പുസ്തകങ്ങളുടെ മാലാഖമാർ – ഇ.പി.രാജഗോപാലൻ 

ചേർച്ച


ഒരാളുടെ ആത്മകഥ (ജീവചരിത്രവും) അയാൾ വായിച്ച പുസ്തകങ്ങളുടെ കഥ കൂടിയാണ്. ആ ആഖ്യാനത്തിൽ  പുസ്തകവിതരണക്കാരായ ഒറ്റപ്പെട്ട മനുഷ്യർക്കും സ്ഥലം ഉണ്ട്. പുസ്തകങ്ങൾ ഓർക്കപ്പെടുകയും അവയിൽ പലതും  കൊണ്ടുവന്ന ആൾക്കാർ ഓർക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നത് ഒരുപക്ഷേ, ക്രൂരമായ അനിവാര്യതയാണ്. കത്തുകളിലല്ലാതെ തപാൽക്കാരിൽ ആർക്കാണ് താല്പര്യം എന്നൊക്കെ ചോദിക്കാം.ആ മറവി മര്യാദകേടാണെന്ന് മാത്രം.


പുസ്തകവിതരണക്കാരൻകൂടിയായ വള്ളത്തോളിനെ ഓർക്കുന്നവർ ധാരാളം ഉണ്ടാകാം. അത് കൗതുകകരമായ ഒരു പുരാവൃത്തം. മഹാകീർത്തിക്ക് തൊങ്ങൽവയ്ക്കുന്ന വൃത്താന്തവും. ബഷീറിന്റെ പുസ്തകക്കച്ചവടത്തിന്റെ കഥയ്ക്കും ഏതാണ്ട് ഇങ്ങനെയൊക്കെയുള്ള മൂല്യം തന്നെയാണ് ഉള്ളത്. ബഷീർ ആ നിലയിലും ബഷീറാകുന്നു എന്നുമാത്രം.  നാടകീയമായ തന്റെ ബയോ-ഡേറ്റയിലെ ഒരു ഇനമാണ് പുസ്തകക്കച്ചവടം – അത്രതന്നെ. ബഷീറിന്റെ മകൾ ഒരു പുസ്തകക്കടയിൽ പ്രവർത്തിക്കുന്ന കാര്യം അറിയുമ്പോൾ ഈ ഓര്‍മയും അല്പം ചിലരിൽ ഉണർന്നുവന്നേക്കാം. അതിനപ്പുറം ഒന്നുമില്ല.


ഇവിടെ ഓർക്കുന്നത് നടന്നുണ്ടായ  വീതികുറഞ്ഞ വഴിയിലെ വെയിലിലൂടെ സൈക്കിൾ ചവിട്ടിയും ചിലപ്പോൾ ഇറങ്ങിയുന്തിയും വരുന്ന പത്രം കുഞ്ഞപ്പേട്ടനെയാണ്.  അയാൾ ക്ഷീണിതനാണ്. പതിവായി അങ്ങനെയാണ്. കുഞ്ഞപ്പേട്ടന്റെ  സൈക്കിളിൽ  കുട്ടികൾക്കായുളള പുസ്തകങ്ങൾ എവിടെയോ ഉണ്ട്. അത് തരാനാണ്  സമയമല്ലാത്ത സമയത്ത് വരുന്നത്. ചില പുസ്തകങ്ങൾ കാണിക്കും. അതിൽ ഒന്നോ രണ്ടോ വാങ്ങാം. അച്ഛന്റെ സമ്മതം ഉണ്ട്. അങ്ങനെ ഏഴു വയസ്സുകാരനായ ഞാൻ പുസ്തകങ്ങൾ വാങ്ങുന്നു. ആദ്യത്തെ പർച്ചേസ്. ആവർത്തിക്കാനുള്ളത്. കൈമാറുന്ന കുട്ടിക്കഥകളോളം പാവത്താനായിരുന്നു കുഞ്ഞപ്പേട്ടൻ. അതും ഓർക്കണം.


