ടെക്സസ് സർവകലാശാലയെക്കുറിച്ചും മലയാളഭാഷാപഠനം സർവകലാശാലയിലെ അക്കാദമിക പദ്ധതിയുടെ ഭാഗമായി തീർന്നത് എങ്ങനെയെന്നും വിശദീകരിക്കാമോ? – USA

1883-ല്‍ സ്ഥാപിതമായതാണ് അമേരിക്കയിലെ ഓസ്റ്റിനിൽ സ്ഥിതിചെയ്യുന്ന ടെക്സസ് സർവ്വകലാശാല. ലോകത്തെ മുൻനിരയിലുള്ള നാല്പതു സർവകലാശാലകളിലൊന്നാണ് ഇത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 52,000 വിദ്യാർത്ഥികളും 3000 അധ്യാപകരും ഇന്നീ സർവകലാശാലയിലുണ്ട്. എഞ്ചിനീയറിംഗ്, മെഡിസിൻ, ശാസ്ത്രം, കല, ബിസിനസ്, സ്പോർട്സ് തുടങ്ങി വൈവിധ്യമാർന്ന വിജ്ഞാനശാഖകളിൽ പഠനവും ഗവേഷണവും നടക്കുന്നു. ടെക്സസ് സർവകലാശാലയിലെ ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിന്റെ മുൻ മേധാവിയായ പ്രഫസർ ഡോ.റോഡ്നി മോഗിന്റെ ശ്രമഫലമായാണ് മലയാളം അക്കാദമിക് പദ്ധതിയുടെ ഭാഗമായിത്തീർന്നത്. 1965-കാലയളവിൽ വിസ്കോൻസിൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് തന്റെ പ്രഫസറിൽ നിന്നു മലയാളഭാഷയെക്കുറിച്ച് അദ്ദേഹം ആദ്യമായി കേട്ടത്. ഏഷ്യൻ ഭാഷയായ മലയാളം പഠിപ്പിക്കാൻ ആളില്ലാത്തതിനാൽ അത് പഠിക്കാൻ തീരുമാനിച്ചു. 1966-ൽ ഭാഷാപഠനത്തിനായി അദ്ദേഹം തിരുവനന്തപുരത്തെത്തി. പഠനത്തിന്റെ ഭാഗമായി ആറുമാസം കേരളത്തിൽ താമസിച്ചു വിവിധ ഇടങ്ങൾ സന്ദർശിച്ചു. പിന്നീട് മിഷിഗൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരിക്കുമ്പോൾ അമേരിക്കയിലെ യൂണിവേഴ്സിറ്റി വിദ്യാർഥികളെ ഉദ്ദേശിച്ച് മലയാള ഭാഷാപഠനത്തിന് ഒരു ഗ്രാമർ പുസ്തകവും തയ്യാറാക്കി. പുസ്തകത്തെക്കുറിച്ച് കേട്ടറിഞ്ഞ ടെക്സസ് സർവകലാശാലയിലെ ഏതാനും വിദ്യാർത്ഥികളുടെ അഭ്യർത്ഥന അനുസരിച്ച് 1981-ൽ മലയാള പഠനത്തിന് വേനൽക്കാല കോഴ്സ് സംഘടിപ്പിച്ചു. അങ്ങനെയാണ് ഏഷ്യൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ മലയാളഭാഷാ പഠനം ആരംഭിച്ചത്. കേരളത്തെക്കുറിച്ചും കേരളീയരെ കുറിച്ചും നമ്മുടെ നാടൻ ഭക്ഷണവിഭവങ്ങളെക്കുറിച്ചും പ്രഫസർ മോഗിന് മധുരതരമായ ഓർമകളാണുള്ളത്. ജന്മനാ അന്ധനായ അദ്ദേഹത്തിന് ഭാഷാവിജ്ഞാനത്തിലുള്ള അവഗാഹവും മലയാള ഭാഷയോടുള്ള താത്പര്യവും ഏറെ അഭിനന്ദനാർഹമാണ്.


താങ്കൾ ഈ യൂണിവേഴ്സിറ്റിയിലെ മലയാളം അധ്യാപികയാണല്ലോ? എങ്ങനെയാണ് ഇവിടെ എത്തിച്ചേർന്നത്, ആരെല്ലാമാണ് സഹ അധ്യാപകരായുള്ളത്?


ഞാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് എം.ഫിലും പി.എച്ച്ഡിയും ചെയ്തത്. എം.ജി. ശശിഭൂഷൻ സാറായിരുന്നു എന്റെ റിസർച്ച് ഗൈഡ്. ശശിഭൂഷൻ സാറിന്റെ സുഹൃത്തായ എം.ആർ. ഉണ്ണിത്താൻ സാർ ആ സമയത്ത് ഇവിടെ ഡിപ്പാർട്ട്മെൻറ് പ്രഫസറായിരുന്നു. 2013-ല്‍ ഞാൻ റിസര്‍ച്ച് പൂർത്തിയാക്കിയ വർഷമാണ് ഉണ്ണിത്താൻ സാർ റിട്ടയർ ചെയ്തത്. സാറിന്റെ നിർദ്ദേശപ്രകാരമാണ് ഞാൻ ഇവിടേക്ക് ബയോഡാറ്റ അയച്ചതും തുടർന്ന് ചെന്നൈയിൽ വച്ച് ഇൻറർവ്യൂവിൽ പങ്കെടുത്തതും. അന്നത്തെ ഡിപ്പാർട്ട്മെൻറ് ചെയർ ആയിരുന്ന ഡോ.മാർത്ത ആൻ സെരാവിയാണ് എന്നെ ഇൻറർവ്യൂ ചെയ്തത്. ഇൻറർവ്യൂ പാസായ ഉടനെ 2014-ല്‍ ഞാനിവിടെ ജോയിൻ ചെയ്തു. ഇപ്പോൾ ഡിപ്പാർട്ട്മെന്റിൽ ഫുൾടൈം അധ്യാപികയായി ഞാൻ  മാത്രമാണുള്ളത്.


ഏഷ്യൻ സ്റ്റഡീസ് വകുപ്പ് മേധാവിയായ ഡോ.ഡോണൾഡിന്റെ ചുമതലയിലാണ് ഈ സർവകലാശാലയിലെ മലയാളഭാഷാപാഠ്യപദ്ധതി മുൻപോട്ടു പോകുന്നത്. മൂന്നരവർഷത്തോളം കേരളത്തിൽ വന്നു താമസിച്ചാണ് അദ്ദേഹം മലയാളം പഠിച്ചത്. 1993-ല്‍ കേരളത്തിലെത്തിയ അദ്ദേഹം ചരിത്രപണ്ഡിതനായ ഡോ.എം.ജി.എസ്. നാരായണനു കീഴിൽ ഭാഷാപ്രാവീണ്യം നേടി. തന്റെ ഗവേഷണത്തിന്, കേരളത്തിലെ പഴയകാല നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രബന്ധമാണ് അദ്ദേഹം എഴുതിയത്. ഇന്ത്യാചരിത്രം, കേരളചരിത്രം, വിവിധ മതങ്ങൾ തുടങ്ങിയവയ്ക്കൊപ്പം മലയാളസാഹിത്യത്തിലും ഡോ.ഡോണൾഡിന് താത്പര്യമുണ്ട്. എം.മുകുന്ദന്റെ പതിനഞ്ചോളം കഥകൾ അദ്ദേഹം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്, ജർമൻ, സ്പാനിഷ് എന്നീ ഭാഷകളും അദ്ദേഹത്തിന് വശമായിരുന്നു. ഭാഷ പഠിക്കുന്നതിലൂടെ ആ ദേശത്തെയും ജനങ്ങളെയും അവരുടെ സംസ്കാരത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും എന്നാണ് ഡോണൾഡിന്റെ പക്ഷം.


യൂണിവേഴ്സിറ്റിയിലെ മലയാളഭാഷ പാഠ്യപദ്ധതിയെക്കുറിച്ച് വിശദീകരിക്കാമോ?


ഡിഗ്രി മുതൽ പി.എച്ച്ഡി വരെയുള്ള മലയാളം പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. ഞാനാദ്യം ഇവിടെ വരുന്ന സമയത്ത് ഒന്നു രണ്ടു വർഷങ്ങളിലെ ഡിഗ്രി പഠനത്തിനു മാത്രമേ മലയാളം ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഇപ്പോൾ അത് നാലുവർഷത്തെ ഡിഗ്രി പഠനമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോഴ്സുകൾ ലോവർ ഡിവിഷൻ, അപ്പർ ഡിവിഷൻ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. വായന, എഴുത്ത്, കേൾവി, സംസാരം എന്നിവയ്ക്കാണ് ഈ കോഴ്സുകൾ മുൻഗണന നല്കുന്നത്. മേജർ,മൈനർ ഡിഗ്രി കൾക്കായി കോഴ്സ് വർക്കുകളും സമയവും ക്രമീകരിച്ചിരിക്കുന്നു. വിദേശഭാഷാപഠനത്തിന്റെ ഭാഗമായി സർവകലാശാലയിലെ വിദ്യാർഥികള്‍ക്കും ഇതര യൂണിവേഴ്സിറ്റികളിലെയും ഹൈസ്കൂളുകളിലെയും വിദ്യാർഥികൾക്കും ക്രെഡിറ്റ് ബൈ എക്സാം (credit by exam) സംവിധാനവും ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷയിൽ താത്പര്യമുള്ള ആർക്കും ഉപകാരപ്പെടുംവിധം മലയാള അക്ഷരങ്ങൾ, ഉച്ചാരണ സഹായി, ഗൈഡുകൾ, ലെസ്സൺപ്ലാൻ, ടെക്സ്റ്റ്‌ബുക്കുകൾ തുടങ്ങി നാനാവിധ പഠനസഹായ സ്രോതസ്സുകൾ ഓൺലൈനിൽ ലഭ്യമാണ്. ആധുനിക ചെറുകഥ, തിരക്കഥ, സിനിമ, നാടകം, നോവൽ, നവോത്ഥാനപ്രസ്ഥാനങ്ങൾ തുടങ്ങി കേരളസാഹിത്യവും സംസ്കാരവുമായി ബന്ധപ്പെട്ട പ്രധാനവിഷയങ്ങൾ ഡിഗ്രിതലം മുതൽ പി.ജി വരെയുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സമീപത്തുള്ള മലയാളി കമ്മ്യൂണിറ്റി അംഗങ്ങൾക്കായി പ്രത്യേകിച്ച്, കുട്ടികൾക്കായി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നടത്തിവരുന്നു.


ടെക്സസില്‍ ആരൊക്കെയാണ് മലയാള ഭാഷ പഠിക്കാൻ വരുന്നത്? ഈ ഭാഷ പഠിച്ചിട്ട് ഇവർക്ക് എന്ത് നേട്ടമാണുള്ളത് ?


ഡിഗ്രി മുതൽ പി.ജി വരെയുള്ള ക്ലാസുകളിൽ പൊതുവേ എല്ലാ രാജ്യക്കാരും ഉണ്ടാകാറുണ്ട്. ഇന്ത്യക്കാരെ കൂടാതെ അമേരിക്ക, സ്പെയിൻ, ജർമനി,പാകിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എന്റെ ക്ലാസ്സിലുണ്ട്. മലയാളം മേജർ എടുത്തവരാണ് പൊതുവേ പി.ജി. കോഴ്സിന് ചേരുക. പി.എച്ച്ഡി പ്രോഗ്രാമിൽ വെള്ളക്കാരായ അമേരിക്കക്കാർ മാത്രമാണുള്ളത്. കേരള സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് അവർ ഗവേഷണം നടത്തുന്നത്. വിദേശ യൂണിവേഴ്സിറ്റികളിലെ മലയാള ഭാഷാപഠനത്തിന്റെ പ്രധാന ആകർഷണം അക്കാദമിക് മെറിറ്റ്‌ തന്നെയാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, യൂണിവേഴ്സിറ്റികൾ ഡിമാൻഡ് ചെയ്യുന്ന വിദേശഭാഷാ യോഗ്യതാമാനദണ്ഡത്തിൽ മലയാളത്തിന് പ്രമുഖ സ്ഥാനമുണ്ട്. ഏഷ്യൻ ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് ജോലിസാധ്യത കൂടുതലുണ്ടെന്ന് പറയുന്നു. മലയാളഭാഷാപഠനം താരതമ്യേന ബുദ്ധിമുട്ടാണ്. എന്നാൽ മലയാളഭാഷ പഠിച്ചാൽ ഇതര ഭാഷാപഠനം എളുപ്പവും ആകാറുണ്ട്.


മലയാളത്തിന് രണ്ടായിരത്തിലധികം വർഷം പാരമ്പര്യമുണ്ട്. വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെയും നാട്ടറിവുകളും അത് പ്രതിഫലിപ്പിക്കുന്നു. സംസ്കൃത-ദ്രാവിഡഭാഷകളിലാണ് ഇതിന്റെ വേരുകളുള്ളത്. തമിഴുമായി അടുത്ത ബന്ധമുണ്ട്. ഇന്ന് ആഗോളതലത്തിൽ 34 മില്ല്യൻ ആളുകൾ മലയാള ഭാഷ സംസാരിക്കുന്നു. വിവർത്തനം, വിശകലനം, എഡിറ്റിംഗ്, അധ്യാപനം തുടങ്ങി വിവിധ മേഖലകളിൽ ഭാഷാവിദഗ്ധരുടെ ധാരാളം സാധ്യതകളുണ്ട്. ഇംഗ്ലീഷിനു പുറമേ പതിമൂന്ന് ഭാഷകൾ വശമാക്കിയ പ്രഫ. റോഡ്നി മോഗനും ആറു ഭാഷകൾ കൈകാര്യം ചെയ്യുന്ന ഡോ.ഡോണൾഡ്  ഡേവിഡിനും മലയാള ഭാഷയുടെ ആഗോള മുഖത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഉള്ളവരാണ്. ഹെർമൻ ഗുണ്ടർട്ട്, അർണോസ് പാതിരി എന്നിവരൊക്കെ  നൂറ്റാണ്ടുകൾക്കുമുമ്പ് ഇത് നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ?