ക്രിസ്ത്യാനികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കു പിന്നിലെ അജണ്ട – ആന്റോ അക്കര
ന്യൂനപക്ഷങ്ങള്‍ നിലവിലെ ഇന്ത്യൻ ഭരണകൂടത്തിന്റെ കരങ്ങളിൽ അരക്ഷിതരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയിൽ അവര്‍ക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ അതിനു തെളിവാണ്.
ഫെബ്രുവരി 19-ാം തീയതി ഇന്ത്യൻ തലസ്ഥാനം സാക്ഷ്യം വഹിച്ചത്, ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന വിദ്വേഷത്തിനും അതിക്രമങ്ങൾക്കും എതിരെയുള്ള വ്യാപകമായ പ്രതിഷേധത്തിനാണ്. ഈ പ്രതിഷേധ കൂട്ടായ്മയിൽ വിവിധ ക്രിസ്തീയവിഭാഗങ്ങളിലെ നേതാക്കൾ പങ്കാളികളായി. രാജ്യത്തുടനീളം ക്രിസ്ത്യാനികൾക്കെതിരെ സ്ഥിരമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർമന്ദറിൽ നടത്തിയ പ്രതിഷേധസമരത്തിൽ ഏകദേശം 15000 പേർ പങ്കെടുത്തു. യുനൈറ്റഡ് ക്രിസ്റ്റ്യൻ ഫോറമാണ്, ഈ പ്രതിഷേധയജ്ഞം സംഘടിപ്പിച്ചത്. 2022-ൽ മാത്രം ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ അക്രമസംഭവങ്ങളുടെ എണ്ണം 598 ആണ്. മോദി സർക്കാർ ഭരണമേറ്റ 2014-ൽ ഇത് 300 ആയിരുന്നു.
ശിക്ഷിക്കപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങളുടെ സംഖ്യ എല്ലാ പരിധിയും കടന്നിരിക്കുന്നു. കൂട്ടായ മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട്, സായുധരായ ജനക്കൂട്ടം ഛത്തീസ്ഗഡിലെ ക്രിസ്തീയഭവനങ്ങൾ വളഞ്ഞു. ഗ്രാമീണർക്ക് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടേണ്ടിവന്നു. പലർക്കും സ്വന്തം ഭവനങ്ങളിലേക്ക് ഇനിയും മടങ്ങിയെത്താൻ സാധിച്ചിട്ടില്ല.” വ്രണിതരായ ക്രിസ്ത്യാനികൾ ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുർമുവിന് നല്കിയ മെമ്മോറാണ്ടത്തിൽ സൂചിപ്പിച്ച കാര്യമാണിത്.
ക്രിസ്മസിനു മുമ്പ് ഛത്തീസ്ഗഢ് ജില്ലയിലെ നാരായൺപൂരിൽ ക്രിസ്ത്യാനികൾക്കെതിരെ ആരംഭിച്ച അതിക്രമം പുതുവർഷംവരെ നീണ്ടുനിന്നു.”2022 ഡിസംബർ 9നും 18നും ഇടയിൽ നാരായൺപൂരിലെ 18 ഗ്രാമങ്ങളിലും കൊണ്ടഗോണിലെ 15 ഗ്രാമങ്ങളിലും നടന്ന അതിക്രമങ്ങളിൽ 1000 ക്രിസ്ത്യൻ ആദിവാസികൾ പിഴുതെറിയപ്പെട്ടു. ക്രിസ്തീയവിശ്വാസം ഉപേക്ഷിച്ച് ഹൈന്ദവമതത്തിലേക്കു തിരിച്ചുവരണമെന്ന ഭീഷണിയുണ്ടായി. അല്ലെങ്കിൽ, ഗ്രാമം വിട്ടുപോവുകയോ മരിക്കാൻ തയാറാവുകയോ ചെയ്യണമെന്നും ഉത്തരവുണ്ടായി.” (സി.ബി.സി.ഐ റിപ്പോർട്ട്). മുളവടി, ടയർ, ഇരുമ്പുകമ്പി എന്നിവ ഉപയോഗിച്ചുള്ള ഭീകര മർദനമേറ്റ് രണ്ടുഡസൻ വ്യക്തികളെങ്കിലും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.
ജനുവരി 2-ാം തീയതി ക്രിസ്തീയദേവാലയവും സ്‌കൂളും കോൺവെന്റും അക്രമത്തിനു വിധേയമായി. ജനക്കൂട്ടത്തെ ഇതിനായി നയിച്ചത് ബി.ജെ.പിയിലെ ഉന്നത നേതാക്കളാണ്. ജഗദൽപൂർ രൂപതയിലെ നാരായൺപൂർ നഗരത്തിലാണ് ഈ സ്ഥാപനങ്ങളെല്ലാം. ജില്ലാപോലീസ് മേധാവിക്കും ഈ ആക്രമണത്തിൽ പരിക്ക് പറ്റുകയുണ്ടായി. സഭയുടെ വസ്തുവകകൾക്ക് സംഭവിച്ച നഷ്ടം ഏതാണ്ട് 20 ലക്ഷം രൂപയായി കണക്കാക്കിയിട്ടുണ്ട്. ഏറെ സമ്മർദങ്ങൾക്കുശേഷമാണ്, പോലീസ്, ഈ അക്രമങ്ങള്‍ക്കുപിന്നിൽ പ്രവര്‍ത്തിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റുചെയ്തത്. ഇന്ത്യൻ എക്‌സ്പ്രസ് ജനുവരി 13- ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ, കേദാർ കശ്യപിന്റെ പേര് പരാമർശിക്കുന്നുണ്ട്. രണ്ടുതവണ നാരായൺപൂരിൽനിന്നു ജയിച്ച എം.എൽ.എയാണദ്ദേഹം. എന്നാൽ കഴിഞ്ഞതവണ അദ്ദേഹം 2647 വോട്ടിന് പരാജയപ്പെട്ടിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ പാർട്ടി ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചു കൂടായ്കയില്ല.
‘മതസ്വാതന്ത്ര്യത്തിനുള്ള അവകാശ’ ബിൽ എന്ന പേരിലാണ് കർണാടക സർക്കാർ ഈയിടെ മതംമാറ്റ നിരോധനം ഏർപ്പെടുത്തിയത്. മതം മാറുന്നതിന് പ്രേരിപ്പിക്കുന്നവർക്ക് 10 വർഷം വരെയുള്ള തടവാണ് ശിക്ഷ. മതം മാറുന്നതിന് സീനിയർ സർക്കാർ ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണ്. ഇതിനോടകം എട്ട് സംസ്ഥാനങ്ങൾ ഈ നിയമം പാസാക്കിക്കഴിഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന കർണാടകയിൽ പള്ളികൾക്കും ഞായറാഴ്ച പള്ളിയിൽ വരുന്നവർക്കുമെതിരെ, വ്യാപകമായ അതിക്രമം ഉണ്ടായിട്ടുണ്ട്. പോലീസിന്റെ ഒത്താശയോടെ നടന്ന അത്തരം 39 കേസുകൾ ഉണ്ട്. (PUCL റിപ്പോർട്ട്).
മതംമാറ്റം നടത്തുന്നുണ്ടെന്ന വ്യാപകമായ വ്യാജപ്രചാരണമുണ്ടെങ്കിലും 1971-മുതലുള്ള സെൻസസ് നോക്കിയാൽ ഒരുകാര്യം വ്യക്തമാണ്. ക്രിസ്ത്യാനികളുടെ ജനസംഖ്യ ഓരോ ദശാബ്ദത്തിലും കുറഞ്ഞുകുറഞ്ഞുവന്ന് 2011- ലെ കണക്കനുസരിച്ച് 2.3% മാത്രമാണ്.
ഈശോസഭാ വൈദികനായ ഫാ. സെഡ്രിക്ക് പ്രകാശ് പറയുന്നു: ”മതംമാറ്റം എന്ന വ്യാജപ്രചാരണം ഇന്ത്യയിൽ ആകമാനമുണ്ട്. ഗുജറാത്തിലെ ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സഭയിലെ സഹോദരിമാരോട് അവർ എന്തൊക്കെയാണ് ചെയ്യുന്നത് എന്നുമാത്രം നോക്കുക. ഹൈന്ദവരുടെ തികഞ്ഞ ആദരവിനു പാത്രമായവരാണ് മിഷനറീസ് ഓഫ് ചാരിറ്റി. ക്രിസ്ത്യാനികളെ മോശക്കാരായി ചിത്രീകരിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.”
മധ്യപ്രദേശിലെ വിദീഷ ജില്ലയിലെ ഗഞ്ച് ബസോഡയിൽ മലബാർ മിഷനറി ബ്രദേഴ്‌സ് നടത്തുന്ന സ്‌കൂളും അതുപോലെ 2021 ഡിസംബറിൽ ആകരമിക്കപ്പെട്ടു. ”പരീക്ഷ നടക്കുന്ന സമയം. 100 ഓളം വരുന്ന ഒരു ജനക്കൂട്ടം സ്‌കൂൾ ജനലുകളും ഗ്ലാസ്സും അടിച്ചുതകർത്തു. മതംമാറ്റം ആരോപിച്ചായിരുന്നു, ആക്രമണം.” സെന്റ് ജോസഫ് സ്‌കൂളിന്റെ പ്രിൻസിപ്പൽ ഫാ. ആന്റണി പൈനുങ്കൽ ഈ ലേഖകനോടു പറഞ്ഞു. ഇവിടെ 1500 വിദ്യാർഥികളിൽ നാലുപേർ മാത്രമാണ് ക്രിസ്ത്യാനികൾ എന്നോർക്കണം.
മതംമാറ്റം നടക്കുന്നുവെന്ന വ്യാജപ്രചാരണം ആരംഭിക്കുന്നതുതന്നെ ശിശുസംരക്ഷണത്തിനുവേണ്ടിയുള്ള നാഷണൽ കമ്മീഷൻ നല്കുന്ന സൂചനയുടെ പുറത്താണെന്ന കാര്യം തന്നെ എത്ര വിചിത്രം!
നാഷണൽ കമ്മീഷൻ ഫോർ ദ പ്രൊറ്റക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (NCPCR) എന്ന സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നത് പ്രിയങ്ക് കനൂങ്കോ എന്ന മുൻ ആർ.എസ്.എസ്. പ്രവർത്തകനാണ്. രണ്ടാമതും ആ സ്ഥാനത്ത് അദ്ദേഹത്തെത്തന്നെ നിയമിച്ചിരിക്കുകയാണ്.
മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥമന്ദിരങ്ങളെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. ക്രിസ്ത്യൻ നേതൃത്വം ഇക്കാര്യം അതർഹിക്കുന്ന ഗൗരവത്തോടെ തിരിച്ചറിയേണ്ടതും അതനുസരിച്ച് പ്രതികരിക്കേണ്ടതുമാണ്.