ടെക്നോളജിയിൽ കേരളം എവിടെ എത്തി നില്ക്കുന്നു?

മറ്റു രാജ്യങ്ങളെപ്പോലെത്തന്നെ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിൽ കേരളം മുന്നിൽത്തന്നെയാണ്. കമ്പ്യൂട്ടർ കടന്നുവരുന്ന ഘട്ടത്തിൽ നമ്മൾ കേരളീയർ സാങ്കേതികവിദ്യയോട് ഒരു അകൽച്ച കാണിച്ചിരുന്നു. പക്ഷേ,  ഇന്ന് ലോകത്ത് എവിടെയും ഉപയോഗിക്കുന്ന ടെക്നോളജികൾ നമ്മൾ ഇവിടെയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഗവൺമെന്റ് അനുബന്ധ പ്രവർത്തനങ്ങളിൽ നമ്മൾ ഇപ്പോഴും പിറകിലാണെന്ന് പറയാം. ഗവൺമെന്റുമായി ബന്ധപ്പെട്ട ചില വകുപ്പുകളിൽ സാങ്കേതികത പൂർണമായിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. അവരുടെ അധികാരം കുറഞ്ഞു പോകുമോ എന്ന തോന്നൽ കാരണമാണിത്. ഒരുപാട് മേഖലകളിൽ സാധാരണക്കാർക്ക് വേണ്ടി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം എന്ന് നമ്മൾ ഇതിനകം തെളിയിച്ചിട്ടുണ്ട്. പക്ഷേ, അടിസ്ഥാന മേഖലകളിൽ നടപ്പിലാക്കുക ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്. അതേസമയം, ടെക്നോളജികാരണം മലയാളികൾക്ക് നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ടെക്നോപാർക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.


കേരളത്തിലുള്ളതിനേക്കാൾ എത്രയോ മടങ്ങ് മലയാളികൾ അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നു.അതിന്റെ പൂർണമായ ലാഭം സംസ്ഥാനത്തിനു വരുന്നില്ല. കാരണം അവര്‍ക്കു ലഭിക്കുന്ന ശമ്പളം അവർ അവിടെത്തന്നെ ചെലവഴിക്കുന്നു. അതുകൊണ്ടുതന്നെ കുറേക്കൂടി നിക്ഷേപങ്ങളും കമ്പനികളും കേരളത്തിൽ വരേണ്ടതുണ്ട്


വാക്സിൻ, ബയോടെക് മേഖലകളിൽ നമുക്ക് ശക്തിയുണ്ടെങ്കിലും നമ്മുടെ സമൂഹത്തിന് ഉപയോഗപ്രദമാകുന്ന തരത്തിലുള്ള തൊഴിൽസാധ്യത വലുതായിട്ട് കാണുന്നില്ല. കേരളത്തിന് അനുയോജ്യമായത് സാങ്കേതികതയുമായി ബന്ധപ്പെട്ട ജോലികളാണ്. പക്ഷേ, അത് പൂർണമായും കുത്തക


വത്കരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.


ടെക്നോപാർക്കിന്റെ ശില്പി എന്ന നിലയിൽ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ് ?


വലിയ വെല്ലുവിളികൾ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ടെക്നോപാർക്കിന് തറക്കല്ലിടുന്നത് എൽ.ഡി.എഫ് ഗവൺമെന്റാണ്. അതുകഴിഞ്ഞാണ് യുഡിഎഫ് ഗവൺമെന്റ് വരുന്നത്. വീണ്ടും ഭരണമാറ്റമുണ്ടാകുന്നു. ഗവൺമെന്റുകൾ മാറിവന്നുവെങ്കിലും ടെക്നോപാർക്കിന്റെ വളർച്ചയെ അതു ബാധിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കലിലൊന്നും യാതൊരു ബുദ്ധിമുട്ടുകളും നേരിട്ടിട്ടില്ല. ഭൂമിയേറ്റെടുക്കൽ, ഷെയർ നിർണയം, പുനരധിവാസം എന്നിവയെല്ലാം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.ഇതിനെ മറികടന്ന് എന്താണെന്നുവെച്ചാൽ കോടതിയിൽ പോയാൽ ലഭിക്കുന്നതിനേക്കാൾ ന്യായമായ നഷ്ടപരിഹാരം ഉറപ്പു നല്കുകയാണ് ചെയ്തത്. വീട് നഷ്ടപ്പെടുന്നവർക്ക് പുതിയ സ്ഥലവും വീടുവയ്ക്കാനുള്ള സാമ്പത്തികവും നല്കി. തൊഴിൽ സംബന്ധമായി കാര്യമായ വെല്ലുവിളികൾ ഉണ്ടായിട്ടില്ല. ഞാൻ ജോലി ചെയ്തിരുന്ന ഏഴുവർഷം ഒരു കാര്യത്തിനുവേണ്ടി എനിക്കോ എന്റെ സ്റ്റാഫിനോ ലേബർ ഓഫീസിൽ പോകേണ്ടി വന്നിട്ടില്ല. മാറിമാറി വന്ന സർക്കാരുകളിൽനിന്നു നല്ല പരിഗണന ടെക്നോപാർക്കിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ടെക്നോപാർക്കിനകത്ത് മറ്റൊരു സംസ്കാരമാണ് നമുക്ക് കാണാൻ കഴിയുക. കേരളത്തിൽ നിക്ഷേപം നടത്തുക എന്നതാണ് ഒരു പ്രധാന വെല്ലുവിളിയായി മുമ്പിലുണ്ടായിരുന്നത്. കാരണം, കേരളം ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമായി ആരും കണ്ടിരുന്നില്ല. പക്ഷേ, ഈ വെല്ലുവിളി ഞങ്ങൾ മറികടന്നു. ടെക്നോപാർക്ക് തുടങ്ങുന്നത് ഉദാരവല്ക്കരണത്തിനു മുൻപാണ്. 90 കാലഘട്ടങ്ങളിൽ ടെലിഫോൺ കണക്ഷൻ കിട്ടാൻ മൂന്നോ നാലോ വർഷം കാത്തിരിക്കണം. എന്നാൽ, ടെക്നോപാർക്കിൽ അപേക്ഷിക്കുന്ന ദിവസം തന്നെ ഫോൺ കണക്ഷൻ ലഭിച്ചിരുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യം ടെക്നോപാർക്ക് നല്കി. ഫയർ ആൻഡ് സേഫ്റ്റിയും വൈദ്യുതിയും ഒഴികെ മറ്റെല്ലാ സൗകര്യങ്ങളും ടെക്നോപാർക്ക് സൗജന്യമായി നല്കി. അതുകൊണ്ടുതന്നെ വെല്ലുവിളികളെ ഞങ്ങൾക്ക് സമർഥമായി മറികടക്കാൻ സാധിച്ചു..


മുതിർന്ന പൗരന്മാർക്ക് മികച്ച ടെക്നിക്കൽ സപ്പോർട്ട് നല്കി. മക്കളുടെ അഡ്മിഷൻ, ഗ്യാസ് കണക്ഷൻ എന്നിവയെല്ലാം കാലതാമസമില്ലാതെ നല്കി. ഇത്തരത്തില്‍ ടെക്നോപാർക്കിലുണ്ടായിരുന്ന വെല്ലുവിളികളെല്ലാം അന്നത്തെ പ്രായോഗികബുദ്ധിയും പ്രയത്നവും ഉപയോഗിച്ച് നമുക്ക് മറികടക്കാൻ സാധിച്ചു.