പത്മിനിയുടെ കല – എം രാമചന്ദ്രൻ

പത്മിനിയുടെ കല  – എം രാമചന്ദ്രൻ

കേരളത്തിന്റെ സാംസ്കാരിക-സംവേദന ശീലങ്ങളിൽ ആധുനികതയുടെ കടന്നുവരവ് തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളുടെ സംയോജനത്തിലൂടെ ഉണ്ടായ കേരള സംസ്ഥാന രൂപീകരണത്തോടെയാണ്. 1957-ലെ ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസനിയമവും കേരളസമൂഹത്തെ അക്ഷരാർത്ഥത്തിൽത്തന്നെ മാറ്റിത്തീർത്തിരുന്നു. അതുകൊണ്ടുതന്നെ ജന്മി-നാടുവാഴി-രാജഭരണ സംവിധാനങ്ങളുടെ തകർച്ചയും പകരമുണ്ടായ നവീനമൂല്യങ്ങളിലേക്കുള്ള സംക്രമണവും കലയിലും സാഹിത്യത്തിലും ആധുനികമായ ഭാവുകത്വത്തിനു വഴിവയ്ക്കുകയായിരുന്നു. കേരളത്തിന്റെ നാടുവാഴി വ്യവസ്ഥിതിയിൽനിന്ന് ജനാധിപത്യക്രമത്തിലേക്കുള്ള പരിവർത്തനം അതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി ഉൾക്കൊണ്ടുകൊണ്ടാണ് അറുപതുകളിലെ കേരളത്തിലെ ജീവിതരീതി വികസിച്ചു വന്നത്. കേരള സംസ്കാരത്തെക്കുറിച്ചുള്ള മേല്പറഞ്ഞ സാമൂഹികവും രാഷ്ട്രീയവുമായ വീക്ഷണം മിക്കവാറും കലാ-സംസ്കാര-സാഹിത്യ വിമർശകർ കാണാതെ പോകുന്ന വസ്തുതയാണ്.


ഏതാണ്ട് ഇക്കാലത്തുതന്നെയാണ് കേരളത്തിലെ ചിത്ര-ശില്പ കലാരംഗത്ത് ആധുനികമായ സങ്കല്പനങ്ങളും രൂപ നിര്‍മാണങ്ങളും സാധ്യമാക്കിക്കൊണ്ട് മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ഒട്ടേറെ കലാകാരന്മാർ പഠിച്ചിറങ്ങുന്നതും. 1940-ൽ ജനിച്ച പത്മിനി എന്ന ചിത്രകാരിയുടെ കലയെ ആധുനിക ഭാവുകത്വത്തിന്റേതാക്കി മാറ്റുന്നത് മദ്രാസ് സ്കൂളിൽനിന്ന് പഠിച്ചിറങ്ങി പിന്നീട് രേഖാചിത്രണത്തിൽ അസാമാന്യ പ്രസിദ്ധി നേടിയ വാസുദേവൻ നമ്പൂതിരിയുടെ ശിക്ഷണമാണ്; നമ്പൂതിരിയുടെ പ്രേരണയിലാണ് പത്മിനി മദിരാശി സ്കൂൾ സ്കൂളിൽ കലാപഠനത്തിന് ചേർന്നതും. മറ്റൊരു പ്രധാന വസ്തുത ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന മഹാകവിയുടെ പൊന്നാനിയിലെ വീട്ടിൽ കുറെ നാൾ താമസിച്ചിരുന്നത് ഈ കലാകാരിയുടെ സാംസ്കാരിക വളർച്ചയിൽ ഒരു പ്രധാന ഘടകമായിത്തീർന്നു എന്നതും.


