നിർമിത ബുദ്ധി നിർമിത മൗഢ്യമാകുമോ? – കെ. ബാബുജോസഫ്

എന്റെ ഒരു സുഹൃത്ത് ചാറ്റ് ജി.പി.ടി ഉപയോഗിച്ച് മൂന്നാറിനെപ്പറ്റി ഇംഗ്ലീഷിലെഴുതിയ ഒരു കവിത വായിച്ച് പുളകംകൊണ്ട അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്ത്, ”ഇത് ഗംഭീരമാണല്ലോ” എന്നു പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ചു. രചനാരഹസ്യം കവിതന്നെ എന്നോട് വെളിപ്പെടുത്തിയിരുന്നതിനാൽ എനിക്ക് ആശ്ചര്യം തോന്നിയില്ല. എന്നാൽ, എന്റെ ഒരു ബന്ധു മൂന്ന് ഇംഗ്ലീഷ് കവിതകൾ രണ്ടാഴ്ചയ്ക്കിടയിൽ എഴുതി ഞങ്ങളുടെ കുടുംബഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ, എനിക്ക് സംശയമായി. മുൻപൊരിക്കലും കവിതയിൽ കൈവച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ പൊടുന്നനെ വിരിഞ്ഞ സർഗാത്മകത എന്നെ അമ്പരപ്പിച്ചു. സംശയനിവാരണത്തിന് അദ്ദേഹത്തെത്തന്നെ സമീപിച്ചപ്പോൾ കള്ളി പുറത്തായി.


ചാറ്റ്‌ബോട്ട് സോഫ്റ്റ്‌വെയർ ചാറ്റിംഗ് രൂപത്തിൽ ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നു. ചാറ്റ് ജി.പി.ടി ഒരു നിർമിതബുദ്ധി (നിബു) അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (എ.ഐ) ചാറ്റ്‌ബോട്ടാണ്. ഓപ്പൺ എ.ഐ എന്ന കമ്പനി വികസിപ്പിച്ചതാണിത്. കവിതയും കഥയും നോവലും പ്രബന്ധവും ഒക്കെ ആവശ്യാനുസരണം സൃഷ്ടിച്ചുതരുന്ന ഒരു മെഫിസ്റ്റോഫെലെസ് (Mephistopheles) ആണ് ചാറ്റ് ജി.പി.ടി. ഇപ്പോൾ ഇതുപോലുള്ള നിരവധി ചാറ്റ്‌ബോട്ടുകൾ ലഭ്യമാണ്. ഗവേഷണമേഖലയിൽ വിജ്ഞാനചോരണം (Plagiarism) കണ്ടുപിടിക്കുന്ന സംവിധാനങ്ങളുള്ളതുപോലെ സർഗാത്മകമേഖലയിൽ വല്ലപ്പോഴും സംഭവിക്കുന്ന മോഷണങ്ങളെ വെളിച്ചത്തുകൊണ്ടുവരാൻ കെല്പുള്ള ടെക്‌നോളജി ഉണ്ടാവേണ്ടതാണ്. സർഗാത്മകരചനകളുടെ വിശ്വാസ്യത സ്ഥാപിച്ചെടുക്കേണ്ട ചുമതല നിരൂപകരിൽനിന്ന് എഴുത്തുകാരിലേക്കു മാറുമോ?


നിബുവിന്റെ നക്ഷത്രം ഉച്ചസ്ഥായിയിലാണ്. അത് ഉയർന്നുകൊണ്ടേയിരിക്കും. അണുഭേദനം (Nuclear Fission) കണ്ടുപിടിച്ചതും, നന്മയും തിന്മയും സംഭാവന ചെയ്യാൻ അതിന് കഴിയുമെന്ന് തെളിഞ്ഞതും പോയ നൂറ്റാണ്ടിന്റെ ചരിത്രമാണ്. ഈ നൂറ്റാണ്ടിന്റെ ചരിത്രഗതി നിർണയിക്കുക നിബു ആയിരിക്കാം. സാധാരണമനുഷ്യർ ചെയ്യുന്നതോ, ചെയ്യാൻ ബുദ്ധിമുട്ടുന്നതോ, അസാധ്യമെന്ന് കരുതുന്നതോ ആയ പല ജോലികളും നിബു നിയന്ത്രിത റോബോട്ടുകൾക്കോ, സോഫ്റ്റ്‌വെയറിനോ നിർവഹിക്കാൻ കഴിയും. വിദ്യാഭ്യാസം, സർഗാത്മകരചന, പരിഭാഷ, വാർത്താവിനിമയം, വിനോദം, വാണിജ്യം, വ്യവസായം, ഭരണം, കൃഷി, വൈദ്യം തുടങ്ങിയ നാനാമേഖലകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഈ പുതിയ സാങ്കേതികവിദ്യ മുന്നേറുന്നു.


