സംഭാഷണം : ഡോ.പി.ജെ.ചെറിയാന്‍/ മനു അച്ചുതത്ത്
പട്ടണം പര്യവേക്ഷണങ്ങൾ പുറത്തുകൊണ്ടുവന്നത് പലതരം സാങ്കേതികവിദ്യകളും സംസ്കാരങ്ങളും തമ്മിലുള്ള വ്യാപാര വ്യപാരേതര കൈമാറ്റങ്ങളുടെ വസ്തുനിഷ്ഠ തെളിവുകളാണ്. രണ്ടായിരം വർഷം മുൻപുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പുതു നാവിക ചരിത്രമാണ് അത് തുറന്നുകാണിക്കുന്നത്. തമിഴകം എന്ന ഇന്ത്യൻ ഉപദ്വീപിലെ മൂന്നാം നൂറ്റാണ്ട് ബി.സി.ഇ. മുതൽ മൂന്നാം നൂറ്റാണ്ട് സി.ഇ. വരെയുള്ള ചേരനാടിന്റെ നാഗരികതയുടെ നാൾവഴികളാണ് ആ തെളിവുകളില്‍ കൂടുതലും.
അമ്പത് തലമുറകൾക്ക് മുമ്പുള്ള നമ്മുടെ പൂർവികരുടെ എന്ത് കഥയാണ് പട്ടണം നമ്മോടു പറയുന്നത്
ഇതിനുത്തരം നല്കുന്നതിനു മുന്‍പ് ഒരു മറുചോദ്യമാണ് എനിക്കുള്ളത്. കേരളത്തിൽ ഇന്ന് ആർക്കാണ് തങ്ങളുടെ അമ്പത് തലമുറക്ക് മുന്‍പ് ജീവിച്ചിരുന്നവരെപ്പറ്റി അറിയാൻ താല്പര്യം ഉള്ളത് ? സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് പൊതുവേ മനുഷ്യർക്ക് നേരിട്ട് മൂന്ന് തലമുറകളെപ്പറ്റിയുള്ള ധാരണകളെ ഉണ്ടാവാൻ ഇടയുള്ളൂ. അമ്മ /അച്ഛൻ, മുത്തശ്ശി/മുത്തച്ഛന്‍ – അതിനപ്പുറത്തുള്ളവരെ അറിയാന്‍ ആർക്കാണ് ആഗ്രഹം? ചരിത്രകാരന്മാരോ അധ്യാപകരോ വിദ്യാർഥികളോ അവരുടെ രീതികളില്‍ പറയുകയും തര്‍ക്കിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സാധാരണ മനുഷ്യരെ സ്പര്‍ശിക്കാറില്ല എന്ന് തോന്നുന്നു. ഏതായാലും പൊതുജനങ്ങൾക്കിടയിൽ അത്തരത്തിലുള്ള താത്പര്യം കേരളത്തിൽ വളരെ കുറവാണ്. Delete the past and enjoy the present എന്നതാണ് പുതുകാലത്തിന്റെ ആപ്തവാക്യം. രണ്ടായിരം വര്‍ഷം മുന്‍പുള്ളവരെക്കുറിച്ചുള്ള ചിന്തകള്‍ അതും കലര്‍പ്പില്ലാത്ത തെളിവിന്റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്നത് മിക്കവര്‍ക്കും ഒഴിവാക്കുവാനുള്ള ഒരു വിഷയം മാത്രമല്ലേ? ആ അവസ്ഥയില്‍ എന്തിനാണ് ഇതൊക്കെ അന്വേഷിച്ച് കണ്ടുപിടിച്ച് പങ്കുവയ്ക്കുന്നത് എന്ന് പാമാ ഇൻസ്റ്റിട്യൂട്ടിലെ ചര്‍ച്ചകള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് സങ്കടം തോന്നാറുണ്ട്.
അറിഞ്ഞുകൊണ്ട് അത്തരം വിവരങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നവരോ അല്ലെങ്കിൽ തന്റെ പൂര്‍വികരെപ്പറ്റിയുള്ള അജ്ഞത/അറിവ് നിലവിലെ അവസ്ഥയില്‍ തുടര്‍ന്നോട്ടെ എന്ന് കരുതുന്നവരോ യഥാർത്ഥത്തിൽ സമൂഹത്തോടും തങ്ങളോടുതന്നെയും വലിയ ദ്രോഹമായിരിക്കും ചെയ്യുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ കഴിവായ ചിന്താശേഷിക്ക് വൻമതിൽ സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. എന്റെ അച്ഛനെയും അമ്മയെയും എന്നപോലെ എനിക്ക് പ്രധാനപ്പെട്ടവരാണ് ഒരുപക്ഷേ, അമ്പതോ നൂറോ തലമുറയ്ക്ക് മുമ്പുള്ളവരും. എന്തുകൊണ്ടെന്നാല്‍, ഒരു ദീര്‍ഘ ജൈവ പ്രക്രിയയിലൂടെയാണ് നാമെല്ലാം ഇന്നത്തെ അവസ്ഥയിൽ എത്തി നില്ക്കുന്നത്. ആ ഒരു പ്രക്രിയ അറിഞ്ഞിരിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്.
വര്‍ത്തമാനത്തില്‍ മാത്രം അകപ്പെടുന്ന ഈ വൈതരണി മറികടക്കാന്‍ മലയാളികളോട് ഒരു ഉപായം പറയാം. Albert Barille സംവിധാനം ചെയ്ത Once Upon a Time… Man എന്ന 26 എപ്പിസോഡുകള്‍ കാണുക. ഈഴവനും ദളിതനും നായരും ഇസ്ലാമിയും ക്രിസ്ത്യാനിയും തുടങ്ങി അമ്പലവാസിയും ആദിവാസിയും, ആശാരിയും, മൂശാരിയും തുടങ്ങി എണ്ണിയാല്‍ തീരാത്തത്ര സാമൂഹിക അറകളില്‍ ഒരു കുഞ്ഞായുസ്സിനെ തടവറയിലാക്കുന്ന മലയാളികള്‍ അവരുടെ ഹോമോസാപ്പിയന്‍ കാലം – വിവേകപൂർവം ചിന്തിക്കാനും സാമൂഹികമായി എളിമയില്‍ നീതിപൂർവം ജീവിക്കാനുമുള്ള അവരുടെ സ്വയം നിർണയാധികാരം തിരിച്ചറിയണം. അതുണ്ടായാല്‍ വടക്കന്‍ പറവൂരിനടുത്തുള്ള പട്ടണം ഗ്രാമത്തെ കേരളം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിക്കും. വരും തലമുറ അതിനെപ്പറ്റി കഥയും കവിതയും എഴുതും.
ഒരു കുട്ടിക്ക് തൊട്ടുനോക്കി മനസ്സിലാക്കുവാന്‍ കഴിയുന്ന നിലയിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ഭൂതകാലത്തെപ്പറ്റി കഥകള്‍ പറയാൻ എന്ന് തോന്നുന്നു. ആ അര്‍ത്ഥത്തില്‍ പട്ടണം ഗ്രാമം വലിയൊരു അത്ഭുതമാണ്. നമ്മുടെ നാഗരികസംസ്കാരവും നാവികശേഷിയും വിളിച്ചു പറയുന്ന തെളിവുകളുടെ വലിയ കൂമ്പാരമാണ് ആ ഗ്രാമത്തിനടിയിൽ കിടക്കുന്നത്. കേരളത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ വരദാനമാണ്, അമ്പത് മുതല്‍ തൊണ്ണൂറു തലമുറകൾ മുമ്പുവരെ ജീവിച്ച മനുഷ്യരുടെ അവശിഷ്ടങ്ങൾ ബാക്കിവച്ച പട്ടണമെന്ന തീരപ്രദേശം. ഇന്നുള്ള നമ്മുടെ പേര് മുതല്‍, മതം ജാതി, ദേശീയത, ഭാഷ, വിദ്യാഭ്യാസം, സ്ഥാനം, മാനം തുടങ്ങിയുള്ള എല്ലാ സ്വത്വമാനദണ്ഡങ്ങളും അധികാരക്രമങ്ങളും തീര്‍ത്തും വ്യത്യസ്തമായിരുന്ന ഒരു കാലത്തിന്റെ അവശിഷ്ടങ്ങളാണ് നമുക്ക് അവിടെനിന്നു കിട്ടുന്നത്.
തെളിവിന്റെ അടിസ്ഥാനത്തിൽ പട്ടണത്തിന്റെ കഥ തുടങ്ങുന്നത് ഏതാണ്ട് 1000 BCE മുതലാണ്. തമിഴകം എന്ന പ്രദേശം ഒരു സവിശേഷ നാഗരികതയ്ക്ക് തുടക്കം കുറിക്കുന്നതും ഇരുമ്പിന്റെ ഉപയോഗം വ്യാപകമാകുന്നതും അതേ കാലത്താകണം.
ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ അന്ന് അതായത് മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് പട്ടണം ഒരു ദ്വീപായിരുന്നു. പെരിയാറിന്റെ നദീമുഖത്ത് നെടുകയും കുറുകയും നീര്‍ചാലുകളുള്ള കടലില്‍നിന്ന് ഉദ്ദേശം നാല് കിലോമീറ്റര്‍ കിഴക്കുമാറി ശുദ്ധജലവും ഫലഭൂയിഷ്ടവുമായ മണ്ണുമുള്ള ഒരു ചെറുദ്വീപ്. പോകപ്പോകെ അവർ സാങ്കേതികവിദ്യയിലും മറ്റു പല മനുഷ്യവിഭവശേഷികളിലും പ്രാവീണ്യമുള്ളവരാകുകയും നിരവധി സംസ്കാരങ്ങളുമായി പലനിലകളില്‍ ബന്ധങ്ങൾ ഉണ്ടാക്കുന്ന ഒരു കോസ്മോപോളിറ്റന്‍ സമൂഹമായി എന്നാണ് തെളിവുകൾ പറയുന്നത്. കാലഗണന അല്പം വിശാലമാക്കി പറഞ്ഞാല്‍ 500 BCE മുതൽ 500 CE വരെയുള്ളതാണ് ആ കാലം. ഈ കാലഘട്ടം ലോകമെമ്പാടും ‘ശ്രേഷ്ഠകാലം’ അഥവാ ‘ക്ലാസിക്കൽ ഏജ്’ എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു യൂറോകേന്ദ്രിത സങ്കല്പമായിട്ടായിരുന്നു തുടങ്ങിയത്. ഗ്രീക്ക്, റോമൻ സംസ്കാരമാണ് ലോകത്തെ ഏറ്റവും മികച്ച സംസ്കാരമെന്ന് പ്രകീർത്തിക്കാനാകണം അങ്ങനെ ഒരു സങ്കല്പം നിലവിൽ വന്നത്. ഗ്രീക്ക്, റോമൻ പ്രദേശങ്ങളില്‍ മാത്രമല്ല ആ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള മറ്റു സമൂഹങ്ങളിലും ബൗദ്ധികതയിലും സാങ്കേതിക കഴിവിലും സാമൂഹികബന്ധങ്ങളിലുമൊക്കെ വലിയ സവിശേഷതകള്‍ ഉണ്ടായി എന്ന് പതിയെ തിരിച്ചറിയപ്പെട്ടു. ചിലർ അതിനെ രണ്ടാം നാഗരികത എന്ന് വിളിച്ചു. കൂടുതല്‍ കൂടുതല്‍ ക്രമീകൃതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് മിക്ക സമൂഹങ്ങളും ചെയ്തത് എന്ന് അകല കാഴ്ചയില്‍ പറയാനാകും. പട്ടണത്ത്നിന്ന് ലഭിക്കുന്ന തെളിവുകളിലും സാങ്കേതിക വിദ്യയുടെ മഹിമയാണ് വിളംബരം ചെയ്യുന്നത്. നിങ്ങള്‍ അതിനെ കേരളത്തിന്റെ ക്ലാസിക്കൽ കാലമായി വിലയിരുത്തിയാല്‍ അതില്‍ തെറ്റുണ്ടാവില്ല എന്ന് തോന്നുന്നു. മഹാപെരുമയുടെ കാലം എന്ന് മറ്റൊരാള്‍ പറഞ്ഞാല്‍ അതിലും ശരിയുണ്ടന്നാണ് തോന്നുന്നത്. സംഘസാഹിത്യം പഠിക്കുന്ന ഒരാള്‍ അത് മഹാപെരുമാറ്റത്തിന്റെ കാലംകൂടെയാണ് എന്ന് പറഞ്ഞപ്പോള്‍ അതില്‍ വലിയ അര്‍ത്ഥതലങ്ങളുണ്ട് എന്ന് തോന്നി.
