സ്ത്രീകളും ക്ഷമിക്കലും – ജസീല ഷെറീഫ്

സ്ത്രീകളും ക്ഷമിക്കലും  – ജസീല ഷെറീഫ്

സമാധാനപരമായ സഹവർത്തിത്വത്തിന് തടസ്സമായി നില്ക്കുന്ന ഘടകങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രതിരോധ സംവിധാനമാണ് മാപ്പുനല്കൽ.


നമ്മോടു തെറ്റു ചെയ്തവരോടും അനീതി കാണിച്ചവരോടും ക്ഷമിക്കുകയെന്നത് സർവമതങ്ങളും അനുശാസിക്കുന്ന മൂല്യമാണ്. ആധ്യാത്മികതയിലേക്കുള്ള മാർഗവും കരുണയുടെ പരമമായ ആവിഷ്‌കാരവുമാണത്. ഏതൊരു ആരാധനാമൂർത്തിയുടെയും ഉദാരമായ, അനുകമ്പനിറഞ്ഞ മുഖത്തെ പുഞ്ചിരിയിൽ ഇതു പ്രകടമാണ്: നിന്റെ പാപങ്ങൾ ഞാൻ ക്ഷമിച്ചിരിക്കുന്നു.


  ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിൽ മറ്റുള്ളവരോടു ക്ഷമിക്കുന്നതിനുള്ള നിർണായക പ്രാധാന്യത്തെ ആധുനിക മനഃശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നുണ്ട്. കോപം, പ്രതികാരം, മാപ്പുനല്കൽ, അനുകമ്പ എന്നീ സങ്കല്പങ്ങൾ പരസ്പരം ബന്ധപ്പെട്ടതാണ്. ആശങ്കകളും ഏകാന്തചിന്തകളും ആശാസ്യമല്ലാത്ത വികാരങ്ങളും നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവിനെ സ്വാധീനിക്കാൻ പോന്നതാണത്. ഗവേഷണപഠനങ്ങൾ സൂചിപ്പിക്കുന്നത്, ഏറെ സങ്കീർണമായ ഒരു സങ്കല്പമാണ് ഇതെന്നത്രേ. നമ്മുടെ മനോഭാവങ്ങളുമായി ഇത് അടുത്ത ബന്ധം പുലർത്തുന്നുണ്ട്. അധികാരം പങ്കിടുന്നതും ലിംഗനീതി പുലർത്തുന്നതും സ്വാഭാവികമായും ഇതിനെ സ്വാധീനിക്കും.


 കൂടുതൽ മാപ്പുനല്കുന്നത് സ്ത്രീകളാണോ? ഈ പ്രസ്താവനയോടു യോജിക്കാനാണ് നമ്മുടെ കൂടുതലായുള്ള സാധ്യത. ചില പഠനങ്ങൾ കാണിക്കുന്നത്, മാപ്പുനല്കാനുള്ള പ്രവണതയ്ക്ക് ലിംഗഭേദത്തിന്റേതായ ഒരു തലംകൂടി ഉണ്ടെന്നത്രേ. അതേസമയം, ലിംഗഗഭേദത്തിൽ മാത്രം അടിസ്ഥാനമാക്കിയ ഒരു സവിശേഷഗുണമായി വിലയിരുത്താൻ തക്ക വിധത്തിലുള്ള നിർണായക തെളിവുകൾ അതിനില്ലായെന്നു മാത്രം. ഈ ചോദ്യം പല ശൈലിയിൽ ചോദിച്ചുകൊണ്ടു മാത്രമേ ഈ പ്രക്രിയയെ അതിന്റെ വിവിധങ്ങളായ സാഹചര്യങ്ങളിൽ മനസ്സിലാക്കുന്നതിനും അവയുമായി ബന്ധപ്പെട്ട വികാരങ്ങളെ അപഗ്രഥിക്കുന്നതിനും സാധ്യമാവൂ.


  സാമൂഹികമായ ക്രമപ്പെടുത്തലിന്റെ ഭാഗമായി ആൺകുട്ടികളും പെൺകുട്ടികളും ഏതാനും പെരുമാറ്റരീതികൾക്ക് വിധേയമാക്കപ്പെടുന്നുണ്ട്. സ്ത്രീകൾ, സ്വാഭാവികമായും കൂടുതൽ ഉദാരതയോടും സുസ്വരതയോടുംകൂടി പെരുമാറാൻ പ്രതീക്ഷിക്കപ്പെടുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. അല്ലെങ്കിൽ, ഈ പെരുമാറ്റം ശീലിച്ചെടുത്തതാണോ?


  തെറ്റുചെയ്യുന്ന പുരുഷന് സ്ത്രീ മാപ്പുനല്കുന്നില്ലായെങ്കിൽ, അതിന് സമൂഹം ആ സ്ത്രീക്ക് മാപ്പുനല്കുകയില്ലായെന്ന ഒരു സാമൂഹികതലം കൂടിയുണ്ട്. സാമൂഹികാശയ പക്ഷപാതം (Social desirability bias) മാപ്പുനല്കലുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈകാരികമായ സവിശേഷ കഴിവുകളും മാപ്പുനല്കലുമായുള്ള കണ്ണിയെ മിതത്വം പാലിക്കാൻ സഹായിക്കുന്ന ഘടകമാണിത്. എന്നിരുന്നാലും, സ്ത്രീകളുടെ തെറ്റിന് മാപ്പുനല്കാത്ത സാമൂഹിക മനോഭാവം നിലനില്ക്കുന്നുണ്ട്.


  അടുത്തകാലത്ത് സ്ത്രീകൾക്കു നേരെയുണ്ടായ ഭീകരമായ ആക്രമണങ്ങൾ സവിശേഷമായ പഠനം അർഹിക്കുന്നവയത്രേ. തിരിച്ചുനല്കാത്ത സ്‌നേഹം, ബന്ധങ്ങളിലെ തകർച്ച, ജാതിയുടെ പേരിലുള്ള അഭിമാനം ഇവയെല്ലാം ചില കാരണങ്ങളാണ്. നിരുപാധികമായ മാപ്പുനല്കൽ എന്ന സങ്കല്പം ഇവിടെ ഇല്ലാതായിരിക്കുന്നു. കൊടിയ പ്രതികാരം ആ സ്ഥാനത്ത് കൊടികുത്തി വാഴുകയാണ്. പ്രതികാരചിന്തയോടെ ബലാത്സംഗത്തിനു സ്ത്രീകൾ വിധേയരാക്കപ്പെടുന്നു.


  സ്ത്രീകളാണ് മാപ്പുനല്കാനുള്ള പ്രവണത കൂടുതലായി കാണിക്കുന്നതെന്ന് അടുത്തകാലത്തു നടന്ന ഏതാനും പഠനങ്ങൾ കാണിക്കുന്നു. ബന്ധങ്ങൾ നിലനിറുത്തുന്നതിനും വിഷാദം തടയുന്നതിനും ഇതാവശ്യമത്രേ. മാപ്പുനല്കാനുള്ള പ്രവണതയെ നിർണായകമായി സ്വാധീനിക്കുന്ന ഘടകമാണ് അനുകമ്പ. ഇതു കൂടുതലായ അളവിൽ ആർജിച്ചിട്ടുള്ളത് സ്ത്രീകളത്രേ.


  സമാധാനപരമായ സഹവർത്തിത്വത്തിന് തടസ്സമായി നില്ക്കുന്ന ഘടകങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രതിരോധ സംവിധാനം (Defence Mechanism)കൂടിയാണ് മാപ്പുനല്കൽ. ഏകാന്തത സ്ത്രീകളെ അനുരഞ്ജനത്തിനു പ്രേരിപ്പിക്കും. എന്നാൽ പുരുഷന്മാർ അപ്രകാരം പെരുമാറണമെന്നില്ല. അവരുടെ പ്രതികരണം പലപ്പോഴും, തങ്ങളുടെ തീരുമാനങ്ങളുടെ യുക്തിഭദ്രത വിലയിരുത്തിക്കൊണ്ടായിരിക്കും. അനീതിയുടെ സാന്ദ്രത വിശകലനം ചെയ്തുകൊണ്ട്, വേണ്ടിവന്നാൽ ഏതറ്റംവരെയും പോയി കടുത്ത തീരുമാനം എടുക്കുന്നതിനും അവർ മടിക്കുകയില്ല. പിന്നീട് അതിനൊരു പരിഹാരം ഉണ്ടാവുകയുമില്ല. താരതമ്യേന, സ്ത്രീകളെക്കാൾ പുരുഷന്മാരാണ് വലിയ മനോവിക്ഷോഭം കൂടാതെ, ഇത്തരം തീരുമാനങ്ങളിലെത്തിച്ചേരുക.


 സ്ത്രീകളുടെ ഏകാന്തതയും മാപ്പുനല്കലുമായി നല്ല പാരസ്പര്യമാണുള്ളത്. എന്നാൽ പുരുഷന്മാരെ സംബന്ധിച്ച് ഇതു നേരേ മറിച്ചാണ്. ഭർത്താവിന്റെ ദുർനടപ്പിനും അവിഹിതബന്ധങ്ങൾക്കും, മദ്യപാനത്തിനുശേഷമുള്ള ഗാർഹികപീഡനത്തിനും സ്ത്രീകൾ മാപ്പുനല്കുന്നത് സമൂഹത്തിന്റെ നിർദേശങ്ങളിലടങ്ങിയ പെരുമാറ്റവും, കുട്ടികളുടെ ഭാവിയും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും കണക്കിലെടുത്തുകൊണ്ടാണ്.


  ഇത്തരം പിന്തിരിപ്പൻ നീതിമത്ക്കരണം ലിംഗനീതിയിൽ കൂടുതൽ അന്തരം ഉണ്ടാക്കും. ഏതു സമൂഹം എടുത്താലും. ദാമ്പത്യബന്ധം നിലനിറുത്തുന്നതിൽ കൂടുതൽ ത്യാഗം അനുഷ്ഠിക്കുന്നത് ഭാര്യമാരാണെന്നു ബോധ്യമാവും. അവരുടെ വീഴ്ചകളും കുറവുകളും ബന്ധങ്ങളിലെ സുസ്വരത ഇല്ലാതാക്കുന്ന കാരണങ്ങളായി കണക്കാക്കപ്പെടും.


 അധികാരത്തിലെ അസന്തുലിതാവസ്ഥയും, കടുത്ത അനീതിയും ക്രൂരതയും കാണിക്കുന്ന ഭർത്താക്കന്മാർക്കുപോലും മാപ്പേകാൻ ഭാര്യമാരെ നിർബന്ധിതരാക്കുന്നുണ്ട്. അവരെ കൂടുതൽ ചൂഷണത്തിനു നിർബന്ധിക്കാനും ഇതു വഴിവയ്ക്കും. ഏകപക്ഷീയമായ മാപ്പേകൽ, വിഷലിപ്തമായ ബന്ധത്തിൽ അടിച്ചേല്പിക്കപ്പെടുകയാണ്. ഇരയാക്കപ്പെടുന്നവർ ഇക്കാര്യം മനസ്സിലാക്കണമെന്നില്ല. ഇത് സംഭവിക്കുന്നത്‌ മാപ്പേകൽ എന്ന ഉദാത്തമായ സങ്കല്പത്തിന്റെ ഉദ്ദേശ്യംതന്നെ ഇല്ലാതാക്കപ്പെടുമ്പോഴാണ്. വിവേകത്തോടെയും എന്നാൽ, അന്ധതകൂടാതെയുമുള്ള ഈ സങ്കല്പത്തിന്റെ പ്രയോഗത്തിലൂടെ ബന്ധങ്ങൾ വളർത്തിയെടുക്കാനും ഭാവി ഭാസുരമാക്കാനും സാധിക്കും.


 വ്യക്തിപരമായ അതിക്രമങ്ങളെത്തുടർന്ന് സ്ത്രീകളാണ് കൂടുതൽ മാനസികപീഡകൾ ഏറ്റുവാങ്ങുന്നത്. ഭൗതികതലത്തിലും മാനസികതലത്തിലും കൂടുതൽ നഷ്ടം നേരിടുന്നത് സ്ത്രീകൾക്കായിരിക്കും. പൊരുത്തപ്പെട്ടുപോകാൻ വ്യക്തികൾക്കാവണം. സമൂഹത്തിൽ ഒറ്റപ്പെട്ടുപോകാതെ, രക്ഷാകവചമൊരുക്കുന്ന സമൂഹോന്മുഖത എന്ന ധർമം മാപ്പേകൽ അനുഷ്ഠിക്കുന്നുണ്ട്.


മാപ്പേകൽ സാധ്യമാക്കുന്നതിന് സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ ഇടപെടലുകൾ ആവശ്യമാണ്. സ്വയം മാപ്പുനല്കുകയെന്നതാണ് സ്ത്രീകൾക്ക് ആദ്യം വേണ്ടത്. ആശങ്കകൾ അകറ്റാനും ആശാസ്യമല്ലാത്ത ചിന്തകൾ ഉപേക്ഷിക്കാനും ഇതുവഴി സാധിക്കും.


 നേരേമറിച്ച് പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്, വികാരങ്ങൾ നിയന്ത്രിക്കാനും കോപമടക്കാനുമാണ്. പുരുഷന്റെ ആക്രമണത്തെയും കോപം പ്രകടിപ്പിക്കലിനെയും ഒരു പരിധിവരെ പൊതുസമൂഹം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതായി തോന്നുന്നു. അച്ഛനെക്കാൾ അമ്മയാണ് മാപ്പേകുന്നതിൽ മുൻപിലുള്ളത്. മക്കളെ അച്ചടക്കം ശീലിപ്പിക്കുന്നതിൽ ഈ വ്യത്യാസം ഫലപ്രദമായി ഉപയോഗിക്കാനാവും.


  കുടുംബത്തിൽപ്പോലും സവിശേഷമായ അധികാരം കൈയാളുന്നത് പുരുഷന്മാരത്രേ. എന്നാൽ, കുട്ടികളെ ശിക്ഷിക്കേണ്ട അവസരങ്ങളിൽ അവർക്കു മാപ്പുനല്കാൻ അപേക്ഷിക്കും, അതിനായി നിലകൊള്ളും, വാദിക്കും. കുട്ടിക്കാലം മുതൽ നമ്മുടെ കാഴ്ചപ്പാടിൽ ഈ സങ്കല്പം മുദ്രിതമത്രേ. നമ്മുടെ മൂല്യബോധത്തെത്തന്നെ തകിടം മറിക്കാൻ പോന്നതാണിത്.


എല്ലാത്തരം സ്ത്രീ-പുരുഷബന്ധങ്ങളിലേക്കും ഈ ചിന്തയെ വലിച്ചുനീട്ടുന്നത് സാധാരണമാണ്. സ്ത്രീകളാണ് എല്ലാം സഹിക്കേണ്ടതെന്ന ‘പ്രമാണ’ത്തെ പെരുപ്പിച്ചുകാണിക്കാൻ മാത്രമേ ഇതു സഹായിക്കൂ. മാപ്പേകുകയെന്നത് സ്ത്രീയെ സംബന്ധിച്ച് ഒരു വൈകാരികമായ ആവശ്യമാണെങ്കിൽ, പുരുഷൻ മാപ്പുനല്കാത്തതിനെ, തന്റെ തീരുമാനത്തിലെ നീതിയും യുക്തിയും കണക്കിലെടുത്തുകൊണ്ട് പൊറുക്കാനാകും, മറക്കാനാകും. എന്നാൽ, കൂടുതൽ അന്തസ്സും സ്വാഭിമാനവുമുള്ള പുരുഷനാണെങ്കിൽ, മാപ്പുകൊടുക്കാനാണ് ഏറെ സാധ്യത. ഇവിടെ സ്ത്രീക്കും തുല്യമായ അന്തസ്സും സ്വാഭിമാനവും ഉണ്ടായിരിക്കാം.


 മാപ്പേകലിലൂടെ കോപത്തിനും ആശങ്കകൾക്കും വിടുതൽ നല്കുകയെന്ന സ്ത്രീകളുടെ മാതൃക, സമൂഹത്തെ ആശാസ്യവുമായ ഒരു ഗുണവിശേഷമത്രേ. സമൂഹത്തിന്റെ സമാധാനപരമായ സഹവർത്തിത്വത്തിന് ഇതാവശ്യമത്രേ. വിവേകത്തോടെ ഇത് ഉപയോഗിക്കണമെന്നുമാത്രം. വെറുപ്പുളവാക്കുന്ന സാഹചര്യങ്ങളിൽ ഇരയാക്കപ്പെട്ട വ്യക്തി, തനിക്കനുഭവിക്കേണ്ടിവന്ന അനീതി മറക്കേണ്ടതില്ലെങ്കിലും അതിനു മാപ്പ് നല്കാനാവും. അതിന് ആശാസ്യവുമായ ഗുണഫലങ്ങൾ ഏറെയുണ്ട്. തനിക്കനുഭവിക്കേണ്ടിവന്ന കഷ്ടതകളുടെ ഓർമയെ ഒരുപരിധിവരെ അതിജീവിക്കുന്നതിന് അതുപകരിക്കും.


 മാപ്പേകലിന് തൊഴിലിടങ്ങളിലെല്ലാം നല്ല പ്രോത്സാഹനമാണ് നല്കിക്കൊണ്ടിരിക്കുന്നത്. വിവിധ താത്പര്യക്കാരുടെ കൂട്ടായ്മയും സഹകരിച്ചുള്ള പ്രവർത്തനവും ഒരു ടീമെന്ന നിലയിൽ വളർത്തിയെടുക്കുന്നതിലാണ് ഏതൊരു ബിസിനസ്സിന്റെയും വിജയം നിലനില്ക്കുന്നത്.


 വിദ്വേഷവും കോപവും മനസ്സിൽ വച്ചുകൊണ്ടിരുന്നാൽ, അതിന്റെ സമ്മർദം വഴി പലവിധ മാനസികരോഗങ്ങളുണ്ടാവാം. വിഷാദരോഗത്തിനടിമകളാകാം. വർധിച്ച രക്തസമ്മർദവും ആശങ്കകളും നമ്മുടെ രോഗപ്രതിരോധശക്തിയെ (Immune system) ത്തന്നെ താറുമാറാക്കും. അകാലമരണത്തിനുതന്നെ അതിടയാക്കാം. മാപ്പുനല്കുകവഴി നമ്മുടെ മാനസികവും ആധ്യാത്മികവുമായ സുസ്ഥിതിക്ക് വളർച്ചയുണ്ടാവുമെന്നാണ് ഡച്ച് പണ്ഡിതനായ മാൻഫ്രെഡ് കെറ്റ്‌സ് ദെ വ്രയ്‌സിന്റെ ഗവേഷണം കണ്ടെത്തിയിട്ടുള്ളത്. രക്തസമ്മർദം കുറയ്ക്കുന്നതിനും മദ്യപാനം, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇതിടയാക്കുമെന്നുമാണ് മറ്റൊരു കണ്ടെത്തൽ. അഭിപ്രായവ്യത്യാസങ്ങളും ചർച്ചചെയ്ത് ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് പഴയ വിദ്വേഷവും തെറ്റായ നടപടികളും മറക്കുന്നതും പൊറുക്കുന്നതും വഴിയൊരുക്കും. കാര്യക്ഷമമായ നേതൃത്വത്തിന് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനാവും.


മറ്റുള്ളവരോട് കൂടുതൽ അനുകമ്പ കാണിക്കണമെന്ന കാര്യത്തിൽ പുരുഷന്മാർക്ക് സ്ത്രീകളിൽനിന്ന് പല പാഠങ്ങളും പഠിക്കാവുന്നതാണ്. സുസ്ഥിരമായ ബന്ധങ്ങൾ നിലനിറുത്തുക, മുറിവുകൾ ഉണക്കുക, മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, മനുഷ്യരുടെ ചിന്തയിലും സ്വഭാവത്തിലുമുള്ള വ്യത്യസ്തതകളെ അംഗീകരിക്കുക, ആശാസ്യമായ വികാരങ്ങളെയും ചിന്തകളെയും സ്ഥിരീകരിക്കുക ഇവയെല്ലാം അവയിൽപ്പെടും. വീട്ടിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും, ഗതകാലത്തിന്റെ ഭാരം, ഭാവിയിലേക്കുള്ള നമ്മുടെ ആനന്ദയാത്രയെ തടസ്സപ്പെടുത്താതിരിക്കട്ടെ.


മൊഴിമാറ്റം : മാത്യു കുരിശുംമൂട്ടിൽ