നിബുവിന് ഒരു കറുത്ത വശം കൂടി ഉണ്ടെന്ന സത്യം അവഗണിച്ചുകൂടാ. ഒപ്പും മുദ്രയുമൊക്കെ അതിവിദഗ്ധമായി പകർത്താൻ നിബു പ്രയോജനപ്പെടുമെന്നതിനാൽ, വ്യാജബിരുദധാരികളുടെ ജനപ്പെരുപ്പം ഉടൻ പ്രതീക്ഷിക്കാം. വ്യാജരേഖകൾ, ഫോട്ടോകൾ, വീഡിയോകൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, ഗ്രന്ഥങ്ങൾ തുടങ്ങിയവയുടെ ജൈത്രയാത്ര ഇവിടെ ഉണ്ടായില്ലെങ്കിൽ അത്ഭുതപ്പെടും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലും അപ്രതീക്ഷിത വിള്ളലുകൾ ഉണ്ടായി യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാം. സൈബർ യുദ്ധത്തിൽ നിബുവിന്റെ സംഭാവനകൾ ഇപ്പോൾത്തന്നെ ഉണ്ടാകുന്നുണ്ട്. പ്രതിസന്ധികൾ ഒഴിവാക്കുന്നതിനും സാങ്കേതികമികവിന്റെ ദുരുപയോഗം തടയുന്നതിനും ശക്തമായ മുൻകരുതലുകൾ ആവശ്യമാണ്. പുതിയ ടെക്‌നോളജികൾ ഇതിനായി ആവിർഭവിക്കേണ്ടിയിരിക്കുന്നു.


മെഷീൻ ലേണിംഗ്, ഡീപ്‌ലേണിംഗ്, ന്യൂറോ എഞ്ചിനീയറിംഗ്


തലച്ചോറിലെ കോശങ്ങളാണ് ന്യൂറോണുകൾ. അവയുടെ മാതൃകയിലാണ് നിബു പ്രവർത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ന്യൂറോണുകളുടെ സോഫ്റ്റ്‌വെയർ അനുകരണങ്ങളാണ് നിബു എന്ന സാങ്കേതികവിദ്യയുടെ കാതൽ. ഒരു വസ്തുവിന്റെ, അല്ലെങ്കിൽ പ്രതിഭാസത്തിന്റെ, ഏതെല്ലാം സവിശേഷതകളെ കുറിക്കുന്ന ഇൻപുട്ട് സിഗ്നലുകൾ വേണമെന്നും അവയെ എങ്ങനെ പരിമിതപ്പെടുത്തണമെന്നും മുൻകൂട്ടി തീരുമാനിക്കുകയാണ് മെഷീൻ ലേണിംഗിൽ ചെയ്യുക. സവിശേഷതകളെ സാങ്കേതികമായി ഫീച്ചറുകളെന്നാണ് വിളിക്കുക. ഫീച്ചറുകൾക്ക് ഉദാഹരണങ്ങളാണ് സമുദ്രനിരപ്പിലെ താപനില, അന്തരീക്ഷമർദം, ഈർപ്പം, കാറ്റിന്റെ വേഗവും ദിശയും, പൂർവകാല ഡേറ്റ തുടങ്ങിയവയൊക്കെ മഴയുടെ പ്രവചനത്തിൽ പ്രസക്തമാകുന്ന ഫീച്ചറുകളാണ്. തിരഞ്ഞെടുക്കുന്ന ഓരോ ഫീച്ചറിനും യോജിച്ച ഡേറ്റ ഉപയോഗിക്കുന്ന പഠനമാതൃകയാണ് മെഷീൻ ലേണിംഗ്. ന്യൂറോണുകളുടെ നിരവധി നിരകൾ (Layers), പിന്നാക്ക പ്രസരണം (Back-propagation) തുടങ്ങിയവ മെഷീൻ ലേണിംഗിന്റെ പ്രത്യേകതകളാണ്. പൂർവനിശ്ചിതമായ ഔട്ട്പുട്ട് പുനരുത്പാദിപ്പിക്കുന്ന തരത്തിൽ യന്ത്രത്തെ പരിശീലിപ്പിച്ചതിനുശേഷമാണ് പുതിയ ഡേറ്റ കൊടുക്കുന്നത്.


