മുൻവാക്ക് – സി. രാധാകൃഷ്ണൻ
അഭിവാദയേ!
ലളിതജീവിതവും ഉയർന്ന ചിന്തയുമാണ് വിവേക ലക്ഷണം എന്നത് സര്‍വമത സമ്മതമായ കാര്യമാണ്. എല്ലാ ഗുരുനാഥന്മാരും ഇത് ഏറ്റു പറയും. എന്നാൽ ഇത്തരം ആളുകളെ കാണിച്ചു തരൂ എന്ന് ജിജ്ഞാസുക്കളായ ശിഷ്യർ ആവശ്യപ്പെടുമ്പോഴാണ് ഇക്കൂട്ടർപോലും വിഷമിക്കുക. ഈ വിഷമം കാലം പോകേ ഏറിയും വരുന്നു. പുതിയ ഈടുവയ്പുകൾ നന്നേ ദുർലഭം.
ആരെപ്പറ്റി ആയാലും എന്തിനെപ്പറ്റി ആയാലും നല്ലതായാലും ചീത്തയായാലും പെരുപ്പിച്ചു പറയാൻ നമുക്കൊരു വാസനയുണ്ടല്ലോ. അതിന്റെ പ്രയോഗം വാക്കുകളുടെ ഫലപ്രാപ്തി പരിമിതപ്പെടുത്തുന്നു. പറയുന്നത് നേരുതന്നെയാണ് എന്ന് തീർത്ത് സ്ഥാപിക്കാൻ അപ്പോൾ വല്ലാതെ ഉറക്കെയോ അമർത്തിയോ പൊല്ലാത്ത വാക്കുകൾ ഉപയോഗിച്ചോ പറയേണ്ടി വരുന്നു. അങ്ങനെ ചെയ്താൽപോലും സംശയം ബാക്കിയാവുന്നു. അതിനാലാണ്, ‘ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്ന് പറഞ്ഞാൽ നാളത്തെ ലോകം വിശ്വസിക്കാൻ വിഷമിക്കും’ എന്ന് ആൽബർട്ട് ഐൻസ്റ്റൈൻ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത്.
അന്ത്യവിശ്രമത്തിലേക്ക് പോയ ഫാ.എ.അടപ്പൂർ എസ്.ജെ. എന്ന അപൂര്‍വ മനുഷ്യനെക്കുറിച്ചുള്ള നിനവിനിടെയാണ് ഇത് ഓർമ വരുന്നത്. അദ്ദേഹത്തിന്റെ വലുപ്പം വാക്കിലോ കല്ലിലോ എവിടെയെങ്കിലും കൊത്തിവയ്ക്കേണ്ടത് അദ്ദേഹത്തെ അറിഞ്ഞ ആരുടെയും ചുമതലയാണ്. രണ്ടാണ് അതിന്റെ ആവശ്യകത. ഒന്നാമത്തേത് അതൊരു അപൂര്‍വമാതൃക ആയതുകൊണ്ട് തന്നെ. രണ്ടാമത്തേത് ഈ വലിയ ലോകത്ത് അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളവർ നന്നേ കുറവായിരിക്കും എന്നുള്ളതുകൊണ്ട്. ആ സാമീപ്യത്തിന്റെ സാന്ത്വനവും സുഖവും സൗഭാഗ്യവും സുകൃതവും പറഞ്ഞറിഞ്ഞു വേണമല്ലോ ഇനിയും പരക്കാൻ.
ജാതിമതഭേദം കൂടാതെ എല്ലാ മനുഷ്യരെയും വിവേകത്തിന്റെ തെളിമയിലേക്ക് കൊണ്ടുവരാൻ ആജീവനാന്തം പരിശ്രമിച്ച ഒരാൾ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഒറ്റ വാചകത്തിൽ പറയാൻ കഴിയുന്നത്. തൻകാര്യം ഒരിക്കലും മുൻകാര്യമോ പൊൻകാര്യമോ വൻകാര്യമോ ആയില്ല. പൂവിൽനിന്ന് സുഗന്ധം പരക്കുന്നപോലെ പ്രസരിക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിൽനിന്ന് വിവേകം.
