ഇരയാക്കപ്പെടലിൽനിന്നും   അതിജീവനത്തിലേക്കുള്ള  യാത്ര – എസ് സുന്ദർദാസ്

1978-ൽ  13 കാരി സാമന്ത ഗീമറെ ബലാത്സംഗം  ചെയ്ത കുറ്റത്തിന് നിയമനടപടി നേരിടുന്ന പ്രശസ്ത സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ  കേരളത്തിൽ    ലൈംഗികാക്രമണത്തിന് വിധേയയായ നടിയുടെ  പിൽക്കാല ജീവിതത്തിലെ വേദനകളും വെല്ലുവിളികളും പൊതുസമൂഹവും  സിനിമാസംഘടനകളും  അവരോട്  പുലർത്തുന്ന  നിസ്സംഗതയെയും കുറിച്ച്  മുതിർന്ന മാധ്യമ പ്രവർത്തകനായ എസ്.സുന്ദർദാസ്


ലൈംഗികാക്രമണത്തിന് വിധേയയായ ഒരു സ്ത്രീയുടെ പിൽക്കാല ജീവിതത്തിലെ വേദനകളും വെല്ലുവിളികളും  കാലം ചെല്ലുമ്പോൾ മങ്ങി മാഞ്ഞുപോകുന്ന ഒന്നല്ല. ഇപ്പോൾ  നമ്മുടെ  മാധ്യമങ്ങളിൽ സജീവ ചർച്ചയായിക്കൊണ്ടിരിക്കുന്ന നടി ആക്രമിക്കപ്പെട്ട കേസിന്റെ‘  വിധി എന്തുതന്നെയായാലും സമൂഹത്തിന്റെ  പൊതുബോധത്തിലും നിയമവ്യവസ്ഥയുടെ ജാഗ്രതയിലും  മാറ്റമുണ്ടാകാത്തിടത്തോളം ഇരയ്ക്ക്‘ യഥാർത്ഥ നീതി ലഭിക്കാൻ പോകുന്നില്ല. ഈ അക്രമത്തിനടിയിൽ തന്റെ പേരും വ്യക്തിത്വവും എങ്ങനെ അടിച്ചമർത്തപ്പെട്ടുവെന്ന് നടി ഈയിടെ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ടല്ലോ. സ്ത്രീപീഡനക്കേസുകളിൽ നീതി മിക്കപ്പോഴും ലഭിക്കാതിരിക്കുകയും വല്ലപ്പോഴും ലഭിക്കുകയാണെങ്കിൽ വളരെ വൈകിമാത്രം ലഭിക്കുകയും ചെയ്യുന്നു. സൂര്യനെല്ലികവിയൂർകിളിരൂർ കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടിവന്ന ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എന്റെ ഉറച്ചബോധ്യം ഇതാണ്. സൂര്യനെല്ലി കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പല പോലീസ് ഉദ്യോഗസ്ഥരെയും ഞാൻ കാണുകയുണ്ടായി. ചില പോലീസുകാരുടെ മനോഭാവം പെൺകുട്ടി എന്തോ കുറ്റം ചെയ്തു എന്ന തരത്തിലായിരുന്നു. കുറ്റവാളികൾ പെൺകുട്ടിയെ കൊണ്ടുപോയി എന്നു പറയപ്പെടുന്ന മിക്ക ഇടങ്ങളിലും ഞാൻ പോയി. അതിൽ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും ഉൾപ്പെടും. അസുഖബാധിതയായതുകൊണ്ടാണ് പെൺകുട്ടിയെ അവിടെ എത്തിച്ചത്. പെൺകുട്ടിയുടെ അപ്പോഴത്തെ അവസ്ഥ ആരോഗ്യകേന്ദ്രത്തിലെ നഴ്സ് എന്നോട് വെളിപ്പെടുത്തി.  ഹൈക്കോടതിയിൽ കേസിന്റെ വിധി പറയുന്നത് കേൾക്കാനും ഞാൻ പോയിരുന്നു. ഇപ്പോൾ തോന്നുന്നത് ഇതാണ്: കേസിലെ എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെട്ടുവോശിക്ഷിക്കപ്പെട്ടവർക്കുതന്നെ അർഹമായ ശിക്ഷ ലഭിച്ചുവോപീഡകരിൽ ചിലരെങ്കിലും കൗശലപൂർവ്വം കേസിൽനിന്ന് രക്ഷപ്പെട്ടുവോനടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തിൽ ഈ ചോദ്യങ്ങൾ ഇപ്പോഴും പ്രസക്തമാണ്.


സിനിമാരംഗത്ത് സാധാരണ കേൾക്കാറുള്ള സ്ത്രീപീഡനവും സ്ത്രീവിവേചനവും വ്യത്യസ്തമാണ്. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾ സാർവത്രികമായിത്തന്നെ ഉയർന്നുകേൾക്കുന്നതാണ്. ലോകമെങ്ങും മി ടൂ പ്രസ്ഥാനം ശക്തിപ്രാപിച്ചതോടെ പല ഹോളിവുഡ് നടിമാരും അതുവരെ വെളിപ്പെടുത്താൻ  മടിച്ച അവരുടെ ദുരനുഭവങ്ങൾ തുറന്നുപറയാൻ തുടങ്ങി. അതി പ്രശസ്തരായ നടിമാർപോലും ഇത്തരം ദുരനുഭവങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം.


സാലി മാര്‍ഗരറ്റ് ഫീല്‍ഡ് എന്ന ഹോളീവുഡ് നടിയെ സിനിമാപ്രേമികൾ മറക്കാനിടയില്ല. ‘നോര്‍മ റേ’ (1979) എന്ന ചിത്രവും അതിലെ വിഖ്യാതമായ യൂനിയൻ രംഗവും മതി അവര്‍ക്ക് പ്രേക്ഷകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ. നോര്‍മ റേ  എന്ന കഥയുടെ ആധാരം  അമേരിക്കയിൽ നോര്‍ത്ത് കരോലിനയിലെ ജെ.പി.സ്റ്റീവന്‍സ് ടെക്സ്റ്റൈൽ മില്ലിലെ തൊഴിലാളി യൂനിയൻ പ്രവര്‍ത്തകയായിരുന്ന ക്രിസ്റ്റൽ ലി സട്ടൻ എന്ന സാമൂഹ്യപ്രവര്‍ത്തകയുടെ ജീവിതമാണ്. മാർട്ടിൻ റിറ്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ നോര്‍മയെ അവതരിപ്പിച്ചത്  സാലി ഫീല്‍ഡ് ആണ്. ആ റോളിലെ അസാമാന്യമായ അഭിനയമികവ് അവര്‍ക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്.സാലി ഫീല്‍ഡിന് ഏറ്റവും മികച്ച നടിക്കുള്ളതടക്കം  രണ്ട് ഓസ്കാറുകളും നാല് നോമിനേഷനുകളും ലഭിച്ച ചിത്രമാണത്.


സാലി ഫീല്‍ഡ്  നമുക്ക് ‘മിസ്സിസ് ഡൗട്ട്ഫയർ’  (1979) എന്ന ചിത്രത്തിലൂടേയും സുപരിചിതയാണ്. അതിലെ മിരാന്‍ഡ ഹില്ലാര്‍ഡ് എന്ന കര്‍ക്കശക്കാരിയായ ഭാര്യയുടെ വേഷവും അവർ അവിസ്മരണീയമാക്കിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നുമല്ല സാലി ഫീല്‍ഡിന്റെ കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഇൻ പീസസ് എന്ന ആത്മകഥ ശ്രദ്ധേയമാകുന്നത്. ഹോളിവുഡിന്റെ കള്ളറകൾ ഓരോന്നായി അവർ ഈ പുസ്തകത്തിൽ തുറന്നുകാട്ടുന്നു. ഹോളിവുഡിലെ ഇത്രയും പ്രശസ്തയായ ഒരു നടിക്കുപോലും അനുഭവിക്കേണ്ടിവന്ന യാതനകളും പീഡനങ്ങളും  ഒരു ഞെട്ടലോടെയല്ലാതെ നമുക്ക് വായിക്കാൻ കഴിയുകയില്ല.


ഏഴാം ഗ്രേഡിൽ പഠിക്കുമ്പോൾ സ്കൂൾ നാടകത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സാലി ഫീല്‍ഡിന്റെ അഭിനയജീവിതം ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും അനേകം വഴികൾ പിന്നിട്ടു. ഇപ്പോൾ എഴുപത്തിരണ്ടാം വയസ്സിൽ, പിന്നിട്ട ആ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് ‘ഇൻ പീസസ്’ എന്ന ആത്മകഥയിൽ അവർ.


സിനിമയിൽ നല്ല റോൾ ലഭിക്കാന്‍വേണ്ടി എന്തെല്ലാം ചെയ്യേണ്ടിവന്നുവെന്ന് സാലി ഫീല്‍ഡ് ആത്മകഥയിൽ തുറന്നുപറയുന്നു. 1976-ൽ സ്റ്റേ ഹംഗ്റി‘ എന്ന സിനിമയുടെ ഓഡിഷനുവേണ്ടി ചെന്നപ്പോഴുണ്ടായ അനുഭവം ഒരു ഉദാഹരണം. ആകര്‍ഷകമായ മാറിടവും നന്നായി ചുംബിക്കാനുള്ള കഴിവുമാണ് തന്റെ നായികയ്ക്കുവേണ്ടതെന്ന് സംവിധായകൻ ബോബ് റാഫെല്‍സണ്‍ നടിയോട് തുറന്നുപറഞ്ഞു. തനിക്ക് അത് ബോധ്യപ്പെട്ടാൽ മാത്രമേ ആ റോളിലേക്ക് തിരഞ്ഞെടുക്കുകയുള്ളുവെന്നും അദ്ദേഹം ശഠിച്ചു. അതിന് വഴങ്ങുകയല്ലാതെ സാലി ഫീല്‍ഡിന് വേറെ വഴിയില്ലാതായി.