ഡീപ് ലേണിംഗ് മാതൃകയിൽ, ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ ഇൻപുട്ട് ഡേറ്റയെ വിഭജിച്ചു കൊടുക്കില്ല. ലഭ്യമാകുന്ന എല്ലാ ഡേറ്റയും ഒരുമിച്ച് യന്ത്രത്തിന് നല്കും. യന്ത്രമാണ് അവയെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കുക. ദീർഘകാലങ്ങളിലെ, വലിയ വ്യാപ്തത്തിലുള്ള ഡേറ്റ ഡീപ് ലേണിംഗ് വിദ്യയിൽ പ്രയോജനപ്പെടുത്തുന്നു. അതുപോലെ, സിഗ്നലുകളുടെ കോൺവല്യൂട്ടഡ് (Convoluted) ആവിഷ്‌കാരമാണ് ഇൻപുട്ടായി പ്രോസസ്സറിലേയ്ക്ക് ആനയിക്കപ്പെടുക. സങ്കീര്‍ണത കൂടുതലുള്ള കേസുകൾക്ക് ഡീപ് ലേണിംഗ് ടെക്‌നോളജിയെത്തന്നെ ആശ്രയിക്കുന്നതാണ് ഉത്തമം. ഉദാഹരണമായി, കുറ്റാന്വേഷണത്തിൽ ഉയർന്ന റെസലൂഷനുള്ള ഛായാചിത്രങ്ങൾ കോപ്പിചെയ്ത് ഉല്പാദിപ്പിക്കാവുന്നതാണ്. അവ്യക്തതകളുള്ള ചിത്രങ്ങളെ പരിഷ്‌കരിച്ച് കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാക്കി മാറ്റാൻ കഴിയുമത്രേ.


ഇപ്പോൾ ശൈശവഘട്ടത്തിലുള്ള ഒരു നിബു സാങ്കേതികവിദ്യയാണ് ന്യൂറോമോർഫിക്ക് എഞ്ചിനീയറിംഗ് ( Neuromorphic Engineering ). ഇത് സാധാരണ ഡീപ് ലേണിംഗ് ടെക്‌നോളജിയെ ബഹുദൂരം പിന്നിലാക്കുമെന്നാണ് അവകാശപ്പെടുന്നത്. തലച്ചോറിനെ മൂന്ന് അടിസ്ഥാനഭാഗങ്ങളായി വേർതിരിക്കാം. മുൻ മസ്തിഷ്‌കം (Forebrain), നടുമസ്തിഷ്‌കം (Midbrain), പിൻമസ്തിഷ്‌കം (Hindbrain). ഇവയോരോന്നിന്റെയും ഘടനയും ധർമങ്ങളും വിഭിന്നമാണ്. ന്യൂറോമോർഫിക് എഞ്ചിനീയറിംഗിൽ ഈ അന്തരങ്ങളെ ആധാരമാക്കിയുള്ള ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഒരുക്കുമെന്ന് പറയുന്നു. ഡീപ് ലേണിംഗ് മാതൃകയിലുള്ള പ്രവർത്തനമാവും കാഴ്ചവയ്ക്കുക. കമ്പ്യൂട്ടിംഗ് പവർ നിരവധി മടങ്ങ് വർധിക്കുകയും, അതുപോലെതന്നെ, ഇലക്ട്രിക്ക് പവർ ഉപയോഗം കുറയുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. പ്രായപൂർത്തിയായ ഒരാളിന്റെ മസ്തിഷ്‌കം പ്രതിദിനം ഏകദേശം 12 വാട്ട് പവറാണ് ഉപയോഗിക്കുക. ഒരു സാധാരണ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടറിന് 175 വാട്ടും ലാപ്‌ടോപ്പിന് 60 വാട്ടും പവർ വേണം. ന്യൂറോമോർഫിക് കമ്പ്യൂട്ടിംഗിൽ 10 വാട്ടിന്റെ പവറേ പ്രവർത്തനത്തിന് ആവശ്യം വരികയുള്ളൂവെന്ന് പറയുന്നു. ഈ പ്രോജക്ട് എവിടെവരെ എത്തുമെന്ന് പറയാറായിട്ടില്ല. അണുസംയോജനത്തെ (Atomic Fusion) ആധാരമാക്കിയുള്ള പവർ ഉത്പാദന സാങ്കേതികവിദ്യ ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. സൗരോർജം, ഭൗമോർജം, ഹൈഡ്രജൻ, ഊർജം തുടങ്ങിയ ഊർജോത്പാദന സാങ്കേതികവിദ്യകളും വൻതോതിൽ നടപ്പാക്കിയിട്ടില്ലിതുവരെ. ഇത്തരം സാഹചര്യങ്ങളിൽ ന്യൂറോമോർഫിസത്തെ അധിഷ്ഠിതമാക്കുന്ന നിബു സാങ്കേതികവിദ്യ ഭാവിയുടെ വാഗ്ദാനമായിത്തീരുമെന്ന് പ്രത്യാശിക്കാം. 


