കോർപ്പറേറ്റുകൾ കീഴടക്കുമോ നാടൻകർഷകരെ ? – കേസരി ഹരാവു

ചെറുധാന്യവർഷത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ നിർദേശവും ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനവും നടന്ന സന്ദർഭം അവിശ്വസനീയമല്ലെങ്കിലും കൗതുകമുണർത്താൻ പോന്നതാണ്. കഴിഞ്ഞ ഒരു ദശവർഷത്തിൽ ഭക്ഷ്യ-കൃഷികാര്യങ്ങളിൽ ഇന്ത്യയിലെ സർക്കാരും ഐക്യരാഷ്ട്രസഭയും തമ്മിലുണ്ടാക്കിയ ധാരണകളുടെയും കരാറുകളുടെയും പശ്ചാത്തലത്തിൽ ഈ ആശങ്കകൾ ഏറെ പ്രസക്തമത്രേ.


ഹരിതവിപ്ലവവും ഭക്ഷ്യസുരക്ഷാ പദ്ധതികളും ചെറുധാന്യങ്ങളെ (Millets) നാഗരികമല്ലാത്തവയും നിലവാരമില്ലാത്തവയുമായി  വിലയിരുത്തുകയും അവയെ വിസ്മൃതിയിലേക്കു തള്ളിമാറ്റുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു.എന്നാൽ ഇന്ന്, ആരോഗ്യത്തെക്കുറിച്ച് കൂടുതൽ  അവബോധം നേടിയ നഗരങ്ങളിലെ ഉപഭോക്താക്കൾ, ചെറുധാന്യങ്ങളെ തങ്ങളുടെ ഭക്ഷണത്തിലെ മുഖ്യഇനമായി സ്വീകരിച്ചിട്ടുണ്ട്. അവർക്കുവേണ്ടത്, ജൈവഭക്ഷ്യധാന്യങ്ങളും കാലറി കുറഞ്ഞ, എന്നാൽ പ്രോട്ടീൻ സമ്പന്നമായ ഗ്ലൂറ്റൻ വിമുക്തമായ ഭക്ഷ്യപദാർത്ഥങ്ങളുമാണ്. ഇങ്ങനെ ചെറുധാന്യങ്ങളുടെ ജനസ്വീകാര്യത വർധിച്ചതോടെ കയറ്റുമതിയിലും അവ ഏറെ വളർച്ച നേടുകയുണ്ടായി. കോർപ്പറേറ്റുകളും ബഹുരാഷ്ട്രകമ്പനികളും അവയുടെ വിപണി കൈയടക്കുന്നതിനായി രാജ്യാന്തരസംഘടനകളെയും സർക്കാരുകളെയും അനുകൂലമായ നയപരിപാടികൾ പ്രഖ്യാപിക്കുന്നതിനായി സമീപിക്കുകയും ചെയ്തു. 2022 ഡിസംബർ 6-ാം തീയതി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടന (FAO) 2023 വർഷം ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്‌സ് (ചെറുധാന്യങ്ങളുടെ അന്തർദേശീയ വർഷം) ആയി പ്രഖ്യാപിച്ചു.  2017-ൽ ഇന്ത്യ ഇതിനായി ഉത്സാഹത്തോടെ പ്രവർത്തിക്കുകയുണ്ടായി.


ഇന്ത്യയിൽ പതിറ്റാണ്ടുകളായി, ആദിവാസികളുടെ ഇടയിലും  പാർശ്വവത്കരിക്കപ്പെട്ട കർഷകരുടെയിടയിലും ജൈവകർഷകർക്കിടയിലും പ്രവർത്തിച്ചുവന്നിരുന്ന ബഹുജന സംഘടനകളിൽ ഈ പ്രഖ്യാപനം വലിയ ഉണർവ് സൃഷ്ടിച്ചു. മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്നവർക്കും വരണ്ടപ്രദേശങ്ങളിൽ കൃഷിനടത്തുന്നവർക്കും വലിയ പ്രത്യാശ നല്കി. ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള, ചെറുധാന്യ കർഷകരുടെ സിമ്പോസിയം, ശില്പശാലകൾ തുടങ്ങിയ പ്രചാരണപരിപാടികൾ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ചെറുധാന്യങ്ങളുടെ അന്തർദേശീയവർഷത്തിൽ, ബഹുരാഷ്ട്രകുത്തകകൾ ഈ മേഖലയുമായി ബന്ധപ്പെട്ട വിത്തും വളവും അവയുടെ കുത്തകാവകാശവും ബൗദ്ധികാവകാശവും കൈവശപ്പെടുത്തുമോ എന്ന ആശങ്കയും ഒപ്പം ഉയരേണ്ടതായിരുന്നു. അത്തരം പ്രതികരണങ്ങളൊന്നും, നിർഭാഗ്യവശാൽ ഉണ്ടായില്ല. പാവപ്പെട്ടവരുടെ പ്രധാനപ്പെട്ട ഭക്ഷണമടങ്ങിയ പാത്രം അവരിൽനിന്ന് തട്ടിയെടുത്ത് അത് സമ്പന്ന ഉപഭോക്താക്കൾക്ക് നല്കുമോയെന്ന ആശങ്ക ശക്തമാണ്. ഒരുപക്ഷേ, അത് ഇപ്പോൾത്തന്നെ സംഭവിച്ചുകഴിഞ്ഞോ?


ആശങ്കകൾ, കാരണങ്ങൾ


ആശങ്കകൾ വച്ചുപുലർത്താൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന ഘടങ്ങളെന്താണ്? ചെറുധാന്യവർഷത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ നിർദേശവും ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനവും നടന്ന സന്ദർഭം അവിശ്വസനീയമല്ലെങ്കിലും കൗതുകമുണർത്താൻ പോന്നതാണ്. കഴിഞ്ഞ ഒരു ദശവർഷത്തിൽ ഭക്ഷ്യ-കൃഷികാര്യങ്ങളിൽ ഇന്ത്യയിലെ സർക്കാരും ഐക്യരാഷ്ട്രസഭയും തമ്മിലുണ്ടാക്കിയ ധാരണകളുടെയും കരാറുകളുടെയും പശ്ചാത്തലത്തിൽ ഈ ആശങ്കകൾ ഏറെ പ്രസക്തമത്രേ.


ഇന്ത്യയിലെ 2009-ലെ വിത്തുനിയമത്തിൽ കർഷകനെ ഇങ്ങനെയാണ് നിർവചിച്ചിട്ടുള്ളത്: സ്വന്തമായോ മറ്റുള്ളവരുടെ സഹായത്തോടെയോ കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്നയാളാണ് കർഷകൻ. വിത്തിന്റെവ്യാപാരം വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന വ്യക്തികൾ, കമ്പനികൾ, വ്യാപാരികൾ,  തുടങ്ങിയവരാരും കർഷകന്റെ നിർവചനത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ, 2019-ലെ വിത്തിന്റെ കരടുനിയമം ഈ നിർവചനത്തെ  തള്ളിക്കളയുകയും കൃഷിക്കാരനെന്നാൽ, കൃഷിസ്ഥലം സ്വന്തമായി ഉള്ള ഏതൊരു വ്യക്തിയും കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരുകളോ കർഷകരാണെന്നു പ്രഖ്യാപിക്കുന്ന  വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുമെന്നും വ്യവസ്ഥ ചെയ്തു. കേന്ദ്രസർക്കാർ 2018-ൽ മുംബൈയിൽവച്ച് നാലാം വ്യവസായവിപ്ലവത്തിനുവേണ്ടി വേൾഡ് ഇക്കണോമിക്ക് ഫോറം (World Economic Forum Center for Fourth Industrial Revolution)  സ്ഥാപിച്ചതിനുശേഷമാണിത്. നീതി ആയോഗുമായി ചേർന്ന് നയപരിപാടികൾ ആസൂത്രണം ചെയ്യുകയായിരുന്നു, ഇതിന്റെ ലക്ഷ്യം. ഈ പങ്കാളിത്തമാണ് ഇന്ത്യ @ 75 (INDIA@75) എന്ന പ്രമാണരേഖയ്ക്ക് രൂപം നല്കിയത്. വിവാദമായ കാർഷികനിയമങ്ങളും അതിൽ ഉൾപ്പെടുന്നു.