ആധുനികത എന്ന സാമൂഹിക നിര്‍മാണപദ്ധതിയുടെ അടിസ്ഥാനലക്ഷ്യം മനുഷ്യന്റെ ശാസ്ത്രീയവും സാമൂഹികവുമായ പുരോഗതിയും പരിവർത്തനവും ആഗോളതലത്തിൽത്തന്നെ നടപ്പിലാക്കുക എന്നതായിരുന്നു. അടിമത്തത്തിന്റെയും മതവിശ്വാസങ്ങളുടെയും യാഥാസ്ഥിതിക ചിന്തകളുടെയും ആയ പഴയ ലോകക്രമത്തെ മാറ്റി സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും ശാസ്ത്രീയദർശനങ്ങളുടെയും അടിസ്ഥാനത്തിലുള്ള ലോകമായിരുന്നു അതിന്റെ ലക്ഷ്യം. ചിത്ര-ശില്പ കലകളിൽ ഈ ദർശനം മറ്റേത് സാംസ്കാരികരംഗത്തെക്കാൾ സ്പഷ്ടമായി കാണാനാവും. ചിത്ര-ശില്പകലകളുടെ ലോകത്തിന് അതിർത്തികളോ പരിമിതികളോ ഇല്ല. അത് കണ്ണുകളും മനസ്സും തുറന്നിടേണ്ട ലോകം: സ്വാതന്ത്ര്യത്തിന്റെ, ഭാവനയുടെ, സംസ്കാര സങ്കലനങ്ങളുടെ ലോകം. കാണുന്നവയെ എല്ലാം പഠിക്കുകയും അവയുടെ സവിശേഷതകളെ തിരിച്ചറിയുകയുമാണ് കലാപഠനത്തിൽ സംഭവിക്കുക. ഈ ലോകത്തിലേക്ക് കടന്നു വന്നതോടെ പത്മിനി അനുഭവിച്ചത് സ്വാതന്ത്ര്യമായിരുന്നു: വരയുടെയും വര്‍ണങ്ങളുടെയും വീക്ഷണങ്ങളുടെയും സ്വാതന്ത്ര്യം. കാണുന്നതിനെ അതുപോലെ പകർത്തുക എന്നതല്ല ചിത്ര-ശില്പകലകളുടെ സാംസ്കാരികദൗത്യം എന്നു പത്മിനി തിരിച്ചറിയുന്നു. വരകളുടെയും വര്‍ണങ്ങളുടെയും ഭിന്ന പ്രകൃതികളും അസ്തിത്വവും മനസ്സിലാക്കുക എന്നത് രൂപങ്ങളെയും അർത്ഥങ്ങളെയും വേർതിരിച്ച് അവയെ അവയായി മാത്രം കണ്ട് പുതിയ അർത്ഥാരോപണങ്ങൾക്കുള്ള ചിഹ്നങ്ങളാക്കിത്തീർക്കുന്ന ഭാവനാ ലോകത്തിലേക്കുള്ള വഴി തിരിച്ചറിയുകയാണ്. അത് അനുഭവിക്കാനും മനസ്സിലാക്കാനുമുള്ള സര്‍ഗവൈഭവം പത്മിനി ഇടശ്ശേരിയുടെയും നമ്പൂതിരിയുടെയും സഹവർത്തിത്വംമൂലം പൊന്നാനിയിൽനിന്ന് തന്നെ നേടിയെടുത്തിരുന്നു.


കെ.സി.എസ്. പണിക്കരുടെ നേതൃത്വത്തിലായിരുന്ന മദ്രാസ് സ്കൂൾ കലാശിക്ഷണത്തിന്റെ കാലം സര്‍ഗശേഷിയുള്ള അനേകം കലാകാരന്മാരുടെ ചേർച്ചയുടെയും ചാർച്ചയുടേതും കൂടി ആയിരുന്നു. അവർക്കിടയിലേക്കു കടന്നുചെന്ന പത്മിനിക്ക് ആധുനികമായ ദൃശ്യഭാഷ എളുപ്പം മനസ്സിലായി. പത്മിനിയുടെ പഠനകാല രേഖാചിത്രങ്ങളും എണ്ണച്ചായച്ചിത്രങ്ങളും മനുഷ്യരൂപ രചനയിലും രേഖകൾക്കു കലാകാരിക്കു നല്കാൻ കഴിഞ്ഞ വ്യത്യസ്ത സ്വഭാവങ്ങളും അവയുടെ വൈകാരിക വിനിമയത്തിനുള്ള കെല്പും തിരിച്ചറിയിക്കുന്നവയാണ്. ഈ ചിത്രകാരിയുടെ രചനകളിലെ മറ്റൊരു പ്രധാന സവിശേഷത മനുഷ്യബന്ധങ്ങളും അവയുടെ വൈകാരികവും വിക്ഷുബ്ദവുമായ അവസ്ഥകളും സ്നേഹത്തിന്റെയും ഓര്‍മകളുടെയും ഭാവഭേദങ്ങളുമാണ് എന്നതാണ്. ഇതെല്ലാംതന്നെ പൊന്നാനി കേന്ദ്രമായി ഉണ്ടായ സാംസ്കാരികക്കൂട്ടായ്മയിൽ പ്രഥമഗണനീയനായ ഇടശ്ശേരിയുടെ മാനവികതയിൽ ഊന്നിയ ദർശനത്തിന്റെ സ്വാധീനമാണ് എന്നു പറയുന്നത് തെറ്റാവില്ല.


ചിത്രകല എന്നാൽ കലാകാരിയുടെ അല്ലെങ്കിൽ കലാകാരന്റെ ഭാവനയും, കലാവീക്ഷണവും അനുസരിച്ച് മനുഷ്യരുടെ ഭാവുകത്വത്തെ അവരുടെ ഭൂമികയ്ക്കും കാലത്തിനും യോജിച്ച തരത്തിൽ മാറ്റിത്തീർക്കേണ്ട ഒന്നാണ് എന്നു കലാചരിത്രം ബോധ്യപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ, ചിത്രകലയുടെ സാംസ്കാരികമായ പ്രസക്തി മനസ്സിലാക്കി സംഗീതംപോലെയോ, കവിതപോലെയോ, നൃത്തംപോലെയോ ഭാവാത്മകവും ഭാവനാത്മകവുമായി ചിത്രരചനയിൽ വ്യാപൃതയായി കലാമേഖലയിൽ വിദ്യുല്ലതികപോലെ പൊള്ളിക്കുന്ന പ്രകാശം പൊഴിച്ച്, തിളങ്ങി, മറഞ്ഞുപോയ കലാകാരിയാണ് ടി. കെ. പത്മിനി.


ചിത്രകലാരംഗത്ത് ഒരു ദശാബ്ദക്കാലത്തിന്റെപോലും ദൈർഘ്യം പത്മിനി എന്ന കലാകാരിക്ക് ലഭ്യമായില്ല. പക്ഷേ, ഇരുപത്തിയൊമ്പതാമത്തെ വയസ്സിൽ (1969) അന്തരിക്കുമ്പോൾ കലാരംഗത്തിനായി അവർ നല്കിയത് തീക്ഷ്ണവും ഘനത ഏറിയവയും ആയ ഒരുപിടി പെയിന്റിങ്ങുകളും രേഖാചിത്രണങ്ങളും ആണ്. തരളവും മൃദുലവുമായ ആയ സംവേദനശീലങ്ങളെ ബഹിഷ്കരിച്ച് ഭാവസാന്ദ്രമായ രേഖകളും വർണങ്ങളുടെ പരുക്കൻ തേപ്പുകളുംകൊണ്ട് ഗൗരവവും ഉള്ളുറപ്പും ഉള്ള ചിത്രപ്രതലങ്ങളാണ് പത്മിനി നമുക്ക് നല്കിയത്. മുൻവിധികളുടെ സങ്കുചിതചിന്തകൾക്കു വഴിപ്പെടാത്ത മനുഷ്യരൂപ ചിത്രീകരണങ്ങളും ചിത്രപ്രതലത്തിൽ പരുക്കനും ദൃഢവുമായ ആവിഷ്ക്കരണരീതിയുമുള്ള പത്മിനിച്ചിത്രങ്ങൾ കലാരംഗത്ത് പൊതുവിൽ കണ്ടുവരുന്ന ഏതെങ്കിലും ശൈലീഗണത്തിലേതെന്ന് വർഗീകരിക്കാൻ സാധ്യമാക്കാതെ മാറി നില്ക്കുന്നവയാണ്. പൊതുവിൽ സ്ത്രൈണം എന്നു വ്യവഹരിക്കുന്ന പ്രമേയങ്ങളോ, രചനാരീതിയോ, അലങ്കരണങ്ങളോ, മൃദുത്വമോ ഒന്നുംതന്നെ ഈ ചിത്രങ്ങളിൽ കാണുക വയ്യ.


കേരളത്തിന്റെ സാംസ്കാരികഭൂമികയിൽ പത്മിനിയുടെ കലാസപര്യ എന്നത് കാലത്തിനു കുറുകെയുള്ള എടുത്തുചാട്ടം ആയിട്ടല്ലാതെ വിലയിരുത്തുക അസാധ്യമാണ്. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ പൊന്നാനിക്കാരിയായ ഒരു പെൺകുട്ടി ചിത്രകലപോലെ അതുവരെ സാമൂഹികമായ അന്തസ്സ് ആർജിക്കാതിരുന്നതും ജോലിസാധ്യത ഇല്ലാതിരുന്നതുമായ ഒരു പഠനശാഖയ്ക്കുവേണ്ടി മദിരാശിയിലേക്ക് പോയി എന്നത് ഒരു വലിയ കാര്യമല്ല. അതിലും ബുദ്ധിമുട്ടേറിയ രാഷ്ട്രീയം അടക്കമുള്ള ഇടങ്ങളിലേക്ക് കേരളത്തിൽനിന്ന് ഒട്ടേറെ പെൺകുട്ടികളും സ്ത്രീകളും അക്കാലത്തിനു മുന്നേ തന്നെ കടന്നു ചെന്നിട്ടുണ്ട് എന്നു നമുക്കറിയാം. മറിച്ച്, ഒരു പെൺകുട്ടി എന്ന നിലയിൽ പുരുഷമേധാവിത്വത്തിലുറച്ച സമൂഹം ആഗ്രഹിച്ച, അല്ലെങ്കിൽ ആദർശാത്മകമായി കരുതിയിരുന്ന ശൈലിയിലോ സ്വഭാവത്തിലോ ഉള്ള ചിത്രണരീതികളോ പ്രമേയങ്ങളോ, സാംസ്കാരിക ബോധ്യങ്ങളോ ഒന്നുംതന്നെ പത്മിനി തന്റെ കലയിൽ സ്വീകരിച്ചില്ല എന്നത് സ്വന്തം കാലത്തിന്റെ പൊതുബോധത്തെ നിരാകരിച്ച പെൺകുട്ടിയുടേതാണ്. ഈ ചിത്രകാരിയുടെ കരുത്തുറ്റതും കനം കൂടിയവയുമായ ഇരുണ്ട രേഖകൾകൊണ്ട് നിർവചിക്കപ്പെട്ട രൂപങ്ങളും, ഒരുതരത്തിലുള്ള മിനുക്കുപണിയും നടത്താത്ത വര്‍ണത്തേപ്പുകളും കാല്പനികതയ്ക്കോ, ഉപരിപ്ലവമായ സൗന്ദര്യസങ്കല്പങ്ങൾക്കോ ഒട്ടും ഇടം നല്കുന്നില്ല. ഗൗരവമായി ജീവിതത്തെ കാണുകയും ഗൗരവമായി കലയെ സമീപിക്കുകയും ചെയ്ത ഒരു കലാകാരിയുടെ പക്വതയാർന്ന കലാദർശനത്തിന്റെ നിദർശനങ്ങളാണ് പത്മിനിയുടെ കലാസൃഷ്ടികൾ.