നിർമിതബുദ്ധിയുടെ ആകാശം


ആകാശംപോലെ വിസ്തൃതമാണ് നിബുവിന്റെ പ്രയോഗമേഖല. പാറ്റേൺ തിരിച്ചറിയൽ (Pattern Recognition) എന്നത് നിബു ഉപയോഗിക്കുന്ന ഒരു മേഖലയാണ്. മുഖം തിരിച്ചറിയൽ, ഒപ്പ് പരിശോധന, ഐഡന്റിറ്റി സ്ഥാപിക്കൽ തുടങ്ങിയ ഫൊറൻസിക് ഉപയോഗങ്ങൾക്കുപുറമേ, മെഡിക്കൽ ഡയഗ്നോസിസിനും ഇത് പ്രയോജനപ്പെടുന്നു. എക്‌സ്‌റേ, എം.ആർ.ഐ, പെറ്റ് തുടങ്ങിയ സ്‌കാൻചിത്രങ്ങൾ വിശകലനം ചെയ്ത് രോഗനിർണയം എളുപ്പമാക്കുന്നതിന് നിബു സാങ്കേതികവിദ്യ ഉപകാരപ്രദമാണ്. രക്തസമ്മർദം, ഹൃദയമിടിപ്പ്, രക്തത്തിലെ സോഡിയം, മഗ്നീഷ്യം തുടങ്ങിയവയുടെയും പഞ്ചസാരയുടെയും അളവ് തുടങ്ങിയവ സംബന്ധിച്ചുള്ള ഡേറ്റ തുടർച്ചയായി മോണിറ്റർ ചെയ്യുന്നതിന് ഇത് ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രീയരീതിയിലുള്ള കൃഷിയിൽ ഇലക്‌ട്രോണിക്‌സും നിബുവും ഫലപ്രദമായി നിയോഗിക്കപ്പെടുന്നു. ഉദാഹരണമായി, ഏതുതരം വളം അല്ലെങ്കിൽ കീടനാശിനി, ഏതളവിൽ, എപ്പോഴൊക്കെ ചെടികൾക്ക് നല്കണമെന്നതു സംബന്ധിച്ചുള്ള ഡേറ്റ തുടർച്ചയായി ലഭ്യമാക്കാൻ കഴിയും. ഇതുപോലുള്ള ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കുന്നപക്ഷം, നെൽകൃഷിയെ നമ്മുടെ നാട്ടിൽപ്പോലും ആദായകരമാക്കാമത്രേ.


പാറ്റേൺ തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ ഒരു പ്രധാനപ്പെട്ട പ്രയോഗമേഖലയാണ് പ്രപഞ്ചശാസ്ത്രം. ആകാശഗംഗതന്നെ ഒരു ഭീമൻ നക്ഷത്രക്കൂട്ടം അല്ലെങ്കിൽ ഗാലക്‌സിയുടെ ഭാഗമാണത്രേ, കണക്കില്ലാത്തവിധത്തിൽ കാണപ്പെടുന്നതാണ് ഗാലക്‌സികൾ (Galaxies), ഗാലക്‌സികൂട്ടങ്ങൾ (Galaxy Clusters), ഗാലക്‌സി സൂപ്പർ കൂട്ടങ്ങൾ (Galaxy Superclusters) തുടങ്ങിയവ. ഇവയുടെ കണ്ടെത്തലുകൾ വർഗീകരണവുമൊക്കെ അതിസങ്കീര്‍ണ പ്രക്രിയകളാണ്. ഇതിലൊക്കെ നിബുവിന്റെ പങ്ക് വളരെ വലുതാണ്. ലോകശ്രദ്ധയെ ഈയിടെ ആകർഷിച്ച കണ്ടെത്തലുകളാണ് ജെയിംസ് വെബ്‌സ്‌പേസ് ടെലസ്‌കോപ് സമ്മാനിച്ചത്. ഗാലക്‌സികളുടെ ഉല്പത്തി, പഴക്കം തുടങ്ങിയവയെപ്പറ്റിയുള്ള സാമ്പ്രദായികധാരണങ്ങളെ തിരുത്തുന്ന നിരീക്ഷണഫലങ്ങളാണിവ. നിബുവിന്റെ സഹായമില്ലാതിരുന്നെങ്കിൽ ഈ നേട്ടങ്ങൾ ഉണ്ടാവില്ല. ഗാലക്‌സി രൂപവത്കരണത്തെ സംബന്ധിച്ച് പുതിയ ഒരു സിദ്ധാന്തത്തിനുവേണ്ടി ശാസ്ത്രം കാതോർക്കുകയാണിപ്പോൾ.


എപ്പോഴും എല്ലായിടത്തും തെളിഞ്ഞുകാണുന്ന ആകാശം ഒരു മിഥ്യാസങ്കല്പം മാത്രമാണല്ലോ. കാറും കോളും ആകാശത്തെ പ്രക്ഷുബ്ധമാക്കാറുള്ളതുപോലെ നിബുവിന്റെ ആകാശത്തും ഉദ്വേഗജനകമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. മഴ പെയ്തുപോയാൽ അത് സംബന്ധിച്ചുണ്ടാകുന്ന ഉത്കണ്ഠ ശമിക്കും. എന്നാൽ നിബുവിന്റെ പ്രയോഗമേഖല തനിയെ ശാന്തമായിക്കൊള്ളുമെന്ന് വിചാരിക്കാൻ വയ്യ. ഇത്തരം ആകുലതയ്ക്കുള്ള കാരണങ്ങളിൽ ചിലതിനെപ്പറ്റി ഇവിടെ സൂചിപ്പിക്കാം. ചാറ്റ് ജി.പി.ടി പോലുള്ള നിരവധി സംവിധാനങ്ങൾ മാർക്കറ്റിലുണ്ടിപ്പോൾ. ചാറ്റ് ജി.പി.ടി 3, ചാറ്റ് ജി.പി.ടി 4 എന്നിവയ്ക്കുപുറമേ 30-ൽപ്പരം ബോട്ടുകൾ വേറെയും ലഭ്യമാണത്രേ. ഇവയെ നല്ല രീതിയിൽ ഉപയോഗിച്ചാൽ സർഗാത്മകതയുടെ ക്ഷമതയെ വർധിപ്പിക്കാം. എന്നാൽ തട്ടിപ്പിനും കള്ളത്തരത്തിനും ഇവ ഉപയോഗിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര നിയന്ത്രണം അനിവാര്യമായിരിക്കുകയാണ് നിബുമേഖലയിൽ.  യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നടപ്പിലാക്കുന്നതിന് പ്രസക്തമായ നിയമങ്ങൾ ആവിഷ്‌കരിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടങ്ങളും ഉത്തരവാദിത്വപരമായ മേൽനോട്ട സംവിധാനങ്ങളും ആവിഷ്‌കരിക്കപ്പെടണം. ചാറ്റ് ജി.പി.ടി വികസിപ്പിച്ച ഓപ്പൺ എ.ഐ കമ്പനിയുടെ ടീം ലീഡറായ സാം ആൾട്ട്മാൻ ഈയിടെ ഇന്ത്യ സന്ദർശിച്ചപ്പോൾ, ചാറ്റ് ബോട്ടുകളിൽ പതിയിരിക്കുന്ന നശീകരണ സാധ്യതകളെപ്പറ്റി ചൂണ്ടിക്കാട്ടിയിരുന്നു.  


വിദ്യാഭ്യാസമേഖല മൊത്തത്തിൽ താറുമാറാകാനുള്ള ലക്ഷണങ്ങളുണ്ട്. ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ഏത് വിദ്യാർത്ഥിക്കും ഏത് പരീക്ഷയും എഴുതാനും റാങ്ക് വാങ്ങാനും കഴിഞ്ഞേക്കും. അതിനാൽ പരീക്ഷാഹാളിൽ ഫോൺ അനുവദിക്കാതിരിക്കാം. എന്നാൽ, അസൈൻമെന്റുകൾ, പി.എച്ച്.ഡി. തീസീസുകൾ തുടങ്ങിയവ എഴുതുന്നതിന് ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നതിനെ എങ്ങനെ വിലക്കും? തീസീസല്ല കാര്യം, പ്രസന്റേഷനും, വൈവ വോസെയുമാണ് നിർണായക ഘടകങ്ങളെന്ന് യു.ജി.സിക്ക് വേണമെങ്കിൽ നിർദേശിക്കാം. ഗവേഷണമേഖലയിൽ പേപ്പറുകളുടെ പ്രസിദ്ധീകരണം വളരെ പ്രധാനപ്പെട്ടതാണ്. ഇപ്പോൾത്തന്നെ ധാരാളം തട്ടിപ്പുകൾ ഈ രംഗത്തുണ്ട്. വിശ്വസനീയമാണോ പ്രസിദ്ധീകരിക്കപ്പെടുന്ന ഡേറ്റാ എന്ന് എങ്ങനെ തീരുമാനിക്കും? ജേർണലുകളുടെ ആധികാരികതതന്നെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്.


ഹ്യുമാനിറ്റീസ് ഗവേഷണത്തിൽ തട്ടിപ്പുകളെ വെളിച്ചത്തുകൊണ്ടുവരുന്നതിന് ഏറെ പ്രയാസപ്പെടേണ്ടിവന്നേക്കാം. വിവരങ്ങളെ വളച്ചൊടിക്കാൻ പ്രയാസമില്ലെന്ന് അനുഭവം തെളിയിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് ഗൗരവമേറിയ ആശങ്കകളുണ്ട്. സത്യാനന്തരകാലത്ത് ചാറ്റ്‌ബോട്ടുകൾ വിജ്ഞാനവൈകൃതങ്ങൾ പടച്ചുവിടുമെന്നത് തീർച്ചയാണ്. ചരിത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രം, നരവംശശാസ്ത്രം തുടങ്ങിയ മേഖലകൾ ചാറ്റ് ജിപിടിയുടെ ആഘാതങ്ങളേറ്റ് പിടഞ്ഞേക്കാം.


നിർമിതബുദ്ധിയും സ്വാഭാവികബുദ്ധിയും നേർക്കുനേർ


നിർമിതബുദ്ധി എന്ന പ്രയോഗത്തെ കമ്പ്യൂട്ടറിന്റെ ബുദ്ധി എന്ന് സാമാന്യവത്കരിക്കുന്നതിൽ സാങ്കേതിക പിശകുണ്ടെങ്കിലും, സാധാരണഭാഷയിൽ കുഴപ്പമില്ല. മനുഷ്യന്റെ ബുദ്ധിയും നിർമിതബുദ്ധിയും തമ്മിൽ താരതമ്യപ്പെടുത്തുന്നതിന് കമ്പ്യൂട്ടറിന്റെ ആദ്യകാല സൈദ്ധാന്തികരിൽ പ്രമുഖനായിരുന്നു അലൻ ടുറിംഗ് എന്ന ഗണിതശാസ്ത്രജ്ഞൻ ഒരു ടെസ്റ്റ് നിർദേശിച്ചിട്ടുണ്ട്. ഒരുപറ്റം ചോദ്യങ്ങൾക്ക് ഒരു മനുഷ്യനും സമ്പർക്കമില്ലാതെ വച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടറും ഒരേ ഉത്തരങ്ങൾ നല്കിയാൽ, കമ്പ്യൂട്ടറിന്റെ ബുദ്ധി മനുഷ്യന്റെ ബുദ്ധിക്ക് തുല്യമാകുന്നുവെന്ന് തീരുമാനിക്കാമെന്ന് ടുറിംഗ് സങ്കല്പനം ചെയ്തു. എന്നാൽ, ഇന്നോളം ഒരു കമ്പ്യൂട്ടറിനും ടുറിംഗ് ടെസ്റ്റിൽ മനുഷ്യനോട് കിടപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. വലിയ അളവുകളിൽ ഡേറ്റ കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും, അമൂർത്തമായ ഒരാശയവും ആവിഷ്‌കരിക്കുന്നതിന് കമ്പ്യൂട്ടറിന് സാധ്യമല്ലിന്ന്. ന്യൂറോമോർഫിക്ക് കമ്പ്യൂട്ടിംഗ് ഏതെല്ലാം ഉയരങ്ങളിലേക്ക് മനുഷ്യനെ കൊണ്ടുപോകുമെന്ന് പ്രവചിച്ചുകൂടാ. മനുഷ്യനെ (മൃഗങ്ങളെയും ഒരു പരിധിവരെ) യന്ത്രങ്ങളിൽ അല്ലെങ്കിൽ റോബോട്ടുകളിൽനിന്ന് വേർതിരിക്കുന്നത് അവബോധമാണല്ലോ – മസ്തിഷ്‌കം പ്രദാനം ചെയ്യുന്ന സവിശേഷ ഗുണമാണിത്. ഇത് മാറിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ ചലനാത്മകമായ ഒരു സവിശേഷത ആയതിനാൽ, യാന്ത്രികാനുകരണം കഠിനമാണ്. നിർമിതബുദ്ധിക്ക് ഇത്തരത്തിലുള്ള ചലനാത്മകത കൈവരിക്കാനാവുമോയെന്ന് കാത്തിരുന്നു കാണാം.


