മൊഴിയാഴം – എൻ.ഇ. സുധീർ  ഹറുകി മുറകാമിയും  നോവലെഴുത്തും. 

നോവലെഴുത്തിന്റെ രസതന്ത്രം പല നോവലിസ്റ്റുകളും അവരുടേതായ നിലയിൽ വിശദീകരിച്ചുകണ്ടിട്ടുണ്ട്. ലോകത്തിന്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട  നോവലിസ്റ്റ് ഹറുകി മുറകാമിയും അത്തരത്തിലൊരു ശ്രമമാണ് ‘Novelist As A Vocation’ എന്ന പുതിയ കൃതിയിലൂടെ നടത്തുന്നത്. എഴുത്തുമായി ബന്ധപ്പെട്ട പതിനൊന്നു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. 2010 മുതൽ 2015 വരെയെഴുതിയ ലേഖനങ്ങളാണ് ഇതിലുള്ളത്.  2015-ൽ ഇത് ജപ്പാനിൽ പ്രസിദ്ധീകരിച്ചു. 2022-ൽ ഇംഗ്ലീഷിലേക്കു വരുമ്പോൾ പുതിയൊരു ആമുഖലേഖനവുംകൂടി ഈ സമാഹാരത്തിലുൾപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തിയഞ്ചു വർഷത്തെ എഴുത്തുജീവിതത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവയെല്ലാം എഴുതിയിരിക്കുന്നത്. സ്വന്തം എഴുത്തുരീതിയും ശീലങ്ങളും തന്നെ സ്വാധീനിച്ച മറ്റു ചില എഴുത്തുകാരുടെ പതിവുകളും ഒക്കെ മുറകാമി ഇതിൽ വിശദീകരിക്കുന്നുണ്ട്. 


ദൈനംദിന ജീവിതത്തിലോ, എഴുതാനിരിക്കുമ്പോഴോ  ഒരിക്കലും എഴുത്തുകാരനാണെന്ന തോന്നൽ തന്നിലുണ്ടാവാറില്ല എന്നാണ് മുറകാമി ഏറ്റുപറയുന്നത്. “എഴുതുവാനുള്ള കഴിവും വിജയം നേടാനുള്ള ഭാഗ്യവും പിടിച്ചു നില്ക്കാനുള്ള കരുത്തും ഉള്ളതിനാൽ നോവലെഴുത്ത് ഒരു തൊഴിലുപോലെ തനിക്കു കൊണ്ടു നടക്കുവാൻ സാധിച്ചു. അതേസമയം ഇതെന്നെയിപ്പോഴും വിസ്മയിപ്പിക്കുന്ന കാര്യവുമാണ്. ആ വിസ്മയത്തെ ആദ്യംമുതലേ നിലനിറുത്താൻ എനിക്കു സാധിച്ചു”. വിവിധ കാലഘട്ടങ്ങളിലെ പ്രശസ്തരായ നോവലിസ്റ്റുകളുടെ മനസ്സിനെ വായിച്ചെടുക്കാൻ മുറകാമി ശ്രമിക്കുന്നുണ്ട്. “അവരുടെ ബോധത്തിൽ നിലകൊള്ളുന്ന എന്തിനെയോ ആണ് അവർ കഥയായി മാറ്റിയെടുക്കുന്നത്”. 


“When I Became a Novelist”  എന്ന ലേഖനത്തിൽ സ്വന്തം എഴുത്തു ജീവിതാനുഭവങ്ങളെ ഓർത്തെടുക്കുകയാണ് മുറകാമി. വാക്കുകൾ സത്യത്തിലും നീതിയിലും ഉറപ്പിച്ചതാവുമ്പോൾ അതിന് ശക്തിയുണ്ടാവുന്നു. വാക്കിന്റെ ശക്തിയിലാണ് ഈ എഴുത്തുകാരൻ വിശ്വാസമർപ്പിച്ചിരിക്കുന്നത്. ഇതിലെ പല ലേഖനങ്ങളും ആത്മകഥാ സ്വഭാവമുള്ളവയാണ്. 1978-ലെ ഒരു ഏപ്രിൽ മാസത്തിലെ ഉച്ചനേരത്താണ്, ബേസ്ബാൾ കളിച്ചുകൊണ്ടിരുന്ന മുറകാമിക്ക് തനിക്കൊരു നോവലെഴുതാൻ കഴിയും എന്ന ഒരുൾവിളിയുണ്ടാവുന്നത്. അതദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിന്റെ തുടക്കം കുറിക്കലായിരുന്നു. പിന്നീടിങ്ങോട്ട് വർഷംതോറും അദ്ദേഹം നോവലുകളെഴുതി പ്രസിദ്ധീകരിച്ചു.  വലിയ വലിയ നോവലുകൾ. അങ്ങനെ പ്രസിദ്ധനായി. ലോകത്തിന്റെ പ്രിയപ്പെട്ട കഥാകാരനായി. ആ അനുഭവത്തിന്റെ നേർചിത്രങ്ങളാണ് ഈ പുസ്തകത്തിൽ അദ്ദേഹം എഴുതിയിരിക്കുന്നത്. ഇവിടെ എഴുത്തുകാരന്റെ വിസ്മയം വായനക്കാരുടേതുകൂടിയാവുന്നു. അതാണ് മുറകാമിയുടെ എഴുത്തിന്റെ സവിശേഷതയും. (Novelist As a Vocation – Haruki Murakami –  Translated from the Japanese by Philip Gabriel and Ted Goossen – Vintage Books) 


ആനന്ദിന്റെ ശബ്ദം 

“നിന്റെ മനസ്സ് നീ സംസാരിക്കുന്നതിന്റെ പിന്നിൽ

മുഴുവനും ഇല്ലാതിരിക്കുമ്പോൾ 

അല്ലെങ്കിൽ നീ നുണ പറയുകയാകുമ്പോൾ 

അഥവാ നീ പറയുന്നത് 

ഒരു വെറും സാധാരണ സത്യമാണെന്ന് 

നീ അറിയുമ്പോൾ 

നീ നിന്റെ ശബ്ദം കേൾക്കാൻ തുടങ്ങുന്നു. 

നീ അതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത, 

എന്നിട്ടും നിന്റെയാണെന്ന് 

നീ തിരിച്ചറിയുന്ന ശബ്ദം. “

2000 -ത്തിൽ  ആനന്ദ് എഴുതിയ ‘നിന്റെ ശബ്ദം’ എന്ന കവിതയാണിത്. അദ്ദേഹമെഴുതിയ 45 കവിതകൾ സമാഹരിച്ച് ‘ആനന്ദിന്റെ കവിതകൾ’ എന്ന പേരിൽ ഒരു പുസ്തകം  ഇപ്പോൾ വന്നിട്ടുണ്ട്. ആനന്ദ് എന്ന ചിന്തകന്റെ ശബ്ദം കേൾപ്പിക്കുന്നവയാണ് ഇതിലെ ഓരോ കവിതയും. നമുക്ക് നമ്മുടെ മുമ്പിലെ ലോകം ശരിക്കും കാണാൻ കഴിയുന്നുണ്ടോ എന്ന് ഒരു കവിതയിൽ അദ്ദേഹം  ചോദിക്കുന്നുണ്ട്. ചുറ്റിനുമുള്ള ലോകത്തെ കാണാൻ വായനക്കാരനെ പ്രാപ്തനാക്കുന്ന എഴുത്തുകാരനാണ് ആനന്ദ്. കവിതയിലൂടെയായാലും നോവലിലൂടെയായാലും ലേഖനത്തിലൂടെയായാലും ആനന്ദ് നിർവഹിക്കുന്നത് ചിന്തയുടെ പ്രസരണമാണ്. മനുഷ്യവിമോചനത്തിന്റെ വഴികൾ തേടിക്കൊണ്ടിരിക്കുന്ന ആ മനസ്സ് ഈ കവിതകളിലും നിറഞ്ഞു കാണാം. (ആനന്ദിന്റെ കവിതകൾ – ആനന്ദ് – ഡി.സി. ബുക്സ് – കോട്ടയം) 


അക്ഷരംപ്രതി


‘ബസ്സ്’ എന്നാണോ ‘ബസ് ‘ എന്നതാണോ ശരിയായ വാക്ക് ? ‘തലശ്ശേരി’ എന്നതാണോ ‘തലശേരി’ എന്ന വാക്കാണോ ശരി ? വാക്കുകളിലെ ഇരട്ടിപ്പുകൾ അടുത്ത കാലത്തായി പലരും ഉപേക്ഷിച്ചു കാണുന്നു. മാധ്യമങ്ങൾപോലും ഒരേ വാക്ക് പല രീതിയിൽ ഉപയോഗിക്കുന്നു. ഇവയിൽ ഏതാണ് ശരിയായ പ്രയോഗം? മലയാളഭാഷ കൈകാര്യം ചെയ്യുന്ന ഓരോരുത്തർക്കും ഇന്നിപ്പോൾ ഇത്തരം ധാരാളം സന്ദേഹങ്ങളുണ്ട്. ഒന്നിനും ഒരു തീർപ്പില്ലാത്ത ഒരവസ്ഥ നമ്മുടെ ഭാഷയിൽ വന്നു ചേർന്നിരിക്കുന്നു. വാക്കുകൾ ഉപയോഗിക്കുന്നിൽ ശരിയേത് തെറ്റേത് എന്നത് നിശ്ചയിക്കാൻ കഴിയുന്നില്ലെങ്കിൽ അംഗീകൃതമായ വാക്കുകൾ എന്ന ഐകരൂപ്യം വരുത്താനെങ്കിലും നമുക്ക് കഴിയണം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെ.സി. നാരായണൻ എഴുതുന്ന അക്ഷരംപ്രതി എന്ന പംക്തി ഈ പ്രശ്നത്തെ അർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നു. മുകളിൽ സൂചിപ്പിച്ച ഇരട്ടിപ്പുകൾ ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.  


അതിനായി അദ്ദേഹം കണ്ടെത്തുന്ന വഴി വാക്കിനെ വൃത്തത്തിന്റെ വഴിയിൽ കൊളുത്തിയിട്ട് പരിശോധിക്കുക എന്നതാണ്. വൈലോപ്പിള്ളിയുടെയും എൻ.വി.കൃഷ്ണവാരിയരുടെയും കവിതകളിൽനിന്ന് ഈ വാക്കുകളെ  ഉദാഹരിച്ച് ഇരട്ടിപ്പ് എത്ര പ്രധാനമാണെന്ന് കെ.സി.നാരായണൻ  കാണിച്ചുതരുന്നു. വൃത്തം എന്നാൽ ഇരട്ടിപ്പ്, നീട്ടൽ, കുറുക്കൽ എന്നിങ്ങനെ അക്ഷരങ്ങൾക്കുള്ള ശബ്ദമൂല്യത്തെ അടിസ്ഥാനമാക്കി നിർമിച്ച ഒരു താളാത്മക ചങ്ങലയാണ് എന്ന്‍ കെ.സി. നാരായണൻ വിശദീകരിക്കുന്നു. കെ.സി. ഏറ്റെടുത്ത ദൗത്യം വളരെ പ്രധാന്യമുള്ളതാണ്. സർക്കാർ ഉടൻതന്നെ ഇക്കാര്യത്തിൽ വിദഗ്ദരുടെ ഒരു കൂട്ടായ്മയുണ്ടാക്കി ഭാഷാപ്രയോഗത്തിൽ ഒരു അംഗീകൃതനയം രൂപവത്കരിക്കേണ്ടതുണ്ട്. മാധ്യങ്ങളോട് ഇത് പ്രയോഗത്തിൽ വരുത്തുവാൻ ആവശ്യപ്പെടുകയും അതുവഴി ജനങ്ങളിലെ ആശങ്ക ഒഴിവാക്കേണ്ടതുമാണ്. സാങ്കേതികവിദ്യയ്ക്കു വേണ്ടി ഭാഷയെ പരിഷ്ക്കരിക്കുകയല്ല; ഭാഷയ്ക്കുവേണ്ടി സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുകയും പാകപ്പെടുത്തുകയുമാണ് നമ്മൾ ചെയ്യേണ്ടത്. അല്ലാതെ, ഇപ്പോൾ നടന്നു വരുന്നതുപോലെ മലയാളഭാഷയെ ഒരു  നാഥനില്ലാക്കളരിയാക്കി അപമാനിക്കരുത്. നമുക്ക് ഇത്തരം കാര്യങ്ങളിൽ വ്യക്തമായ  നിലപാടുകൾ വേണം. ഇതൊക്കെയാണ് ഓർമിപ്പിക്കുകയാണ് കെ.സി. അദ്ദേഹത്തിന്റെ ഈ പംക്തിയിലൂടെ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്. നവംബർ – 20-26 ലക്കം)


സീത രാമായണം വിട്ടിറങ്ങുകയാണ്! 


സീത വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്. ജനകരാജധാനിയിലെ സ്വയംവരപന്തലിലെത്തുവാനുള്ള സമയമായി. രാമനുൾപ്പടെയുള്ള യോദ്ധാക്കൾ വില്ല്കുലച്ച് സീതയെ കൈക്കലാക്കാൻ കൊതിപൂണ്ട് അവിടെ കാത്തുനില്ക്കുന്നുണ്ട്. അപ്പോഴാണ് പുഷ്പകവിമാനത്തിന്റെ ശബ്ദം കേട്ട് സീത പുറത്തേക്ക് നോക്കിയത്. ആകാംക്ഷയോടെ അതിലാരാണ് വരുന്നതെന്ന് ചോദിച്ച സീതയോട് തോഴി പറഞ്ഞു. ‘അതിൽ  രാവണപ്രഭുവാണ്’. ആളെ മനസ്സിലാവാതെ  ‘അതാരാണ് ഞാൻ കേട്ടിട്ടില്ലല്ലോ, തോഴീ’ എന്ന് സീത പറയുന്നു. തുടർന്ന് തോഴി രാവണനെപ്പറ്റിയുള്ള വിശേഷങ്ങൾ സീതയോട് വിവരിക്കുകയായി.  ഇത് കേട്ട സീത രാവണനിൽ ആകൃഷ്ടയാവുന്നു. ഉള്ളിൽ പ്രണയം നിറയുന്നു. തുടർന്ന്  വേദിയിലെത്തിയ സീത തന്നിൽ കൊതിപൂണ്ടു നില്ക്കുന്ന ഓരോരുത്തരെപ്പറ്റിയും ചോദിച്ചറിയുന്നു. “ആ സ്ത്രൈൺ ആരാണ്?” സീത രാമനെ നോക്കി ചോദിച്ചു. തോഴി മറുപടി പറഞ്ഞു:  “ദശരഥപുത്രൻ രാമാനാണത്. കഥകൾ പ്രകാരം സീതയെ വരിക്കേണ്ടത് ആ കുമാരനാണ്.”