വിശാല അര്‍ത്ഥത്തില്‍ അഞ്ചാം നൂറ്റാണ്ട് BCE മുതൽ അഞ്ചാം നൂറ്റാണ്ട് CEവരെയുള്ള കാലം വലിയ പെരുമയുടെ കാലമായിരുന്നു എന്ന് പറയുന്നതില്‍ ചില കാര്യങ്ങളുണ്ട്. ഒന്ന്, വികസിതമായ ലോഹ സാങ്കേതികവിദ്യ അന്ന് കേരളത്തിനു സാധ്യമായതായി പട്ടണം തെളിവുകളെ മുന്‍നിര്‍ത്തി പറയുവാന്‍ കഴിയും. ഇരുമ്പ്, ചെമ്പ്, ഈയം, സ്വര്‍ണം, വെള്ളി എന്നിവയുടെ വസ്തുക്കള്‍ മാത്രമല്ല അവയില്‍ മിക്കതും ഉണ്ടാക്കുന്ന പണിശാലകളും; ഇരുമ്പ്, ചെമ്പ്, ഈയം, സ്വര്‍ണം എന്നിവയുടെ ലോഹക്കട്ടികളും ലഭിച്ചു. രണ്ടാമതായി, അമ്പതു തലമുറക്ക് മുമ്പുള്ള ചേരനാട്ടുകാരുടെ ലോകപരിജ്ഞാനമാണ് അവരുടെ മറ്റൊരു മഹിമക്ക് കാരണമായത് എന്ന് തോന്നുന്നു. മുപ്പത്തിയേഴു സംസ്കാരങ്ങളുമായി, ചുരുങ്ങിയത് നാനൂറ് കൊല്ലമെങ്കിലും (100 BCE മുതല്‍ 300 CE) അടുത്തിടപെട്ടതിന്റെ തെളിവുകള്‍ ലഭിക്കുന്നതുവഴി പട്ടണം ലോക നാവികചരിത്രത്തിന്റെ ഒരു സുപ്രധാന കളിത്തൊട്ടിലാകണം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഒത്തനടുവില്‍ 44 പുഴകളാല്‍ സമ്പന്നമായ പ്രദേശത്ത് ഒരു മഴക്കാട് സംസ്കാരം രൂപം കൊടുക്കാന്‍ അവര്‍ക്ക് ലഭിച്ച ആഗോള എക്സ്പോഷര്‍ സഹായകമായി എന്ന് തോന്നുന്നു. പരസ്പര ആശ്രിതവും പരസ്പര ബന്ധിതവുമായ ഒരു സങ്കീർണ വലക്കണ്ണിപോലെയാണ് ദീര്‍ഘദൂര കൈമാറ്റങ്ങളില്‍ തുറമുഖങ്ങള്‍ വര്‍ത്തിക്കുക. അത്തരം ഒരു നെറ്റ്‌വർക്കിൽ നാലു നൂറ്റാണ്ടോളം ഒരു പ്രമുഖ സ്ഥാനമാണ് പട്ടണത്തിനുണ്ടായിരുന്നത്.
ഈ കാലത്തെപ്പറ്റി നമുക്ക് കാര്യമായ അറിവ് ഉണ്ടായിരുന്നില്ല. മറിച്ചു ഇന്നത്തെ ആദിവാസികളെ പ്പോലെ കാടന്മാരും പെറുക്കി തീനികളും ആയിരുന്നു എന്നായിരുന്നു പൊതുധാരണ. തമിഴ് ജനതയുടെ സംസ്കാരത്തെ തന്നെ വളരെ വിലകുറഞ്ഞ ഒന്നായാണ് നാം പൊതുവേ കരുതിയത്. ആധുനികത വന്നതിനുശേഷം തമിഴിന്റെ വേരുകൾ നമ്മൾ പാടേ മറന്നു പോയി. പ്രത്യേകിച്ച്, മലയാളം സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ. സംഘകാലത്തെക്കുറിച്ച് കാര്യമായി ഒന്നും പഠിക്കേണ്ടതില്ല എന്ന അവസ്ഥയും ഉണ്ടായി. യഥാര്‍ത്ഥത്തിൽ പട്ടണം കേരളത്തിന്റെ സംഘകാല പ്രതീകമാണ്. അന്നത്തെ ചേരനാടിന്റെ കഥയാണത്. ചേരനാടിനും ചോഴ,പാണ്ഡ്യനാടുകള്‍ക്കും പുറമേ 65 ചെറു നാട്ടുരാജാക്കന്മാരും ഉള്‍പ്പെടുന്ന അന്നത്തെ തമിഴകം പൊളിറ്റി വളരെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു .
ഒരാളുടെ കേമത്തം നിശ്ചയിക്കുന്നത് മറ്റൊരാളിൽ കാണിക്കുന്ന ആധിപത്യമോ, അധികാരമോ, സമ്പത്തോ അല്ല എന്നുള്ള വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ആ സമൂഹം വച്ചുപുലർത്തിയിരുന്നു എന്ന് തോന്നാം. സംഘകൃതികളിലെ നാലു വാക്കുകൾകൊണ്ടതിനെ സൂചിപ്പിക്കാം: ഒന്നാമത് പകുത്തറിവ് – വകതിരിവ്, രണ്ടാമത് അന്‍പ് – അനുകമ്പ, മൂന്നാമത് ഉണ്മ – സത്യം –(അന്നത്തെ കാലത്ത് അത് അകം-പുറം എന്ന സത്യത്തെ അവർ ശരീരത്തിന്റെ അനാറ്റമിയിലൂടെയാണ് മനസ്സിലാക്കിയിരുന്നത്. ശരീരത്തിനകത്താണ് ഹൃദയം/മനസ്സ്; അതുകൊണ്ടാകണം അകംപൊരുളിന് വലിയ പ്രാധാന്യം കല്പിച്ചിരുന്നു.) നാലാമത് പാട്രരു – വാത്സല്യം (പ്രണയം,സ്നേഹം ഒക്കെ ആകാം) പൂവിനോടും പുഴുവിനും എല്ലവയോടും വാത്സല്യം തോന്നുന്ന പ്രകൃതിജീവനത്തിൽനിന്ന് ഉണ്ടായതാവാം ഇവയൊക്കെ. പുരാവസ്തുക്കളില്‍നിന്ന് ഈ ആദിമമനസ്സിനെ കണ്ടുപിടിക്കാൻ പ്രയാസമാണ്. പക്ഷേ, അന്നത്തെ സംഘസാഹിത്യത്തിലെ കൃതികൾ വായിച്ചാൽ വളരെ പരിഷ്കൃത കാലമായിരുന്നു എന്ന് നമുക്ക് കാണാം.
