ജ്യോതിസ്സിനെ കവി വീടാക്കിയ  ഫാ. അടപ്പൂർ – എം.കെ.ശശീന്ദ്രൻ

നമ്മുടെ വൈജ്ഞാനികസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരനായിരുന്നു ഈയിടെ വിടവാങ്ങിയ ഫാദർ ഡോ.എ.അടപ്പൂർ. ദൈവശാസ്ത്രവും ഫിലോസഫിയും മനഃശാസ്ത്രവും ആഴത്തിൽ പഠിച്ചതിന്റെ വലിയ പശ്ചാത്തലം അദ്ദേഹത്തിന്റെ ഉന്മിഷത്തായ ചിന്തകൾക്കുണ്ട്. ആ കരുത്തിന്റെ പിൻബലത്തിലാണ് എഴുത്തിലും പ്രസംഗങ്ങളിലും ചർച്ചകളിലും തിളങ്ങിനിന്ന്, അവഗണിക്കാനാവാത്ത വ്യക്തിയെന്ന നിലയിൽ പൊതുസമൂഹത്തിൽ  ഇടം നേടുന്നതിന് കഴിഞ്ഞത്. മാനവികതയെ ഉയർത്തി പിടിക്കുന്നതിനുള്ള സംസ്കരിക്കപ്പെട്ട വിചാരധാരയിൽ സ്ഫുടംചെയ്ത ചിന്തകളാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്.


1960-കളുടെ ഉത്തരാർദ്ധം മുതൽ അദ്ദേഹവുമായി അടുത്തിടപെടുന്നതിന് അന്ന് വിദ്യാർത്ഥിയായിരുന്ന എനിക്കവസരമുണ്ടായി. എറണാകുളം ഹിന്ദിപ്രചാരസഭയിൽ പ്രവർത്തിച്ചിരുന്ന ഗാന്ധി പീസ് ഫൗണ്ടേഷനിൽ നിരവധി സമ്മേളനങ്ങൾ നടക്കുമായിരുന്നു.സോഷ്യലിസ്റ്റുകളും ഗാന്ധിയന്മാരും കോൺഗ്രസ്സുകാരും അധ്യാപകരും അഭിഭാഷകരും എഴുത്തുകാരും പത്രപ്രവർത്തകരുമെല്ലാം ഇതിലെല്ലാം സംബന്ധിച്ചിരുന്നു. ഏതു വിഷയത്തെ മുൻ നിറുത്തിയുള്ള ചർച്ചയായാലും അതിൽ പങ്കെടുക്കുന്നതിനും താൻ ഉന്നയിക്കുന്ന വാദമുഖങ്ങൾ സദസ്സിനു ബോധ്യമാകുന്ന തരത്തിൽ യാഥാർത്ഥ്യ ബോധത്തോടെ അവതരിപ്പിക്കുന്നതിനുള്ള കരുത്ത് അടപ്പൂരച്ചൻ പ്രകടമാക്കിയിരുന്നു.


ലോകത്ത് നടക്കുന്ന വംശീയ കലാപങ്ങളും, രാഷ്ടങ്ങളുടെ യുദ്ധക്കൊതിയും,ജനാധിപത്യ ധ്വംസനങ്ങളും ഭരണകൂട ഭീകരതകളും പട്ടിണിയും ദാരിദ്ര്യവുമെല്ലാം ആ വലിയ മനസ്സിനെ ദുഃഖത്തിലാഴ്ത്തിയിരുന്നു. വിഭവങ്ങളുടെ തുല്യ വിതരണം മനുഷ്യജീവിതത്തിന്റെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഉപാധിയെന്നു വിശ്വസിച്ചു പോന്നു. വര്‍ഗസമരം കാലഹരണപ്പെട്ട സിദ്ധാന്തമാണെന്നു വിശ്വസിച്ചു. കമ്യൂണിസ്റ്റുകാർ വിഭാവനം ചെയ്യുന്ന വാഗ്ദത്തഭൂമിയെന്ന ആശയം ദിവാസ്വപ്നമാണെന്നു തുറന്നടിച്ചു. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ച നേരിൽക്കണ്ട ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പോളണ്ട് സന്ദർശിച്ച് പുസ്തകമെഴുതി. ഈ മേഖലയിലെ മറ്റു രണ്ടു പുസ്തകങ്ങളാണ്, ‘കമ്മ്യൂണിസം ഒരു ചരമക്കുറിപ്പ്’,’തകരുന്ന കമ്മ്യൂണിസം,വളരുന്ന ഹൈന്ദവ വാദം’ എന്നിവ.