മസ്തിഷ്‌കത്തിന്റെ സമ്പൂര്‍ണ അനുകരണം ഉടനെ സാധ്യമാകുന്നില്ലെങ്കിൽക്കൂടി, അതിൽ ന്യൂറോമോർഫിക്ക് ചിപ്പുകൾ നിക്ഷേപിച്ച്, അതിന്റെ പ്രവർത്തനത്തെ സ്വാധീനിക്കാൻ കഴിഞ്ഞേക്കും. സൈബോർഗ് (Cyborg) എന്ന ഒരു പഴയ ആശയത്തിന്റെ പുനർജനി സംഭവിച്ചേക്കാം. അന്ധമായി അനുസരിക്കുന്ന ഒരു പൗരാവലിയെ സൈബോർഗുകളാക്കി നിലനിറുത്തുന്നതിന് ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങൾക്ക് പ്രയാസമില്ല. അഞ്ചുവർഷം മുമ്പ് സ്റ്റീവൻ ലെവിറ്റ്‌സ്‌കിയും ഡാനിയേൽ സിബ്ലാറ്റും “ഹൗ ഡെമോക്രസീസ് ഡൈ” എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നതുപോലെ, ലോകമൊട്ടുക്ക് ജനാധിപത്യം അപകടത്തിലാകുന്നതിന്റെ ലക്ഷണങ്ങളുണ്ട്. ലോകത്തിലെ രാഷ്ട്രീയ ഗതിവിഗതികൾ പരിശോധിക്കുമ്പോൾ, നിബു നിയന്ത്രിതമായ ഒരു സമ്പൂർണ അടിമവ്യവസ്ഥയ്ക്കു കീഴിൽ മനുഷ്യരാശി ഞെരുങ്ങിപ്പോകുമോയെന്ന് ഭയക്കണം. ആൾഡസ് ഹക്‌സിലി  വിഭാവനം ചെയ്ത ‘ബ്രേവ് ന്യൂ വേൾഡ്’ അല്ലെങ്കിൽ ജോർജ് ഓർവെൽ ചിത്രീകരിച്ച ‘1984’ വെറും ഡിസ്‌ടോപ്പിയൻ സ്വപ്നമല്ലെന്നു വരുമോ? സര്‍വവ്യാപിയായ ഒരു കാവൽ (Surveillance) സംവിധാനം രാജ്യങ്ങളിൽ വന്നുകഴിഞ്ഞു. സി.സി.ടിവിയും നിബുക്യാമറകളും അതിന്റെ ഭാഗമാണ്. പൗരരുടെ മേൽ പിടി മുറുക്കിക്കൊണ്ടിരിക്കുകയാണ് അധികാരികൾ. ഈ പുതിയ സംസ്‌കാരത്തിൽ നിബു നിർവഹിക്കേണ്ട പങ്കും വർധിച്ചുവരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണീ സംവിധാനങ്ങളെല്ലാമെന്നാണ് ഭരണകൂടങ്ങൾ അവകാശപ്പെടുന്നത്. ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യപ്പെടുന്നത് ഭരണാധികാരികളാണെന്നും മറക്കേണ്ട.