നമുക്ക് വേണ്ടത് ലിബറൽ മതം – ഹമീദ് ചേന്നമംഗലൂർ

‘ഡിജിറ്റൽ മോഡേണിറ്റി’യുടെ കാലത്താണ് നാം ജീവിക്കുന്നത്. മറ്റു പലതുമെന്നപോലെ ഡിജിറ്റൽ ആധുനികതയും ആദ്യമായി കടന്നുവന്നത് വികസിതരാഷ്ട്രങ്ങളിലാണ്. താരതമ്യേന പതുക്കെയാണെങ്കിലും ഇന്ത്യയിലേക്കും അതിന്റെ ഭാഗമായ കേരളത്തിലേക്കും അത് നടന്നെത്തി. ഇന്ത്യയിൽ ഡിജിറ്റൽ മോഡേണിറ്റിയുടെ കാര്യത്തിൽ മുൻനിരയിൽ നില്ക്കുന്ന സംസ്ഥാനം ഒരുപക്ഷേ, കേരളമത്രേ. സാക്ഷരതയിലും വൈദേശിക തൊഴിൽസാധ്യതകൾ വഴി സമ്പന്നതയിലും മുന്നേറിയ നമ്മുടെ സംസ്ഥാനം ഡിജിറ്റൽ സംസ്‌കാരത്തിൽ മേൽകൈ നേടിയത് സ്വാഭാവികം.


മറ്റു പല സംസ്ഥാനങ്ങളെയുമപേക്ഷിച്ച് ‘ഡിജിറ്റൽ മോഡേണിറ്റി’യുടെ കാര്യത്തിൽ മുന്നോട്ടു നടന്ന കേരളം ‘കൾച്ചറൽ മോഡേണിറ്റി’യുടെ കാര്യത്തിൽ എവിടെ നില്ക്കുന്നു? നവോത്ഥാനചിന്തകളുടെ തിരയിളക്കവും കുതിപ്പും ഏറെയുണ്ടായ പ്രദേശമായി നമ്മുടെ സംസ്ഥാനത്തെ നാം വാഴ്ത്താറുണ്ട്. മതപരവും ജാതീയവുമായ ഇടുക്കങ്ങളെ വലിയ അളവിൽ ഭേദിക്കാൻ കേരളീയ സമൂഹത്തിന് സാധിച്ചു എന്നു നാം അഭിമാനിക്കാറുമുണ്ട്. നാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും വക്കം മൗലവിയുടെയും അയ്യങ്കാളിയുടെയും പൊയ്കയിൽ അപ്പച്ചന്റെയും സഹോദരൻ അയ്യപ്പന്റെയും മസ്തിഷ്‌കങ്ങളിൽനിന്നു നിർഗളിച്ച വിചാരവിപ്ലവം നാം എടുത്തുകാട്ടാറുണ്ടെന്നതും ശരിയാണ്. പക്ഷേ, സാംസ്‌കാരിക ആധുനികതയിൽ പ്രതീക്ഷിച്ച അളവിൽ നാം മുന്നേറിയോ എന്ന ചോദ്യം ബാക്കിനില്ക്കുന്നു.


ഡിജിറ്റൽ ആധുനികതയിലും വ്യാവസായിക ആധുനികതയിലും സവിശേഷതാത്പര്യം പ്രകടിപ്പിക്കുന്ന സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. പക്ഷേ, സാംസ്‌കാരിക ആധുനികത(കൾച്ചറൽ മോഡേണിറ്റി)യിൽ ആ സർക്കാരിന് താത്പര്യമില്ലെന്നു മാത്രമല്ല, സാംസ്‌കാരിക യാഥാസ്ഥിതികത്വത്തേയും സങ്കുചിതത്വത്തേയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആ വലതുപക്ഷ സർക്കാർ പിന്തുടരുകയും ചെയ്യുന്നു. മതേതര, ബഹുസ്വര സംസ്‌കാരം പരിപോഷിപ്പിക്കുന്നതിനു പകരം ഭൂരിപക്ഷ മതാധിഷ്ഠിത ഏകസ്വര സംസ്‌കാരം ബലപ്പെടുത്തുന്നതിലാണ് മോദി ഭരണകൂടം ശ്രദ്ധയൂന്നുന്നത്.


കേന്ദ്രത്തിലെ വലതുപക്ഷ സർക്കാരിൽനിന്നു ഭിന്നമായി കേരളത്തിൽ അധികാരത്തിലിരിക്കുന്നത് ഇടതുപക്ഷ സർക്കാരാണ്. മതേതരത്വത്തിലും ബഹുസ്വരതയിലും ലിംഗസമത്വത്തിലും മാത്രമല്ല, ശാസ്ത്രീയ വീക്ഷണപരിപോഷണത്തിലും വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാരാണത്. അതുകൊണ്ടുതന്നെ സാംസ്‌കാരിക ആധുനികത പുഷ്ടിപ്പെടുത്തുന്ന നയസമീപനങ്ങളും കർമപദ്ധതികളും വർത്തമാനകാല സംസ്ഥാന ഭരണകൂടത്തിൽനിന്നുണ്ടാകേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുന്നുണ്ടോ?


ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്, നാലുവർഷം മുമ്പ് 2018 സെപ്റ്റംബറിലാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വരുന്നത്. പ്രായഭേദമെന്യെ സ്ത്രീകൾക്ക് ശബരിമല ക്ഷേത്രപ്രവേശനത്തിന് അർഹതയുണ്ടെന്നായിരുന്നു പരമോന്നത ന്യായാസനത്തിന്റെ ചരിത്രവിധി. ആ വിധിന്യായത്തെ തുടക്കത്തിൽ അനുകൂലിച്ച ഇടതുമുന്നണി സർക്കാർ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ പരാജയമടക്കമുള്ള പല കാരണങ്ങളാൽ  പിന്നീട് പിറകോട്ട് പോയി. ആദ്യഘട്ടത്തിൽ ലിംഗതുല്യതയ്ക്കുവേണ്ടി സംസാരിച്ച സർക്കാരും ഇടതുകക്ഷികളും മറുകണ്ടം ചാടി. ശബരിമല പെൺപ്രവേശന കാര്യത്തിൽ മതയാഥാസ്ഥിതികരോടൊപ്പംനിന്ന വലതുമുന്നണിക്കാരെപ്പോലെ ഇടതുമുന്നണിക്കാരും മതപിന്തിരിപ്പൻ ശക്തികളോട് ചേർന്നു നില്ക്കാൻ വെമ്പുന്ന അസുഖകരമായ സ്ഥിതിവിശേഷത്തിനാണ് നാം സാക്ഷികളായത്.


ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മാത്രമല്ല ഇടത്-വലത് മതേതര രാഷ്ട്രീയകക്ഷികൾ സാംസ്‌കാരിക ആധുനികതയ്ക്ക് പോറലേല്പിക്കുന്ന സമീപനങ്ങൾ സ്വീകരിച്ചത്. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ മതയാഥാസ്ഥിതിക സംഘങ്ങളെയും വഴിവിട്ട് പ്രീതിപ്പെടുത്തുന്ന നിലപാട് ഇരുകൂട്ടരും അനുവർത്തിച്ചുപോന്നത് കാണാം. നമ്മുടെ ഭരണഘടനയുടെ മാർഗനിർദേശകതത്ത്വങ്ങളിൽ പൊതുപൗരനിയമം നടപ്പിൽ വരുത്താൻ രാഷ്ട്രം യത്‌നിക്കണമെന്നു എഴുതിവെച്ചിട്ടുണ്ട്. 1985 തൊട്ടുള്ള മൂന്നു വിധിന്യായങ്ങളിലെങ്കിലും സുപ്രീംകോടതി ഏകീകൃത പൗരനിയമത്തിന്റെ ആവശ്യകതയിലേക്ക് ഭരണകൂടത്തിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുമുണ്ട്. എന്നിട്ടും ദേശീയ-സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന ഇടത്-വലത് സെക്യുലർപാർട്ടികൾ പൊതു സിവിൽകോഡ് ആവശ്യമില്ലെന്ന വീക്ഷണമാണ് പൊക്കിപ്പിടിച്ചത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ വിഷയങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിന് കാലാനുസൃതവും പുരോഗമനപരവുമായ ഒരു പൊതു സിവിൽനിയമം അനുപേക്ഷണീയമാണെന്ന് നിസ്തർക്കമാണ്. എന്നിട്ടുകൂടി പ്രമുഖ ന്യൂനപക്ഷസമുദായത്തിലെ മതയാഥാസ്ഥിതികരായ ഏകീകൃത പൗരനിയമവിരുദ്ധരോട് മതേതരകക്ഷികൾ കൈകോർക്കുന്ന ദുരവസ്ഥ ഇപ്പോഴും ഇവിടെ നിലനില്ക്കുന്നു.


വിദ്യാലയങ്ങളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രതിലോമകാരികളായ മത, വർഗീയ ശക്തികൾ വിവാദം സൃഷ്ടിച്ചു. അടിസ്ഥാനരഹിതമായിരുന്നു അവരുടെ വാദങ്ങൾ. അവയ്‌ക്കെതിരെ ഉറച്ച നിലപാട് കൈക്കൊള്ളുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു അറിയിച്ച് പ്രതിലോമചിന്താഗതിക്കാർക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കി. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും യാഥാസ്ഥിതികരോടൊപ്പം നിന്നു. കുടുംബശ്രീ നടത്തുന്ന കാമ്പയ്‌നിന്റെ ഭാഗമായി തയ്യാറാക്കിയ സത്യപ്രതിജ്ഞയിൽ ലിംഗതുല്യതാപരമായ ഒരാശയമായിരുന്നു ലിംഗഭേദമില്ലാതെ ആൺമക്കൾക്കും പെൺമക്കൾക്കും സ്വത്വവകാശസമത്വം ഉറപ്പാക്കുമെന്നത്. അതിനെതിരേ വർഗീയ-മതസംഘടനകൾ വാളോങ്ങിയപ്പോഴും ഭരണപക്ഷത്തുള്ളവർ തോറ്റു പിന്മാറി.


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ മതേതരബഹുസ്വര ജനാധിപത്യമൂല്യങ്ങൾക്കും ലിംഗസമത്വപരമായ ആശയങ്ങൾക്കുമെതിരെ പ്രതിലോമശക്തികൾ യുദ്ധപ്രഖ്യാപനം നടത്തുകയും സെക്യുലർ പാർട്ടികൾ നിഷ്‌ക്രിയരാവുകയും ചെയ്യുന്ന അപമാനകരമായ സാഹചര്യത്തിൽ നാം ഗതകാല കേരളത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കണം. മനു എസ്. പിള്ള വ്യക്തമാക്കുന്നതുപോലെ, പൊതുയുഗത്തിന്റെ ആദ്യവർഷങ്ങളിൽ കേരളം ഒരു കോസ്‌മോപൊളിറ്റൻ കേന്ദ്രമായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നു വന്ന വ്യത്യസ്ത വർഗക്കാരും വംശക്കാരും ഇവിടെ സഹർഷം സ്വീകരിക്കപ്പെട്ടു. ജൂതന്മാരുടെ ജറുസലേമിലെ രണ്ടാം ക്ഷേത്രം ഏ.ഡി. 70-ൽ റോമാ സാമ്രാജ്യത്താൽ നശിപ്പിക്കപ്പെട്ടപ്പോൾ പീഡനം ഭയന്നു അവിടെനിന്നു പലായനം ചെയ്ത ജൂതന്മാർക്ക് കേരളം നിരുപാധികം അഭയം നല്കി. വാണിജ്യാവശ്യാർത്ഥം അറേബ്യയിൽനിന്നെത്തിയ മുസ്ലീംങ്ങളേയും ഈ പ്രദേശം ഇരുകൈകളും നീട്ടി സ്വീകരിച്ചു. സാംസ്‌കാരിക ബഹുസ്വരത (മൾട്ടികൾച്ചറലിസം) ഇവിടെ വളർന്നു പന്തലിച്ചു. സാമൂതിരിവാഴ്ചക്കാലത്ത് അത് കൂടുതൽ പ്രബലമായി എന്നതിന്റെ തെളിവത്രേ ഹിന്ദുക്കളായ എല്ലാ ധീവരരും തങ്ങളുടെ മക്കളിൽ ഒരാളെ മുസ്ലീമായി വളർത്തണമെന്നു സാമൂതിരി രാജാവ് പുറപ്പെടുവിച്ച കല്പന (See, Manu S. Pillai, The Ivory Throne, p.8, 2015).


പ്രകീർത്തനീയമായ ഇത്തരമൊരു ഗതകാലചരിത്രമുള്ള കേരളത്തിൽ അടുത്തകാലങ്ങളായി കണ്ടുവരുന്നത് സാംസ്‌കാരികബഹുസ്വരതയുടെ സ്ഥാനത്ത് സാംസ്‌കാരികഏകസ്വരതയുടെ (മോണോകൾച്ചറലിസത്തിന്റെ) ദ്രുതവളർച്ചയാണ്. എന്തിനെയും ഏതിനെയും മതത്തിന്റെ കണ്ണടയിലൂടെ മാത്രം വീക്ഷിക്കുന്ന പ്രവണത ഇവിടെ ശക്തിപ്രാപിച്ചിരിക്കുന്നു. പ്രണയത്തിലും ഭക്ഷണത്തിലും ലഹരിപദാർഥത്തിലുമൊക്കെ ജിഹാദിസം ആരോപിക്കുന്നവർ വർത്തമാനകാല കേരളത്തിലുണ്ട്. ഒരു മന്ത്രിയുടെ അറേബ്യൻ പേരിൽ വർഗീയതയും മതതീവ്രവാദവും ആരോപിക്കുന്നതിടത്തോളം തരംതാഴ്ന്നവർ കൂടി വസിക്കുന്ന ദേശമാണിന്ന് കേരളം.


ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള ലിംഗസമത്വം, യുക്തിചിന്ത (ശാസ്ത്രീയവീക്ഷണം) എന്നീ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തുന്നതിനെതിരെപ്പോലും അടർക്കളത്തിലിറങ്ങുന്ന മത, വർഗീയ സംഘടനകളെ നാം കാണുന്നു. സംസ്ഥാനം ഭരിക്കുന്ന ‘മതേതര’ സർക്കാരാകട്ടെ അത്തരം ശക്തികൾ ഒച്ചവയ്ക്കുമ്പോൾ എല്ലാ പരിഷ്‌കരണവും പിൻവലിക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തുള്ള സെക്യുലർ പാർട്ടികളുടെ സമീപനവും തെല്ലും വ്യത്യസ്തമല്ല. പാഠ്യപദ്ധതിയുടെ പുരോഗമനപരമായ ഉള്ളടക്കത്തെ ചെറുക്കുന്നവരോടൊപ്പം അണിചേരുകയാണവർ ചെയ്യുന്നത്. ശാസ്ത്രാവബോധത്തെയും യുക്തിവിചാരത്തെയും ലിംഗതുല്യതാചിന്തകളെയും പാഠ്യപദ്ധതിയിൽനിന്നു ചവിട്ടിപ്പുറത്താക്കുന്ന മതയാഥാസ്ഥിതികരും വർഗീയവാദികളും അവരെ പ്രതിരോധിക്കാൻ ത്രാണിയില്ലാത്തവിധം നട്ടെല്ലൊടിഞ്ഞ മതേതരകക്ഷികളും അരങ്ങുവാഴുന്ന നാട്ടിൽ നരബലിപോലുള്ള കാടത്തം തിരിച്ചുവരുന്നതിലും ഫുട്‌ബോൾ താരങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ മതവിരുദ്ധത ദർശിക്കുന്നവർ വളർന്നുവരുന്നതിലും അത്ഭുതപ്പെടാനെന്തിരിക്കുന്നു!


