എം എൻ റോയ് – കമ്യൂണിസവും ഹ്യൂമനിസവും -ഡോ. മായ എസ്.
കമ്യൂണിസ്റ്റു തത്ത്വത്തിലും പ്രവർത്തനത്തിലും ഉള്ള പുനർവിചിന്തനങ്ങൾ വഴി, കാലക്രമേണ റാഡിക്കൽ ഹ്യൂമനിസ്റ് എന്ന നിലയിലുള്ള താത്ത്വിക നിലപാടെടുത്ത, വിപ്ലവ ഇതിഹാസം എന്ന നിലയ്ക്ക് എം. എൻ. റോയി പഠിക്കപ്പെടേണ്ടതാണ്. അധിനിവേശത്തിനെതിരെയുള്ള സായുധസമരം സംഘടിപ്പിക്കുന്നതിനാൽ ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാൽ പൂർണമായും രാജ്യംവിട്ടു പോയ റോയ്, മെക്സിക്കോയിൽ കമ്യൂണിസ്റ് പാർട്ടി രൂപീകരണ പ്രവർത്തനങ്ങളിൽ മുൻനിരയിലായിരുന്നു. പിന്നീട് കമ്മ്യൂണിസത്തിന്റെ വിമർശനങ്ങളുമായി മാർക്സിനെ റൊമാന്റിക്കും ഹ്യൂമനിസ്റ്റുമായി വായിച്ചെടുത്തുകൊണ്ടു ന്യൂ ഹ്യൂമനിസം എന്ന ചിന്താപദ്ധതിയും ആദർശവുമാണ് റോയി അംഗീകരിച്ചത്. ഇങ്ങനെയുള്ള ആശയപരമായ മാറ്റങ്ങൾ ആദർശ-രാഷ്ട്രീയ ചിന്തകളിലെ തിരുത്തലുകൾ എന്നിവയൊക്കെ റോയിയെ ഏതെങ്കിലും ഒരു വിഭാഗത്തിൽ ഒതുക്കി നിറുത്താനാവാത്തവിധം വിശാലമായ വ്യക്തിത്വമാക്കിയിരുന്നു എന്നതിനാലുമാവാം ഒരു വിഭാഗത്താലും ഉയർത്തിക്കാണിക്കപ്പെടാതെ അദ്ദേഹം വിസ്‌മൃതികളിലാവുന്നത്. സ്വയം തിരുത്തലുകളും ആശയങ്ങളുടെ നവീകരണവും മനുഷ്യനെ കൂടുതൽ ഔന്നത്യത്തിലേക്കു ഉയർത്തുമെന്നുള്ള യാഥാർഥ്യം ഓർക്കേണ്ടതുണ്ട്. ഒരേ രീതിയിൽ കെട്ടിക്കിടക്കുന്ന ആശയാദർശങ്ങൾ സമൂഹത്തിന്റെയും മനുഷ്യജീവിതത്തിന്റെയും പരിവർത്തനസിദ്ധാന്തത്തെ അതിന്റെ തന്നെ വൈരുദ്ധ്യാത്മകതയിൽ അവഗണിക്കുന്നു.
കമ്മ്യൂണിസത്തിന്റെ വഴി
പ്രധാനമായും എം.എൻ. റോയിയായാണ്. മെക്സിക്കൻ കമ്മ്യൂണിസ്റ്റുപാർട്ടിയിലെ പ്രവർത്തനങ്ങൾ മതിപ്പുളവാക്കിയതിനാൽ, എം.എൻ. റോയി റഷ്യയിലേക്ക് ക്ഷണിക്കപ്പെട്ടു.
മോസ്‌കോയിൽ നടക്കുന്ന കമ്യൂണിസ്റ് ഇന്റർനാഷനലിന്റെ രണ്ടാം ലോകകോൺഗ്രസ്സിലേക്കു ക്ഷണിക്കപ്പെട്ട എം.എൻ.റോയിയെ ലെനിൻ തന്നെ നേരിട്ട് സ്വീകരിച്ചു. പൗരസ്ത്യദേശങ്ങളിലെ കമ്മ്യൂണിസ്റ്റു പ്രചാരണത്തിൽ, പ്രത്യേകിച്ചും ഇന്ത്യയിലേ പ്രചാരണത്തിൽ വലിയ പങ്കുവഹിക്കുവാൻ റോയി നിയുക്തനായി. കൊൽക്കത്തയിൽ പ്രവർത്തിച്ചിരുന്ന വിപ്ലവ രാഷ്ട്രീയ പ്രവർത്തന മേഖലയിൽനിന്നുമുള്ള സുഹൃത്തുക്കളെ റോയി കമ്മ്യൂണിസ്റ്റു പ്രവർത്തനത്തിലേക്ക് കൊണ്ടുവരാനായി ചർച്ചകൾ നടത്തിവന്നു. ഇക്കാലത്തു കൽക്കട്ടയിൽ ഉണ്ടായിരുന്ന റാഡിക്കലുകളായ നാഷണലിസ്റ്റ് പ്രവർത്തകരായ കൂട്ടുകാർ കമ്യൂണിസത്തെ അത്ര ശക്തമായി എതിരേറ്റില്ല എന്നതിനു കാരണം സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിമാർഗം അത്ര പ്രസക്തമായ കാലമായിരുന്നു എന്നതാണ്. റോയ് കൂടുതൽ ലേഖനങ്ങൾ എഴുതുക വഴി ആശയങ്ങളും ആദർശങ്ങളും തത്ത്വങ്ങളും വ്യക്തമാക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രബന്ധങ്ങളും അന്താരാഷ്ട്രതലത്തിലും വളരെയേറെ ശ്രദ്ധനേടി. ‘ദി ഫ്യൂച്ചർ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ്’, ‘റിവൊല്യൂഷൻ ആൻഡ് കൗണ്ടർ റിവൊല്യൂഷൻ’, എന്നിങ്ങനെയുള്ള രചനകൾ പ്രധാനമാണ്.
ഇക്കാലത്തു അദ്ദേഹം ജർമനിയിലും ഫ്രാൻസിലും സഞ്ചരിച്ചുകൊണ്ടിരുന്നു. 1927-ൽ സ്റ്റാലിൻ നിയോഗിച്ചതനുസരിച്ചു ചൈനയിലേക്ക് പോയ റോയ് താമസിയാതെ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളിൽ മോസ്‌കോയിൽ തിരിച്ചെത്തി. മുതലാളിത്തവ്യവസ്ഥിതിയുടെ യഥാർത്ഥമുഖങ്ങൾ അമേരിക്കൻ ജീവിതത്തിനിടെ കണ്ടു മനസ്സിലാക്കുകയും മാർക്സിസം പഠിച്ചു മനസ്സിലാക്കുകയും ചെയ്ത റോയ് ആ തത്ത്വങ്ങൾ ഇന്ത്യയെയും ചൈനയെയും പോലുള്ള കൊളോണിയൽ രാജ്യങ്ങളിൽ നടപ്പാക്കുന്നതിനുള്ള പ്രത്യേകവശങ്ങൾ കോമിന്റെണ്ന്റെ രണ്ടാം കോൺഫെറെൻസിൽ ലെനിനോടൊപ്പം ഒരു തീസിസ് ആയി അവതരിപ്പിച്ചിരുന്നു. അന്ന് അതംഗീകരിക്കപ്പെട്ടതിനുശേഷം പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ അലങ്കരിച്ച റോയിയെ ലെനിൻതന്നെ കമ്മ്യൂണിസത്തിന്റെ കാതലായ പ്രവർത്തകനായി കണ്ടിരുന്നു. എന്നാൽ സ്വതന്ത്രചിന്ത ഉള്ളവരെയും വിമർശനങ്ങൾ ഉന്നയിക്കുന്നവരെയും എല്ലാം പുറത്താക്കുന്ന രീതിയാണ് സ്റ്റാലിൻ അനുവർത്തിച്ചത് എന്ന് കാണാം. പാർട്ടികളുടെ ഘടനാപരമായ സ്വഭാവം, ആധിപത്യമുള്ള നേതാക്കളും അടിമസ്വഭാവം കാണിയ്ക്കുന്ന അണികളും ആയിരിക്കുന്ന പ്രശ്നവും റോയി കൂലംകഷമായി ചിന്തിച്ചു. അടിസ്ഥാനപരമായി മനുഷ്യനെയും മനുഷ്യന്റെ സ്വതന്ത്ര്യത്തിനെയും മുൻനിർത്തിയുള്ള താത്ത്വികമായ തിരുത്തലുകൾ, നിലനിന്നിരുന്ന ഇടത് സംഘടനകളുടെ ആശയാദർശങ്ങൾക്കു വേണമെന്ന് എം എൻ റോയ് കരുതി. അത്തരം പരിവർത്തനാത്മകതത്ത്വം പുതിയ രാഷ്ട്രതന്ത്രശാസ്ത്രത്തിനു അനിവാര്യമാണെന്നും അദ്ദേഹം കരുതി. പാർട്ടികളുടെയും ഭരണകൂടത്തിന്റെയും അധീശവ്യവസ്ഥിതി ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കുന്നതിന് വിഘാതമാണെന്നും എം എൻ റോയ് വ്യക്തമാക്കി. പിന്നീട് റോയിയെ സ്റ്റാലിൻ അത്ര ഗൗനിച്ചില്ല, എന്ന് മാത്രമല്ല 1929-ൽ അദ്ദേഹത്തെ കോമിന്റേൺൽ നിന്ന് പുറത്താക്കുകയും ചെയ്തു. എങ്കിലും ഈ തത്ത്വങ്ങളിൽ ഊന്നിക്കൊണ്ടുള്ള ചിന്തകൾ അവസാന കാലഘട്ടത്തിലും റോയിയെ പിന്തുടർന്നു.
കൊളോണിയൽ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്
തുടർന്ന് ബെർലിനിലേക്ക് പോയ റോയ് 1930-ൽ ഇന്ത്യയിലേക്ക് തിരിച്ചു. ജർമൻ കമ്മ്യൂണിസ്റ് പാർട്ടിയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ എം.എൻ.റോയ് ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നു. കോമിന്റെണ്ൽനിന്ന് പിരിഞ്ഞുവെങ്കിലും കമ്മ്യൂണിസത്തെ പിരിഞ്ഞിരുന്നില്ല എന്നാണ് വി.ബി.കാർണിക് റോയിയെക്കുറിച്ചു പറയുന്നത്. “When Roy returned to India he was a full-fledged communist. He had broken with Comintern but not with Communism. His intention was to organise in the country a real Communist party, a party which would know how to advance towards communism through a national revolution, a party that could think for itself and evolve a program and strategy suitable to the objective conditions in the country.” (Karnik,V. B, M N Roy, National Book Trust,1980.) അക്കാലത്തു മീററ്റ് കമ്മ്യൂണിസ്റ്റ് കോൺസ്പിരസി കേസ് തുടങ്ങിയ പല കേസുകളിലും ഉണ്ടായിരുന്ന കമ്മ്യുണിസ്റ് നേതാക്കൾ പലരും ജയിലിലായിരുന്നു. അന്നത്തെ അൾട്രാ-ലെഫ്റ് പാർട്ടിയിലെ രീതി, നിർദേശങ്ങൾ കോമിന്റേൺ പറയുന്നതു അതുപോലെ അനുസരിക്കണം എന്നതായിരുന്നു. റോയ് വിയോജിച്ചതു ഇക്കാര്യങ്ങളിലാണ്. അങ്ങിനെയാണ് ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തിൽ പ്രവർത്തിക്കാവുന്ന കമ്യുണിസ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നത് റോയ് രൂപീകരിക്കുന്നത്.
എങ്കിലും ദേശീയപ്രസ്ഥാനങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നതിനായി റോയ് നെഹ്രുവിനെയും അംബേദ്കറെയും സുഭാഷ് ചന്ദ്രബോസിനെയുമൊക്കെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തു. 1931-ൽ അറസ്റ്റു ചെയ്യപ്പെട്ട്, ഇന്ത്യയിലെ ജയിലിൽ ആറു വർഷത്തോളം ചെലവഴിക്കുമ്പോൾ റോയ് ആരോഗ്യപരമായി തകർന്നിരുന്നെങ്കിലും, കൂടുതൽ എഴുതുകയും കമ്യുണിസത്തിൽനിന്ന് ഹ്യൂമനിസത്തിലേക്കുള്ള ചിന്ത തുടങ്ങി വെക്കുകയും ചെയ്തു. ദേശീയപ്രസ്ഥാന പ്രവർത്തനങ്ങളിൽ വീണ്ടും ഏർപ്പെട്ടെങ്കിലും അതിലെ വിയോജിപ്പുകൾ കാരണം ജയിൽ വിമുക്തനാനായ റോയ് സജീവ രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്ന് വിട്ടു, പുതിയ ഫിലോസഫിയിലേക്കു തിരിയുകയും റാഡിക്കൽ ഹ്യൂമനിസം എന്ന തത്ത്വത്തെ ഒരു മാനിഫെസ്റ്റോ എന്ന നിലയിൽ എഴുതുകയും ചെയ്തു. മാർക്സിന്റെ കമ്മ്യുണിസ്റ് മാനിഫെസ്റ്റോ പുറത്തു വന്നു നൂറു വര്‍ഷം തികയുമ്പോൾ പുറത്തുവരുന്ന “ന്യൂ ഹ്യൂമനിസം : ഒരു മാനിഫെസ്റ്റോ” എന്ന പുസ്തകത്തെ, തുല്യ പ്രാധാന്യത്തോടെ പഠിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും വേണമെന്നു എം. എൻ. റോയും അദ്ദേഹത്തിന്റെ കൂട്ടുകാരും ആഗ്രഹിച്ചു. ജർമനിയിൽ ഒരുമിച്ചു കമ്യൂണിസ്റ്റു പ്രവർത്തനങ്ങളിലുണ്ടായ എലെൻ ഗോത്ഷാക് ആണ് എം. എൻ. റോയിയുടെ ‘ന്യൂ ഹ്യൂമനിസം’, ‘റീസൺ റിവൊല്യൂഷൻ റൊമാന്റിസിസം’, എന്നീ പുസ്തകങ്ങൾ എഴുതുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ജീവിതപങ്കാളിയായിത്തന്നെ കൂടെ ഉണ്ടായത്.
റാഡിക്കൽ ഹ്യൂമനിസം അഥവാ ന്യൂ ഹ്യൂമനിസം
മാർക്സിസത്തിലും സോഷ്യലിസത്തിലും ഊന്നിക്കൊണ്ടുള്ളതായിരുന്നു റാഡിക്കൽ ഹ്യൂമനിസം. വ്യക്തികൾക്ക് അഥവാ മനുഷ്യന് പ്രാമുഖ്യം കൊടുക്കുന്ന നീതിപൂർവകമായ വ്യവസ്ഥിതിയാകണം പുലർത്തേണ്ടത് എന്നുള്ള അഭിപ്രായം പുതിയ മാനവികതയുടെ (New Humanism) തത്ത്വം അടിവരയിട്ടു പറഞ്ഞു. ഇത് അക്കാലത്തു പാശ്ചാത്യരാജ്യങ്ങളിലെ അസ്തിത്വവാദ താത്ത്വിക ചിന്തയുടെ പ്രതീതി ഉളവാക്കുന്നതായിത്തോന്നാം. എന്നാലും എം. എൻ. റോയിയെ സംബന്ധിച്ച് ഇത് കൂടുതൽ കമ്യൂണിസ്റ്റു സാമൂഹിക-രാഷ്ട്രീയ തത്ത്വത്തിന്റെ രൂപമാണ്. ഇത് അദ്ദേഹം ഇരുപത്തിരണ്ടു തീസിസുകളായി, “ന്യൂ ഹ്യൂമനിസം: എ മാനിഫെസ്റ്റോ” എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. 1946-ൽ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സമ്മേളനത്തിൽ ഈ ഇരുപത്തിരണ്ടു തീസിസ് അവതരിപ്പിച്ചു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ നിന്നും അന്തർദേശീയ കമ്മ്യൂണിസ്റ്റു പാർട്ടിയിൽനിന്നും പിരിഞ്ഞ റോയ് തന്നെ മുൻകൈയെടുത്തു സ്ഥാപിച്ച റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി, റോയിയുടെ റാഡിക്കൽ ഹ്യൂമനിസത്തിന്റെ തീസീസുകൾ മാസങ്ങളോളം ചർച്ച ചെയ്താണ് സമ്മേളനത്തിൽ അവതരിപ്പിച്ചു പാസ്സാക്കിയത്. 1947-ൽ ഇത് വിപുലീകരിച്ചുകൊണ്ടാണ് “ന്യൂ ഹ്യൂമനിസം : എ മാനിഫെസ്റ്റോ” എന്ന പുസ്തകം റോയ് പ്രസിദ്ധീകരിക്കുന്നത്.
നവമാനവികതയുടെ തത്ത്വം റോയ് മുന്നോട്ടു വച്ചത്, സമൂഹത്തിൽ സമൂലമായ പരിവർത്തനം കൊണ്ടുവരാനും പൂർണമായ വ്യക്തിസ്വാതന്ത്ര്യത്തോടെ സോഷ്യലിസവും കമ്മ്യൂണിസവും നടപ്പാക്കാനും സാധിക്കുമെന്ന് പ്രത്യാശിച്ചുകൊണ്ടാണ്. മനുഷ്യനാണ് അഥവാ വ്യക്തിയാണ് (Human individual) സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് എന്നും മനുഷ്യൻ അടിസ്ഥാനപരമായി സ്വതന്ത്ര്യാഭിവാഞ്ഛയുള്ള ജീവിയാണ് എന്നും അതാണ് മനുഷ്യനെ പുരോഗതിയിലേക്കു നയിക്കുന്നത് എന്നും, അതിനായി മനുഷ്യന് യുക്തിപരത (rationality) ഉണ്ട് എന്നുമാണ് റോയിയുടെ ആദ്യത്തെ നാലുതീസിസുകൾ. എട്ടുവരെയുള്ള തീസിസുകൾ, ചരിത്രത്തിന്റെ സാമ്പത്തികാടിസ്ഥാനത്തിലുള്ള താത്ത്വികവത്കരണം ഭൗതികവാദത്തിന്റെ തെറ്റായ അപഗ്രഥനമാണെന്നും, മനുഷ്യനെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്തുന്നതാണെന്നും, മനുഷ്യന്റെ സ്വതന്ത്രേച്ഛ (free will ) സാമ്പത്തികാടിത്തറയിൽ മാത്രമുള്ള ഒന്നല്ല എന്നും, മറ്റു പരിതസ്ഥിതികൾ കണക്കിലെടുക്കേണ്ടതുണ്ട് എന്നും പറയുന്നു. എട്ടാമത്തെ തീസിസിൽ കമ്മ്യൂണിസവും സോഷ്യലിസവും തന്നെയാണ് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വഴിവയ്ക്കുന്നതെന്നും എന്നാൽ വ്യക്തിസ്വാതന്ത്ര്യവും അതിന്റെ നിഷേധവുമല്ല വ്യക്തിയും സംഘവും തമ്മിലുള്ള ഈഗോ ഉണ്ടാക്കുന്നത് എന്നും വ്യക്തമാക്കുന്നു. ഒൻപതാമത്തെ തീസിസിൽ സ്റ്റേറ്റ് എന്ന ജനാധിപത്യസംവിധാനം നിശ്ചയമായും അനിവാര്യമാണെന്നും അതിന്റെ കൊഴിഞ്ഞുപോക്ക് എന്നത് വെറും യൂട്ടോപ്യയാണെന്നും പറയുന്നു. ഇവിടെ റോയ് ഏൻഗൽസുമായി വിയോജിക്കുകയാണ് എന്ന് മനസ്സിലാക്കാം. സോഷ്യലിസം നടപ്പിലായാൽ സ്റ്റേറ്റിന്റെ കൊഴിഞ്ഞുപോക്ക് (withering away of State) ഉണ്ടാകാമെന്നാണ് ഏൻഗൽസ് അഭപ്രായപ്പെട്ടിരുന്നത്. (in, Origin of Family, Private Property and State).
എന്നാൽ സ്റ്റേറ്റിന്റെ ഉടമസ്ഥതയും ആസൂത്രിത സാമ്പത്തികവ്യവസ്ഥയും (planned economy) തൊഴിൽ ചൂഷണത്തെ ഇല്ലാതാക്കാനോ സമ്പത്തിന്റെ തുലമായ വിതരണത്തിന് വഴിയൊരുക്കാനോ ഉതകുന്നതല്ല എന്ന് അടുത്ത തീസിസ് പറയുന്നു. മനുഷ്യനെ അടിമകളാക്കുന്ന സാമ്പത്തിക വ്യവസ്ഥിതിയിൽനിന്ന് തദ്ദേശീയ ചെറുകിട പദ്ധതികളായി സാമ്പത്തികവ്യവസ്ഥിതി മാറണമെന്നാണ് റോയ് കാണുന്നത്. പതിനൊന്നു മുതൽ പതിനാലു വരെയുള്ള തീസിസുകളിൽ റോയ് പാർലമെന്ററി ജനാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രശ്നങ്ങൾ പറയുന്നു. പതിനഞ്ചാമത്തെ തീസിസ്സോടെ വിപ്ലവാത്മകമായ സാമൂഹികതാത്ത്വീകരണത്തിലൂന്നിയ ജനാധിപത്യം മുന്നോട്ടുവയ്ക്കുന്നു. ജനാധിപത്യം സാധ്യമാകുന്നത് ഓരോ മനുഷ്യന്റെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുക വഴിയാണെന്നും അതിനു മനുഷ്യൻ യുക്തിയിലും ശാസ്ത്രത്തിലും (rationality and science) ഊന്നിയ ജീവിതം നയിക്കുന്നതിനു പ്രാപ്തനാവണമെന്നും അതിനു വിദ്യാഭ്യാസം അനിവാര്യമെന്നും പറയുന്നു. ഇത്തരം സ്വത്രന്തരായ യുക്തിയുള്ള വിദ്യാസമ്പന്നരായ മനുഷ്യരാകുകയാണ് സമൂഹപുരോഗതിക്കു അനിവാര്യം എന്നും, അത്തരത്തിലുള്ള സ്വതന്ത്രബുദ്ധിയുള്ള മനുഷ്യനാണു അടിസ്ഥാനപരമായി സമൂഹത്തിൽ പുരോഗതിക്കു കണക്കാക്കപ്പെടേണ്ടത് എന്നും പറഞ്ഞു കൊണ്ടാണ് ഇരുപത്തിരണ്ടാമത്തെ തീസിസ് ഉപസംഹരിക്കുന്നത്. പഴയ ഗ്രീക്ക് ചിന്തകൻ പ്രോട്ടഗോറസ് പറയുന്ന ‘മനുഷ്യനാണ് എല്ലാത്തിനും അളവ്’ (Man is the measure of everything) എന്നതും, ‘മനുഷ്യനാണ് മനുഷ്യകുലത്തിന്റെ വേര്’ (Man is the root of Mankind) എന്ന മാർക്സ് വചനവും, നവമാനവികത-തത്ത്വത്തിന്റെ അവസാനം പരാമർശിക്കുന്നതായിക്കാണാം.
റാഡിക്കൽ ഹ്യൂമനിസം മുന്നോട്ടുവയ്ക്കുന്ന പ്രശ്നം പ്രധാനമായും മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. പൂർണമായും സ്വതന്ത്രമായ മനുഷ്യജീവിതത്തിന്റെ സാധ്യതകൾ തുറന്നിടുന്നു നവമാനവികത. സാമ്പത്തികവ്യവസ്ഥയുടെയോ പാർട്ടിവ്യവസ്ഥയുടെയോ ഭരണകൂടവ്യവസ്ഥിതിയുടെയോ ഒരുഭാഗം എന്നു മാത്രമായി പരിമിതപ്പെടുത്തുമ്പോൾ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടാം. മനുഷ്യൻ മൂല്യവത്തായ ഉത്തരവാദിത്തമുള്ള യുക്തിയുള്ള സ്വതന്ത്രവ്യക്തിയായിരിക്കണമെന്നും, സംഘത്തിന്റെ ഭാഗം എന്ന നിലയ്ക്ക് വിലകല്പിക്കപ്പെടാത്ത അവസ്ഥയുണ്ടാകുകയും ചെയ്യരുത്, എന്നതാണ് നവമാനവികത തത്ത്വം. വിവിധ പാശ്ചാത്യരാജ്യങ്ങളിലെ പാർലമെന്ററിവ്യവസ്ഥയുടെ പരിമിതികൾ കണ്ടുവന്ന റോയിയെ സംബന്ധിച്ചിടത്തോളം, വ്യക്തിസ്വതന്ത്ര്യത്തിലധിഷ്‌ഠിതമായ വ്യക്തമായ തത്ത്വം ഏതു രാഷ്ട്രീയസംഘത്തിനും സാമൂഹിക/ പാർലമെന്ററി വ്യവസ്ഥയ്ക്കും അനിവാര്യമാണ്. പാർട്ടികളും സംഘടനകളും പാർലമെന്ററി സംവിധാനങ്ങളും സ്വേച്ഛാധിപത്യത്തിന്റെയും ഫാസിസിസത്തിന്റെയും സ്വഭാവം കാണിക്കുകയും അംഗങ്ങളെ അടിമകളാക്കുകയും ചെയ്യുനത് റോയിയുടെ നവമാനവികത-തത്ത്വം നഖശിഖാന്തം എതിർക്കുന്നു. ഇത്തരം സ്വതന്ത്രചിന്തയുടെ പേരിൽത്തന്നെയാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള കോമിന്റേൺ 1929-ൽ റോയിയെ പുറംതള്ളുന്നതും. 1930-ൽ ഇന്ത്യയിലെത്തി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും പ്രവർത്തനങ്ങളിൽ ചേർന്നുവെങ്കിലും, പിന്നീട് രണ്ടിൽനിന്നും തിരുത്തലുകളുടെ ചിന്തകളോടെ വഴി മാറിനിന്നിട്ടാണ് റാഡിക്കൽ ഹ്യൂമനിസം എന്ന ചിന്ത റോയ് മുന്നോട്ടുവയ്ക്കുന്നത്. നവമാനവികതയുടെ പുതിയ തത്ത്വവും രാഷ്ട്രീയവും മനുഷ്യന്റെ സമൂലമായ പുരോഗതിക്കുതകുന്നതാണ് എന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നത്.
1940-ൽ രണ്ടാം ലോകമഹായുദ്ധത്തിനു ബ്രിട്ടനെ സഹായിക്കുന്നതിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നതൊരു വ്യവസ്ഥയായി വയ്ക്കുന്നതിനു എതിരഭിപ്രായം വ്യക്തമാക്കിക്കൊണ്ടാണ് റോയ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽനിന്ന് വിട്ടുപോന്നു റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത്. യുദ്ധത്തിലൂടെ ഫാസിസം ലോകമാകെ പിടിച്ചടക്കാൻ ശ്രമിക്കുന്ന അവസരത്തിൽ ഇത്തരം വ്യവസ്ഥകൾ അർത്ഥരഹിതമാണ് എന്നായിരുന്നു റോയിയുടെ അഭിപ്രായം. ഫാസിസത്തിനെതിരെ അണിചേരുന്നതിൽ ലാഭേച്ഛയുടെ വ്യവസ്ഥകൾ പാടില്ല എന്നും ഫാസിസിസത്തിന്റെ തകർച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ഉതകുമെന്നും റോയ് കരുതി. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയിലെയും അണികളുടെയും ഫാസിസത്തിനെതിരെയുള്ള ബ്രിട്ടീഷ് അണികളുടെ വിജയവും സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ മാറ്റങ്ങളും തന്നെയാണ് പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു കാരണമായത് എന്ന് റോയിസ്റ്റുകൾ വാദിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം റോയ് സ്വതന്ത്രഇന്ത്യയുടെ സാമൂഹിക,സാമ്പത്തിക,രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതുകയും അതോടൊപ്പം നവമാനവികതയുടെ തത്ത്വശാസ്ത്രം മുന്നോട്ടുവയ്ക്കുകയും ചെയ്തശേഷമാണ് 1954-ൽ മരണത്തിനു കീഴടങ്ങുന്നത്.