ശാസ്ത്രവും ദർശനവും കൈകോർക്കുമ്പോൾ – ബെന്നി ഡൊമിനിക്
(സി.രാധാകൃഷ്ണന്റെ കാലം കാത്തുവെക്കുന്നത് എന്ന നോവൽ പഠനം.)
‘Science without religion is lame, religion without science is blind.’ Albert Einstein
പാരിസ്ഥിതിക ആത്മീയതയും (Eco Spirituality) ശാസ്ത്രീയ ആത്മീയതയുമാണ് (Scientific Spirituality) സി.രാധാകൃഷ്ണന്റെ ‘കാലം കാത്ത് വെക്കുന്നത് ‘ എന്ന പുതിയ നോവലിന്റെ ആധാരശിലയായി നിലകൊള്ളുന്നത്. ഇക്കൊ സ്പിരിച്വാലിറ്റി എന്ന ആശയം അസ്തിവാരമിട്ടിട്ടുള്ളത് പ്രകൃതിയുടെ പരിശുദ്ധി എന്ന സങ്കല്പനത്തിലാണ്. മനുഷ്യൻ പ്രകൃതിയിൽ നിന്നു അകന്നു പോവുകയും അതിൽ നിന്നു വേറിട്ട് മറ്റൊരു അസ്തിത്വമായി പരിണമിക്കാൻ നോക്കുകയും ചെയ്യുമ്പോൾ പാരിസ്ഥിതിക നാശം സംഭവിക്കുന്നു എന്ന ചിന്തയാണ് പാരിസ്ഥിതികാത്മീയതയുടെ കാതൽ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം വഴി സുസ്ഥിരജീവനം സാധ്യമാക്കുക എന്നതാണ് ഈ ദർശനം അർത്ഥമാക്കുന്നത്. മുഴുവൻ ആവാസവ്യവസ്ഥയെയും അതിന്റെ വിശാലവും സമ്പന്നവുമായ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജൈവലോകമാണ് വിവേകമതികളായ പ്രകൃതിസ്‌നേഹികളുടെ സ്വപ്നം.
നാം അധിവസിക്കുന്ന ഈ ഭൂമി ആവാസയോഗ്യമല്ലാതായിത്തീരാൻ അധിക കാലമൊന്നും വേണ്ട എന്ന തിരിച്ചറിവ് ചിന്തിക്കുന്നവരെ ഉത്കണ്ഠാകുലരാക്കുന്നുണ്ട്. ദുരയും വെട്ടിപ്പിടിച്ച് മുന്നേറാനുള്ള വെമ്പലും അവനെ ഏറ്റവും അപകടകരമായ ദശാസന്ധിയിലേക്കു തളളിവിടുന്നുണ്ട്. സ്വാർത്ഥം ഭരിക്കുന്ന പുതിയ കാലത്ത് മനുഷ്യനെ അപരനാക്കി മുദ്രകുത്തുകയും അപമാനവീകരണത്തിനു വിധേയമാക്കുകയും ചെയ്യുന്നു. ഗൂഢലക്ഷ്യത്തോടെ ആസൂത്രണം ചെയ്തിട്ടുള്ള സാമ്പത്തിക സംവിധാനങ്ങൾ അനീതിയും അസമത്വവും അധാർമികതയും നിറഞ്ഞതായിരിക്കുന്നു. ആണവായുധങ്ങളിൽ (അതു തന്നെ മഹാപാപമാണ്!) നിന്ന് ജൈവായുധങ്ങളിലേക്കുള്ള പ്രവേശനം നിശ്ചയമായും നൈതികതയില്ലാത്തതും പുരോഗമനമെന്ന് വിളിച്ചുകൂടാത്തതുമാണ്.