മതപരമായ സങ്കുചിതത്വങ്ങളിൽനിന്നു ജനങ്ങൾ മുക്തരാകണമെങ്കിൽ സമൂഹത്തിന്റെ മതേതരവത്കരണം (secularisation) നടന്നേ മതിയാവൂ. ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കാൻ സാധിക്കുക സെക്യുലർ പാർട്ടികൾക്കും മതേതരത്വത്തോട് കൂറ് പുലർത്തുന്നു എന്നവകാശപ്പെടുന്ന പ്രമുഖ പത്രമാധ്യമങ്ങൾക്കുമാണ്. മതേതരവത്കരണത്തോടുള്ള മതേതരകക്ഷികളുടെ ഉദാസീനതയിലേക്ക് മുകളിൽ കൈ ചൂണ്ടുകയുണ്ടായി. മതമേധാവികളെയും ജാതിത്തലവന്മാരെയും അവരുടെ അരമനകളിൽച്ചെന്നു വന്ദിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന മതേതര രാഷ്ട്രീയ നേതാക്കളുടെ സ്വന്തം നാടായി മാറിയിട്ടുണ്ട് കേരളം. അഭിശപ്തമായ ആ ക്രിയയിൽ ഏർപ്പെടുമ്പോൾ ജാതിശ്രേണിയിൽ ഏറ്റവും താഴെ നില്ക്കുന്ന സംഘടനകളുടെ നേതാക്കളെ കാണാൻ അവർ പോകാറുമില്ല. അതുപോലെത്തന്നെ ശാസ്ത്രസാഹിത്യപരിഷത്ത്, പരിസ്ഥിതി പ്രസ്ഥാനങ്ങൾ തുടങ്ങിയ മതേതര കൂട്ടായ്മകളുടെ നേതൃത്വത്തെയും അവർ ഒഴിച്ചുനിറുത്തുന്നു. മത-ജാതി വോട്ട്ബാങ്കുകളുടെ നെറികെട്ട ആരാധകരായി മാറിയിരിക്കുന്നു നമ്മുടെ മതേതര പാർട്ടി നേതാക്കന്മാർ.


സെക്യുലർ മുഖം പ്രദർശിപ്പിക്കുന്ന പത്രങ്ങളിലേക്ക് വന്നാലോ. രാമായണമാസം, റമദാൻ മാസം, ക്രിസ്മസ് തുടങ്ങി മത-ഭക്തിപ്രധാന സന്ദർഭങ്ങളിൽ ബന്ധപ്പെട്ട മതത്തിന്റെ യാഥാസ്ഥിതികപ്രതിനിധികളോട് കുറിപ്പുകൾ വാങ്ങി പ്രസിദ്ധീകരിക്കുന്ന പതിവ് ഈ പത്രങ്ങൾക്കുണ്ട്. മതതത്ത്വങ്ങളെ ആധുനികവിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പുനർവ്യാഖ്യാനിക്കുന്നവരെയോ മതാചാരങ്ങളും മതനിയമങ്ങളും കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്നു വിലയിരുത്തുന്നവരെയോ ആ പംക്തിയിൽ ഒരു പത്രവും ഉൾപ്പെടുത്താറില്ല. മതസിദ്ധാന്തങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും തൽസ്ഥിതി നിലനിറുത്തുന്നതിലേ പുരോഗമനപ്പട്ടമണിഞ്ഞ പത്രങ്ങൾക്ക് താത്പര്യമുള്ളൂ. മതങ്ങൾ പ്രക്ഷേപിക്കുന്ന ആശയങ്ങളുടെ മതേതര വ്യാഖ്യാനം സമൂഹത്തിന്റെ മതേതരവത്കരണത്തിനും ബഹുസ്വരതാമൂല്യങ്ങളുടെ ദൃഢീകരണത്തിനുമുതകുമെങ്കിലും, ആ വഴിക്ക് നീങ്ങാൻ ചങ്കുറപ്പുള്ളവ നമ്മുടെ പ്രമുഖപത്രങ്ങളുടെ കൂട്ടത്തിലില്ല. രാഷ്ട്രീപാർട്ടികൾക്ക് പ്രധാനം വോട്ട്ബാങ്കാണെങ്കിൽ പത്രക്കാർക്ക് പ്രധാനം സർക്കുലേഷൻ ബാങ്കാണ്.