പല പുസ്തകവിതരണക്കാരും  ആർത്തിക്കാരല്ല. അവർ  ഉള്ളിലെ തള്ളൽകൊണ്ടാണ് പുസ്തകഭാരവുമായി  ഇറങ്ങുന്നത്. അത് അവർക്ക് ഒരു ദൗത്യമാണ്. ഒരുതരം ആത്മാവിഷ്ക്കാരം ആ പ്രവൃത്തിയിലൂടെ അവർ  നേടുന്നതായി തോന്നാറുണ്ട്‌. പുസ്തകം വാങ്ങണമെന്ന് നിർബന്ധമില്ല. അധികം മിണ്ടാട്ടമില്ല. പുസ്തകങ്ങളുമായി വന്നിരിക്കുകയാണ് – നോക്കിയെടുത്തോളൂ.  ഇക്കാര്യം പറയുകയൊന്നും വേണ്ട. ആ സഞ്ചിയുമൊത്തുള്ള വരവുതന്നെ മതിയാവും. പുസ്തകങ്ങളോടല്ലേ,  ആളുകളോടല്ലല്ലോ  മിണ്ടേണ്ടത് – ഇതാണ് അവരുടെ സൗമ്യമായ നിലപാട്. ഞങ്ങൾ  പുസ്തകങ്ങളുടെ മാലാഖമാരാണ്; ലാഭക്കൊതിയന്മാരായ വണിക്കുകളല്ല – അവർക്ക് ഉറപ്പുണ്ട്.


വായനയാണ് ചില പുസ്തകവിതരണക്കാരെ ആ ജോലിയിലേക്കെത്തിക്കുന്നത്. പുസ്തകങ്ങളുമായി ഇഴുകിക്കഴിയാനുള്ള കൊതി കൊണ്ടുമാത്രം അങ്ങനെയായിത്തീർന്നവരും  ഉണ്ട്. അവരിൽ   ചിലർ  ഒരു തരം സഹജാവബോധം-intuition-കൊണ്ട് പുസ്തകങ്ങളുടെ ഉള്ള് അറിയുന്നതായി തോന്നിയിട്ടുണ്ട്.  നല്ലത് എന്ന് സ്വയം ബോധിച്ച പുസ്തകങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കുക എന്നതാണ് അവരുടെ മൗലികപ്രേരണ. അവർ പുസ്തകത്തിന്റെ സാംസ്കാരികമൂല്യത്തിലാണ് ശ്രദ്ധിക്കുന്നത്. അങ്ങനെയുള്ളവർ, പുസ്തകം വാങ്ങുന്നവർ ഹൃദയാലുക്കളല്ലെങ്കിൽ, സാമ്പത്തികമായി തോറ്റുപോകും.   പയ്യന്നൂരിൽ കുറച്ചുകാലം നിള എന്ന പുസ്തകശാല നടത്തിയ വേലിയാട്ട് ഭാസ്കരന് വൈകാതെ അത് മതിയാക്കേണ്ടിവന്നു. കാരണം എടുത്തുപറയേണ്ടതില്ല. നിള ഭാസ്കരൻ എന്ന പേര്  ബാക്കിയായി;  വലിയ നഷ്ടംവന്നു. പക്ഷേ, ഭാസ്കരന്റെ മൗലികഭാവത്തിന് ഇതൊന്നും ചികിത്സയായില്ല.  പുസ്തകങ്ങൾ നിറച്ച സഞ്ചിയുമായി, പിരിയാച്ചിരിയും  ചെറുതമാശയുമായി,  ഭാസ്കരൻ അടുത്ത ഘട്ടത്തിലേക്ക് കടന്നു. അങ്ങനെ തന്നെ തുടരുന്നു. ഒരു പരാതിയും ഇല്ല – ദൈന്യം പറച്ചിലില്ല. തന്റെ ദൗത്യത്തിന്റെ വലുപ്പം അയാളെ സദാ സഞ്ചാരിയാക്കുന്നു. പുസ്തകങ്ങൾ ഒപ്പം സഞ്ചരിക്കുന്നു.