ഈശോസഭാംഗമായ ഈ വൈദികനിൽ സാഹിത്യാഭിരുചി വളരുന്നതിന് മംഗലാപുരം സെന്റ് അലോഷ്യസ് കോളെജിൽ മലയാളം പഠിപ്പിച്ച സുകുമാർ അഴീക്കോടിന്റെ സ്വാധീനം സഹായകരമായിട്ടുണ്ട്. എഴുത്തിന്റെ വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിച്ചത് മാതൃഭൂമിയുടെ എഡിറ്ററായിരുന്ന എൻ.വി.കൃഷ്ണവാര്യരായിരുന്നു. ജി.ശങ്കരക്കുറുപ്പ്, കെ.പി.കേശവമേനോൻ എന്നിവരുമായുള്ള സമ്പർക്കം എഴുത്തിനെ ഉത്തേജിപ്പിച്ചിട്ടുണ്ടെന്നു വേണം പറയാൻ. മലയാളം, ഇംഗ്ലീഷ്, ലാറ്റിൻ, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകളിലെ പ്രാവീണ്യം ലോകത്തെ അദ്ദേഹത്തോടടുപ്പിച്ചു.


കവിസമാജമെന്ന സംഘടനയെ എറണാകുളത്തിന്റെ മണ്ണിൽ ഉറപ്പിച്ചു നിറുത്തിയ സഹൃദയനായിരുന്നു ഫാ.അടപ്പൂർ.


കൊല്ലവർഷം 1067-ൽ, അതായത് 1891-ൽ കോട്ടയത്ത് മലയാള മനോരമ ഓഫീസിൽ രൂപമെടുത്ത സംഘടനയാണ് കവിസമാജം. സമസ്തകേരള സാഹിത്യപരിഷത്ത് സ്ഥാപിതമാകുന്നത്  വർഷങ്ങൾക്കു മുമ്പ്,  പ്രവർത്തിച്ചിരുന്ന സാഹിത്യ സംഘടനകളാണ് കവിസമാജം (1891) ഭാഷാപോഷിണിസഭ (1892), ഭാരതവിലാസം (1905), കൊച്ചി സാഹിത്യസമാജം (1913) സമസ്തകേരള സാഹിത്യസമാജം (1922) എന്നീ സാഹിത്യ സംഘടനകൾ. 1926-ൽ സമസ്തകേരള സാഹിത്യപരിഷത്ത് നിലവിൽവന്നു. പരിഷത്ത് രൂപീകരണത്തിനുമുമ്പ് ജന്മമെടുത്ത സംഘടനകളുടെ പ്രവർത്തനം കാലക്രമത്തിൽ നിലച്ചു. മറിയപ്പിള്ളി വലിയ തമ്പുരാന്റെ അദ്ധ്യക്ഷതയിലാണ് കവിസമാജത്തിന്റെ ആദ്യ യോഗം ചേരുന്നത്. സി.കൃഷ്ണപിള്ളയായിരുന്നു കാര്യദർശി. കണ്ടത്തിൽ വർഗീസ് മാപ്പിള സഹകാര്യദർശിയായിരുന്നു. ഇതിന്റെ പ്രധാന പ്രവർത്തകരിൽ ചിരട്ടമൺ മൂസ്സ്, നിധീരിക്കൽ കത്തനാർ എന്നിവർ ഉൾപ്പെട്ടിരുന്നു. വാർഷിക സമ്മേളനങ്ങളും കവിസദസ്സുകളു മുറപോലെ നടത്തിവന്നിരുന്ന, ഈ സംഘടനയുടെ പ്രവർത്തനം കാലക്രമേണ നിലച്ചു.ഇതിന്റെ ശതാബ്ദിവർഷത്തിൽ കവിസമാജം പുനരുജ്ജീവിപ്പിക്കണമെന്ന ഒരാശയം മഹാകവി എം.പി.അപ്പൻ, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി, സുകുമാരൻ പൊറ്റെക്കാട്ട് എന്നിവർ മുന്നോട്ടുവച്ചു. 1992-ൽ എറണാകുളം മേനോൻ ആന്റ് കൃഷ്ണൻ കോളേജിൽ ആദ്യയോഗം നടന്നു. പ്രതിമാസ കവിസദസ്സ് കൂടുന്നതിന് ഇടം അന്വേഷിച്ചപ്പോൾ ഉയർന്നുവന്നത് അടപ്പൂരച്ചൻ ഡയറക്ടറായിരിക്കുന്ന കലൂർ, പോണോത്തുറോഡിലെ ലൂമെൻ ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു.അച്ചൻ, വളരെ സന്തോഷത്തോടെ ഞങ്ങളെ അവിടേക്ക് സ്വാഗതം ചെയ്തു.