ചുറ്റുമുള്ള ലോകത്തിലെ അവിവേക വിസർജങ്ങളെ അറപ്പോ വെറുപ്പോ കൂടാതെ കഴുകിക്കളയാൻ അദ്ദേഹം ആജീവനാന്തം പ്രയത്നിച്ചു. ആ അവിവേകങ്ങളുടെ പ്രഭവകേന്ദ്രങ്ങളോട് ഒറ്റയാൾ പട്ടാളമായി പടപൊരുതുകയും ചെയ്തു. ഒരു യുദ്ധത്തിലും പരാജയഭീതി ഇല്ല, വിദ്വേഷമോ പരിഭവമോ കൂടാതെയാണ് പോര്, അഥവാ ആദ്യം തോറ്റാലും അന്തിമജയം തന്റെയാണ് എന്ന് ഉറച്ച വിശ്വാസം! ആയുധമോ, അപ്രതിരോധ്യമായ വിവേകവെളിച്ചം മാത്രവും!
കെ. പി. വിജയൻ എന്ന പത്രപ്രവർത്തക സുഹൃത്താണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്. 1980-ലായിരുന്നു എന്നാണ് ഓർമ. എന്റെ എഴുത്തുവഴിയെ സൂക്ഷ്മദൃഷ്ടിയോടെ നിരീക്ഷിക്കുന്ന ഒരാളാണ് എന്ന് തിരിച്ചറിഞ്ഞ അന്നുമുതൽ അദ്ദേഹത്തോട് എനിക്ക് ആദരവും സ്നേഹവും ഉണ്ടായി. ഞങ്ങളുടെ ആലോചനകൾക്ക് ആഴങ്ങളിൽ എവിടെയോ വലിയ അളവിൽ അലനീളപ്പൊരുത്തം ഉള്ളതായി ഞാൻ കണ്ടു. അദ്ദേഹത്തിന്റെ എഴുത്ത് തേടിപ്പിടിച്ച് വായിക്കുക എന്റെ ശീലമായി. ആ വായന എനിക്ക് അന്നോളം പരിചയമില്ലാത്ത ഒരുപാട് തലങ്ങളിലേക്ക് എന്നെ കൊണ്ടുപോയി.
അദ്ദേഹം എഴുതിയ പത്തിരുപത്തഞ്ച് പുസ്തകങ്ങളിൽ എല്ലാംതന്നെ ഞാൻ കണ്ടിട്ടുണ്ട്. ‘പാളം തെറ്റിയ ദൈവശാസ്ത്രം’ മുതൽ ‘കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ്’ വരെ. സി.അച്ചുതമേനോൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവുമായി നടത്തിയ ദീർഘമായ ചർച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കാലത്തേ വായിച്ചിരുന്നു.
വൈരുദ്ധ്യാത്മക ഭൗതികം കൃത്യമായി പഠിച്ചിരുന്നു അദ്ദേഹം. അതിന് പുറമേ ഇതര മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളും നേരായി ധരിച്ചിരുന്നു. നല്ല കെട്ടുറപ്പുള്ള തറയിൽ ആയിരുന്നു എപ്പോഴും നിലപാട്.
അദ്ദേഹത്തിന്റെ താമസസ്ഥലത്തിന് അടുത്താണ് ഞാനും കഴിഞ്ഞുപോന്നത്. നിത്യേന എന്നോണം കണ്ടുമുട്ടുന്ന അവസ്ഥ. എപ്പോൾ എവിടെവച്ച് കണ്ടാലും എന്തെങ്കിലും സംസാരിക്കാനുണ്ടാവും. ആ സംഭാഷണങ്ങളിൽനിന്ന് എനിക്കാണ് എല്ലായ്പ്പോഴും മെച്ചം കിട്ടിയത് എന്ന് നന്ദിയോടെ ഓർക്കുന്നു.
വൈകുന്നേരം നടക്കാൻ ഇറങ്ങുമ്പോഴാണ് മിക്കവാറും ഇത്തരം ചർച്ചകൾ പതിവ്. കൊച്ചിയിൽ കൊതുക് ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്നതും ഈ നേരത്താണ്. വേഗം നടന്നുകൊണ്ടിരിക്കുകയാണ് ഇവയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴി. എങ്കിലും ആളൊഴിഞ്ഞ ഏതെങ്കിലും മൂലയിൽ മാറി നിന്ന് ഞങ്ങൾ ഏറെ നേരം സംസാരിക്കും. ഞങ്ങൾ ഇരുവരുടെയും ചോര കുടിക്കുന്ന കൊതുകുകൾ പോലും ഇതിന് തടസ്സമായില്ല!
തൊണ്ണൂറുകളുടെ മധ്യത്തിൽ രണ്ടുമൂന്ന് കൊല്ലക്കാലം ഞാൻ ഭാഷാപോഷിണി എന്ന മാസികയുടെ ചുമതലക്കാരനായപ്പോഴാണ് അടപ്പുരച്ചൻ എന്ന അറിവിന്റെ ഭണ്ഡാരപ്പെട്ടിയുടെ ആഴവും വിസ്താരവും ശരിയായി കണ്ടുകിട്ടിയത്. അപൂർവവും അവസരോചിതവും അർത്ഥപൂർണവുമായ ഒട്ടേറെ സംവാദങ്ങൾക്ക് തിരി കൊളുത്താൻ അദ്ദേഹത്തിന്റെ ലേഖനങ്ങൾ മതിയായി. അപൂര്‍വമായ അറിവിന്റെ നിറവ് മാസികയുടെ താളുകളിൽ പൊലിഞ്ഞു നിറഞ്ഞു. ആ അഭിപ്രായപ്രവാഹങ്ങളിൽനിന്ന് ജലസേചനം നടത്തി നാട്ടിൽ ഒരുപാട് വിളവുണ്ടായി. അതിൽനിന്ന് ഉതിർന്ന വിത്തുകൾ ഇപ്പോഴും മുളച്ചു കൊണ്ടിരിക്കുന്നു. തന്റെ അപൂര്‍വമായ വഴിയിൽ നിസ്വനായി നടക്കുമ്പോഴും പോയവഴി അത്രയും ഫലഭൂയിഷ്ടമാക്കാൻ ആ നാടൻ കൃഷിക്കാരന് അനായാസേന കഴിഞ്ഞു.
എത്ര കർക്കശമായ വാദപ്രതിവാദത്തിൽ ഏർപ്പെടുമ്പോഴും ആരോടെങ്കിലും അരക്കഴഞ്ച് പരിഭവം വാക്കിലോ നോക്കിലോ ഇല്ലായിരുന്നു. അന്തഃക്ഷോഭത്തിന്റെ വളക്കൂറ് നാനാർത്ഥ സമ്പുഷ്ടമായ ഒരു ചെറു ചിരിയായി ചുണ്ടത്ത് തെളിയും. അല്പമെങ്കിലും കാർക്കശ്യം ഉണ്ടായിരുന്നെങ്കിൽ അത് തന്നോട് മാത്രമായിരുന്നു.
സ്നേഹം എന്ന വാക്കിന് അർത്ഥപരിമിതി ഇല്ല എന്നാണ് ആ മുഖം എന്നും എവിടെയും സാക്ഷ്യപ്പെടുത്തിയത്. അതിന് പക്ഷഭേദങ്ങളോ രുചി വ്യത്യാസങ്ങളോ ആചാരഭിന്നതകളോ പരിമിതികൾ ഉണ്ടാക്കിയില്ല. സ്നേഹിക്കുന്നവർക്ക് സങ്കടങ്ങൾ ഉണ്ടാവില്ല എന്നു പറയാതെ പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിച്ചു. മറ്റുള്ളവർക്കായി എരിഞ്ഞടങ്ങുന്ന എല്ലാ മെഴുകുതിരികളെയും ആദരിച്ചു. അന്യവേദനകൾ ഏറ്റുവാങ്ങുന്ന എല്ലാ അത്താണികളെയും മനസാ നമസ്കരിച്ചു. ഒന്നും സമ്പാദിച്ചില്ല, തനിക്കുവേണ്ടി വിതയ്ക്കാതെയും കൊയ്യാതെയും മാത്രം കഴിഞ്ഞ ദൈവദൂതപ്പറവ! അഭിവന്ദനീയമാണ് ധന്യമായ ആ ജന്മം.
അഭിവാദയേ!