‘മൂല്യനിരപേക്ഷമായ സയൻസും അന്തസ്സാരം നഷ്ടപ്പെട്ട മതങ്ങളും ചേർന്ന് മനുഷ്യവംശത്തെ മഹാവിപത്തിലേക്ക് കൊണ്ടു പോവുന്നു. നശീകരണ സജ്ജീകരണങ്ങളും മലിനീകരണവും വഴി ചൂണ്ടുന്നത് മനുഷ്യവംശത്തിന്റെ ആസന്നമായ ആത്മഹത്യയിലേക്കാണ്.’ പ്രശാന്ത് ചിറക്കരയുമായുള്ള സംഭാഷണത്തിൽ സി.രാധാകൃഷ്ണൻ പറയുന്നു.(പച്ചമലയാളം, ജൂൺ 2022)
‘കാലം കാത്ത് വെക്കുന്നത് ”സയൻസ് ഫിക്ഷൻ ഗണത്തിൽ വരുന്നതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ശാസ്ത്രസാഹിത്യം രണ്ടു തരമുണ്ട് എന്നും ഒന്നാമത്തേത് സാങ്കേതികതയ്ക്ക് പ്രാധാന്യം കല്പിക്കുമ്പോൾ രണ്ടാമത്തേത് ശാസ്ത്രപുരോഗതിയെ വിമർശനാത്മകമായി സമീപിക്കുന്നു. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നതാണ് തന്റെ എഴുത്ത് എന്നും അദ്ദേഹം പറയുന്നു.
ജർമൻ കവിയും ശാസ്ത്രജ്ഞനുമായിരുന്ന ഗൊയ്‌ഥേ (Goethe) ശാസ്ത്രത്തിന്റെ സങ്കുചിതവും ഏകമാനകവുമായ നിലപാടുകളെ വിമർശിച്ചവരിൽ പ്രഥമഗണനീയനായിരുന്നു. ഗൊയ്‌ഥെയുടെ ആത്മീയതയും ശാസ്ത്രവും തമ്മിലുള്ള കൂട്ടിക്കലർത്തലിനെ വിമർശിക്കുകയും തിരസ്‌കരിക്കുകയും ചെയ്തിട്ടുണ്ട് പിൽക്കാലത്തെ ശാസ്ത്രവിദ്യാർത്ഥികൾ. ശാസ്ത്രാന്വേഷണത്തിൽ ഗൗരവമായി ഏർപ്പെട്ടിരുന്ന എല്ലാവർക്കും പ്രപഞ്ച നിയമങ്ങളിൽ ഒരു ചൈതന്യം പ്രകടമാണെന്ന് ബോധ്യപ്പെടുമെന്നും മനുഷ്യരായ നമ്മൾ നമ്മുടെ ശക്തികളിൽ എളിമയുള്ളവരായി മാറേണ്ടതുണ്ടെന്നും പറഞ്ഞിട്ടുള്ളത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനാണ്. ഈ വിവേകം സയന്റിഫിക് സ്പിരിച്വലിസത്തിൽ മാത്രം ഉദയം കൊള്ളുന്നതാണ്.
നമ്മുടെ കാലത്തിന്റെ മാറാവ്യാധികൾക്ക് ദർശനങ്ങളും നവ സയൻസും സമഞ്ജസം ചേർന്ന് ഉരുത്തിരിയുന്ന സുകൃതം മാത്രമേ സിദ്ധൗഷധമായി ഭവിക്കൂ എന്ന ബോധ്യമാണ് ഈ നോവൽ രചനയ്ക്ക് നിമിത്തമായത് എന്ന് കൃതിയുടെ ആമുഖത്തിൽ പറയുന്നുണ്ട്. ജീവൻ, മനുഷ്യൻ, പ്രകൃതി എന്നിവയെക്കുറിച്ചുള്ള ഉപനിഷദ്ധാരണകളുടെ വെളിച്ചമാണ് എഴുത്തുകാരനെ നയിക്കുന്നത്. ജീവലോകത്ത് സമത്വസുന്ദരമായ ഐക്യം സ്വപ്നം കാണുന്നിടത്ത് ഇത്തരമൊരു കൃതിക്ക് ബീജാവാപം കുറിക്കുന്നു.
ഗീതാദർശനത്തെ ശാസ്ത്രവുമായി സമന്വയിപ്പിക്കാനുള്ള ശ്രമം ഈ എഴുത്തുകാരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഗീത ഒരു മതഗ്രന്ഥമല്ല എന്നും മനുഷ്യജീവിതത്തിനുള്ള ‘യൂസേഴ്‌സ് മാന്വൽ’ ആണെന്നും അദ്ദേഹം പറയുന്നുണ്ട്. അവനവന്റെ അറിവിനും അനുഭവത്തിനും ധാരണയ്ക്കുമനുസരിച്ച് ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ, ഭാരതീയദർശനങ്ങൾ മാത്രമായിരിക്കില്ല ഈയൊരു പാരിസ്ഥിതികാത്മീയതയിലേക്ക് അദ്ദേഹത്തെ നയിച്ചിട്ടുണ്ടാവുക. പാശ്ചാത്യചിന്തകർ പ്രകൃതിയും മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളെക്കുറിച്ച് സവിശേഷമായി പഠിച്ചിട്ടുണ്ട്. വില്യം ആർ കാറ്റൺ, റേച്ചൽ കാർസൺ തുടങ്ങിയവർ ഈ വിഷയകമായി ഗഹനമായി ചിന്തിച്ചിച്ചിട്ടുള്ളവരാണ്. പാരിസ്ഥിതികാത്മീയതയെ കെടുത്തിക്കളയും വിധം പ്രകൃതിയുടെ മേൽ മനുഷ്യൻ ഏല്പിച്ചുകൊണ്ടിരിക്കുന്ന കനത്ത ആഘാതങ്ങളെ അവർ വിശദമായി ചർച്ചയ്ക്കു വിധേയമാക്കുന്നുണ്ട്.
വില്യം കാറ്റണെപ്പോലുള്ളവർ ഈ രംഗത്ത് വളരെ മുൻപോട്ടു പോയിട്ടുണ്ട്. കാലാകാലങ്ങളിലുള്ള വംശഹത്യകൾ, ആഗോള ഭക്ഷ്യക്ഷാമം, ലോക മഹായുദ്ധങ്ങൾ, ആഗോള കാലാവസ്ഥാ വ്യതിയാനം, മനുഷ്യസൃഷ്ടമായ കാട്ടുതീ, തൽഫലമായി ഉണ്ടാകുന്ന ജീവലോകത്തിന്റെ തിരോധാനം, മഹാമാരിയുടെ ഭീഷണി എന്നുവേണ്ട ഒട്ടേറെ വിഷയങ്ങൾ കാറ്റൺന്റെ ചിന്തയ്ക്ക് വിഷയീഭവിക്കുന്നുണ്ട്. (ഓവർഷൂട്ട്: ദ ഇക്കോളജിക്കൽ ബേസിസ് ഓഫ് റെവലൂഷനറി ചേയ്ഞ്ച് വില്യം ആർ. കാറ്റൺ. https://www.perlego.com ) സി.രാധാകൃഷ്ണന്റെ നോവലിൽ ഈ വക വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
റേച്ചൽ കാർസൺന്റെ ‘സൈലന്റ് സ്പ്രിംഗ് ‘ എന്ന വിഖ്യാതമായ പുസ്തകത്തിലെ ഇലിക്‌സിർ ഓഫ് ഡെത്ത് (Elixir of Death) എന്ന അധ്യായത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ സന്തതിയാണ് രാസവ്യവസായം എന്നു പറയുന്നു. ജനനം മുതൽ മരണം വരെ അപകടകരമായ രാസപദാർത്ഥങ്ങളുടെ അടിമയായി മാറുന്ന മനുഷ്യനെക്കുറിച്ചും മറ്റു ജീവജാലങ്ങളെക്കുറിച്ചും അവർ ഉത്കണ്ഠപ്പെടുന്നു. അവ കീടനാശിനികളായി ഉല്പാദിക്കപ്പെട്ടവയാണ്. ഇന്ന് കഥയാകെ മാറി. ജൈവായുധങ്ങളും രാസായുധങ്ങളും ശത്രുവിന്റെ മേൽ ഏതു നിമിഷവും തൊടുത്തുവിട്ടു കൊണ്ട് മുച്ചൂടും നശിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നവർക്കിടയിലാണ് നാം ജീവിക്കുന്നത്. ഭീതിദമായ ഈ അവസ്ഥയെ ഫലപ്രദമായി നോവൽ അഭിസംബോധന ചെയ്യുന്നുണ്ട്.
ആവിർഭാവം, ആവിഷ്‌കാരം എന്നു രണ്ടു ഭാഗങ്ങളായി തരം തിരിച്ചിട്ടുള്ള ഈ നോവലിൽ കിളിമുത്തശ്ശൻ പറയുന്ന കഥകളായി ഓരോ അധ്യായവും വിന്യസിച്ചിരിക്കുന്നു. എഴുത്തച്ഛന്റെ കിളിപ്പാട്ട് കാവ്യത്തിന്റെ സ്വാധീനം ഈയൊരു സങ്കേതം ഉപയോഗിച്ചിരിക്കുന്നതിൽ ഉണ്ടാവാം. പഞ്ചതന്ത്രം കഥകളുടെ ആഖ്യാനസ്വരൂപവും ദർശിക്കാവുന്നതാണ് ഈ കഥ പറച്ചിലിൽ. ഓരോ കഥയുടെയും ഒടുവിൽ ഫലശ്രുതിയും കൊടുക്കുന്നത് ഭാരതീയ ആഖ്യാനപാരമ്പര്യത്തിൽ നിന്നുമാണ് സ്വാംശീകരിച്ചിട്ടുള്ളത്. മലയാള നോവലുകൾക്ക് അത്ര പരിചിതമല്ലാത്ത പ്രമേയസ്വീകരണവും പശ്ചാത്തലസംവിധാനവും പരിചരണവും കൊണ്ട് കാലം കാത്ത് വെയ്ക്കുന്നത് എന്ന നോവൽ വ്യതിരിക്തമാവുന്നുണ്ട്. പീക്കിംഗ്, ബീജിംഗ് (ചൈന), കാറ്റൊവൈസ് (പോളണ്ട്, മൊസൂൾ (ഇറാഖ്), ലുവാണ്ട (അംഗോള), മോസ്‌കോ (റഷ്യ), ബഹിരാകാശം, ജനീവ (സ്വിറ്റ്‌സർലന്റ്), കേംബ്രിജ് സർവകലാശാല, ടിബറ്റ്, ഹിമവൽസാനു എന്നിങ്ങനെ ലോകമെങ്ങും വ്യാപിക്കുന്ന അരങ്ങുകളിൽ നോവലിന്റെ പശ്ചാത്തലം അവതരിപ്പിച്ചുകൊണ്ട് വിസ്മയിപ്പിക്കുന്നു നോവലിസ്റ്റ്. ഒരുതരത്തിലുള്ള ആഗോളമാനം അതോടെ കൈവരിക്കുന്നതായി നാം അറിഞ്ഞു തുടങ്ങുന്നു. ബഹിരാകാശവും മഹാബോധമണ്ഡലവുമൊക്കെ ആവിഷ്‌കാരത്തിൽ അനന്തമായ തുറസ്സുകൾ നിർമിക്കുന്നു.
ഭൂമിയിലെ എല്ലാ ദുഷിപ്പുകൾക്കും പ്രതിവിധിയായി നൂറുശതമാനം പ്രതിരോധശേഷിയും അതിമാനുഷിക കഴിവുകളും തികഞ്ഞവരെ ജനറ്റിക് എഞ്ചിനീയറിങ്ങിലൂടെ വാർത്തെടുക്കാൻ യത്‌നിക്കുന്ന ഷാങ് വെയെ ആദ്യ അധ്യായത്തിൽ നാം പരിചയിക്കുന്നു. ഉൽകൃഷ്ടമായതിനെ വേർതിരിച്ച് നിലനിറുത്തുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന യൂജെനിക്‌സിന്റെ തത്ത്വമാണ് ഷാങ്ങിന്റെ പരീക്ഷണങ്ങൾക്ക് അടിസ്ഥാനമായി നിലകൊള്ളുന്നതെന്ന് കരുതാം. തോല്പിക്കാൻ അതിപ്രയാസമുള്ള നേതൃത്വഗുണമുള്ളവരെയാണ് ജനിതകമാറ്റം കൊണ്ട് ഷാങ്ങ് സൃഷ്ടിക്കുന്നത്. ആഫ്രിക്കയിലെ പോർച്ചുഗീസ് കോളനിയായ അംഗോളയെ പ്രതിനിധാനം ചെയ്ത് ലോക പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതാണ് ഹാരെ ഒബുട്ടു. ലെനിൻഗ്രാഡ് കാരിയായ നീന അമിതോവയും എത്തിച്ചേർന്നിട്ടുണ്ട്. അമിതമായ ഇന്ധന ഉപയോഗവും വിഭവചൂഷണവും വനനശീകരണവും നിമിത്തം ചുട്ടുപൊള്ളുന്ന ഭൂമിയെ എത്രയും വേഗം തണുപ്പിക്കുക എന്ന സ്വപ്നത്തെയാണ് ഇരുവരും താലോലിക്കുന്നത്.
പിന്നീട്, നിർമിതബുദ്ധിയെ (artificial intelligence) ഗണ്യമായി ആശ്രയിക്കുന്ന ഒരു ലോകത്തെ പരിചയപ്പെടുത്തുന്നു. വാഷിങ്ങ്ടണാണ് അരങ്ങ്. അപ്രതീക്ഷിത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മതിയായ അൽഗോരിതങ്ങൾ അഥവാ സൂപ്പർ സോഫ്റ്റ് വെയറുകൾ നിമിഷാർധം കൊണ്ട് രൂപകല്പന ചെയ്യുന്ന ഹ്യൂമനോയ്ഡ് കമ്പ്യൂട്ടറുകൾ, അമ്പതിലേറെ ഭാവങ്ങൾ മുഖപേശികൾ കൊണ്ടു കാണിക്കാനും പല വിഷയങ്ങളിലെയും പണ്ഡിതന്മാരുമായി അതതു ജ്ഞാനമേഖലകളിൽ സംഭാഷണം നടത്തുന്നതിന് കഴിവാർജിച്ചിരുന്ന സോഫിയ എന്ന റോബോട്ട്, ലോകസുന്ദരി മത്സരത്തിൽ പങ്കെടുത്ത് സുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന റോബോട്ടുകൾ.. ഇങ്ങനെ മലയാള നോവലിന് തീർത്തും അപരിചിതമായ ഒരു പരിസരം ഒരുക്കിക്കൊണ്ട് തുടക്കം പൊടിപൊടിക്കുന്നു.
ഐക്യരാഷ്ട്രസഭയിൽ താൻ വിഭാവനം ചെയ്യുന്ന പുതിയ ലോകക്രമത്തേക്കുറിച്ച് പ്രബന്ധമവതരിപ്പിക്കുന്ന യുവ ഗവേഷകൻ സാമുവൽ, അവന്റെ കൂട്ടുകാരി ബെത്ത, ജീവന്റെ ക്വാന്റം സ്വഭാവം നിർണയിക്കാനുള്ള ഗവേഷണത്തിൽ മുഴുകുന്ന മനു, സഹയാത്രിക തനേക ഒകാട്ട, എഡ്ഗാർ-ഐഡ ദമ്പതികളുടെ മകൻ നോവ, ആദിമനുഷ്യനുണ്ടായിരുന്നതും പുതുമനുഷ്യന് നഷ്ടപ്പെട്ടതുമായ ചില ഗുണങ്ങളെക്കുറിച്ച് ജനിതക ശാസ്ത്രത്തിന്റെ സഹായത്തോടെ പഠിക്കുന്ന അലക്‌സി പെട്രോവ്, ബഹിരാകാശ യാത്രികരായ ആബിദ് റാഷിദ്, ഇഡ ഹീമർ, മേമു മൊഹത്, മൻഹർ യദു എന്നിവർ, ആതുരശുശ്രൂഷ ജന്മസാഫല്യമായി കരുതുന്ന സാറ, ബ്രസീലിയൻ കാടുകളിൽ നിന്നു വരുന്ന കാർലോസ്, സിങ്കപ്പൂരിൽ ഹോട്ടൽ ബിസിനസ് ചെയ്യുന്ന അക്യുറ ഹ്യൂമും അമെലിയ ജോൺസും എടുത്തു വളർത്തി ജീവിതം കൊടുക്കുന്ന ഫൂ അമെലിയാസ്, സോനു, പേമ ദോർജിമാരുടെ പുത്രൻ ലാമ എന്നീ മനുഷ്യരെ കേന്ദ്രീകരിച്ചാണ് നോവൽ വികസിക്കുന്നത്.