സ്കറിയാ സക്കറിയ  തുറന്നിട്ട മലയാള വഴികൾ – ബിജു ജോർജ്

അധ്യാപനവും അക്കാദമിക പ്രവർത്തനവും സർഗാത്മകമായ ഒരു സൗന്ദര്യജീവിതമാണെന്ന് മലയാളിയെ ആഴത്തിൽ അനുഭവിപ്പിച്ച പണ്ഡിതനായിരുന്നു, ഡോ.സ്കറിയാ സക്കറിയ. നവീനതയും ബഹുസ്വരതയും മുഖമുദ്രകളാക്കിയ അദ്ദേഹം മലയാള ഭാഷയ്ക്കും കേരള സംസ്കാരപഠനത്തിനും ഗവേഷണരീതിശാസ്ത്രത്തിനും നല്കിയ സംഭാവനകൾ കേരളത്തിന്റെ അക്കാദമികരംഗം പുതുക്കിപ്പണിയാൻ സഹായകരമായി.മലയാള സാഹിത്യം, സംസ്കാരപഠനം,ഭാഷാശാസ്ത്രം, വ്യാകരണം തർജമപഠനം, താരതമ്യസാഹിത്യം, വാമൊഴിചരിത്രം, പ്രാദേശികചരിത്രം, ഫോക്‌ലോർ എന്നിങ്ങനെ വിവിധ വിജ്ഞാനലോകങ്ങളിലേക്ക് പടർന്നു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ അക്കാദമിക ഇടപെടലുകളുടെ പൊതുസ്വഭാവം.


ഏതു പുതിയ ആശയത്തെയും സ്വീകരിക്കുന്നതോടൊപ്പം പഴയ സമ്പ്രദായങ്ങളെ നവീകരിക്കാനും സ്കറിയാ സക്കറിയ വളരെയധികം ശ്രദ്ധിച്ചിരുന്നു.വൈജ്ഞാനികമായ തുറവി തന്റെ ജീവിതവീക്ഷണത്തിലും സൈദ്ധാന്തിക നിലപാടുകളിലും നിത്യവും കാത്തുസൂക്ഷിച്ചിരുന്നു. വേർതിരിവില്ലാതെ മനുഷ്യരോടും ആശയങ്ങളോടും അസാമാന്യമായ ജനാധിപത്യബോധത്തോടെ സംവദിച്ച അദ്ദേഹം പലതിനോടും വിയോജിക്കുമ്പോഴും ഒന്നിനെയും കീഴടക്കാൻ ശ്രമിക്കാതെ തന്റേതായ നിലപാടുകളും കാഴ്ചപ്പാടുകളൂം ഉയർത്തിപ്പിടിക്കുകമാത്രം ചെയ്തു. ജീവിച്ചിരുന്നപ്പോൾ ഒരിടത്തും ആഘോഷിക്കപ്പെടാൻ വേണ്ടി സ്വയം വിട്ടുകൊടുത്തതുമില്ല. അതുകൊണ്ടാകാം മരണത്തിലും നിശ്ശബ്ദനായി കടന്നുപോയത്.


സ്കറിയാമാഷ്


അധ്യാപകൻ എന്ന നിലയിൽ എല്ലാ വിഷയങ്ങളെയും തുറന്ന മനസ്സോടെ സ്വാഗതംചെയ്ത സ്കറിയാ സക്കറിയ പുത്തൻ അറിവുപദ്ധതികളെയും പ്രവണതകളെയും മനസ്സിലാക്കികൊണ്ട് നിരന്തരം സ്വയം പുതുക്കിയിരുന്നു. വിജ്ഞാനത്തിന്റെ ഏതെങ്കിലുമൊരു പടവിൽ യാഥാസ്ഥിതികമായി ഉറച്ചുപോകാതെ അധ്യാപനത്തിന്റെയും പoനത്തിന്റെയും ചക്രവാളങ്ങൾ വികസിപ്പിക്കാൻ ഇതുമൂലം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒറ്റയ്ക്കായിരുന്നില്ല ഈ ശ്രമങ്ങൾ നടത്തിയത്. വൈജ്ഞാനികതയെന്നത് ഒരാളുടെ ഒറ്റതിരിഞ്ഞ അന്വേഷണങ്ങളല്ലായെന്നു വിശ്വസിച്ച അദ്ദേഹം വിജ്ഞാനതൽപരരുടെ കൂട്ടായ്മ കേരളത്തിൽ ഉണ്ടാകണമെന്ന ബോധ്യത്തോടെ ‘താപസം’ എന്ന ഗവേഷണസംഘം രൂപപ്പെടുത്തി. ആശയ സംവാദങ്ങളും വിജ്ഞാനവിനിമയും നിറഞ്ഞുനിന്ന താപസത്തിന്റെ ഒത്തുചേരലുകൾക്കു വേണ്ടി കേരളത്തിനകത്തും പുറത്തും നിന്നു വിദ്യാർഥികളും ഗവേഷകരും എഴുത്തുകാരും സംബന്ധിച്ചിരുന്നു. 2005-മുതൽ  താപസം എന്ന പേരിൽ അദ്ദേഹം ആരംഭിച്ച ത്രൈമാസിക ജേണൽ മലയാളം ഇംഗ്ലീഷ് ഭാഷകളിൽ കാമ്പുറ്റ പഠനങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്.