ഇന്ന് പുരാതനചരിത്രം പഠിക്കുന്നതില്‍ സയന്‍സ് വലിയ സാധ്യതകളാണ് ഒരുക്കുന്നത്. പുരാതന വസ്തുക്കളിൽ സ്പന്ദിക്കുന്ന നിത്യജീവിതം, ജീവിതബന്ധങ്ങൾ, ജീവിതവീക്ഷണങ്ങൾപോലും കണ്ടെത്തുകയാണ് ബഹുവിഷയീ പുരാവസ്തുഗവേഷണത്തിന്റെ ലക്ഷ്യം. പട്ടണത്തുനിന്നു കിട്ടുന്ന പുരാവസ്തുക്കൾ നമ്മൂടെ പൂർവികരുടെ നിത്യജിവിതത്തിന്റെ ഭാഗങ്ങളായിരുന്നു. ആ നിർജീവവസ്തുക്കൾ അവരുടെ പല ജിവിതസന്ദര്‍ഭങ്ങളെക്കുറിച്ചും സത്യസന്ധമായ സൂചനകളും വിശദീകരങ്ങളും പുതിയ ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള കഴിവും നല്കുന്നു. ആ അര്‍ത്ഥത്തിൽ, കാഴ്ചയിൽ നിസ്സാരമെന്നു തോന്നിയേക്കാവുന്ന പുരാവസ്തുക്കള്‍ക്ക്, വിലമതിക്കാനാവാത്ത ചരിത്ര, സാംസ്കാരിക മുല്യമാണുള്ളത്.
കണ്ടെത്തലുകൾ എന്തൊക്കെയാണ്?
2006-07-ൽ ആരംഭിച്ച പട്ടണം ഉത്ഖനനം ഇപ്പോൾ പന്ത്രണ്ട് സീസൺ പിന്നിട്ടിരിക്കുന്നു. 2006-നും 2015-നുമിടയിൽ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നടത്തിയ ഒമ്പത് സീസണുകളിൽ മനുഷ്യന്റെ അസ്ഥികൾ, വലിയ ഭരണികള്‍, സ്വർണാഭരണങ്ങൾ, പളുങ്ക് മുത്തുകൾ, കല്ല് മുത്തുകൾ, കല്ല്, ചെമ്പ്, ഇരുമ്പ്, ഈയം സ്വര്‍ണ്ണം എന്നിവകൊണ്ട് നിർമിച്ച ഉപയോഗപ്രദമായ വസ്തുക്കളും ആഭരണങ്ങളും, മൺപാത്രങ്ങൾ, ആദ്യകാല ചേര നാണയങ്ങൾ, ഇഷ്ടികമതിൽ, ഇഷ്ടികപ്ലാറ്റ്ഫോം, വട്ടക്കിണർ, ബൊള്ളാർഡുകളുള്ള വാർഫ് എന്നിവ കണ്ടെത്തി. കൂടാതെ രണ്ടര മീറ്റര്‍ താഴ്ചയില്‍നിന്നു വാർഫിന് സമാന്തരമായി ആറ് മീറ്റർ നീളമുള്ള ആഞ്ഞിലികൊണ്ടുള്ള ഒരു തോണി കണ്ടെടുത്തു. വാര്‍ഫ് പ്ലോട്ടില്‍ നിന്നും നാലു മീറ്റര്‍ താഴ്ചകളില്‍ നിന്നും കിട്ടിയ നാടനും പുറത്തുനിന്നു വന്നതുമായ സസ്യാവശിഷ്ടങ്ങള്‍ പാരിസ്ഥിതിക പഠനങ്ങള്‍ക്ക് വലിയ സാധ്യത തുറന്നു തരുന്നു.
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2020-ൽ ഒരു വിദ്യാഭ്യാസ ട്രസ്റ്റായ പാമാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് ട്രാൻസ്‌ഡിസിപ്ലിനറി ആർക്കിയോളജിക്കൽ സയൻസസിന്റെ നേതൃത്വത്തില്‍ കുഴിയെടുക്കൽ പുനരാരംഭിച്ചു. ഈ ഖനനത്തിൽ കണ്ടെത്തിയ പുരാവസ്തുക്കൾ ഗ്രീക്കോ-റോമൻ ലോകവുമായുള്ള ഇടപെടലുകളെ അടിവരയിടുന്നവയായിരുന്നു.
കുഴിച്ച ആറു ട്രെഞ്ചുകളില്‍ ഒന്നിൽനിന്ന് ഗ്രീക്ക് മിത്തോളജിയില്‍ ഇതിഹാസപ്രാധാന്യമുള്ള, സ്ത്രിയുടെ മുഖവും സിംഹത്തിന്റെ ഉടലും നമ്മുടെ പക്ഷി രാജാവായ ജഡായുവിനെപ്പോലെ ചിറകുമായി ജനിച്ച “നാരീസിംഹം”- (സ്ഫിങ്ക്സ്) രൂപം കൊത്തിയ ഒരു മുദ്രമോതിരം കണ്ടെത്തി. ആഴ്ചകളും മാസങ്ങളും വേണ്ടിവന്നു, നഗ്നനേത്രങ്ങളാൽ എളുപ്പത്തിൽ കാണാൻ ബുദ്ധിമുട്ടുള്ള ഈ പട്ടണം നാരീസിംഹമുദ്ര, റോമൻ സാമ്രാജ്യം സ്ഥാപിച്ച അഗസ്റ്റസ് സീസറിന്റെ ലക്ഷണമൊത്ത മോതിരമുദ്രയ്ക്ക് സമാനമാണെന്ന് തിരിച്ചറിയുവാൻ. ഇതിന് യൂറോപ്പിലെ കലാ-ചരിത്ര-പുരാവസ്തു ഗവേഷകരായ ജൂലിയ റോക്കോയ്ക്കും ഫെഡറിക്കോ റൊമാനിസും സഹായിച്ചു. മോതിരമുദ്ര, കൈവിരലിൽ അണിയുന്ന ലോഹമോതിരത്തിൽ പതിപ്പിക്കുന്ന വർണക്കല്ലിൽ കൊത്തിയും കോറിയും ഉണ്ടാക്കുന്ന വിശിഷ്ടമായ വസ്തുവാണ്. ഇംഗ്ലീഷ് ഭാഷയിൽ ഇവ intaglio എന്നറിയപ്പെടുന്നു. വർണക്കല്ലിന് പുറമേ രത്നങ്ങളിലും ആനക്കൊമ്പ് – തുടങ്ങിയ വിശിഷ്ട വസ്തുക്കളിലും ഇവ ഉണ്ടാക്കിയിരുന്നു. കൃഷി, കച്ചവടം, ഭരണം, മതം,വിജ്ഞാനം, കല, സൈന്യം, കൈവേലകൾ തുടങ്ങിയ നാനാതരം നവ നാഗരിക വ്യവഹാരങ്ങൾ ശാക്തീകരിച്ച് അധികാരസമ്പന്ന വിഭാഗങ്ങളുടെ സാമൂഹിക പദവികൾ നിർണയിക്കുന്നതിലും അവയെ – നിലനിറുത്തുന്നതിലും മോതിര ചിഹ്നങ്ങൾ പോകപ്പോകെ വലിയ സ്ഥാനം കൈവരിക്കുന്നതായി കാണുവാൻ കഴിയും.
ബി.സി.ഇ. അഞ്ചാം നൂറ്റാണ്ട് മുതൽ സി.ഇ.അഞ്ചാം നൂറ്റാണ്ടുവരെയുള്ള രണ്ടാം നാഗരികതയുടെ കാലത്താണ് ഓൾഡ് വേൾഡ് എന്ന് അറിയപ്പെടുന്ന ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ നിരവധി സംസ്കാരങ്ങളിൽ ഈ പ്രവണത വ്യാപിക്കുന്നത്. ഇതിന് കളമൊരുക്കിയ സമുദ്രാനന്തര കൈമാറ്റങ്ങളിൽ ലോകത്തെ പ്രധാന കേന്ദ്രമായിരുന്ന മുസിരിസ്സ് എന്ന തുറമുഖ സമുച്ചയത്തിൽ ഉൾപ്പെടുന്ന പട്ടണത്തിന്റെ നിഷ്കളങ്കതയാണ് എന്നേക്കും നഷ്ടമായി പോകുമായിരുന്ന ‘നാരീസിംഹ’ത്തിലൂടെ മാലോകർക്കും മലയാളികൾക്കുമായി ഒരപൂർവ സമ്മാനമായി നല്കിയിരിക്കുന്നത്. മഹാനായ അലക്സാണ്ടർ ചക്രവർത്തി വടക്ക് പറഞ്ഞാറൻ അതിർത്തിവഴി വന്ന തെളിവുകൾ മാറ്റിനിർത്തിയാൽ ഏതാണ്ട് അതേ കാലത്ത് തന്നെ ഗ്രീക്ക് ബന്ധങ്ങൾ തെന്നിന്ത്യയിലും എത്തിയിരുന്നു എന്നതിന്റെ അനിഷേധ്യ തെളിവാണ് പട്ടണം ഗ്രാമത്തിൽനിന്ന് ലഭിച്ച ഈ മോതിരമുദ്ര.
റോമൻ കേശാലങ്കാരത്തോട് സാമ്യമുള്ള മുടിയുള്ള ഒരു പുരുഷതലയുടെ ഒരു ചെറിയ പ്രതിമയും ഇതോടൊപ്പം കണ്ടെത്തി.
മോതിരവും പ്രതിമയും ഉൾപ്പെടെ ഇതുവരെ കുഴിച്ച 67 കിടങ്ങുകളിൽനിന്ന് പുറത്തെടുത്ത പുരാവസ്തുക്കളുടെ സിംഹഭാഗവും സംഘകാലഘട്ടത്തിലുള്ളവയാണ്– BCE 300 നും CE 300 നും ഇടയിൽ.
ലഭിച്ച വസ്തുക്കളുടെ എണ്ണവും വൈവിദ്യവും സാങ്കേതികമായി പ്രാചീനകേരളവും തമിഴകവും കൈവരിച്ച മികവിലേക്കാകണം വിരല്‍ചൂണ്ടുന്നത്. ഇന്ത്യന്‍ ഉപഭൂഖന്ധത്തില്‍നിന്നുള്ള 45 ലക്ഷം കലപ്പൊട്ടുകളാണു പട്ടണത്ത്നിന്ന് കുഴിച്ചെടുത്തത്. വിദേശത്ത്നിന്ന് ഉള്ള തിരിച്ചറിഞ്ഞതും ഇനിയും തിരിച്ചറിയാനുള്ളതുമായ കളിമണ്‍ പാത്രക്കഷ്ണങ്ങള്‍ ഒന്നര ലക്ഷം വരും. വിവിധ വര്‍ണങ്ങളിലും വ്യത്യസ്ത രൂപങ്ങളിലും ഉള്ള പളിങ്കുമുത്തുകള്‍ അഥവാ ഗ്ലാസ് മുത്തുകള്‍ ഒരുലക്ഷം വരും ചിലത് സ്വര്‍ണം പൊതിഞ്ഞ ഗ്ലാസ് മുത്തുകളാണ്
ഇന്ന് വസ്തുസംസ്കാരപഠനങ്ങൾ പുരാവസ്തുക്കളെക്കൊണ്ട് സംസാരിപ്പിക്കുകയും സ്വയംവെളിപ്പെടുത്താൻ അവയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഓരോ വസ്തുവിനും മനുഷ്യര്‍ക്കെന്നപോലെ ഒരു ജീവചരിത്രമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ അവയ്ക്ക് ജന്മവും സഞ്ചാരപഥങ്ങളും മരണവും പുനരുപയോഗങ്ങളുമുണ്ട്. അവയെല്ലാംതന്നെ പല തലങ്ങളിലുള്ള സാമൂഹികബന്ധങ്ങളുടെയും ചിന്തകളുടെയും പരീക്ഷണങ്ങളുടെയും ഉല്‍പന്നങ്ങളാണ് താനും.
ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് നാലു മീറ്ററോളം കനത്തിൽ സാംസ്ക്കാരിക നിക്ഷേപമുള്ള ഒരു പുരാവസ്തു കുന്നാണ് പട്ടണം. അഞ്ച് ചരിത്രകാലഘട്ടങ്ങളെ കുറിക്കുന്ന ഒന്നിനു മീതെ ഒന്നായുള്ള മണ്ണടരുകളാണ് ഇവിടെയുള്ളത്. ഓരോ 10 സെന്റീമീറ്റർ ആഴത്തില്‍ നടത്തുന്ന ഖനനം മറ്റൊരു 100 വർഷം പഴക്കമുള്ള അവശിഷ്ടങ്ങളിലേക്ക് നയിക്കുന്നു എന്നു വേണമെങ്കില്‍ പറയാം.
ഇന്നത്തെ പട്ടണം ഗ്രാമം, പുരാതന തുറമുഖനഗരമായ മുസിരിസിന്റെ (മുശിരി പട്ടിണം) ഭാഗമായിരുന്നുവെന്ന് ഇവിടെനിന്ന് ലഭിച്ച പുരാതനവസ്തുക്കള്‍ സ്ഥിരീകരിക്കുന്നു. ഇന്ത്യയും പശ്ചിമേഷ്യന്‍ പ്രദേശങ്ങളും വടക്കേ ആഫ്രിക്കയും മെഡിറ്ററേനിയൻ പ്രദേശങ്ങളും തമ്മിലുള്ള സാംസ്കാരിക വ്യാപാര വിനിമയത്തിൽ ഈ തുറമുഖനഗരം ഒരു പ്രധാന പങ്ക് വഹിച്ചതായി പഴയ ഗ്രീക്കോ-റോമൻ രേഖകളിൽനിന്നും തമിഴ്, സംസ്കൃത സ്രോതസ്സുകളിൽ നിന്നുമാണ് ഉടലെടുത്തത്. പട്ടണത്ത് നിന്ന് ലഭിച്ച ജനിതക അവശിഷ്ടങ്ങൾ വിശകലനം ചെയ്തപ്പോൾ, ഈ വിശ്വാസത്തിന് ഇപ്പോൾ ശാസ്ത്രീയ പിന്തുണയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ അസ്ഥികൂടങ്ങളിൽനിന്നുള്ള ആദിമ ഡി.എൻ.എ ഫലങ്ങൾ, ദക്ഷിണേഷ്യൻ, പടിഞ്ഞാറൻ യുറേഷ്യൻ വംശജരുടെ സാന്നിധ്യം പട്ടണം ഗ്രാമത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരിക്കുന്നു.
പുരാതനതമിഴകത്തെ പ്രതിപാദിക്കുന്ന ലഭ്യമായ സാഹിത്യ സ്രോതസ്സുകളെ വിശ്വാസയോഗ്യമാക്കാൻ എന്തൊക്കെയാണ് പട്ടണം, കീഴടി, കൊടുമണൽ എന്നീ മൂന്നു ഉദ്ഘനന കേന്ദ്രങ്ങൾ നമുക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്?
പട്ടണം, കീഴടി, കൊടുമണൽ സൈറ്റുകൾ തമിഴകത്തെ സുപ്രധാനമായ മൂന്ന് സംഘകാല പുരാവസ്തു സ്ഥാനങ്ങളാണ്. യഥാര്‍ത്ഥത്തില്‍ തമിഴകത്തെ സംഘകാല സൈറ്റുകള്‍ നിരവധിയാണ്. പാമയിലെ ഗവേഷകര്‍ തന്നെ തമിഴ്‌നാട്ടിലെ രണ്ടു ഡസനിലേറെ സൈറ്റുകള്‍ സന്ദര്‍ശിച്ചു പട്ടണവുമായുള്ള സംഘകാല പുരാവസ്തു – സാഹിത്യ ബന്ധങ്ങള്‍ അന്വേഷിക്കുന്ന ഒരു പഠനയാത്രയില്‍ ഏര്‍പ്പെട്ടിരുന്നു. തമിഴകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നത്തെ കേരളവും തമിഴ്‌നാടും പോണ്ടിച്ചേരിയും മുഴുവനായും ആന്ധ്രയും കര്‍ണാടകയും ഭാഗികമായും ഉള്‍പ്പെടുന്ന പ്രദേശത്തെയാണ്. തമിഴ്‌നാട്ടില്‍ മാത്രം വരുന്ന ഖനനങ്ങളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്, മൂവായിരത്തിലധികം വര്‍ഷം പഴക്കമുള്ള നാഗരികതയാണ് ഇവിടങ്ങളിൽ നിലനിന്നിരുന്നത് എന്നാണ്. ഇരുമ്പ് യുഗം വളരെ പിന്നോട്ട് പോകുന്നു എന്ന പുതിയ സൂചനകളാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു ലഭിക്കുന്നത്. കേരളം അഥവാ സംഘകാലത്തെ ചേരനാട് തമിഴ് സംസ്കാരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന പ്രദേശമാണെങ്കിലും നമുക്ക് കേരളത്തിലെ പട്ടണം (മുശിരിപട്ടിണം/മുസിരിസ്) എന്ന ഒരു സൈറ്റ് മാത്രമേ ചൂണ്ടിക്കാണിക്കുവാന്‍ ഉള്ളു. എന്നാല്‍ പാണ്ട്യ നാട്ടിലെ കൊര്‍ക്കൈ, അളഗന്‍കുളം, കീഴടി, ആദിച്ചനല്ലൂര്‍; ചോള നാട്ടിലെ പൂംപുഹാര്‍, ഉറയൂര്‍, അരക്കമേട്; ചേര നാട്ടിലെ കരൂര്‍, കൊടുമണൽ, 65 ചെറുരാജാക്കന്മാരില്‍ പെടുന്ന അതിയമാന്റെ കച്ചവടകേന്ദ്രമായ പഹദൂര്‍ ഉള്‍പ്പെടെ പുരാതന തമിഴകത്തെ നിരവധി പുരാവസ്തു പ്രദേശങ്ങളുമായി കേരളത്തിലെ പെരിയാർ നദിയുടെ തീരത്തുള്ള പട്ടണത്തിനു സാംസ്കാരിക ബന്ധമുണ്ട്.
കിഴക്കന്‍ തീരത്തുള്ള അളഗന്‍കുളവും പടിഞ്ഞാറന്‍ തീരത്തെ മുസിരിസ്സും ഒരു നേര്‍രേഖയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനു മധ്യഭാഗത്താണ് ഇടുക്കിയുടെ സ്ഥാനം. യഥാര്‍ഥത്തില്‍ ഇടുക്കി നമ്മുടെ നാഗരികതയുടെ കളിത്തൊട്ടിലാണ്. കാരണം സംസ്കാരങ്ങള്‍ നദീതീരങ്ങളിലാണ് പുഷ്കലമായാത് എന്ന് പറയുന്നതുപോലെ തന്നെ പ്രധാനമാണ് കാടും മലയും. കാടുകൾ സമൃദ്ധിയുടെയും ജീവിതത്തിന്റെ സങ്കീർണതകളുടെയും ഇടമാണ്. ഭൂപ്രകൃതിയെയും അതിലധിവസിച്ചിരുന്ന മനുഷ്യരുടെ ജീവിതചര്യയെയും അടിസ്ഥാനമാക്കി, തമിഴകത്തെ അഞ്ചുതരത്തില്‍ വിഭജിച്ചിരിക്കുന്നതായി സംഘകൃതികളിൽ കാണാം. ‘കുറിഞ്ചി, മുല്ലൈ, മരുതം, പാലൈ, നെയ്തൽ’ എന്നിങ്ങനെ. ഇവയില്‍ കുറിഞ്ചിക്കാണ് പലരും പ്രാധാന്യം കല്പിക്കുന്നത്. എല്ലാതരത്തിലുമുള്ള വൈകാരിക അനുഭവങ്ങളും അവിടെ നടന്നതായാണ് സംഘംകൃതികളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആ അര്‍ഥത്തില്‍ ഇടുക്കിയാണ് കേരളത്തിന്റെ നാഗരിക സംസ്കാരത്തിന്റെ ഒരു സുപ്രധാന ആസ്ഥാനം എന്ന് കാണുവാന്‍ കഴിയും. കാരണം, അവിടെനിന്ന് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന നദികള്‍ കാരണം ഇരു തുറമുഖങ്ങളിലും എത്തിച്ചേരാമായിരുന്നു. പുതിയകാലത്തെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഒരു ‘വ്യാപാര ഇടനാഴി’ ആയിരുന്നു അത്. പെരിയാര്‍വഴി മുസിരിസ്സിലും മുല്ലയാര്‍,വൈഗൈ വഴി കിഴക്കു അളഗന്‍കുളത്തും എത്താമായിരുനു. ഇതിലൂടെ അവര്‍ സുഗന്ധദ്രവ്യങ്ങളും വനവിഭവങ്ങളും കൈമാറ്റം ചെയ്തു. ഈ ഇടനാഴിയുടെ മധ്യകേന്ദ്രമായിരുന്നു ഇപ്പോഴത്തെ ഇടുക്കി ജില്ല. കൂടുതല്‍ അന്വേഷണങ്ങളിലൂടെ ഇടുക്കിയുടെ നാഗരികത അനാവരണം ചെയ്യാന്‍ പാമാ ഗവേഷണ കേന്ദ്രം എ.എസ്. ഐ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരു വര്‍ഷം നീളുന്ന പര്യവേഷണം നടത്തും.
ആദിചേരന്മാരുടെ രാഷ്ട്രീയവ്യവസ്ഥയുമായി പട്ടണത്തെ ബന്ധിപ്പിക്കുന്ന തെളിവായി പട്ടണത്ത്നിന്ന് ചെമ്പ്, ഈയം എന്നീ ലോഹങ്ങളില്‍ നിർമിച്ച നാണയങ്ങൾ സംഘകാലത്തെ മണ്ണടരുകളിൽനിന്ന് കണ്ടെത്തി. ഒരു ഭാഗത്ത് അമ്പും വില്ലും, മറുഭാഗത്ത് ആനയുടെ ചിഹ്നവുമുള്ള നാണയങ്ങളാണിവ. പുരാതന തമിഴകത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലെ വീരപട്ടണം (അരിക്കമേട്), പൂമ്പുഹാർ, കൊർക്കൈ, അളഗൻകുളം, പട്ടണം (മുസിരിസ്) തുടങ്ങിയ സ്ഥലങ്ങളുടെ താരതമ്യപഠനം ദക്ഷിണേന്ത്യയുടെ നാഗരിക അടിത്തറയെ അനാവരണം ചെയ്യാൻ വളരെയധികം സഹായിക്കും.
പട്ടണം പ്രദേശത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഇതുവരെ ഖനനം ചെയ്തിട്ടുള്ളൂ. തുടർ ഗവേഷണസാധ്യതകൾ എന്തൊക്കെയാണ്?
ചരിത്രവും പുരാവസ്തുഗവേഷണവും ചരിത്രഗവേഷകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോമാത്രമുള്ള വിഷയമാകാതെ ചിന്താശക്തിയുള്ള എല്ലാ മനുഷ്യരുടെയും ആലോചനകളിലേയ്ക്ക് അത് കടന്നുചെല്ലേണ്ടതുണ്ട്. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു ശാസ്ത്ര പദ്ധതിയായി പട്ടണം ഗ്രാമത്തെ രൂപപ്പെടുത്തി സംരക്ഷിക്കാനാവും. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരിടമാണ് പട്ടണം ഗ്രാമം. ഇതൊരു വലിയ സാധ്യതയാണ് തുറന്നു തരുന്നത്. ഭൂമിക്കടിയില്‍ ഉള്ള അവശിഷ്ടങ്ങള്‍ പഠിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്താല്‍ അതിന്റെ വലിയ പ്രയോജനം ആദ്യം ലഭിക്കുന്നത് പട്ടണം ഗ്രാമവാസികള്‍ക്കാവും. ഇതിനായി ഭാവനാപൂര്‍ണമായ ആലോചനകളും കൂട്ടായ പ്രവര്‍ത്തനങ്ങളും ആവശ്യമാണ്.
വളരെ പ്രധാനപ്പെട്ട ഒരു പുരാവസ്തു പ്രദേശമെന്നനിലയിൽ പട്ടണത്തെ സംരക്ഷിക്കേണ്ടത് വലിയ ഉത്തരവാദിത്വമാണ്. സമുദ്രനിരപ്പിൽനിന്ന് 3.32 മീറ്റർ ഉയരമുള്ള ഖനനകേന്ദ്രം ഏകദേശം 70 ഹെക്ടറിൽ പരന്നുകിടക്കുന്നു.
