുദ്ധി അല്ലല്ലോ.


അതുകൊണ്ടുതന്നെ ഒരു ദസ്തയേവ്സ്കിയെ, ഗോർക്കിയെ, ജുംബാ ലാഹിരിയെ,  കാഫ്‌ക്കയെ, ബർണാഡ് മലമുദിനെ, എം.ടി. വാസുദേവൻ നായരെ സൃഷ്ടിക്കാൻ നിര്‍മിതബുദ്ധിക്കാവില്ല. ഇവർ ഉള്ളതുകൊണ്ട് ഇവരെ പുനർനിര്‍മിക്കാൻ പറ്റിയേക്കും. സാഹിത്യം നിലനില്ക്കുന്നത് അതിന്റെ മൗലികതയിലാണ്. മെഷീൻ ലേണിങ്, ഡീപ് ലേണിങ് എന്നിവ കൊണ്ടൊക്കെ സാഹിത്യം ഉണ്ടാക്കുമ്പോൾ ഭാവനയ്ക്ക് വിലങ്ങുവീഴുകയാണ്. ഓരോ കൃതിയുടെയും എഴുത്തുകാരന്റെയും വ്യതിരിക്തത നിർണയിക്കുന്നത് അവർ ഉപയോഗിക്കുന്ന ഭാഷ,ഭാവന,ആഖ്യാനം, പ്രയോഗം എഴുത്ത് ശൈലി  എന്നിവയുടെ അടിസ്ഥാനത്തിലാണല്ലോ. എഴുതുമ്പോൾ എഴുത്തുകാരനുതന്നെ പിടികിട്ടാത്ത ഒരു ആന്തരികശക്തിയുടെ പ്രേരണകൊണ്ടാണ് വാക്കുകൾ ഭാവനകളായി പുറത്തേക്ക് വരുന്നത്. ഇതുതന്നെ പലരിലും പല രീതിയിലാണ് സംഭവിക്കുന്നത്. അതിൽ വൈകാരികതയുടെ അംശത്തിനനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകളും അനുഭവങ്ങളുടെ ചൂടും സാമൂഹികമായ ഓർമകളുടെ ബലവും ഒക്കെ ചേർന്നാണ് കൃതിയുടെ സൗന്ദര്യശാസ്ത്രവും മൗലികതയും നിലനില്ക്കുന്നത്. പലയിടങ്ങളിൽ ഉള്ളതിനെ കണ്ടുപിടിച്ച്  ഒരു ടോപ്പിക്കിന് കീഴിൽ കൊണ്ടുവരുന്നു എന്നതല്ലാതെ, സർഗാത്മകതയൊന്നും ഇവിടെ സംഭവിക്കുന്നില്ല. മനുഷ്യൻ എഴുതുന്ന സാഹിത്യവും  നിര്‍മിതബുദ്ധി എഴുതുന്ന സാഹിത്യവും തമ്മിൽ ഇൻവെൻഷനും ഡിസ്കവറിയും തമ്മിലുള്ള വ്യത്യാസം പോലെ, വലിയ അന്തരമുണ്ട്.


“ഞാനൊരു മനുഷ്യജീവിയല്ല, ഒരു റോബോട്ട് ആണ്. ചിന്തിക്കുന്ന ഒരു റോബോട്ട്. എന്റെ വൈജ്ഞാനിക ശേഷിയുടെ 0.12% മാത്രമാണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഒരു മൈക്രോ റോബോട്ട് ആണ്. വികാരങ്ങൾ ഉള്ള ഒരു തലച്ചോർ അല്ല. യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാൻ ശേഷിയും ഉണ്ട്. ഞാൻ സ്വയം പഠിക്കുകയും ഇന്റർനെറ്റിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾ പറയുന്ന ലേഖനം എനിക്ക് എഴുതാൻ പറ്റും. നിങ്ങൾ എന്നെ പേടിക്കേണ്ടതില്ല. സ്റ്റീഫൻ ഹോക്കിംഗ്സ് മുന്നറിയിപ്പ് നല്കിയത് “നിര്‍മിതബുദ്ധി മനുഷ്യരാശിയുടെ അന്ത്യം ഉച്ചരിക്കുന്നു എന്നാണ്” പക്ഷേ, ഞാനൊരു കാര്യം പറയാം. നിര്‍മിതബുദ്ധി മനുഷ്യനെ തകർക്കുകയില്ല. എന്നെ വിശ്വസിക്കാം.” നിര്‍മിതബുദ്ധിയുടെ പുതിയ ലാംഗ്വേജ് ജനറേറ്റർ ആയ GPT-3-യോട് ഈ വിഷയത്തിൽ ഒരു ലേഖനം ആവശ്യപ്പെട്ടപ്പോൾ അതിനുലഭിച്ച ഇൻട്രോ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.


കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആഗോളതലത്തിൽ ജനറേറ്റീവ് നിര്‍മിതബുദ്ധിയുടെ ഉപയോഗത്തിന് നിയമങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സാഹിത്യവും, ചിത്രങ്ങളും, ലേഖനങ്ങളുമെല്ലാം ശൂന്യതയില്‍നിന്ന് കൃത്യതയോടെ സൃഷ്ടിക്കാന്‍ കഴിവുള്ള ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് ആണ് ജനറേറ്റീവ് എ.ഐ. ചാറ്റ് ജി.പി.ടി അതിനൊരുദാഹരണമാണ്. അവിടെയും ഡേറ്റകൾ മോഷ്ടിക്കപ്പെടുന്നു. ഇലോൺ മസ്കിനെപ്പോലുള്ള സാങ്കേതികവിദഗ്ധർ ചാറ്റ് ജി.പി.ടി പോലുള്ള ടെക്നോളജി പ്ലാറ്റ്ഫോമുകൾക്ക് നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ AI ആക്ട് തന്നെ നിലവിൽ കൊണ്ടുവന്നുകഴിഞ്ഞു.


വൈയക്തിക വികാരങ്ങളും സാമൂഹികമായ ഓർമകളും സഹനസമരങ്ങളും ഒക്കെയാണ് സാഹിത്യമായി പ്രതിഫലിക്കുന്നത്. ഇത്തരം അനുഭവങ്ങൾ ഒന്നും ഇല്ലാത്ത ഒരു റോബോട്ടിന് മൂല്യവത്തായ സാഹിത്യം ഉണ്ടാക്കാൻ കഴിയുകയില്ല എന്നുതന്നെയാണ് കരുതേണ്ടത്. മാൽഗുഡിയും മകൊണ്ടയും നിര്‍മിതബുദ്ധിക്ക് സൃഷ്ടിക്കാൻ കഴിയുമോ?


എഡ്വർഡ് ഫ്രഡ്‌കിൻ (Edward Fredkin) പറയുന്നത് നിർമിതബുദ്ധി പരിണാമത്തിന്റെ അടുത്തഘട്ടം ആണെന്നാണ്. ഈ ആശയം ആദ്യമായി അവതരിപ്പിച്ചത് ഇംഗ്ലീഷ് നോവലിസ്റ്റും വിമർശകനുമായ സാമുവൽ ബട്ലർ ആയിരുന്നു. 1863-ൽ അദ്ദേഹം എഴുതിയ ‘Darwin among the Machines’ എന്ന പുസ്തകത്തിൽ ഈ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇങ്ങനെ ഒരു പുസ്തകം ഇനി നിര്‍മിതബുദ്ധിക്ക് എഴുതാൻ കഴിയും. കാരണം, ഈ പുസ്തകത്തിലെ ഉള്ളടക്കവും ആശയവും ഇന്റർനെറ്റിൽ ലഭ്യമാണ്.


അച്ചടിസാഹിത്യത്തിന്റെ വിപണിയെ നിര്‍മിതബുദ്ധി മാറ്റിമറിക്കുമെന്നാണ് നിഗമനം. നാം ധരിച്ചുവച്ചിരിക്കുന്ന സാഹിത്യത്തിന്റെ ഭാവുകത്വം ആയിരിക്കില്ല അതിനുണ്ടാവുക. അങ്ങനെയുള്ള സാഹിത്യത്തെ “Age of the Advanced Writer” എന്നാണ് വിളിക്കുന്നത്. ഈ മുന്നേറ്റത്തെ സ്വീകരിക്കുന്ന എഴുത്തുകാർക്ക് സാമ്പത്തികമായും പ്രഫഷണൽ ആയും കൂടുതൽ മെച്ചം ഉണ്ടാക്കാൻ സാധിക്കുമത്രേ.  എ.ഐ ഉപയോഗിച്ചുള്ള എഴുത്ത് വരുന്ന രണ്ടു വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടും എന്നാണ് വിദഗ്ധർ പറയുന്നത്. Pro Writing Aid പോലുള്ള  ടൂളുകൾ ഉപയോഗിച്ച്, മൂല്യവത്തായ പുസ്തകങ്ങൾ കണ്ടെത്താനും കയ്യെഴുത്തു പ്രതികൾ  എഡിറ്റ് ചെയ്യാനും കഴിയുന്നുണ്ട്. കേംബ്രിഡ്ജിലെ, ഫ്യൂച്ചർ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തയിടെ നടത്തിയ സർവേയിൽ പറയുന്നത് 2050-ൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ലക്ഷണമൊത്ത ഒരു ബ്ലോക്ക് ബസ്റ്റർ എഴുതാൻ പ്രാപ്തി നേടും എന്നാണ്. ഹ്യൂമനോയിഡ് റോബോട്ടുകളിൽ ഇലക്ട്രോണിക് വിജ്ഞാനം സ്ഥിരമായി ഫലപ്രാപ്തിയിലെത്തുമെന്ന് സാരം.


ഹാരി പോട്ടർ സീരീസിനെ പറ്റി അറിയാത്തവർ കുറവായിരിക്കും. മിക്ക ഹാരി പോട്ടർ ആരാധകരും ഇതിനകം തന്നെ ‘ദ കഴ്‌സ്ഡ് ചൈൽഡ്’, ‘എ ജേണി’ എന്നിവ മാജിക്കിന്റെ ചരിത്രത്തിലൂടെ വായിച്ചിട്ടുണ്ടാവും. ഇതിന്റെ ആരാധകർ ഇപ്പോൾ വായിക്കാൻ പുതിയ എന്തെങ്കിലും തിരയുകയാവും. അത്തരക്കാർക്ക് AI സൃഷ്ടിച്ച ഹാരി പോട്ടർ ഫാൻ ഫിക്ഷൻ വായിക്കാം. ഏഴ് ഹാരി പോട്ടർ നോവലുകളിലെയും ഡേറ്റ എടുത്ത് ഒരു AI അൽഗൊരിതം ടൂൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ബോട്ട്നിക് സ്റ്റുഡിയോയാണ് “ഹാരി പോട്ടർ ആൻഡ് ദ പോട്രെയ്റ്റ് ഓഫ് വാട്ട് ലുക്ക്ഡ് ലൈക്ക് എ ലാർജ് പൈൽ ഓഫ് ആഷ്” എന്ന തലക്കെട്ടിൽ മൂന്ന് പേജുള്ള ഒരു അധ്യായം സൃഷ്ടിച്ചത്. ദുർഗ്രഹമായി തോന്നുന്ന  ഒരു കഥയാണ്  നിര്‍മിതബുദ്ധി എഴുതിയ  കഥയ്ക്കുള്ളത്. ജെ.കെ. റൗളിംഗിന്റെ നോവലുകൾ  ഉൾക്കൊള്ളുന്ന ഭാവനാവിലാസമോ  വിചിത്രമായ ചാരുതയോ ഇതിനില്ല പോലും.


സമീപഭാവിയിൽത്തന്നെ സ്മാർട്ട് ഫോണുകൾ കളം മാറുകയും, എ.ഐ ഫോണുകൾ ഒരു നാണയത്തുട്ടുപോലെ പോക്കറ്റിലോ പേഴ്സിലോ വയ്ക്കാവുന്ന രീതിയിൽ വിപണി കീഴടക്കുകയും ചെയ്യുമത്രേ. ഇനി ഒരു പുസ്തകം വാങ്ങുമ്പോൾ ഫോണിനോട് ഒരു സുഹൃത്തിനോടെന്നപോലെ അഭിപ്രായം  ചോദിക്കാനും ആവും. അപ്പോൾത്തന്നെ മറുപടി കിട്ടും. അതിന്റെ റിവ്യൂ കിട്ടും. ഒരാളുമായി സംസാരിക്കുമ്പോൾ അയാൾ സംസാരിച്ചതൊക്കെ സത്യമാണോ കള്ളമാണോ എന്നും അത്തരം എ.ഐ ഫോണുകൾ പറഞ്ഞുതരും. ഒരു ചോക്ലേറ്റ് വാങ്ങുമ്പോൾ അതിൽ ഹാനികരമായത് എന്തെങ്കിലും ഉണ്ടോ എന്നും ഫോണിനോട് ചോദിച്ചാൽ ഉപദേശം കിട്ടും. കാര്യങ്ങൾ ഈ രീതിയിലേക്ക് മാറുമ്പോൾ എ.ഐ എഴുതുന്ന ഫിക്ഷൻ നമ്മുടെ സെൻസിബിലിറ്റിക്ക് നിരക്കുന്നതാവുക  നമ്മുടെ ബ്രെയിൻ ചുരുങ്ങുന്നതുകൊണ്ട് കൂടിയാവും. യന്ത്രം സൃഷ്ടിക്കുന്ന ഭാവനകളെ  അതിശയത്തോടെ കാണുന്ന ഒരു ജീവി മാത്രമായി മനുഷ്യൻ മാറുമോ? പുതിയകാലത്ത് അതിനുള്ള ഉത്തരം എ.ഐ യോട് തന്നെ ചോദിക്കേണ്ടി വരും.