വന്ദനം – വിനു ഏബ്രഹാം

ഇവിടെ മുഖ്യകഥാപാത്രം താനാണെങ്കിലും മറ്റാരൊക്കെയോ ചേർന്നു കളിക്കുന്ന ഒരു നാടകം രംഗത്ത് കാണുന്ന മട്ടിൽ പ്രഭാകരൻപിള്ള തനിക്ക് ചുറ്റിനും സംഭവിക്കുന്നതെല്ലാം നോക്കിക്കൊണ്ടിരുന്നു. വീടിന്റെ മുൻഭാഗത്തുള്ള തുറന്ന തളത്തിൽ നാല് അധ്യാപകരും മുപ്പതോളം കുട്ടികളും ചേർന്ന് പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലാണ്. വീട്ടിലെ ഒരാൾ എന്ന നിലയിൽ സഹായത്തിനായി സുനന്ദയുമുണ്ട്.


പ്രഭാകരൻ പിള്ളക്കും ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുള്ള അധ്യാപകർക്കും ഇരിക്കാനുള്ള കസേരകളുടെ ക്രമീകരണം, കസേരകളെ അഭിമുഖീകരിച്ച് കുട്ടികൾക്ക് ഇരിക്കാനുള്ള പായകളുടെ വിതാനിക്കൽ, കസേരകൾക്ക് മുന്നിൽ ഒരു ചെറിയ മേശമേൽ പ്രഭാകരൻപിള്ളയുടെ ഫോട്ടോ പതിച്ച ഒരു തടിഫലകം, പൊന്നാട, സാമ്പ്രാണിക്കാലുകൾ കത്തിച്ച് വച്ച സ്റ്റാൻഡ് എന്നിവയുടെ ചിട്ടപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ പുരോഗമിച്ചു. ഉഷ്ണം കൂടുതലെന്ന് തോന്നിയാൽ ഉപയോഗിക്കാനായി ഒരു പെഡസ്റ്റൽ ഫാൻ, കാറ്റ് കസേരകളുടെ ഭാഗത്ത് കിട്ടത്തക്ക രീതിയിൽ സുനന്ദ കൊണ്ടുവന്നുവച്ചു. ഒതുതരം പിടികിട്ടായ്മയോടെ പ്രഭാകരൻപിള്ള എല്ലാവരെയും നോക്കി.


ഒരാഴ്ച മുന്നേയാണ് ഒരു വൈകുന്നേരം വകയിൽ തന്റെ കൊച്ചനന്തരവൻ കൂടിയായ പഞ്ചായത്ത് മെമ്പർ ശാലിനി പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരനെയും കൂട്ടി പ്രഭാകരൻപിള്ളയെ കാണാൻ വീട്ടിലെത്തിയത്. ശാലിനി അയാളെ പരിചയപ്പെടുത്തി. സുമേഷ് ബാലകൃഷ്ണൻ. ഇവിടത്തെ സർക്കാർ ഹൈസ്‌കൂളിലെ മലയാളം അധ്യാപകനാണ്. ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക പരിപാടിയുമായി ബന്ധപ്പെട്ട് പ്രഭാകരൻ പിള്ള സാറിനെ കാണാൻ വന്നതാണ്. അതുകേട്ട് പത്താം ക്ലാസിനപ്പുറം പഠനം നടത്തിയിട്ടില്ലാത്ത പ്രഭാകരൻപിള്ള അന്തം വിട്ട് ഇരുവരെയും നോക്കി.


സുമേഷ് കാര്യങ്ങൾ വിശദീകരിച്ചു. ഇത് ഓരോ സ്‌കുളുകാരും അവരുടെ ചുറ്റുവട്ടമുള്ള കലാ, സാഹിത്യ, സാംസ്‌കാരികരംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെ കണ്ടെത്തി, പ്രതിഭകളുടെ വീട്ടിൽ കുട്ടികളും അധ്യാപകരും സന്ദർശനം നടത്തി ആദരിക്കുന്ന പ്രതിഭാവന്ദനം എന്ന പരിപാടിയാണ്. സുമേഷിന്റെ വിശദീകരണം കഴിഞ്ഞപ്പോൾ പ്രഭാകരൻ പിള്ള തെല്ലു പരിഹാസഭാവത്തോടെ പറഞ്ഞു.


”അതിന് ഞാനെന്ത് പ്രതിഭയാണ്! നിങ്ങൾക്ക് ആളു തെറ്റിയതാ… എടീ ശാലിനി നീയി സാറിനോട് എന്ത് മണ്ടത്തരം പറഞ്ഞാ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്?”


ഒരു ചിരിയോടെ ശാലിനി പറഞ്ഞു, ചിറ്റപ്പാ, ഞാൻ സാറിനോടൊന്നും പറഞ്ഞില്ല. സാറ് ചിറ്റപ്പന്റെ കാര്യം അറിഞ്ഞപ്പഴ്, ഇവിടത്തെ മെമ്പർ എന്ന നിലയിലും സ്‌കൂൾ പി.ടി.എ. സെക്രട്ടറി എന്ന നിലയിലും ആളെക്കുറിച്ച് അന്വേഷിച്ചു. ദാ സുമേഷ് സാറ് തന്നെ ബാക്കിയെല്ലാം പറയും.”


സുമേഷ് സാർ വീണ്ടും കാര്യങ്ങൾ വ്യക്തമാക്കി. ഈ ചുറ്റുവട്ടത്തിലെങ്ങും സർക്കാർ ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രതിഭയെ കണ്ടെത്താനാകാതെ സ്‌കൂളുകാര് ആകെ വിഷമിച്ചിരിക്കുകയായിരുന്നു. അങ്ങനെ തകൃതിയായി അന്വേഷണം നടക്കുന്നതിനിടയിലാണ്, സുമേഷ് ക്ലാപ്പനയിൽ സിനിമാ ചരിത്രം സംബന്ധിയായ ഗവേഷണം ഒരു ഹോബിയായി കൊണ്ടു നടക്കുന്ന രവീന്ദ്രൻ എന്ന തന്റെ പരിചയക്കാരനിൽ നിന്ന് ഇവിടെ എ.പി. പ്രഭാകരൻപിള്ള എന്ന പഴയ ചലച്ചിത്ര നിർമാതാവ് ഉണ്ടെന്നും അദ്ദേഹം ആയിരത്തിതൊള്ളായിരത്തിഎഴുപത്തി ഒൻപതിൽ ‘കൈത്തോട്’ എന്ന ഒരു സിനിമ നിർമിച്ചിട്ടുണ്ടെന്നും ഒക്കെ അറിയുന്നത്. എന്നാൽ എത്രയോ കാലമായി ആരും അറിയാതെ ഇത്രയും വലിയ ഒരു സംഭവം നടത്തിയ ആൾ ഈ നാട്ടിൽ ജീവിച്ച് പോരുകയാണ്. എന്തിനേറെ, പ്രഭാകരൻ പിള്ള സാറിന്റെ ബന്ധുകൂടിയായ ശാലിനിപോലും താൻ ജനിക്കുന്നതിനും മുന്നേ ഉണ്ടായ ഈ സിനിമയുടെ കാര്യമൊന്നും കൃത്യമായി അറിഞ്ഞിട്ടില്ല. അപ്പോൾ, എന്തായാലും ഇങ്ങനെ ഒരു സന്ദർഭം വന്നുചേർന്നതിലൂടെ പ്രതിഭാവന്ദനം പരിപാടിയിൽ പ്രഭാകരൻ പിള്ളയെ സമുചിതമായി ആദരിക്കുക എന്ന തീരുമാനം എല്ലാവരും ഏകസ്വരത്തിൽ കൈക്കൊണ്ടിരിക്കുകയാണ്.


വെറുമൊരു ബിസിനസുകാരൻ മാത്രമായിരുന്ന താൻ പണം മുടക്കി എന്നതിനപ്പുറം ആ സിനിമയിൽ യാതൊരു കലാപ്രവർത്തനം നടത്തിയിട്ടില്ല എന്ന പ്രഭാകരപിള്ളയുടെ തടസ്സവാദമൊന്നും സുമേഷും ശാലിനിയും വകവച്ചില്ല. പ്രഭാകരൻപിള്ളയല്ലാതെ മറ്റാരെയും ഇതിനായി ചിന്തിക്കാനേ ഇല്ല എന്ന് ഇരുവരും പ്രഖ്യാപിച്ചു.


അതോടെ, കാലങ്ങളായി ഒറ്റാംതടിയായി കഴിയുന്ന തനിക്ക് ഈ വീട്ടിൽ കുട്ടികളെയും അധ്യാപകരെയും വേണ്ടവിധം സ്വീകരിക്കാനുള്ള സന്നാഹങ്ങളൊന്നുമില്ലെന്ന് മറ്റൊരു പ്രശ്‌നവും പ്രഭാകരൻപിള്ള ഉന്നയിക്കാതിരുന്നില്ല. പക്ഷേ, അതിനും രണ്ടുപേരും മറുവഴി കണ്ടെത്തിയിട്ടുണ്ടായിരുന്നു.


”ചിറ്റപ്പാ, സുനന്ദ കുഞ്ഞമ്മയുള്ളപ്പഴ് അതൊന്നും ഒരു പ്രശ്‌നമേയല്ലല്ലോ. പ്രഭ ചിറ്റപ്പൻ സമാധാനമായിട്ടിരുന്നോട്ടേ. എല്ലാം ഞങ്ങളേറ്റു”, ശാലിനി ഒരു പൊതുപ്രവർത്തകയുടെ വഴക്കം ചെന്ന ഉറപ്പോടെ പറഞ്ഞു. ശാലിനി പറഞ്ഞതിൽ സത്യവുമുണ്ടായിരുന്നു. നാല് പുരയിടം അപ്പുറം കുടുംബമായി താമസിക്കുന്ന പ്രഭാകരൻപിള്ളയുടെ ഏറ്റവും ഇളയ അനിയത്തി സുനന്ദയുടെ വീട്ടിൽ നിന്നാണല്ലോ മിക്കപ്പോഴും ഭക്ഷണം പകർച്ചു കൊണ്ടുവരുന്നത്. ഇങ്ങനൊരു കാര്യത്തിന് കുറച്ച് ചായയും ബിസ്‌ക്കറ്റോ, കേക്കോ തയ്യാറാക്കാനും വീടൊന്ന് നേക്കാനും അവൾക്ക് ഒരു ബുദ്ധിമുട്ടുമില്ല.


തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അതിവേഗം പുരോഗമിച്ചു. എന്നാൽ, മറ്റേതോ ജന്മത്തിലോ കാലത്തിലോ സംഭവിച്ച, താൻ തന്നെ മറന്നു കഴിഞ്ഞ ഒന്നിന്റെ പേരിൽ നടക്കുന്ന തത്രപ്പാടുകളെ പ്രഭാകരൻപിള്ളക്ക് അമ്പരപ്പോടെയെ കാണാൻ കഴിഞ്ഞുള്ളൂ. രണ്ട് പെൺകുട്ടികൾ ചേർന്ന് ആലപിച്ച പ്രാർത്ഥനാ ഗാനവും ഹെഡ്മിസ്ട്രസ് ജലജാകുമാരി ടീച്ചറിന്റെ അധ്യക്ഷപ്രസംഗവും തുടർന്ന് തന്നെക്കുറിച്ചുള്ള സുമേഷ് സാറിന്റെ പരിചയപ്പെടുത്തൽ പ്രസംഗം നടക്കുമ്പോഴുമെല്ലാം അയാളിൽ നിന്ന് ആ അമ്പരപ്പ് തീരെയും മാറിയിരുന്നില്ല.


സുമേഷ് സാർ കത്തിക്കയറുകയായിരുന്നു. ”…. മാത്രവുമല്ല, അമ്പാഴം എന്ന നമ്മുടെയീ കൊച്ചുഗ്രാമപ്രദേശത്തിന്റെ അഭിമാനഗോപുരമായ പ്രഭാകരൻപിള്ള സാർ നിങ്ങൾ പഠിക്കുന്ന വിദ്യാലയത്തിൽ തന്നെയാണ് തന്റെ സ്‌കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തീകരിച്ചത് എന്ന കാര്യം നമ്മുടെ സ്വകാര്യ അഹങ്കാരമാണ്, സീമാതീതമായ ആഹ്ലാദമാണ്.” അപ്പോൾ ആരോ പറഞ്ഞത് ചിട്ടപ്പെടുത്തിയത് പോലെ കുട്ടികൾ ഉച്ചത്തിൽ കരഘോഷം മുഴക്കി. താൻ പത്താംക്ലാസുവരെ ഈ സ്‌കൂളിൽ പഠിച്ചു എന്നത് ശരിതന്നെ, പക്ഷേ, എസ്.എസ്.എൽ.സി. കടന്നു കൂടിയില്ല എന്ന സത്യം പ്രഭാകരൻപിള്ള കൗതുകത്തോടെ ഓർത്തു. വിദ്യാഭ്യാസം എന്ന പരിപാടി അവിടെ തീരുകയും ചെയ്തു…


സുമേഷ് സാർ വേണ്ട സമയമെടുത്ത് കയ്യടി ഏറ്റുവാങ്ങിയശേഷം തുടർന്നു. ”വിദ്യാഭ്യാസത്തിനുശേഷം ചെറുപ്രായത്തിൽ തന്നെ ബിസിനസ് സംരംഭങ്ങളിലൊക്കെ ഏർപ്പെട്ട് വലിയ വിജയങ്ങൾ കൊയ്തു. അങ്ങനെ വളരെ മികച്ച ഒരു ബിസിനസ് സംരംഭകനായി മുന്നോട്ട് പോകുമ്പോഴാണ്, അദ്ദേഹത്തിൽ കലയുടെ ഉൾവിളി ഉണ്ടാകുന്നത്. സിനിമ എന്ന മിക്കവരുടെയും സ്വപ്നമായ കലയുടെ ഉൾവിളി… അങ്ങനെ പ്രഭാകരൻപിള്ള സാർ ആ മഹനീയ സംരംഭത്തിലേക്ക് കടക്കുകയായി. ആയിരത്തിതൊള്ളായിരത്തി എഴുപത്തിഒൻപതിൽ റിലീസ് ചെയ്ത ‘കൈത്തോട്’ എന്ന സിനിമ ഇദ്ദേഹം നിർമിച്ചു. രാഗപ്രിയ ഫിലിംസിന്റെ ബാനറിൽ നിർമിച്ച് പുറത്തുവന്ന ആ സിനിമ നമ്മുടെ നാടിന്റെ തന്നെ ചരിത്രത്തിലെ സുവർണലിപികളിലുള്ള ഒരധ്യായമാണ്. കറ്റാനം എന്ന ഉൾനാടൻ പട്ടണത്തിന്റെ സമീപത്തുള്ള നമ്മുടെ  മറ്റ് സമീപപ്രദേശങ്ങളിലെങ്ങും അതിനു മുമ്പോ പിന്നീടോ ഒരു സിനിമ ആരും നിർമിച്ചിട്ടില്ല. നമ്മുടെ മുന്നിൽ എത്രയോ വിനയാന്വിതനായിരിക്കുന്ന ഈ എ.പി. പ്രഭാകരൻപിള്ള സാറാണ് അങ്ങനെ ഒരു ചരിത്രം കുറിച്ചത്.” വീണ്ടും കുട്ടികളുടെ കയ്യടി ഉച്ചത്തിൽ മുഴങ്ങി, അത് തീർന്നശേഷം സുമേഷ് സാറിന്റെ വാക്കുകൾ തുടർന്നു:


”കുട്ടികളായ നിങ്ങൾക്ക് തീരെ പരിചയമില്ലാത്ത, എന്നാൽ അക്കാലത്തെ വലിയ താരമൂല്യമുള്ള ജനപ്രിയ നടീനടന്മാരായിരുന്നു ‘കൈതോട്’ എന്ന സിനിമയിൽ അഭിനയിച്ചത്. എം.ജി. സോമൻ, സത്താർ, വിൻസന്റ്, ജയഭാരതി, നന്ദിതാ ബോസ്, ശുഭ തുടങ്ങിയ ഒരു ഗംഭീര താരനിരയായിരുന്നു അതിലുള്ളത്. സിനിമ രചിച്ച്, സംവിധാനം ചെയ്ത് നവാഗത സംവിധായകനായ എം.ആർ. സോമരാജനാണ്. ഭരണിക്കാവ് സ്വദേശിയായ അദ്ദേഹം ഇന്നിപ്പോൾ ജീവിച്ചിരിപ്പില്ല. ഏറെയും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു കുടുംബകഥ പറഞ്ഞ ഈ സിനിമ ഇപ്പോൾ യൂട്യൂബിൽ ഉണ്ട്. എന്തായാലും സിനിമയെക്കുറിച്ചും അത് ഷൂട്ട് ചെയ്തതിനെക്കുറിച്ചുമൊക്കെ പ്രഭാകരൻപിള്ള സാർ കൂടുതലായി നിങ്ങളോട് പറയും… ഒരു സിനിമ മാത്രേ അദ്ദേഹം  നിർമിച്ചിട്ടുള്ളു. പക്ഷേ, ഒറ്റ സിനിമ കൊണ്ട് അദ്ദേഹം സ്വന്തം പേരും നമ്മുടെ നാടിന്റെ പേരും മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ അനശ്വരമായി അടയാളപ്പെടുത്തി….” സുമേഷ് സംസാരിച്ച് തുടങ്ങി ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും പ്രഭാകരൻ പിള്ളയുടെ മനസ്സ് അയാളുടെ വാക്കുകളെ വിട്ട്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറെക്കാലത്തിനുശേഷം തന്നെ വീണ്ടും സന്ദർശിക്കാൻ എത്തിയ ഓർമകളുടെ കൈപിടിച്ച് ഒരു യാത്ര ആരംഭിച്ചു.


അത് ശുക്രൻ ഉദിച്ച കാലം തന്നെയായിരുന്നു തനിക്ക്. പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തിലെ പാറമടവച്ചുള്ള ക്വാറിയിലായിരുന്നു തുടക്കം. പണം കണക്കില്ലാതെ വന്ന് മറിഞ്ഞു തുടങ്ങി. വേറെയും ചില ബിസിനസുകൾ. തൊട്ടതെല്ലാം പൊന്ന് എന്ന നില. പണത്തിനൊപ്പം ചങ്ങാത്തങ്ങളും പെരുകി. കള്ളും പെണ്ണും ഗംഭീരമായി അകമ്പടി സേവിച്ചു. അതിനിടെയാണ് എല്ലാറ്റിനും കിരീടം വയ്ക്കുന്ന രീതിയിൽ പുതിയ ഒന്ന് രണ്ട് ചങ്ങാതിമാർ വഴി സിനിമാ നിർമാണം എന്ന ആശയം കടന്നുവന്നത്. പ്രഭാകരൻപിള്ളക്ക് ഇപ്പോൾ നല്ല പണമുണ്ട്. പക്ഷേ, അർഹമായ പേരും പ്രശസ്തിയും ഇല്ല,  ഒരു സിനിമ ആ കുറവും തീർന്നു കിട്ടും. പിന്നെ മേൽക്കുമേൽ പണവും. ഒരു ചുക്കും ചുണ്ണാമ്പും സിനിമാ മേഖലയെക്കുറിച്ച് അറിഞ്ഞുകൂടാ. ചങ്ങാതിമാരുടെ വാക്കുകൾ പ്രമാണമായി. എല്ലാം പെട്ടെന്ന് തീരുമാനിക്കപ്പെട്ടു. ചങ്ങാതിമാർ തന്നെ സംവിധായകനെ കൊണ്ടുവന്നു കഥ കേൾക്കൽ എന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. കള്ളും പെണ്ണും രംഗം കൊഴുപ്പിക്കാൻ കൊല്ലത്തെ ബാർ ഹോട്ടലിൽ ഉണ്ടായിരുന്നു. കഥയാരും കേട്ടതായി ഓർക്കുന്നില്ല. സിനിമാ നിർമാതാവായാൽ സുന്ദരിമാരായ നടികളും ഒപ്പം എന്ന വാഗ്ദാനവും ഉണ്ടായിരുന്നല്ലോ, ശ്രദ്ധയത്രയും അതിലായിരുന്നു.


സിനിമാ നിർമാണം തുടങ്ങി.


പണം വെള്ളംപോലെ ഒഴുകിത്തുടങ്ങി. താരങ്ങൾക്കുള്ള അഡ്വാൻസ്, തിരക്കഥ എഴുതാനുള്ള ഹോട്ടൽ സൗകര്യങ്ങൾ… അങ്ങനെ പല പല ആവശ്യങ്ങൾ. ഇതിനിടെ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യാനായി സംവിധായകൻതന്നെ കൊണ്ടുവന്ന സുന്ദരിയായ പുതുമുഖ നടിയുമായി നല്ല അടുപ്പമായി. വൈക്കത്തുകാരി ഒരു ലതിക. മറ്റു പല അന്തിക്കൂട്ടുകാർക്കുമപ്പുറം ലതിക ഹൃദയത്തിലേക്കുതന്നെ കയറി. അത്രമേൽ ആ ബന്ധം മുറുകിയതിനാൽ, അവൾക്ക് മദ്രാസിൽ താമസിക്കാനായി നല്ലൊരു വീട് ഒറ്റയ്ക്ക് എടുത്തുകൊടുക്കുകയും ചെയ്തു.


മറ്റൊരു വഴിക്ക് സിനിമയുടെ കാര്യങ്ങളും നീങ്ങിക്കൊണ്ടിരുന്നു. താരങ്ങളുടെ ഡേറ്റുകൾ മാറി മറിഞ്ഞെന്നും ഒക്കെപ്പറഞ്ഞുള്ള കാരണങ്ങളാൽ ഷൂട്ടിംഗ് വല്ലാതെ നീണ്ടുപോയി. ഒടുവിൽ, തുടങ്ങി ഒരു വർഷത്തിനുമേലേ കഴിഞ്ഞപ്പോൾ സിനിമ റിലീസായി. സിനിമ തരക്കേടില്ലാതെ വിജയിച്ചെന്ന് സംവിധായകനും കൂട്ടരും. അതിഭയങ്കര നഷ്ടത്തിലെന്ന് വിതരണക്കാർ. എന്തായാലും മൂന്നു ലക്ഷത്തിന് മേലെ കൈനഷ്ടം വന്നു. എന്നിട്ടും അതൊന്നും വല്യ പ്രശ്‌നമായി തോന്നിയില്ല. ലതിക എന്ന ലഹരി ആ വിഷമത്തെയൊക്കെ മറികടക്കാൻ പോന്നതായിരുന്നു. ഇതിനകം എന്തൊക്കെയോ വിവരങ്ങൾ വീട്ടിലുമെത്തി. ഭാര്യ പാർവതിയുടെ ഭാഗത്തുനിന്ന് പൊട്ടലും ചീറ്റലും ഉണ്ടായിത്തുടങ്ങിയിരുന്നു. അതും അത്ര കാര്യമാക്കിയില്ല. സുഹൃത്തുക്കൾ, കള്ള്, ലതിക, വേറെയും പെണ്ണുങ്ങൾ ഇതൊന്നുമല്ലാതെ മറ്റൊന്നും പ്രശ്‌നമല്ലായിരുന്നു. സ്വന്തം സിനിമ കണ്ടത് തന്നെ നല്ല ഓർമയില്ല. കൊല്ലത്ത്, സുദർശൻ ഹോട്ടലിലെ ബാറിൽ നിന്ന് അടിച്ച് പിമ്പിരിയായി ചങ്ങാതിമാരുമൊത്ത് തീയറ്ററിൽ സിനിമ കണ്ടു. ഒന്നോ രണ്ടോ സീനിൽ സംവിധായകന് തന്നോടുള്ള സ്‌നേഹവും കടപ്പാടും പ്രമാണിച്ച് ഒരു വേഷവും ചെയ്തിരുന്നു. പക്ഷേ, ആ സീനോ വേഷമോ പോലും നേരേ ചൊവ്വേ കണ്ടിരുന്നതായി ഓർമയില്ല.


സിനിമ പുറത്തിറങ്ങി അധിക നാളുകൾ കഴിയുന്നതിനു മുന്നേ, പാർവതി കൊച്ചുകുട്ടികളായി മകനെയും മകളെയും കൂടെകൂട്ടി ഹരിപ്പാടുള്ള അവളുടെ വീട്ടിലേക്ക് പോയി. പണവും പ്രതാപവുമുള്ള അവളുടെ വീട്ടുകാർ ബുദ്ധിമുട്ടൊന്നുമില്ലാതെ അവരെ സ്വീകരിച്ചു. ലതിക എന്ന കൊടുംലഹരിയിൽ ആറാടുമ്പോൾ, തുടർന്ന് നിയമപ്രകാരമുള്ള ബന്ധമൊഴിവിന് വഴങ്ങിക്കൊടുക്കാനും മടിയേതുമുണ്ടായില്ല. എന്നാൽ ഒരുനാൾ ലതിക പുതിയൊരു വമ്പൻ പണചാക്കായ നിർമാതാവിന്റെ കൂടെ പോയപ്പോൾ മനസ്സ് കാര്യമായിട്ടൊന്ന് നൊന്തു. ആദ്യമായി നഷ്ടങ്ങളുടെ ഭീകരത കുറച്ചെങ്കിലും മനസ്സിലായി. എങ്കിലും അതിനും അധികം മനസ്സ് കൊടുത്ത് സങ്കടപ്പെട്ടിരിക്കാനൊന്നും ഇടകൊടുത്തില്ല. പക്ഷേ, സിനിമ ഇനിയില്ല എന്നുറപ്പിച്ചു. ബാക്കിയുള്ള സ്വത്തും ബിസിനസുമൊക്കെയായി ജീവിതം മുന്നോട്ട് നീങ്ങി. ചങ്ങാതിമാർ ചുരുങ്ങി. എങ്കിലും കള്ളും ഇടക്കൊക്കെയുള്ള പെൺകൂട്ടുകളും ഒഴിവാക്കിയില്ല. പിന്നൊരു ഘട്ടത്തിൽ, എല്ലാം ഒഴിവായി. വല്ലപ്പോവും ഒരു സുഹൃത്ത് വഴി ലഭിക്കുന്ന നല്ല മിലിറ്ററി റം ഒഴികെ. പ്രായത്തിന്റെതായ ശാരീരിക ഏനക്കേടുകളെയും കണക്കിലെടുക്കണമല്ലോ. പക്ഷേ, ഒന്നുണ്ട്. അന്ന് എത്ര പൊള്ളിയെങ്കിലും ലതിക ഒരു നഷ്ടമായിരുന്നെന്ന് ഇന്നും മനസ്സ് പറയുന്നില്ല. സിനിമ എടുത്തതും പണം പോയതുമൊക്കെ മനസ്സിൽ തട്ടിയ കാര്യങ്ങളല്ല. അതെല്ലാം ഒരു ജഗപൊക. പക്ഷേ, ലതിക പകർന്ന് തന്ന സുഖത്തിന്റെ കൊടുമുടികൾ ഒട്ടും മായാതെ എന്നും മനസ്സിൽ. ഇവരീ കൊച്ചുപിള്ളോരോട് എന്തൊക്കെ നുണകളാണ് പറഞ്ഞു പിടിപ്പിക്കുന്നത്. പ്രഭാകരൻപിള്ള സാർ എന്ന വലിയ ചലച്ചിത്ര പ്രതിഭ! രാവിലെ, അലമാരിയിൽ ബാക്കിയുള്ള ശകലം റം അടിച്ചാലോ എന്നൊന്ന് ചിന്തിച്ചതാണ്. പിന്നെ വേണ്ടെന്ന് വച്ചു. അത് പിടിപ്പിച്ചിരുന്നെങ്കില്, ഇതൊക്കെ വെറും ഗുണ്ടുകളാണെന്ന് പറയാനുള്ള ഒരു എതം കിട്ടിയേനേ…ങാ, പക്ഷേ മറ്റൊന്നാലോചിച്ചാൽ ഇത് നന്നായി. അന്ന് നാട്ടിലൊക്കെ വലിയ നിലയും വിലയും സിനിമാ നിർമാതാവായാൽ ലഭിക്കും എന്നൊരു ചൂണ്ടക്കൊളുത്തും കൂടി പണമിറക്കിയതിന് പിന്നിലുണ്ടായിരുന്നല്ലോ. പക്ഷേ, ഒന്നും ഉണ്ടായില്ല. ഇപ്പോഴിങ്ങനെങ്കിലും അത് സംഭവിക്കട്ടെ….


ഒരു ഗംഭീര കയ്യടി കേട്ട് പ്രഭാകരൻ പിള്ള പരിസരത്തിലേക്ക് മടങ്ങിവന്നു. സുമേഷ്‌സാറിന്റെ പ്രസംഗം തീർന്നിരിക്കുന്നു. പ്രഭാകരൻപിള്ളയും ആ കയ്യടിയിൽ കൂട്ടുചേർന്നു. പ്രഭാകരൻപിള്ളയുടെ സമീപം കസേരയിൽ വന്നിരുന്ന സുമേഷ് സാർ ചോദിച്ചു, ”സാറെ, പറഞ്ഞതെല്ലാം ഓക്കെയായിരുന്നല്ലോ, അല്ലേ! എനിക്ക് കിട്ടിയ അറിവുകളൊക്കെ വച്ച് പറഞ്ഞതാണ്.” ”ഓ, ധാരാളം സാറേ”, പ്രഭാകരൻപിള്ള ചെറിയ ചിരിയോടെ പറഞ്ഞു. ഒപ്പം, ശരിയായ അറിവുകളൊക്കെ ഇയാൾ എവിടെ നിന്നെങ്കിലും ചികഞ്ഞെടുത്തിട്ട്, അത് മൂടിവച്ച് സംസാരിച്ചതാണോ എന്ന് ശങ്കയും തോന്നി. ”അടുത്തത് പൊന്നാടയണിക്കലാണ്”, ഹെഡ്മിസ്ട്രസ് ജലജകുമാരിയുടെ അറിയിപ്പ്. അതും ഭംഗിയായി തന്നെ നടന്നു. ജലജകുമാരി ടീച്ചറും സ്‌കൂൾ ലീഡർ നിഖിൽ ബാലകൃഷ്ണനും ചേർന്നാണ് പൊന്നാടയണിയിച്ചത്. അതിനൊപ്പം ആദരപത്രത്തിന്റെ ഫലകവും കൈമാറി. ”ഇനി നമ്മളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാകരൻപിള്ള സാറിന്റെ വാക്കുകളാണ്. അതിന്റെ കൂടെ നിങ്ങൾ സാറിനോട് ചോദ്യങ്ങളുമാകാം. എന്നാൽ, അതിനെല്ലാം മുന്നേ, മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്.” ഇത്രയും പറഞ്ഞിട്ട് ടീച്ചർ ചെറിയൊരു ഗുഢസ്മിതത്തോടെ പ്രഭാകരൻപിള്ളയെ നോക്കി. അയാളും വെറുതെയൊന്ന് ചിരിച്ചു. ടീച്ചർ തുടർന്നു, ”പ്രഭാകരൻപിള്ള സാറിന്റെ സിനിമയിൽ നമ്മുടെ മഹാനായ ഗാനരചയിതാവും കവിശ്രേഷ്ടനുമായ ശ്രീകുമാരൻ തമ്പി സാർ എഴുതിയ, മഹാനായ അർജുനൻ മാസ്റ്റർ ട്യൂൺ ചെയ്ത ഒരു മനോഹരമായ ഗാനമുണ്ട്. അത് പാടിയത് അമ്പിളി എന്ന ഗായികയായിരുന്നു. ആ പാട്ട് അക്കാലത്ത് എന്തുകൊണ്ടോ അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നാണ് അറിയുന്നത്. നമ്മുടെ സ്‌കൂളിലെ മിടുക്കിയായ കൊച്ചുകലാകാരി മീരാ ഗണേഷ് ഇപ്പോൾ ആ ഗാനം ഇവിടെ ആലപിക്കും.” ഇത്രയും പറഞ്ഞ് ഒന്നു നിർത്തിയിട്ട് ടീച്ചർ പ്രഭാകരൻപിള്ളയോടായി പറഞ്ഞു, ”മീര കലോത്സവങ്ങളിൽ പാട്ടിന് ഒത്തിരി സമ്മാനങ്ങൾ വാങ്ങുന്ന കുട്ടിയാണ്. കേട്ടോ സാറേ, സാറ് ഇനീം സിനിമയെടുക്കുകയാണേൽ മീരക്ക് ഒരു ചാൻസ് കൊടുക്കണേ…”


കുഴിയിലോട്ട് കാല് നീട്ടിയിരിക്കുന്ന തന്നെ ഇവർ കളിയാക്കുകയാണോ അതോ നിഷ്‌കളങ്കമായി പറയുന്നതാണോ എന്ന് ഒരു നിമിഷം പ്രഭാകരൻപിള്ള ചിന്താക്കുഴപ്പത്തിലായി. എങ്കിലും ടീച്ചറിന്റെ വാക്കുകൾ വരവ് വച്ചു എന്ന മട്ടിൽ ഒന്ന് തലകുലുക്കി ചിരിച്ചു. കുട്ടികളുടെ കൂട്ടത്തിൽ നിന്ന് മീര ഗണേഷ് എന്ന പെൺകുട്ടി എഴുന്നേറ്റ് മുന്നോട്ട് വന്നു. കൗതുകത്തോടെ പ്രഭാകരൻപിള്ള കുട്ടിയെ നോക്കി. അതിസുന്ദരിയുമൊന്നുമല്ലെങ്കിലും ആകർഷണം തോന്നുന്ന മുഖവും രൂപവും ഉള്ള കൗമാരക്കാരിയാണ്. പെൺകുട്ടി പ്രഭാകരൻപിള്ളയുടെ കാലുകൾക്ക് മുന്നിൽ നന്നായി കുനിഞ്ഞ് പാദനമസ്‌കാരം നടത്തി. ഒന്ന് അമ്പരന്ന് പ്രഭാകരൻപിള്ള വേഗം കുട്ടിയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. പ്രായം എഴുപ്പത്തിയഞ്ചടുക്കാറായിട്ടും തന്റെ ജീവിതത്തിൽ ഇന്നേവരെ ഒരിക്കലും ഇങ്ങനെയൊരു സന്ദർഭം ഉണ്ടായിട്ടേ ഇല്ല എന്ന് അയാൾ അത്ഭുതത്തോടെ ഓർത്തു. മീര പാടിത്തുടങ്ങി. സിനിമയിൽ ഒരു മാരകരോഗത്തിനടിപ്പെട്ട യുവതിയായ അമ്മ തന്റെ കൊച്ചുമകളെ താരാട്ട് പാടിയുറക്കുന്ന രംഗത്തിലെ പാട്ടാണിത്. പ്രഭാകരൻപിള്ളക്ക് വളരെ സാമാന്യമായ ആസ്വാദനത്തിനപ്പുറം സംഗീതബോധമില്ല. എന്നാൽ, ഏതാനും വരികൾ പിന്നിട്ടതും പെൺകുട്ടിയുടെ ആലാപനം അതിവിശിഷ്ടമായ ഒന്നാണെന്ന് അയാളുടെ ഹൃദയം പറഞ്ഞു. എത്രയോ കാലമായി ഈ പാട്ട് കേട്ടിട്ട്! എന്നാൽ പണ്ട് കേട്ടതിനേക്കാളുമപ്പുറത്തൊരു തലത്തിലാണ് മീര അത് ആലപിക്കുന്നത്. പാട്ടിൽ ലയിച്ചിരിക്കവെ തന്നെ, പ്രഭാകരൻപിള്ള സാറിന് ഒരോർമവന്നു. ശ്രീകുമാരൻതമ്പി സാറും അർജുനൻ മാസ്റ്ററും കടുത്തി തിരക്കിൽ നിൽക്കുന്ന കാലമാണ്. സിനിമയിൽ മറ്റു പാട്ടുകളൊക്കെ സംവിധായകന്റെ സുഹൃത്തുക്കളായ നവാഗത ഗാനരചയിതാവും സംഗീതസംവിധായകനുമാണ് ഒരുക്കുന്നത്. എങ്കിലും ഒരു പാട്ടെങ്കിലും തമ്പിസാറും അർജുനൻമാസ്റ്ററും ചേർന്നൊരുക്കണമെന്ന് സംവിധായകൻ അതിയായി മോഹിച്ചു. അങ്ങെയാണ്, ഏറെ ശ്രമപ്പെട്ട് ഈ പ്രത്യേക താരാട്ട് പാട്ട് അവരെക്കൊണ്ട് തയ്യാറാക്കിച്ചത്. പാട്ട് കമ്പോസ് ചെയ്യുന്ന ദിവസം. തമ്പിസാർ പാട്ട് തലേന്നേ എഴുതി വച്ചിരുന്നു. രാവിലെ മദിരാശിയിലെ ഹോട്ടൽ മുറിയിൽ തമ്പിസാർ എത്തും. തുടർന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽവച്ചുതന്നെ അർജുനൻ മാസ്റ്റർ പാട്ട് ചിട്ടപ്പെടുത്തും. തമ്പിസാറിന്റെ കാർക്കര്യത്തെക്കുറിച്ചും ചിട്ടകളെക്കുറിച്ചും മുന്നേ നല്ല ധാരണകൾ കിട്ടിയിരുന്നതിനാൽ, തലേന്ന് തന്നെ കള്ള് ഒഴിവാക്കി വളരെ ഭയഭക്തി ബഹുമാനത്തോടെ അങ്ങോട്ടേക്ക് തന്റെ ഹോട്ടൽ മുറിയിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. കുളി കഴിഞ്ഞ് വസ്ത്രം മാറാൻ തുടങ്ങുമ്പോഴാണ്, മുറിയിലെ ഫോൺ ശബ്ദിച്ചത്. പാർവതിയായിരുന്നു അങ്ങേ തലക്കൽ. കടുത്ത പരിഭ്രാന്തി നിറഞ്ഞ സ്വരത്തിൽ അവൾ അറിയിച്ചു. ദേവിമോൾക്ക് പനി കൂടി ന്യൂമോണിയയായിരിക്കുന്നു. ഇടയ്ക്കിടെ ബോധം മറയുന്നുണ്ട്. വേഗം നാട്ടിലെത്തണം. പക്ഷേ മറുപടിയും മറ്റൊരു തരത്തിൽ കടുത്തതായിരുന്നു. അന്നത്രയ്ക്ക് തോന്നിയില്ലെങ്കിലും. ഏറ്റവും നല്ല ചികിത്സതന്നെ കൊടുക്കാനുള്ള എല്ലാ സൗകര്യവും അവിടെ ഉണ്ടല്ലോ. പണത്തിന്റെ കാര്യത്തെക്കുറിച്ച് വിഷമിക്കാനേയില്ല. പിന്നെ, അങ്ങോട്ട് വരുകയാന്ന് പറഞ്ഞാൽ കുറഞ്ഞത് നാലഞ്ച് ദിവസമെങ്കിലും കഴിയണം. സിനിമയുടെ അത്യാവശ്യ കാര്യങ്ങൾ മദിരാശിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ നിന്ന് മാറി നിൽക്കാനേ പറ്റില്ല. പറയാനാവാത്ത കാര്യവും ഉണ്ടായിരുന്നു.


ആ ഒരു ദിവസം കൊണ്ട് പാട്ടിന്റെ കംമ്പോസിംഗ് കഴിയും. പിന്നെ അടിയന്തര കാര്യങ്ങളൊന്നുമില്ല. പക്ഷേ, മറ്റൊരടിയന്തരം ഉണ്ടായിരുന്നു. പിറ്റേന്ന് മുതൽ മഹാബലിപുരത്ത് ഒരു റിസോർട്ടിൽ മൂന്നു ദിവസത്തേക്ക് മുറി ബുക്ക് ചെയ്തിരിക്കുകയാണ്. ലതികയുമൊത്ത് മൂന്ന് പകലും രാത്രിയും. കണ്ടതിൽ പിന്നെ ഇത്രയും സ്വതന്ത്രമായി ഉല്ലസിക്കാൻ ആദ്യമായി ഒത്തുവന്ന സന്ദർഭം. മകളുടെ രോഗമൂർച്ഛയൊക്കെ അതിനുമുന്നിൽ നിസ്സാരമായിരുന്നു. പിന്നീട് രോഗം മാറിയെന്നറിഞ്ഞപ്പോൾ ആ നിസ്സാരഭാവം എത്ര ശരിയെന്നും തോന്നിയിരുന്നു. ”നിങ്ങള് അവളുടെ അച്ഛനാണോ” പാർവതിയുടെ പൊട്ടിത്തെറിക്കലും വലുതായി ഗൗനിച്ചില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ഭീകരമായ അകൽച്ചയുടെ ആരംഭം കുറിച്ച ദിവസമായിരിക്കണം അത്…. ഇത്ര മനോഹരമായിരുന്നോ ആ ഗാനം! മനോഹരം എന്നല്ല, ഹൃദയത്തിൽ കൊളുത്തി വലിക്കുന്നത് പോലെയൊരു അനുഭവം. ഒരു പാവം അമ്മയും കുഞ്ഞുമകളും അവരുടെ ദുരന്തവും സ്‌നേഹവുമെല്ലാം നിറഞ്ഞുനിൽക്കുന്ന വരികളും അതിനെ തലോടുന്ന ഈണവും ഈ മിടുക്കി പെൺകുട്ടിയുടെ ദിവ്യമായ ശബ്ദത്തിൽ പ്രഭാകരൻപിള്ളയെ താൻ ഇതേവരെ അറിഞ്ഞിട്ടില്ലാത്ത, എന്തെന്ന് പറയാനാവാത്ത ഏതോ വികാരങ്ങളിലേക്ക് കൊണ്ടുപോകുകയാണ്…. പാട്ട് നിലച്ചിരിക്കുന്നു. നിറഞ്ഞ കയ്യടി ആ തളത്തിൽ മുഴങ്ങി. വളരെ പ്രിയപ്പെട്ട ഒന്ന് പെട്ടെന്ന് മുറിഞ്ഞുപോയത്  പോലെയുള്ള സങ്കടത്തോടെ ഒന്നുരണ്ടു നിമിഷങ്ങൾ പ്രഭാകരൻപിള്ള ഇരുന്നെങ്കിലും പിന്നെ അയാളും കൈയടിച്ചു. ഒരുപക്ഷേ, മറ്റാരേക്കാളും ഹൃദയം നിറഞ്ഞ്. വീണ്ടും ജലജകുമാരി ടീച്ചറുടെ വാക്കുകൾ കടന്നുവന്നു. ”നമ്മുടെ മീര ഗംഭീരമായി പാടി. അല്ലേ… പ്രഭാകരൻ പിള്ള സാറിനും നന്നായി ഇഷ്ടപ്പെട്ടു എന്ന് തന്നെ തോന്നുന്നു.”


ടീച്ചറെ നോക്കി അയാൾ ആത്മാർത്ഥമായി തല കുലുക്കി അത് ശരിവച്ചു. ”സാറേ, ഇനി ഒരു കാര്യം കൂടി ഈ പാട്ടിനെക്കുറിച്ച് പറയാനുണ്ട്…. ഈ പാട്ട് ഞങ്ങളാരും കുറച്ച് കാലം മുമ്പുവരെ കേട്ടിട്ടില്ലാരുന്നു… ഏകദേശം രണ്ടരവർഷം മുന്നേ, മീരയുടെ അമ്മ വൽസലക്ക് കാൻസർ ആണെന്ന് കണ്ടുപിടിച്ചു. പക്ഷേ, അപ്പോഴേക്ക് വളരെ വൈകിപ്പോയിരുന്നു എന്നാണ് ഡോക്‌ടേഴ്‌സ് പറഞ്ഞത്. വത്സല പാട്ട് വളരെ ഇഷ്ടമുള്ള കൂട്ടത്തിലാരുന്നു. മീരക്ക് പാടാൻ നല്ല ടാലന്റ് ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ, അവളെ അതിനായി പഠിപ്പിക്കാനും മൽസരങ്ങൾക്ക് ഒക്കെ അയക്കാനും അവർക്ക് വല്യ ഉത്സാഹമായിരുന്നു. അസുഖം കടുത്തതാണെന്ന് അറിഞ്ഞിട്ടും വേദനയിൽ കഷ്ടപ്പെടുമ്പോഴും വൽസലയ്ക്ക് പാട്ടുകളോടുള്ള ഇഷ്ടം കുറഞ്ഞില്ല എന്നു മാത്രമല്ല, ഒരുപക്ഷേ ആ ഇഷ്ടമാണ് അവരെ അതെല്ലാം ഒത്തിരി സഹിക്കാനും കൂടി സഹായിച്ചത്. യുട്യൂബിൽ നിന്ന്, അവർ ധാരാളം പഴയ പാട്ടുകൾ കേൾക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ്, ഒരുനാൾ വൽസലക്ക് അതിൽനിന്ന് ഈ താരാട്ട് പാട്ട് കിട്ടുന്നത്. ആ പാട്ട് വൽസലക്ക് അതോടെ വളരെ പ്രിയപ്പെട്ടതായി. അവർ മീരയെ ഈ പാട്ട് പഠിപ്പിക്കുകയും ചെയ്തു… പിന്നെ പലപ്പോഴും വൽസല ഉറക്കം വരാതെ കിടക്കുമ്പോൾ മീരയെക്കൊണ്ട് ഈ പാട്ട് പാടിച്ച് അത് കേട്ടാണ് കണ്ണടച്ചിരുന്നത്…” പ്രഭാകരൻ പിള്ള മീരയെ നോക്കി. അവൾ കരയുന്നുണ്ടായിരുന്നില്ല. പക്ഷേ, കരച്ചിലനുമപ്പുറത്ത് ഏതോ ഭാവത്തിൽ അവളുടെ മുഖം കുതിർന്നിരുന്നത് പോലെ തോന്നി. തന്റെ കണ്ണുകളിൽ നനവ് പൊടിയുന്നുണ്ടെന്നും അയാൾ അറിഞ്ഞു. ”….. പിന്നെ… ഒരു വർഷം മുന്നേ വൽസല പോയി. അവർ ജീവിച്ചിരുന്നപ്പോഴേ മീരയോട് പറഞ്ഞിരുന്നു. മോള് പോയാലും പാടണം. അങ്ങനെ പല വേദികളിലും മീര ഇത് പാടി. പിന്നെ, ഏതാനും ദിവസങ്ങൾക്ക് മുന്നേയാണല്ലോ പ്രഭാകരൻപിള്ള സാറിനെക്കുറിച്ച് ഞങ്ങൾ സുരേഷ് സാറിന്റെ സുഹൃത്ത് മുഖേന മനസ്സിലാക്കുന്നത്. ‘കൈത്തോട്’ എന്ന സിനിമയെക്കുറിച്ചും കേൾക്കുന്നു. ആ സിനിമയിലെ പാട്ടാണെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിലും അത് സാറിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത ഒരൽഭുതമായി. എല്ലാം എന്തോ ഒരു നിയോഗം പോലെ… ”ങാ, ഇനി നമുക്ക് പ്രഭാകരൻപിള്ള സാറിന്റെ വാക്കുകൾ കേൾക്കാൻ സമയമായി”, ടീച്ചർ പ്രഭാകരൻപിള്ളയെ ക്ഷണിക്കുന്ന ഭാവത്തിൽ നോക്കി. മീരയുടെ പാട്ടും ശേഷം ജലജാകുമാരി ടീച്ചറുടെ സംസാരവും കേട്ടതോടെ പ്രഭാകരൻപിള്ള വേറെന്തൊക്കെയോ കാണുകയായിരുന്നു, കേൾക്കുകയായിരുന്നു. പരിസരമേ മറന്ന മട്ടിൽ അയാൾ ടീച്ചറുടെ ക്ഷണം വന്നിട്ടും അനങ്ങാതെ ഇരുന്നു. ഏതാനും നിമിഷങ്ങൾ അങ്ങനെ ഇഴഞ്ഞതോടെ, സുമേഷ് സാർ പ്രഭാകരൻപിള്ളയുടെ കൈയിൽ ഒന്നുതൊട്ടുകൊണ്ട് വിളിച്ചു, ”ഇനി സാറ് ഒരു മറുപടി പറയുന്നത് കേൾക്കാനായി എല്ലാവരും കാത്തിരിക്കുകയാണ്… ങാ, സാറിനിഷ്ടം പോലെ നിന്നോ ഇരുന്നോ ആകാം.” ”ഓ, ശരി”, പ്രഭാകരൻപിള്ള കസേരയിൽ നിന്ന് എഴുന്നേൽക്കും. അയാൾ ചുറ്റിനും ഒന്ന് നോക്കി. എല്ലാ കണ്ണുകളും തന്നിലേക്ക് മാത്രം നീണ്ടിരിക്കുകയാണ്. മീരയും വിടർന്ന മിഴികളോടെ തന്നെ നോക്കിയിരിക്കുകയാണ്. അയാൾ കൈകാട്ടി അവളെ വിളിച്ചു.


”കുഞ്ഞേ… ഒന്നിങ്ങ് വന്നേ.” മീര അമ്പരപ്പോടെ അയാളെ നോക്കി. പിന്നെ അധ്യാപകരുടെ മുഖത്തേക്കും. ”മീര, വരൂ”, ജലജാകുമാരി ടീച്ചറും അവളെ വിളിച്ചു. അമ്പരപ്പ് മാറാതെ മീര പ്രഭാകരൻപിള്ളയുടെ മുന്നിലെത്തി. പ്രഭാകരൻപിള്ള നടുവൊന്ന് വളച്ച് മീരയുടെ മുമ്പിൽ തല കുമ്പിട്ട് അവളുടെ പാദങ്ങളിൽ കൈ തൊടാനായി ആഞ്ഞു. എന്നാൽ പ്രായം ചെന്ന സന്ധികളുടെ പിടിത്തം അയാളെ നന്നായി കുനിയുന്നതിൽ നിന്ന് തടസപ്പെടുത്തി. അടുത്ത നിമിഷം പ്രഭാകരൻപിള്ള പിന്നിലോട്ട് ഏതാനും ചുവടുകൾ വച്ചശേഷം, തന്റെ ശരീരം പൂർണമായി മുറിയിലെ തറയോടുകളിലേക്ക് അമർത്തി. ഇപ്പോൾ അയാളുടെ മുഖം മീരയുടെ പാദങ്ങളോട് ചേർന്നിരുന്നു. അയാളുടെ രണ്ട് കൈകളും അവളുടെ പാദങ്ങൾക്ക് മേലേ കൂപ്പുകരങ്ങളായി ഉയർന്നു. അധ്യാപകരുടെയും മീരയുടെയും ഞെട്ടലും അത്ഭുതവും കലർന്ന ശബ്ദങ്ങളോ സുനന്ദയുടെ ”അയ്യോ പ്രഭകൊച്ചാട്ടാ” എന്ന വിളിയോ അയാൾ കേൾക്കുന്നുണ്ടായിരുന്നില്. പ്രഭാകരൻപിള്ള മീരയുടെ പാദങ്ങളിൽ മുഖം അർപ്പിച്ച് ഇടറിയ ശബ്ദത്തിൽ പറഞ്ഞു, ”മാപ്പ്… എനിക്ക് മാപ്പ് തരണേ.” അയാൾ ചെയ്യുന്നതോ പറയുന്നതോ അവിടെ ആർക്കും തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്നാൽ, മുറിയുടെ ചുവരിൽ തൂക്കിയിരുന്ന, പൊടിയും ചുക്കിലിയും മൂടിയ, വക്കുകൾ പൊട്ടിയിരുന്ന ചട്ടത്തിനുള്ളിൽ വച്ചിരുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു ഛായാ ചിത്രത്തിലുള്ള ചെറുപ്പമായ പ്രഭാകരൻപിള്ളക്ക് ഒപ്പം നിൽക്കുന്ന ഒരു യുവതിയായ അമ്മയും കൊച്ചുപെൺകുട്ടിയും കൊച്ച് ആൺകുട്ടിയും എന്തോ മനസ്സിലായതുപോലെ തലയാട്ടി.