കൃഷ്ണകുമാർ ഇന്ന് ജീവിച്ചിരുന്നെകിൽ ജെഫ് കൂൻസിനെ നിഷ്പ്രഭനാക്കുമായിരുന്നു -ജോണി എം എൽ

കെ.പി.കൃഷ്ണകുമാർ ജീവിച്ചിരുന്നെങ്കിൽ അറുപത്തിമൂന്ന് വയസ്സാകുമായിരുന്നു. നരേന്ദ്രപ്രസാദ് ജീവിച്ചിരുന്നെങ്കിൽ എഴുപത്തിയഞ്ച് വയസ്സാകുമായിരുന്നു എന്നു പറയുന്നതുപോലെയാണത്. കീറ്റ്സിനെ ഓര്‍മ വരും. ഒരു ഗ്രീക്ക് ഭസ്മകലശത്തെ നോക്കി അദ്ദേഹം പറഞ്ഞു: “അല്ലയോ കാമുകാ നീ എക്കാലവും ഇത്രയും സുന്ദരനായി നില്ക്കും, നിന്റെ ചുംബനം ഒരിക്കലും ലക്‌ഷ്യം കാണില്ലെങ്കിലും നിന്റെ പ്രണയഭാജനം നിത്യസുന്ദരിയായി തുടരുകയും നീ അവളെ പ്രണയിക്കുന്നുവെന്ന പ്രവൃത്തിയിൽ ക്ലമലേശമന്യേ തുടരുകയും ചെയ്യും.” നേരത്തെ പോയവരെക്കുറിച്ചു അങ്ങനെയൊക്കെ പറയാം. എങ്കിലും റാഡിക്കൽഗ്രൂപ്പിന്റെ നടുനായകത്വം വഹിച്ചിരുന്ന കൃഷ്ണകുമാർ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കലായാത്ര എന്താകുമായിരുന്നു എന്ന് ചിന്തിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഉത്തരങ്ങളാകും ലഭിക്കുക. (കൃഷ്ണകുമാർ, റാഡിക്കൽ ഗ്രൂപ്പിന്റെ നേതാവായിരുന്നില്ല എന്ന് പറയുന്നവരും മുൻറാഡിക്കലുകളിൽ ഉണ്ട്).


കീറ്റ്സ് തന്നെ നമുക്ക് ഏറ്റവും എളുപ്പമുള്ള ഉത്തരം തരും. അദ്ദേഹം പറഞ്ഞു, “കേട്ടവ മധുരം, കേൾക്കാതെ പോയവ (those unheard എന്നാണ് അദ്ദേഹം പറയുന്നത്, അതിനർത്ഥം പാടാത്തവ എന്നല്ല, പാടിയിട്ടും കേൾക്കാത്തവയെന്നും വ്യാഖ്യാനിക്കാം) അതിമധുരം” എന്ന്. റാഡിക്കൽഗ്രൂപ്പ് എന്നത് ഒരു പ്രസ്ഥാനമായിരുന്നു. തീവ്രഇടതു നിലപാടുകൾ പുലർത്തുകയും ഒപ്പം അരാജകവാദം പുലർത്തുകയും ചെയ്തിരുന്ന ഒരു ഭാഗികരാഷ്ട്രീയ കലാപ്രസ്ഥാനമായിരുന്നു അത്. അതിന് പ്രസ്ഥാനസ്വഭാവം ഉണ്ടായതിനുള്ള പ്രധാനകാരണം അതിന് ഒരു പ്രത്യയശാസ്ത്രബോധ്യവും നിലപാടും ഉണ്ടായിരുന്നു എന്നതാണ്. ‘പ്രതിലോമ ദൃശ്യസംസ്കാരത്തിനെതിരെ’ എന്നതായിരുന്നു അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ രത്നച്ചുരുക്കം. പ്രതിലോമകത അവർ ദർശിച്ചത് എൺപതുകളിൽ ആധുനികരായി നിന്നിരുന്ന ഹുസൈൻ പ്രഭൃതികളിലാണ്. അതിനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന് അവരുടെ കമ്പോള ആഭിമുഖ്യം ആയിരുന്നു.