നാൽപ്പത്തിമൂന്നു വർഷമായി മതപൗരോഹിത്യ ഭരണം നിലനില്ക്കുന്ന രാഷ്ട്രമാണ് ഇറാൻ. അവിടെ കഴിഞ്ഞ സെപ്റ്റംബറിൽ ഹിജാബ് (ശിരോവസ്ത്രം) ശരിയാംവിധം ധരിച്ചില്ലെന്നാരോപിച്ച് ഔദ്യോഗിക സദാചാര പോലീസ് ക്രൂരമായി മർദിച്ചതിന്റെ ഫലമായി മഹ്‌സ അമീന എന്ന യുവതി മരണമടഞ്ഞു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള പുരോഗമനവാദികൾ മതഭരണകൂടത്തിനും മതപൗരോഹിത്യം അടിച്ചേല്പിക്കുന്ന പ്രാകൃത നിയമങ്ങൾക്കുമെതിരെ രൂക്ഷസമരം തുടങ്ങി. അതിപ്പോഴും തുടരുന്നു. ഇങ്ങ് ‘മതേതര പൗരോഹിത്യം’ ഭരണത്തിലിരിക്കുന്ന കേരളത്തിലെ സ്ഥിതിയോ? ഇവിടെ മതപുരോഹിതന്മാർ ഉത്തരവിടുന്നു; മതേതര സർക്കാർ അനുസരിക്കുന്നു. ഇറാനിൽ കണ്ടുവരുന്നതുപോലെ മതദുശ്ശക്തികളെ ചോദ്യംചെയ്യാൻ ഇവിടെ മതേതരകൂട്ടായ്മകൾ കരളുറപ്പ് കാണിക്കുന്നില്ല. നമുക്ക് ലിബറൽ മതം മതി, ഇല്ലിബറൽ (illiberal) മതം വേണ്ട എന്നു പറയാൻ മാത്രം എല്ലുറപ്പുള്ള ഒരു സെക്യുലർ പാർട്ടിപോലും സംസ്ഥാനത്തില്ല എന്നതാണ് വേദനിപ്പിക്കുന്ന വസ്തുത. നേരത്തെ പരാമർശിച്ച മനു എസ്. പിള്ള തന്റെ ഗ്രന്ഥത്തിൽ സാംസ്‌കാരിക ബഹുസ്വരത നിലനിന്ന വിദൂര ഭൂതകാല കേരളത്തെ ‘എല്ലാവരുടെയും സ്വർഗം’ എന്നാണ് വിശേഷിപ്പിച്ചത്. ഇല്ലിബറൽ മതങ്ങൾ വാഴുന്ന സമകാലിക കേരളം സാംസ്‌കാരികാർഥത്തിൽ നരകസമാനമായി മാറുകയാണോ എന്ന ആശങ്ക അസ്ഥാനത്തല്ല.