ചരിത്രപാഠപുസ്തകങ്ങളും ഇന്ത്യയ്ക്കു വേണ്ട മനസ്സും – ഡോ.സെബാസ്റ്റ്യൻ ജോസഫ്

ചരിത്രപാഠപുസ്തകങ്ങളും  ഇന്ത്യയ്ക്കു വേണ്ട മനസ്സും – ഡോ.സെബാസ്റ്റ്യൻ ജോസഫ്

“ചരിത്രത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയണമെങ്കിൽ, പാഠപുസ്തകങ്ങളെ വിമർശിക്കാനുള്ള അവകാശവും അവ ആവശ്യമുള്ളിടത്ത് ബദൽ വിശദീകരണങ്ങൾ നിർദേശിക്കാനുള്ള സ്വാതന്ത്ര്യവും നമുക്ക് ആവശ്യമാണ്.” – റോമീളാ ഥാപ്പർ


പൗരാണികഇന്ത്യയ്ക്ക് ചരിത്രബോധമില്ലെന്നും, അതുണ്ടായത് കൊളോണിയൽ ഭരണകാലഘട്ടത്തിലാണെന്നും ഉള്ള ഒരു ശക്തമായ വാദമാണ് 1956-ൽ ലണ്ടനിലെ SOAS (School of Oriental and African Studies)ൽ നടന്ന ഒരു സെമിനാറിൽ വിദേശ ചരിത്രപണ്ഡിതന്മാർ മുന്നോട്ടുവച്ചത്. ഇതു ശ്രവിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർഥിനി ഇതിനെ ഒരു വെല്ലുവിളിയായി സ്വീകരിക്കുകയും, പ്രാഥമികസ്രോതസുകളുടെ ശാസ്ത്രീയവിശകലനത്തിലൂടെ ഇന്ത്യയുടെ പൗരാണിക ചരിത്രബോധം പാശ്ചാത്യരിൽനിന്നു വ്യത്യസ്തമായിരുന്നുവെന്നും, അതിനെ അന്തർലീനചരിത്രം (embedded history) എന്നും, ബാഹ്യവത്കൃതചരിത്രം (externalised history) എന്നും മാറിയ രാഷ്ട്രീയ, സാമൂഹിക കാലഘട്ടങ്ങൾക്കനുസരിച്ച് നിര്‍വചിക്കാമെന്നു ചരിത്രപരമായും, സാമൂഹികശാസ്ത്ര സിദ്ധാന്തങ്ങളുടെ പിൻബലത്തോടെയും സമർഥിച്ചു. ഇതോടൊപ്പം ജെയിംസ് മില്ലിന്റെ ത്രികോണ ചരിത്രമാതൃകയെ അറബിക്കടലിലെറിഞ്ഞത് ഇന്ത്യാ ചരിത്രം (A History of India, vol.1,Penguin, 1966) രചിക്കുകയും ചെയ്തു. ഈ ചരിത്ര തേരോട്ടം ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന റോമീളാ ഥാപ്പർ, ചരിത്രകാരി എന്ന നിലയിൽനിന്നു ദേശത്തിനുവേണ്ട പൊതു ബുദ്ധിജീവിയായി മാറിയിരിക്കുന്നു. ഇതേപോലെയുള്ള പഠനങ്ങൾക്കൊണ്ട് ഇന്ത്യാചരിത്രത്തെ വീണ്ടെടുത്ത, ഇർഫാൻ ഹബീബ്, സതീഷ് ചന്ദ്ര, ബിപിൻ ചന്ദ്ര, അർജുൻ ദേവ് എന്നിവരെപ്പോലെയുള്ള ശാസ്ത്രീയ ചരിത്രകാരന്മാരുടെ കൂടിയാലോചനയിലാണ് ചരിത്രപാഠപുസ്തകങ്ങൾ സ്വതന്ത്രഇന്ത്യയിൽ പിറവിയെടുക്കുന്നത്. ഇതിനൊപ്പവും, കൃതമായി പറഞ്ഞാൽ ഇതിനു മുമ്പുതന്നെ ചരിത്രത്തെ വര്‍ഗീയവത്കരിക്കുവാനുള്ള ശ്രമങ്ങളും നടന്നിരുന്നു. 1950-മുതൽ അത്തരത്തിലുള്ള ശ്രമങ്ങൾ തുടങ്ങി, 1977- 79 കാലഘട്ടത്തിൽ ശക്തിപ്രാപിച്ച്, 1999-2004 കാലഘട്ടത്തിൽ അധികാരത്തിന്റെ പിൻബലത്തിൽ സ്ഥാപിതവത്കരണ ശ്രമങ്ങളും തുടങ്ങി. 2014-മുതൽ ഇങ്ങോട്ട് ഇതിന്റെ ഉഗ്ര പ്രതാപശക്തി വെളിവാകുകയും, ചരിത്രത്തിന്റെ നിരാകരണം ഒരു പ്രത്യയശാസ്ത്രംതന്നെയായി മാറുകയും ചെയ്തു. ഏററവും ഒടുവിലായി കോവിഡിന്റെ മറവിൽ നടന്ന എൻ.സി.ഇ.ആർ.ടി. സിലബസ് റാഷനലൈസേഷനോടുകൂടി പാഠപുസ്ത ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ, ചരിത്രത്തെ ഒറ്റ ഓർഡറിൽ ഇല്ലാതാക്കുന്ന സാഹചര്യവും വന്നിരിക്കുകയാണ്. മുഗൾ കാലഘട്ടത്തിലെ കാർഷിക / സാമ്പത്തിക ചരിത്രം നിലനിറുത്തിക്കൊണ്ട്, രാഷ്ട്രീയ-ഭരണ ചരിത്രത്തെ ഒറ്റയടിക്കങ്ങില്ലാതാക്കിയിരിക്കുന്നു, ചരിത്രപാഠപുസ്തക അപ/നിര്‍മിതിയിലെ , ആബ്രാകാഡാബ്രാ!