2014-ൽ മകൾ അമ്മുവിന്റെ കല്യാണദിനത്തിനടുത്ത് ഭാസ്കരൻ വീട്ടിലേക്ക് വന്നു. സഞ്ചി പതിവിലും വലിയ ഒന്നായിരുന്നു. കേരള സര്‍വകലാശാല ലക്സിക്കൻ വകുപ്പ് ഇറക്കിയ  മലയാള മഹാനിഘണ്ടുവിന്റെ ഒൻപത് വാല്യങ്ങളാണ് ഉള്ളടക്കം.  ശരിക്കും മഹാനിഘണ്ടുവാണ്. വാക്കുകളെ മുൻനിറുത്തിയുള്ള വിജ്ഞാനകോശം.  ശൂരനാട്ട് കുഞ്ഞൻപിള്ള തുടങ്ങിവച്ച പ്രസ്ഥാനത്തിന്റെ വലിയ നേട്ടം. നോക്കി അർത്ഥം കണ്ടുപിടിക്കുകയും  സംശയം തീർക്കുകയും  മാത്രമല്ല – രസിച്ച് വായിക്കുകകൂടി ചെയ്യാം.   ആ  മഹാനിഘണ്ടുവിന്റെ വാല്യങ്ങൾ  എനിക്ക് വേണം എന്ന് ഭാസ്കരൻ തീരുമാനിച്ചിരിക്കുന്നു. അത് അംഗീകരിക്കുകയേ വേണ്ടൂ. കല്യാണത്തിന്റെ സമയമായതിനാൽ പൈസ ഉണ്ട്. അമ്മുവിന്റെ കല്യാണവുമായിച്ചേർന്നുള്ള ഓര്‍മകളുടെ  മുൻനിരയിൽത്തന്നെ  വാക്കുകളുടെ   ആ  വലിയ വീട് സ്ഥിതിചെയ്യുന്നു. 


കരിവെള്ളൂരിലെ അക്കാദമി എന്ന ട്യൂട്ടോറിയലിൽ  പണിയെടുക്കുന്നകാലത്ത് ഒരു ദിവസം കട്ടിമീശ വച്ച, ഇരുനിറക്കാരനായ, കണ്ണടയിട്ട, പൊക്കം ഏറെയില്ലാത്ത ഒരാൾ തുണിസഞ്ചിയുമായി കയറിവന്നു. ഒപ്പം നനഞ്ഞ തുണിയുടെയും വിയർപ്പിന്റെയും മണം. തലേന്ന് പയ്യന്നൂരിലെ ലോഡ്ജിലായിരുന്നു: രാത്രി കഴുകിയിട്ട ഒരേ കട്ടിത്തുണി കൊണ്ടുള്ള ഷർട്ടും പാന്റ്സും ശരിക്കും ഉണങ്ങിയിട്ടില്ല. അതിന്റെ മണമാണ്. തന്റെ സ്വന്തം പ്രസിദ്ധീകരണങ്ങളാണ് സഞ്ചിയിൽ. കസൻദ്സാക്കിസിന്റെ നോവൽ ഭാഗമായ ലിയോണിദാസിന്റെ ഡയറി, നെരുദക്കവിതകൾ, ലോർക്കയുടെ രക്തവിവാഹം എന്ന നാടകം – ഇങ്ങനെ ചില പുസ്തകങ്ങളുടെ പ്രതികൾ. മറ്റു ചില പുസ്തകങ്ങൾ വരാനിരിക്കുന്ന കാര്യവും പറഞ്ഞു.  പേരും പറഞ്ഞു: ഷെൽവി. പുസ്തകാലയം: മൾബെറി; സ്ഥലം: മിഠായിത്തെരുവ് / കോഴിക്കോട്. ഷെൽവി ഏറെ വൈകാതെ ഒരു പ്രസ്ഥാനമായി, അയാൾ. പുസ്തകങ്ങളും  കാഴ്ചയിൽ വലിയ മാറ്റമുണ്ടാക്കി. പ്രസാധനത്തെ കലാപ്രവർത്തനം പോലെയാക്കി.


