ചരിത്രത്തിലെ കുറ്റവാളികൾ കൊമ്പുകോർക്കുന്നു – സി. നാരായണൻ

‘ദേശീയതയ്ക്ക് ലഹരി പിടിക്കുമ്പോൾ സമാധാനം ഒരു കുറ്റവും യുദ്ധം പുണ്യവുമായിത്തീരും. യുദ്ധത്തിനെതിരായി പ്രസംഗിച്ചതിനാണ് സമാധാനവാദിയായ ബർട്രാൻഡ് റസ്സലിനെ പള്ളിമുറ്റത്ത് അടിച്ചു വീഴ്ത്തിയത്. യുദ്ധത്തിന്റെയും ഹിംസയുടെയും നീതിശാസ്ത്രം സമാധാനത്തിന്റെതല്ല. യുദ്ധം അനീതികളെയെല്ലാം നീതീകരിക്കുന്നു. കൂട്ടായ കുറ്റകൃത്യങ്ങൾക്ക് യുദ്ധം മാല്യം ചാർത്തുന്നു. ഹിംസയെ ഉത്സവമാക്കുന്ന എന്തോ ഒന്ന് നമ്മുടെ മനസ്സുകളെയും കീഴടക്കുന്നു.’–എം.എൻ.വിജയൻ


അധികാരക്കൊതിയുടെയും ആഗോള വിപണിയുടെയും അജണ്ടയാണ് എല്ലാ യുദ്ധങ്ങളും. ശിക്ഷിക്കാനാണ് യുദ്ധം എന്ന് യുദ്ധം ചെയ്യാൻ തീരുമാനിക്കുന്ന ഒരു ഭരണാധികാരിയും സമ്മതിക്കില്ല, പകരം രക്ഷിക്കാനാണ് യുദ്ധം എന്നാണ് പ്രഖ്യാപിക്കുക. ഉക്രെയിനുമായി യുദ്ധം പ്രഖ്യാപിച്ച വ്ളാദിമിർ പുടിനും പ്രഖ്യാപിച്ചത് ഇതു തന്നെയാണ്. ഉക്രെയിൻ പാശ്ചാത്യ യൂറോപ്യൻ ശക്തികളുടെ കൈയിൽ അകപ്പെടുന്നതിൽ നിന്നു രക്ഷിക്കുക, ഉക്രെയനിൽ മൊത്തത്തിലും ക്രൈമിയയിലും ഡോൺബാസിലുമെല്ലാമുള്ള റഷ്യൻ സംസ്‌കാരം ഉള്ളവരെയും റഷ്യൻ ഭാഷ സംസാരിക്കുന്നവരെയും എല്ലാം രക്ഷിക്കുക എന്നതാണ് തന്റെ ഉദ്ദേശ്യം എന്നാണ് പുടിൻ ലോകത്തോട് വിളംബരം ചെയ്ത കാര്യം. തെറ്റു പറയാനില്ല എന്ന് ലോകത്തിന് തോന്നാവുന്ന കാര്യം. ഫെബ്രുവരി 24-ന് രാവിലെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ പുടിൻ ഉക്രെയിനുമായി യുദ്ധം പ്രഖ്യാപിച്ചുവെന്നല്ല പറഞ്ഞത്. ഡോൺബാസിലെ റഷ്യൻ അനുകൂലികൾക്ക് അതിജീവന സഹായം നൽകാൻ അങ്ങോട്ട് സൈനികരെ അയയ്ക്കുന്നു എന്നായിരുന്നു. ഇത്തരത്തിലുളള ഒരു വ്യാജമായ രാജ്യതന്ത്രത്തിന്റെ പ്രചാരണത്തിൽ നമ്മൾ പെട്ടുപോകുകയും സത്യം എന്തെന്നറിയാതെ സ്വയം ആക്രമിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്ത് ആർക്കോ വേണ്ടി മരിച്ചുപോകുന്ന ഒരവസ്ഥയ്ക്കാണ് നമ്മൾ യുദ്ധം എന്ന് പറയുന്നത്.