ലോകത്തെ ഊട്ടുന്ന സ്ത്രീകൾ – വന്ദന ശിവ

ഇന്ത്യയിലെ കർഷകരായ സ്ത്രീകൾ വിത്തുകൾ സംരക്ഷിക്കുന്നവരും അവയുടെ പ്രജനനം നടത്തുന്നവരും മാത്രമാണോ?


ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും സ്ത്രീകളത്രേ. കർഷകരെന്നാൽ പുരുഷന്മാരാണെന്ന തെറ്റുദ്ധാരണ കാർഷികനയങ്ങളെ ഇന്നും സ്വാധീനിക്കന്നുണ്ട്. ഒപ്പം, സ്ത്രീകൾ എന്നാൽ വീട്ടമ്മമാരാണെന്ന ധ്വനിയുമുണ്ട്. എന്നാൽ ഇപ്പോഴത്തെ പഠനങ്ങളും സ്ഥിതിവിവരക്കണക്കുകളും സൂചിപ്പിക്കുന്നത് പ്രായപൂർത്തിയായ സ്ത്രീകൾ വീട്ടമ്മമാർ മാത്രമല്ല, സത്യത്തിൽ അവർ കർഷകരും കൂടിയാണെന്നത്രേ. കാർഷികമേഖലയിലെ അവരുടെ സംഭാവനകൾ മികച്ചതാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യം തമസ്‌ക്കരിക്കപ്പെട്ടിരിക്കുകയാണ്. കാർഷികമേഖലയിലെ സ്ത്രീകളുടെ സംഭാവന തിരിച്ചറിയുന്നതിൽ ജനം പരാജയപ്പെടുന്നു. സാമ്പത്തികശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലിൽ ഇവരുടെ സംഭാവനകൾ അധ്വാനമായോ, ‘ഉത്പാദന’മായോ പരിണിക്കപ്പെടുന്നില്ല. (Warming 1988, ശിവ, വി. 1991. ഇന്ത്യയിലെ ഭൂരിഭാഗം കർഷകരും സ്ത്രീകളത്രേ. FAO Design and Print New Delhi)


വിത്തുകളുടെ സംരക്ഷകരും, അവയുടെ പ്രജനനം (മുളപ്പിക്കൽ) നടത്തുന്നവരും ജൈവവൈവിധ്യം നിലനിറുത്താനും അവയെക്കുറിച്ചുള്ള നാട്ടറിവും ജ്ഞാനവും സംരക്ഷിക്കുന്നവരുമാണ് സ്ത്രീകൾ. കാർഷികവൃത്തിയെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നതിലെ പ്രശ്‌നങ്ങൾ ഉരുത്തിരിയുന്നത്, കാർഷികമേഖലയിൽ പ്രവൃത്തി എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിന്റെ കുറവുമൂലമായ, പ്രത്യുത, ഒത്തിരി സ്ത്രീകൾ ഒത്തിരി അധ്വാനിക്കുന്നു എന്നതിനാലാണ്. 


ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ അഗ്രിബിസിനസ്സ് എപ്രകാരമാണ് മൂന്നാം ലോകത്തിലെ കർഷകരായ സ്ത്രീകളെ ബാധിക്കുക?


വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷിയുടെ അടിസ്ഥാനം തെറ്റായ ഈ ചിന്തയത്രേ: കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും ജനങ്ങളെ തീറ്റിപ്പോറ്റുന്നതിനും ഇതാവശ്യമാണ്. ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്ന വിവിധ തലങ്ങളുണ്ട്. ഭക്ഷ്യ കാർഷിക സംഘടന (FAO) യുടെ കണക്കനുസരിച്ച്, നാം കഴിക്കുന്ന ഭക്ഷണത്തിന്റെ 20 ശതമാനം മാത്രമേ വ്യാവസായിക കൃഷിയിടത്തിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. സിംഹഭാഗവും ചെറുകിടകർഷകരുടെ സംഭാവനയത്രേ.


മൂന്നര പതിറ്റാണ്ടായി ഞാൻ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണം കാണിക്കുന്നത്, ലോകത്തിനുവേണ്ട ഭക്ഷണം പ്രദാനം ചെയ്യുന്നതിനുള്ള മാർഗം ജൈവവൈവിധ്യം നിലനിറുത്തുക എന്നതാണ്. ഏകവിള കൃഷിയിലൂടെ, അരിയും ഗോതമ്പും ധാന്യങ്ങളും സോയാബീൻസും നന്നായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, അവ ഏറെയും ഗോഡൗണുകളിൽ കിടന്നു നശിക്കുകയോ, മൃഗങ്ങൾക്കും ഭക്ഷണമായോ, ജൈവഇന്ധനമായോ ഉപയോഗിക്കപ്പെടുന്നു.