ഈ ചരിത്രസന്ദർഭത്തെ മുൻനിറുത്തി ചരിത്രപാഠപുസ്തകങ്ങളുടെ പ്രസക്തി എന്താണെന്നാണ് ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്. ഇന്ത്യാചരിത്രനിര്‍മിതിയിൽ ചരിത്രപാഠപുസ്തകങ്ങൾ എന്തുതരം ചരിത്രബോധത്തെയാണ് സൃഷ്ടിക്കുന്നത്? ക്ലാസ് മുറികളിൽ ചരിത്രപാഠപുസ്തകങ്ങൾ എന്തു ചിന്താമണ്ഡലത്തെ സൃഷ്ടിക്കുന്നു? മത / വര്‍ഗീയ ചിന്തകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രത്തെ എങ്ങനെ പാഠപുസ്തകങ്ങളിലൂടെ പ്രതിരോധിക്കാം? മാറിയ ചരിത്ര പഠനരീതികൾ പാഠപുസ്തകങ്ങളിലും, പഠിതാക്കളുടെ മനസ്സിലും സൃഷ്ടിക്കാവുന്ന ചിന്താ കുടമാറ്റങ്ങൾ എന്തൊക്കെയാണ്? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തുവാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.


ചരിത്രപാഠപുസ്തകമെന്താണ്?


ഇന്ത്യയിലെ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന സാമൂഹികശാസ്ത്രപാഠപുസ്തകങ്ങൾ, പ്രത്യേകിച്ചും ചരിത്രപാഠപുസ്തകങ്ങൾ ഗവേഷണത്തിൽ നിപുണത തെളിയിച്ച അക്കാദമിക് പണ്ഡിതരാൽ രചിക്കപ്പെടുകയോ, തിരഞ്ഞെടുക്കപ്പെടുകയോ ചെയ്തവയാവണം. ഒരു ചരിത്ര പാഠഭാഗം ഒരു പഠിതാവിന്റെ മനസ്സിനെ രൂപപ്പെടുത്തുന്നതിൽ സവിശേഷ പങ്കുവഹിക്കുന്ന, അവരുടെ ദൈനംദിന വ്യവഹാരങ്ങളിൽ ഒരു രക്ഷാകർത്താവിനെപ്പോലെ നിലനില്ക്കേണ്ട അക്കാദമിക ഉപകരണം തന്നെയാണ്. കഴിഞ്ഞ കാലഘട്ടത്തെ പഠിക്കുവാനുള്ള ഒരു വിഷയത്തിനപ്പുറം, വർത്തമാനത്തിലെ സാമൂഹിക വ്യവഹാര പ്രകിയകളെ മനസ്സിലാക്കുവാനും, അതിൽ ഇടപെടുന്നതിനുള്ള ശേഷി സ്വായത്തമാക്കുവാനുമുള്ള ആശയ ഉപകരണമാണ് ഒരോ ചരിത്രപാഠപുസ്തകവും. ചരിത്രശാസ്ത്രചിന്തകരുടെ നിരന്തരമായ ഗവേഷണപ്രവർത്തനങ്ങളുടെ ഫലമായ ലേഖനങ്ങളും, ഗ്രന്ഥങ്ങളും, പ്രബന്ധങ്ങളും പാഠപുസ്തകത്തിലെ വ്യത്യസ്ത പാഠഭാഗങ്ങളായി വരുമ്പോൾ, പ്രസ്തുത പാഠപുസ്തകത്തിന്റെ സമാഹർത്താക്കളും,  ഗ്രന്ഥപരിശോധകരും വളരെ ഉയർന്ന അക്കാദമിക നിലവാരമുള്ളവരാകണമെന്നതിൽ യാതൊരു സംശയവുമില്ല. ഭൂതകാലത്തിന്റെ ഭൂപടത്തിൽനിന്ന് വർത്തമാനത്തിലേക്കു വരുന്ന സാമൂഹികമൂല്യങ്ങൾ അടങ്ങുന്ന സാമൂഹികചരിത്രം ദേശനിര്‍മിതിക്കാവശ്യമായ ഓര്‍മകളെയാണ് നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.


ഒരു ചരിത്രപാഠപുസ്തകം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?