‘ഏതാണ് ലോകത്തിന് ഭക്ഷണം നല്കുന്ന കൃഷിഭൂമി / കൃഷിഭൂമി കൂടുതൽ കേന്ദ്രീകൃതമായിട്ടുണ്ടോ?” (സാറാ കെ.ലൗഡർ & മറ്റുള്ളവർ, 2021) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഭക്ഷ്യ-കാർഷിക സംഘടനയുടെ  ഗവേഷണപ്രബന്ധത്തിൽ മുകളിൽ വിവരിച്ചതിനു സദൃശമായ ഒരു നിലപാടാണ് കാണാനാവുന്നത്. കുടുംബകൃഷിക്കാർ (family farmer) എന്ന പഴയനിർവചനം മാറ്റിയെഴുതുകയും ചെയ്തു. മുൻപ് ഭക്ഷ്യ-കാർഷിക സംഘടനയും കുടുംബകൃഷിയിടത്തിന്റെ ഐക്യരാഷ്ട്രസഭാ ദശവർഷവും (UN – Decade of the Family Farm) അംഗീകരിച്ചിരുന്ന നിർവചനമായിരുന്നു അത്. ഭക്ഷ്യകാർഷിക സംഘടനയുടെ പ്രബന്ധം അവതരിപ്പിക്കുന്ന കണക്കനുസരിച്ച് ലോകത്തിലെ ചെറുകിട കൃഷിഭൂമിയിൽ നിന്നുള്ള ഭക്ഷ്യോത്പാദനം ലോകത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ 35 ശതമാനം മാത്രമേയുള്ളൂവെന്നും മൊത്തം കൃഷിഭൂമിയുടെ 12 ശതമാനം മാത്രമേ ചെറുകിട കർഷകരുടെ ഉടമസ്ഥതയിൽ ഉള്ളുവെന്നുമത്രേ. ഈ പ്രബന്ധം നിർദേശിക്കുന്നത്, നയവും നിയമവും നിർമിക്കുന്നവർ മുൻഗണനയും പ്രാധാന്യവും നല്കേണ്ടത് വൻകിട ഉത്പാദന യൂണിറ്റുകൾക്കാവണമെന്നാണ്. നേരേമറിച്ച്, അറിയപ്പെടുന്ന മറ്റു ചില സംഘടനകളുടെ കണക്കനുസരിച്ച്, ലോകത്തിലെ 50 ശതമാനം ഭക്ഷ്യവിഭവങ്ങളും ഉത്പാദിപ്പിക്കുന്നത് ചെറുകിട കർഷകരാണെന്നത്രേ. അവർ കൈവശം വയ്ക്കുന്ന കൃഷിഭൂമി മൊത്തം കൃഷിഭൂമിയുടെ മൂന്നിൽ ഒന്നത്രേ. നിലപാടുകളിലെ ഈ മാറ്റത്തിന്റെ പിറകിലെ അജണ്ട വൻകിട അഗ്രി-ബിസിനസ് താത്പര്യങ്ങളെ പിന്താങ്ങുകയെന്നതാണ്. ഇന്ത്യൻകർഷകരുടെ അനുഭവങ്ങൾ ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്.  വിവാദമായ കാർഷികനിയമങ്ങൾ, കൃഷിയുടെ കോർപ്പറേറ്റുവത്കരണത്തെ ത്വരിതപ്പെടുത്താനായിരുന്നു. യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും ആദ്യം ഓർഡിനൻസ് കൊണ്ടുവരുകയം പിന്നീട്, ചർച്ചകൂടാതെതന്നെ പാർലമെന്റ് അത് നിയമമാക്കുകയും ചെയ്തു. ജനാധിപത്യാവകാശങ്ങൾ മിക്കവയും നിഷേധിക്കപ്പെട്ടിരുന്ന കോവിഡ്കാലത്ത് ഈ നിയമം ഒറ്റ രാത്രികൊണ്ട് പാസാക്കിയെടുക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കുകയും ഡൽഹി അതിർത്തികളിൽ ഒരു വർഷം പിക്കറ്റിംഗ് നടത്തുകയും ചെയ്ത കർഷകരെ വികസന വിരോധികളും പിന്തിരിപ്പൻമാരും രാജ്യദ്രോഹികളുമായിട്ടാണ് ഭരണകൂടം വിശേഷിപ്പിച്ചത്. സമരത്തെ അടിച്ചമർത്താനുള്ള എല്ലാ അധാർമിക മാർഗങ്ങൾ പരാജയപ്പെടുകയും നിയമങ്ങൾ പിൻവലിക്കുന്നതിന് സർക്കാർ നിർബന്ധിതമാവുകയും ചെയ്തു. ഈ നിയമം എല്ലാ കാലത്തേക്കുമായി കുഴിച്ചുമൂടപ്പെട്ടുവെന്ന് ഇന്നും പൂർണമായി വിശ്വസിക്കാനാവുന്നില്ല.


ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യ ?


കാർഷിക നിയമങ്ങൾപോലെ ഏകപക്ഷീയമായ നടപടികൾ കൈക്കൊണ്ട  ഒരു സർക്കാർ  ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം  കൈക്കൊളളുന്നത് എന്തിനാണ്?  കോർപ്പറേറ്റുകളെ സഹായിച്ചിരുന്ന നിലപാടിൽനിന്നുള്ള  പിൻമാറ്റമായും  ചെറുകിട കർഷകരെയും ഉപഭോക്താക്കളെയും സഹായിക്കാനുള്ള നീക്കമായും ഇതിനെ കാണുവാൻ കഴിയുമോ ? ചെറുധാന്യങ്ങളുടെ വർഷമായി 2018-നെ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ 2017-ൽ ആവശ്യപ്പെട്ടിരുന്നു. അന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞത്, ചെറുധാന്യങ്ങളുടെ ആഗോളതലത്തിലെ ഉത്പാദനവും ഉപഭോഗവും വിശപ്പിനെതിരെയുള്ള യുദ്ധത്തിലും, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിക്കുമെന്നാണ്.  ചെറുധാന്യങ്ങളുടെ ഉത്പാദനം മൂന്നിരട്ടിയാക്കുകയാണെങ്കിൽ, മനുഷ്യനും മൃഗങ്ങൾക്കുമുള്ള ഭക്ഷണമായും, അതുപോലെ ഇന്ധനമായും മദ്യമായും ഉപയോഗിക്കാനുള്ള അനേകം സാധ്യതകളുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.


”ദ പീപ്പിൾസ് കൺവെൻഷൻ ഓൺ മില്ലെറ്റ്‌സ് ഫോർ മില്യൻസ്” (The Peoples Convention on Millets for Millions) എന്ന പേരിൽ, ഡൽഹിയിൽ ഈ വർഷം നടത്തിയ ജനകീയ കൺവെൻഷനിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകരും ബഹുജനസംഘടനകളും ഗവേഷകരും സർക്കാർ പ്രതിനിധികളുമുണ്ടായിരുന്നു. ഇതിൽ പങ്കെടുത്തവർ കൂട്ടായി നിർദേശിച്ച കാര്യങ്ങളിൽ രാജ്യത്തെ മുഖ്യധാരയിലുള്ള ഉപഭോക്താക്കളിൽ ചെറുധാന്യങ്ങളുടെ ഉപഭോഗം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, അതിനുവേണ്ട നയപരിപാടികൾ, ചെറുധാന്യങ്ങളുടെ കരുതലും പ്രോസസിംഗും ഉൾപ്പെടുന്നു. പൊതുവിതരണ സംവിധാനത്തിലും സംയോജിത ശിശുവികസന പദ്ധതികളിലും ചെറുധാന്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശവുമുണ്ടായി. പ്രാദേശികതലങ്ങളിൽ ഗോഡൗൺ സൗകര്യങ്ങൾ ഉണ്ടാകേണ്ടത് പ്രധാനപ്പെട്ട കാര്യമായി പറഞ്ഞു.  കൃഷിക്കാരുടെയും ഉത്പാദകരുടെയും അതുപോലെ സ്വാശ്രയസംഘങ്ങളുടെയും കൂട്ടായ പ്രവർത്തനം ഇവിടെ നിർണായകമത്രേ. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ സെക്രട്ടറി ഉറപ്പുനല്കിയ ഒരുകാര്യം, ഭക്ഷ്യസുരക്ഷയെ വികേന്ദ്രീകരിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നാണ്. തദ്ദേശീയ ജനസമൂഹത്തിന്റെ പരമ്പരാഗതമായ അറിവും സർവകലാശാലയിലെ വിദഗ്ധരുടെ വിജ്ഞാനസമ്പത്തും ഉപയോഗപ്പെടുത്തുന്നതാണ്. ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള കേന്ദ്രീകൃത നയസമീപനങ്ങളിൽനിന്നുള്ള ഒരു വ്യതിയാനമാണിത്.


എന്നാൽ, നമ്മുടെ നയപരിപാടികളുടെ നടത്തിപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഇവയെല്ലാം വെറും പ്രഭാഷണങ്ങളും അധരവ്യായാമവുമായി അധഃപതിച്ചേക്കാം എന്നും സംശയിക്കാം. എന്നിരുന്നാലും ഇത് യഥാർത്ഥപ്രശ്‌നത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ഒരു തന്ത്രമായി അധഃപതിക്കാതിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. ഈ നിർദേശങ്ങൾ നടപ്പിലായില്ലെങ്കിൽ ചെറുധാന്യങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകരും അവയുടെ ഉപഭോക്താക്കളും ബഹുരാഷ്ട്ര കുത്തകകമ്പനികളുടെയും വൻകിട കോർപറേറ്റുകളുടെയും ദാക്ഷിണ്യത്തിനായി കാത്തുനില്ക്കേണ്ട സാഹചര്യം ഉണ്ടാവും.


സർക്കാരിനെ നയിക്കുന്ന പ്രേരണ അല്ലെങ്കിൽ ഉദ്ദേശ്യം എന്തുതന്നെയായിരുന്നാലും, ഇന്ത്യയിലെ കർഷകരും ഉപഭോക്താക്കളും സുസ്ഥിര വികസന സങ്കല്പത്തിലേക്ക് മടങ്ങിവരികയും ഭക്ഷ്യധാന്യങ്ങളുടെ രാഷ്ട്രീയത്തിൽനിന്നും ഭക്ഷ്യധാന്യങ്ങളുടെ  ലാഭം മുൻനിറുത്തിയുള്ള ബിസിനസിൽ നിന്നും  മോചനം നേടി തങ്ങളുടെ പരമാധികാരം തിരിച്ചു പിടിക്കണം. ഈ ദിശയിലുള്ള കർഷകരുടെ നീക്കത്തെ സർക്കാർ ആത്മാർത്ഥയോടെ പിന്താങ്ങേണ്ടതാണ്. കനാലിലെ ജലംകൊണ്ട് കൃഷിചെയ്യുന്ന ഇടങ്ങളിലെ മണ്ണിന്റെ ഗുണനിലവാരത്തിലെ ഇടിവ്, പ്രകൃതിവിഭവങ്ങൾ വൈവിധ്യത്തോടെ നിലനിറുത്തുന്നതിൽ നേരിടുന്ന വെല്ലുവിളികൾ, ഭക്ഷ്യപോഷകാഹാര മേഖലയിലെ പ്രശ്‌നങ്ങൾ, പാവപ്പെട്ടവർ നേരിടുന്ന ഭക്ഷ്യപ്രശ്‌നങ്ങൾ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ എന്നിവ പരിഹരിക്കുന്നതിന് ഇതാവശ്യമത്രേ. കാർഷികമേഖല മൊത്തത്തിൽ നേരിടുന്നതാണീ പ്രശ്‌നങ്ങളെല്ലാം.  ജനപ്രതിനിധികളെന്ന നിലയിൽ നേതൃത്വം വഹിക്കുന്നവർക്ക് ചെറുധാന്യങ്ങളുടെ കാര്യത്തിൽ നിർണായകമായ പങ്കുവഹിക്കാനുണ്ട്. ഉത്പാദകർ, വിതരണശൃംഖയിലെ പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരിൽ അവബോധം വളർത്തേണ്ടതുണ്ട്. കാർഷിക-ഭക്ഷ്യമേഖലകളിലെ പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തിലും ചെറുധാന്യങ്ങളുടെ വൈവിധ്യം സംരക്ഷിക്കുന്നതിലും അവരിലെല്ലാം അവബോധം സൃഷ്ടിക്കണം. ഈ മേഖലകളിലെ പരമ്പരാഗത വിജ്ഞാനവും പരിപാലിക്കപ്പെടണം. ഇതിനു തടസ്സം നില്ക്കുന്ന നയങ്ങളെ എതിർക്കുകയും വേണം.


ഒരു രാഷ്ട്രമെന്ന നിലയിൽ മാതൃകാപരമായ ഒരു മാറ്റത്തിന് നാം തയാറുണ്ടോ? കർണാടകയിൽ, 2020-ൽ 3 ലക്ഷം മെട്രിക്ക് ടൺ റാഗി കർഷകരിൽനിന്നു സംഭരിച്ചിരുന്നു. എന്നാൽ 2022-ൽ ഇത് 2.25 ലക്ഷം മെട്രിക്ക് ടൺ ആയി കുറഞ്ഞു. ഇക്കാലത്ത് മതപരമായ ധ്രുവീകരണവും വിഭാഗീയതയും ഏറെ വളർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, തുടങ്ങിയ സംസ്ഥാനങ്ങളിലെ  ആദിവാസികൾ ചെറുധാന്യങ്ങൾ കൃഷിചെയ്തിരുന്ന സ്ഥലം ഇന്ന് അവർക്ക് അന്യാധീനമായിരിക്കുന്നു. ആ ഭൂപ്രദേശങ്ങൾ  ഖനന ലോബിയുടെയും മറ്റ് വൻകിട കോർപ്പറേറ്റുകളുടെയും കൈവശത്തിലാണ്. സുസ്ഥിരമല്ലാത്തതും പ്രകൃതിസൗഹൃദവുമല്ലാത്ത വികസനമാണ് അവിടെ നടക്കുന്നത്. യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുമോ എന്ന ഭയത്തിൽ  പലരും മൗനം പാലിക്കുകയാണ്. വർഷങ്ങളായി വിചാരണ കൂടാതെ ജയിലിൽ കഴിയുന്നവരും ഏറെയുണ്ട്. പഞ്ചാബിന്റെ സ്ഥിതിമാത്രം പരിശോധിച്ചാൽ, 3 ലക്ഷം ചെറുകിട കർഷകകുടുംബങ്ങൾ, കഴിഞ്ഞ 10 വർഷത്തിനിടയിൽ കാർഷികവൃത്തി ഉപേക്ഷിച്ച് കർഷകത്തൊഴിലാളികളായോ, നഗരങ്ങളിൽ ജോലിക്കാരായോ തൊഴിലെടുക്കുന്നുണ്ട് എന്നു കാണാനാവും. ചെറുകിട കർഷകർ നേരിടുന്ന സമ്മർദവും നമ്മുടെ അന്നദാതാക്കളായ കൃഷിക്കാർ നേരിടുന്ന വെല്ലുവിളികളും അവസാനിക്കാത്തതാണ്.


ചെറുധാന്യങ്ങൾ ലളിതമായ ഭക്ഷ്യവിഭവങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള അവയുടെ ശക്തി ഒന്നുവേറേതന്നെ. ഇടയ്ക്കിടെ ചൊരിയുന്ന മഴയിൽ അവ നന്നായി വളരും. വളവും കീടനാശിനിയും ശാസ്ത്രീയമായ വലിയ പരിചരണവും ഇടപെടലും അവയ്ക്ക് ആവശ്യമില്ല.  ചെറുധാന്യങ്ങൾ ലോകത്തിലെ വിവിധ ആവാസവ്യവസ്ഥകളിൽ നിലനിന്നുപോരുന്നു. ഇവയെല്ലാം സാധ്യമായത് അവിടത്തെ നാടൻകർഷകരുടെ കരുതൽ കൊണ്ടാണ്. സർക്കാരിന്റെ അവഗണനയെ അതിജീവിച്ചുകൊണ്ടാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പൊതുസ്വത്തായി, പൈതൃകമായി അവ നിലനില്ക്കുന്നത് കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ഉദാത്തമായ മാതൃകയെന്ന നിലയിലാണ്. നൂറ്റാണ്ടുകളായി അവ സമുദായങ്ങളെയും സമൂഹങ്ങളെയും തീറ്റിപ്പോറ്റുന്നു. ലോകം ആഗ്രഹിക്കുന്നത്, ഈ വൈവിധ്യം നിലനില്ക്കണമെന്നും മുതലാളിത്ത വ്യവസ്ഥിതിയുടെ ദുരാഗ്രഹത്തിന്റെ ഇരയായി തിരോഭവിക്കരുതെന്നുമത്രേ.


(മൊഴിമാറ്റം: മാത്യ കുരിശുംമൂട്ടിൽ)