ജനാധിപത്യത്തെ തന്റെ കർമരംഗത്ത് ഒരു അടിസ്ഥാനമൂല്യമായി കൊണ്ടു നടന്നിരുന്നു സ്കറിയ സക്കറിയ . ക്ലാസ്മുറിയിൽ മലയാളത്തിന്റെ വ്യാകരണം, ഭാഷാശാസ്ത്രം, പ്രാചീന കൃതികൾ എന്നിങ്ങനെയുള്ള അടിസ്ഥാനധാരണകൾ വിദ്യാർഥികളിൽ ഉറപ്പിക്കുന്നതിൽ ഒട്ടു വിട്ടുവീഴ്ച ചെയ്തിരുന്നില്ല.അതേസമയം, സമാന്തരമായി സാഹിത്യ പഠനങ്ങളിലെ നവീന ചിന്താപദ്ധതികളും സൈദ്ധാന്തിക ഉൾക്കാഴ്‌ചകളും പരിചയപ്പെടുത്തികൊണ്ട് പുതിയ മേഖലകളിലേക്ക് വിദ്യാർഥികളുടെ പഠനതാത്പര്യത്തെ തുറന്നിടുകയും ചെയ്തു. അക്കാദമിക സ്വാതന്ത്ര്യത്തിലും സംവാദാത്മകതയിലും ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം കഠിനമായ ആശയങ്ങളെ സമകാലികതയിലേക്കും അനുദിനാനുഭവങ്ങളിലേക്കും ഇണക്കിച്ചേർത്തുകൊണ്ട് പഠിപ്പിച്ചിരുന്നു. ക്ലാസ്മുറിയിൽ വിദ്യാർഥികളുടെ സംശയങ്ങൾക്കും ആശയങ്ങൾക്കും, അത് എത്ര ചെറുതാണെങ്കിലും, ഇടമുണ്ടായിരുന്നു. അവിടെ തന്റെ അറിവിനെ അന്തിമവാക്ക് എന്നനിലയിൽ പരിഗണിച്ചില്ല. അറിഞ്ഞതിൽനിന്നു പുതിയ ചിന്തകളിലേക്ക് നീങ്ങാനുള്ള ആത്മവിശ്വാസം നല്കി അനന്തമായ സാധ്യതകളെ അഭിസംബോധന ചെയ്യുംവിധം വിദ്യാർഥികളെ അദ്ദേഹം രൂപപ്പെടുത്തിയത് ഇങ്ങനെയാണ്. ഒരാൾക്ക് എന്ത് അറിയാം എന്നതിൽ ശ്രദ്ധിച്ച അദ്ദേഹം നടപ്പിലാക്കിയ ഉൾക്കൊള്ളലിന്റെ  ഈ ദർശനം ഓരോ വിദ്യാർഥിയിലുമുളവാക്കിയ ഉണർവ് വലുതാണ്. സ്കറിയാ സക്കറിയ എന്ന വ്യക്തി തനിക്കപ്പുറമുള്ളവർക്കുവേണ്ടി മുറുകെപ്പിടിച്ച അടിസ്ഥാന ജീവിതമൂല്യങ്ങളും കരുതലുമാണ് ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ക്ലാസിൽ ഇരുന്നവർക്കും പരിചയപ്പെട്ടവർക്കും ‘സ്കറിയാ മാഷ് ‘ പ്രിയപ്പെട്ടതാകുന്നത്.


വൈജ്ഞാനിക സംഭാവനകൾ


മലയാള വൈജ്ഞാനികമേഖലയിൽ സ്കറിയ സക്കറിയയുടെ പ്രധാനപ്പെട്ട സംഭാവന മിഷനറിസാഹിത്യപഠനമാണ്. 1986-ൽ ജർമനിയിൽ ലോകമലയാള സമ്മേളനത്തിൽ പങ്കെടുക്കാൻപോയ അദ്ദേഹം ട്യൂബിങ്ങൻ സർവകലാശാല ഹസ്തലിഖിത ലൈബ്രറിയിൽനിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ മലയാള ഗ്രന്ഥശേഖരം കണ്ടെത്തി. 1990-95 കാലഘട്ടത്തിൽ അദ്ദേഹം നടത്തിയ ഗുണ്ടർട്ട് റിസേർച്ചിന്റെ ഫലമായി ‘പയ്യന്നൂർപ്പാട്ട്’, ‘തച്ചോളിപ്പാട്ടുകൾ’, ‘തലശ്ശേരിരേഖകൾ’, ‘പഴശ്ശിരേഖകൾ’, ‘അഞ്ചടിജ്ഞാനപ്പാന’, ‘ഓണപ്പാട്ടുകൾ’ എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിൽ അദ്ദേഹത്തിന്റെ ആമുഖപഠനത്തോടെ പ്രസിദ്ധീകരിച്ചു. എടുത്തുപറയേണ്ട മറ്റൊരു  സംഭാവന ഹെമർ ഗുണ്ടർട്ട് ഗ്രന്ഥപരമ്പര എന്നപേരിൽ ‘ഗുണ്ടർട്ടിന്റെ നിഘണ്ടു’, ‘മലയാളഭാഷ വ്യാകരണം’, ‘ബൈബിൾ’, ‘കേരളോല്പത്തിയും മറ്റും’, ‘വജ്രസൂചി’ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചതാണ്. ട്യൂബിങ്ങിനിൽനിന്ന് സ്കറിയാ സക്കറിയ കണ്ടെടുത്ത ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ’ എന്ന നോവൽ 1989-ൽ പ്രസിദ്ധീകരിച്ചു. സ്വിറ്റ്സർലണ്ടിലെയും ട്യൂബിങ്ങനിലെയും ഹസ്തലിഖിത ഗ്രന്ഥാലയങ്ങളിൽ ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച ‘മലയാളം ഹസ്തലിഖിതപരമ്പര’യും മലയാള സർവകലാശാല പ്രസിദ്ധീകരിച്ച ‘മലയാളവും ഹെർമൻ ഗുണ്ടർട്ടും’  അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഇസ്രയേലിലെ ഹീബ്രു സർവകലാശാലയുമായി ചേർന്നു നടത്തിയ ജൂതരുടെ മലയാളം പെൺപാട്ടുകളെ കുറിച്ചുള്ള പഠനം ‘കാർകുഴലി’ എന്ന പേരിൽ 2005-ൽ പ്രസിദ്ധീകരിച്ചു. 1976-ൽ ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളും റോസിന്റെ നിയമാവലിയും എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ‘രണ്ടു പ്രാചീനകൃതികൾ’ എന്ന ഗ്രന്ഥമാണ് സ്കറിയ സക്കറിയുടെ ആദ്യ കൃതി. ‘പ്രാചീന ഗദ്യമാതൃകകൾ, ‘ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോ നകൾ’, ‘തർജമ സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ’ എന്നീ രചനകളിലൂടെ ഭാഷാസമർപ്പിത സേവനമാണ് അദ്ദേഹം നിർവഹിച്ചത്. സ്കറിയ സക്കറിയ തയ്യാറാക്കിയ രേഖകൾ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നതിനും സഹായിച്ചു.


