കേരളത്തിന്റെ വികസനവും, ഭരണവും : പുനർവിചിന്തനം അനിവാര്യം. – കെ. ഫ്രാൻസിസ് ജോർജ്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വികസനമുന്നേറ്റം വിലയിരുത്തുമ്പോൾ പൊതുവിൽ കേരളം മികച്ച പ്രകടനം കാഴ്ചവച്ചതായാണ് കരുതപ്പെടുത്തുന്നത്. “കേരള മോഡൽ ഓഫ് ഡെവലപ്മെന്റ്” എന്ന രീതിയിൽ വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ വികസനയാത്ര എത്രത്തോളം നമ്മെ മുന്നോട്ട് നയിച്ചു, ഉദ്ദേശിച്ച അല്ലെങ്കിൽ സാധ്യമായ തലത്തിലേക്ക് നമുക്ക് ഉയരുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സത്യസന്ധമായി, വസ്തുതാപരമായി നമ്മൾ വിലയിരുത്തേണ്ടിയിരിക്കുന്നു.  പൊതുവിൽ എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുത കേരളത്തിന് വലിയ സാധ്യതകൾ ഉണ്ട് എന്നതാണ്. എന്നാൽ ആ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ നമ്മൾ വിജയിച്ചില്ല എന്നതും. എവിടെയാണ് നമുക്ക് വീഴ്ചകൾ സംഭവിച്ചത്? ആരാണ് ഇതിന് ഉത്തരവാദികൾ?


കേരളത്തിന്റെ അടിസ്ഥാനമേഖല എന്നു വിശേഷിപ്പിക്കാവുന്നത് കാര്‍ഷികമേഖലയാണ്. പ്രധാനമായും നമ്മൾ കൃഷി ചെയ്യുന്നത് നാണ്യവിളകളും സുഗന്ധവ്യജ്ഞനങ്ങളുമാണ്. റബർ, കാപ്പി, തേയില, ഏലം, കുരുമുളക് തുടങ്ങിയ ഉത്പന്നങ്ങളുടെ ഉത്പാദനത്തിൽ നമ്മൾ ലോകത്തിൽ മുന്‍പന്തിയിലാണ്. പക്ഷേ, ഈ ഉത്പന്നങ്ങളെയെല്ലാം ബാധിച്ചിരിക്കുന്ന വിലത്തകര്‍ച്ച, പ്രത്യേകിച്ചും റബർ, ഏലം എന്നിവയുടെ ഉത്പാദകരായ കര്‍ഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍പെടുത്തിയിരിക്കുകയാണ്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകൾ ഫലപ്രദമായ ഇടപെടൽ കര്‍ഷകരെ സഹായിക്കാൻ ഒന്നും നടത്തുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരം. റബറിന്റെ നിയന്ത്രണമില്ലാത്ത ഇറക്കുമതിമൂലം വിലത്തകര്‍ച്ച, സാമ്പത്തികനഷ്ടം, തൊഴിൽനഷ്ടം എന്നീ പ്രശ്നങ്ങൾ സംസ്ഥാനത്തെ ആകെ ബാധിച്ചിരിക്കുന്നു. WTO കരാറിന്റെ പേരിൽ ഇറക്കുമതി തടയാൻ കഴിയില്ല എന്ന് പറയുന്ന കേന്ദ്രസര്‍ക്കാർ, മേല്‍പറഞ്ഞ മൂന്ന് കാരണങ്ങളുടെ അടിസ്ഥാനത്തിൽ WTO കരാറില്‍ത്തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ള (GAAT-1994, Clause 19 1(A)) സംരക്ഷണചുങ്കം (Safeguard Duty) ഏര്‍പ്പെടുത്തി ഇറക്കുമതി നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ല. ഏലത്തിന് കിലോയ്ക്ക് 4000 രൂപവരെ വില ഉണ്ടായിരുന്നത് ഇപ്പോൾ 750-800 ആയി കുറഞ്ഞിരിക്കുന്നു. കേരളം വിദേശനാണ്യം നേടിതന്നിരുന്ന നാണ്യവിളകൾ കൃഷി ചെയ്യണമെന്നും, നമുക്കുവേണ്ട ഭക്ഷ്യധാന്യങ്ങൾ കേന്ദ്രപൂളില്‍നിന്നു ലഭ്യമാക്കുമെന്നുള്ള സ്വാതന്ത്ര്യാനന്തര കേന്ദ്ര വാഗ്ദാനം ഇന്ന് മറന്നിരിക്കുന്നു. മുഖ്യമായും ഇത് ബാധിക്കുന്നത് കേരളത്തിന്റെ മലയോരമേഖലയിൽ ജീവിക്കുന്ന സാധാരണ, ഇടത്തരം കര്‍ഷകരെയാണ് വിലത്തകര്‍ച്ചയും, വന്യമൃഗശല്യവും കാലാവസ്ഥാവ്യതിയാന ദുരന്തങ്ങളുംമൂലം ദുരിതപൂര്‍ണമായ അവരുടെ ജീവിതം കൂടുതൽ തകര്‍ക്കുന്ന സമീപനമാണ് ജൂൺ 3-ാം തീയതിയിലെ ബഫര്‍സോൺ തീരുമാനംമൂലം ഉണ്ടായിട്ടുള്ളത്.


നമ്മുടെ സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് എന്ന് സര്‍ക്കാരും, സാമ്പത്തിക വിദഗ്ദരും എല്ലാം സമ്മതിക്കുന്നു. നമ്മുടെ പൊതുകടം 3.71 ലക്ഷം കോടിയാണ്, അതായത് സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്തവരുമാനത്തിന്റെ 37.2%. നമ്മൾ എടുക്കുന്ന വായ്പയുടെ, 2018-19 കണക്കുകൾ പ്രകാരം 84% റവന്യു ചെലവിനും, 4.11% മാത്രം മൂലധന ചെലവിനും, 10.31% വായ്പ തിരിച്ചടവിനും ആണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിൽ ശമ്പള പരിഷ്കരണത്തിൽ വന്ന ചെലവ് 24990 കോടിയിൽനിന്ന്  മൂന്നിരട്ടി വര്‍ദ്ധിച്ച് 71231 കോടിയായി. ഒരുവര്‍ഷം പലിശയ്ക്ക് മാത്രം 27000 കോടി ചെലവാകുന്നു. ഒരുദിവസം 208 കോടി കടം വാങ്ങുന്നു. പരമാവധി ചെലവ് ചുരുക്കുക എന്നതിനുപകരം കെടുകാര്യസ്ഥത, ധൂര്‍ത്ത് എന്നിവ വര്‍ദ്ധിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. (വരുമാനത്തിന്റെ 21.13% പെന്‍ഷൻ നല്കാൻ മാത്രം ഉയോഗിക്കുന്നു.)


സാഹചര്യങ്ങൾ ഇങ്ങനെയിരിക്കെ കാർ വാങ്ങാനും, ലിഫ്റ്റ്, തൊഴുത്ത്, സ്വിമ്മിംഗ് പൂൾ എന്നിവ നിര്‍മിക്കാനും, നന്നാക്കാനുമൊക്കെ സാമ്പത്തിക പരിമിതികൾ നോക്കാതെ ചെലവ് ചെയ്യുന്ന സര്‍ക്കാർ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്?


കേരളത്തിന്റെ ഒരു പ്രധാന പോരായ്മ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ല എന്നതാണ്. ഉത്‌പാദനവ്യവസായങ്ങൾ വന്നാൽ മാത്രമെ വലിയതോതിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കഴിയുകയുള്ളു. അതിനുള്ള സ്ഥലസൗകര്യം കേരളത്തിൽ ലഭ്യമാക്കാൻ ബുദ്ധിമുട്ടാണ്. സംരംഭകത്വം കേരളത്തിൽ അന്യംനിന്നുപോകാൻ കാരണക്കാരായവരാണ് ഇന്ന് ഭരണത്തിലിരുന്ന്  ഒരുലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചുവെന്നും, അതിലൂടെ രണ്ടുലക്ഷം തൊഴിലവസരങ്ങൾ പുതിയതായി ലഭ്യമാക്കിയെന്നും  അവകാശപ്പെടുന്നത്. ഇത് തികച്ചും തെറ്റാണെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു. ജില്ലാ വ്യവസായകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകൾ പുതുക്കി രജിസ്റ്റർ ചെയ്താണ് ഈ കണക്കുകൾ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ സാധ്യത മേഖലകളായ ഐ.ടി., ടൂറിസം എന്നിവയിൽ പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ സര്‍ക്കാർ നടപടി സ്വീകരിക്കണം.


നമ്മുടെ ആരോഗ്യ പരിപാലന രംഗത്ത് ഏറ്റവും വലിയ വെല്ലുവിളി നേരിട്ട അവസരമാണ് കോവിഡ് മഹാമാരിക്കാലം. സര്‍ക്കാർ ആ പ്രതിസന്ധി നന്നായി കൈകാര്യം ചെയ്തുവെന്നും, ജനങ്ങള്‍ക്ക് ആശ്വാസം എത്തിച്ചുവെന്നും ആ പ്രവര്‍ത്തനങ്ങൾ ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റി എന്നും  അവകാശപ്പെടുമ്പോൾ, അവിടെയും അക്ഷേപങ്ങൾ ഉണ്ടായിരിക്കുന്നു എന്നത് പറയേണ്ടിയിരിക്കുന്നു. കോവിഡ് കാലത്ത് പി.പി.ഇ. കിറ്റ് വാങ്ങിയതിൽ ഗുരുതരമായ ക്രമക്കേട് നടന്നു എന്നാണ് ലോകായുക്തയുടെ മുന്നിൽ പരാതി എത്തിയിരിക്കുന്നത്. 450 രൂപക്ക് ലഭിക്കുമായിരുന്ന കിറ്റ് 1500 രൂപ വച്ചു വാങ്ങി എന്നും, 9 കോടി രൂപ കിറ്റ് ലഭിക്കുന്നതിന് മുൻപേ  നല്കി എന്ന ആരോപണം അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലായെന്ന മുൻ ആരോഗ്യമന്ത്രിയുടെ വാദം തികച്ചും ബാലിശമാണ്. പരാതി വന്ന സാഹചര്യത്തിൽ അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹകരിക്കേണ്ടതിനുപകരം അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനങ്ങളിൽ സംശയം ഉണര്‍ത്തും.


കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല ഇന്ന്, ആകെ കലുഷിതമാണ്. സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മിലുള്ള പോരാട്ടവേദിയായി അത് മാറിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിയതിനെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്നുള്ള സര്‍ക്കാർ വാദം തികച്ചും തെറ്റാണ്. കഴിഞ്ഞ ആറു വര്‍ഷകാലത്തിൽ സംസ്ഥാനത്തെ സര്‍വകലാശാലകളിൽ അക്കാദമിക തലത്തിൽ നടന്ന നിയമനങ്ങളിൽ യോഗ്യതയും യു.ജി.സി. മാനദണ്ഡങ്ങളും അവഗണിച്ച് സ്വന്തക്കാരെയും പാര്‍ട്ടി ബന്ധുക്കളെയും നിയമിക്കാൻ നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിൽ പല നിയമനങ്ങൾ കോടതി റദ്ദാക്കുകയും ചാന്‍സലർ എന്ന നിലയിൽ ഗവര്‍ണർ കര്‍ശന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ, ഗവര്‍ണറെ ചാന്‍സലർ സ്ഥാനത്തുനിന്ന് നീക്കി, ഓരോ സര്‍വകലാശാലകള്‍ക്കും പ്രത്യേകം ചാന്‍സലര്‍മാരെ നിയമിക്കാൻ നിയമനിര്‍മാണം നടത്തുകയാണ് സര്‍ക്കാർ. ഉന്നതവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ ഉതകുന്ന നടപടികൾ സ്വീകരിക്കേണ്ടതിനുപകരം, അവയെ രാഷ്ട്രീയവത്കരിച്ച് ചൊല്‍പ്പടിയിൽ നിര്‍ത്താനുള്ള നീക്കം ശക്തമായി എതിര്‍ക്കപ്പെടണം.


ഇന്നത്തെ ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനും, അദ്ദേഹത്തിന്റെ പ്രധാന സഹായികള്‍ക്കെതിരെയും, കുടുംബാംഗങ്ങള്‍ക്ക് എതിരെയും ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളാണ്. മുഖ്യമന്ത്രിയുടെ പ്രധാന സഹായിയുടെ അറിവോടെ സ്വര്‍ണകള്ളക്കടത്ത്, വിദേശത്തേയ്ക്ക് വിദേശ കറന്‍സി കടത്ത്, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മറവിൽ ഒരു വിദേശ കമ്പനിക്ക് വ്യക്തികളുടെ രോഗവിവരങ്ങളടങ്ങിയ അടിസ്ഥാനവിവരങ്ങൾ, കോടികൾ വിലമതിക്കുന്ന ഡേറ്റ, കൈമാറി എന്നത്, ഒരു വിദേശ രാഷ്ട്രത്തലവൻ വന്നപ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടിയിൽ അദ്ദേഹവും കേന്ദ്രസര്‍ക്കാരും അറിയാതെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിക്കുക, സ്വകാര്യ ബിസിനസ് ആവശ്യങ്ങൾ ചര്‍ച്ച ചെയ്യുക, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. സ്വര്‍ണ കടത്തിനെ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്  “സ്വര്‍ണം 22 തവണ ആർ ആയച്ചു, ആര്‍ക്ക് ലഭിച്ചു എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താൻ കഴിഞ്ഞില്ല, ആരും പിടിക്കപ്പെട്ടിട്ടില്ല” എന്നാണ്, അല്ലാതെ ഇങ്ങനെ ഒരു നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടില്ല എന്ന് പറയുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയായ, അതിന് ചുക്കാൻ പിടിച്ച തന്റെ പ്രിന്‍സിപ്പൽ സെക്രട്ടറിയെ സര്‍വീസില്‍നിന്ന് സസ്പെന്റ് ചെയ്തതിനുശേഷം അദ്ദേഹത്തിനെതിരെ കേസ് നിലനില്ക്കെത്തന്നെ പുനർനിയമനം നല്കിയിരിക്കുന്നു. ഈ കേസുകളിലെയെല്ലാം കൂട്ടുപ്രതിയായ സ്ത്രീയുടെ സുഹൃത്തിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു അന്നത്തെ വിജിലന്‍സ് എ.ഡി.ജി.പിയെ സസ്പെന്റ് ചെയ്തതിനുശേഷം, ക്രമസമാധാന ചുമതലയുള്ള തസ്തികയിൽ പുനർ നിയമിച്ചു. പതിറ്റാണ്ടുകളായി കേരളം എടുത്തിട്ടുള്ള നിലപാടിനെതിരായി മുല്ലപ്പെരിയാർ ബേബിഡാമിന്റെ ബലപ്പെടുത്തിലിനുവേണ്ടി തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ അനുമതിപത്രം നല്കി എന്ന ആക്ഷേപം ഉണ്ടായപ്പോൽ സസ്പെന്റ് ചെയ്ത ചീഫ് വൈല്‍ഡ് വാര്‍ഡനെ ഒരു മാസം കഴിഞ്ഞപ്പോൾ സ്ഥാനക്കയറ്റം നല്കി വനംവകുപ്പിന്റെ തലവനായി നിയമിക്കുന്നു. കെ-റെയില്‍ പോലെ സംസ്ഥാനം വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്ന പദ്ധതികൾ എല്ലാം ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പിനെ വകവെയ്ക്കാതെ നടപ്പാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി നമ്മുടെ ജനാധിപത്യപാരമ്പര്യത്തെ പാടെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം പൂർത്തിയാക്കാൻ വന്ന കാലതാമസം സർക്കാരിന്റെ നിഷേധത്മക നിലപാടാണ് കാണിക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കുന്ന എല്ലാം പദ്ധതികളുടെയും പിന്നിൽ അഴിമതി എന്ന് ആരോപിക്കപ്പെടുന്ന സ്ഥിതിയിൽ സംസ്ഥാന ഭരണം എത്തിനില്ക്കുന്നു.


ഇതിനെല്ലാം ഒപ്പം, അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച എന്നിവ സാധാരണക്കാരായ കര്‍ഷകരെയും തൊഴിലാളികളെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇതിനിടയിലാണ് സംരക്ഷിതമേഖലകളായ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവിസങ്കേതങ്ങളുടെയും അതിരുകള്‍ക്ക് പുറത്തേക്ക് ഒരു കിലോമീറ്റർ വായുദൂരം ബഫര്‍സോൺ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് വന്നിട്ടുള്ളത്. 2022 ജൂൺ, 3-ാം തീയതിയിലെ ഉത്തരവിൽ ഈ നിർദേശത്തിൽ ഭേദഗതിക്ക് ആവശ്യമുണ്ടെങ്കിൽ കാര്യകാരണ സഹിതം മാറ്റത്തിന്റെ ആവശ്യകത കേന്ദ്ര ഉന്നതാധികാര സമിതിയെയും കേന്ദ്രവനം പരിസ്ഥിത മന്ത്രാലയത്തെയും ബോധ്യപ്പെടുത്തി സുപ്രീംകോടതിയെ സമീപിക്കാനാണ് പറഞ്ഞിട്ടുള്ളത്. കോടതി ഉത്തരവ് പുറപ്പെടുവിച്ച് ആറുമാസം കഴിഞ്ഞിട്ടും കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനവാസകേന്ദ്രങ്ങളെയും, കൃഷിഭൂമികളെയും തോട്ടങ്ങളെയും ഒഴിവാക്കിയെടുക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും സര്‍ക്കാർ സ്വീകരിച്ചില്ല. ഉപഗ്രഹസര്‍വെയിലൂടെ കൃത്യമായ വിവരശേഖരണം നടക്കില്ലെന്നിരിക്കെ, ഫീൽഡ്സര്‍വെ നടത്താനുള്ള നടപടികൾ ഉത്തരവ് വന്ന ഉടന്‍തന്നെ ആരംഭിക്കേണ്ടിയിരുന്നു. ലക്ഷക്കണക്കായ മലയോര ജനതയുടെ ഭാവിജീവിതത്തെ ബാധിക്കുന്ന ഈ പ്രശ്നം കൈകാര്യം ചെയ്ത സമീപനത്തില്‍നിന്ന് സര്‍ക്കാരിന്റെ അലംഭാവ മനോഭാവം വ്യക്തമാവുകയാണ്.


കേരളത്തിൽ നിയമവാഴ്ചയും ക്രമസമാധാനപാലനവും മുൻപൊരിക്കലും ഉണ്ടാകാത്തരീതിയിൽ തകർന്നിരിക്കുന്നു. നിത്യേനെ ഉണ്ടാകുന്ന കൊലപാതകങ്ങളും, സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളും ഒരു പരിഷകൃതസമൂഹത്തിന് അപമാനമാണ്. ഏറ്റവും ഒടുവിൽ കേരളം നരബലിയിൽ എത്തി നില്ക്കുകയാണ്. നിരപരാധികൾക്കുനേരെ നടക്കുന്ന അക്രമങ്ങൾ തടയാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പലപ്പോഴും രാഷ്ട്രിയ ഇടപെടൽമൂലം പോലീസിന് കഴിയുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളെജിൽ സെക്യൂരിറ്റിഗാർഡിനെ ആക്രമിച്ചത് ഭരണ കക്ഷിയുടെ പ്രാദേശികനേതാക്കന്മാരാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പോലീസിന് കഴിഞ്ഞില്ല.


തിരുവനന്തപുരം കോർപറേഷൻ താത്കാലിക തസ്തിക നിയമവുമായി ബന്ധപ്പെട്ടുണ്ടായ ‘കത്ത് ‘ വിവാദത്തിൽ പോലീസിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.   കുറ്റക്കാർ ആരെന്നത് പകൽപോലെ വ്യക്തം.


കേരളം ഇന്ന് മയക്കു മരുന്നിന്റെ ഏറ്റവും വലിയ വിപണന ഉപഭോഗ കേന്ദ്രമായി മാറിയിരിക്കുന്നു. കോടികളുടെ മയക്കുമരുന്ന് ഉത്പന്നങ്ങളാണ് വിവിധ സ്രോതസുകളിലൂടെ നിത്യേനെ സംസ്ഥാനത്തേക്ക് എത്തുന്നത്. ഇത് തടയാനുള്ള ഭരണപരമായ ഇച്ഛാശക്തി നഷ്ടപ്പെട്ടിരിക്കുന്നു. യുവ തലമുറയെ നശിപ്പിക്കുന്ന, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസ്രോതസായ ഈ മാരക വിപത്ത് അമർച്ചചെയ്യാൻ പോലും കഴിയാത്ത സർക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്.


ജനാധിപത്യവ്യവസ്ഥയിൽ ജനങ്ങളുടെ ജാഗ്രത നാടിന്റെ പൊതുവായ എല്ലാ പ്രശ്നങ്ങളിലും ഉണ്ടാകേണ്ടിയിരിക്കുന്നു. വര്‍ത്തമാനകേരളത്തിൽ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയും, ജനാധിപത്യവിരുദ്ധ ഏകാധിപത്യ പ്രവണതയ്ക്കെതിരെയും ശക്തമായി പ്രതികരിക്കേണ്ട സമയം ആയിരിക്കുന്നു. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ശോഭനമായ ഭാവിക്ക് ഇത് അത്യന്താപേക്ഷിതമാണ്.


ലേഖകന്‍, മുന്‍ എം. പിയും കേരള കോണ്‍ഗ്രസ് നേതാവുമാണ്.