ജസ്റ്റീസ് (റിട്ട) സിറിയക്ക് ജോസഫ് -ധന്യൻ, ഫാദർ അടപ്പൂർ

ഈശോസഭയ്ക്കു മാത്രമല്ല, കത്തോലിക്കാസഭയ്ക്കും, മലയാള  സാഹിത്യലോകത്തിനും സാംസ്‌കാരികരംഗത്തിനും വലിയ നഷ്ടം  ആയിരുന്നു ഫാദർ എബ്രാഹം അടപ്പൂരിന്റെ നിര്യാണം. മരണാനന്തരം ഒരു മനുഷ്യനു നല്കാവുന്ന ഏറ്റവും നല്ല വിശേഷണം, അയാൾ ഒരു ധന്യമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു എന്നതാണ്. എല്ലാ അർത്ഥത്തിലും ധന്യമായ ജീവിതത്തിനുടമയായിരുന്നു ഫാദർ അടപ്പൂർ.   54 വർഷത്തെ പരിചയത്തില്‍നിന്നും സൗഹൃദത്തില്‍നിന്നും ലഭിച്ച ബോധ്യത്തില്‍നിന്നാണു ഞാൻ ഇങ്ങനെ പറയുന്നത്. ഈ കാലയളവിൽ ഞങ്ങൾ ഒരുമിച്ച് അനേകം ക്യാമ്പുകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധിയോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. പലപ്രാവശ്യം കേരളത്തിനകത്തും പുറത്തും യാത്രചെയ്തിട്ടുണ്ട്. ന്യൂമാൻ      അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ     അച്ചന്റെ വീട്ടിലും അച്ചൻ എന്റെ വീട്ടിലും പലപ്രാവശ്യം സന്ദർശനം  നടത്തിയിട്ടുണ്ട്. എന്റെ വിവാഹത്തിൽ മാത്രമല്ല, എന്റെ നാല് മക്കളുടെ വിവാഹങ്ങളിലും അച്ചൻ പങ്കെടുത്തിട്ടുണ്ട്. സ്‌നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ, ചില വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ    വച്ചു പുലർത്തിയിട്ടുണ്ട്. ഞാൻ അച്ചനെ ‘കപ്ലോനേ’  എന്നും അച്ചൻ എന്നെ ‘നേതാവേ’ എന്നും സ്‌നേഹപൂർവം അഭിസംബോധന ചെയ്തിരുന്നു. ഞങ്ങൾ ഒരിക്കൽപ്പോലും വഴക്കിടുകയോ പിണങ്ങുകയോ ചെയ്തിട്ടില്ല. അച്ചന്റെ മരണം, വ്യക്തിപരമായി എനിക്കും എന്റെ കുടുംബത്തിനും വലിയനഷ്ടമാണുണ്ടാക്കിയത്. എങ്കിലും ഞാൻ ദുഃഖിക്കുന്നില്ല. കാരണം, തികച്ചും   ധന്യമായ ഒരു സുദീർഘജീവിതം,    മാന്യമായി അവസാനിപ്പിച്ച്, നല്ല  ഓർമകളും സല്‍പ്പേരും മാത്രം     അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്.


അടപ്പൂരച്ചനെ അനുസ്മരിക്കുമ്പോൾ മനസ്സിൽവരുന്ന, ചില സുപ്രധാനകാര്യങ്ങൾ രേഖപ്പെടുത്തുന്നത് ഉചിതമാണ്.


ദിവസത്തിൽ 24 മണിക്കൂറും, ഊണിലും ഉറക്കത്തിലും, ജോലിസമയത്തും വിശ്രമസമയത്തും, പ്രസംഗത്തിലും പ്രവൃത്തിയിലും, ഔദ്യോഗികചർച്ചകളിലും സ്വകാര്യസംഭാഷണത്തിലും, അടപ്പൂരച്ചൻ ഒരു കത്തോലിക്കാവൈദികൻ ആയിരുന്നു; നൂറുശതമാനവും വൈദികൻ മാത്രം. പ്രാർത്ഥിക്കാൻ സമയം കണ്ടെത്തിയ ബുദ്ധിജീവി.


ഒരു കത്തോലിക്കാപുരോഹിതന്റെ ഏറ്റവും ശ്രേഷ്ഠമായ ഗുണം ജീവിതവിശുദ്ധിയാണ്. അടപ്പൂരച്ചൻ വിശുദ്ധിയിൽ ജീവിച്ച വൈദികനായിരുന്നു.


വാക്കിലും, പ്രവൃത്തിയിലും, പെരുമാറ്റത്തിലും അദ്ദേഹത്തിന്    തികഞ്ഞ ഔചിത്യബോധം, അഥവാ, വകതിരിവ് (sense of propriety) ഉണ്ടായിരുന്നു. മനുഷ്യന് ഉണ്ടായിരിക്കേണ്ട ഒരു ഉത്തമഗുണമാണ് ‘വകതിരിവ്’ എന്നദ്ദേഹം വിശ്വസിച്ചിരുന്നു.


ഒരു സന്ന്യാസ വൈദികനുണ്ടായിരിക്കേണ്ട ‘വിരക്തി’ അദ്ദേഹത്തിനു എല്ലാ കാര്യത്തിലുമുണ്ടായിരുന്നു. വസ്ത്രം,ഭക്ഷണം,താമസം,ജീവിതശൈലി,യാത്രയ്ക്കുള്ള വാഹനങ്ങൾ, കുടുംബസന്ദർശനങ്ങൾ,സൗഹൃദങ്ങൾ എന്നിവയിലെല്ലാം  അദ്ദേഹത്തിന്റെ വിരക്തിയും ഔചിത്യബോധവും പ്രകടമായിരുന്നു. ലളിതജീവിതം    ഇഷ്ടപ്പെട്ട അദ്ദേഹം ഒരിക്കലും ആഡംബര ജീവിതത്തിൽ ആകൃഷ്ടനായിരുന്നില്ല.


ആദർശനിഷ്ഠയും അഭിപ്രായസ്ഥിരതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. പ്രശസ്തിക്കുവേണ്ടിയോ, അംഗീകാരങ്ങൾക്കുവേണ്ടിയോ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നില്ല.     സ്‌നേഹത്തിന്റെയോ സൗഹൃദത്തിന്റെയോ പേരിൽ, നിശ്ശബ്ദനാകുകയോ എതിർക്കാതിരിക്കുകയോ ചെയ്യുന്ന ശീലം ഉണ്ടായിരുന്നില്ല. ആരൊക്കെ എതിർത്താലും പറയാനുള്ളത് തുറന്നു പറഞ്ഞിരുന്നു.


മുഖ്യധാരാമാധ്യമങ്ങളിലെഴുതിയും, മതേതരവേദികളിൽ പ്രസംഗിച്ചും, ബുദ്ധിജീവികളുമായി സംവാദം നടത്തിയും, ക്രൈസ്തവദർശനങ്ങളെയും കത്തോലിക്കാസഭയുടെ നിലപാടുകളെയും   വ്യാഖ്യാനിച്ചും വിശദീകരിച്ചും അദ്ദേഹം നടത്തിയ ബൗദ്ധിക പ്രേഷിത പ്രവർത്തനം അനുപമമാണ്.


അര്‍ണോസ് പാതിരിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനവും, പുസ്തകവും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അവഗണിക്കാനാവില്ല. അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ സാഹിത്യസംഭാവനയാണത്.


ക്രൈസ്തവ ബിരുദധാരികളുടെയും ബുദ്ധിജീവികളുടെയും     സംഘടനയായ ന്യൂമാൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (Newman Association of India) കേരളാ റീജിയണൽ ചാപ്‌ളെയിൻ എന്ന നിലയിൽ അദ്ദേഹം അഞ്ചുപതിറ്റാണ്ടു നല്കിയ സേവനം വിലപ്പെട്ടതാണ്.

കലൂർ പോണോത്ത് റോഡിലെ ‘ജ്യോതിസ്’ എറണാകുളത്തെ   പ്രധാന സാംസ്‌ക്കാരിക കേന്ദ്രമായതിനു കാരണക്കാരൻ അടപ്പൂരച്ചൻ തന്നെയാണ്. അതിനു സഹായകമായത് ന്യൂമാൻ            അസോസിയേഷനും.


കേരളത്തിലെ മൂന്നു റീത്തുകളിലുംപെട്ട കത്തോലിക്കർക്ക് ഒരു പൊതുസംഘടന വേണമെന്ന ആശയം അംഗീകരിക്കുകയും    അതിന്റെയടിസ്ഥാനത്തിൽ കേരള കാത്തലിക് ഫെഡറേഷൻ    എന്ന പേരിൽ പുതിയൊരു സംഘടന രൂപവത്കരിക്കാൻ തീരുമാനിക്കുകയും  ചെയ്തത് 1973-ല്‍ മഞ്ഞുമ്മലിൽ ചേർന്ന കത്തോലിക്കാ നേതൃസമ്മേളനത്തിലായിരുന്നു എന്നതും ആ നേതൃസമ്മേളനം വിളിച്ചുകൂട്ടിയതും, സാമ്പത്തികചെലവുകൾ വഹിച്ചതും അടപ്പൂരച്ചൻ നേതൃത്വം കൊടുത്ത എറണാകുളം ന്യൂമാൻ സർക്കിൾ ആയിരുന്നു എന്നതും പലർക്കും അറിയാത്ത ചരിത്ര വസ്തുതയാണ്. പ്രിയപ്പെട്ട അടപ്പൂരച്ചന് ആദരാഞ്ജലികൾ.