ഒരു ചരിത്രപാഠപുസ്തകത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത് അതിന്റെ നിര്‍മിതിയുമായി സംബന്ധിച്ചുള്ള വിദ്യാഭ്യാസ നയരൂപീകരണവുമായി ബന്ധപ്പെട്ടാണ്. ഭരിക്കുന്ന ഗവൺമെന്റിന്റെ പ്രകൃതമനുസരിച്ച് രൂപം കൊടുക്കുന്ന കമ്മിറ്റികൾ, അവയിലെ വിദഗ്ധർ എന്നിവരടങ്ങുന്ന പാഠപുസ്തകസമിതിയാണ് ഇവ സാധാരണ സമാഹരിക്കുന്നത്. രാഷ്ട്രീയ/ഔദ്യോഗിക ഇടപെടലുകൾ കൂടിയാൽ ഈ പാഠപുസ്തകങ്ങളിലെ ചരിത്രത്തിനും കോട്ടം തട്ടുമെന്നതിൽ സംശയമില്ല. എല്ലാക്കാലത്തും ചരിത്രനിർമിതിയിൽ സ്വാധീനംചെലുത്തുവാൻ പൗരാണികകാലം തൊട്ടേ ഭരണാധിപന്മാർ ശ്രമിച്ചിട്ടുണ്ടെങ്കിലും, ചില ചരിത്രകാലങ്ങളെയും വ്യക്തികളെയും ഇന്ത്യാചരിത്രത്തിൽനിന്നു തുടച്ചുമാറ്റണമെന്ന തികച്ചും അപകടകരവും, സമഗ്രാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നതുമായ ഭരണസമീപനമാണ് സമകാലിക ഇന്ത്യയിൽ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. ചരിത്രപാഠപുസ്തകങ്ങളെ ഈ വിധത്തിൽ രാഷ്ട്രീയ/മത ചിന്തകൾക്ക് വിധേയപ്പെടുത്തുന്നത് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ വർത്തമാനത്തിലെന്നല്ല, ഭാവിയിലും തകിടംമറിക്കുവാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഭരണസാധൂകരണത്തിനും, തുടർഭരണത്തിനും വേണ്ടവിധത്തിൽ വിധേയചരിത്രങ്ങളെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി വിധേയപൗരന്മാരെ സൃഷ്ടിക്കുവാനുള്ള ശ്രമം ആത്യന്തികമായി ചെന്നു നില്ക്കുന്നത് വിഭാഗീയ/വര്‍ഗീയ ചിന്താലോകത്തിന്റെ സൃഷ്ടിയിലും സാമൂഹിക സംഘർഷത്തിലുമാണ്. അതുകൊണ്ടുതന്നെ, ചരിത്രപാഠപുസ്തകങ്ങൾ വാസ്തവവിരുദ്ധമായാൽ രാജ്യത്തിന്റെ നിലനില്പുതന്നെ പരുങ്ങലിലാകും.


ദൈനംദിന സാമൂഹിക വ്യവഹാരത്തിലെ പാഠപുസ്തകം


കൈയിൽ കിട്ടുന്ന അന്നുമുതൽ വിദ്യാർഥിയുടെ ജീവിതത്തിലെ പങ്കാളിയായി മാറുകയാണ് ഒരു പാഠപുസ്തകം. വളരെ വൃത്തിയായി പൊതിഞ്ഞു സൂക്ഷിച്ച്, തന്റെ പേരും ക്ലാസുമെഴുതിയ സ്ലിപ്പുമൊട്ടിച്ച് വിദ്യാർഥി സ്വന്തമാക്കുന്ന പാഠപുസ്തകം പഠനത്തിലും, പരീക്ഷയിലും അവനു വിശ്വസിക്കാവുന്ന ഒരു പങ്കാളിയായി മാറുകയാണ്. തനിക്കു വിശ്വസിക്കാൻ പറ്റുന്ന ജ്ഞാനമേഖലകൾ ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങൾ പരീക്ഷ ജയിക്കുന്നതിനപ്പുറത്ത് തന്റെതന്നെ സ്വഭാവ രൂപവത്കരണത്തിലെ പ്രധാന ഏജന്റ് ആണെന്ന ബോധ്യം പല വിദ്യാർഥികൾക്കും പരുവപ്പെട്ടു വന്നില്ലെങ്കിലും, യാഥാർഥ്യം അതു തന്നെയാണ്. ഇതേ രീതിയിലുള്ള പങ്കാളിത്തലോകത്തെ കളങ്കപ്പെടുത്തുന്നവയാവും, വെറും സ്വാർഥ താല്പര്യങ്ങൾക്കനുസൃതമായ തട്ടിക്കൂട്ട് ചരിത്രപാഠപുസ്തകങ്ങൾ. ഇന്ത്യയെപ്പോലെ നാനാജാതി വൈവിധ്യങ്ങളും, ബഹുസ്വര പ്രാദേശിക ജ്ഞാനരൂപങ്ങളും നിലനില്ക്കുന്ന രാജ്യത്തെ ചരിത്ര പാഠപുസ്തകം ഇന്ത്യൻ ഭരണഘടനാനുസൃതമായ സാമൂഹികലോകത്തിലേക്ക് വിദ്യാർഥിയെ കൈ പിടിച്ചു നയിക്കേണ്ട അധ്യാപകർക്കു തുല്യമോ, അതിലധികമോ ആയ പങ്കാളി തന്നെയാണ്‌.


ഇനി ക്ലാസ് മുറിക്കുള്ളിലെയും, അധ്യയനവർഷത്തിലേതുമായ പാഠപുസ്തക / വിദ്യാർഥി ബന്ധത്തെ ഒന്നു വിശദമായി പഠിക്കാം. ഒരു പാഠപുസ്തകത്തിന്റെ വിശദീകരണം നല്കുന്ന അധ്യാപകനൊപ്പം അതേ പാഠപുസ്തകവും കൈയിൽ തുറന്നുവച്ചിരിക്കുന്ന ഒരു വിദ്യാർഥിയെയാണ് നാം കാണുന്നത്. അധ്യാപകന്റെ വിശദീകരണങ്ങൾക്കനുസരിച്ച് ചലിക്കുന്ന വിദ്യാർഥി ശ്രദ്ധയോടെ പാഠഭാഗങ്ങളിൽ ചിലതടയാളപ്പെടുത്തി പഠിച്ചെടുക്കുന്നത് ഹൃദയത്തിലേക്കാണ് പതിയപ്പെടുന്നത്. ഇവിടെയും മുൻപ് സൂചിപ്പിച്ച പാഠപുസ്തക വിശ്വാസത്തോടൊപ്പം, അധ്യാപകനെക്കുറിച്ചുളള ആത്മവിശ്വാസവും കൂടിച്ചേരുന്ന വ്യവഹാര പഠനപ്രക്രിയയാണ് ക്ലാസ്സ്‌മുറിയിൽ നടക്കുന്നത്. വിദ്യാർഥിയുടെ മനസ്സിലേക്കു ഏതെങ്കിലുമൊരു രാജവംശമോ, കലാപചരിത്രമോ, സ്വാതന്ത്ര്യസമര ഘട്ടമോ വരുന്നത് പാഠപുസ്തകത്തിന്റെ ഉദേശ്യലക്ഷ്യങ്ങളനുസരിച്ചാണ്. അശോകനും, അക്ബറും, ഗാന്ധിയും, നെഹ്റുവുമൊക്കെ പാഠപുസ്തകങ്ങളിലൂടെ ക്ലാസ്സ്‌മുറികളിലവതരിക്കപ്പെടുമ്പോൾ ക്ലാസ്സ്‌മുറികൾ തന്നെ ചരിത്രലോകത്തിലേക്ക് പരകായപ്രവേശം നടത്തുകയാണ്. അനുഭവ ചരിത്രലോകത്തിലേക്ക് വിദ്യാർഥികളെ യഥാർഥ ഭൂതകാലത്തിലേക്ക് ആനയിക്കേണ്ട ധര്‍മമാണ് ഒരോ ചരിത്രപാഠപുസ്തകവും അനുവർത്തിക്കേണ്ടത്. ആശയലോകവും അനുഭവലോകവും പ്രകാശിപ്പിക്കേണ്ട കൈവിളക്കുകളാണ് ചരിത്രപാഠപുസ്തകങ്ങൾ. മറ്റൊരർഥത്തിൽ ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിച്ച് ഭാവിഇന്ത്യയെ നിര്‍മിക്കേണ്ട ബോധ്യങ്ങളും, ചിന്തകളും ഉണ്ടാക്കിയെടുക്കേണ്ട ഉപകരണങ്ങളായിത്തീരണം ചരിത്രപാഠപുസ്തകങ്ങൾ.


എന്ത്? എങ്ങനെ വിദ്യാർഥി പഠിക്കുന്നു?


ഒരു പഠിതാവിന്റെ അടിസ്ഥാന ആധാരം ഒരു പാഠപുസ്തകം തന്നെയാണ്. ഇതിന്റെ ഗുണമേന്മയുടെ അടിസ്ഥാനത്തിലാണ് ഒരു പഠിതാവ് തുടർവായനകളും, തുടർചിന്തയും, സാധ്യമാക്കുന്നത്. നിരന്തരം വന്നുകൊണ്ടിരിക്കുന്ന പരീക്ഷകളും മറ്റ് അസൈൻമെന്റുകളും സാധാരണയായി ഈ പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. ഇതിനായുള്ള തയാറെടുപ്പുകളിൽ (അതു കാണാതെയുള്ള പഠനമായാൽക്കൂടി) പഠിതാവ് തന്റെ പാഠപുസ്തക ആശയങ്ങളെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. വീണ്ടും വീണ്ടും വായിക്കുകയും ഓർത്തെടുക്കുകയും ചെയ്യുന്ന ചരിത്രഭാഗങ്ങൾ വാസ്തവ വിരുദ്ധമാണെങ്കിൽക്കൂടി അത് സത്യചരിത്രമായി മാറുന്ന അവസ്ഥയാണിവിടെ ഉണ്ടാകുന്നത്. അവാസ്തവമായ ചരിത്രത്തെ പാഠഭാഗമാക്കി വാസ്തവീകരിച്ച് ചരിത്രമാക്കി മാറ്റുന്നത് ഇന്ത്യയുടെ സാമൂഹിക ഓര്‍മയെ കളങ്കപ്പെടുത്തുകയും, പൗരന്മാർക്കിടയിൽ മത /ജാതി സ്പർധയും വിദ്വേഷവും ജനിപ്പിക്കുകയും ചെയ്യുന്നു. ഇതു പിന്നീട് സാമൂഹിക ഓര്‍മയായി പരിണമിക്കുകയും ദേശത്തെ വീണ്ടും ഭിന്നിപ്പിച്ച് ഭരിച്ചിരുന്ന പഴയ കൊളോണിയൽ ത്രികോണ ചരിത്ര സംസ്കാരത്തിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുന്നു. ഫലത്തിൽ 2023-ൽ പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ സാമ്രാജ്യത്വ ചരിത്രം വീണ്ടും പുതിയ വര്‍ഗീയ പരിവേഷത്തിൽ അവതരിക്കപ്പെടുകയും, ഭാവിയിലെ സാമൂഹിക ഓര്‍മയായി മാറുകയും ചെയ്യുന്നു. വിദ്യാർഥിയുടെ ഒരോ പരീക്ഷയും, അസൈൻമെന്റും, സെമിനാറുകളും ഇതിലേക്കുള്ള പടിയായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണാൻ പോവുന്നത്.