നിർഭാഗ്യവശാൽ, കഴിഞ്ഞ ഏഴ് വർഷമായി, PAMA പോലുള്ള ഒരു ചെറിയ വിദ്യാഭ്യാസ സ്ഥാപനത്തിനു ചെയ്യാൻ കഴിയുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. പട്ടണത്തെ മ്യൂസിയവും റെസിഡൻഷ്യൽ ആർക്കിയോളജി കോഴ്‌സും നിർത്തലാക്കി, രണ്ടായിരം വര്‍ഷം പഴക്കമുള്ള വഞ്ചിയും വാർഫ് പ്ലോട്ടും സംരക്ഷിക്കാനുള്ള സംരംഭം സ്തംഭിച്ചു. ഗ്രാമീണരില്‍നിന്ന് മാന്യമായ വിലനല്കി സ്ഥലം സംരക്ഷിക്കുന്ന പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു. ലോകത്തെ സുപ്രധാന യൂണിവേഴ്സിറ്റികളുമായി തുടര്‍പഠനങ്ങള്‍ക്കായി ഒപ്പുവച്ച ഉടമ്പടികള്‍ വേണ്ടന്നു വച്ചിരിക്കണം. പട്ടണത്തിന്റെ ചരിത്ര -പാരിസ്ഥിതിക പൈതൃകങ്ങള്‍ നാട്ടുകാരുമായി സഹകരിച്ചു സംരക്ഷിക്കുവാന്‍ ആരംഭിച്ച ഗ്രീന്‍ ആര്‍ക്കിയോളജി പദ്ധതിയും നിശ്ചലമായിപ്പോയി.
ഖനനം പോലെ തന്നെ പ്രധാനമാണ് കണ്ടെടുത്ത പുരാവസ്തുക്കളിൽ നടത്തുന്ന ശാസ്ത്രീയ തുടര്‍ പഠനങ്ങൾ. ഇതുവരെയുള്ള എല്ലാ ഖനന റിപ്പോര്‍ട്ടുകളും പ്രസിദ്ധികരിച്ച അപൂർവം സൈറ്റുകളില്‍ ഒന്നാവും പട്ടണം. വസ്തുക്കളുടെ സൂഷ്മ കാലഗണനയ്ക്കും അവയെക്കുറിച്ചുള്ള പുതിയ നിഗമനങ്ങൾക്കും അവ സഹായിക്കുന്നു. തുടങ്ങിവച്ച അത്തരം പഠനങ്ങൾ മുഴുമിപ്പിക്കേണ്ടതുണ്ട്. കിട്ടിയ പുരാവസ്തുക്കൾ മറ്റു തെളിവുകളുമായി ചേർത്തുവച്ച് വിശദമായി പഠിക്കേണ്ടതുമാണ്. എഴുതപ്പെട്ട തെളിവുകൾ, നാണയങ്ങൾ, ജനിതകപഠനങ്ങളുടെ കണ്ടെത്തലുകൾ, തെക്കേയിന്ത്യയിലെയും ഒമാനിലെയും ഈജിപ്തിലെയും സമകാല തുറമുഖങ്ങളിൽ ഉൽഖനനം നടത്തിയപ്പോൾ കിട്ടിയിട്ടുള്ള തെളിവുകൾ, പട്ടണത്ത് കച്ചവടബന്ധം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്ന മറ്റു വിദേശങ്ങളിലെ സൈറ്റുകളിൽനിന്നു കിട്ടിയ വസ്തുക്കൾ, കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഇരുമ്പ് യുഗ സ്മാരകങ്ങളുടെ തെളിവുകൾ, സംഘസാഹിത്യകൃതികൾ, വാമൊഴി അറിവുകൾ, ഐതിഹ്യങ്ങൾ – ഇവയൊക്കെ ഒരുമിച്ചു കണക്കാക്കിയുള്ള അവലോകനം. അതിന് പല മേഖലകളിലെ പണ്ഡിതർ ഒത്തുചേർന്നുള്ള ശാസ്ത്രീയപഠനങ്ങൾ, കലാകാരന്മാരുടെ ഇടപെടലുകള്‍, വിവിധ വശങ്ങൾ പുറത്തു കൊണ്ടുവരുന്ന വിമർശനാത്മകമായ പഠനങ്ങൾ, ഉൽഖനനങ്ങളുമായി നേരിട്ടു പങ്കാളിത്തമില്ലാത്തവരുടെ നിഷ്പക്ഷമായ വിലയിരുത്തൽ – ഇതൊക്കെ ആവശ്യമാണ്. ഗവേഷകർക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും ചരിത്രകുതുകികൾക്കും എളുപ്പത്തിൽ കണ്ടു മനസ്സിലാക്കാൻ പറ്റുന്ന അന്താരാഷ്ട്ര നിലവാരമുള്ള ചെറു മ്യൂസിയങ്ങള്‍ സ്ഥാപിക്കണം. അത് ഗ്രാമ വാസികളുടെ കൂടി പങ്കാളിത്തമുള്ളതാകണം. അവര്‍ക്ക് പ്രയോജനമുള്ളതാകണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും, വിദേശരാജ്യങ്ങളിലും ഉള്ള വിവിധ മ്യൂസിയങ്ങളിൽ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കണം. പെരിയാർ അറബിക്കടലിൽ പതിക്കുന്ന അഴിമുഖത്തിനടുത്ത് കടലിനടിയിലെ അന്വേഷണങ്ങൾ, പെരിയാറിന്റെ തീരപ്രദേശങ്ങളിൽ നടത്തേണ്ട പര്യവേക്ഷണങ്ങൾ, പട്ടണത്തിനു ചുറ്റുമുള്ള ഉൾനാടുകളിലെ അന്വേഷണങ്ങൾ, കൊടുങ്ങല്ലൂരിലും പ്രാന്തപ്രദേശങ്ങളിലും വീണ്ടും നടത്തേണ്ട ഖനനം, റോമൻ നാണയശേഖരങ്ങൾ കണ്ടുകിട്ടിയിട്ടുള്ള ‘വള്ളുവള്ളി’ പോലെയുള്ള ഇടങ്ങളിലെ ഉൽഖനനങ്ങൾ – ഇവയൊക്കെ ചെയ്യേണ്ടത് പട്ടണം സൈറ്റിനെ ശരിയായി മനസ്സിലാക്കാൻ ആവശ്യമാണ്. ഇതുപോലുള്ള വിപുലമായ മൾട്ടി-ഡിസിപ്ലിനറി ഗവേഷണത്തിൽ സിവിൽ സമൂഹത്തിന് അർത്ഥവത്തായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും അറിയാൻ താത്പര്യമുള്ള ശാസ്ത്രീയ സ്വഭാവമുള്ള ഒരു ജാഗ്രതയുള്ള പൗരസമൂഹം നമുക്ക് ആവശ്യമാണ്.