അധിനിവേശാനന്തര ഇന്ത്യയിൽ  തത്ത്വശാസ്ത്രത്തിന്റെ വളർച്ചയും തളർച്ചയും – ശ്രീകലാ നായർ

കഴിഞ്ഞ ദിവസം എനിക്ക് കിട്ടിയ ഇ-മെയിൽ സന്ദേശം ഒരു സന്തോഷവാർത്ത പങ്കുവച്ചു: ഡേവിഡ് ചാൾമേഴ്സ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുന്നു; കോൺഷ്യസ്നെസ്സ് (Consciousness) അഥവാ ചേതന, അതിനെക്കുറിച്ച് ന്യൂറോളജിസ്റ്റുകളും തത്ത്വശാസ്ത്രജ്ഞരും കൂട്ടായും വെവ്വേറെയും കാൽനൂറ്റാണ്ടിലേറെയായി നടത്തിവരുന്ന പഠനങ്ങൾക്ക് പുതിയ ദിശാബോധം നല്കിയ ശാസ്ത്രജ്ഞൻ, അഥവാ താത്ത്വികൻ, ചാൾമേഴ്സിന് വിശേഷണങ്ങൾ ഏറെയാണ്. മനുഷ്യചേതനയുടെ സ്വഭാവം, ശക്തി എന്നിവയെക്കുറിച്ച് വേദാന്തികളുടെ ഒരു പൊതുകാഴ്ചപ്പാട് അദ്ദേഹത്തിനായി അവതരിപ്പിക്കുക എന്നതാണ് എന്റെ ദൗത്യം. മനുഷ്യന്റെ ചേതനാശക്തിയെ വെറും മസ്തിഷ്കവ്യാപാരത്തിന്റെ സൃഷ്ടിയായി ചുരുക്കുന്ന എല്ലാത്തരം തിയറികളേയും ചാൾമേഴ്സ് ഖണ്ഡിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നോൺ റിഡക്ടീവ് തീസിസിന് പ്രത്യക്ഷത്തിൽ ഭാരതീയ ദർശനങ്ങളോട് സാമ്യമൊന്നുമില്ല. എന്നുമാത്രമല്ല, അടിസ്ഥാനപരമായി അത് ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളിൽ ഊന്നിയതുമാണ്. എന്നിരുന്നാലും മനുഷ്യചേതനയെ മുഴുവനായി വിശകലനം ചെയ്യുമ്പോൾ അത് നിലവിലെ ശാസ്ത്രസിദ്ധാന്തങ്ങൾ അനുവദിക്കുന്നതിനപ്പുറം ചില അഭൗതികതലങ്ങളിലേക്ക് കടന്നേക്കാമെന്ന അദ്ദേഹത്തിന്റെ സുദൃഢമായ നിലപാടും, ഭാരതീയ ചിന്തകളോടുള്ള ഈ തുറന്ന സമീപനവും ചേർത്തുവായിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാരതസന്ദർശനം പ്രതീക്ഷ നല്കുന്ന ഒന്നുതന്നെയാണ്. ആധുനിക ഭൗതികശാസ്ത്രത്തെത്തന്നെ ഒരു മാതൃകാമാറ്റത്തിന് (Paradigm shift) വിധേയമാക്കിയ ക്വാണ്ടം മെക്കാനിക്സും(Quantum Mechanics), ആധുനിക മാത്തമാറ്റിക്സ് തിയറികളിൽ പ്രമുഖമായ പ്ളൂറലിസ്റ്റിക് ലോജിക്കും, പാരാ കൺസിസ്റ്റെന്റ് ലോജിക്കും ഒക്കെ ശാസ്ത്രത്തെ ഒരു വലിയ ചുവടുമാറ്റത്തിന് സജ്ജമാക്കിയിട്ടുണ്ട് എന്നുവേണം കരുതാൻ.


നൊബേൽ പ്രൈസ് ജേതാവ് റോജർ പെൻറോസ് പറഞ്ഞതുപോലെ, ക്വാണ്ടം മെക്കാനിക്സിലെ ചില അനൗപചാരിക ചിന്തകൾ ശാസ്ത്രത്തിന് സ്വീകാര്യമായാൽ അത് ഇന്നത്തെ നിർണയവാദം (Determinism), പ്രാദേശികവാദം(Locality) ഇവയെയൊക്കെ വലിയ രീതിയിൽ ചോദ്യം ചെയ്തേക്കാം. അത്തരുണത്തിൽ ഉയർന്നുവന്നേക്കാവുന്ന ചില മെറ്റാഫിസിക്കൽ പ്രഹേളികൾക്ക് ഉത്തരം തേടി ശാസ്ത്രലോകം പൗരസ്ത്യതത്ത്വശാസ്ത്രത്തെ, പ്രത്യേകിച്ചും ഭാരതീയ തത്ത്വശാസ്ത്രത്തെ സമീപിച്ചേക്കാനും മതി. ഇതൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്! പക്ഷേ, ഒന്നുണ്ട് : ലോകം മുഴുവനും സുസ്ഥിരവികസനമാതൃകയ്ക്കും, മൂല്യബോധാധിഷ്ഠിതമായ ജീവിതവ്യവസ്ഥയ്ക്കും, ജൈവ-പ്രകൃതിരീതിക്കനുസൃതമായ ചികിത്സാപദ്ധതിക്കും വേണ്ടി ഭാരതീയ പാരമ്പര്യചികിത്സാരീതികൾ, ശാസ്ത്രപദ്ധതികൾ, അവയൊക്കെ താങ്ങിനിർത്തുന്ന അടിസ്ഥാന താത്ത്വികചിന്തകൾ ഇവയ്ക്കായി തിക്കും തിരക്കും കൂട്ടുമ്പോഴും, ഇവിടെ, നമ്മുടെ നാട്ടിൽ എന്താണ് സംഭവിക്കുന്നത് ? രണ്ടായിരത്തി പതിമൂന്നിൽ ഏതൻസിൽ നടന്ന വേൾഡ് ഫിലോസഫി കോൺഫറൻസിൽ റിച്ചാർഡ് കോഹൻ എന്ന തത്ത്വശാസ്ത്രജ്ഞൻ സംഭാഷണമധ്യേ എന്നോട് പറഞ്ഞു. “എന്റെ മകൾ ഇന്ത്യയിൽ അടുത്തിടെ ഒരു കോൺഷ്യസ്നെസ്സ് കോൺഫറൻസിന് പോയി. ഇന്ത്യൻ ചിന്താധാരകളുടെ  ഭണ്ഡാരപ്പെട്ടി അവിടെ തുറക്കപ്പെടുമെന്ന പ്രതീക്ഷ പക്ഷേ, പൊലിഞ്ഞുപോയി. യൂറോപ്യൻചിന്തകളുടെ ഒരു മോശം തനിയാവർത്തനം മാത്രമായിരുന്നു അവിടെ കണ്ടത്.”


ഇത് ഒരു വേറിട്ട അനുഭവമല്ല. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന ഈ വേളയിലും യൂറോപ്യൻഅധിനിവേശത്തിന്റെ ശേഷിപ്പുകൾ തുടച്ചുകളയാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്ക് വളരെമുമ്പ്, ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയെട്ടിൽ കെ.സി. ഭട്ടാചാര്യ എഴുതിയ “സ്വരാജ് ഇൻ ഐഡിയാസ്” (ആശയങ്ങളിൽ നേടേണ്ടുന്ന സ്വരാജ്) എന്ന ചെറിയ ലേഖനം സത്യത്തിൽ ആ നൂറ്റാണ്ടിന്റെ അവസാന ശതകത്തിലാണ് അക്കാദമിക് സമൂഹത്തിന്റെ ശ്രദ്ധയാകർഷിച്ചത്. അധിനിവേശകാലത്തും അധിനിവേശാനന്തര കാലത്തും പാശ്ചാത്യങ്ങളായ അളവുകോലുകൾ ഉപയോഗിച്ച് ഭാരതീയ ചിന്താസരണയിലെ പ്രൗഢ ആശയങ്ങളുടെ പാകവും മികവും തിട്ടപ്പെടുത്തുന്നതിൽ ഒരു തെറ്റും ഇന്ത്യൻ ചിന്തകർ കണ്ടില്ല, അതിനെച്ചൊല്ലി ഒരു അപകർഷതാബോധവും അവരെ വേട്ടയാടിയിട്ടുമില്ല. എന്നാൽ എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും ഇന്ത്യൻ തത്ത്വശാസ്ത്രസമൂഹം ഒറ്റയ്ക്കും തെറ്റയ്ക്കും പൊതുവിൽ ചർച്ചചെയ്ത വിഷയം ഇന്ത്യാക്കാരന്റെ സ്വത്വബോധമാണ്. സെൽഫ് ഐഡന്റിറ്റി (self identity)യെ അധികരിച്ച് ധാരാളം സെമിനാറുകളും കോൺഫറൻസുകളും ഭാരതത്തിലങ്ങോളമിങ്ങോളം അക്കാലത്ത് നടത്തപ്പെട്ടു. എന്നാൽ, അത്ര എളുപ്പത്തിൽ ദൂരീകരിക്കാവുന്ന ഒന്നായിരുന്നില്ല അത്. “പശ്ചിമേ നിന്ന് വരുന്നതെന്തും പരമോത്തമമാണു പോൽ” എന്ന് വള്ളത്തോൾ പാടിയതുപോലെ, നവം നവങ്ങളായ പാശ്ചാത്യ ചിന്താധാരകളെ നാട്ടിലെ ജനങ്ങൾക്ക് തർജമപ്പെടുത്തിയും, അല്ലാതെയും പരിചയപ്പെടുത്തുന്ന വിവർത്തകന്റെയോ പരിഭാഷിയുടേയോ പദവിയിലേക്ക് അത്രയുംകാലം ചുരുങ്ങിനിന്നിരുന്ന തത്ത്വശാസ്ത്രസമൂഹം സ്വത്വത്തിന്റെ ഈ പുത്തൻ ഉണർവിനുശേഷം മാറിച്ചിന്തിക്കാൻ തുടങ്ങി. തത്ത്വശാസ്ത്രവുമായി ഇടപഴകുക, അതിൽ സംവദിക്കുക എന്നാൽ മറ്റാരുടേയോ സൃഷ്ടിയിൽജനിച്ച ചിന്തകളുടെ വെറും “റിപ്പോർട്ടിംഗ്” അല്ല എന്ന ബോധ്യം അക്കാദമിക് സമൂഹത്തിലെങ്ങും സജീവമായി. ഈ ചിന്ത ഭൂരിഭാഗം തത്ത്വശാസ്ത്രജ്ഞരെയും ഭാരതീയ തത്ത്വശാസ്ത്രത്തിന്റെ പടിവാതിലിലെത്തിച്ചു എന്നതാണ് വാസ്തവം. തുടർന്ന് കോൺഫറൻസുകളിൽ ആവർത്തിച്ച് കേട്ട ചോദ്യങ്ങൾ “എന്താണ് ഭാരത്തിന്റെ തനത് ചിന്താശൈലി? സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കിൽ അത് രീതിശാസ്ത്രപരമായി പാശ്ചാത്യചിന്താധാരകളോടു ചേർത്ത് വയ്ക്കാവുന്ന ഒന്നാണോ ?” എന്നിവയാണ്.


ആർഷഭാരതത്തിന്റെ സാംസ്കാരികപ്പെരുമയിൽ മഹത്തരമായത് അതിന്റെ താത്ത്വികചിന്തകൾ തന്നെയാണ്. തർക്കമില്ല. പക്ഷേ, അതിന് അധിനിവേശകാലഘട്ടത്തിൽ ഒരു തുടർച്ചയുണ്ടായില്ല. ഖണ്ഡനമണ്ഡനങ്ങളിലൂടെ വളർന്നുവന്ന ആറ് വൈദിക ചിന്താപദ്ധതികളും, ബൗദ്ധം, ജൈനം, ചാർവാകം എന്നീ മൂന്ന് അവൈദിക ചിന്താപദ്ധതികളും പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ അധിനിവേശത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് കടപുഴകി വീണു. ചാർവാകം, പൂർവമീമാംസ, സാംഖ്യം തുടങ്ങിയ ചിന്താപദ്ധതികൾ വളരെ മുമ്പുതന്നെ ശോഷിച്ചുതുടങ്ങിയിരുന്നു എന്നത് മറ്റൊരു വസ്തുത. എന്നിരുന്നാലും ഇരുപതാം നൂറ്റാണ്ടിലും അദ്വൈതശാഖയ്ക്ക് ഊർജംപകർന്ന ‘ശതഭൂഷണി’ എന്ന ഗ്രന്ഥം രചിച്ച അനന്തകൃഷ്ണശാസ്ത്രികളെപ്പോലെയുള്ള ചില നീർച്ചാലുകൾ അപ്പോഴും അവശേഷിച്ചു. പക്ഷേ, അതൊന്നും ഉണങ്ങിവരണ്ട ഭാരതീയ താത്ത്വിക സമതലം പുനരുജ്ജീവിപ്പിക്കാൻ പോന്നതായിരുന്നില്ല.


രാജ്യത്തിന് ഒട്ടാകെ ജീവജലം നല്കി സംരക്ഷിച്ചു പോന്ന ഈ താത്ത്വിക മഹാപ്രവാഹങ്ങളെ പുനർജീവിപ്പിക്കുന്നതിന് അധിനിവേശാനന്തര കാലത്തെ അക്കാദമിക് തത്ത്വശാസ്ത്രജ്ഞരുടെ മുമ്പിൽ വഴികളൊന്നും ഉണ്ടായിരുന്നില്ല. സത്യത്തിൽ കടമ്പകൾ പലതായിരുന്നു. അതിൽ ഏറ്റവും പ്രധാനം സംസ്കൃത ഗ്രന്ഥപദ്ധതികളിലൂന്നിയ വാദരീതികൾ സ്വായത്തമാക്കിയവരും, സൃഷ്ടിപരമായി അതിലിടപെട്ട് നിലച്ചു പോയ ആ പ്രവാഹം പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നവരുമായ മുൻനിര പണ്ഡിതരെ കണ്ടെത്തി ആ ദൗത്യം അവരെ ഏല്പിക്കുക എന്നതായിരുന്നു. പക്ഷേ, ദൗർഭാഗ്യവശാൽ പല തത്ത്വശാസ്ത്രശാഖകളിലും അത് വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞില്ല. അധിനിവേശകാലത്ത് സാമ്പത്തിക പരാധീനതമൂലം അന്യംനിന്നുപോയ ഗുരുകുലങ്ങളും, പാഠശാലകളുമൊക്കെത്തീർത്ത ശൂന്യതയുടെ ഫലമായി അത്തരമൊരു മുൻനിര പണ്ഡിതശ്രേണി വംശമറ്റുപോയി എന്നുവേണം കരുതാൻ. പിന്നെയുള്ള രണ്ടാംനിര സംസ്കൃതപണ്ഡിതന്മാരാകട്ടെ സംസ്കൃത ഗ്രന്ഥപദ്ധതികളിലൂന്നിയ വാദപ്രതിവാദത്തിനും, ഖണ്ഡനമണ്ഡനങ്ങൾക്കും തുലോം അശക്തരായിരുന്നു. അവർ ഒന്നോ രണ്ടോ ഗ്രന്ഥങ്ങൾ മാത്രം സ്വായത്തമാക്കാൻ പ്രാപ്തി ഉള്ളവരായിരുന്നു. എന്നിരുന്നാലും ശാസ്ത്രപരമ്പര തങ്ങളിൽക്കൂടെയാണ് നിലനിന്ന് പോരേണ്ടതെന്ന വലിയ ഉത്തരവാദിത്വം തങ്ങളുടെ താരതമ്യേന ശക്തികുറഞ്ഞ ചുമലുകളിലേന്തി അവർ വല്ലവിധേനയും കാലയാപനം കഴിച്ചു. അടുത്ത വിഭാഗത്തിന്റെ നില ഇതിലും പരുങ്ങലിലായിരുന്നു. ഇവർ ഇംഗ്ലീഷ് മാധ്യമമാണ് ഉപയോഗിച്ചിരുന്നത്. ‘സർവദർശനസംഗ്രഹം’ പോലെയുള്ള വിവിധ ദർശനങ്ങളുടെ പ്രാഥമിക നിലപാടുകളും, അത്യാവശ്യം താരതമ്യ പഠനങ്ങളും അടങ്ങിയ ഗ്രന്ഥങ്ങളെ ആസ്പദമാക്കി ശർമ, ഹിരിയന്ന, ദാസ് ഗുപ്ത, രാധാകൃഷ്ണൻ തുടങ്ങിയവർ “ഇൻഡ്യൻ ഫിലോസഫി” എന്ന സാമാന്യതലക്കെട്ടിൽ (അങ്ങനെ ഒന്നില്ല) രചിച്ച പുസ്തകങ്ങളിൽ നിന്ന് ഊർജം കൊണ്ടവരാണിവർ. ഇക്കൂട്ടർ മിക്കവാറും കഥയറിയാതെ ആട്ടം കണ്ടവരെപ്പോലെ മുൻപറഞ്ഞ എഴുത്തുകാർ പറഞ്ഞുവച്ച വാദഗതികളെ ആവർത്തിച്ചും, ചിലപ്പോൾ തള്ളിപ്പറഞ്ഞും ക്ലാസ്സ് മുറികളെ വിരസമാക്കി. ഇത്തരുണത്തിൽ സുകുമാർ അഴീക്കോട് ഒരിക്കൽ പറഞ്ഞതോർമ വരുന്നു: “അധ്യാപകർ ഏറ്റവും കൂടുതൽ ക്ലാസ്സ് മുറികളിലുപയോഗിക്കുന്ന വാചകം ‘ലുക്ക്ഹിയർ’ എന്നാണ്. കാരണം കുട്ടികൾ മിക്കവാറും ജനാലയിലൂടെയും വാതിലിലൂടെയും പുറത്തേക്ക് നോക്കിയിരുപ്പായിരിക്കും.” അഴീക്കോട് സാർ തമാശരൂപത്തിൽ പറഞ്ഞ ഈ ‘ലുക്ക്ഹിയർ’ പ്രതിഭാസത്തിന്റെ പിന്നാമ്പുറം പരിശോധിക്കേണ്ടതുണ്ട്. എന്തുകൊണ്ട് പുറംകാഴ്ചകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ ആസ്വാദ്യകരമാകുന്നു? വിദ്യാർത്ഥികളുടെ നിലവാരത്തകർച്ച എന്ന സ്ഥിരം പല്ലവി പാടാൻ വരട്ടെ. തന്റേതല്ലാത്ത, താൻ സ്വാംശീകരിച്ചിട്ടില്ലാത്ത ആശയങ്ങളുടെ ക്ലാസ്സ്റൂം അവതരണം സ്വാഭാവികമായും കുട്ടികളുടെ തൊലിപ്പുറം സ്പർശിച്ച് കടന്നുപോകും. സ്വാംശീകരിക്കപ്പെട്ട ആശയങ്ങളുടെ പുനരാഖ്യാനം, പ്രത്യേകിച്ച് അതിന് വ്യക്തിഗത ചേതനയുടെ സ്പർശംകൊണ്ട് കിട്ടിയ നറുമണം കൂടി ഉണ്ടെങ്കിൽ, അത് തത്പരരായ വിദ്യാർത്ഥികളിൽ വിശപ്പ് ജനിപ്പിക്കുക തന്നെ ചെയ്യും.


ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യൻ ഫിലോസഫിക്ക് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം യൂറോപ്യൻ അധിനിവേശത്തിന്റെ ബാക്കിപത്രമാണ് എന്ന കൃത്യമായ രോഗനിർണ്ണയം നടത്തിക്കഴിഞ്ഞാൽ ബാക്കി എളുപ്പമായി. കൃത്യ രോഗനിർണയം രോഗാർധശമനം എന്നാണല്ലോ. ഇനി രോഗശമനത്തിനുതകുന്ന വൈദ്യത്തിലേക്ക് കടക്കുന്നതിന് മുമ്പ്, നാലാമത്തെ വിഭാഗം തത്ത്വശാസ്ത്രജ്ഞരെപ്പറ്റിക്കൂടെ പരാമർശിക്കേണ്ടതുണ്ട്. ഇക്കൂട്ടർ ഭൂമിശാസ്ത്രപരമായി ഭാരതീയതത്ത്വചിന്തകരുടെ ഗണത്തിൽപ്പെടുമെങ്കിലും, ഭാരതത്തിന്റെ തനതുചിന്താപദ്ധതികളോട് ആഭിമുഖ്യം പ്രകടിപ്പിക്കാത്തവരാണ്. ഇവർ പാശ്ചാത്യ ചിന്താസരണികളുടെ കടുത്ത ആരാധകരുമാണ്. ഇക്കൂട്ടരെ അവഗണിക്കാവുന്നതാണ്.


ഇനി നമുക്ക് വൈദ്യത്തിലേക്ക് കടക്കാം. ഭാരതത്തിന്റെ തനതുചിന്താപദ്ധതികളുടെ നിലച്ചുപോയ പ്രവാഹം എങ്ങനെ പുനർജീവിപ്പിക്കാം? ചെറുതല്ല ഉദ്യമം എന്ന ഉത്തമബോദ്ധ്യത്തോടെ ചില നിർദേശങ്ങൾ സമർപ്പിക്കട്ടെ : ആദ്യമായി തത്ത്വശാസ്ത്രത്തിലെ മൂലഗ്രന്ഥങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന സംസ്കൃത ഡിപ്പാർട്ടുമെന്റുകളും, ആശയാവതരണത്തിൽ ശ്രദ്ധചെലുത്തുന്ന ഫിലോസഫി ഡിപ്പാർട്ടുമെന്റുകളും തമ്മിൽ വലിയ രീതിയിലുളള ഒരു ക്രയവിക്രയം നടപ്പാക്കേണ്ടതുണ്ട്.  ഇത്തരം കൊടുക്കൽ വാങ്ങലുകൾക്ക് വിഘാതമായി നിലനിന്നിരുന്ന ‘വർക്ലോഡ് നിലനിർത്തൽ’ എന്ന സംരംഭത്തിന് മാറിയ ഉന്നതവിദ്യാഭ്യാസരംഗത്ത് തീരെ പ്രസക്തിയില്ല എന്ന് ഏവർക്കും ബോധ്യമുണ്ടെന്ന് കരുതട്ടെ. തത്ത്വശാസ്ത്ര ഡിപ്പാർട്ടുമെന്റുകളുമായ ഇടപഴകൽ വഴി രീതിശാസ്ത്ര ചിന്തകളിലൂന്നിയ പഠനപാഠന  പ്രവർത്തനങ്ങൾക്ക് സംസ്കൃത അക്കാദമിക സമൂഹവും സജ്ജമാകും. യൂറോപ്യൻ അഥവാ പാശ്ചാത്യതത്ത്വ ശാസ്ത്രപദ്ധതികളെ വകഞ്ഞ് മാറ്റി നിർത്തുന്നതുവഴി ഇന്ത്യൻ തത്ത്വശാസ്ത്രത്തെ പരിപോഷിപ്പിക്കാമെന്ന അബദ്ധധാരണയും തിരുത്തേണ്ടതുണ്ട്. മറിച്ച് യൂറോപ്യനും, ആംഗ്ലോ-അമേരിക്കനും, ആഫ്രിക്കനും, ചൈനീസും, ജാപ്പനീസും, അറബിക്കുമൊക്കെ ഇവിടത്തെ കലാലയങ്ങളിൽ ലഭ്യമാക്കേണ്ടതുണ്ട്. അധിനിവേശത്തിന്റെ ബാക്കിപത്രമെന്നോണം യൂറോപ്യൻ തത്ത്വചിന്തകൾക്ക് നിലവിൽ ലഭിച്ചുവരുന്ന മുൻഗണനയും ഒപ്പം അധീശത്വവും നമ്മുടെ അപക്വമായ സ്വത്വചിന്തകളുടെ സന്തതിയാണെന്ന തിരിച്ചറിവ് മാത്രം മതി അത് പിൻവലിക്കാൻ.