16-ാം നൂറ്റാണ്ടു മുതൽ 19 വരെയുള്ള മലയാള ഗദ്യത്തെ കുറിച്ച് സ്കറിയാ സക്കറിയ നടത്തിയ പഠനങ്ങൾ ഭാഷാപഠന വിദ്യാർഥികൾക്ക് വിലപ്പെട്ട രേഖകളാണ്. ട്യൂബിങ്ങൻ സർവകലാശാലയിലെ മലയാളവിഭാഗത്തിന്റെ പ്രഥമ അധ്യക്ഷനായിരുന്നു. 1990- 91-ലും 1995-ലും ജർമനിയിൽ അലക്സാണ്ടർ വോൺ ഹുംബോൾട്ട് ഫെലോ ആയും 1993-ൽ ഡി.എ.എ.ഡി ഫെലോ എന്ന നിലയിലും പ്രവർത്തിച്ച സ്കറിയ സക്കറിയ സാധാരണ മലയാളം അധ്യാപകരിൽ നിന്നു വ്യത്യസ്തനായി വിദേശപണ്ഡിതരുമായി സഹകരിച്ച് ഗവേഷണങ്ങൾ നടത്തി. ഓക്‌സ്‌ഫഡ്, കേംബ്രിജ്,ടെക്സാസ് തുടങ്ങിയ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറും പ്രബന്ധാവതാരകനുമായിരുന്നു. മലയാളം സർവകലാശാലയും മഹാന്മാഗാന്ധി സർവകലാശാലയും ഡി.ലിറ്റ് നല്കി അദ്ദേഹത്തെ ആദരിച്ചു.


ഗവേഷണ രീതിശാസ്ത്രം


വിദേശ സർവകലാശാലകൾ സന്ദർശിച്ച സ്കറിയ സക്കറിയ ഭാഷാ-സാഹിത്യ മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുകയും മലയാള പഠനത്തെ സംബന്ധിച്ച് മാറിവരുന്ന കാഴ്ചപ്പാടുകളോട് സംവാദാത്മകബന്ധം പുലർത്തുകയും ചെയ്തു. ഭാഷയെയും സാഹിത്യത്തെയുംമാത്രം കേന്ദ്രീകരിച്ച് നടത്തുന്ന പരമ്പരാഗത മലയാള ഗവേഷണത്തെ സംസ്കാരപഠനവുമായി ബന്ധിപ്പിച്ച് ബഹുവിഷയകമായ ഗവേഷണരീതിശാസ്ത്രം വികസിപ്പിച്ചെടുക്കാൻ അദ്ദേഹം നടത്തിയ ഇടപെടൽ നിർണായകമാണ്. സംസ്കാരപoനവുമായി ചേർത്തുനിർത്തുമ്പോഴും സാഹിത്യപാഠങ്ങളുടെ അനന്യതയെ മാനിച്ചുകൊണ്ടാണ് അദ്ദേഹം പുതുവഴി തുറന്നിട്ടത്. അന്തർദേശീയ സിദ്ധാന്തങ്ങളെയും കാഴ്ചപ്പാടുകളെയും പിൻപറ്റുമ്പോഴും കേരളത്തിന്റെ സാംസ്കാരികഭൂമികയിൽ ഉറച്ചുനിന്നുകൊണ്ട് അവയെ സമീപിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം.


അധികാരത്തിന്റെ വഴികളിൽനിന്നു അകലംപാലിച്ച സ്കറിയാ സക്കറിയ ഔദ്യോഗിക ജീവിതവും അക്കാദമിക പ്രവർത്തനങ്ങളുംവഴി ഒന്നുംതന്നെ വെട്ടിപ്പിടിക്കാൻ നോക്കിയില്ല. ഇന്ത്യക്ക് പുറത്തും അകത്തും സ്വീകാര്യനായ ഒരു അക്കാദമിക്ചിന്തകനും മികച്ച സംഘാടകനും നിരവധി അംഗീകാരങ്ങളും  നേടിയ അദ്ദേഹത്തെ ഒരു സർവകലാശാലയുടെ നേതൃത്വം ഏല്പിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. അറിവിനാൽ പുതുക്കപ്പെടാത്ത വ്യക്തികളും അധികാരശക്തികളും നമ്മുടെ സർവകലാശാലകളിൽ പിടിമുറുക്കുമെന്ന് സ്കറിയാ മാഷ് നേരത്തെ തിരിച്ചറിഞ്ഞിരുന്നോ ? മാഷിനെ സ്നേഹിക്കുന്നവർക്കൊപ്പം എഴുത്ത് മാസികയുടെ പ്രണാമം.