അണു – കെ.വി.മോഹൻ കുമാർ
അടഞ്ഞ മനസ്സുകളിൽ അണുക്കൾ പെരുകും. ഇരുട്ട് കുടിപാർക്കും. വാതിലുകളും ജാലകങ്ങളും തുറന്നിട്ട വിശാലമായ അറപോലെയാവണം മനുഷ്യ മനസ്സ്. പകൽവെളിച്ചത്തിലുമത് കൊട്ടിയടച്ച് തഴുതിട്ടിരുന്നാലോ? അകത്ത് ഇരുളിന്റെ പൊറ്റകളടിയും. മനുഷ്യന്റെ മനസ്സും അതുപോലെയല്ലേ? സജീവൻ അതാലോചിക്കുകയായിരുന്നു.
അനിത ഈയിടെയായി…
നദീറയെന്ന് കേട്ടതും അവളുടെ മുഖം കറുത്തു.മഞ്ഞപ്പ് വീണ നോട്ടം പുറത്തേക്ക് തെറിച്ചു.
ആശുപത്രിയിൽ തനിച്ചു കഴിഞ്ഞ നാളുകളിലാണു അവളിൽ ഈ മാറ്റമുണ്ടായത്. ആ ദിവസങ്ങളത്രയും മൊബൈൽ ഫോണായിരുന്നു കൂട്ട്. വേറെന്ത് ചെയ്യാൻ? ആരോടും സമ്പർക്കമില്ലാതെ.കോവിഡ് പേടിയിലാരും…
ഫോണിലൂടെ ഓരോ ദിവസം പിന്നിടുമ്പോഴും അവളുടെ ഉള്ളിൽ അണുക്കൾ പെരുകുന്നതറിഞ്ഞു. അണുക്കൾ അവളുടെ വാക്കുകളിലേക്കും ഇറങ്ങിവന്നതോടെ സജീവനിലത് ആശങ്കയായി.
‘അനീ, നിനക്കെന്താ പറ്റിയെ? പെട്ടെന്നീ മാറ്റം?’
‘മാറ്റവോ? എനിക്കോ? ചുറ്റും നടക്കണതൊന്നും സജീവേട്ടൻ അറിയാഞ്ഞിട്ടാ,’ അവൾ ഏതോ വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്ന ഫോർവേഡിംഗ് മെസേജുകളെക്കുറിച്ച് വാതോരാതെ പറഞ്ഞു.
അയാളുടെ കാതുകളിൽ കടന്നലുകൾ ഇരമ്പി.
‘നീയെങ്ങനെ ആ ഗ്രൂപ്പിലകപ്പെട്ടു?’
‘എനിക്കറിഞ്ഞൂടാ. കോവിഡ് വന്നപ്പഴാ ഞാനാ ഗ്രൂപ്പിലുണ്ടെന്നറിഞ്ഞെ. മുമ്പ് ഞാനങ്ങനെ വാട്ട്സാപ്പൊന്നും നോക്കാറില്ലാരുന്നല്ലോ? ഇപ്പം എന്നേം അവരഡ്മിനാക്കി. ഞാനും ചേർത്തു ഏഴെട്ടാളെ…സജീവേട്ടനേം ചേർക്കട്ടെ?’
‘വേണ്ടാ,’അയാളുടെ മനസ്സ് നുറുങ്ങി.
യാത്ര പറയാൻ ചെന്നപ്പോൾ സത്യപാലൻ ഡോക്ടർ വല്ലാതെ അസ്വസ്ഥനായിരുന്നു. മൂക്കും ചുണ്ടുകളും മറച്ച ഇരട്ട മുഖാവരണത്തിന്റെ മറവിലും അയാളുടെ വരണ്ടമുഖത്തെ പേശികൾ…
‘സൂക്ഷിക്കണം,’അയാൾ അനിതയെ നോക്കി.’ ഏറെ ആയാസമൊന്നും വേണ്ട, കുറച്ചു നാളത്തേക്ക്.ഈ അണു അത്ര നിസ്സാരക്കാരനല്ല.’
‘ഈ അണുവിനെ തുരത്താതെ നമുക്കാർക്കും മനസ്സമാധാനത്തോടെ ജീവിക്കാനാവില്ല,’സജീവൻ ആരോടെന്നില്ലാതെ പറഞ്ഞു.
ഏതണുവെന്ന് ഡോ.സത്യപാലനോ അനിതയോ സംശയിച്ചിട്ടുണ്ടാവില്ല. അവരുടെ ചിന്തയിൽ ഒരേയൊരു അണുവേ ഉണ്ടാവൂ. അണുക്കൾ ഉടലിൽ മാത്രമല്ല, മനസ്സിലും.
‘അണുക്കൾക്കൊപ്പമുള്ള സഹജീവനം,ഇനിയതേ കഴിയൂ,’സത്യപാലൻ ഡോക്ടർ പറഞ്ഞു.’മനുഷ്യ ചരിത്രത്തെ ഒരു വൈറസ് രണ്ടായി പകുക്കുന്നു.ലോകം കൊറോണയ്ക്ക് മുൻപും, പിൻപും.’
അനിത ഔപചാരികത നിറവേറ്റി പുറത്തിറങ്ങിയതും ഡോ.സത്യപാലൻ എന്തോ ഓർത്തു.’ങാ, ഐ.സി.യു വിൽ കിടന്നിരുന്ന ആ മേരിക്കുട്ടി അമ്മച്ചി മരിച്ചു.’