കമ്മ്യൂണുകൾ ആയിരുന്നു റാഡിക്കൽ ഗ്രൂപ്പിന്റെ സാമ്പത്തിക അതിജീവന മാർഗം. ആധുനികവിദ്യാഭ്യാസം നേടിയശേഷം പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യരുടെ ഇടയിലേക്ക് ചെല്ലുകയും അവിടെ പ്രവർത്തിക്കുകയും ചെയ്യുക  എന്ന വളരെ റൊമാന്റിക് ആയ ഒരു ആശയം അവർ വച്ച് പുലർത്തിയിരുന്നുവെങ്കിലും താമസിയാതെ ആ ഗ്രൂപ്പിലെ പ്രധാനപ്പെട്ട അംഗങ്ങളെല്ലാം നഗരകേന്ദ്രങ്ങളിലേയ്ക്ക് പോവുകയും പാട്രനേജ് തേടുകയുമായിരുന്നു. റാഡിക്കൽഗ്രൂപ്പിനെ ആശയപരമായി പിന്തുണച്ചിരുന്ന വിവാൻസുന്ദരം-ഗീതാകപൂർ സംഘം ഹുസൈനോടോ ഇതര ആധുനികരോടോ വിപ്രതിപത്തി പുലർത്തിയില്ലായിരുന്നു എന്ന സത്യം റാഡിക്കലുകളെ കണ്ടില്ലെന്നു നടിച്ചു. ഗീതാകപൂറിന്റെ പഠനങ്ങളിൽ ബോംബെ പ്രോഗ്രസ്‌സീവുകൾ കേന്ദ്രസ്ഥാനം വഹിച്ചിരുന്നു എന്നതാണ് സത്യം. ഒപ്പം അവരുടെ ഉരുത്തിരിയുന്ന ആശയപരിസരമായ നറേറ്റിവ് സ്‌കൂളിലെ കലാകാരന്മാരെയും ഉൾപ്പെടുത്തി.


കൃഷ്ണകുമാർ ബറോഡ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നില്ല. ശാന്തിനികേതനമായിരുന്നു കൃഷ്ണകുമാർ തിരഞ്ഞെടുത്ത ഇടം. അവിടെ വ്യക്തിഗതമായ ചില പ്രശ്നങ്ങളിൽ പെടാതിരുന്നെങ്കിൽ ഒരുപക്ഷേ, കൃഷ്ണകുമാർ ഇന്ന് കെ. എസ്. രാധാകൃഷ്ണൻ, ആർ. ശിവകുമാർ എന്നിവരെപ്പോലെ ഒരു ശാന്തിനികേതൻ വിലാസമുള്ള കലാകാരനാകുമായിരുന്നു എന്ന് ചിന്തിക്കാൻ കഴിയും. പക്ഷേ, കൃഷ്ണകുമാറിനെ സംബന്ധിച്ചിടത്തോളം മറ്റൊരുതരം മഹത്വകാംക്ഷ പ്രചോദകമായി ഭവിച്ചു എന്നുവേണം കരുതാൻ. സാമ്പത്തികവിപണിക്ക് പുറത്ത് വളരെ കൃത്യമായ കമ്മ്യൂണുകൾ സൃഷ്ടിച്ചുകൊണ്ട് കലയെ പ്രചരിപ്പിക്കാൻ കഴിയുമെന്ന റാഡിക്കൽഗ്രൂപ്പിന്റെ മുതിർന്നവരും ഇളയവരുമായ അംഗങ്ങളുടെ തീരുമാനപ്രകാരം സാർത്ഥവാഹകസംഘങ്ങളെപ്പോലെ അവർ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങുകയായിരുന്നു.


തൃശൂരിലെ വലപ്പാട് വച്ചാണ്  1989 -ൽ കൃഷ്ണകുമാർ ആത്മഹത്യ ചെയ്യുന്നത്. വ്യക്തിപരമായ പ്രശ്നങ്ങളെ ഇവിടെ പരിഗണിക്കുന്നില്ല. എന്നാൽ അറിഞ്ഞിടത്തോളം കമ്മ്യൂണുകളായി പ്രവർത്തിക്കുന്നതിന്റെ പരാജയം കൃത്യമായി എല്ലാവരും തിരിച്ചറിഞ്ഞു എന്നതാണ് മനസ്സിലാകുന്നത്. പരിപാടി നടത്താൻവേണ്ട സാമ്പത്തികം കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെ ആയിരുന്നു. കൃഷ്ണകുമാറിന്റെ ആത്മഹത്യയാണ് റാഡിക്കൽഗ്രൂപ്പിന് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത് (ചരിത്രത്തിൽ അല്ലാതെയുള്ള അതിന്റെ ഇടം എന്നത് ആധുനിക കലാ കമ്പോളത്തിനെതിരെ നടത്തിയ ഒരു നീക്കമെന്ന നിലയിൽ മാത്രമെ അടയാളപ്പെടുത്തപ്പെടൂ). രക്തസാക്ഷികളുടെ ജീവിതവും മരണവുമാണ് ഒരു പ്രസ്ഥാനത്തെ ചരിത്രത്തിനുള്ളിൽ നിലനിറുത്തുന്നതിനുള്ള ഇന്ധനങ്ങൾ. കൃഷ്ണകുമാറിന്റെ അസാന്നിദ്ധ്യം റാഡിക്കൽഗ്രൂപ്പിനെ ചിതറിച്ചു എന്ന് പറഞ്ഞാൽ അതിന്റെ അർഥം എത്രയധികം തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും കൃഷ്ണകുമാർ എന്ന വ്യക്തിയുടെ നേതൃപാടവത്തിനു കീഴിൽവന്ന കുറെ കലാകാരന്മാർ മാത്രമായിരുന്നു റാഡിക്കലുകൾ  എന്നതാണ്. ഇതൊരു കുറ്റംപറച്ചിലല്ല; ആരോപണവുമല്ല. കൃഷ്ണകുമാർ എന്ന വ്യക്തിയുടെ പ്രഭാവമായിരുന്നു അവരെ ഒരുമിച്ചു നിറുത്തിയത്.


റാഡിക്കൽ കലാകാരന്മാരെല്ലാം, അത് അന്തരിച്ച പ്രഭാകരനാകട്ടെ രഘുനാഥനോ ടി. കെ. ഹരീന്ദ്രനോ അലക്സ് മാത്യുവോ ജ്യോതിബാസുവോ ആകട്ടെ അവരെല്ലാം മികച്ച കഥപറച്ചിലുകാരായിരുന്നു. ഒരു വീരയോദ്ധാവിന്റെ കഥ പറഞ്ഞുനടക്കുന്ന ബാർഡുകളെപ്പോലെ. അവർ സ്വന്തം ജീവിതാനുഭവങ്ങൾ, കലാവീക്ഷണങ്ങൾ, നേതാവിനെക്കുറിച്ചുള്ള കഥകൾ, സ്വന്തം കലയെക്കുറിച്ചുള്ള വിവരങ്ങൾ, സാഹസങ്ങൾ, പട്ടിണി, പരിവട്ടം, പ്രണയഭംഗം, പലായനം, ദാരിദ്ര്യം അങ്ങനെ പലതിനെയും പറഞ്ഞു നടന്നു. ഒഥെല്ലോയുടെ യുദ്ധകഥകളിൽ വീണുപോയ ഡെസ്ഡിമോണമാരെപ്പോലെ പിന്നീട് വന്ന കലാകാരന്മാരിൽ വലിയൊരു പങ്ക് ഈ റാഡിക്കൽ കഥാവലയത്തിൽ വീണുപോയി.


കൃഷ്ണകുമാർ കഥ പറഞ്ഞോ എന്നറിയില്ല. അവശേഷിക്കുന്നത് അദ്ദേഹം പിന്നിലുപേക്ഷിച്ച ശില്പങ്ങളും ഡ്രോയിങ്ങുകളും ആണ്. അവയൊക്കെയും ഇന്ത്യയിലെ ഏറ്റവും വലിയ കോർപറേറ്റ് മ്യൂസിയമായ കിരൺനാടാർ മ്യൂസിയം വാങ്ങിക്കഴിഞ്ഞു. എന്തൊരു വിധിവൈപരീത്യം. കമ്പോള കലയ്‌ക്കെതിരെയും കമ്മ്യൂൺ ആർട്ടിനു വേണ്ടിയുംനിന്ന ഒരാളെ മരണാനന്തരം അതെ കമ്പോളംതന്നെ ഏറ്റെടുക്കുക എന്നത്. പക്ഷേ, അതൊരു അനിവാര്യതയാണ്. അതിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇവിടെ ഉയർത്തിയ ചോദ്യം എന്നത് കൃഷ്ണകുമാർ ജീവിച്ചിരുന്നെങ്കിൽ ഒരു റാഡിക്കലായി തുടരുമായിരുന്നോ അതോ കമ്പോളവുമായി സമരസപ്പെടുമായിരുന്നോ എന്നുള്ളതാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ന് അറുപത്തിമൂന്ന് വയസ്സാകുമായിരുന്നു. അതായത് കെ. എസ്. രാധാകൃഷ്ണൻ, എൻ. എൻ. റിംസൻ തുടങ്ങിയ ശില്പികളുടെ സമകാലികനായി ഇരുന്നേനെ. തൊട്ടുപിന്നിൽ അമ്പത്തിയേഴു വയസ്സുള്ള സുബോധ് ഗുപ്‌തയുമുണ്ട്.


കൃഷ്ണകുമാർ ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും സുബോധ് ഗുപ്തയ്ക്കും മുന്നേ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന കലാകാരൻ ആകുമായിരുന്നു എന്ന് മാത്രമല്ല കമ്പോളത്തിന്റെ സ്വഭാവം മനസ്സിലാക്കിയ ഏറ്റവും മിടുക്കനായ സെയിൽസ്മാൻ ഫിലോസോഫർ എന്ന് പേരുകേട്ട ജെഫ് കൂൻസിനെപ്പോലെ ആളുകളെ തന്റെ മാന്ത്രികപ്രഭാവത്തിനുള്ളിലാക്കി കലയുടെ കച്ചവടത്തെയും തന്റെ ശൈലിയെയും മുന്നോട്ട് കൊണ്ടുപോകുന്ന ഒരു മാവെറിക്ക് ആയി മാറുമായിരുന്നു കൃഷ്ണകുമാർ. അതിനുള്ള സാധ്യതകൾ കൃഷ്ണകുമാറിന്റെ ഫോട്ടോഗ്രാഫുകളിൽ നോക്കിയാൽ കാണാൻ കഴിയും. മറ്റെല്ലാവരെയും ഔട്ട് ഓഫ് ഫോക്കസ് ആക്കാനുള്ള ശേഷി അദ്ദേഹം ആ ചിത്രങ്ങളിൽ കാണിക്കുന്നുണ്ട്. പ്രാന്തവത്കൃതനായ കുറിയ മനുഷ്യരെയും കള്ളന്മാരെയും മൂക്ക് വളർന്ന മാർബിൾ കാറുകളെയും ഒക്കെ ശില്പമാക്കുമ്പോഴും കൃഷ്ണകുമാർ പ്രാദേശികതയുടെ അടിമയായിരുന്നില്ല; അദ്ദേഹത്തിന്റെ റഫറൻസ് മുഴുവൻ ഷെനെയും ഐനെസ്‌കോയും ഒക്കെ ആയിരുന്നു. ചെമ്മൺ പാതകളെയും തലവെന്ത തെങ്ങുകളെയും വള്ളം ചുമന്നു കൊണ്ട് പോകുന്ന മനുഷ്യരെയും ആറ്റിൽ വീണുകിടക്കുന്ന ചന്ദ്രക്കലയെ നോക്കി നെടുവീർപ്പിടുന്ന പെണ്ണുങ്ങളെയും ഒക്കെ വരച്ചു നടന്ന റാഡിക്കൽ കലാകാരന്മാർക്ക് ഒരുപക്ഷേ, പിടിച്ചാൽ കിട്ടാത്തതായിരുന്നു കൃഷ്ണകുമാർ അഭിസംബോധന ചെയ്ത കലാലോകം. പക്ഷേ, അത് ആർട്ടിക്കുലേറ്റ് ചെയ്യാൻ കഴിയുന്നതിനു മുൻപ് കൃഷ്ണകുമാർ മരിച്ചു.


റാഡിക്കൽ കലാകാരന്മാരുടെ പ്രൊവിൻഷ്യലിസം തെറ്റാണെന്നല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. ആ പ്രൊവിൻഷ്യലിസത്തിൽ ഊന്നി നിന്ന പ്രഭാകരനെപ്പോലെയുള്ളവർക്ക് തങ്ങളുടെ കലാഭാഷയെ സമകാലികകലയുടെ മാറിയ ഭൗതികസാഹചര്യത്തിലേയ്ക്ക് വിക്ഷേപിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ബോസ് കൃഷ്ണമാചാരിയെപ്പോലുള്ള ഒരു ക്യൂറേറ്റർ അദ്ദേഹത്തെ ബിനാലെയിൽ അവതരിപ്പിച്ചപ്പോൾ പ്രഭാകരനെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ഒരു ചരിത്ര നിര്‍മിതിക്ക് ശ്രമിച്ചതുമില്ല. കെ.രഘുനാഥൻ പ്രാദേശികതയുടെ പിടിയിൽനിന്ന് അകലാൻ ശ്രമിക്കുന്നുണ്ട്. ഹരീന്ദ്രനാകട്ടെ ഒരുതരം മിസ്റ്റിസിസത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. കെ. എം. മധുസൂദനൻ കലയെ അപ്പാടെ ഉപേക്ഷിച്ചു സിനിമയിലേക്ക് പോയ വ്യക്തിയാണ് (അയാളെ തിരികെ കലാരംഗത്തേയ്ക്ക് കൊണ്ടുവന്നത് ഈ ലേഖകന്‍ ക്യൂറേറ്റ് ചെയ്ത പ്രദർശനങ്ങളിലൂടെ ആയിരുന്നു). എന്നാൽ മധുസൂദനന് പണ്ടേതോ തീരത്ത് അടിഞ്ഞ പളനിയെയും കൊമ്പൻ സ്രാവിനേയും പോലുള്ള ബയോസ്കോപ്പിനെ ഇനിയും ഉപേക്ഷിക്കാൻ കഴിയുന്നില്ല എന്നത് ലോകമേ തറവാട്ടിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണിച്ചു തരുന്നു. ഒരുപക്ഷേ, വത്സരാജ് മാത്രമാണ് തന്റേതായ രീതിയിൽ മനുഷ്യനെ നിരന്തരമായി വരച്ചുകൊണ്ടിരിക്കുന്നത്. ഇത് റാഡിക്കലുകളെ എന്തായി എന്നതിനെക്കുറിച്ചുള്ള ഒരു വിലയിരുത്തലല്ല. കൃഷ്ണകുമാറിന് ആകാൻ കഴിയുമായിരുന്നത് ജീവിച്ചിരിക്കുന്ന ഇവർക്കാർക്കും കഴിഞ്ഞില്ല എന്നതാണ്.


മുൻറാഡിക്കലുകൾ അവരുടെ കഥകൾ പരാജയപ്പെടുന്നത് നേരിട്ട് കാണണമെങ്കിൽ ലോകമേ തറവാട് സന്ദർശിച്ചാൽ മതി. റാഡിക്കൽ കലാകാരന്മാർ, പുതിയ തലമുറയുടെ മുന്നിൽ അവരെ പ്രചോദിപ്പിക്കാൻവേണ്ട ഒന്നും നല്കാനാവാതെ സ്തംഭിച്ചുനില്ക്കുന്നത് കാണാം. കൃഷ്ണകുമാർ ജീവിച്ചിരുന്നെങ്കിൽ സുബോധ് ഗുപ്തയെയും കവച്ചുവയ്ക്കുന്ന ഒരു കലാകാരനാകുമെന്ന് ഞാൻ പറഞ്ഞു. പക്ഷേ, അതൊരു പറച്ചിൽ മാത്രമാണ്. മരിച്ച ഒരു മനുഷ്യനെക്കുറിച്ചു പറയാവുന്നതിൽ ഏറ്റവും നല്ലതായ കാര്യം. പക്ഷേ, ആത്മഹത്യ ചെയ്യാതെ കൃഷ്ണകുമാർ തുടർന്നെങ്കിൽ, കേരളത്തിൽ കമ്മീഷൻ വർക്ക് ചെയ്തു നടക്കുന്ന ഒരു ശില്പിയായി മാറിക്കൂടെന്നുമില്ല. പക്ഷേ, സാധ്യതകൾ കൃഷ്ണകുമാറിന് മുന്നിൽ വിശാലമായി കിടന്നു. അന്ന് കൃഷ്ണകുമാർ ചെയ്യേണ്ടിയിരുന്നത് ഇന്ത്യ വിടുക എന്നതായിരുന്നു.