പോഷകശൂന്യവും വിഷം കലർന്നതും ചെലവേറിയതുമായ ഏകവിള കൃഷിയുടെ ഏക്കർ ഒന്നിനുള്ള വിളവ് കണക്കാക്കുന്ന രീതിയിൽനിന്ന് വൈവിധ്യമാർന്ന വിളകളുടെ ഏക്കറൊന്നിനുള്ള പോഷകഗുണം അളക്കുന്ന ശൈലിയിലേക്ക് നാം മാറേണ്ടതുണ്ട്. ജൈവവൈവിധ്യ സങ്കല്പം മാതൃകയുടെ മാറ്റമനുസരിച്ച് ഏക്കറൊന്നിനുള്ള പോഷകാംശം അഥവാ, ഏക്കറൊന്നിനുള്ള ആരോഗ്യം എന്നതായിരിക്കണം മാനദണ്ഡം.


ജൈവവൈവിധ്യത്തിലധിഷ്ഠിതമായ ഉത്പാദനക്ഷമതയുടെ കാഴ്ചപ്പാടിൽ ‘നവ്ധാന്യം (9 ധാന്യം) ജൈവവൈവിധ്യത്തിന്റെ മാനദണ്ഡം ഏക്കർ ഒന്നിനുള്ള പോഷകഗുണം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ തദ്ദേശീയ ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ ചെയ്തതനുസരിച്ചാണ് കണക്കാക്കുന്നത്.


ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ടും നാട്ടറിവുകൾ വിസ്മൃതിയിലാണ്ടുപോകാതെ തലമുറകളിലേക്കു പകർന്നുകൊണ്ടും ഭൂമിയെ കൂടുതൽ ഉത്പാദനക്ഷമമാക്കുക എന്നതാണ് സ്ത്രീകൾ ലോകത്തിന് ഭക്ഷ്യപദാർത്ഥങ്ങൾ നല്കുക വഴി ചെയ്യുന്ന ധർമം. അതുപോലെത്തന്നെ, ഭൂമി കേന്ദ്രിതവും സ്ത്രീകേന്ദ്രിതവും ആയ ഒരു സമീപനം വിത്തിനോടും ഭക്ഷ്യവസ്തുക്കളോടും കാർഷിക സമ്പ്രദായങ്ങളോടും അവർ വച്ചുപുലർത്തുകയും ചെയ്യുന്നു.


കൃഷി, വിത്തുകൾ, ഭക്ഷണം, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളിലുള്ള സ്ത്രീപുരുഷ അസമത്വവും അതിലെ രാഷ്ട്രീയവും ഇന്ത്യയിലെ ഗ്രാമീണസ്ത്രീകളുടെ അസ്തിത്വത്തെത്തന്നെ ഏതു വിധത്തിലാണ് ബാധിക്കുക?


വിത്തുമുതൽ ഡൈനിംഗ് ടേബിൾ വരെയുള്ള പ്രക്രിയകളിൽ വ്യാവസായിക ഭക്ഷ്യസംവിധാനങ്ങൾ എല്ലാം പ്രകൃതിയുടെയും സ്ത്രീകളുടെയും അവകാശങ്ങളെ ഹനിക്കുന്നുണ്ട്. വിത്തുകളുടെയും ബഹുരാഷ്ട്രകുത്തക കമ്പനികളുടെയും മേലുള്ള നിയന്ത്രണം ദുർബലമാവുകയും ഈ നിയന്ത്രണം തന്നെയും കമ്പനികളെ ആശ്രയിച്ചുള്ളതാവുകയും ചെയ്യുമ്പോൾ, കർഷകർ കടക്കെണിയിൽ അകപ്പെടുകയും ചെയ്യുന്നു. അവരിൽ പലരും ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാവുകയും അതുവഴി അനേകം വിധവകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. വ്യാവസായിക ഭക്ഷ്യസംവിധാനങ്ങളെല്ലാം, ആരോഗ്യപ്രദമായ ഭക്ഷ്യസംസ്‌കരണ മേഖലയിലെ സ്ത്രീകളുടെ സേവനത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വ്യാവസായിക ഭക്ഷ്യമേഖലയാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ സൃഷ്ടിക്കുള്ള 50 ശതമാനവും പ്രദാനം ചെയ്യുന്നത്. അതിസൂക്ഷ്മമായ ഭക്ഷ്യസംസ്‌കരണ പ്രക്രിയ (Ultra progressed food) തന്നെയാണ് സമൂഹത്തെ ബാധിക്കുന്നതും നീണ്ടുനില്ക്കുന്നതുമായ 75 ശതമാനം രോഗങ്ങളുടെയും ഉത്തരവാദി.


ജൈവവൈവിധ്യം വളർത്തുക വഴി ആരോഗ്യവും വളർത്തുകയാണ് ഗ്രാമീണസ്ത്രീകൾ ചെയ്യുന്നത്. മണ്ണിലെയും വയലുകളിലെയും ജൈവവൈവിധ്യം, ഭക്ഷണത്തിലെ ജൈവവൈവിധ്യം നമ്മുടെ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥയെ പോഷിപ്പിക്കുകയും ആരോഗ്യത്തെ പരിരക്ഷിക്കുകയും ചെയ്യുന്നു. മണ്ണും മരങ്ങളും നമ്മുടെ കുടലും തലച്ചോറുമെല്ലാം തമ്മിൽ ഗാഢമായ ഒരു ബന്ധമാണുള്ളത്. കോടാനുകോടി ബാക്ടീരീയകളുടെ സൂക്ഷ്മണാണു വ്യവസ്ഥയാണ് നമ്മുടെ കുടൽ. നമ്മുടെ ഈ ഭൂമിയിലെ മൊത്തം ജനസംഖ്യയുടെ ഒരു ലക്ഷം ഇരട്ടിയിലധികം സൂക്ഷ്മജീവികൾ നമ്മുടെ കുടലിലുണ്ട്. ആരോഗ്യത്തോടെ പ്രവർത്തിക്കുന്നതിന് കുടലിലെ സൂക്ഷ്മാണു വ്യവസ്ഥയ്ക്ക് വൈവിധ്യമാർന്ന ഭക്ഷണം അത്യന്താപേക്ഷിതമാണ്. വിവിധങ്ങളായ ഭക്ഷണത്തിന് നമ്മുടെ കൃഷിയിടങ്ങളും തോട്ടങ്ങളും വൈവിധ്യമുള്ളവയാവണം. അനാരോഗ്യത്തിനുള്ള പ്രധാന കാരണം ഈ ഭക്ഷ്യവൈവിധ്യത്തിന്റെ ഇല്ലായ്മയത്രേ.


ജൈവവൈവിധ്യമുള്ള ജൈവകൃഷിയിലൂടെ മണ്ണിന്റെ ജൈവവൈധ്യത്തെയും മണ്ണിന്റെ ആരോഗ്യത്തെയും വർധിപ്പിക്കുന്നു.


ആരോഗ്യമുള്ള മണ്ണിന്റെ പ്രത്യേകതയാണ് അതിന്റെ ജൈവവൈവിധ്യം. ഒരു  ഗ്രാം ജൈവമണ്ണിൽ 30,000 പ്രോട്ടോസോവയും 50,000 ആൽഗയും 4 ലക്ഷം ഫംഗസുകളുമുണ്ട്, ഒരു ടീസ്പൂൺ ജൈവമണ്ണിൽ 1 ബില്യൺ ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. (100 കോടി) ഏക്കറൊന്നിന് ഇത് ഒരു ടൺ എന്ന് കണക്കാക്കാം. ഒരു ചതുരശ്ര ക്യുബിക്ക് മീറ്റർ മണ്ണിൽ 1000 മണ്ണിരകളും, 50,000 പ്രാണികളും, 100 കോടി വിരകളും (Round worms) ഉണ്ട്.


ജൈവമണ്ണ് അഥവാ വളമണ്ണ് എന്നർഥമുള്ള ലത്തീൻ പദമാണ്. ‘Humus’. Human എന്ന പദത്തിന്റെ ധാതുവും ഒന്നുതന്നെ. നാം മണ്ണുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ് ആരോഗ്യപ്രദമാണെങ്കിൽ സമൂഹവും ആരോഗ്യമുള്ളതായിരിക്കും. മണ്ണ് രോഗഗ്രസ്ഥമാകുമ്പോൾ, മരുഭൂമിവത്കരണം നേരിടുമ്പോൾ സമൂഹവും രോഗഗ്രസ്ഥമാകും. മണ്ണിന്റെ മരുഭൂമിവത്കരണമെന്നത് മണ്ണിലേക്ക് ജൈവപദാർഥങ്ങൾ തിരിച്ചുകൊടുക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് നില്ക്കുന്നത്. വളക്കൂറുള്ള മണ്ണിന് അതിന്റെ ഭാരത്തിന്റെ 90 ശതമാനവും ജലമായിത്തന്നെ നിലനിറുത്താനാവും. ജീവദായകമായ മണ്ണ് ജലത്തിന്റെയും പോഷകങ്ങളുടെയും വലിയ ഒരു സംഭരണിയത്രേ.


