ജെ.പി – ഇന്ത്യൻ രാഷ്ട്രീയത്തിലെ ശുക്രനക്ഷത്രം – ജോണ്‍ തോമസ്‌

ഗാന്ധിജിക്കുശേഷം ഇന്ത്യൻ രാഷ്ട്രീയനഭസ്സിൽ സൂര്യതേജസ്സോടെ, ജ്വലിച്ച ജെ.പി. എന്ന മഹാപുരുഷന്റെയൊപ്പം അന്ത്യഘട്ടംവരെ പ്രവർത്തിക്കാൻ അവസരം ലഭിച്ച കുന്നയ്ക്കൽ തോമസ് ഏബ്രഹാം ആ മഹാപുരുഷനെക്കുറിച്ചുള്ള ഓർമകളിൽ ജീവിക്കുന്നു. 87-ാം വയസ്സിലും ജയപ്രകാശ് നാരായണനെക്കുറിച്ചുള്ള ഓർമകളിൽ തോമസ് ഏബ്രഹാം ജ്വലിക്കുകയാണ്.


ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിനുതകുന്ന ശ്രദ്ധേയങ്ങളായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു സാക്ഷിയാകേണ്ടിവന്നതിന്റെ നിരവധി ഓർമകൾ ഇപ്പോഴും തോമസ് ഏബ്രഹാമിലുണ്ട്.സോഷ്യലിസ്റ്റ് ദർശനങ്ങൾക്കു  ഐതിഹാസികമായ മാനങ്ങൾ നല്കിയ ജെ.പിയുടെ ഒപ്പം 15 വർഷങ്ങളാണദ്ദേഹം പെർസണൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. ജെ.പിയുടെ പ്രിയപത്‌നി പ്രഭാവതിയുടെ മരണശേഷം അദ്ദേഹത്തിന്റെ ആരോഗ്യസംബന്ധമായ കാര്യങ്ങളും നോക്കിയിരുന്നത് തോമസ് ഏബ്രഹാമായിരുന്നു.


മനസ്സുവച്ചിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിലോ, ഔദ്യോഗികമണ്ഡലങ്ങളിലോ ഉന്നതമായ സ്ഥാനങ്ങളിൽ വിരാജിക്കാനുള്ള അവസരം ഉണ്ടായിട്ടും അത്തരം സ്ഥാനലബ്ധികൾക്കോ, അധികാരരാഷ്ട്രീയത്തിന്റെ ഔന്നത്യങ്ങളിലോ സ്ഥാനമാനങ്ങൾ കണ്ടെത്തുന്നതിനു മിനക്കെടാതെ സ്വദേശത്ത് മടങ്ങിയെത്തി കുടുംബസ്ഥനായി സ്വസ്ഥജീവിതം നയിക്കുവാനാണ് അദ്ദേഹം തീരുമാനിച്ചത്. ‘നിറകുടം തുളുമ്പുകയില്ല’ എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ് തോമസ് ഏബ്രഹാമെന്ന സാധാരണക്കാരന്റെ മനസ്സ്. നാട്ടിലെത്തി തന്റെ കുടുംബത്തിന്റെ നന്മയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലും പ്രലോഭിപ്പിക്കുന്ന നിരവധി അവസരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. എന്നാൽ അത്തരം വാഗ്ദാനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി, മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാനുള്ള എല്ലാ സാധ്യതകളെയും അവഗണിച്ചുകൊണ്ട് ജനശ്രദ്ധയിൽ നിന്നകന്നു തന്റെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും മാത്രം സുപ്രധാനമായി കണ്ടുകൊണ്ട് ജീവിക്കുകയാണുണ്ടായത്. ആലപ്പുഴ ജില്ലയിൽ മാന്നാറിനടുത്ത് കുട്ടമ്പേരൂരിൽ കുന്നയ്ക്കൽ വീട്ടിൽ അദ്ദേഹം തന്റെ പ്രിയ പത്‌നിയോടൊത്ത് ശാന്തനായി കഴിയുന്നു.


കൂട്ടമ്പേരൂർ എന്ന ഗ്രാമത്തിൽ നിന്ന്‍ അഖിലലോക പ്രശസ്തനായ ജയപ്രകാശ് നാരായണൻ എന്ന വ്യക്തിയിലേക്ക് തോമസ് ഏബ്രഹാം എത്തിച്ചേരാനിടയായ സാഹചര്യം എന്തായിരുന്നു


1953-ൽ മെട്രിക്കേലേഷൻ വിദ്യഭ്യാസത്തിനുശേഷം സ്റ്റെനോഗ്രാഫി പഠിച്ചു. കുടുംബത്തിന്റെ അവസ്ഥ ബുദ്ധിമുട്ടിലായതിനാൽ എന്തെങ്കിലും ജോലി കണ്ടെത്തേണ്ടിയിരുന്നു. വടക്കേ ഇന്ത്യ മാത്രമായിരുന്നു പ്രതീക്ഷ. ആദ്യം ഭോപ്പാലിൽ എത്തി. പിന്നീട് ജബൽപൂരിൽ എത്തി മധ്യപ്രദേശ് എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിൽ പഠിച്ച് ഇന്റർമീഡിയറ്റ് പാസ്സായി. 1958 മുതൽ 1962 വരെ അവിടെ തുടർന്നു. പിന്നീട് ഡൽഹിയിൽ എത്തുകയും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻ പഞ്ചായത്ത് രാജ് എന്ന സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അഖിലേന്ത്യാ പഞ്ചായത്ത് പരിഷത്തിലുണ്ടായ പ്രശ്‌നങ്ങൾമൂലം തുടർന്നു ഞാൻ ബനാറസിലുള്ള ഗാന്ധിയൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ജോലി മാറി. ബംഗാളിയായ സുഗത്ദാസ് ഗുപ്തയുടെ നിയന്ത്രണത്തിലുള്ള ഗാന്ധിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസിന്റെ സ്ഥാപകനും ഓണററി ഡയറക്ടറും ജയപ്രകാശ് നാരായണൻ ആയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം സന്ദർശം നടത്തുമ്പോഴാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ടുമുട്ടിയത്. അദ്ദേഹവുമായി സംസാരിച്ചതോടെ ആ മഹാവ്യക്തിത്വത്തിന്റെ ആഴം കണ്ടറിയാൻ കഴിഞ്ഞു. ഞങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമായി. എന്റെ രീതികളോടുള്ള അദ്ദേഹത്തിന്റെ താത്പര്യം കൊണ്ടാകാം അദ്ദേഹം എന്നെ തന്റെ പേർസണൽ സെക്രട്ടറിയായി നിയമിക്കാൻ കാരണം.


എനിക്കുമുമ്പ് അദ്ദേഹത്തിന്റെ പേർസണൽ സെക്രട്ടറി പ്രശസ്ത പത്രപ്രവർത്തകനും, ജെ.പിയുടെ ‘Towards Total Revolution’ എന്ന വിഖ്യാതഗ്രന്ഥത്തിന്റെ എഡിറ്ററുമായ ബ്രഹ്മാനന്ദ് ആയിരുന്നു. ഗാന്ധിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ വിഭാഗത്തിലേക്കു അദ്ദേഹം റിസർച്ച് അസിസ്റ്റന്റായി ചുമതല ഏറ്റപ്പോഴുണ്ടായ ഒഴിവിലാണ് ജെ.പി. എന്നെ പേർസണൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എന്റെ 29-ാമത്തെ വയസ്സിൽ, അതായത് 1964-ൽ. 1979 ഒക്‌ടോബർ 8-ന് രാവിലെ 5.30ന് അന്ത്യം വരിക്കുന്നതുവരെ 15 വർഷത്തോളം ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


പ്രശസ്തിക്കുവേണ്ടി പ്രവർത്തിക്കുന്നവരുടെ ഇടയിൽ താങ്കൾ ഒറ്റപ്പെട്ടവനാണ്. ജെ.പിയുടെ സെക്രട്ടറി എന്ന നിലയിൽ വലിയ സ്ഥാനമാനങ്ങൾ സ്വന്തമാക്കാമായിരുന്നിട്ടും അതിനൊന്നിനും തയ്യാറായില്ല. താങ്കൾക്ക് വ്യക്തിപരമായി നേട്ടങ്ങളുണ്ടാക്കാവുന്ന അവസരങ്ങളെയൊന്നും പ്രയോജനപ്പെടുത്തണമെന്നു തോന്നാതിരുന്നത് എന്തുകൊണ്ടാണ്?


ജയപ്രകാശ് നാരായണൻ എന്ന മഹാമേരുവിന്റെ നിഴൽപോലെ ജീവിക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനായിരുന്നില്ല അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം ചിലവഴിക്കാൻ കഴിഞ്ഞ നാളുകൾക്കു പകരംവയ്ക്കാവുന്ന ഒരു നേട്ടവും, പിന്നീട് എനിക്കു നേടിയടുക്കാവുന്ന ഭൗതികനേട്ടങ്ങളിലൂടെ കൈവരിക്കാനാവില്ല എന്നാണിന്നും എനിക്കു തോന്നുന്നത്. ജെ.പിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞതുകൊണ്ട് ഞാൻ മഹാനാകുന്നില്ല. അദ്ദേഹത്തെപ്പോലെ മഹാനായ ഒരു വ്യക്തിയുടെ ചുറ്റുവട്ടങ്ങളിൽ കുറെക്കാലം ജീവിക്കാനായതുകൊണ്ട് എന്റെ ജീവിതമാണ് ധന്യമായത്. അതിന്റെ പേരിൽ ഞാൻ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കിയാൽ പിന്നെ അദ്ദേഹത്തിന്റെ മഹിമയെ ഞാൻ സ്വകാര്യലാഭത്തിനായി പ്രയോജനപ്പെടുത്തുകയാണ്. അതിലെനിക്കു ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഇവിടെ ഞാനല്ല വലുത്… ജെ.പി. മാത്രമാണ്.


ജെ.പി.യുമായി ജീവിച്ച കാലത്തെക്കുറിച്ച് പുസ്തകം രചിക്കുന്നതിനും അഭിമുഖങ്ങൾ തയ്യാറാക്കുന്നതിനുമായി നിരവധി ആളുകൾ എന്നെ സമീപിച്ചിട്ടുണ്ടെങ്കിലും എല്ലാത്തിൽനിന്ന്‍ ഞാനൊഴിഞ്ഞുമാറുകയായിരുന്നു. കാരണം എനിക്കറിയാവുന്ന പല സത്യങ്ങളും തുറന്നുപറഞ്ഞാൽ ഒരുപാടുപേർക്ക് അനിഷ്ടമുണ്ടാകും. അങ്ങനെ ജീവിച്ചിരിക്കുന്ന പലരെയും വേദനിപ്പിച്ചുകൊണ്ട് ഒരു നേട്ടവും ഉണ്ടാക്കേണ്ടതില്ലെന്നു ഞാനുറപ്പിച്ചു. ജെ.പിയുടെ ഒപ്പം ജീവിച്ചകാലത്തെ ഓർമകൾ തന്നെയാണ് ഈ ജന്മത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമായി ഞാൻ കരുതുന്നത്.


ജെ.പിയുടെ മരണശേഷം പലതരത്തിലുള്ള വാഗ്ദാനങ്ങൾ എനിക്കു മുമ്പിലുണ്ടായിരുന്നു. ലോക്ദളിൽ ചേർന്നു ഉത്തരവാദപ്പെട്ട സ്ഥാനം ഏറ്റെടുക്കണമെന്നു ചൗധരി ചരൺസിംഗ് എന്നെ നിർബന്ധിക്കുകയുണ്ടായി. അദ്ദേഹം ജനതാ പാർട്ടിയിൽനിന്നകന്നു രൂപീകരിച്ച പാർട്ടിയാണ് ലോക്ദൾ. ജനതാ പാർട്ടിയുടെ ഒപ്പമുണ്ടായിരുന്ന പ്രമുഖ വ്യക്തികൾ പലരും ലോക്ദളിൽ ചേർന്നു പ്രവർത്തിച്ചിരുന്നു. ജോർജ് ഫെർണാണ്ടസ്, രാജനാരായൺ തുടങ്ങിയവർ ചില ഉദാഹരണങ്ങൾ മാത്രം. സത്യനാരായണ സിൻഹ കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ എന്നെ ഗവർണർ ആക്കാനുള്ള നീക്കമുണ്ടായി. എന്നാൽ എനിക്കതിൽ ഒട്ടും താത്പര്യമില്ലെന്നറിയിച്ചതുകൊണ്ടാണ് ആ നീക്കം തടസ്സപ്പെട്ടത്. കേരളത്തിലേക്കു മടങ്ങാനാണ് എനിക്കു താത്പര്യമെന്നറിയിച്ചതിനെ തുടർന്നാണ് എസ്.എം. ജോഷി, ജെ.ആർ.ഡി. ടാറ്റയുമായി ബന്ധപ്പെട്ട് എറണാകുളത്തെ ടാറ്റാ ഓയിൽമില്ലിൽ പി.ആർ.ഓ. ആയി നിയമനം തന്നത്.