ഓടക്കുഴൽ വിളിക്ക് കാതോർത്ത്… – എം.കെ.സാനു

അന്ന് ഞാൻ ചെറുപ്പമായിരുന്നു. (ഒരിക്കൽ ഞാനും ചെറുപ്പമായിരുന്നു!)ഒരു ഹൈസ്‌കൂളിൽ പ്രസംഗിക്കാൻ പോയി. ഹെഡ്മിസ്ട്രസ്സിനു യാത്രയയപ്പ് നല്കുന്ന സമ്മേളനത്തിലാണ് പ്രസംഗിക്കേണ്ടത്. ആ ഹെഡ്മിസ്ട്രസ്സിനെ അറിയുന്നയാളെന്ന  നിലയ്ക്ക് മുഖ്യപ്രഭാഷണം എന്ന ചുമതല എന്നെ ഏല്പിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുപ്രവർത്തകരുമടങ്ങുന്ന സദസ്സ് വലുതായിരുന്നു. (അക്കാലത്ത് സമൂഹം പ്രസംഗങ്ങൾക്ക് വില കല്പിച്ചിരുന്നു.)


പിരിഞ്ഞുപോകുന്ന ഹെഡ്മിസ്ട്രസ്സിന്റെ ഗുണവിശേഷങ്ങൾ വിസ്തരിക്കുക എന്ന ചുമതല, കഴിവനുസരിച്ച് ഞാൻ നിർവഹിച്ചത് ഉന്മേഷത്തോടുകൂടിയാണ്. പുരുഷായുസ്സ് മുഴുവൻ പൂർത്തീകരിച്ച് ജീവിതം സഫലമാക്കാനിടയാകട്ടെ എന്ന ആശംസയോടുകൂടി പ്രസംഗം ഉപസംഹരിച്ചപ്പോൾ എനിക്കു സ്വയം സംതൃപ്തി തോന്നിപ്പോയി!


ആ സംതൃപ്തി അധികനേരം നീണ്ടുനിന്നില്ല, സമ്മേളനം കഴിഞ്ഞ് ഞാൻ തിരികെപ്പോകാൻ തുടങ്ങുമ്പോൾ വൃദ്ധയായ പഴയൊരു ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു. ആദരവോടുകൂടി അടത്തു ചെന്നപ്പോൾ ആ മഹതി ചോദിച്ചു.


”റിട്ടയർ ചെയ്യുന്ന ആ ടീച്ചർ സാനുവിന് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടോ?”


ചോദ്യം കേട്ടപ്പോൾ ലഘുവായ അസ്വാസ്ഥ്യം എന്നെ പിടികൂടി. പ്രസംഗത്തിൽ എന്തെങ്കിലും അബദ്ധം ഞാൻ പറഞ്ഞിരിക്കുമോ? എന്നാൽ ആ വൃദ്ധമഹതി തുടർന്നുപറഞ്ഞ വാക്കുകൾ എന്റെ അസ്വാസ്ഥ്യത്തിന് ശമനമുണ്ടാക്കി. ആ മഹതി ചോദിച്ചു:


”കൂടുതൽ കാലം ജീവിക്കുന്നത് നല്ലതാണെന്നാണോ സാനു വിചാരിക്കുന്നത്?”


തന്റെ വാക്കുകൾക്ക് അവർ വിശദീകരണം നല്കിയത് സ്വന്തം അമ്മയുടെ കാര്യം ഉദാഹരണമാക്കിക്കൊണ്ടാണ്. തൊണ്ണൂറ്റിഒന്നാം വയസ്സുവരെ അമ്മ ജീവിച്ചു. അതിനിടയിൽ ചെവി കേൾക്കാതായി. കാഴ്ച മങ്ങി. നടക്കാൻ പ്രയാസം. ആഹാരത്തിൻ രുചിയില്ലെന്നു തോന്നിത്തുടങ്ങി. ഒട്ടുമിക്കപ്പോഴും കിടക്കയിൽ കഴിഞ്ഞു കൂടുകയാണു ചെയ്തത്.


ദിനകൃത്യങ്ങൾ നിർവഹിക്കാൻ ആരെയെങ്കിലും ആശ്രയിക്കാതെ നിവൃത്തിയില്ലെന്നു വന്നു. എല്ലായ്‌പ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഉന്മേഷം കാണിച്ചുപോന്ന ആ അമ്മയെ ഇപ്പോൾ അലട്ടുന്നത് താൻ മറ്റുള്ളവർക്ക് ഭാരമായല്ലോ എന്ന സങ്കടമാണ്. (ആ അമ്മ മൂകയായി ശൂന്യതയിൽ നോക്കിയിരിക്കുന്നത് കണ്ട് ഏറെനേരം ഞാൻ അടുത്തിരുന്നിട്ടുണ്ട്. ആ ഓർമ എന്റെ മനസ്സിൽ ഓടിയെത്തി.)


”എന്റെ സാനൂ, വാർദ്ധക്യത്തിന്റെ അവസ്ഥയതാണ്. അതിന്റെ സങ്കടം അനുഭവിക്കണമെന്നല്ലേ സാനു ആശംസിച്ചത്?”


സങ്കടങ്ങൾ സ്വയമനുഭവിക്കാൻ തുടങ്ങിയിരിക്കുന്നതുമൂലമായിരിക്കാം ആ മഹതിയുടെ വാക്കുകൾ എന്റെ യുവഹൃദയത്തിൽ അന്നു പതിഞ്ഞത്. ഈ തൊണ്ണൂറ്റിആറാം വയസ്സിലും ഞാൻ എത്ര സ്പഷ്ടമായി ആ സന്ദർഭം ഓർമിക്കുന്നു.


വാർദ്ധക്യമെന്നത് ഒരവസ്ഥയാണ്. അനുഭവിക്കുന്നവർക്കല്ലാതെ മറ്റാർക്കും അതെന്തെന്ന് മനസ്സിലാവുകയില്ല.


കാലം കടന്നുപോകുമ്പോഴാണ് മനുഷ്യൻ വാർദ്ധക്യം പ്രാപിക്കുന്നത്. ലോകത്തിൽ കാലം അനുനിമിഷം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. വസ്ത്രധാരണം, ഭക്ഷണരീതി, മനുഷ്യബന്ധങ്ങൾ മുതലായവയിലുണ്ടാകുന്ന മാറ്റങ്ങൾ നാം അനുദിനം കാണുന്നു. അതോടൊപ്പം സമൂഹത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും മാറ്റം വരുന്നു. സദാചാരബോധത്തിനും മാറ്റം വരുന്നു. സാധാരണമായ സാമൂഹ്യമര്യാദകളെ സംബന്ധിക്കുന്ന ധാരണകൾപോലും മാറുന്നു.


അത്തരം മാറ്റങ്ങളോടു പൊരുത്തപ്പെടാൻ വൃദ്ധജനത്തിനു പ്രയാസമാണ്. നരച്ചമുടിയുള്ളവരെ ബഹുമാനിക്കണമെന്ന ചൊല്ലിന് കാലഹരണമുണ്ടാകുന്നു. വൃദ്ധന്മാർ അതറിയുന്നില്ല. ബാല്യം, യൗവനം എന്നീ അവസ്ഥയിലുള്ളവർ അവരെ വകവയ്ക്കാതാകുന്നു. പലപ്പോഴും വൃദ്ധരെ കളിയാക്കാൻ അവർ മുതിരുകയും ചെയ്യുന്നു. ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനു പകരം കളിയാക്കുകയോ? സ്‌നേഹശൂന്യതയുടെ ചേഷ്ടകളായല്ലാതെ അത്തരം സന്ദർഭങ്ങളെ കാണാൻ വൃദ്ധദൃഷ്ടിക്ക് സാധിക്കുന്നില്ല.


ഈ അവസ്ഥയിൽ വലയുന്ന ഒരു ചേച്ചിയെ പണ്ടൊരിക്കൽ എന്റെ വീട്ടിൽ കൊണ്ടുവന്നു ഞാൻ താമസിപ്പിച്ചു. എന്റെ കുട്ടികൾ ആ ചേച്ചിയുടെ അടുത്തുനിന്ന് പാട്ടുപാടുന്നതും നൃത്തം വയ്ക്കുന്നതും കാണാൻ നല്ല രസമായിരുന്നു. അതെല്ലാം കണ്ട് ചേച്ചി സന്തോഷിച്ചുകൊണ്ടിരുന്നു. എന്നാൽ, തിരികെ കൊണ്ടുപോകാൻ സ്വന്തം മകൾ വന്നപ്പോൾ അവരുടെ മുഖം മങ്ങി. അവർ കരയുകയും ചെയ്തു. കരയുന്നതിന്റെ കാരണമെന്തെന്ന് ഞങ്ങളോട് പറഞ്ഞു. ആ വീട്ടിൽ തനിക്കും സ്‌നേഹം കിട്ടുന്നില്ല!


അവരുടെ പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് എനിക്ക് നേരിട്ടറിയാമായിരുന്നു. മകളും മകളുടെ മക്കളും അവരുടെ സുഖസൗകര്യങ്ങൾക്കുമാത്രമാണ് ആ വീട്ടിൽ പരമമായ പ്രധാന്യം നല്കിയിരുന്നത്. ബാഹ്യമായ സ്‌നേഹപ്രകടനം കുറവായിരുന്നു എന്നേയുള്ളൂ.


സ്‌നേഹത്തെക്കാളധികം സ്‌നേഹപ്രകടനമാണ് വൃദ്ധമനസ്സുകളെ തൃപ്തിപ്പെടുത്തുന്നത്. എപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏകാകിതാബോധത്തിൽ സ്‌നേഹപ്രകടനം അവർക്ക് അനുപേക്ഷണീയമാണ്. അതു സാന്ത്വനവുമാണ്.


വൃദ്ധജനങ്ങളിൽ പലരും ഉറക്കമില്ലായ്മയെപ്പറ്റി പരാതി പറയാറുണ്ട്. മലശോധന തൃപ്തികരമാകുന്നില്ല എന്ന പരാതിയും കൂടക്കൂടെ അവരിൽനിന്നു വരുന്നതു കേൾക്കാം. രണ്ടിനും പരിഹാരമായി ഇപ്പോൾ ഗുളികകൾ പലതും ലഭ്യമാണ്. വൃദ്ധഡോക്ടർമാർപോലും ആ ഗുളികകളെ ആശ്രയിക്കുന്നു. ഗുളിക കഴിക്കാൻ വൈമുഖ്യമുള്ള വൃദ്ധരുമായി ഇടപഴകിക്കൊണ്ടിരുന്നാൽ ആ പ്രശ്‌നത്തിനു പരിഹാരം കാണാൻ കഴിയുമെന്നാണ് ഞാൻ മനസ്സിലാക്കിയത്.


വൃദദ്ധസദനങ്ങൾ വർധിച്ചുവരുന്നത് നാം കാണുന്നു. അതിനു കാരണങ്ങൾ പലതാണ്. അകലെയുള്ള സ്ഥലങ്ങളിൽ (ഇന്ത്യയിലും വിദേശങ്ങളിലും) ജോലി ചെയ്യുന്നവരായിരിക്കും അവരുടെ മക്കൾ, ആ ജോലി കൊണ്ടുവേണം കാലക്ഷേപം കഴിക്കാൻ (അല്പം സമ്പാദിക്കാനും.) അപ്പോൾ, മാതാപിതാക്കൾക്ക് വൃദ്ധസദനങ്ങളാണ് ആശ്രയം. അവിടെ സുരക്ഷിതത്വമുണ്ട്. ഏകാകിതയിൽ നിന്നു, രക്ഷനേടാൻ സാഹചര്യമുണ്ടാവുകയും ചെയ്യുന്നു. വല്ലപ്പോഴുമൊരിക്കൽ മക്കൾ വരുമ്പോൾ അസുലഭമായ സന്തോഷം നുകരാനുള്ള അവസരങ്ങളായി അവ അനുഭവപ്പെടുന്നു.


മക്കൾ പിരിയുമ്പോഴോ? അപ്പോൾ വേദനയുണ്ടാകുമെന്ന് നമുക്കറിയാം. മനുഷ്യജന്മത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് ആ വേദന.


എന്നോടൊപ്പം പഠിച്ചിരുന്ന ഒരു സ്ത്രീ ഇപ്പോൾ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. ആ വിവരം അവർ എന്നെ അറിയിച്ചു. എന്നെ കാണാനാഗ്രഹിക്കുന്നു എന്നും പറഞ്ഞു.


കാണാനെത്തിയപ്പോൾ താൻ താമസിക്കുന്ന മുറിയിലേക്ക് അവർ എന്നെ കൊണ്ടുപോയി. സൗകര്യമുള്ള മുറി. പരിചിതർ പലരും അടുത്ത മുറികളിലുണ്ട്. എന്നെ അറിയുന്നവർ. കാണുന്നതിനും കുശലങ്ങൾ പറയുന്നതിനും അവർ ആ മുറിയിൽ എന്റെ അടുത്തെത്തി. ഞങ്ങളെല്ലാവരും ചേർന്ന് അതുമിതും പറയുന്നതിനിടയ്ക്ക്, എന്നോടൊപ്പം പഠിച്ചിരുന്ന സ്ത്രീ – ആ മുറിയിലെ താമസക്കാരി – എല്ലാവരോടുമായി പറഞ്ഞു.


”’ഞങ്ങൾക്ക് അല്പം സ്വകാര്യം പറയാനുണ്ട്. അതുകൊണ്ട് നിങ്ങളെല്ലാവരും കുറച്ചുസമയം പുറത്തുപോയാൽ ഉപകാരമാകും.”


ഉടനെതന്നെ എല്ലാവരും പുറത്തുപോയി. അപ്പോൾ മുറിയുടെ വാതിലടച്ചതിനുശേഷം അവർ എന്നോട് പറഞ്ഞു.


”ഈ സ്ഥാപനത്തിന്റെ ഉടമകൾ നിങ്ങളുമായി അടുപ്പമുള്ളവരാണെന്ന് എനിക്കറിയാം. അവരോട് ഒരു കാര്യം നിങ്ങൾ പറയണം. മരിക്കുമ്പോൾ എന്റെ ശവം മെഡിക്കൽ കോളെജിനു കൊടുക്കണം.”


അതു പറയുമ്പോൾ ആ മുഖത്ത് സംതൃപ്തി തെളിയുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ മുഖത്ത് തറപ്പിച്ചു നോക്കിയിട്ട് അവർ ചോദിച്ചു.


”നിങ്ങളെന്താണ് മിണ്ടാതിരിക്കുന്നത്?”


ഞാൻ പറഞ്ഞു.


”മിണ്ടാതിരിക്കുന്നതെന്തുകൊണ്ടെന്നു ഞാൻ പറയുന്നതിനുമുമ്പ് നിങ്ങളുടെ വിശേഷങ്ങൾ എന്നോട് പറയൂ. അതറിയാനാണ് എനിക്കു തിടുക്കം. മരണത്തെയും ശവത്തെയും കുറിച്ചു പറയാൻ ഇനിയും സമയം കിടക്കുന്നുവല്ലോ.”


അപ്പോൾ അവരുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. വിശേഷങ്ങൾ പലതും അവർ പറയുകയും ചെയ്തു. നല്ലൊരു തറവാട്ടിലെ അംഗമാണവർ. ഭർത്താവിന്റെ മരണശേഷം മക്കളോടൊപ്പം മാറിമാറി താമസിച്ചുവരുന്നു. മക്കൾ മൂന്നുപേരും കാശുള്ളവരാണ്. അന്തസ്സിൽ ജീവിക്കുന്നവർ. പക്ഷേ, താനനുഭവിക്കുന്ന ഏകാകിത അവർ അറിയുന്നില്ല. സ്വന്തം സുഖത്തിൽ മാത്രമേ അവർക്ക് താത്പര്യമുള്ളൂ, ദൃഷ്ടാന്തങ്ങളും. അവർ പറഞ്ഞു.


പിന്നീട് അവരുടെ മക്കളെ ഞാൻ കണ്ടു. അമ്മയുടെ സുഖത്തിനാവശ്യമായ കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്യുന്നു. എന്നിട്ടും അമ്മയ്ക്ക് തൃപ്തിയാകുന്നില്ല. ഞങ്ങളെന്താണ് ചെയ്യുക? അതാണവർക്ക് പറയാനുളളത്. തലമുറകൾ തമ്മിലുള്ള പൊരുത്തക്കേടാണ് അമ്മയുടെ പരാതിയിലുള്ളതെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. എല്ലാ കാലത്തും ആ വിടവുണ്ടാകുന്നു. പക്ഷേ, ഈ സൈബർയുഗത്തിലുണ്ടായിടത്തോളം വിടവ് മുൻപ് ഒരു കാലത്തുമുണ്ടായിട്ടില്ല. പല തലമുറകളിലൂടെ കടന്നുപോന്ന അനുഭവത്തിന്റെ ബലത്തിലാണ് ഇങ്ങനെ കുറിക്കുന്നത്. ചെറിയൊരു കാര്യംമാത്രം നോക്കൂ. ഭക്ഷണക്രമത്തിലും അഭിരുചിയിലും എത്ര വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഫ്രൈഡ്‌റൈസ്, ന്യൂഡിൽസ്, ചില്ലിചിക്കൻ, പിസ എന്നിങ്ങനെ പലതും കുട്ടികൾ പറയുന്നതു കേൾക്കുമ്പോൾ ഈ ഞാനും കണ്ണുമിഴിച്ചു പോകുന്നു!


പഞ്ചേന്ദ്രിയങ്ങൾ പരീക്ഷീണമാകുന്ന വാർദ്ധക്യദശയിൽ രുചിയറിയാനുള്ള വാസനയും തളരുന്നു. അതും അവരുടെ പരാതിക്ക് പിന്നിലുണ്ടായിരിക്കാം.  പ്രസാദാത്മകത്വത്തിന്റെ പ്രതീകവും ഭക്ഷണപ്രിയനുമായിരുന്ന കെ.പി. കേശവമേനോൻപോലും ഒടുവിൽ ശോകാധീനനായി മാറിപ്പോയി എന്നോർമിക്കണം. (ഉറങ്ങാൻ കിടക്കുന്നതു കണ്ണുനീരോടെയാണെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചു.)


ഇത്രയും കുറിച്ചതിൽനിന്ന് ഞാൻ എത്തിച്ചേരുന്നത്, വാർദ്ധക്യം മനുഷ്യന്റെ വലിയ ദുഃഖങ്ങളിലൊന്നാണെന്ന യാഥാർത്ഥ്യത്തിലാണ്. ഭഗവാൻ ബുദ്ധൻ പ്രത്യേകമെടുത്തു പറയുന്ന ദുഃഖങ്ങളിലൊന്ന് വാർദ്ധക്യമാണെന്നോർമിക്കണം.


എങ്കിലും വാർദ്ധക്യത്തിന് അതിന്റെ നേട്ടങ്ങളും വേണ്ടുവോളമുണ്ട്. പിന്നിട്ട ജീവിതത്തിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും അവരിൽ വിവേകമായി പാകപ്പെടാതിരിക്കില്ല. വിവേകത്തിന്റെ ആ നിധി വൃദ്ധജനങ്ങളുടെ കൈമുതലാണ്. കുട്ടികളിലും പേരക്കുട്ടികളിലുംനിന്നു ലഭിക്കുന്ന നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെ മാധുര്യം അവർക്ക് പ്രത്യേകമായ സ്വകാര്യസ്വത്താണ്. സുഹൃത്തുക്കളും പരിചിതരും നല്കുന്ന സ്‌നേഹാദരങ്ങളുടെ മൂല്യം നുകരാനുള്ള ഭാഗ്യം ഇല്ലായിരിക്കാം. ശാരീരികമായ പലതരം  ക്ലേശങ്ങളുണ്ടായിരിക്കാം. അതിനിടയിൽ നിരുപമമായ സന്തോഷങ്ങളുടെ ആശ്ലേഷത്തിൽ നിന്നുളവാകുന്ന സുഖം ദൈവികമാണെന്നുതന്നെ പറയണം.


എല്ലാറ്റിനുമുപരിയായി, മൃത്യുവിന്റെ സാമീപ്യത്തിൽനിന്നു ലഭിക്കുന്ന പ്രശാന്തി അതു ദൈവദത്തമല്ലേ? ദൈവദത്തമാണെന്നേ ഞാൻ പറയുകയുള്ളൂ, നിരർത്ഥകമായ മത്സരങ്ങളും ചപലമായ ആഗ്രഹങ്ങളും നിരന്തരമുളവാക്കുന്ന അസ്വാസ്ഥ്യങ്ങളിൽ നിന്നുണ്ടാകുന്ന മോചനം, മൃത്യുവിന്റെ ശീതളച്ഛായയിൽ കണ്ണുനീരിനും നെടുവീർപ്പിനും സ്ഥാനമില്ല. പരാതികളും സങ്കടങ്ങളും കടന്നുവരാത്ത ശാന്തിയാണത്.


ആ ശാന്തിക്കുവേണ്ടി, കൃഷ്ണനെ കാത്തിരിക്കുന്ന ഗോപികയെപ്പോലെ, ഞാൻ കാത്തിരിക്കുന്നു. ഓടക്കുഴലിന്റെ ദിവ്യനാദം അകലെ കേട്ടു തുടങ്ങിയതുപോലൊരു സുഖം എന്നെ തഴുകുന്നു.