പാഠപുസ്തകത്തെ അധികരിച്ച് വരുന്ന പരീക്ഷയിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്ന വിദ്യാർഥി, ഇന്ത്യാചരിത്രത്തെ ഒന്നുകൂടി മനസ്സിൽ ഉറപ്പിക്കുകയാണ്. ഇത് വെറും സാങ്കേതികമായ കാര്യമല്ല. അവർ നേടുന്ന ഗ്രേഡുകൾക്കൊപ്പം പരീക്ഷാപഠനം ഒറ്റയായും കൂട്ടായും നടത്തുമ്പോൾ, കൂട്ടായ ഓര്‍മവത്കരണമാണ് ഇവിടെ സംഭവിക്കുന്നത്. ഇന്ത്യയുടെ മധ്യകാലഘട്ടത്തിലെ നിർണായക വഴിത്തിരിവായ, ഘടനാപരമായ രൂപാന്തരീകരണം സാമൂഹിക/സാംസ്കാരിക/സാമ്പത്തിക മേഖലകളിൽ വരുത്തിയ മുഗൾ രാജവംശത്തിന്റെ രാഷ്ട്രീയചരിത്രം പാഠപുസ്തകങ്ങളിൽ ഇല്ലാതാക്കുമ്പോൾ സംഭവിക്കുന്നത് പ്രസ്തുത മാറ്റങ്ങൾക്ക് കാരണഭൂതരായവരുടെ ഒറ്റയടിക്കുള്ള പുറംതള്ളലാണ്. പാഠപുസ്തകങ്ങളിൽനിന്നുള്ള പുറംതള്ളൽ ഒരുതരം സാമൂഹിക മറവി (social amnesia)യെ ആണ് ഉണ്ടാക്കിയെടുക്കുന്നത്. ഇത് ചരിത്രമല്ല, മറിച്ച് ചരിത്രസത്യങ്ങളുടെ നിരാകരിക്കലും അതുണ്ടാക്കുന്ന ചരിത്രപരമായ നീതികേടുമാണ്. ബഹുസ്വരതയിലും വൈവിധ്യങ്ങളിലും അടിസ്ഥാനപ്പെട്ട ഇന്ത്യയിലെ സാമൂഹിക ജീവിതക്രമത്തെ അട്ടിമറിക്കുകയെന്നതായിരിക്കരുത് എൻ.സി.ഇ.ആർ.ടിയുടെ ‘റാഷനലൈസേഷൻ’ എന്ന അജണ്ടയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന പ്രേരകശക്തി. മുഗളന്മാരുടെ രാജസദസ്സുകളും, അന്തഃപുരങ്ങളും നല്കുന്ന അധികാര/സാംസ്കാരിക ചരിത്രങ്ങൾ ആ കാലഘട്ടത്തിന്റെ ഇന്ത്യയെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു കാലഘട്ടത്തെ മറയ്ക്കുമ്പോൾ ഒരർഥത്തിൽ മറഞ്ഞുപോകുന്നത് ഇന്ത്യ തന്നെയാണെന്ന് എൻ.സി.ഇ.ആർ.ടി നിയോഗിച്ച ചരിത്രകാരന്മാർ അറിയാതെ പോയത് ഇന്ത്യാചരിത്രത്തിൽ അവർക്ക് വലിയ വിവരമൊന്നുമില്ല എന്ന സൂചന കൃത്യമായി നല്കുന്നുണ്ട്.


ഇവിടെയും തീരുന്നതല്ല പാഠപുസ്തകങ്ങളുടെ സാമൂഹികപ്രസക്തി. ഒരു കുടുംബത്തിൽ ചരിത്രപാഠപുസ്തകങ്ങൾ പലവിധ ചർച്ചകൾക്കും, ചിന്തകൾക്കും പാത്രീഭവിക്കാറുണ്ട്. ഇത് കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കൾ, ഇതിൽനിന്നു കേട്ടു പഠിക്കുന്ന നിരക്ഷരരായ രക്ഷിതാക്കൾ, കുടുംബത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് പഠനം ഒഴിവാക്കിയവർ, മറ്റു കാരണങ്ങളാൽ പഠിക്കാൻ അവസരം ലഭിക്കാത്തവർ, എന്നിവർക്കെല്ലാം ഇന്ത്യാചരിത്രത്തെ മനസ്സിലാക്കുവാനുള്ള അവസരങ്ങളാണ് ഇവിടെ ലഭിക്കുന്നത്. അതിനർഥം, വിദ്യാർഥികളുടെ മനസ്സിൽ മാത്രമല്ല, മറ്റു സാധാരണക്കാരായ പൗരന്മാരിലും പാഠപുസ്തകചരിത്രങ്ങൾ എത്തപ്പെടുന്നു എന്നതാണ്. നിരാകരിക്കപ്പെടുന്ന ചരിത്രങ്ങൾ ഇങ്ങനെ വലിയൊരു സമൂഹത്തിനു കൂടിയാണ് നഷ്ടമാകുന്നത്. ഇങ്ങനെ പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്ന ഇന്ത്യാചരിത്രം വര്‍ഗീയതയും, സാമൂഹികവിദ്വേഷവും തുടർച്ചയായി സൃഷ്ടിക്കുമ്പോൾ, വർത്തമാനത്തിലെ പ്രശ്നങ്ങൾക്കൊപ്പം ഭാവിയിലേക്കും അവ പ്രസരിപ്പിക്കപ്പെടും. ഒരു നോട്ടത്തിൽ വർത്തമാനത്തെയും ഭാവിയേയും ഒരേപോലെ വര്‍ഗീയവത്കരിക്കുന്ന പാഠ്യപദ്ധതിയാണ് ലക്ഷ്യം.


