കർണാടകം നമ്മളോട്‌ പറയാൻ ശ്രമിക്കുന്നത്‌ – എം. വി. ബെന്നി

കർണാടകം നമ്മളോട്‌ പറയാൻ ശ്രമിക്കുന്നത്‌  – എം. വി. ബെന്നി

വലത്തോട്ട്‌ പോകുന്ന വണ്ടിയുടെ ഇടത്തേസീറ്റിൽ ഇരിക്കുന്ന യാത്രക്കാരെ പോലെയാണ് നാം മലയാളികൾ. നമ്മൾ ഇരിക്കുന്നത്‌ വണ്ടിയുടെ ഇടത്തേസീറ്റിൽ ആണെങ്കിലും വണ്ടി പോകുന്നത്‌ വലത്തോട്ടാണ്‌. രാജ്യവും ലോകവും വലത്തോട്ട്‌ പോകാൻ ആഗ്രഹിക്കുമ്പോഴും നമ്മൾ ഇടത്തേസീറ്റിൽ തന്നെ ഇരിപ്പുറപ്പിക്കുന്നു. പാർട്ടി ഏതായാലും കേരളത്തിൽ എല്ലാവരും ഇടതുപക്ഷമാണ്‌. അല്ലെങ്കിൽ, ചിന്തയിലെങ്കിലും എല്ലാവരും ഇടതുപക്ഷമാകാൻ ആഗ്രഹിക്കുന്നു. ആ അവസ്ഥയ്ക്ക്‌ ഇപ്പോഴും കാര്യമായ മാറ്റം ഇല്ലാത്തതുകൊണ്ട്‌, കർണാടക രാഷ്ട്രീയം പറയുമ്പോഴും ചില ആശയക്കുഴപ്പങ്ങൾ നമുക്ക്‌ ഉണ്ടാകുന്നത്‌ സ്വാഭാവികം.


ഒന്നാമത്തെ കാര്യം, കർണാടകം നമ്മളെപോലെ ഇടത്തേസീറ്റിൽ തുടരാൻ ആഗ്രഹിക്കുന്നവരുടെ വണ്ടിയല്ല എന്നതാണ്‌. കോണ്‍ഗ്രസ്‌ പ്രധാനമന്ത്രി നരസിംഹ റാവു മുതൽ ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോഡി വരെ, ഇന്ത്യയെ വലതുവശം ചേര്‍ത്ത്‌ ഓടിക്കാൻ തീരുമാനിച്ച എല്ലാ പ്രധാനമന്ത്രിമാരും ചെയ്തതുപോലെ, കർണാടകവും ഇടതുവശം ചേരാതെ ഈ തിരഞ്ഞെടുപ്പിലും തുടരുന്നു എന്നതാണ്‌ മലയാളികൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം. കേരളത്തിലെ ഭരണകക്ഷിയായ സി.പി.എം. കർണാടകത്തിൽ നാലു സീറ്റിൽ മത്സരിച്ചെങ്കിലും മൂന്നിലും അവരുടെ മത്സരം നോട്ടയോട്‌ ആയിരുന്നു! സാധ്യത പ്രതീക്ഷിച്ചിരുന്ന മറ്റൊരു സീറ്റിലും പ്രതീക്ഷിച്ചതുപോലെ വിജയം നേടാൻ അവര്‍ക്ക്‌ കഴിഞ്ഞില്ല. സി.പി.എമ്മിന്‌ ഭേദപ്പെട്ട വോട്ടുകൾ ഉണ്ടായിരുന്ന ആ മണ്ഡലത്തിൽ, മറ്റൊരു പ്രമുഖ പാര്‍ട്ടിയായ ജെ.ഡി.എസുമായി ചേര്‍ന്ന്‌ മത്സരിച്ചെങ്കിലും, അവിടേയും വിജയംനേടാൻ ഇടതുപക്ഷത്തിന്‌ കഴിഞ്ഞില്ല. എന്നല്ല, അവര്‍ക്ക്‌ വോട്ടുകൾ കുറയുകയും ചെയ്തു. മാധ്യമങ്ങൾ ആഘോഷിക്കുന്നതുപോലെ ഇതൊന്നും ആരുടെയെങ്കിലും വ്യക്തിപരമായ തകരാറുകളുടെ പ്രശ്നം മാത്രമായി പരിമിതപ്പെടുത്തി കാണേണ്ട കാര്യങ്ങളുമല്ല. അതിലുപരി, മാറുന്ന രാഷ്ട്രീയസാഹചര്യത്തിൽ ലോകമെമ്പാടും ഇടതുപക്ഷം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുടെ ആഴം കർണാടക തിരഞ്ഞെടുപ്പും വ്യക്തമാക്കുന്നുണ്ട്‌. ഒരു ചെറിയ തിരനോട്ടം ആ വഴിക്കും വേണമെന്ന്‌ തോന്നുന്നു.


നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്രു മുതൽ നരസിംഹ റാവുവിന്‌ തൊട്ടുമുമ്പുവരെയുള്ള എല്ലാ ഇന്ത്യൻ പ്രധാനമന്ത്രിമാരും പരിമിതമായ തോതിലെങ്കിലും ഇന്ത്യയിൽ ഇടതുപക്ഷ സാമ്പത്തികനയങ്ങളെ അനുഭാവത്തോടെ പരിഗണിച്ചിരുന്നു. അവര്‍ക്ക്‌ പിന്തുണ നല്കാൻ പഴയ കമ്മ്യൂണിസ്റ്റ്‌ റഷ്യയും ഉണ്ടായിരുന്നു. എങ്കിലും സോവിയറ്റ്‌ യൂണിയന്റെ പതനത്തോടെ ചിത്രം പരിപൂർണമായും മാറാൻ തുടങ്ങി. റഷ്യയിൽ മാത്രമല്ല, ലോകമെമ്പാടും അതിന്റെ അലയൊലികൾ ഉയര്‍ന്നു. സ്വന്തം ദേശീയ താത്പര്യങ്ങള്‍ക്കുമപ്പുറം ചിന്തിക്കാൻ താത്പര്യമില്ലാത്ത ചൈനയും കൊറിയയും കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളായി പരിഗണിക്കുന്നവർ ഇപ്പോഴും ഉണ്ടാകാം. പക്ഷേ, ചൈനയുടെ സങ്കുചിതമായ ദേശീയ താത്പര്യങ്ങളും മരണംവരെ പ്രസിഡന്റിനെ വാഴിച്ച അവരുടെ പുതിയ രീതികളും, പാരമ്പര്യവഴിക്ക്‌ അധികാരത്തിൽ തുടരുന്ന കൊറിയൻരീതിയും ഇക്കാലത്തെ നല്ല സെൻ ഫലിതങ്ങൾ മാത്രമാണ്‌. ഇതൊന്നും ഒരു വിഭാഗത്തില്‍പ്പെട്ട മനുഷ്യരെയും പ്രചോദിപ്പിക്കുന്ന കാര്യങ്ങളല്ല. കേരളംപോലെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകളല്ല ചൈനയിലും കൊറിയയിലും എന്നതും വാസ്തവം. എന്നിട്ടും കേരളത്തിനുപോലും തൊട്ടപ്പുറത്തെ കര്‍ണാടക തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനംചെലുത്താൻ കഴിഞ്ഞില്ലെന്ന്‌ ഫലം വ്യക്തമാക്കുന്നു.


ഇക്കാലത്ത്‌ ഒരു ആഗോളബുദ്ധിജിവിയായി പരക്കെ അംഗീകരിക്കപ്പെട്ട്‌, നമ്മുടെ ചിന്തയെ സ്വാധീനിക്കുന്ന ജൂത സോഷ്യലിസ്റ്റാണ്‌ യുവാൽ നോഹ ഹരാരി. ലോകം ഇപ്പോൾ ചരിത്രത്തിന്റെ മറ്റൊരു ഘട്ടത്തിൽ എത്തിനില്ക്കുന്നതെന്ന്‌ ഹരാരി വ്യക്തമാക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോളരാഷ്ട്രീയം നിര്‍ണയിച്ചിരുന്നത്‌ പ്രധാനമായും മുന്ന്‌ രാഷ്ട്രീയ ചിന്താധാരകൾ ആയിരുന്നു. ഫാസിസം, മാര്‍ക്സിസം, ക്യാപ്പറ്റലിസം എന്നിങ്ങനെ മൂന്ന്‌ ചിന്താസരണികൾ. ഈ മൂന്ന്‌ ആശയസംഹിതകളെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ആഗോള രാഷ്ട്രീയസംഘര്‍ഷങ്ങൾ മുഴുവനും. അസ്തമിച്ച ആ പഴയലോകവും കാലവും പുതിയതലമുറ അനുഭവിച്ചിട്ടുണ്ടാകില്ലെങ്കിലും പഴയതലമുറയ്ക്ക്‌ അതൊന്നും അത്രയെളുപ്പത്തിൽ മറക്കാൻ കഴിയില്ല. എങ്കിലും രണ്ടാം ലോകമഹായുദ്ധത്തോടെ ഫാസിസവും, 91-ലെ റഷ്യയുടെ പതനത്തോടെ മാര്‍ക്‌സിസവും, ആഗോളാടിസ്ഥാനത്തിൽ അപ്രസക്തമായി എന്നാണ്‌ ഹരാരിയുടെ മതം. ആ കാഴ്ചപ്പാട്‌ പിന്‍പറ്റുന്ന ഒരുപാട്‌ ബുദ്ധിജീവികൾ ലോകത്ത്‌ വേറെയുമുണ്ട്‌. ഫാസിസത്തിന്റെയും മാര്‍ക്സിസത്തിന്റെയും ആഗോള പ്രഹരശേഷി പരിപൂര്‍ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു എന്നാണ്‌ അവർ ഇതുകൊണ്ട്‌ അർഥമാക്കുന്നത്‌. അനുനിമിഷം നവീകരിക്കപ്പെടുന്ന മുതലാളിത്തം ഒരുഭാഗത്തും ഒട്ടും നവീകരിക്കപ്പെടാതെ മാർക്സിസം മറുഭാഗത്തുമായി ഇപ്പോഴും യാത്ര തുടരുന്നുണ്ട്‌. പക്ഷേ, ലോകം എപ്പോഴും നവീകരിക്കപ്പെട്ട ആശയങ്ങളുടെ കൂടെയാണ്. മാര്‍ക്സിന്റെ ചിന്ത ലെനിൻ നവീകരിച്ചപ്പോഴാണ്‌ റഷ്യയിൽ വിപ്ലവം ഉണ്ടായത്‌. പഴയ മുതലാളിത്തം സാമ്രാജ്യത്വമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌ ലെനിൻ വിശദീകരിച്ചത്‌. അത്തരം നവീകരണങ്ങൾ പിന്നീട്‌ മാര്‍ക്‌സിസത്തിലും ആവര്‍ത്തിക്കുന്നില്ല. സ്വാഭാവികമായും നവീകരിക്കപ്പെടാത്ത ആശയങ്ങൾ സാവകാശത്തിൽ ചരിത്രത്തിലേക്ക്‌ പിന്‍വാങ്ങും. മാര്‍ക്സിസം നവീകരിക്കപ്പെടാതിരിക്കുകയും, മുതലാളിത്തം സാമൂഹികപഠനങ്ങളുടേയും ശാസ്ത്ര-സാങ്കേതികവിദ്യകളുടെയും സഹായത്തോടെ സ്വയം നവീകരിക്കപ്പെടുകയും ചെയ്യുന്ന കാലമാണ്‌ ഇപ്പോൾ. അതുകൊണ്ടാണ്‌ നമ്മുടെ കുട്ടികളും ജീവിതംതേടി പടിഞ്ഞാറോട്ട്‌ കുതിക്കുന്നത്‌.


ഏത്‌ പേരിൽ വിളിച്ചാലും, മുതലാളിത്തത്തിന്റെ തേരോട്ടമാണ്‌ ഇക്കാലത്തെ ആഗോളയാഥാര്‍ത്ഥ്യം. മാര്‍ക്സ്‌ വിശദീകരിച്ച പഴയ കഴുത്തറുപ്പൻ മുതലാളിത്തം ഇപ്പോൾ ചായംപൂശി മുഖംമിനുക്കിയിട്ടുണ്ട്‌. മുതലാളിത്തത്തിന്റെ മടകളിൽ പണിയെടുക്കാൻ കമ്മ്യൂണിസ്റ്റുകാരുടെ മക്കളും തികഞ്ഞ സന്തോഷത്തോടെയാണ് പോകുന്നത്‌. എങ്കിലും കാര്യങ്ങൾ ഭാവിയിൽ എങ്ങനെ വേണമെങ്കിലും മാറാം. അതു ശോഭനമാകുമോ വിനാശകരമാകുമോ എന്നതിനെ ആശ്രയിച്ചാണ്‌ ഭാവിയിലെ ആഗോളരാഷ്ട്രീയം.


ആഗോള ധനരാഷ്ട്രീയത്തിന്റെ കൂറ്റൻ കണ്‍വെയർബെല്‍റ്റിൽ കണ്ണിചേര്‍ക്കപ്പെട്ട കര്‍ണാടകം ഈ തിരഞ്ഞെടുപ്പോടെ അതിൽനിന്ന്‌ പുറത്തുകടക്കുമെന്ന്‌ ആരും കരുതുന്നില്ല. അതുകൊണ്ടാണ്‌ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്‌ വിജയം മറ്റുപല കാരണങ്ങള്‍കൊണ്ടും പ്രസക്തമാണെങ്കിലും വരുന്ന പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിൽ രാജ്യംമുഴുവൻ ആ വിജയം ആവര്‍ത്തിക്കുമെന്ന്‌ പറയാൻ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌ ധൈര്യം വരാത്തത്‌.


ആഗോള ധനരാഷ്ട്രീയത്തിന്റെ കണ്‍വെയർ ബെൽറ്റിൽ അസംഖ്യം കാര്യങ്ങൾ വിളക്കിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അതിൽ മതങ്ങളുടെ പങ്ക്‌ ഒട്ടും ചെറുതല്ല. മതങ്ങൾ മുന്നോട്ട്‌ വയ്ക്കുന്ന ആത്മീയാന്വേഷണങ്ങളെയോ മോക്ഷമാർഗങ്ങളെയോ അല്ല ഞാൻ ഉദ്ദേശിക്കുന്നത്‌. അത്തരം കാര്യങ്ങൾ വിശദീകരിക്കാൻ കഴിവുള്ള ആളുമല്ല ഞാൻ. എന്റെ അന്വേഷണവിഷയം അവരുടെ ധനകാര്യ നിലപാടുകൾ മാത്രമാണ്‌. ഏതൊക്കെ മതങ്ങൾ ഇടതുപക്ഷത്ത്‌ നില്ക്കുന്നു, ഏതൊക്കെ മതങ്ങൾ വലതുപക്ഷത്ത്‌ നില്ക്കുന്നു എന്നൊക്കെ ആലോചിച്ചാൽ ആഗോള ധനരാഷ്ട്രീയം എല്ലാവര്‍ക്കും കൂടുതൽ നന്നായി തെളിയും. അതേ, ആത്മീയതയല്ല നമ്മുടെ വിഷയം, ആഗോള ധനരാഷ്ട്രീയത്തിന്റെ വലതുപക്ഷ ചായ്‌വ്‌  മാത്രമാണ്‌. ആള്‍ബലംകൊണ്ട്‌ ലോകത്ത്‌ ഒന്നാംസ്ഥാനത്ത്‌ നില്ക്കുന്ന മതമായ ക്രിസ്തുമതത്തിലെ വലതുപക്ഷമാണ്‌ അമേരിക്കയും യൂറോപ്പും നിയന്ത്രിക്കുന്നത്‌. അല്ലാതെ കൃസ്ത്യൻ ഇടതുപക്ഷമല്ല. രണ്ടാംസ്ഥാനത്തുള്ള ഇസ്ലാമിലും വലതുപക്ഷമാണ്‌ ഗള്‍ഫ്‌ മേഖല നിയന്ത്രിക്കുന്നത്‌. അതായത്‌, ഇസ്ലാം വലതുപക്ഷം. മൂന്നാം സ്ഥാനത്തുള്ളത്‌ ബുദ്ധമതരാഷ്ട്രങ്ങളാണ്‌. ജപ്പാൻ ഉള്‍പ്പെടെയുള്ള ബുദ്ധമതരാഷ്ട്രങ്ങൾ നിയന്ത്രിക്കുന്നതും ആ മതങ്ങളിലെ വലതുപക്ഷമാണ്‌. കോണ്‍ഗ്രസും റഷ്യയും ചേര്‍ന്ന്‌ കുറേക്കാലം ഇന്ത്യയെ ഇടതുപക്ഷത്ത്‌ നിലനിറുത്തിയെങ്കിലും ഇപ്പോൾ ഇന്ത്യയെ നയിക്കുന്നതും ഹിന്ദു വലതുപക്ഷമാണ്‌. അവരെ ഫാസിസ്റ്റുകൾ എന്ന്‌ വിളിക്കുന്നതിനെക്കാൾ ശരിയാകുക അവരെ ഹിന്ദു വലതുപക്ഷം എന്ന്‌ വിളിക്കുന്നതാണ്‌. വിശേഷിച്ചും നോം ചോംസ്കി മുതൽ പ്രകാശ്‌ കാരാട്ട്‌ വരെയുള്ള രാഷ്ട്രീയ നിരീക്ഷകർ ബി.ജെ.പിക്ക്‌ ഫാസിസ്റ്റ്‌ പ്രവണതകൾ ഉണ്ടെങ്കിലും അവർ ഫാസിസ്റ്റുകൾ ആണെന്ന്‌ പരിപൂര്‍ണമായും തീർച്ചപ്പെടുത്താത്ത സ്ഥിതിയുള്ളപ്പോൾ. അല്ലെങ്കിലും അവസരം ഒത്തുവന്നാൽ ഇന്ത്യയിൽ ഏത്‌ പാര്‍ട്ടിയും ഫാസിസ്റ്റായി മാറും. ഇത്തരം കാര്യങ്ങളിൽ ഉദാസീനാരായ കോണ്‍ഗ്രസുകാര്‍പോലും ഇന്ദിരാഗാന്ധിയുടെ ഭരണത്തിൻകീഴിൽ, അടിയന്തരാവസ്ഥക്കാലത്ത്‌, ഏതാണ്ട്‌ ഫാസിസ്റ്റ്‌ അവസ്ഥയിൽ എത്തിയത്‌ പഴയ തലമുറക്ക്‌ ഓർമയുണ്ടാകും. അതുകൊണ്ട്‌ ബി.ജെ.പിയെ ഫാസിസ്റ്റുകൾ എന്നുവിളിക്കാതെ ഹിന്ദു വലതുപക്ഷം എന്നു വിളിക്കുന്നതായിരിക്കും തത്കാലം ശരി. അതുപോലെ, ആള്‍ബലം കുറവാണെങ്കിലും ബുദ്ധികൊണ്ടും സമ്പത്തുകൊണ്ടും ലോകത്ത്‌ അധീശത്വം പുലര്‍ത്തുന്ന മതവിഭാഗമാണ് ജൂതന്മാർ. അവര്‍ക്ക് ജനസംഖ്യയിൽ മേധാവിത്വമുള്ള ഇസ്രായേൽ നിയന്ത്രിക്കുന്നത്‌ ജൂത ഇടതുപക്ഷമല്ല, ജൂത വലതുപക്ഷമാണ്‌. പ്രധാന മതങ്ങളിലെ വലതുപക്ഷങ്ങളാണ്‌ ഇപ്പോൾ ലോകം ഭരിക്കുന്നത്‌ എന്നര്‍ത്ഥം. ഇന്ത്യക്ക്‌ പുറത്ത്‌ മോദിക്ക്‌ ലഭിക്കുന്ന സ്വീകാര്യതയുടെ പ്രധാനകാരണം അതും വലത്തോട്ട്‌ പോകുന്ന വണ്ടിയാണെന്ന്‌ എല്ലാവരും മനസ്സിലാക്കുന്നു എന്നതാണ്‌.


എന്നിട്ടും കര്‍ണാടക തിരഞ്ഞെടുപ്പിലും മതവും ജാതിയും ഉപജാതികളും പ്രാദേശീയതകളും ആൺ-പെണ്‍ വ്യത്യാസങ്ങളും നന്നായി ഇറങ്ങിക്കളിച്ചു. അതൊക്കെ ഇന്ത്യയിൽ സ്വാഭാവികമാണ്‌. ഉത്സവങ്ങൾ നടത്തി ശീലമുള്ള ഒരു ജനതയ്ക്ക്‌ തിരഞ്ഞെടുപ്പും ഒരു ഉത്സവമാണ്‌. വേണമെങ്കിൽ മഹോത്സവം എന്നും പറയാം. എങ്കിലും ഇന്ത്യയിൽ വലതുപക്ഷം എന്നു പറഞ്ഞാൽ ആര്‍ക്കും വോട്ടുകിട്ടാൻ എളുപ്പമല്ല. അതുകൊണ്ട്‌ എല്ലാവരും വോട്ടിനുവേണ്ടി മതങ്ങളെ കൂട്ടുപിടിക്കും. മാത്രമല്ല, ആഗോള അടിസ്ഥാനത്തിൽ മതങ്ങള്‍ക്കുള്ള വലതുപക്ഷ പ്രതിച്ഛായ ഇവിടെ ഗുണംചെയ്യുകയുമില്ല.


മാത്രമല്ല, നൂറ്റാണ്ടുകളോളം ഇന്ത്യഭരിച്ചത്തിന്റെ അധീശത്വബോധം നല്കുന്ന ആത്മവിശ്വാസം ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഉണ്ട്‌. മറുഭാഗത്ത്‌, രാജ്യത്ത്‌ ഭൂരിപക്ഷം ഉണ്ടായിട്ടും ജാതികൊണ്ട്‌ വിഘടിതമായ അവസ്ഥയിൽ രാജ്യം കൈവിട്ടുപോയതിന്റെ അപകര്‍ഷത ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും ഉണ്ട്‌. മൂന്നു കൂട്ടരുടെ തലയിലും ചരിത്രത്തിന്റെ ഭാരവുമായി നടക്കുകയാണ്. തിരഞ്ഞെടുപ്പിനുമുമ്പ്‌ കര്‍ണാടകത്തിലെ ഒരു വൃദ്ധൻ പങ്കുവച്ച രസകരമായ ഒരു ഫലിതം ഓർമവരുന്നു, “ഹിന്ദുക്കൾ മുസ്ലീങ്ങളെ പേടിച്ച്‌ നടക്കുന്നു, മുസ്ലീങ്ങൾ ഹിന്ദുക്കളെ പേടിച്ച്‌ നടക്കുന്നു, കൃസ്ത്യാനികൾ രണ്ടുകൂട്ടരേയും പേടിച്ചു നടക്കുന്നു.” അതിശയോക്തിയാകാം, എങ്കിലും ഇതിൽ ഒരു ഇന്ത്യൻ അവസ്ഥ ഒളിഞ്ഞിരിപ്പുണ്ട്‌. എല്ലാവര്‍ക്കും എല്ലാവരെയും സംശയം. കർണാടകത്തിൽ മാത്രമല്ല ഇന്ത്യയിൽ മിക്കവാറും ഇതുതന്നെയാണ് സ്ഥിതി.


എന്നിട്ടും ഹിന്ദുക്കള്‍ക്ക്‌ മഹാഭൂരിപക്ഷമുള്ള കര്‍ണാടകത്തിൽ എപ്പോഴും ഹിന്ദുക്കള്‍ക്ക്‌ അനുകൂലമായി സംസാരിക്കുന്ന ബി.ജെ.പി പരാജയപ്പെടുകയും കോണ്‍ഗ്രസ്‌ വിജയിക്കുകയും ചെയ്തു. പതിനഞ്ചിൽ താഴെ ശതമാനം മാത്രം വോട്ടുള്ള മുസ്ലീങ്ങൾമാത്രം വിചാരിച്ചാൽ കർണാടക തിരഞ്ഞെടുപ്പ്‌ കോണ്‍ഗ്രസ്സിന്‌ വിജയിക്കാൻ കഴിയുമായിരുന്നില്ല. അതിനെക്കാൾ എത്രയോ താഴെ മാത്രമാണ്‌ അവിടെ ക്രിസ്ത്യാനികൾ. എന്നിട്ടും അവിടെ കോണ്‍ഗ്രസ്‌ വിജയിച്ചെങ്കിൽ അതിനു പ്രധാനകാരണം മതന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അകറ്റാൻ ഭൂരിപക്ഷ മതമായ ഹിന്ദുസമൂഹം മുന്നോട്ട്‌ വന്നു എന്നതുതന്നെയാണ്.


കര്‍ണാടകത്തിൽ വ്യാപകമായിരുന്ന അഴിമതിയും, ഹിന്ദുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസംഖ്യ കുറഞ്ഞ മുസ്ലിംസമുദായത്തെ സംവരണ വിഷയമടക്കമുള്ള വിഷയങ്ങളിൽ ബി.ജെ.പി. പ്രകോപിക്കാൻ നോക്കിയതും കർണാടകത്തിലെ ഹിന്ദുക്കള്‍ക്ക്‌ രസിച്ചില്ല എന്നുവേണം നമ്മൾ മനസിലാക്കാൻ.


തീര്‍ച്ചയായും ജാതീയമായ അടിയൊഴുക്കുകൾ ഇത്തവണയും കർണാടകത്തിൽ ശക്തമായിരുന്നു. നഗരമേഖലകളിലും ഗ്രാമീണമേഖലകളിലും വോട്ടര്‍മാർ വ്യത്യസ്ത മാനദണ്ഡങ്ങളനുസരിച്ച്‌ വോട്ട്‌ ചെയ്യുകയും ചെയ്തു. സ്ത്രീകൾ ഈ തിരഞ്ഞെടുപ്പിൽ മുമ്പത്തെക്കാൾ കൂടുതൽ സജിവമായിരുന്നു. പട്ടികജാതി വിഭാഗങ്ങളെ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കാതെ ഇന്ത്യ മുന്നോട്ട്‌ നീങ്ങില്ലെന്ന്‌ എല്ലാവരും മനസ്സിലാക്കാനും തുടങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പിനുമുമ്പ്‌ പ്രതിപക്ഷത്തിരുന്ന്‌ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച ആശ്വാസപദ്ധതികൾ വോട്ടര്‍മാരെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്‌.


പരിപൂര്‍ണമായും വലത്തോട്ടോ ഇടത്തോട്ടോ പോകാതെ മധ്യമാർഗം അവലംബിക്കാനാണ്‌ ശ്രീബുദ്ധൻ ജനങ്ങളെ ഉപദേശിച്ചത്‌. അധികം ഇടത്തോട്ട്‌ പോയാലും കുഴപ്പം അധികം വലത്തോട്ട്‌ പോയാലും കുഴപ്പം. ശ്രീബുദ്ധൻ ഒരു രാഷ്ട്രീയ നേതാവ്‌ ആയിരുന്നില്ലെങ്കിലും അദ്ദേഹം പറഞ്ഞതിന്‌ രാഷ്ട്രീയത്തിലും പ്രസക്തിയുണ്ടെന്ന്‌ തോന്നുന്നു. വിശേഷിച്ചും രാഷ്ട്രീയ ധനതത്ത്വശാസ്ത്രത്തിൽ.


നമ്മുടെ കോണ്‍സ്റ്റിറ്റ്യൂവന്റ്‌ അസംബ്ലിയിൽ അംഗങ്ങളായിരുന്നു, ഫാദര്‍ ജെറോം ഡിസൂസയും ബീഗം ഐസാസ്‌ റസൂലും. ഒരാൾ ക്രിസ്ത്യാനികളെ പ്രതിനിധീകരിച്ച്‌, മറ്റയാൾ മുസ്ലീങ്ങളെ പ്രതിനിധീകരിച്ച്‌. ഇന്ത്യാവിഭജനത്തിന്റെ കണ്ണുനീരും ബ്രിട്ടിഷ്‌ ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധവും അസ്തമിച്ചിട്ടില്ല. രണ്ടും ഇന്ത്യയിൽ മതന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരെയുള്ള വെറുപ്പിന്റെ ഇന്ധനമാണ്‌. സ്വാഭാവികമായും ഹിന്ദുക്കള്‍ക്ക്‌ ഭൂരിപക്ഷമുള്ള ഈ പുതിയ രാജ്യത്ത്‌ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കളുടെ വോട്ട്‌ കിട്ടാൻ വിഷമമാകും എന്ന്‌ സഭയിലെ ഹിന്ദു മെമ്പര്‍മാർ ഭയപ്പെട്ടു. അതുകൊണ്ട്‌ പാര്‍ലമെന്റിലും നിയമസഭകളിലും മതന്യൂനപക്ഷങ്ങള്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്താമെന്ന്‌ സഭയിലെ ഹിന്ദു മെമ്പര്‍മാർ അഭിപ്രായപ്പെട്ടു.


പക്ഷേ, ഫാദര്‍ ജറോം ഡിസൂസയും ബീഗം ഐസാസ് റസൂലും ആ വാദത്തെ പിന്തുണച്ചില്ല. മതന്യൂനപക്ഷങ്ങള്‍ക്ക്‌ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഭാവി ഇന്ത്യയിൽ ഉണ്ടാകുകയാണെങ്കിൽ അവർ രാജ്യത്തെ ഹിന്ദുക്കളുടെ പിന്തുണയോടെ ആ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാൻ ശ്രമിക്കുകയാണ് വേണ്ടത്‌ എന്നതായിരുന്നു അവര്‍ രണ്ടുപേരുടെയും നിലപാട്‌. ഈ രാജ്യത്ത്‌ തുടരാൻ ഞങ്ങള്‍ക്കുള്ള ഏക ഗ്യാരന്റി ഈ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ നീതിബോധം മാത്രമാണ്‌. അതിൽ ഞങ്ങൾ പരിപൂര്‍ണമായും വിശ്വസിക്കുന്നു എന്നാണ്‌ ഫാദർ ജെറോം ഡിസൂസയും ബീഗം ഐസാസ് റസൂലും കോണ്‍സ്റ്റിറ്റ്യൂവന്റ്‌ അസംബ്ലിയിൽ പറഞ്ഞത്‌. അതെ, ആ ഗ്യാരന്റി ഇപ്പോഴും ഇവിടുണ്ടെന്നാണ്‌ കര്‍ണാടകവും നമ്മളോട്‌ പറയുന്നത്‌.