ലഹരിക്കെതിരെ ‘നാടക ലഹരി’ – ജോയ്സ് ജോയ്

റിപ്പോർട്ട്


അടുക്കളയിൽ കഞ്ചാവ് ചെടി വളർത്തിയതിന് യുവദമ്പതികൾ അറസ്റ്റിലായത് ഈ അടുത്തകാലത്താണ്. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയതിന് വീട്ടുടമസ്ഥൻ അറസ്റ്റിലായതും  യുവതി പിടിയിലായതും കേരളത്തിലാണ്. കഞ്ചാവ് കേസിൽ  അറസ്റ്റിലായ യുവാവ് കഞ്ചാവ് ഒരു  വെജിറ്റബിളല്ലേ എന്ന് നിസ്സംഗതയോടെ ചോദിച്ച് ഭാവിതലമുറയിൽ തെറ്റായ ധാരണകൾ കുത്തിവയ്ക്കുന്നതു  ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്.  ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ ജീവിതം മുങ്ങിത്താഴുമ്പോഴും രക്ഷപ്പെടാൻ ശ്രമിക്കാതെ മറ്റുള്ളവരെയും നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ നാട്. അവിടെയാണ് കുറച്ച്  കോളെജ് വിദ്യാര്‍ഥികൾ തങ്ങളുടെ ആശയവും സമയവും ലഹരിക്കെതിരെ പ്രതികരിക്കാനും  ഒപ്പമുള്ളവരെയും ചുറ്റുമുള്ളവരെയും  ബോധവത്കരിക്കാനുമായി മാറ്റി വച്ചത്. തിരുവനന്തപുരം  സെന്റ് സേവ്യേഴ്സ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്, വിമുക്തി മിഷനുമായി ചേർന്നാണ് ലഹരിക്കെതിരെ തെരുവുനാടകം ഒരുക്കിയത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ നിരവധി പ്രദേശങ്ങളിൽ അവതരിപ്പിച്ച നാടകം വലിയ ജനശ്രദ്ധയാണ് നേടിയത്.


മുത്തശ്ശിമാ‍ർ കു‌ഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുത്തിരുന്ന ഒരു കഥയുണ്ട്. ഏഴ് ആങ്ങളമാർക്ക് ഒരു കുഞ്ഞുപെങ്ങൾ ഉണ്ടായിരുന്നു. വളരെയേറെ കരുതലോ‍‌ടെയും ശ്രദ്ധയോടെയും ആയിരുന്നു അവ‍ർ  കുഞ്ഞുപെങ്ങളെ വളർത്തിയിരുന്നത്. എന്നാൽ ആങ്ങളമാരുടെ കണ്ണുവെട്ടിച്ച് അവളുമായി ചങ്ങാത്തം കൂടാൻ ഒരു പുലിയെത്തി.  പുലിച്ചോറ് കൊടുക്കാമെന്നും പുലിക്കുളി കുളിപ്പിക്കാമെന്നും പറഞ്ഞു  അവളെ കൂടെ കൂട്ടി.   പുലി നയിച്ച വഴിയിലൂടെ  കാട്ടിലെത്തി.  പുലിച്ചോറ് തരാം എന്നു പറഞ്ഞ് തന്നെ കൊണ്ടുപോയത്  പുലിക്ക് ചോറാക്കാനാണെന്ന് മനസിലായപ്പോൾ അവൾ  പൊന്നാങ്ങളമാരെ തേടി ഓടി.  അവർ അവളെ ചേർത്തുപിടിച്ചു.  ആങ്ങളമാരുടെ കണ്ണ് വെട്ടിച്ച് അന്ന് കുഞ്ഞുപെങ്ങളെ മയക്കി കൊണ്ടുപോയത് പുലി ആയിരുന്നെങ്കിൽ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ഇന്ന് മക്കളെ മയക്കി കൊണ്ടു പോകുന്നത് ലഹരിയാണ്.  ഈ കഥയിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ടാണ്  തെരുവുനാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്.


ലഹരിയുടെ നീരാളിപ്പിടിത്തം ക്യാംപസുകളിൽ


മയക്കുമരുന്ന് പല വിധത്തിലാണ്  ക്യാംപസുകളെ കീഴടക്കുന്നത്. കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ‘നോ ടു ഡ്രഗ്സ്’ എന്ന കാമ്പയിൻ ആരംഭിച്ചത്. ഇതിന് പിന്തുണ പ്രഖ്യാപിക്കുകയാണ് തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ അധ്യാപകരും എൻ.എസ്.എസ്. വിദ്യാർഥികളും. കൂടുതൽ ആളുകളിലേക്ക് ബോധവത്കരണ സന്ദേശം എത്തിക്കാൻ തെരുവുനാടകത്തെക്കാൾ മികച്ച ഒന്നില്ലെന്ന് വിദ്യാർത്ഥികൾ തീരുമാനിച്ചപ്പോൾ അധ്യാപകരും ഒപ്പം നിന്നു. കുട്ടികൾ ഒരു സുപ്രഭാതത്തിൽ എടുക്കുന്ന തീരുമാനമല്ല ലഹരി ഉപയോഗിക്കാമെന്നത്. കുടുംബവും സമൂഹവും അതിൽ വലിയ രീതിയിൽ പങ്കുവഹിക്കുന്നുണ്ട്. വീടിന്റെ സമാധാനാന്തരീക്ഷം തകരുന്നതും മനസ്സുതുറന്ന് സംസാരിക്കാൻ ആരുമില്ലാത്തതും കുട്ടികളെ ലഹരിയുടെ ലോകത്തിലേക്ക് നയിക്കുന്നു. ആശ്വാസവും സമാധാനവും തേടി അവർ മയക്കുമരുന്നിന്റെ ലോകത്തിലേക്കാണ് എത്തുന്നത്. എന്നാൽ അത് ജീവിതം കാർന്നുതിന്നുന്ന മഹാവിപത്താണെന്ന്  തിരിച്ചറിയുന്നത് വളരെ വൈകിയാണ്.  കുടുംബപ്രശ്നങ്ങൾ മാത്രമല്ല പഠനസംബന്ധമായ പ്രശ്നങ്ങളും പ്രണയവും പ്രണയനിരാസവും  കുട്ടികൾക്ക് പലപ്പോഴും വലിയ പ്രശ്നം തന്നെയാണ്. ഇതിൽനിന്ന് ഒരു ആശ്വാസം തേടിയാണ് പലരും മയക്കുമരുന്നിന്റെ ലോകത്തിലേക്ക് എത്തുന്നത്. ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ഈ തെരുവുനാടകം ഒരുക്കിയത്.


ശില്പശാല


തെരുവുനാടകമെന്ന ആശയം രൂപപ്പെടുത്താൻ ഒരു നാടക ശില്പശാല സംഘടിപ്പിച്ചു. അതിൽ പങ്കെടുത്തവരുടെ  വ്യത്യസ്തമായ കാഴ്ചപ്പാടുകളും ആശയങ്ങളും കോർത്തിണക്കിയാണ് തെരുവുനാടകം രൂപപ്പെട്ടുവന്നത്. പങ്കെടുത്ത ഓരോരുത്തരും തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ട് വെച്ചു. ചിലർ പത്രവാർത്തകളും ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും പറഞ്ഞപ്പോൾ മറ്റു ചിലർ സ്വന്തം ജീവിതത്തിലെ നോവിക്കുന്ന അനുഭവങ്ങളാണ് തെരുവുനാടകത്തിന് ആശയമായി നല്കിയത്. കുട്ടികളുടെ ആശയങ്ങൾ പരമാവധി ഉപയോഗിക്കുകയായിരുന്നു ശില്പശാലയുടെ ഡയറക്ടറും നാടകത്തിന്റെ സംവിധായകനുമായ ഷെയ്സ് തോമസ് ചെയ്തത്. രാത്രിയും പകലുമായി സംഘടിപ്പിച്ച ശില്പശാലയ്ക്ക് കുട്ടികളില്‍ സംഘബോധം ഉണ്ടാക്കുക എന്നതും ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. കാരണം, ലഹരിയിൽ അകപ്പെട്ടുപോകുന്ന കുട്ടികൾ പലപ്പോഴും അതിൻ്റെ ഭീകരത തിരിച്ചറിയുകയും സംഘമായി തന്നെ ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ ആഗ്രഹിക്കുന്നവരുമാണ്.

ശ്വാസംമുട്ടുന്ന ബാല്യകൗമാരങ്ങൾ   ജീവിതം അർത്ഥശൂന്യമാണെന്ന് തോന്നി തുടങ്ങുമ്പോഴാണ് പല കുട്ടികളും ലഹരിയുടെ പാത തേടിയെത്തുന്നത്. തിരക്കിന്റെ ലോകത്തിലാണ്  നാമെല്ലാവരും. മാതാപിതാക്കൾക്ക് മക്കളോട് സംസാരിക്കാൻ സമയമില്ല.  കടുത്ത മത്സരം നടക്കുന്ന ലോകത്തിലാണ് കുട്ടികൾ ഇന്ന്. മാതാപിതാക്കൾ അവരു‍ടെ ആഗ്രഹത്തിന് അനുസരിച്ച് മക്കൾ വളർന്നുവരണമെന്ന് ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ തിരിച്ചറിയാൻ ആരുമില്ലെന്ന തോന്നലും അംഗീകരിക്കപ്പെടുന്നില്ലെന്ന തോന്നലും കുട്ടികളെ ഒരു പരിധിവരെ ഇത്തരം വഴികളിലേക്ക് തള്ളി വിടുന്നുണ്ട്. ഇത്തരം കാര്യങ്ങളും നാടകം ചർച്ച ചെയ്യുന്നുണ്ട്. ആളും തരവും നോക്കാതെയാണ് ലഹരി ഇപ്പോൾ  ഇരകളെ തേടിയെത്തുന്നത്. അതിന് പ്രായവ്യത്യാസമില്ല. ആണെന്നോ പെണ്ണെന്നോ ഇല്ല. കുട്ടിയെന്നോ വിദ്യാർത്ഥിയെന്നോ. കണ്ണിൽ കാണുന്നവരെയെല്ലാം എങ്ങനെ തന്റെ കൈക്കരുത്തിന്റെ അടിമയാക്കാമെന്നാണ് ലഹരി അന്വേഷിക്കുന്നത്. അങ്ങനെയുള്ള കാലഘട്ടത്തിൽ മയക്കുമരുന്നിന്റെ കാണാക്കയങ്ങളെക്കുറിച്ച്  ഭാവിതലമുറയെ ബോധവത്കരിക്കേണ്ട ഉത്തരവാദിത്വമാണ് വിദ്യാർത്ഥികൾതന്നെ ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ കലാലയത്തിൽ മാത്രമല്ല സ്കൂളുകൾ ഉൾപ്പെടെ പത്തോളം വേദികളിൽ തെരുവുനാടകം അവതരിപ്പിച്ചു കഴിഞ്ഞു.

സൂചകങ്ങൾ 


സാമൂഹിക മാറ്റത്തിന് പ്രേക്ഷകരെ ബോധവൽകരിക്കാനുള്ള പ്രകടനവേദിയാണ് അരങ്ങ്. കുട, ബോക്സുകൾ, ഏണി, വടി എന്നീ സൂചകങ്ങൾ  പ്രേക്ഷകരെ ആകർഷിക്കാൻ ഈ നാടകത്തിൽ ഉപയോഗിച്ചു. കറുപ്പ്, മഞ്ഞ നിറങ്ങളാണ് കൂടുതലായും സ്വീകരിച്ചത്. മഞ്ഞ മായികതയുടെ ലോകത്തെ പ്രതിനിധാനം ചെയ്തപ്പോൾ കറുപ്പ് മയക്കുമരുന്നിന്റെ ഇരുണ്ടവശത്തെ അടയാളപ്പെടുത്തി. മയക്കുമരുന്ന്‍ എന്ന കെണിയെ സൂചിപ്പിക്കാനാണ് ഏണിയും മായികലോകത്തിന്റെ ലഹരി തണലിനെ കാണിക്കാൻ കുടയും ഉപയോഗിച്ചു. ലഹരി എങ്ങനെയൊക്കെയാണ് ജനങ്ങളെ കീഴടക്കുന്നതെന്നും മയക്കുന്നതെന്നും അതിന് ജീവിതസാഹചര്യങ്ങളും സാമൂഹികാവസ്ഥകളും എത്രത്തോളം കാരണമാകുന്നുവെന്നും നാടകത്തിൽ ചർച്ചചെയ്യുന്നുണ്ട്. ലഹരിക്ക് അടിമപ്പെട്ട് കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്ക് എത്തുന്നവരുണ്ട്.


പുതുതലമുറ ലഹരിയിൽ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തെ ബോധവത്കരിക്കാൻ സെന്റ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥികൾ നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണ്. കോളെജ് പ്രിൻസിപ്പൽ ഡോ.വി.വൈ.ദാസപ്പനും എൻ.എസ്.എസ്. കോ-ഓഡിനേറ്റർമാരായ ഡോ.ഷിബു ജോസഫും ഡോ.ഒ.രേണുകയും പൂർണപിന്തുണയോടെ വിദ്യാർത്ഥികൾക്കൊപ്പമുണ്ട്.