എന്നാൽ സത്യത്തിൽ, സ്വർണ അരി (Golden Rice) ലഭ്യമായ മറ്റിനം അരിയുമായി താരതമ്യം ചെയ്യുമ്പോൾ ഗുണമേന്മ കുറഞ്ഞതത്രേ. സ്വർണ അരിക്കുവേണ്ടി വാദിക്കുന്നവർപോലും സമ്മതിക്കുന്ന കാര്യമാണ്, ഒരു ഗ്രാം അരിയിൽ 35 മൈക്രോഗ്രാം വൈറ്റമിൻ മാത്രമേയുള്ളൂവെന്നത്. ജൈവവൈവിധ്യവും എക്കളോജിക്കൽ കൃഷിയും നമുക്കു പ്രദാനം ചെയ്യുന്ന ഇതര ഇനം നെല്ലുകൾക്ക് ഗോൾഡൻ അരിയേക്കാൾ 350 ശതമാനം മുതൽ 600 ശതമാനം വരെ കൂടുതലായി വിറ്റാമിൻ എ പ്രദാനം ചെയ്യാനാവും. ഇന്ത്യയിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന മുള്ളൻ ചീര 100 ഗ്രാമിന് 14190 മൈക്രോഗ്രാം വിറ്റാമിൻ എ ഉണ്ട്. മുരിങ്ങക്കായിൽ ഇത് 19.690 ഉം. ചീരയിൽ 5580 ഉം. കാരറ്റിൽ 6460 ഉം ആണിത്. എന്നാൽ, ഗോൾഡൻ റൈസിൽ ഇത് 3500 മൈക്രോഗ്രാം മാത്രമാണ്. ഇക്കാര്യമെല്ലാം അറിയുന്നത് സ്ത്രീകൾക്കാണ്. ഈ ശീലങ്ങളെയെല്ലാം തകിടം മറിക്കുകയാണ്. ഇന്ന് കോർപറേറ്റുകൾ ചെയ്യുന്നത്. വിറ്റാമിൻ എയുടെ ലഭ്യതയെ ഇത് ബാധിക്കും. ഒപ്പം, കോർപ്പറേറ്റുകളുടെ ലാഭം വർധിക്കുകയും ചെയ്യും.


ഇരുമ്പ് സമ്പുഷ്ടമായ ഏത്തപ്പഴം എന്നത് ഒരു യാഥാർഥ്യമല്ല. അതൊരു മിത്താണ്. ക്വീൻസ്‌ലന്റ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ജെയിംസ് ഡെയിൽ അവകാശപ്പെടുന്നത്. ഉഗാണ്ടയിലെ ഇരുമ്പ് സമ്പുഷ്ടമായ ഏത്തപ്പഴത്തിന് പ്രസവത്തെത്തുടർന്നുണ്ടാകുന്ന മാതാവിന്റെ മരണം തടയാനാവുമെന്നാണ്. അനീമിയ തടയുന്നതിന് ഇതുപകരിക്കുമത്രേ. ജിഎം 100 ഗ്രാം ഏത്തപ്പഴത്തിന് 2 മൈക്രോഗ്രാം മുതൽ 3 മൈക്രോഗ്രാം വരെ ഇരുമ്പ് നല്കാനാവും. എന്നാൽ ഇനിയും എത്രയോ അധികം ഇരുമ്പ് സമ്പുഷ്ടമാണ് നമ്മുടെ നാടൻ ഭക്ഷണ പദാർഥങ്ങൾ. ഉദാ: മുള്ളൻ ചീര, അരിയുടെ തവിട്, മാങ്ങാപ്പൊടി, വിറ്റാമിൻ സി-യോടൊപ്പം കഴിക്കുമ്പോൾ ഇരുമ്പിന്റെ ആഗിരണം ഉയർന്ന തോതിലാകും. നമ്മുടെ ചട്‌നിയും വിറ്റാമിൻ സി സമ്പന്നമാണ്. ഇത്തരം അറിവുകളെ കുറച്ചുകാണരുത്.


നമ്മുടെ വല്യമ്മമാരുടെ ജ്ഞാനം തലമുറകളിലൂടെ നേടിയതാണ്. അത് പ്രകൃതിയുടെ ശക്തിയെയും ജൈവവൈവിധ്യത്തെയും കണക്കിലെടുത്തുകൊണ്ടുള്ളതാണ്. പേറ്റന്റ് അവകാശവും ബൗദ്ധികസ്വത്തവകാശവും ലക്ഷ്യമാക്കി. ജീനുകളെ കൈകാര്യം ചെയ്തുകൊണ്ട്, പ്രകൃതിവിരുദ്ധമായി ഉണ്ടാക്കുന്ന വസ്തുക്കളാണ് നമുക്ക് ‘ജീവനും, ഭക്ഷണവും പോഷണവും സൃഷ്ടിക്കുന്നത് എന്ന് അവകാശപ്പെടുന്നത് അടിസ്ഥാനരഹിതമാണ്.


ഭക്ഷ്യസുരക്ഷയും കൃഷിയുടെ വികസനവും ലക്ഷ്യമാക്കി ഇന്ത്യയിലെ സ്ത്രീകൾ ചെയ്യുന്ന സംഭാവനകളുടെ ഏതാനും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാമോ?