ദൂരെയിരുന്ന് യുദ്ധം കാണുന്ന നമ്മൾ അറിയാതെ പോകുന്നത് ബെന്യാമിൻ
എത്രയും ഭാഗ്യം ചെയ്ത ജനതയാണ് നമ്മൾ മലയാളികൾ, സമീപ ഭൂതകാലത്തിലെങ്ങും നമുക്ക് യുദ്ധം എന്ന കെടുതി നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടേയില്ല. (നാട്ടുരാജ്യങ്ങൾ തമ്മിലുള്ള ഗുസ്തിയിൽ നമ്മുടെ പൂർവികർ ധാരളം യുദ്ധപ്രതിസന്ധികൾ അനുഭവിച്ചിരിക്കാൻ ഇടയുണ്ട്) അതുകൊണ്ടുതന്നെ യുദ്ധം വെറും വാർത്തമാത്രമാണ്, അവയ്‌ക്കൊപ്പം പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിലേക്ക് ഒരുനിമിഷം കണ്ണോടിച്ച് നെടുവീർപ്പിട്ടശേഷം നമ്മുടെ പതിവുകളിലേക്ക് ഇറങ്ങിപ്പോകുന്ന നിസ്സംഗതയാണ് നമ്മെ ഭരിക്കുന്ന വികാരം. ഗൾഫ് യുദ്ധകാലത്ത് കുറച്ച് പ്രവാസികൾ അനുഭവിച്ച യാതനകളും മറ്റുചില രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ച നേഴ്‌സുമാർ നേരിട്ട ദുരിതങ്ങളും മാത്രമേ പ്രത്യക്ഷത്തിൽ മലയാളി അനുഭവിച്ച യുദ്ധങ്ങളുടെ പട്ടികയിൽ വരൂ. അതിലേക്ക് പുതിയ തലമുറയിലെ ഒരുപറ്റം കുട്ടികൾ കൂടി ചേർക്കപ്പെട്ടു എന്നതാണ് റഷ്യ- യുക്രെയ്ൻ യുദ്ധത്തിലൂടെ നാം കാണുന്നത്. മുൻപ് ഒരു കാലത്തിലായിരുന്നു എങ്കിൽ അങ്ങ് വിദൂരതയിൽ നടക്കുന്ന ആ യുദ്ധവും നമ്മുടെ കാഴ്ചപ്പെട്ടികളിൽ മാത്രം ഒതുങ്ങി അവസാനിക്കുമായിരുന്നു.