അവഗണന ഊര്‍ജമാക്കിയവൾ – P T Usha

അവഗണന ഊര്‍ജമാക്കിയവൾ –  P T Usha
അത്‍ലറ്റിക് മേഖലയിൽ ചുവടുറപ്പിച്ച് രാജ്യ-രാജ്യാന്തര മെഡലുകൾ നേടിയ കേരളത്തിന്റെ പി.ടി.ഉഷ ഇന്ന് എം.പി. സ്ഥാനത്ത് എത്തിനില്ക്കുകയാണ്. നൂറ്റിമൂന്ന് ഇന്റർനാഷണൽ അവാർഡും ദേശിയ തലത്തിൽ തൊള്ളായിരത്തിലധികം മെഡലുകളും ആറ് യൂണിവേഴ്സിറ്റികളിൽ നിന്നായി ഡിലിറ്റും (ഡോക്ടറേറ്റ്) സ്വായത്തമാക്കിയത് അത്‍ലറ്റിക് ട്രാക്കിൽ കാലുറപ്പിച്ചുകൊണ്ടായിരുന്നു. പന്ത്രണ്ടാംവയസ്സിൽ ഓടിത്തുടങ്ങിയ ഉഷ ഇന്ന് അമ്പത്തെട്ടിലും പുലർച്ചെ നാലുമണിമുതലുള്ള പരിശീലനം തുടരുകയാണ്. അത്‌ലറ്റായും കോച്ചായും ജീവിച്ച ഇക്കാലയളവിലെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുകയാണ് ‘എഴുത്തിനൊപ്പം.’   രാജ്യസഭാ എം.പിയായി ഉഷയെ തിരഞ്ഞെടുത്തത് നമുക്ക് ഏറെ സന്തോഷം നല്കുന്നുണ്ട്. ഇന്ന് ഈ സ്ഥാനത്തേക്ക് എത്തിച്ചത് താങ്കളുടെ അത്‍ലറ്റിക് മേഖലയിലെ നേട്ടങ്ങളാണല്ലോ. എങ്ങനെയായിരുന്നു ഈ മേഖലയിലേക്കുള്ള കടന്നുവരവ്?   പലരുടെയും പിന്തുണയാണ് എന്നെ അത്‍ലറ്റിക്കിൽ എത്തിച്ചത്. മാതാപിതാക്കൾ, അധ്യാപകര്‍, കുടുംബം, വിവാഹശേഷം ഭർത്താവ്, ഇവരൊക്കെയാണ് എനിക്ക് മുന്നോട്ടുപോകാനുള്ള പ്രചോദനം നല്കിയത്. അവരില്ലായിരുന്നെങ്കിൽ എനിക്കിങ്ങനെ ആകാൻ കഴിയില്ലായിരുന്നു. മാത്രമല്ല, ഗവൺമെന്റും കാരണമായിട്ടുണ്ട്. 1977-78-ലാണ് അന്നത്തെ ഗവൺമെന്റ് സ്പോർട്സ് സ്കൂൾ കൊണ്ടുവരുന്നത്. കേരളത്തിൽ കണ്ണൂർ, കോട്ടയം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിലായിരുന്നു സ്പോർട്സ് സ്കൂൾ വന്നത്. അന്ന് ഞാൻ ഏഴ്- എട്ട് ക്ലാസിൽ പഠിക്കുന്ന സമയമാണ്. പയ്യോളിയിൽ നിന്ന് എനിക്ക് ഏറ്റവും അടുത്ത് കണ്ണൂരാണ്. അവിടെയാണ് ഞാൻ പഠിച്ചതും.   ഇങ്ങനെയൊക്കെ ഉണ്ടായിരുന്നെങ്കിൽപ്പോലും ഞാൻ മത്സരങ്ങളിൽ പങ്കെടുത്ത് ജയിച്ചു തുടങ്ങിയതുമുതലാണ് അത്‍ലറ്റികിലേക്കുള്ള എന്റെ പ്രവേശനം സാധ്യമാകുന്നത്. ഞാൻ ആദ്യം ജയിക്കുന്നത് സെന്റ് തെരേസസ് സ്കൂളിലെ കുട്ടികൾക്കെതിരെയായിരുന്നു. അവർക്ക് എല്ലാവിധ സൗകര്യവും ഉണ്ടായിരുന്നു. സ്പൈക്സ്‌ ഇട്ട് ട്രെയിനിങ്ങ് ചെയ്തൂ വന്ന കുട്ടികളെയായിരുന്നു അതൊന്നും ലഭിക്കാത്ത എനിക്ക് ജയിക്കാനായത്.   