കേരളത്തിലെ തൊഴിലിടങ്ങൾ നിർമിക്കുന്ന ‘പുതിയ മലയാളി’ – ഡോ.പ്രസാദ്. ആർ
കേരളത്തിന്റെ സവിശേഷമായ പ്രവാസചരിത്രത്തിനു പുതിയ അധ്യായം കുറിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ആരാണ്? ഭാവികേരളത്തിൽ എന്തു പ്രസക്തിയാണ് ഇവർക്കുള്ളത്? കേരളത്തിലെ പൊതുസമൂഹത്തിനും സർക്കാരിനും ഇവരോടുള്ള സമീപനം എന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഇതരസംസ്ഥാന തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ ദീര്‍ഘകാലം ഗവേഷണം നടത്തിയ ലേഖകൻ.
കേരളീയ ജനതയുടെ ചരിത്രം എന്നത് കുടിയേറ്റങ്ങളുടെ ചരിത്രമാണ്. സ്വാതന്ത്ര്യേതര ഇന്ത്യയിൽ ഉപജീവനത്തിനായി മലയാളി നടത്തിയ ദേശീയവും അന്തർദേശീയവുമായ കുടിയേറ്റങ്ങളാണ് ‘കേരള വികസന മാതൃക’യ്ക്ക് ഊർജമേകിയത്. ഇന്നും അത് തുടർന്നു കൊണ്ടിരിക്കുന്നു. സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 36.3ശതമാനവും ആശ്രയിക്കുന്നത് പ്രവാസി മേഖലയെയാണ്. കോവിഡ് കാലഘട്ടത്തിൽ ആഗോളതലത്തിൽ വന്ന നിയന്ത്രണങ്ങൾ വെല്ലുവിളി സൃഷ്ടിച്ചുവെങ്കിലും കേരളജനതയുടെ തൊഴിൽതേടിയുള്ള പലായനം തുടരുന്നു. അതായതു ഘടനാപരമായിത്തന്നെ പ്രവാസിയും പ്രവാസിവരുമാനവും കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഉയർന്നുവരുന്ന ആശ്രിത ജനവിഭാഗങ്ങളുടെ വളർച്ച, സാക്ഷരവിഭാഗങ്ങളുടെ തൊഴിലില്ലായ്മ, കേരളീയ യുവത്വത്തിന് ബ്ലൂ കോളർ തൊഴിലുകളോടുള്ള താത്പര്യക്കുറവ് തുടങ്ങിയവ അവിദഗ്‌ധ തൊഴിൽ മേഖലകളിൽ ‘ലേബർ ഗാപ്’ സൃഷ്ടിച്ചു. അതിനു പരിഹാരമായി ഒരു ‘റീപ്ലേസ്‌മെന്റ് ലേബർ’ എന്നുള്ള നിലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ തൊഴിലിടങ്ങളിലേക്കു ചേക്കേറിയിരിക്കുന്നു. ഔദ്യോഗിക പഠനങ്ങൾപ്രകാരം ഏതാണ്ട് ഇരുപത്തഞ്ചു ലക്ഷം തൊഴിലാളികൾ കേരളത്തിൽ ഉണ്ട്. ഇവർ എതാണ്ട് തുല്യമായ പ്രവാസി ജനസംഖ്യക്ക് പകരമാകുന്നു. ഒരു ‘ഫ്‌ളോട്ടിങ് ജനവിഭാഗം’ ആയിട്ടാണ് ഇവർ കേരളത്തിൽ തൊഴിൽചെയുന്നത്. നിർമാണ മേഖലയിൽ ഉണ്ടായവളർച്ച, കൂലിപ്പണികൾക്കു മറ്റു സംസ്ഥാനങ്ങളിൽവച്ച് ഏറ്റവും കൂടുതൽ വേതനം, തുടങ്ങിയവ ഇതരസംസ്‌ഥാന തൊഴിലാളികളുടെ വർധിച്ച ഒഴുക്കിനുകാരണമായി. കായികാധ്വാനം ആവശ്യമായ തൊഴിലുകൾക്കു ഇവർ ‘അത്യന്താപേക്ഷിതമായ തൊഴിലാളി’ വിഭാഗമാണ്. ഗ്രാമ-നഗര വ്യത്യാസമോ തൊഴിൽ രംഗത്തെവ്യത്യാസമോ ഇല്ലാതെ കേരളത്തിലെ എതൊരു കോണിലും ഇന്ന് ഇതരസംസ്ഥാന തൊഴിലാളിയെ കാണാൻ കഴിയും.
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളി സാന്നിധ്യത്തിന്റെ ക്രമം വ്യക്തമല്ല. നിലവിലെ പഠനങ്ങൾ പ്രകാരം, കൊളോണിയൽ കാലഘട്ടത്തിനു മുൻപുതന്നെ കേരളത്തിൽ മറ്റു സംസ്ഥാനക്കാരായ ജനവിഭാഗങ്ങളുടെ സാന്നിധ്യം കാണുവാൻ കഴിയും. കൊങ്കണി, പട്ടർ ബ്രഹ്മിൻസ്, കച്ചവട സംഘങ്ങളായ ഗുജറാത്തി, സിന്ധി, ചെട്ടി തുടങ്ങിയവർ കേരളത്തിലെ ശക്തമായ വിഭാഗങ്ങൾ ആയിരുന്നു. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ തോട്ടംമേഖല വികസിച്ചപ്പോളാണ് വലിയതോതിൽ മദ്രാസ് പ്രവിശ്യയിൽ നിന്നു തൊഴിലാളികളെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഈ മേഖലയിൽ ഇന്നും ഇവരുടെ സാന്നിധ്യമാണ് കൂടുതലായി കാണാൻ കഴിയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തുടക്കത്തിൽ മലയാളി പുറംനാടുകളിലേക്കും രാജ്യങ്ങളിലേക്കും പലയാനം ചെയ്യാൻതുടങ്ങിയതോടുകൂടി പ്രവാസി വരുമാനത്തിന്റെ ഒഴുക്ക് കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വളർച്ചയ്ക്ക് പ്രചോദനമേകാൻ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഗൾഫ് നാടുകളിലേയ്ക്ക് വലിയതോതിൽ തൊഴിൽതേടിയുള്ള കുടിയേറ്റം ആരംഭിച്ചു. ഇതിനോടൊപ്പം കേരളത്തിലെ വിദ്യാഭ്യാസരംഗം വലിയ വളർച്ച കൈവരിക്കുകയും പ്രൊഫഷണൽ തൊഴിലുകളിലേയ്ക്ക് മലയാളി ചേക്കേറാൻ തുടങ്ങുകയും ചെയ്തു. അവിദഗ്ദ്ധതൊഴിൽ മേഖലയിൽ ഉയർന്നുവന്ന തൊഴിലാളിബോധം കേരളത്തിലെ നിക്ഷേപ സാധ്യതകൾക്ക് മങ്ങൽ ഏല്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചുഷണം ചെയ്യപ്പെടാനും കുറഞ്ഞ വേതനത്തിൽ തൊഴിൽ ലഭ്യമാക്കാനും ഉതകുന്ന ഒരു തൊഴിലാളി വിഭാഗം എന്ന നിലയിൽ വിവിധ മേഖലകളിലേയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിലേയ്ക്ക് എത്തിക്കാൻ തുടങ്ങിയത്. ആദ്യകാലങ്ങളിൽ ദക്ഷിണേന്ത്യൻ തൊഴിലാളികളാണ് കൂടുതലായി ഉണ്ടായിരുന്നത് പിന്നീടതു ഉത്തരേന്ത്യൻ തൊഴിലാളികളായിമാറി. നിർമാണ മേഖലയിലേയ്ക്ക് പ്രത്യേകിച്ച് കെട്ടിട നിര്‍മാണം, പ്ലൈവുഡ് നിര്‍മാണം തുടങ്ങിയ മേഖലകളിലേക്കാണ് ഇവരെ ആദ്യകാലങ്ങളിൽ വലിയ തോതിൽ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. ഒഡിഷ, അസം, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എറ്റവും പിന്നാക്കം നില്ക്കുന്ന ഗ്രാമങ്ങളിൽ നിന്നുമാണ് ഇവർ വരുന്നത്. ഉദാഹരണത്തിന് പശ്ചിമബംഗാളിൽ നിന്നു വരുന്ന ഭൂരിഭാഗം തൊഴിലാളികളും മുർഷിദാബാദ് ജില്ലക്കാരാണ്. ഈ പ്രദേശം വികസന സൂചികകളിൽ ഇന്ത്യയിലെതന്നെ പിന്നാക്ക പ്രദേശമാണ്. തൊഴിലിന്റെ സ്ഥിരത ഇല്ലായ്മയും കുറഞ്ഞ കൂലിയും ഇവരെ തങ്ങളുടെ നാട്ടിൽ നിന്നു പുറത്തു പോകാൻ പ്രേരിപ്പിക്കുന്നു. ഗുജറാത്ത്, ന്യൂഡൽഹി, പഞ്ചാബ്, തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കും പലായനം ചെയ്യുന്നുണ്ടെങ്കിലും ഉയർന്ന വേതനവും കൂടുതൽ തൊഴിൽലഭ്യതയും ഈ സംസ്ഥാനങ്ങളെക്കാൾ തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്നു. ഇവരെയാണ് മലയാളി ‘ഹിന്ദിക്കാരൻ’ ‘ഭായി’ ‘ബംഗാളി’ തുടങ്ങിയ പേരുകളിൽ അടയാളപ്പെടുത്തുന്നത്. ഇവർ മലയാളിയുടെ തൊഴിലാളി ദൗർലഭ്യതയ്‌ക്കു പരിഹാരമായിത്തീർന്നിരിക്കുന്നു.
പൊതുവിൽ രണ്ടു തരത്തിലാണ് ഇവർ കേരളത്തിലേയ്ക്കെത്തുന്നത്. ഒന്നാമത്തെ കൂട്ടർ, കോൺട്രാക്ടർമാർ വഴി ഒരു കമ്പനിയിലേയ്ക്ക് നിയമിക്കപ്പെടുന്നു. ഇവരുടെ കാര്യത്തിൽ സാധാരണയായി യാതൊരു തരത്തിലുമുള്ള തൊഴിൽനിയമങ്ങളും പാലിക്കപ്പെടാറില്ല. കേരളത്തിലെ പ്രധാന നിർമാണ മേഖലയായ എറണാകുളത്തെ ടെക്സ്‌റ്റൈൽ കമ്പനികളിലേയ്ക്ക് തൊഴിലാളികളെ എത്തിക്കാൻ ജാർഖണ്ഡിൽ നിന്നും ആസ്സാമിൽ നിന്നും റിക്രൂട്ടിങ്ങ് ഏജൻസികൾ ഉണ്ട്. യുവതികൾ ഉൾപ്പെടെയുള്ളവരെ കൃത്യമായ പരിശീലനം നൽകിക്കൊണ്ട് കേരളത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു. ഇവർ നേരിടുന്ന തൊഴിൽപ്രശ്നങ്ങളെയും ചൂഷണങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ അനവധിയാണ്. കൃത്യമായ തുക ഈടാക്കിക്കൊണ്ടു താമസവും ഭക്ഷണവും കമ്പനി ലഭ്യമാക്കുന്നു. ഇത്തരം പരിതസ്ഥിതികളിൽ കഴിയുന്ന തൊഴിലാളികൾ പൂർണമായും കമ്പനികളുടെ നിരീക്ഷണത്തിലാണ്. ഇവർക്കു പുറംലോകവുമായിട്ടുള്ള ഇടപെടലുകൾക്ക് അവസരം ചുരുക്കമാണ്. രണ്ടാമത്തെ വിഭാഗം, സ്വമേധയാ കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്നവരാണ്. പൊതുവിൽ ഇത്തരക്കാർ തങ്ങളുടെ ബന്ധുമിത്രാതികളുടെ സഹായം പ്രയോജനപ്പെടുത്തുന്നു. ഇവരാണ് നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും മുറികൾ വാടകയ്‌ക്കെടുത്ത് കൂട്ടമായി താമസിക്കുന്നത്. തൊഴിലാളി ചന്തകളിൽ നിന്നും കേരളീയരുമായി സ്ഥാപിക്കുന്ന സൗഹൃദത്തിൽ നിന്നും ഇക്കൂട്ടർ തൊഴിലുകൾ കണ്ടെത്തുന്നു. കേരളീയരുമായി ഏറ്റവും ഇടപഴകി ജീവിക്കുന്നത് ഇവരാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ തൊഴിലാവശ്യങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം കേരളീയന്റെ നിത്യ ജീവിതത്തിത്തിന്റെ ഭാഗവുമായി മാറുന്നു.
തൊഴിലാളിവർഗം എന്നതിലുപരി വൈവിധ്യമാർന്ന സാമൂഹിക സാംസ്‌കാരിക സവിശേഷതകൾ ഉൾകൊള്ളുന്ന ഒരു വംശമാണവർ. കുടുംബങ്ങളായിപ്പോലും വലിയതോതിൽ കേരളത്തിൽ താമസിക്കുന്നു. കുറഞ്ഞകാലംകൊണ്ട് കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ഇടങ്ങളിലേയ്ക്കും ചേക്കേറിയിരിക്കുന്നു. കേരള ജനതയ്ക്കു ഇന്നിവർ വെറും ഒരു തൊഴിലാളി അല്ല. ഒരു സഹപാഠിയും സുഹൃത്തും സഹോദരനും കുടുംബക്കാരനും ഒക്കെയായി മാറിയിരിക്കുന്നു. ഇതര സംസ്ഥാനത്തൊഴിലാളികൾ ആയിവന്നു മലയാളിയെ വിവാഹംകഴിച്ചു കുടുംബമായി ജീവിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. തൊഴിലാളികൾ തിങ്ങിപാർക്കുന്ന പ്രദേശങ്ങൾക്ക് ചുറ്റും ഇവർക്കായി ഇടങ്ങൾ ഒരുങ്ങുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പ്രദേശത്തു ഞായറാഴ്ചകളിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ രുചികൾക്കനുസൃതമായി പരിവർത്തനം ചെയപെടുന്ന ‘ഗാന്ധി ബസ്സാർ’ ഇതിനു ഉദാഹരണമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ഇത്തരം ഇടങ്ങൾ രൂപം കൊള്ളുന്നു. ഒപ്പംതന്നെ ഇവർക്കായി പ്രത്യേക പാർപ്പിടങ്ങളും രൂപപ്പെടുന്നു. ഒരു മുറിയിൽത്തന്നെ പത്തും ഇരുപതും തൊഴിലാളികളെ വരെ താമസിപ്പിക്കാൻ പറ്റുന്ന ‘ലൈൻ കെട്ടിടങ്ങൾ’ ഇവർ തിങ്ങിപാർക്കുന്ന ഇടങ്ങളിൽ സർവ സാധാരണമാകുന്നു.
കുടുംബമായി വന്നു താമസിക്കുന്ന തൊഴിലാളികൾ അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കേരളത്തിലെ സ്കൂളുകൾ പ്രയോജനപ്പെടുത്തുന്നു. മക്കളുടെ നല്ല വിദ്യാഭ്യാസത്തിനായി മാത്രം കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടുവന്ന തൊഴിലാളികളും ഉണ്ട്. ഇവർ കേരളത്തിലെ പല വിദ്യാലയങ്ങളിലും പഠിച്ചു ഉന്നതവിജയം കരസ്ഥമാക്കുകയും പലരും വാർത്തകളിൽ നിറയുകയും ചെയ്യുന്നു. മലയാളം സംസാരിക്കുന്ന മലയാളം എഴുതുന്ന ഒരു മലയാളിയായി രൂപം കൊള്ളുന്നു. ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളെ ലക്ഷ്യംവച്ച് വിദ്യാഭ്യാസ വകുപ്പു നടപ്പിലാക്കികൊണ്ടിരിക്കുന്ന ‘റോഷ്‌നി’ പദ്ധതി ഇത്തരം കുട്ടികളെ കേരളത്തിലെ സ്കൂളുകളിലേയ്ക്ക് എത്തിക്കുക വഴി അവർക്കു സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ ശ്രമിക്കുന്നു. ഇതുവഴി ഭാഷാപരമായും സാംസ്കാരികപരമായും ഒരു മലയാളി വത്കരണത്തിനു വിധേയമാക്കപ്പെടുന്നു. തൊഴിലാളികൾതന്നെ മലയാളം ഭാഷയോടും കേരള സംസ്കാരത്തോടും ആഭിമുഖ്യം പുലർത്തുന്ന കാഴ്ചകൾ പുതുമയല്ലാതായിരിക്കുന്നു. മലയാളം സംസാരിക്കുന്ന മലയാളം പാട്ടുകൾ പാടുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയയിലും തരംഗമാകുന്നു. മലയാളചലച്ചിത്രങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളി കഥാപാത്രങ്ങൾ കടന്നുവരുന്നു, തൊഴിലാളികൾ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അങ്ങനെ ഒരു ചുരുങ്ങിയ കാലഘട്ടം കൊണ്ട് കേരളീയന്റെ നിത്യജീവിതത്തിൽ ഒരു തൊഴിലാളി എന്നതിലുപരിയായി ഇവർ പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന്റെ തലങ്ങൾ കേരളത്തിൽ മാത്രമല്ല ഇവരുടെ ജന്മനാടുകളിലും പ്രതിഫലിക്കുന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ചിലഗ്രാമങ്ങളിൽ കേരളത്തിൽ പണിയെടുക്കുന്ന തൊഴിലാളികളെ ‘കേരളപാർട്ടി’ എന്നാണ് വിളിക്കുന്നത്. പുറംനാടുകളിലേയ്ക്ക് കേരളീയൻ നടത്തിയ പലായനങ്ങൾ ‘മലയാളി ഡയസ്പോറ’ സൃഷ്ടിച്ചുവെങ്കിൽ കേരളത്തിനുള്ളിലും ഒരു പുതിയ മലയാളി രൂപപ്പെടുന്നു. കേരളത്തിൽ ജനിച്ചില്ലായെങ്കിലും കൗതുകമുണർത്തുന്നരീതിയിൽ മലയാളം സംസാരിക്കുന്ന കേരളത്തോട് അനുഭാവം പുലർത്തുന്ന കേരളത്തിൽ ഒരു ഭാവിസ്വപ്നം കാണുന്ന ഭാവി കേരളത്തിന് ഒഴിച്ചുമാറ്റാൻ പറ്റാത്ത ഒരു പുതിയ മലയാളി. ഇത്തരം സാമൂഹിക ചലനങ്ങൾ സംഭവിക്കുമ്പോഴും ഈ നവമലയാളിക്ക് നിലവിലുള്ള സ്വത്വം എന്താണ്?
സാക്ഷരതയുടെയും സംസ്കാരസമ്പന്നതയുടെയും തൊഴിലിന്റെയും തലങ്ങളിൽ നിന്നുകൊണ്ടാണ് കേരളീയർ ഇതരസംസ്ഥാന തൊഴിലാളി വിഭാഗത്തിനെ കാണുന്നത്. താഴ്ന്നനിലവാരമുള്ള തൊഴിലിന്റെയും ജീവിതസാഹചര്യത്തിന്റെയും അടിസ്ഥാനത്തിൽ കേരളീയര്‍ക്ക് ഇവർ വൃത്തിയില്ലാത്തവരും സംസ്കാരശൂന്യരും എന്ത് ജോലിയും ചെയ്യാൻ അറപ്പില്ലാത്തവരും ചൂഷണം ചെയ്യപ്പെടാൻ വിധിക്കപെട്ടവരും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ശബ്ദം ഇല്ലാത്തവരുമാണ്. അതുകൊണ്ടുതന്നെ ഇതരസംസ്ഥാനത്തൊഴിലാളികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ വലിയ വാർത്തകൾ ആകുകയും തൊഴിലിടങ്ങളിൽ സ്ഥിരമായി സംഭവിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി അപകട മരണങ്ങളും തൊഴിൽ നീതിനിഷേധങ്ങളും വാർത്തകൾ ആകാതിരിക്കുന്നു, ചർച്ചകൾക്കു വിധേയമാകുന്നുമില്ല. മലയാള ചലച്ചിത്രങ്ങളിൽ പൊതുവായി ഇതരസംസ്ഥാന തൊഴിലാളി കഥാപാത്രങ്ങൾ കൊടുംകുറ്റവാളികൾ ആയി മാറുകയോ ബോഡി ഷേയ്മിങ്ങിനു വിധേയമാകുന്ന കഥാപത്രങ്ങളോ ആയി മാറുന്നത് ഈ സമീപനത്തിന്റെ പ്രതിഫലനമാണ്. ഇറ്റാലിയൻ തത്ത്വചിന്തകനായ ആൻറ്റോണിയോ ഗ്രാംഷിയുടെ വാക്കുകളിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് ഒരു ‘കീഴാള’ സ്വത്വമാണ് കേരളീയൻ ചാർത്തികൊടുത്തിരിക്കുന്നത്. ഇതാകട്ടെ കേരളത്തിന്റെ ജാതീയഘടനയിൽ ദളിതരും ആദിവാസി വിഭാഗങ്ങൾക്കും സമാനമായതാണ്. അതായത് ഒരു പുതിയ മലയാളിയായി മാറിയിരിക്കുന്ന ഇവർക്ക് കേരളത്തിന്റെ സാമൂഹികഘടനയിൽ ഒരു കീഴാളവർഗത്തിന്റെ സാമൂഹിക സ്വത്വമാണ് ഉള്ളത്. ഭാവികേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു സ്വത്വം അപകടകരമാണ്. എന്തുകൊണ്ട്?
ഒരു പ്രത്യേക കാലഘട്ടത്തിൽ തൊഴിൽതേടി കടന്നുപോകുന്ന ഒരു കൂട്ടം ജനവിഭാഗമല്ല കേരളത്തിന് ഇതരസംസ്ഥാന തൊഴിലാളികൾ. ആശ്രിത ജനസംഖ്യാവർധനവും അവിദഗ്ദ തൊഴിലുകളോടുള്ള നീരസവും പ്രസക്തമാകുന്ന ഭാവി കേരളം ഉറപ്പായും ആശ്രയിക്കുന്ന ‘മൾട്ടി-എത്നിക്’ തൊഴിലാളി വർഗമാണിവർ. താരതമ്യേനെ ഉയര്‍ന്നവേതനം നല്കുന്ന തൊഴിലവസരങ്ങൾ ഉപേക്ഷിക്കാനും ഇവർക്കു കഴിയില്ല. തൊഴിൽമേഖലയുടെ അതിർവരമ്പുകളോ ഗ്രാമ-നഗര വ്യത്യാസമോ ഇല്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിന് ആവശ്യമാണ്. കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ പോലും ഇതരസംസ്ഥാന തൊഴിലാളിയെ കാണാൻ കഴിയും. കൃഷിപ്പണിക്കാരനായി, കന്നുകാലികളെ പരിചരിക്കുന്നവനായി, ഗാർഹികത്തൊഴിലാളിയായി, ചായക്കടതൊഴിലാളിയായി, എന്തുജോലിയും ചെയുന്ന കൂലിപ്പണിക്കാരനായി. അങ്ങനെ കേരളീയരുമായി വളരെ അടുത്ത് ഇടപഴകുന്ന ഒരു ജനവിഭാഗമായി ഇവർ മാറിയിരിക്കുന്നു. ഈ സവിശേഷതകൾ മുൻനിർത്തിയുള്ള സമീപനം ഇവരോട് കൈക്കൊണ്ടില്ലായെങ്കിൽ മറ്റേതൊരു ‘മൾട്ടി-എത്നിക്’ സമൂഹങ്ങളിൽ സംഭവിച്ചതുപോലെയുള്ള വംശീയ സംഘർഷങ്ങൾക്കു കാരണമായേക്കാം. വികസിതരാജ്യങ്ങളിൽ നഗരവത്കരണത്തെയും വർണവിഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും കുറിച്ച് പഠിച്ച അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞൻ റോബർട് പാർകിന്റെ പഠനങ്ങൾ പ്രകാരം മൾട്ടി-എത്നിക് സമൂഹങ്ങളിൽ സംഘർഷങ്ങൾ ഒരു പൊതുസ്വഭാവമാണ്. കോവിഡ് കാലത്ത് കോട്ടയം ജില്ലയിലെ പായിപ്പാടുണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘടിത പ്രക്ഷോഭം ഈ സവിശേഷതയിലേക്കാണ് വിരൽചൂണ്ടുന്നത്. പ്രത്യേക ഇടങ്ങളിൽ മാത്രം ഇവരെ പാർപ്പിക്കാനായിട്ടുള്ള പദ്ധതികൾ ചേരിവത്കരണത്തിലേയ്ക്കുവരെ നയിച്ചേക്കാം. അതുകൊണ്ടുതന്നെ സർക്കാർ തലത്തിൽ നിന്നു ക്രിയാത്മകമായ നയങ്ങളാണ് വേണ്ടത്.
ഇവരും ഇന്ത്യന്‍ പൗരർ
ഒരു തൊഴിലാളിവർഗം എന്ന നിലയിൽ മറ്റേതൊരു സംസ്ഥാനത്തിൽനിന്നും വ്യത്യസ്തമായി ഇതരസംസ്ഥാന തൊഴിലാളികളോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുന്ന നയങ്ങൾ കേരളത്തിലെ സർക്കാർ കൈക്കൊള്ളുന്നു എന്നത് പ്രശംസനീയമാണ്. ‘അഥിതിത്തൊഴിലാളി’ എന്ന നാമകരണം, കോവിഡ് കാലഘട്ടത്തിൽ ഉയർന്നതോതിലുള്ള പലായനം ഒഴിവാക്കാൻ കൈക്കൊണ്ട നടപടികൾ തുടങ്ങിയവ ഈ സമീപനത്തെ സാധൂകരിക്കുന്നവയാണ്. എന്നാൽ, സർക്കാർ ക്ഷേമനടപടികൾ ഒരു രണ്ടാംകിട പൗരന്മാരാക്കി ഇവരെ മാറ്റുന്നു. ഒരു തൊഴിലാളിവിഭാഗം എന്ന രീതിയിൽ ഇവരെ സമീപിക്കുമ്പോൾ തൊഴിൽനിയമങ്ങളോ മിനിമം വേതനവ്യവസ്ഥയോ ഒന്നും ഇവർക്കു ബാധകമാകുന്നില്ല. നിർമാണത്തൊഴിലാളി ക്ഷേമനിധിയിൽ തുല്യ പരിഗണന പോലും ഇവര്‍ക്ക് ലഭ്യമല്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്ന പേരിൽ തുടങ്ങിയ ‘ആവാസ്’ പദ്ധതി എങ്ങും എത്താതെ നില്കുന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കാനോ പ്രത്യേകം തുകനീക്കിവച്ചുകൊണ്ടു പദ്ധതി നടപ്പിലാക്കാനോ സാധിച്ചിട്ടില്ല. ഈ പദ്ധതി തൊഴിലാളികളെ വിനീത വിധേയരാക്കാന്‍ വേണ്ടി രൂപീകരിച്ചതാണ് എന്ന വാദംപോലും ശക്തമാണ്. സർക്കാർ നയങ്ങൾ മാത്രമല്ല, തൊഴിലാളി സംഘടനകൾ പ്രബലമായുള്ള കേരളത്തിൽ ഇവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ മുഖ്യധാരാ സംഘടനകൾ ഒന്നുപോലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നില്ല. അതായത് ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടവിഷയങ്ങളിൽ ഒരു ‘സംഘടിത വിവേചനം’ വളരെ ഉയർന്ന അളവിൽ കാണുവാൻ കഴിയും. കേരളത്തിന്റെ വികസന മുന്നേറ്റങ്ങൾക്ക് ഒരു തൊഴിൽ പരിരക്ഷയും പാലിക്കപ്പെടേണ്ടതില്ലാത്ത ഒരു തൊഴിലാളിവിഭാഗമാക്കി ഇവർ മാറ്റപെടുകയാണ്. അതിനു മൗനമായ സമ്മതം എല്ലാഭാഗത്തുനിന്നും ഉണ്ടാകുന്നു. ഈ സമീപനത്തിൽ കൃത്യമായ മാറ്റം അനിവാര്യമാണ്. ഒരു തൊഴിലാളിയോടോ അതിഥിയോടോ ഉള്ള സമീപനമല്ല വേണ്ടത്. മറിച്ച് ഒരു ഇന്ത്യൻ പൗരനോടുള്ള ഭരണഘടനാപരമായ സമീപനമാണ് വേണ്ടത്. തൊഴിലിടങ്ങളിൽ സംരക്ഷണവും എതു പ്രദേശത്തും താമസിക്കാനും തൊഴിൽ ചെയ്യുവാനും പൗരനെ അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണമാണ് ഉറപ്പാക്കേണ്ടത്. ഇവ ഉറപ്പാക്കിയാൽ മാത്രമേ സംസ്കാരത്തിനും ഭാഷയ്ക്കും അതീതമായി വളർന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ തൊഴിൽ ചെയ്യാനായി ഈ പുതിയ മലയാളിക്ക് വേരുകൾ ഉറപ്പിക്കാൻ പറ്റുള്ളൂ.