പ്രതിരോധത്തിലൂടെ വീണ്ടെടുക്കേണ്ട ചരിത്രം


ദേശരാഷ്ട്രത്തിന്റെ നിലനില്പിനാധാരമായ ചരിത്ര(സാമൂഹ്യ ശാസ്ത്ര) പാഠപുസ്തകങ്ങളെ തീർത്തും വര്‍ഗീയ രാഷ്ട്രീയ ഉപാധികളാക്കി മാറ്റുന്ന പ്രവണതയെ ചെറുക്കേണ്ടത് അക്കാദമികമായ കാര്യം മാത്രമല്ല, മറിച്ച് സാമൂഹികഭദ്രതയ്ക്കും കെട്ടുറപ്പിനും അവശ്യമായ നിലപാടു സ്വീകരിക്കൽ കൂടിയാണ്. ചരിത്രമെന്ന വിഷയത്തിന്റെ പരമോന്നത ലക്ഷ്യങ്ങളിലൊന്ന് സാമൂഹികമായി സമാധാനവും, ഉൾക്കൊള്ളൽ മനോഭാവവും പുരോഗമനപരമായ മനുഷ്യത്വവത്കരണത്തിലൂടെ സാധ്യമാക്കുക എന്നതാണ്. ഇതിന്റെ തുടക്കം സംഭവിക്കേണ്ടത് ചരിത്രപാഠപുസ്തകങ്ങളുടെ നിര്‍മിതിയിലൂടെയും, ശാസ്ത്രീയവും ഗുണമേന്മയുള്ളതായ അധ്യാപന രീതിശാസ്ത്ര സമീപനങ്ങളിലൂടെയും ആയിരിക്കണം. ഇതിനു രണ്ടിനും വേണ്ടത് വ്യത്യസ്ത ചരിത്രമേഖലകളിൽ മികവു തെളിയിച്ച ചരിത്രകാരന്മാരുടെയും, അവർ നിര്‍മിക്കുന്ന പാഠപുസ്തകങ്ങളെ കൃത്യമായ രീതിയിൽ അവതരിപ്പിക്കുന്ന അധ്യാപകരുടെയും കൂട്ടായശ്രമം തന്നെയാണ്. നല്ല പാഠ്യപദ്ധതികൾ പരാജയപ്പെടുന്നത് വൈദഗ്ധ്യവും കാര്യശേഷിയില്ലാത്തതുമായ അധ്യാപകരുടെ കൈകളിൽ അവ എത്തുമ്പോഴാണ്. തുടർവായനകളും, ഗവേഷണ അഭിരുചിയും കുട്ടികളിൽ വളർത്തിയെടുക്കേണ്ടവർതന്നെ അവ മുളയിലേ നുളളിക്കളഞ്ഞാൽ സംഭവിക്കുന്നത്, തികച്ചും യാന്ത്രികമായ ചരിത്രപഠനമായിരിക്കും.


ചരിത്രപാഠപുസ്തകങ്ങളിൽ കുടമാറ്റം?


ചരിത്ര പാഠ്യപദ്ധതികളുടെ ക്രിയാത്മകവും, ഉൾക്കൊള്ളൽ സമീപനരീതികളിലും കൂടിയുള്ള ചുവടുമാറ്റങ്ങളും, പരിഷ്ക്കരണങ്ങളും മുമ്പു പറഞ്ഞ സാമൂഹിക ഓര്‍മയെ പുനർനിര്‍മിക്കുന്നതിന് അനിവാര്യമാണ്. മറ്റേതൊരു സാമൂഹികശാസ്ത്ര വിഷയത്തെക്കാളും, ചിലപ്പോൾ ശാസ്ത്ര വിഷയങ്ങളെക്കാളും മാറ്റങ്ങൾ, വിഷയമേഖലാപരമായും, രീതിശാസ്ത്രപരമായും സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ചരിത്രം. സങ്കീർണമായ മാനവചരിത്രത്തിന്റെ ഉള്ളറകളെ തുറന്ന് ഇന്ത്യയുടെ ചരിത്രത്തെ വൈവിധ്യവത്കരിക്കുകയും, ശക്തീകരിക്കുകയും ചെയ്യേണ്ടത് ചരിത്രകാരന്മാരുടെയും, പാഠ്യപദ്ധതികൾക്ക് രൂപംകൊടുക്കുന്നവരുടേയും ഉത്തരവാദിത്വമാണ്. ഇതിലൂടെ സംജാതമാകുന്ന പാഠപുസ്തകവിശകലനങ്ങളും, തുടർചർച്ചകളും ഇന്ത്യാചരിത്രത്തിന്റെ കാണാപ്പുറങ്ങൾ തേടിയുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് വഴി ഒരുക്കും. പാരിസ്ഥിതികചരിത്രം, വികാരവിചാര ചരിത്രങ്ങൾ, സ്ത്രീചരിത്രം, സാങ്കേതിക സംവിധാനങ്ങളുടെ ചരിത്രം, വാമൊഴിചരിത്രം, കുടിയേറ്റചരിത്രം, സിനിമാചരിത്രം എന്നീ നവീന ചരിത്രമേഖലകളെ പരിചയപ്പെടുത്തുന്ന സിലബസ്സുകൾതന്നെയാണ് മേൽപ്പറഞ്ഞ കുടമാറ്റ പ്രക്രിയയ്ക്ക് വഴി ഒരുക്കേണ്ടത്.


ഇന്ത്യയിലെ കാലാവസ്ഥാവ്യതിയാനങ്ങൾ പഠിക്കുന്ന വിദ്യാർഥി, അടിസ്ഥാനപരമായി കാർഷിക/ കർഷക ചരിത്രത്തിലേക്കു തന്നെയാണ് ഊളിയിട്ടിറങ്ങുന്നത്. തങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് ചരിത്രപരമായി കിട്ടുന്ന അറിവുകൾ, അവരെ പ്രാദേശികമായ പാരിസ്ഥിതിക പ്രശ്നങ്ങളെ ആഗോള പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് പഠിക്കുവാൻ പ്രചോദിപ്പിക്കുകയും, ചരിത്രമെന്ന വിഷയത്തിന്റെ ഊർജം അനുഭവിച്ചറിയുവാൻ സാധ്യമാക്കുകയും ചെയ്യുന്നു. GIS സാങ്കേതിക സഹായത്തോടുകൂടി തന്റെ പ്രദേശത്തിന്റെ പാരിസ്ഥിതിക മാറ്റങ്ങൾ അടയാളപ്പെടുത്തുന്ന വിദ്യാർഥി, പ്രദേശത്തെ കർഷകരുടെയും കർഷകതൊഴിലാളികളുടെയും ഇടയില്‍നിന്ന് വിവരങ്ങൾ ശേഖരിക്കുകയും, അവരുടെ ജീവലോകവുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. രോഗവ്യാപനത്തെക്കുറിച്ച് പഠിക്കുന്ന വിദ്യാർഥി, സാമൂഹിക പേടിയുടെ ചരിത്രംകൂടി അനാവരണം ചെയ്യുന്നു. ഇത്തരം വിഷയങ്ങളടങ്ങുന്ന ചരിത്രപാഠപുസ്തകങ്ങൾ, വെറും വര്‍ഗീയ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ചരിത്രങ്ങളിൽനിന്ന് വിടുതൽ നല്കുകയും ചെയ്യുന്നു. മനുഷ്യർ തങ്ങളുടെ ജീവലോകത്ത് മുന്നേറിയത് മതങ്ങളെ പുണർന്നല്ല, പരസ്പര സാഹോദര്യത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളിലൂടെയാണെന്ന തിരിച്ചറിവ് നല്കുന്ന ചരിത്രപാഠപുസ്തകങ്ങൾ, ഇന്ത്യയുടെ നിലനില്പിനാവശ്യമായ ചരിത്രശാസ്ത്രത്തെയാണ് നിര്‍മിക്കുന്നത്. ഇത് ദേശരാഷ്ട്ര സുരക്ഷയ്ക്കും സാമൂഹികഭദ്രതയ്ക്കും വഴിയൊരുക്കുന്ന ദീപസ്തംഭങ്ങളായി ചരിത്രപാഠപുസ്തകങ്ങള മാറ്റുമെന്നത് അവിതർക്കിതമാണ്. നാനോടെക്നോളജിക്കും, ഡേറ്റാസയൻസുകൾക്കുമപ്പുറമുള്ള സാമൂഹികലോകത്തെ പ്രതിഫലിപ്പിക്കുന്ന ചരിത്രപാഠപുസ്തകങ്ങൾ കെട്ടുകഥാ ചരിത്രങ്ങളെ പുറംതള്ളി, മനുഷ്യന്റെയും അവൻ അധിവസിക്കുന്ന ഭൂമിയുടെയും ചരിത്രമായിരിക്കും ഇതൾ വിടർത്തുക.


പ്രതിരോധചരിത്രത്തെ സങ്കേതികസംവിധാനങ്ങളുടെ സഹായത്താൽ അനവധി ലോകങ്ങളിലെത്തിക്കാമെന്നതാണ് മറ്റൊരു വസ്തുത. ദ്രാവക ആധുനിക(liquid modernity) കാലത്ത് ജീവിക്കുന്ന മനുഷ്യർ, വായിക്കുന്നതിലും കൂടുതൽ കാണുവാൻ ഇഷ്ടപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത. ചരിത്രം വരയ്ക്കപ്പെടേണ്ടതും, ചലിക്കേണ്ടതുമായ പാഠഭാഗങ്ങളെക്കൂടി സൃഷ്ടിക്കേണ്ടതുണ്ട്. വര്‍ഗീയ പ്രചാരണചരിത്രങ്ങൾ കോർപ്പറേറ്റ് സിനിമാനിർമാണ കമ്പനികളിലൂടെ കുട്ടികളുടെ മനസ്സിലേക്കെത്തുമ്പോൾ, പാഠവത്കരിക്കപ്പെടുന്ന അപകടകരമായ ചരിത്രത്തിന്റെ വിസ്മയകരമായ ഊട്ടിയുറപ്പിക്കലാണ് സംഭവിക്കുന്നത്. ഇതിനെ ചെറുക്കാത്ത പാഠപുസ്തകങ്ങൾ വെറും മൂകസാക്ഷിയായി മാറും. ഗൗരവമേറിയ ഡോക്കുമെന്ററികളിലൂടെയും, ചരിത്രസിനിമകളിലൂടെയും (വസ്തുനിഷ്ഠമായ), പെയിന്റിംഗുകളിലൂടെയും കുട്ടികൾ മനസ്സിലാക്കട്ടെ ഇന്ത്യയുടെ വൈവിധ്യങ്ങളുടെ സാമൂഹികചരിത്രം. കുറേക്കൂടി ഉയർന്നനിലയിലുള്ള പാഠ്യപദ്ധതികളും, പാഠപുസ്തകങ്ങളും, ചരിത്രതെളിവു സാമഗ്രികളുടെ ബലത്താൽ ഡോക്കുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമിക്കുന്ന വിദ്യാർഥിസമൂഹത്തെ സൃഷ്ടിക്കട്ടെ. അങ്ങനെ പ്രതിരോധ ശാസ്ത്രീയചരിത്രത്തിന്റെ ആധാരശിലകളായി പാഠപുസ്തകങ്ങൾ മാറുകയും, ശക്തമായ സാമൂഹികബോധവും, ഭരണഘടനാ യുക്തിയും സ്വന്തമാക്കിയ ഒരു പൗരസമൂഹത്തിന്റെ നിർമാണം ഇന്ത്യാ മഹാരാജ്യത്ത് സാധ്യമാകുമ്പോളാണ്, ക്ലാസ്സ്‌മുറികൾതന്നെ ദേശരാഷ്ട്രത്തിന്റെ സൂക്ഷ്മശരീരമായി (microcosm) മാറുന്നത്.


കോവിഡും അചരിത്രവത്കരണവും


ചരിത്രകാരന്മാർക്കും ഗവേഷകർക്കും അനുഭവചരിത്രത്തിന്റെ അനന്യസാധ്യതകൾ തുറന്നുതന്ന ലോകമാണ് കോവിഡ് കാലഘട്ടം (ചരിത്രത്തെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നവർക്കെന്ന് സൂചിപ്പിക്കട്ടെ). ചരിത്രരേഖകളിലും, ഗ്രന്ഥങ്ങളിലും വായിച്ചിരുന്ന മഹാമാരി കാലഘട്ടത്തിന്റെ നേർക്കാഴ്ച തുറന്ന ലോകം. പ്ലേഗും, മലേറിയയും, സ്പാനിഷ് ഫ്ളൂവുമൊക്കെ ആർക്കൈവുകളിൽ നിന്നിറങ്ങി ചരിത്രകാരന്റെ വർത്തമാനലോകത്തെത്തിയ സ്ഥിതിവിശേഷം. ഒരു കാലഘട്ടത്തിന്റെ അതിജീവനചരിത്രം വർത്തമാനത്തിനു പ്രചോദനമായപ്പോൾ, മഹാമാരിയുടെ വേദനയും, ഉത്കണ്ഠയും, ഭയവുമൊക്കെ ചരിത്രപാഠപുസ്തകങ്ങളിൽ പുനർജനിക്കേണ്ട ചരിത്രസന്ദർഭം. അതൊന്നുമുണ്ടായില്ല എന്നു മാത്രമല്ല, എൻ.സി.ഇ.ആർ.ടി.യുടെ റാഷനലൈസേഷൻ തിയറി ഇന്ത്യാചരിത്രത്തിലെ ചില ഭാഗങ്ങൾ കീറിയെടുത്തുകൊണ്ട് ചരിത്രത്തെ ഇല്ലാതാക്കാനാണ് ശ്രമംനടത്തിയത്.  കുട്ടികൾക്ക് കോവിഡ്കാലത്ത് പഠനഭാരം കുറയ്ക്കാനുള്ളതാണെന്ന കോമഡി വാദവും റാഷനലൈസ് ചെയ്യപ്പെട്ടു. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഇതു ചരിത്രത്തിന്റെ തിരുത്തി എഴുത്തല്ല, നിരാകരിക്കലാണ്. ഒരു തരത്തിലുള്ള മന്ത്രവാദികളുടെ ആബ്രകാഡാബ്രാ. ചരിത്രത്തിന്റെ തിരുത്തി എഴുത്തിന് സമയം ധാരാളം എടുക്കുമെന്നതിനാലും, ശാസ്ത്രീയ ചരിത്രരചന നടത്തിയ റോമീളാ ഥാപ്പർ, ഇർഫാൻ ഹബീബ്, സതീഷ് ചന്ദ്ര, ബിപിൻ ചന്ദ്ര എന്നീ പ്രഗത്ഭ ചരിത്രകാരന്മാരുടെ, പ്രാഥമിക സ്രോതസുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രത്തെ ഖണ്ഡിക്കുവാനുള്ള വിഷയവൈദഗ്ധ്യം ആബ്രകാഡാബ്രായിലൂടെ നടക്കാത്തതിനാലും തിരുത്തലിനു പകരം തുരത്തലാണു നല്ലതെന്ന നിഗമനത്തിലാണവർ എത്തിയത്‌. മേൽപ്പറഞ്ഞ ചരിത്രപണ്ഡിതരുടെ ഗ്രന്ഥങ്ങൾ എല്ലാക്കാലവും നിലനില്ക്കുമെങ്കിലും, ഈ തുരത്തൽപ്രകിയ പാഠപുസ്തകംവഴി ഇല്ലാതാക്കുന്നത് ഒരു കാലഘട്ടവും അതിലെ ഇന്ത്യാക്കാരെയുമാണ്. ഒന്നു കടന്നുചിന്തിച്ചാൽ ഇന്ത്യയുടെ സാമൂഹിക ഓര്‍മയുടെ തകർച്ച കൂടിയാണ് അനുബന്ധമായി ഉണ്ടാകുന്നത്. ഇന്ത്യയുടെ മനസ്സിനെ പുനർസൃഷ്ടിക്കുവാനുള്ള ചരിത്രപാഠപുസ്തകങ്ങളാണ് വർത്തമാനത്തിന്റെയും ഭാവിയുടെയും ചരിത്രദൗത്യം.


വാലറ്റം


1956-ൽ നിന്നു 2023-ൽ എത്തിയപ്പോൾ റോമീളാ ഥാപ്പർ അഭിപ്രായപ്പെടുന്നത് ഇന്ത്യാചരിത്രം ഇനി വിദേശരാജ്യങ്ങളിൽ പഠിക്കേണ്ടിവരുമെന്നാണ്.