അക്കാലത്തെ മദ്രാസ് സ്കൂൾ കലാകാരന്മാരെ അലട്ടിയിരുന്ന കല പ്രതിനിധീകരിക്കേണ്ട ദേശീയ സ്വത്വം, അതിനുവേണ്ടി കണ്ടെത്തേണ്ട കലാപാരമ്പര്യം, തത്ത്വശ്ശാസ്ത്രം തുടങ്ങിയവയൊന്നും പത്മിനിയെ ബാധിച്ചില്ല. മനുഷ്യനും മാനുഷികപ്രശ്നങ്ങളും മാത്രമാണ് ഈ കലാകാരിയുടെ ചിത്രപ്രതലം. മനുഷ്യരൂപങ്ങളെ കൃത്യതയോടെയോ വിശദമായോ നിർവചിക്കാതെ ലളിതവല്ക്കരണംകൊണ്ട് സാര്‍വലൗകികമാക്കുകയാണ് ചിത്രകാരി തന്റെ ചിത്രങ്ങളിൽ ചെയ്തിരിക്കുന്നത്. എങ്കിലും തനിക്ക് പരിചിതമായ ചുറ്റുപാടുകളിലെ ജീവിതം ദൃശ്യോപാധിയാക്കി പ്രണയം, വാത്സല്യം, കുടുംബബന്ധങ്ങൾ, വ്യഥകൾ, വ്യക്തിബന്ധങ്ങൾ തുടങ്ങിയ വൈകാരിക പ്രശ്നങ്ങളെ മാധ്യമപരമായ സാധ്യതകളും പ്രത്യേകതകളും സൂക്ഷ്മമായ ദൃശ്യാനുഭവങ്ങളായി പ്രതിപാദിക്കുക പത്മിനിച്ചിത്രങ്ങളിലെ പ്രകടമായ ഘടകമാണ്. ഗ്രാമക്ഷേത്രം, കൽവിളക്ക്, ഗ്രാമപ്രകൃതി, വീടുകളുടെ അകത്തളങ്ങൾ, മുറ്റത്തെ ഊഞ്ഞാൽ, ഇസ്ലാം മതവിശ്വാസികളും അവരുടെ വേഷങ്ങളും വീടുകളും ശ്മശാനവുമെല്ലാം പത്മിനിയെ സംബന്ധിച്ചിടത്തോളം മനുഷ്യബന്ധങ്ങളുടെ ദൃശ്യാവിഷ്കരണങ്ങൾക്കുള്ള ഉപാധികളായിരുന്നു. നഗ്നരൂപങ്ങളെ വരയ്ക്കുന്നതിനോ, സ്ത്രീ-പുരുഷ ബന്ധങ്ങളോ, സ്ത്രീകളും സ്ത്രീകളുമായുള്ള ബന്ധങ്ങളോ വരയ്ക്കുന്നതിനോ ഒരു തരത്തിലുള്ള സാംസ്കാരിക പ്രതിസന്ധിയും പത്മിനിയുടെ മനസ്സ് സ്വീകരിച്ചില്ല. അതോടൊപ്പം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവികവും രൂപപരവുമായ പാരസ്പര്യത്തെ അന്വേഷണാത്മകമായി ചിത്രീകരിക്കുവാൻ ചിത്രകാരി എപ്പോഴും ശ്രമിച്ചിരുന്നു. ശൈലീപരമായി സ്ത്രീകളുടെ സ്തനങ്ങൾ, സ്ത്രീ-പുരുഷന്മാരുടെ ശിരസ്സുകൾ, വയറ്, പൊക്കിൾ, കണ്ണുകൾ തുടങ്ങിയ രൂപങ്ങളുടെ വർത്തുളതയെ വൃത്തങ്ങളിലേക്കു വികസിപ്പിക്കുകയും പശ്ചാത്തല പ്രകൃതിയിലുള്ള മരങ്ങളും മലകളും മറ്റും വൃത്താകാരങ്ങളിലേക്കോ തരംഗാകൃതികളിലേക്കോ പരിവർത്തിപ്പിച്ച് ഉണ്ടാക്കുന്ന സാമഞ്ജസ്യവും ഈ കലാകാരിയുടെ ജീവിതവീക്ഷണത്തിന്റെ ദിശ വ്യക്തമാക്കിത്തരുന്നുണ്ട്. പത്മിനിയുടെ ചിത്രങ്ങളിലെ മനുഷ്യരൂപങ്ങളില കണ്ണുകളുടെ മിഴിവും വൃത്താകൃതിയും കാഴ്ച്ചക്കാരനിലേക്കു തുറിയ്ക്കുന്ന ദൃഷ്ടികോണും ശ്രദ്ധേയമാണ്. ചിത്രതലത്തിൽനിന്നു കാഴ്ച്ചക്കാരനിലേക്കു തുറന്നിരിക്കുന്ന കണ്ണുകൾ അവന്റെ അല്ലെങ്കിൽ അവളുടെ മനസ്സിലേക്കും, കാഴ്ച്ചക്കാരന്റെ തുറന്ന കണ്ണുകൾ ചിത്രത്തിലെ തുറന്ന കണ്ണുകളിലേക്കും ചൂഴ്ന്നിറങ്ങുന്നതിലൂടെ പാരസ്പര്യത്തിന്റെ, സംവാദത്തിന്റേതായ സംവേദനരീതി ഈ ചിത്രങ്ങൾക്കു നിർണായകമാകുന്നു.


അവശ്യം ചില ഘടകങ്ങളുടെ രചനാശൈലിയിൽ അല്ലാതെ മദ്രാസ് സ്കൂൾ എന്ന് വിളിക്കാവുന്ന ദൃശ്യാംശങ്ങൾ പത്മിനിയുടെ പെയിന്റിങ്ങുകളിൽ കാണാനാവില്ല. മിക്കവാറും പത്മിനിയുടെ കലാശാലാ പഠനകാലത്തെ രേഖാചിത്രണങ്ങളിൽ മാത്രമാണ് ആഭരണങ്ങൾ അണിഞ്ഞ സ്ത്രീരൂപങ്ങളുടെയും മറ്റം രേഖാവിന്യാസങ്ങളിൽ മദ്രാസ് സ്കൂൾ കലാകാരന്മാരുടെ രചനകളുമായി ചില ചാർച്ചകൾ കാണാനാവുക. കെ.സി.എസ്. പണിക്കരും അദ്ദേഹത്തിന്റെ ശിഷ്യരും ചിത്രങ്ങളിൽ സ്വീകരിച്ച നേരിയ രേഖാരീതി പത്മിനിയെ സ്വാധീനിച്ചില്ല. കട്ടികൂടിയ രേഖകൾകൊണ്ട് രൂപ-സ്ഥലികാ (space) വിഭജനവും ധാർഷ്ട്യവും പരുക്കൻ സ്വഭാവവുമുള്ള കറുപ്പ് കുറെയേറെ പത്മിനിച്ചിത്രങ്ങളുടെ മുദ്രയാണ്. താനറിഞ്ഞ യാഥാർത്ഥ്യങ്ങളോടും പരിചിതരായ മനുഷ്യരോടും പ്രകൃതിയോടും സംവദിച്ചറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽമാത്രം രചനകൾ നിർവഹിച്ച ഈ ചിത്രകാരിക്ക് അമൂർത്തവും ആദർശാത്മകമായ ഏതെങ്കിലും ലോകത്തിലേക്ക് ഉൾവലിയുക സാധ്യമായിരുന്നില്ല. ആധുനികവും തന്റെ ചുറ്റുപാടുകളുമായി ചേർന്നു പോകുന്നതുമായ ഒരു ദൃശ്യലോകത്തിലാണ് പത്മിനി ജീവിച്ചതും സ്വന്തം രചനകളിലൂടെ അതിനെ പുനരാഖ്യാനം ചെയ്തതും.