പിന്നെ സംസ്ഥാനതലത്തിൽ അവസരം ലഭിച്ചു. എന്നാൽ ട്രെയിനിങ്ങിന്റെ അഭാവംകാരണം ഹീറ്റ്സിൽത്തന്നെ പുറത്തായി. മറ്റുള്ളവർ സ്വർണമെഡൽ വാങ്ങുന്നത് നോക്കി നില്ക്കേണ്ടിവന്നു. അതെനിക്ക് കൂടുതൽ കരുത്തു തന്നു. അടുത്തകൊല്ലം കൃത്യമായ പരിശീലനത്തിലൂടെ അണ്ടർ 14 വിഭാഗത്തിലും അണ്ടർ 16 വിഭാഗത്തിലും ഞാൻ ജയിച്ചു. അന്ന് ഫോട്ടോ ഫിനിഷിംഗിനു പകരം ഫിനിഷിംഗ് പോയിന്റിൽ ചരടായിരുന്നു കെട്ടിയിരുന്നത്. ചരട് കഴുത്തിൽ വലിഞ്ഞ് ചോര പൊടിഞ്ഞിട്ടുണ്ട്.   ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഉഷയ്ക്ക് ഒരുപാട് പിന്തുണ ലഭിച്ചിട്ടുണ്ടല്ലോ. ആദ്യമായി ഗവൺമെന്റ് കാറും വീടും നൽകുന്ന അത്‌ലറ്റ് ഉഷയാവും. കേരളവും കേന്ദ്രവും നല്കിയ പ്രോത്സാഹനത്തെ ഓർക്കാമോ? ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് കിട്ടിയ വലിയ സമ്മാനമാണ് കാറും വീടുമൊക്കെ. 1985-ലാണ് വീട് നല്കുന്നത്. 86-ൽ കാറും. അന്നത്തെ സ്റ്റാൻന്റേർഡ് 2000 മോഡലായിരുന്നു. അത്യാവശ്യം വിലമതിക്കുന്ന സമ്മാനമാണ്.   1982-ൽ ഏഷ്യൻ ഗെയിംസിൽ ഞാൻ വെള്ളി മെഡൽ നേടി. എം.ഡി.വത്സമ്മയ്ക്കായിരുന്നു സ്വർണമെഡൽ ലഭിച്ചത്. അന്നുമുതലാണ് ജേതാക്കൾക്ക് ക്യാഷ് അവാർഡ് നല്കിത്തുടങ്ങുന്നത്. കേരളമായിരുന്നു അതിന് ആരംഭം കുറിച്ചതും. അന്ന് കേരളത്തിലെ മുഖ്യമന്ത്രി കെ.കരുണാകരനും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായിരുന്നു. ഇന്ദിരാഗാന്ധി കരുണാകരൻ സാറിനോട് പറയുമായിരുന്നു; ഇന്ത്യയിൽ ക്യാഷ് അവാർഡ് ഇല്ലല്ലോ, നിങ്ങൾ അവാർഡ് കൊടുക്കണം. അതിന് എന്തുസഹായവും കേന്ദ്രം ചെയ്യാമെന്ന്. അങ്ങനെയാണ് സ്വർണമെഡലിന് ഒരുലക്ഷം രൂപയും വെള്ളിമെഡലിന് അമ്പതിനായിരം രൂപയും പാരിതോഷികമായത്. അന്ന് രണ്ടുതവണ മെഡൽ നേടിയാലും തുകയ്ക്ക് മാറ്റമില്ലായിരുന്നു. ഇന്നതിന് മാറ്റം സംഭവിച്ചിട്ടുണ്ട്.