എന്റെ ആദ്യപുസ്തകത്തിന്റെ പ്രസാധകൻ ഷെൽവിയാണ്.  പതുക്കെയല്ല, വളരെ വേഗം അയാൾ കൂടുതൽക്കൂടുതൽ തിരക്കുപിടിച്ചയാളായി ജീവിക്കുകയായിരുന്നു.അങ്ങനെയിരിക്കെ എല്ലാം സ്വയം അവസാനിപ്പിക്കുകയും ചെയ്തു.


നന്ദകുമാർ വന്നത് വെള്ളൂർ സ്കൂളിലേക്കാണ്. നഗരബുദ്ധിജീവിയുടെ ഉടലും ഉടുപ്പുകളും. ‘ഊണും ബോണസും മറ്റു കാര്യങ്ങളും’  എന്ന  കഥാസമാഹാരത്തിന്റെപേരിൽ മുൻപേ അറിയും. ധൈഷണികമായ പ്രതലം ഉള്ള കഥകൾ – മൗലികമായ ബോധ്യങ്ങളുടെ ഇടങ്ങൾ. മുൻപ് കോഴിക്കോട് വച്ച് ഒരിക്കൽ  കണ്ടിരുന്നു. ഒരു ദിവസം നാട്ടിൽ വരുന്നുണ്ട് – കാണും എന്ന് പറഞ്ഞതാണ്. ആ പറച്ചിലിന്റെ നിറവേറലാണ് ഈ വരവ്. 1992 കാലത്താണ്.  തന്റെ തുകൽബാഗിൽനിന്ന് രണ്ടു പുസ്തകങ്ങൾ  പുറത്തെടുത്തു. രണ്ടും ഇംഗ്ലീഷിലുള്ളവ. വലുപ്പമുള്ളവയും. ഒന്ന് Larousse Dictionary  of Painters – വാൻഗോഗ് പുറചട്ടയിൽ. വിവിധരാജ്യങ്ങളിലെ ചിത്രകാരന്മാരുടെ കാര്യങ്ങൾ, ചിത്രങ്ങൾ – കൊതിപ്പിക്കുന്ന അറിവാലയം. മറ്റേത് Theatres of Narration. വിവിധ ഇന്ത്യൻ പ്രവിശ്യകളിലെ (കഥാപ്രസംഗം പോലുളള) വാചികാവിഷ്ക്കാരങ്ങളെപ്പറ്റി. അന്ന് ഇന്റർനെറ്റ് ഇല്ല – ഉണ്ടാവും എന്നതിന്റെ സൂചന പോലും ഇല്ല. അതിനാൽ രണ്ടും വാങ്ങാൻ പ്രേരണയുണ്ടായി. നന്ദകുമാർ വാചാലനായ കച്ചവടക്കാരനല്ല. നല്ല ചിരി.അത് വിനിമയ ശക്തിയുള്ളത്. വല്ലപ്പോഴുമേ മിണ്ടുന്നുള്ളൂ. ചിത്രകലാപ്പുസ്തകം മതി ഇപ്പോൾ എന്നു പറഞ്ഞപ്പോൾ രണ്ടും എടുത്തോളൂ, മറ്റേ പുസ്‌തകം  അടുത്തമാസം വരുമ്പോൾ തിരിച്ചുതന്നാൽ മതി എന്ന് പ്രതിവചിച്ചു.. ഇങ്ങനെയും പുസ്തകക്കച്ചവടമോ ?–  സന്തോഷിച്ചുപോയി.


ഗിന്നസ് ബുക്കിന്റെ ഒരു എഡിഷനും  ഇങ്ങനെ കിട്ടിയതാണ്. മറ്റൊരു വിതരണക്കാരനിൽനിന്ന്. പേര് മറന്നു. അത് 1985-ലാണ്. 185 രൂപ വില. ആ പുസ്തകവുമൊത്തുള്ള ആദ്യരാത്രിയിൽ ലോകത്തിലെ ഏറ്റവും ചെറിയ ഭാഷ എന്ന എൻട്രിയിൽ കണ്ണുടക്കി. ഒറ്റ വാക്ക് മാത്രമുള്ള (ബാക്കിയുള്ള) ഭാഷയാണത്. പേര് ഖസാർ. വാക്ക് ഒക്യൂറം. (Oqurum). അതിന്റെ അർത്ഥം ‘ഞാൻ വായിച്ചിട്ടുണ്ട് ‘ എന്ന്. ഒരു വാക്ക് ബാക്കിയാവുന്നു – അതിന്റെ അർത്ഥത്തിൽ വായനയും ഉണ്ട്. ആ ചേർച്ച വൈകാരികമായ ഒരു സ്ഥാനമാണ് എന്ന് തോന്നി. ഗിന്നസ് ബുക്ക് കൊണ്ടുത്തന്ന ആ ആളെയും അപ്പോൾ സ്മരിച്ചു. അടുത്ത കാലംവരെ ആ പുസ്തകം ഇടയ്ക്ക് എടുത്തു നോക്കുമായിരുന്നു. അപ്പോഴെല്ലാം സമ്മതം ചോദിക്കാതെ അയാളും ഓര്‍മയിലേക്ക് കടന്നുനില്ക്കും.


കുമാരനാശാന്റെ ബുദ്ധചരിതമടക്കമുള്ള  പ്രധാനകൃതികൾ ഒരു സെറ്റായി വാങ്ങിയത് വീട്ടിൽ വച്ചാണ്. ചെറിയ ചെറിയ പുസ്തകങ്ങൾ. ഓരോന്നിനും പരുക്കൻ ഭാവം എല്ലാറ്റിനും കൂടി നൂറു രൂപയോ മറ്റോ ആണ് ചോദിച്ചത്.  വീടുകൾ തോറും  കയറിയിറങ്ങുന്ന പുസ്തകക്കാരനായിരുന്നു  തന്നത്. തെക്കൻ മലയാളത്തിലാണ് അയാളുടെ  മിണ്ടാട്ടം.  പണം കൊടുക്കവേ പേരുചോദിച്ചപ്പോൾ ‘കുമാർ’ എന്നുപറഞ്ഞു. അഥവാ അങ്ങനെയാണ് കേട്ടത്. അതിലെ യാദൃച്ഛികതയിൽ തങ്ങിനില്ക്കവേ അയാൾ സ്ഥലംവിടുകയും ചെയ്തു. എന്റെ കൈയിൽ നിറയെ കുമാരനാശാൻ കൃതികൾ. മുപ്പത്തഞ്ചു കൊല്ലം കഴിഞ്ഞു. ആ സന്ദർശനസന്ദർഭം മനസ്സിൽ മങ്ങിയിട്ടില്ല.


നബിൻ ഓടയഞ്ചാലിനെപ്പോലുള്ള, പുതിയ പുസ്തകങ്ങളുടെ വിവരം വിളിച്ചറിയിക്കുകയോ വാട്സാപ്പ് സന്ദേശമായിത്തരികയോ ചെയ്യുന്ന മുന്നുനാല് പുസ്തകവിതരണക്കാർ ഉണ്ട്. അവർ കൃത്യക്കാരാണ്. അതിലേറെ  സൗഹൃദശക്തിയിൽ വിശ്വസിക്കുന്നവരാണ്.  ഇംഗ്ലീഷ് പുസ്തകങ്ങളുടെ മാത്രം വിവരം തരുന്ന റോയി, മാണിക്കൻ എന്നീ രണ്ടുപേർ ഉണ്ട്. തീവണ്ടിയിൽ വച്ച് പരിചയപ്പെട്ടതാണ്. അവരുടെ ഉത്സാഹവും കൃത്യതയും  വെറും കച്ചവടക്കാരുടേതല്ല. തങ്ങൾ ചെയ്യുന്ന ജോലിയിൽ അഭിമാനിക്കുകയും അതിന്റെ വ്യത്യസ്തതയിൽ സന്തോഷിക്കുകയുംചെയ്യുന്ന  ചെറുപ്പക്കാരാണവർ. ചുരുങ്ങിയത് അങ്ങനെയൊരു പ്രതീതി ഉണ്ടാക്കാനെങ്കിലും അവർക്കു കഴിയുന്നുണ്ട്.


ഓൺലൈനായി ഓർഡർചെയ്ത് പുസ്തകങ്ങൾ വരുത്തുന്നത്  ശീലമായിക്കഴിഞ്ഞെങ്കിലും  വിതരണക്കാരിൽനിന്ന് കിട്ടുമ്പോഴുള്ള സന്തോഷം അതിന് ഇപ്പോഴും തരാനാവുന്നില്ല. 1993-കാലം തൊട്ട് പുസ്തകപ്രസാധകനും വിതരണക്കാരനുമായി സഞ്ചരിക്കുന്ന ഒരു ഉത്തമമിത്രം ഉണ്ട്. അദ്ദേഹം നല്ല കഥയെഴുത്തുകാരൻ കൂടിയാണ് – ദാമോദരൻ കുളപ്പുറം. സ്കൂളിൽ വരാറുണ്ടായിരുന്നു. പുസ്തകം വാങ്ങലിൽനിന്ന് എന്നെ  ഒഴിവാക്കലാണ് അദ്ദേഹത്തിന്റെ പതിവ്.  ഞങ്ങൾ മിത്രങ്ങളാണ് – അതിന് കാരണങ്ങൾ വേറെയുണ്ട്  എന്ന്  ദാമോദരൻ കുളപ്പുറം തീരുമാനിച്ചിരിക്കുന്നു.


എനിക്കറിയുന്ന പുസ്തകവിതരണക്കാരെല്ലാം പ്രകൃതംകൊണ്ട് ഒറ്റപ്പെട്ടവരാണ്. അവർ പല വായനക്കാരെയും  വ്യക്തിപരമായി പരിഗണിക്കുന്നുണ്ട്. എങ്കിലും അവർ ഏകാകികളാണ്. അവരെ ലാഭകരമല്ലാത്ത ഒരു ആദർശമാണ് സഞ്ചിയിലേക്കും സഞ്ചാരത്തിലേക്കും നയിക്കുന്നത്. കോഴിക്കോട്ടെ ബാലകൃഷ്ണൻമാരാരെപ്പോലെ  സഞ്ചാരിയായ പുസ്തകക്കച്ചവടക്കാരനായിത്തുടങ്ങി വിജയിയായ  മുതലാളിയായിത്തീർന്ന  വേറൊരാൾ ഇല്ല. അത് അപവാദമാണ് – exception.   പുസ്തകവിതരണക്കാർ കൃത്യമായ അർത്ഥത്തിൽ പുസ്തകക്കച്ചവടക്കാരല്ല – പുസ്തകത്തിന്റെ വില അവർ സ്വീകരിക്കുന്നുവെന്നേയുള്ളൂ. തങ്ങൾ പ്രചരിപ്പിക്കാൻ ആശിക്കുന്ന പുസ്‌തകങ്ങൾ വായനക്കാരുടെ ഇടങ്ങളിൽ എത്തിക്കുന്ന ആളുകളാണവർ. അതിനാൽ അവർക്ക്  ആത്മാനുതാപം (self-pity)  ഇല്ല. അലഞ്ഞുതിരിയുന്നവരുടെ  മനുഷ്യത്വവും നിസ്സംഗതയും ചേർത്ത് ബയന്റുചെയ്ത വ്യക്തിത്വമാണ് അവരുടേത്. അവരുടെ പ്രകൃതത്തിൽ  പ്രാചീനമായ ഒരുതരം നിഷ്ക്കളങ്കത വായിക്കാൻ തോന്നാറുണ്ട്. അവർക്ക് പലതരം ആളുകളെ കണ്ടുകണ്ട് മനുഷ്യസ്വഭാവത്തെപ്പറ്റി  ഒരു ധാരണ ഉണ്ടായിട്ടുണ്ട് എന്ന് ഊഹിക്കാം. എന്നാലും അവർ ആളുകളെ ഇകഴ്ത്തിക്കാണാറില്ല. വായനക്കാർ എന്നത്  ഒരു നല്ല ഗണമാണ് എന്ന് അവർ കരുതുന്നു. ആ ഭാവന കാല്പനികമാണ്. പക്ഷേ,  പുസ്തകവിതരണക്കാരന്  ആ കാല്പനികത  ദൈവമാണ്.