അഭിമുഖം: ഡോ.വിനോദ് കെ. ജോസ് – വി. എച്ച്. നിഷാദ്
ഇന്ത്യൻ പത്രപ്രവര്‍ത്തനരംഗത്തെ സമാനതകളില്ലാത്ത ജേണലിസ്റ്റാണ് വിനോദ് കെ. ജോസ്. ഇരുപത്തി ഒന്നാം വയസ്സിൽ വയനാട്ടിൽനിന്ന് ദല്‍ഹിയിലെത്തി ഇന്ത്യൻ എക്സ്പ്രസിന്റെ കബ് റിപ്പോര്‍ട്ടറായി ഹ്രസ്വകാലം ജോലിചെയ്തശേഷം റേഡിയോ പെസഫിക്ക എന്ന അമേരിക്കൻ റേഡിയോയുടെ സൗത്ത്-ഏഷ്യൻ പ്രതിനിധിയായാണ് അദ്ദേഹത്തിന്റെ കരിയറിന് തുടക്കം. പക്ഷേ, മലയാളികള്‍ക്ക് വിനോദിനെ പരിചയം ദേശീയതലത്തിൽ മലയാളത്തിൽ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ട ‘ഫ്രീ പ്രസ്’ എന്ന മാഗസിന്റെ എഡിറ്റർ-ഇൻ-ചീഫും സ്ഥാപകനുമായാണ്. ഇന്ത്യൻ പാര്‍ലമെന്റ് ആക്രമണക്കേസും, വ്യാജ ഏററുമുട്ടൽ കൊലപാതകങ്ങളും, റിയലന്‍സിന്റെ കള്ളപ്പണ ഇടപാടുകളും സിഖ്കലാപത്തിന്റെ യഥാര്‍ത്ഥ കുറ്റവാളികളെ തേടിയുള്ള അന്വേഷണങ്ങളുമെല്ലാം വിനോദിന്റെ നേതൃത്വത്തിൽ ഫ്രീ പ്രസ് ടീം ഒരുക്കിയ മികച്ച കവര്സ്റ്റോറികളായിരുന്നു.
2009 മുതൽ കാരവൻ എന്ന നിര്‍ഭയ മാധ്യമസ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു, വിനോദ് കെ. ജോസ്. ഒന്നരപ്പതിറ്റാണ്ടുകാലം അതിന്റെ അമരക്കാരനായിരുന്നുകൊണ്ട് വിനോദ് നടത്തിയ അന്വേഷണങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും ഇന്‍വസ്റ്റിഗേറ്റിവ് ജേണലിസ്റ്റുകള്‍ക്ക് ഒരു പാഠപുസ്തകമാണ്.
യു.പി.എ സര്‍ക്കാരിന്റെ അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളെയും അഴിമതിയെയും തുറന്നുകാട്ടി ഇന്ത്യയിൽ നരേറ്റീവ് ഇന്‍വസ്റ്റിഗേഷൻ റിപ്പോര്‍ട്ടിംഗിന് തുടക്കമിട്ട കാരവൻ, തുടര്‍ന്ന് അധികാരത്തിലേറിയ മോദി-സംഘപരിവാർ ഭരണകൂടത്തിന്റെ ഇടപെടലുകളെയും ചോദ്യംചെയ്തു. രാജ്യത്തെ അധികാരകേന്ദ്രങ്ങളായ മോദിയും അമിത്ഷായും അദാനിയും റിയലന്സുമെല്ലാം പലവട്ടം കാരവൻ സ്റ്റോറികളിലൂടെ വിചാരണ ചെയ്യപ്പെട്ടു. തുടര്‍ന്ന്, അമിത് ഷായുടെ വ്യാജ ഏറ്റുമുട്ടൽ കേസിൽ വിധി പറയേണ്ടിയിരുന്ന ജഡ്ജ് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട നിരവധി റിപ്പോട്ടുകളും കാരവൻ പ്രസിദ്ധീകരിച്ചു. പല അസാധാരണ മുഹൂര്‍ത്തങ്ങള്‍ക്കും നമ്മുടെ രാജ്യം സാക്ഷിയായി.
ഭീഷണികളും തിരിച്ചടികളും വെല്ലുവിളികളും കാരവനെയും വിനോദ് കെ. ജോസിനെയും പിന്തുടര്ന്നു. ഭരണകൂടം സ്വതന്ത്രമായി സംസാരിക്കുന്ന മാധ്യമങ്ങളുടെ നാക്കരിയുന്ന, ഇന്ത്യ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയും നിശ്ശബ്ദതയുടെ സംസ്കാരത്തിലൂടെയും കടന്നുപോകുന്ന, ഈ കാലത്താണ് ഇരുപത്തിയഞ്ചു വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിനുശേഷം മുഴുവന്‍സമയ എഴുത്തിലേക്ക് ചുവടുമാറാനായി വിനോദ് കെ. ജോസ് കാരവന്റെ പടിയിറങ്ങുന്നത്. പിന്നിട്ട വഴികളെപ്പറ്റി, ജേണലിസ്റ്റ് എന്ന നിലയിലുള്ള വൈവിധ്യമേറിയ അനുഭവങ്ങളെപ്പറ്റി, കാരവൻ-ജീവിതത്തെപ്പറ്റി, വയനാട് സാഹിത്യോത്സവത്തെപ്പറ്റി… സംസാരിക്കുകയാണ് സുഹൃത്തും എഴുത്തുകാരനുമായ വി.എച്ച്.നിഷാദുമായുള്ള സംഭാഷണത്തിൽ ഡോ.വിനോദ് കെ ജോസ്.
വി എച്ച് നിഷാദ്: ബിരുദാനന്തരബിരുദ പഠനത്തിനുശേഷം, ഇന്ത്യൻ എക്സ്പ്രസിലെ ഹ്രസ്വകാലത്തിനുശേഷം, വിനോദ് ദല്‍ഹിയിൽ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത് ‘റേഡിയോ പെസഫിക്ക’ എന്ന അമേരിക്കൻ റേഡിയോയുടെ സൗത്ത് ഏഷ്യൻ ബ്യുറോ ചീഫ് ആയിട്ടാണ്. പ്രിന്റ് മീഡിയ ഇവിടെ പ്രബലമായിട്ടുപോലും എന്തു കൊണ്ട് റേഡിയോതിരഞ്ഞെടുത്തു?
വിനോദ് കെ. ജോസ്: വയനാട്ടിൽ ജനിച്ചുവളര്‍ന്ന ഒരാളാണ് ഞാൻ. വീട്ടിലെ ചില ഉത്തരവാദിത്വങ്ങൾ കൊണ്ട് നാട്ടിൽനിന്ന് അധികനാൾ മാറി നില്‍ക്കാനുള്ള താത്പര്യക്കുറവൊക്കെയുള്ള ഒരു കാലത്താണ് ദല്‍ഹിയിലേക്ക് പത്രപ്രവര്‍ത്തന കരിയറുമായി ഞാൻ പോകുന്നത്. ഒരു ലിമിറ്റഡ് പീരീയഡ്, ഒരു വര്‍ഷം, കൂടിയാൽ രണ്ടു വര്‍ഷം ഞാൻ പത്രപ്രവര്‍ത്തനത്തിൽ നിന്നേക്കും എന്നേ ആദ്യകാലത്ത് വിചാരിച്ചിരുന്നുള്ളൂ. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സിറ്റി ബ്യൂറോയിൽ കബ് റിപ്പോര്‍ട്ടറായിട്ടായിരുന്നു അക്കാലത്ത് ജോലിചെയ്തിരുന്നത്. ആ ജോലിക്ക് അതിന്റേതായ ചില ലിമിറ്റേഷനുകളും ഉണ്ടായിരുന്നു. ലോക്കൽ പൊലീസ് സ്റ്റേഷനുകളും ലോക്കൽ ജയിലുകളും മാത്രം നോക്കുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകൾ സംഭരിക്കുന്നു. അവ സിറ്റി എഡിഷനിൽ മാത്രം അച്ചടിച്ചു വരുന്നു.
എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായുള്ള ഒരു ലോകമാണ് റേഡിയോ പെസഫിക്ക എന്ന പബ്ലിക് റേഡിയോയിലേക്ക് വന്നപ്പോൾ തുറന്നു കിട്ടിയത്. ഇന്ത്യ മുഴുവൻ സഞ്ചരിക്കാനും വാര്‍ത്തകൾ തേടാനും ഇതോടെ അവസരമായി. ഒപ്പം നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള വാര്‍ത്തകൾ ശേഖരിക്കുകയും അമേരിക്കയിലെ റേഡിയോ ശ്രോതാക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഒരു റോളിലേക്ക് -ഫീല്‍ഡ് പ്രൊഡ്യൂസറായി – മാറാനുള്ള ഒരവസരമായിരുന്നു അത്. ധാരാളം യാത്രചെയ്യാൻ പറ്റും എന്നുളളതായിരുന്നു അതിന്റെ ഒരു ഗുണം. ഒപ്പം നാട് അടുത്തുണ്ട് എന്ന സമാധാനവും.