വിശ്രാന്തി പകരുന്ന ജ്യേതിസ്സിന്റെ ചില്ലയിൽ കവികൾ കൂടൊരുക്കി. ജ്യോതിസ്സിനെ കവിവീടായി മാറ്റി. ഏതാണ്ട് ഇരുപത്തിയഞ്ചുവര്‍ഷക്കാലം ഓരോ മാസത്തിലെയും രണ്ടാം ശനിയാഴ്ച മൂന്നുമണിക്ക് അവിടെ കവിസമ്മേളനം നടത്തുമായിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന്‍ കവികളെത്തുമായിരുന്നു. വായിച്ചുകേട്ട കവിതകളെ വിലയിരുത്തുന്നതിന് സാഹിത്യനിരൂപകരും ഉണ്ടാകും. അച്ചൻ മിക്കവാറും ദിവസങ്ങളിൽ കേൾവിക്കാരനായി കവികളുടെ കൂട്ടത്തിൽ ഉണ്ടാകും. കവിതാപാരായണവും തുടർന്നുള്ള ചർച്ചകളും അദ്ദേഹം ആസ്വദിച്ചിരുന്നു.


സ്വന്തം കവിതകൾ ചൊല്ലുന്നതിനെത്തിയവർ നിരവധി. കടവനാട് കുട്ടിക്കൃഷ്ണൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, പറവൂർ ഗോപാലകൃഷ്ണൻ,ഡോ.ചാണ്ടി പോൾ,സിസ്റ്റർ റോസക്കുട്ടി കാപ്പൻ, സുകുമാരൻ പെറ്റെക്കാട്ട്, ഡോ.ടി.ഭാസ്കരൻ,വർഗ്ഗീസ് പള്ളം, സിസ്റ്റർ യെമ്മ, പ്രൊഫ.ജെ.ടി. ആമ്പല്ലൂർ, മേപ്പള്ളി ബാലൻ, ഏ.കെ.കുറ്റിപ്പുഴ, കുമ്പളം വിക്രമൻ,രവീന്ദ്രൻ പുല്ലംന്തറ, പെരുന്ന കെ.എൻ നായർ,ടി.കെ.രാമകൃഷ്ണൻ റാന്നി,ചെറിയാൻ ആൻഡ്രൂസ്, വിജയാ മുകുന്ദൻ,മേപ്പിള്ളി ബാലൻ, വേലായുധൻ വടവുകോട് തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്. വായിക്കുന്ന കവിതകളെക്കുറിച്ച് അവിടെവച്ചുതന്നെ നിരൂപണം ചെയ്യുന്നതിന് ഡോ.എം.ലീലാവതി,പ്രഫ. എം.തോമസ് മാത്യു തുടങ്ങിയ മുതിർന്ന നിരൂപകരും വന്നിരുന്നു. കവിതയെ വിലയിരുത്തി സംസാരിക്കുക എന്ന നിരൂപകധർമം, സ്ഥിരമായി നിർവഹിച്ചു പോന്നത് ഈ ലേഖകനാണ്.


കവിസമാജം പിന്നിട്; കേരള കവിസമാജം എന്ന പേര് സ്വീകരിച്ച് എറണാകുളത്ത് പ്രവർത്തിച്ചുവരുന്നു. പൂർവസൂരികൾ കൊളുത്തിയ വിളക്ക് അണഞ്ഞുപോകാതെ കാത്തുസൂക്ഷിക്കുന്നു. കവികളെയും സാഹിത്യകാരന്മാരെയും അടപ്പൂരച്ചൻ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സാഹിത്യപരിഷത്തംഗമായ അദ്ദേഹം സമ്മേളനങ്ങളിൽ പതിവായി പങ്കെടുത്തുകൊണ്ടിരുന്നു. അവിടെ വൈജ്ഞാനികസമ്മേളനങ്ങളിൽ പ്രസംഗകനായിരുന്നു. സാഹിത്യ,സാംസ്കാരിക സമ്മേളനങ്ങളിൽ അദ്ദേഹം സംബന്ധിച്ച് എറണാകുളത്തെ സാംസ്ക്കാരിക രംഗത്ത് വെളിച്ചവും ചാരുതയും  പകർന്നിരുന്നു. സംഭാഷണത്തിലുടനീളം ലോകഗതിയെക്കുറിച്ചുള്ള ആകുലതകളായിരുന്നു, ഒപ്പം ശുഭപ്രതീക്ഷകളും പങ്കുവച്ചിരുന്നു.


അടപ്പൂർ അച്ചനുമായി എനിക്ക് വല്ലാത്തെര ടുപ്പമുണ്ടായിരുന്നു. പാന്റ്സും മുറിക്കയ്യൻ ഷർട്ടുമായി ഓരോ ചടങ്ങകളിൽ ജാതി മത ഭേദ്യമെന്ന്യ സംബന്ധിച്ചിരുന്നു. സാധാരണക്കാരിൽ ഒരാളായി കൊച്ചിയിൽ നിറഞ്ഞു നിന്നു.


രണ്ടു വർഷം മുമ്പ് ഒരു പുലർ കാലത്ത് മാതൃഭൂമി പത്ര ത്തിൽ ഒരു വാർത്ത കണ്ടു.


അടപ്പർ അച്ചൻ വിശ്രമ ജീവിതത്തിനായി കോഴിക്കോട്ടേക്ക്.


ലൂ മെൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രവർത്തകരും സഹൃത്തുക്കളും ചേർന്ന് തലേ ദിവസം യാത്രയയപ്പ് നൽകി. പിറ്റേന്ന് രാവിലെ പുറപ്പെടും. എങ്ങനെയും അച്ചനെ സന്ദർശിക്കുന്നതിനായി


അപ്പോൾ തന്നെ ഞാൻ ജോതിസിലെത്തി. അപ്പോൾ വാർത്ത അറിഞ്ഞ് മംഗളം റിപ്പോർട്ടർ രാജൂ പോളും എത്തിച്ചേർന്നു. അച്ചന് വളരെ ഇഷ്ടമുണ്ടായിരുന്ന വ്യക്തിയാണു് രാജൂ പോൾ . അച്ചൻ യാത്രയ്ക്കു തയ്യറായി ഇരിക്കുകയായിരുന്നു. സാമഗ്രികൾ, അധികവും പുസ്തകങ്ങൾ ബാഗിൽ ഉണ്ടായിരുന്നു.


അച്ചനെ കണ്ടപാടേ


ഹൈന്ദവാചാര പ്രകാരം ആ പദങ്ങളിൽ തൊട്ടു നമസ്കരിച്ചു.


അച്ചൻ ,എന്റെ തലയിൽ കൈവച്ചനുഗ്രഹിച്ചു. “ഞാൻ കണ്ട ബ്രിട്ടൺ ” എന്ന യാത്രാ വിവരണം പുസ്തകം ഞാൻ അദ്ദേഹത്തിനു സമ്മാനിച്ചു. അതും ബാഗിൽ സൂക്ഷിച്ചു. അതിനിടയിൽ അദ്ദഹം ലളിതമായ പ്രാതൽ കഴിച്ചു.


കുശലപ്രശ്നങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു ; “ഇവർ എന്നെ കോഴിക്കോടേക്ക് അയക്കുകയാണ്. “


വൃദ്ധരായ ജ്യസ്യൂട്ട് പാതിരിമാരുടെ വിശ്രമ സങ്കേതമാണ് കോഴിക്കോട്ട് മലാപ്പറമ്പ് ജസ്യൂട്ട് ഭവനം.


53 വർഷം ജീവിച്ച കൊച്ചി നഗരത്തിൽ നിന്നു അച്ചൻ കോഴിക്കോടേക്ക് യാത്ര പുറപ്പെടുന്നതിന് രാജു പോളും ഞാനും സാക്ഷികളായി.


കാലം അടയാളപ്പെടുത്തേണ്ട ഉന്നതാശയനാണ് അദ്ദേഹം. ബൗദ്ധിക മേഖലയിൽ; വിചാരലോകത്തു നിന്നുകൊണ്ട് ലോകത്തെ പരിവർത്തനപ്പെടുത്തുന്നതിന് പ്രയത്നിച്ച മനുഷ്യ സ്നേഹി. എതിർപ്പുകളെ ധീരോദാത്തമായ രീതിയിൽ നേരിട്ടു കൊണ്ട്  സ്വന്തം നിലപാടുമായി നടന്നു പോയ ഈ വൈദികൻ,


ഫാ. അടപ്പൂർ എന്നും ചിന്താശീലരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും.