അർണോസ് പ്രബുദ്ധതയെ തിരിച്ചുപിടിക്കുക – വി. യു. സുരേന്ദ്രൻ
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് മൗലിക സംഭാവനകൾ നല്കിയ തുഞ്ചത്ത് എഴുത്തച്ഛൻ, പൂന്താനം എന്നിവർക്കൊപ്പം പരിഗണിക്കേണ്ട പ്രതിഭാധനനായ കവിയും പണ്ഡിതശ്രേഷ്ഠനുമാണ് മലയാളത്തിലെ ക്രൈസ്തവഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ അർണോസ് പാതിരി. കേരളീയസമൂഹത്തെ സമുദ്ധരിക്കാൻ ശ്രമിച്ച ഭക്തിപ്രസ്ഥാനകാലത്തെ കവിത്രയമായി ഈ മഹാകവികളെ നാം തിരിച്ചറിയേണ്ടതാണ്. ഈ അർത്ഥത്തിൽ എഴുത്തച്ഛനോടും പൂന്താനത്തിനോടുമൊപ്പം അർണോസ് പാതിരിയെ അടയാളപ്പെടുത്തുവാൻ നമ്മുടെ സാഹിത്യചരിത്രകാരന്മാർ തയാറാവുകതന്നെ വേണം.
കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തിലും മലയാള സാഹിത്യമണ്ഡലത്തിലും ക്രൈസ്തവ ആത്മീയ മൂല്യങ്ങളിലും അധിഷ്ഠിതമായ പുതിയൊരു ഭക്തിപ്രസ്ഥാനത്തിനും തികച്ചും വ്യതിരിക്തമായൊരു ഭാവനാ പാരമ്പര്യത്തിനും അർണോസ് പാതിരി പ്രാരംഭം കുറിക്കുകയുണ്ടായി. ക്രൈസ്തവ ആത്മീയതയിൽ അടിയുറച്ച പുതിയൊരു ഭാവുകത്വത്തിനു അതു വഴിതുറക്കുകയുണ്ടായി. ‘അർണോസ് പാതിരിയും മലയാള ഭാവനയും’ എന്ന ലേഖനത്തിൽ വി.ജി.തമ്പി ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു. ബൈബിൾ അവതരിപ്പിച്ച പുതിയ മാനവികത, ഭൗതികവും ആത്മീയവുമായ ധർമസന്ദിഗ്ദതകൾ, സഹനം, പാപം, മാനസാന്തരം, ബലി, രക്തസാക്ഷിത്വം, ദൈവമാതൃത്വം, നരകം, മോക്ഷം, സ്‌നേഹം, കരുണ എന്നിങ്ങനെ അനുഭവത്തിന്റെ ഭിന്നതലങ്ങൾ മലയാളം ആദ്യമായി അനുഭവിച്ചുതുടങ്ങുന്നത് അർണോസ് പാതിരിയുടെ കവിതകളിലൂടെയാണ്. തീർത്തും വ്യത്യസ്തവും മൗലികവുമായ നൈതികാദർശം ആ കവിതകൾ മുന്നോട്ടു വച്ചു. ബെബിളിന്റെ ഔദ്യോഗികവായനകൾക്കപ്പുറം ഭാവനയുടെ ഒരു അപരജന്മം ആ കവിതകളെ നിത്യനവീനമാക്കി നിറുത്തി (പീറ്റർ കണ്ണമ്പുഴ, എഡി: മേൽഗ്രന്ഥം, പുറം, 42). ന്യായപ്രമാണം, ജന്മദോഷം, മുപ്പത് വെള്ളിക്കാശ്, വിലക്കപ്പെട്ട കനി, മുൾമുടി, കുരിശുമരണം, പറുദീസ, മാമ്മോദീസ, ആദം ചെയ്ത പിഴ തുടങ്ങിയ ക്രൈസ്തവമായ ചിഹ്നങ്ങളും ശൈലികളും ഈശോ, പത്രോസ്, പീലാത്തോസ്, ഗബ്രിയേൽ, യാക്കോബ്, യോഹന്നാൻ, യൗസേപ്പ്, മറിയം തുടങ്ങിയ ക്രൈസ്തവനാമങ്ങളും കേരളീയ ജീവിതത്തിലും മലയാളസാഹിത്യലോകത്തും കടന്നുവന്നത് പാതിരിയുടെ കൃതികളിലൂടെയാണ്. അർണോസിനുമുമ്പ് നമ്മുടെ സാംസ്‌കാരികരംഗത്ത് ക്രൈസ്തവരുടേതായി കുറേ ഗാനങ്ങൾ ഉണ്ടായിരുന്നു. അതുപോല മാർഗംകളിയും ചവിട്ടുനാടകവും റമ്പാന്റെ പാട്ടുകളും ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു. പക്ഷേ, അവയെല്ലാം ക്രൈസ്തവസമുദായത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിനില്ക്കുന്നതായിരുന്നു. സമുദായത്തിന്റെ അതിർത്തികൾക്കപ്പുറത്ത് കേരളത്തിന്റെ സാംസ്‌കാരികമേഖലയിൽ അവയൊന്നും അടയാളപ്പെട്ടിരുന്നില്ല. അർണോസിന്റെ കൃതികളാണ് ഈ മേഖലയിൽ വലിയൊരു ദിശാവ്യതിയാനത്തിന് തുടക്കം കുറിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അക്കാലത്ത് കേരളത്തിലെ ഉന്നതശ്രേഷ്ഠരായ പണ്ഡിതന്മാരും തൃശ്ശിവപ്പേരൂർ സര്‍വകലാശാലയിലെ അധ്യാപകരുമെല്ലാമായി ബന്ധംസ്ഥാപിച്ച് സംസ്‌കൃതഭാഷയും സാഹിത്യവും മലയാളസാഹിത്യവും അദ്ദേഹം ആഴത്തിൽ മനസ്സിലാക്കി. ഇവരുമായുള്ള നിത്യസമ്പർക്കവും ആശയസംവാദങ്ങളുമാണ് സംസ്‌കൃതം, മലയാളം ഭാഷകളിൽ നിഘണ്ടുക്കളും വ്യാകരണഗ്രന്ഥങ്ങളും എഴുതാൻ പാതിരിയെ പ്രാപ്തനാക്കിയത്. കാവ്യരചനയിലും സംസ്‌കൃതം, മലയാളം ഭാഷാശാസ്ത്രത്തിലും വാസ്തുവിദ്യയിലും നാടോടിവിജ്ഞാനീയത്തിലും മാത്രമല്ല, സംസ്‌കൃതഭാഷയെയും സാഹിത്യത്തെയും യൂറോപ്പിൽ പ്രചരിപ്പിച്ച പ്രഥമ ഇൻഡോളജിസ്റ്റ് എന്ന നിലയിലും അദ്ദേഹം സാംസ്‌കാരികരംഗത്ത് പതിപ്പിച്ച മുദ്രകൾ മായാത്തതാണ്. ഈ അർത്ഥത്തിൽ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെയും സാംസ്‌കാരികമണ്ഡലത്തിൽ കത്തിജ്വലിച്ചുനില്ക്കുന്ന ഒരു അക്ഷരസൂര്യനാണ് അർണോസ് പാതിരി. ഡോ.സുകുമാർ അഴീക്കോട് രേഖപ്പെടുത്തിയപ്പോലെ അർണോസ് എന്നു പറഞ്ഞാൽ വെള്ളം. അർണസ് ഉള്ളത് അർണവം. അതായത് സമുദ്രം. പാണ്ഡിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും വലിയ ഒരു സമുദ്രം തന്നെയായിരുന്നു പാതിരി. (എക്‌സ്പ്രസ്സ് ദിനപത്രം, 1991 മാർച്ച് 31). തികച്ചും സത്യസന്ധവും കൃത്യവുമായ ഒരു വിലയിരുത്തൽ തന്നെയാണ് ഇത്. സംസ്‌കൃതഭാഷയിലെ പ്രൗഢങ്ങളായ സിദ്ധരൂപം, പാണിനീയം, അമരകോശം എന്നിവയെ അടിസ്ഥാനമക്കി പാതിരി രചിച്ച സംസ്‌കൃത വ്യാകരണം തുടങ്ങിയ മഹത്തായ രചനകളുടെ ചരിത്രമൂല്യം ആദ്യം തിരിച്ചറിഞ്ഞതും ആ കൃതികളെ പാശ്ചാത്യർക്ക് പരിചയപ്പെടുത്തിയതും പൗളിനോസ് പാതിരിയാണ്. വളരെ വൈകിയാണ് പാശ്ചാത്യലോകം പാതിരിയുടെ സംസ്‌കൃത നിഘണ്ടുവും വ്യാകരണവും തിരിച്ചറിഞ്ഞത്. അല്ലെങ്കിൽ യൂറോപ്പിലാകെ അറിയപ്പെടുന്ന പ്രസിദ്ധ ഇൻഡോളജിസ്റ്റും മാക്‌സ്മുള്ളറെക്കാൾ സമുന്നതനായ സംസ്‌കൃത പണ്ഡിതനുമായി അദ്ദേഹം മാറുമായിരുന്നു.
സംസ്‌കാരസമന്വയത്തിന്റെ പ്രഭാതനക്ഷത്രം
അർണോസ് പാതിരിയുടെ കൃതികളിലെ മൗലികമായ സവിശേഷത സംസ്‌കാര സമന്വയമാണ്. അദ്ദേഹത്തിന്റെ മുഴുവൻ കൃതികളിലും ഭാരതീയസംസ്‌കാരത്തിന്റെയും ക്രൈസ്തവസംസ്‌കാരത്തിന്റെയും പ്രകാശഗോപുരങ്ങൾ ജ്വലിച്ചുനില്ക്കുന്നതു കാണാം. സാംസ്‌കാരികമായ അസ്‌പൃശ്യതയല്ല, സമന്വയമാണ് കേരളത്തിന്റെ ആവശ്യമെന്നു അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. മലയാളം, സംസ്‌കൃതം ഭാഷകളിലെ മഹത്തായ കൃതികളെല്ലാം വായിച്ചു മനസ്സിലാക്കിയ പാതിരി ആ സാംസ്‌കാരികപാരമ്പര്യത്തെ തന്റെ കവിതകളിൽ പ്രയോജനപ്പെടുത്തുന്നു. ക്രൈസ്തവസംസ്‌കാരവും ആതമീയദർശനങ്ങളും കേരളീയവും ഭാരതീയവുമായ സംസ്‌കാരത്തിൽ ലയിപ്പിച്ചെടുത്താണ് പാതിരി കാവ്യങ്ങൾ രചിച്ചത്.
ഭാരതീയ സങ്കല്പമനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തെ നാല് അവസ്ഥകളായി തിരിക്കാം.ബഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം. ഇതു തികച്ചും ഭാരതീയമായൊരു സങ്കല്പമാണ്. എന്നാൽ ഈ സങ്കല്പം പാതിരി ജനോവപര്‍വത്തിൽ പ്രയോജനപ്പെടുത്തുന്നതുകാണാം. അതിൽ സിപ്രോ രാജാവ് തന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നെല്ലാം പിൻമാറി രാജ്യഭാരം മകനെ ഏല്പിച്ച് വനവാസത്തിനു പോകുന്ന ഒരു രംഗം കവി ചിത്രീകരിക്കുന്നുണ്ട്. പാശ്ചാത്യമായ കഥാവതരണത്തിലെ രാജാവ് വനവാസത്തിനുപോകുന്നത് അവതരിപ്പിക്കുന്ന പാതിരി ഭാരതീയ ക്രൈസ്തവസംസ്‌കാരസമന്വയത്തിന്റെ സാധ്യതകളാണ് അന്വേഷിക്കുന്നത്. ജനോവപര്‍വത്തിൽ നീതിസാരത്തിന്റെയും മനുസ്മൃതിയുടെയും സ്വാധീനങ്ങൾ പ്രകടമാണ്.
പാതിരിയുടെ മലയാളം-പോർച്ചുഗീസ് നിഘണ്ടുവിൽ, അച്യുതൻ, അഗസ്ത്യൻ, അഹല്യ,അംബിക,അനന്തൻ, അസുരൻ,ബാലി, ബാണൻ,ബ്രഹ്മാവ്,ഭദ്രകാളി,ശിവൻ,വിഷ്ണു,പാര്‍വതി,ഭരതൻ, ഭീഷ്മൻ, ഭീമസേനൻ, ദ്രോണർ, ദുർഗ, കൃഷ്ണൻ,കുംഭകര്‍ണൻ,സുബ്രഹ്മണ്യൻ,ഗന്ധര്‍വൻ,ഗണപതി,ഗാണ്ഡീവം,കൈലാസം,ഹനുമാൻ,ഇന്ദ്രൻ,ദാരുകൻ,കാളിന്ദി,ഗംഗ,കര്‍ണൻ,ബലഭദ്രൻ തുടങ്ങിയ പുരാണേതിഹാസങ്ങളിലെ നാമങ്ങളും സംജ്ഞകളും നിരവധിയാണ്. പൗരാണികഭാരതത്തിന്റെ ഇതിഹാസകഥകൾ,വേദോപനിഷത്തുകൾ,പുരാണങ്ങൾ തുടങ്ങിയവയിലെ കഥാപാത്രങ്ങളെയും പൗരാണിക സാഹിത്യകൃതികളെയും യൂറോപ്യർക്കു പരിചയപ്പെടുത്തുന്നിനുവേണ്ടി നിഘണ്ടുവിൽ പാതിരി ബോധപൂർവം നടത്തിയ സർഗാത്മക പരിശ്രമങ്ങളുടെ പ്രത്യക്ഷതെളിവുകളാണ് ഇവ. ദേവൻ, ദേവി തുടങ്ങിയ ഈശ്വര പര്യായങ്ങൾ, ഭൂതനാഥൻ, ഭോഗം, വിഷയം, സംസ്‌കാരം, ഭവാബ്ധി തുടങ്ങിയ പദങ്ങൾ, ദേവാനുഗ്രഹതാരം, ദേവകല്പന, ദേവസൂര്യൻ തുടങ്ങിയ പ്രയോഗങ്ങൾ എല്ലാം പാതിരിയുടെ കൃതികളിൽ സുലഭമാണ്. ഉമ്മാപര്‍വത്തിൽ പരിശുദ്ധമറിയത്തെ ദേവസുമറിയമേ(ദേവനെ പ്രസവിച്ച മറിയമേ) എന്നു സംബോധന ചെയ്യുന്നതു കാണാം. അതുപോലെ പാഹി പാഹി പാഹിമാം, ദേഹവും ദേഹിയും, പരാപരൻ തുടങ്ങിയ പദപ്രയോഗങ്ങളും പാതിരിയുടെ കൃതികളിൽ തിളങ്ങി നില്ക്കുന്നു.
ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ ഗംഗാനദിക്കു നല്കിയിരിക്കുന്ന അർത്ഥം ഇന്ത്യയിലെ പ്രധാനപ്പെട്ട നദി എന്നു മാത്രമാണ്. രണ്ടാമതായി ഗംഗാദേവി എന്നും കാണാം. എന്നാൽ അർണാസ് പാതിരിയുടെ നിഘണ്ടുവിൽ ഗംഗാനദിയെ പാപവിമോചനമാര്‍ഗമായി പരിചയപ്പെടുത്തുന്നു. പാപം കഴുകി കളയുന്നതിനുള്ള ഏക ഉപാധി ഗംഗാസ്‌നാനമാണെന്നാണ് പാതിരി ഗംഗയ്ക്കു അർത്ഥം കല്പിച്ചിരിക്കുന്നത്. ഈ നദിയിൽ മരിക്കുന്നത് നേരേ സ്വര്‍ഗത്തിലേക്കുള്ള പ്രവേശനമാണെന്ന ബ്രാഹ്മണമതവിശ്വാസംകൂടി പാതിരി ഇവിടെ അവതരിപ്പിക്കുന്നു. ശ്രീകണ്‌ഠേശ്വരത്തെക്കാൾ എത്രയോ മഹത്തരമായി പാതിരി ഗംഗാനദിയെ ആത്മീയമോചന മാര്‍ഗത്തിനുള്ള ഉപാധികൂടിയായി ചിത്രീകരിക്കുന്നു. പാതിരി കൃതികൾ രചിച്ചിരിക്കുന്നതും പാശ്ചാത്യരചനാക്രമത്തിലല്ല, മറിച്ച് അദ്ദേഹം പാന (ദ്രുതകാകളി), വഞ്ചിപ്പാട്ട്(നതോന്നത), കേക, കാകളി, മഞ്ജരി, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി തുടങ്ങിയ കേരളീയവൃത്തങ്ങൾ ഉപയോഗിച്ചാണ് കവിതകൾ രചിച്ചതെന്നത് ശ്രദ്ധാർഹമാണ്. തികച്ചും കേരളീയമായ രചനാശൈലിയാണ് പാതിരിയുടേത്. ജോൺ ഏണസ്റ്റ് ഹാങ്‌സ്ലേഡൻ എന്ന ക്രൈസ്തവ മിഷണറി കേരളീയസംസ്‌കാരത്തിലും ജീവിതത്തിലും പുനർജനിച്ച് അർണോസ് പാതിരി എന്ന മഹാമനീഷിയായി മാറിയതിന്റെ അക്ഷരസാക്ഷ്യങ്ങളാണ് കൂദാശപ്പാന മുതൽ ജനോവപർവം വരെയുള്ള സാഹിത്യകൃതികൾ. വ്യവസ്ഥാപിതമായ രചനാരീതിയെയും കാലഘട്ടത്തിന്റെ രചനാസങ്കല്പങ്ങളെയും ഉല്ലംഘിച്ചുകൊണ്ട് പുതിയൊരു കാവ്യരചനാസമ്പ്രദായവും ഭാവനാരീതിയും അദ്ദേഹം മലയാളസാഹിത്യത്തിൽ ആവിഷ്‌കരിച്ചു. മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് മൗലിക സംഭാവനകൾ നല്കിയ തുഞ്ചത്ത് എഴുത്തച്ഛൻ, പൂന്താനം എന്നിവർക്കൊപ്പം പരിഗണിക്കേണ്ട പ്രതിഭാധനനായ കവിയും പണ്ഡിതശ്രേഷ്ഠനുമാണ് മലയാളത്തിലെ ക്രൈസ്തവഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ അർണോസ് പാതിരി. മലയാള സാഹിത്യചരിത്രത്തിൽ ഭക്തികേന്ദ്രീകരിച്ചുകൊണ്ട് ധാർമികത്തകർച്ചയിൽനിന്ന്‍ ആദ്ധ്യാത്മികമായി കേരളീയസമൂഹത്തെ സമുദ്ധരിക്കാൻ ശ്രമിച്ച ഭക്തിപ്രസ്ഥാനകാലത്തെ കവിത്രയമായി ഈ മഹാകവികളെ നാം തിരിച്ചറിയേണ്ടതാണ്. ഈ അർത്ഥത്തിൽ എഴുത്തച്ഛനോടും പൂന്താനത്തിനോടുമൊപ്പം അർണോസ് പാതിരിയെ അടയാളപ്പെടുത്തുവാൻ നമ്മുടെ സാഹിത്യചരിത്രകാരന്മാർ തയാറാവുകതന്നെ വേണം.
ആർ.നാരായണപ്പണിക്കർ, ഉള്ളൂർ എസ്. പരമേശ്വരയ്യർ, ഡോ.എം.ലീലാവതി, ശൂരനാട് കുഞ്ഞൻപിള്ള, ഡോ. സുകുമാർ അഴീക്കോട് തുടങ്ങിയ മഹാപ്രതിഭകളെല്ലാം പാതിരിയുടെ സംഭാവനകളുടെ മഹത്ത്വം തിരിച്ചറിഞ്ഞവരാണ്. കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർ ഇപ്രകാരം പറയുന്നു:”കേരളത്തിൽ വന്നു സംസ്‌കൃതവും മലയാളവും പഠിച്ച്, ആ ഭാഷകളിൽ പ്രാവീണ്യം നേടി ഒട്ടനേകം കൃതികൾ നിർമിച്ചു കേരളത്തിന്റെ മഹിമ വിദേശങ്ങളിൽ വ്യാപിപ്പിച്ച ഈ യൂറോപ്യൻ പാതിരി നമ്മുടെ ഹൃദയപൂർവകമായ അഭിനന്ദനത്തിനു പാത്രീഭവിക്കുന്നു. ആദ്യമായി സംസ്‌കൃതഭാഷയിൽ അനപലപനീയമായ പാണ്ഡിത്യം സമ്പാദിച്ച യൂറോപ്യൻ അദ്ദേഹമാണെന്നു തോന്നുന്നു. (വാള്യം-3, പുറം 230). മലയാളകവിതാസാഹിത്യചരിത്രത്തിൽ ഡോ.എം.ലീലാവതി പാതിരിയെ വിലയിരുത്തുന്നതു നോക്കുക: ”വിദേശത്തുനിന്ന് കേരളത്തിൽ വന്നു പാർത്തു മലയാളഭാഷ പഠിച്ച പാതിരിമാരും കേരളീയരായ മതപുരോഹിതരും ഭക്തിപ്രസ്ഥാനത്തിലേക്കു തനതു സംഭാവനകൾ നല്കിയിട്ടുണ്ട്. അവയിൽവച്ച് ഏറ്റവും മുന്നിൽ ഓർക്കേണ്ടത് അർണോസ് പാതിരിയുടെ കൃതികളാണ്. ഭാഷകൾ പഠിച്ചുറപ്പിച്ചതിനുശേഷം തന്റെ കർമമണ്ഡലത്തിൽ പ്രസക്തമായ ഭാഷാകൃതികളുടെ അഭാവം നികത്താൻ അദ്ദേഹം നിശ്ചയിച്ചു. മറ്റു പാതിരിമാർ ഗദ്യത്തിലാണ് മനസ്സുവെച്ചത്. ഇദ്ദേഹമാകട്ടെ കവിതാഗ്രന്ഥങ്ങൾതന്നെ രചിക്കുകയുണ്ടായി. ജ്ഞാനപ്പാനയിൽനിന്നുള്ള പ്രചോദനം പുത്തൻപാനയിൽ പേരിൽ മാത്രമല്ല, ഉള്ളടക്കത്തിന്റെ സ്വഭാവത്തിലും ഉണ്ട്.” (പുറം,108). നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, സാഹിത്യവിമർശകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ശൂരനാട് കുഞ്ഞൻപിള്ളയുടെ വാക്കുകൾകൂടി കാണുക: “കേരളസാഹിത്യം എന്നും കൃതജ്ഞതയോടെ ഓർമിക്കേണ്ട സേവനങ്ങൾകൊണ്ട് അനശ്വരകീർത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അർണോസ് പാതിരി. ഈ മഹാനെപ്പറ്റി കേരളീയർ ഇനിയും വേണ്ടപോലെ അറിഞ്ഞിട്ടില്ലല്ലോ എന്നതു ഖേദകരമാമ്. പല പാശ്ചാത്യപണ്ഡിതന്മാരും നമ്മുടെ ഭാഷയ്ക്കുവേണ്ടി വിലയേറിയ സംഭാവനകൾ നല്കിയിട്ടുണ്ടെങ്കിലും അർണോസുപാതിരിയെക്കാൾ നമ്മുടെ ഭാഷയെ സ്‌നേഹിച്ച ഒരു വിദേശീയനെപ്പറ്റി ഓർമിക്കാൻ പ്രയാസമാണ്. നമ്മുടെ ഭാഷ പഠിച്ചു എന്നു മാത്രമല്ല, ആ ഭാഷ കവന നിർമിതിക്കുതന്നെ പ്രയോജനപ്പെടുത്തി തന്റെ കഴിവിന്റെ പരമാവധി ഭാഷാദേവിയെ ഉപാസിക്കാൻ യത്‌നിച്ച പാതിരിയെ എത്രതന്നെ ശ്ലാഘിച്ചാലും അതു കൂടുതലല്ല. ഈ നാട്ടിൽ ജനിച്ച ക്രിസ്തീയ പണ്ഡിതന്മാരിൽ ഒരാൾ അല്ലല്ലോ ഇത്തരം മഹാസംഭാവനകൾ നമ്മുടെ ഭാഷയ്ക്കു നല്കിയത് എന്ന് അല്പമൊരു ഖേദവും തോന്നാതിരിക്കയില്ല. എന്നാൽ അതിലും വലിയു ഒരു ഖേദവും ആലോചിക്കുമ്പോൾ നമുക്കു തോന്നാവുന്നതാണ്. വിദേശപണ്ഡിതനായ ആ മഹാനുഭാവൻ എഴുതിയ ഇത്തരം സാഹിത്യസമ്പത്തുക്കളെ വേണ്ടപോലെ ഉപയോഗിക്കാൻപോലും നമുക്കു കഴിഞ്ഞില്ലല്ലോ. അങ്ങനെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ പാതിരിയുടെ കൃതികൾക്ക് എത്ര കൂടുതൽ പ്രചാരം കിട്ടുമായിരുന്നു. അതെത്രകണ്ട് നമ്മുടെ നാട്ടിലെ പണ്ഡിതന്മാരെ സമാനങ്ങളായ സാഹിത്യയത്‌നങ്ങൾക്കു പ്രേരിപ്പിക്കുമായിരുന്നു” (പ്രഫ. മാത്യു ഉലകംതറ, അർണോസ് പാതിരി, പുറം 116, 117).
സൂനഹദോസ് വിലക്കുകളെ ധിക്കരിച്ച വിപ്ലവകാരി
1599 ജൂൺ 20 മുതൽ എട്ടുദിവസം നീണ്ടുനിന്ന ഉദയംപേരൂർ സൂനഹദോസിന്റെ പല തീരുമാനങ്ങളും കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് ഗുണകരമായിരുന്നുവെങ്കിലും കേരളീയസമൂഹത്തിൽ അതിന്റെ പല തീരുമാനങ്ങളും ദോഷകരമായ ഫലങ്ങൾ ഉളവാക്കിയിരുന്നു. കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിൽ ഇതൊരു വഴിത്തിരിവായിരുന്നു. എന്നാൽ സൂനഹദോസിനുശേഷമുണ്ടായ മാറ്റങ്ങൾ കേരളീയ ക്രൈസ്തവരുടെ ജീവിതത്തിൽ ഇന്നും മായാത്ത മുറിവുകൾ സൃഷ്ടിക്കുവാൻ പോന്നതായിരുന്നു.
അക്കാലംവരെ കേരളത്തിലെ ക്രിസ്ത്യാനികൾ സാമൂഹികജീവിതത്തിൽ ഇന്നാട്ടിലെ മറ്റു മതസമൂഹങ്ങളുടേതിൽനിന്ന്‍ ഒട്ടും വ്യത്യസ്തരായിരുന്നില്ല. അവരുടെ സാമൂഹികജീവിതത്തെ സൂനഹദോസ് പാശ്ചാത്യവത്കരിക്കുകയായിരുന്നു. പള്ളികളിൽ വലിയതോതിൽ വിശുദ്ധന്മാരുടെ രൂപങ്ങൾ ഏർപ്പെടുത്തിയതും രൂപങ്ങളുടെ വണക്കം തുടങ്ങിയതും ഉദയംപേരൂർ സൂനഹദോസിനുശേഷമാണ്. അതിനുമുമ്പ് ക്രൈസ്തവരും കേരളത്തിലെ മറ്റു മതവിഭാഗങ്ങളും വളരെ സൗഹാർദത്തിലാണ് ജീവിച്ചിരുന്നത്. ക്രൈസ്തവദേവാലയങ്ങളും ഇന്ത്യയിലെ മറ്റു മതവിഭാഗക്കാരുടെ ദേവാലയങ്ങളം പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും മുത്തുക്കുട,നെറ്റിപ്പട്ടം എന്നിവ പരസ്പരം നല്കി സഹായിച്ചിരുന്നു. ഈ സൗഹാർദ നടപടികൾക്കു സൂനഹദോസ് തീരുമാനങ്ങൾ വിലക്കുകൾ ഏർപ്പെടുത്തി. തദ്ദേശീയരായ ക്രിസ്ത്യാനികളുടെ മക്കൾക്ക് അന്യമതക്കാരുടെ പേരുകളിടുന്നത് സൂനഹദോസ് വിലക്കി. അതുപോലെ ഓണത്തിന് ക്രിസ്ത്യാനികൾ പങ്കെടുക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ഹൈന്ദവസ്പർശമുള്ള കലാരൂപങ്ങളും ഹൈന്ദവകഥകൾ വിവരിക്കുന്ന ഗാഥകൾ, കിളിപ്പാട്ടുകൾ, പാനകൾ തുടങ്ങിയ കാവ്യകൃതികളും ഇതോടെ ക്രൈസ്തവർക്ക് അന്യമായിത്തീർന്നു. സംസ്‌കൃതഭാഷയും സാഹിത്യവും വേദേതിഹാസങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇന്ത്യൻ പൗരാണിക സാഹിത്യകൃതികളും ബ്രാഹ്മണിക്കൽ മതദർശനങ്ങളും വായിക്കുന്നതും പഠിക്കുന്നതും കുറ്റകരമായി. ചുരുക്കത്തിൽ ‘കാവ്യ’രുടെ ഗ്രന്ഥങ്ങൾ വായിക്കുകയോ കലാരൂപങ്ങൾ ആസ്വദിക്കുകയോ മറ്റു മതവിഭാഗക്കാരുടെ ഉത്സവാഘോഷങ്ങളിൽ പങ്കുചേരുകയോ അവരുമായി ഇഴുകിചേർന്നു ജീവിക്കുകയോ പാടില്ലെന്ന് സൂനഹദോസ് കാനോനുകൾ വിലക്കുകയുണ്ടായി. ഇങ്ങനെ സാമൂഹികമായും സാംസ്‌കാരികമായും കേരളത്തിലെ ക്രൈസ്തവസമൂഹം തികച്ചും ഒറ്റപ്പെടുകയും അന്യവത്കരിക്കപ്പെട്ടു കഴിയുകയും ചെയ്യുന്ന കാലത്താണ് അർണോസ് പാതിരി കേരളത്തിലെത്തുന്നത്.
അസ്‌പൃശ്യതയല്ല സമന്വയമാണ് വേണ്ടതെന്നു മനസ്സിലാക്കിയ അർണോസ് പാതിരി സൂനഹദോസ് കാനോനുകൾ ഏർപ്പെടുത്തിയ വിലക്കുകളെ അപലപിക്കുകയും അതിനെ എതിരിടുവാനും തീരുമാനമെടുത്തു. കേരളത്തിൽ സുഗമമായ രീതിയിൽ പ്രേഷിതപ്രവർത്തനങ്ങളും ആത്മീയശുശ്രൂഷകളും നടത്തണമെങ്കിൽ കേരളീയജീവിതത്തെ ആഴത്തിൽ പഠിക്കണമെന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. ഒപ്പം ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളും സങ്കീര്‍ണതകളും തിരിച്ചറിയുവാൻ സംസ്‌കൃതഭാഷയും സാഹിത്യവും പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് പാതിരി മനസ്സിലാക്കി. തുഞ്ചത്ത് എഴുത്തച്ഛൻ, ചെറുശ്ശേരി, പൂന്താനം, മേല്പത്തൂർ നാരായണ ഭട്ടതിരി തുടങ്ങിയവരുടെ കൃതികൾ അദ്ദേഹം ആഴത്തിൽ വായിച്ചു പഠിച്ചു. ഒപ്പം കേരളത്തിന്റെ നാടോടിവിജ്ഞാനവും അദ്ദേഹം പഠിച്ചെടുക്കാൻ തയാറായി. പിന്നീട് എപ്പോഴോ അദ്ദേഹത്തിൽ സർഗാത്മകതയുടെ മിന്നൽപ്പിണരുകൾ പൂത്തുലഞ്ഞു. പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ മാതൃകയായി സ്വീകരിച്ചുകൊണ്ട് യേശുക്രിസ്തുവിന്റെ ജിവിതവും പ്രബോധനവും കേന്ദ്രമാക്കി അദ്ദേഹം പുത്തൻപാന രചിച്ചു. എഴുത്തച്ഛൻ, പൂന്താനം, മേല്പത്തൂർ, ചെറുശ്ശേരി തുടങ്ങിയ കേരളീയ കവികളെ സൂനഹദോസിന്റെ വിലക്കുകൾ ധിക്കരിച്ചുകൊണ്ടുതന്നെ അദ്ദേഹം ഹൃദയത്തോടു ചേർത്തുനിറുത്തി. കേരളത്തിൽ ഒറ്റപ്പെട്ടുപോയ ക്രൈസ്തവ സമൂഹത്തെ മറ്റു മതവിഭാഗങ്ങളോടൊപ്പം ചേർത്തുനിറുത്തുന്നതിനും വൈഷ്ണവഭക്തികാവ്യങ്ങൾപോലെ ക്രൈസ്തവർക്ക് അമൂല്യങ്ങളായ കാവ്യങ്ങൾ നിത്യപാരായണത്തിന് രചിക്കുവാനും പാതിരി കാണിച്ച ചങ്കൂറ്റവും സാഹസവും അനിതരസാധാരണമാണ്. അക്കാലംവരെ ഒരു ക്രൈസ്തവമിഷണറിയും അത്തരത്തിലൊരു സാഹസികദൗത്യത്തിനും തയാറായിരുന്നില്ല. ഇതാണ് അർണോസ് പാതിരിയുടെ മഹത്ത്വത്തിനടിസ്ഥാനം. കേരളത്തിലെ ക്രൈസ്തവരും മറ്റു മതസ്ഥരും തമ്മിലുണ്ടായിരുന്ന അകൽച്ചകൾ ഇല്ലാതാക്കി അവർക്കിടയിൽ സമന്വയത്തിന്റെ പാലം പണിതുയർത്തിയ മഹാനാണ് അർണോസ് പാതിരി. ഭാരതീയസംസ്‌കാരത്തിന്റെ പ്രഥമ അപ്പോസ്തലനും പ്രതിപുരുഷനുമാണ് പാതിരി. സൂനഹദോസ് വിലക്കുകളെ ധിക്കരിച്ചുകൊണ്ട് ക്രൈസ്തവ ജനവിഭാഗത്തെ കേരളീയവത്കരിക്കുവാനും ഭാരതീയവത്കരിക്കാനുംവേണ്ടി കഠിനാദ്ധ്വാനംചെയ്ത കേരളീയ സംസ്‌കാരത്തിന്റെ, കാവൽ മാലാഖയാണ് അർണോസ് പാതിരി എന്നു പറയാം.
ഇവിടത്തെ ഭാഷ, സാഹിത്യം, ചരിത്രം, നാടോടിവിജ്ഞാനം, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ, പഴഞ്ചൈാല്ലുകൾ എന്നിവ മാത്രമല്ല വാസ്തുവിദ്യയും ചിത്രകലയും അർണോസ് പാതിരി പഠിക്കുകയും സ്വാംശീകരിച്ചെടുക്കുകയും ചെയ്തു. വേലൂർ പള്ളിയുടെയും പാതിരി വസതിയുടെയും നിർമാണത്തിൽ കേരളീയ വാസ്തുശില്പമാതൃകയും ക്ഷേത്രനിർമാണ മാതൃകകളും ചരിത്രരചനാവൈദഗ്ദ്ധ്യവും അദ്ദേഹം സ്വീകരിക്കുകയുണ്ടായി. തികച്ചും കേരളീയമായൊരു ക്രൈസ്തവജീവിതരീതിയും ക്രൈസ്തവപാരമ്പര്യവും ക്രൈസ്തവആത്മീയതയും അദ്ദേഹം വളർത്തിയെടുക്കുകയായിരുന്നു.
അടിമത്ത കേരളത്തെ കണ്ടില്ല
ജാതീയതയിൽ അധിഷ്ഠിതമായിരുന്ന സാമൂഹികവ്യവസ്ഥയാണ് അർണോസ് പാതിരിയുടെ കാലത്ത് കേരളത്തിൽ നിലനിന്നിരുന്നത്. അടിമത്ത സമ്പ്രദായവും ജാതീയ അടിമത്തവും അന്നു ശക്തമായിരുന്നു. മഹാഭൂരിപക്ഷം വരുന്ന പുലയർ, പറയർ, കുറവർ തുടങ്ങിയവരും മറ്റു അവര്‍ണജാതിക്കാരും ജാതീയവിവേചനങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കും വിധേയരായിരുന്നു. ഈ അടിമകളുടെ സാമൂഹികജീവിതവും ജാതീയവിവേചനങ്ങളും അർണോസ് പാതിരി മനസ്സിലാക്കിയിരുന്നില്ല.
അദ്ദേഹത്തിന്റെ കൃതികളിലൊരിടത്തും ജാതീയവിവേചനത്തെയും അക്കാലത്തെ ഭൂരിപക്ഷംവരുന്ന ജാതി അടിമകളുടെ ജീവിതത്തെയും പരാമർശിക്കുന്നില്ല. ബ്രാഹ്മണപുരോഹിതന്മാരുമായും പണ്ഡിതശ്രേഷ്ഠന്മാരും സൗഹാർദ്ദം സ്ഥാപിക്കുകയും അവരുമായി ചതുരംഗക്കളി തുടങ്ങിയ വിനോദങ്ങളിലും സംവാദങ്ങളിലും ഏർപ്പെട്ടിരുന്ന പാതിരി സമൂഹത്തിലെ അധഃസ്ഥിതരായ ജനതയെ തിരിച്ചറിഞ്ഞില്ല എന്നത് സങ്കടകരമാണ്. ദളിത ജനവിഭാഗങ്ങളുമായി ബന്ധപ്പെടുന്നതിന് അദ്ദേഹത്തിന് സമയമോ അവസരമോ ലഭിക്കുകയുണ്ടായില്ല എന്ന് ഫാ.എ.അടപ്പൂർ ‘അർണോസായിത്തീർന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡൻ’ എന്ന കൃതിയിൽ വ്യക്തമാക്കുന്നുണ്ട് (പുറം,132).
പ്രേഷിതപ്രവർത്തനങ്ങളിലും സർഗാത്മകരചനകളിലും വൈജ്ഞാനികാന്വേഷണങ്ങളിലും വ്യാപൃതനായിരുന്ന അർണോസ് പാതിരി അന്നത്തെ സാമൂഹികജീവിതത്തിൽ ദളിത് ക്രിസ്ത്യാനികളും ജാതി അടിമകളും അനുഭവിച്ചിരുന്ന ജാതിമർദനങ്ങളും വിവേചനങ്ങളും തിരിച്ചറിയാതെ പോയതിൽ അർണോസ് പാതിരിയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. അത് ആ കാലഘട്ടത്തിന്റെ പരിമിതിയായിരുന്നു. അദ്ദേഹത്തിന്റെ ലോകബോധത്തെ നിയന്ത്രിച്ചിരുന്നത് പാശ്ചാത്യചിന്തകളായിരുന്നു. കേരളത്തിലേക്ക് പ്രൊട്ടസ്റ്റന്റ് മിഷണറിമാർ എത്തുന്നതോടുകൂടിയാണ് കേരളത്തിലെ സാമൂഹികജീവിതത്തിൽ അധഃസ്ഥിതജനത അനുഭവിക്കുന്ന സംഘർഷങ്ങളും മർദനങ്ങളും പ്രശ്‌നവത്കരിക്കപ്പെടുന്നത്. ജാതി അടിമകളായ ദലിത് ജനത അക്ഷരജ്ഞാനം നേടുന്നതും വസ്ത്രം ധരിക്കാൻ തുടങ്ങുന്നതും, മനുഷ്യരായി ജീവിക്കാൻ ആഗ്രഹിക്കുന്നതും പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ പൊതുബോധത്തിൽ അത്തരം ചിന്തകൾ ഉയർന്നുവന്നിരുന്നില്ല. അതുകൊണ്ടുതന്നെ വ്യവസ്ഥാപിതവും, സാമ്പ്രദായികവുമായ ജീവിതരീതികൾക്ക് അനുസരിച്ച് പ്രവർത്തിക്കുകയായിരുന്നു പാതിരി എന്നു കരുതാവുന്നതാണ്.
ബുദ്ധ,ജൈന മതവിശ്വാസികളുടെയും സന്ന്യാസിമാരുടെയും നേരേ പ്രയോഗിച്ചപോലെ അതിക്രൂരമായ പീഡനമുറകളും ഉന്മൂലന പരിപാടികളും ബ്രാഹ്മണപുരോഹിതവര്‍ഗവും നാടുവാഴികളും ക്രൈസ്തവ,മുസ്ലീം ജനതയുമേൽ മേൽ സ്വീകരിച്ചില്ല. എൻ.കെ.ജോസ് ‘അർണോസ് പാതിരി ചരിത്രവീക്ഷണത്തിൽ’ എന്ന ലേഖനത്തിൽ വ്യക്തമാക്കിയതുപോലെ അവരുടെ കാർഷിക വ്യാപാരവ്യത്തികളുടെ പിൻബലം തങ്ങളുടെ നിലനില്പിനുതന്നെ അത്യാവശ്യമാണെന്നും അവർക്കറിയാമായിരുന്നു. നാട്ടുരാജാക്കന്മാരുടെ ഈ സഹിഷണുതാമനോഭാവം ക്രൈസ്തവ-മുസ്ലീം മതക്കാർക്കു നേരേ പ്രകടിപ്പിക്കുവാൻ അന്നത്തെ ബ്രാഹ്മണരും തയാറായി. അവർ അവരെ അയിത്തത്തിൽനിന്നും മറ്റും ഒഴിവാക്കി. സമൂഹത്തിലെ അവരുടെ സ്ഥാനം ഒരു പരിധിവരെ അംഗീകരിച്ചുകൊടുക്കാനും ബ്രാഹ്മണമേധാവികൾ നിർബന്ധിതരായി. ക്രൈസ്തവർക്ക് ഇവിടത്തെ സാമൂഹികാന്തരീക്ഷത്തിൽ ലഭിച്ച പ്രത്യേക പദവിയുടെ കാരണം അതാണ്.(ഡോ.സി.ലിസീനിയ.സി.എം.സി., ഫാ. സണ്ണിജോസ്, എസ്.ജെ, എഡി:അർണോസ് പാതിരി ഒരു പഠനം, പുറം, 163). അക്കാരണംകൊണ്ടുതന്നെ അക്ഷരജ്ഞാനം നേടാനും സംസ്‌കൃതം പഠിക്കാനും ദലിത് ജനവിഭാഗങ്ങളും ജാതി അടിമകളും അനുഭവിച്ച വിലക്കുകൾ പാതിരിക്ക് അനുഭവിക്കേണ്ടിവന്നില്ല. എങ്കിലും അക്ഷരജ്ഞാനത്തിനും വിജ്ഞാനത്തിനും മീതെയുള്ള ബ്രാഹ്മണാധികാരകുത്തകയുടെ വിലക്കുകൾ ഭേദിച്ച് സംസ്‌കൃതം പഠിക്കാനും അതിൽ ഉന്നതപാണ്ഡിത്യം നേടാനും പാതിരിക്കു കഴിഞ്ഞു.