സംശയിക്കുന്ന സ്വാതന്ത്ര്യം, തൂങ്ങിയാടുന്ന ജനാധിപത്യം – എം. കമറുദ്ദീന്‍

ജനാധിപത്യത്തിനുള്ളിലെ പകിടകളികളെക്കുറിച്ചുള്ള എം.കമറുദ്ദീന്റെ വിചിന്തനങ്ങളുടെ അവസാനഭാഗം.


വിശ്വാസത്തിന് ഒരു സൗകര്യമുണ്ട്. നിങ്ങള്‍ക്ക് ഒന്നു വിശ്വസിച്ചുകൊണ്ട് അതിനു നിരക്കാത്ത മറ്റൊന്നു ചെയ്യാം. ഞാന്‍ ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്നവനാണ് മനുഷ്യരാശിയെ മുഴുവന്‍ സ്‌നേഹിക്കുന്നവനാണ് എന്നു വിശ്വസിക്കാം. മനുഷ്യരാശി അമൂര്‍ത്തമാണല്ലോ. എന്നിട്ട് മനുഷ്യവ്യക്തിയെ പരമാവധി വെറുക്കുകയും ചെയ്യാം. മനുഷ്യരാശിയെ മുഴുവന്‍ സ്‌നേഹിക്കുന്നു എന്നു വിശ്വസിച്ചുകൊണ്ട് സമാധാനത്തോടെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക്, രാവിലെ ഒരു ഭിക്ഷക്കാരന്‍ ഗേറ്റ് തള്ളിത്തുറന്ന് വീട്ടിലേക്ക് വരുമ്പോള്‍ എന്താണ് തോന്നുകയെന്നത് അല്‍ബേര്‍ കമ്യു പതനം (ഠവല എമഹഹ)  എന്ന നോവലില്‍പ്പറയുന്ന ചെറിയ ഒരു ദാര്‍ശനിക പ്രശ്‌നമാണ്.


ഇത്തരം ചില വിശ്വാസങ്ങളും ആത്മാനുതാപവുമാണ് കവികളെയും കലാകാരന്മാരെയും നിലനിര്‍ത്തുന്നത്. കവിതകളിലെ ‘ഞാന്‍’ മിക്കവാറും പീഡിതനും പരിത്യക്തനും നിരാശ്രയനും പ്രേമസമ്പന്നനും എല്ലാം ആയിരിക്കും. അയാള്‍ ലോകദുരിതങ്ങളെല്ലാം ശിരസ്സിലേറ്റി നടക്കുന്നവനായിരിക്കുമെന്നു മാത്രമല്ല, യേശുവിനുശേഷം ആദ്യമായി മുള്‍മുടി തലയിലേറ്റി നടക്കുന്നവനുമായിരിക്കും. അയാളെ ആവുന്നത്ര ഉപദ്രവിക്കാന്‍ വേണ്ടി വരിനില്ക്കുന്നവരായിരിക്കും കവിതയിലെ ‘ഞാന്‍’! കഴിഞ്ഞു ബാക്കിവരുന്നവരെല്ലാം. ‘ഞാന്‍’ ‘മറ്റുള്ളവര്‍’ എന്ന ഈ ദ്വന്ദ്വം ഒരു തമാശയാണ്.


കവിത വായിക്കുന്ന നിങ്ങളോരോരുത്തരം മഹാനായ ‘ആ ഞാന്‍’ ആണ്. കവിത വായിക്കുന്ന ഞാന്‍ വിശുദ്ധനും, എന്റെ തൊട്ടടുത്തിരുന്ന് കവിത വായിക്കുന്ന മറ്റൊരാള്‍ എന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നവനുമാണ്. കവിത വായിച്ചുകൊണ്ടിരിക്കുന്ന അയാള്‍ക്ക് ഞാനും അങ്ങനെത്തന്നെ.


താനൊഴികെയുള്ള ലോകരെ മുഴുവന്‍ കുഴപ്പക്കാരായിക്കാണുന്ന ഇത്തരം കവിതകളില്‍ വാദിയോ പ്രതിയോ ആയി ആരുമില്ല. കവിത വായിച്ച് ആവോളം ആത്മരതി അനുഭവിക്കാം. കവിതയെഴുതിയയാള്‍ക്ക് തന്നെയും വായിക്കുന്നയാളെയും പ്രവാചകനാക്കി ഒരു വ്യാജശത്രുവിനെ നിര്‍മിച്ചെടുക്കാന്‍ അവസരം കൊടുക്കാം.


തന്നെ ശത്രുപക്ഷത്തുനിര്‍ത്താത്തവരെയെല്ലാം ആളുകള്‍ ഇഷ്ടപ്പെടും. ‘ഞാന്‍ പാപിയാണ് എന്ന് ഒരാള്‍ പറയുക അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കില്ല എന്ന ഒരു ബോദ്ധ്യം വരുന്ന രീതിയില്‍ സാമൂഹികമായ സമ്മതി (ജനസമ്മതി) നേടുമ്പോഴാണ്. ഇനി കവിതയിലെ ‘ഞാന്‍’ കള്ളനോ പിന്തിരിപ്പനോ അന്യനെ കൊന്ന കുഴിയില്‍ കുളിക്കുന്നവനോ ഒക്കെ ആണെങ്കിലും ആ ഞാനിന്ന് തന്നെ ന്യായീകരിച്ച് ആത്മസുഖം അനുഭവിക്കാന്‍ കഴിയുന്ന ഒരുതലം ആ കവിതയില്‍ തന്നെയുണ്ടാവും.


വര്‍ഷങ്ങള്‍ക്കുമുമ്പ് തൃശൂരിലെ സാഹിത്യ അക്കാദമിയുടെ അങ്കണത്തില്‍ ഒരു പരിപാടി നടന്നു. കേരളത്തിലെ അതിപ്രശസ്തനും അസാമാന്യമായ കാവ്യപ്രതിഭയുള്ളയാളുമായ ഒരു കവി, അദ്ദേഹത്തിനെതിരെ ചിലര്‍ ആരോപണങ്ങളുന്നയിച്ച ഘട്ടത്തില്‍ തന്നെ സ്വയം കുറ്റവിചാരണ ചെയ്യുകയും, ഞാന്‍ പാപിയാണ്, എന്നെ കൊന്നുകൊള്ളൂ എന്നെ കൊല്ലാനാണ് എല്ലാവരും ഉഴറി നടക്കുന്നത്, ഇതാ ഞാന്‍ ഇവിടെയുണ്ട് എന്നെല്ലാം അതിവൈകാരികതയോടെ പറയുന്ന ആ പരിപാടിയില്‍ പലരും അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചു.  കവി തന്നെ വിചാരണ ചെയ്ത് ശിക്ഷ വിധിക്കാനാണ് ആളുകളോട് പറയുന്നത്, തുടര്‍ച്ചയായി അദ്ദേഹമത് ആവശ്യപ്പെട്ടു. ശത്രുക്കളായ സഹൃദയരുടെ കൂട്ടത്തില്‍നിന്നു ആരും മുന്നോട്ടുവന്നില്ല. കാരണം, ആ സമയം, കുറ്റവിചാരണ നടത്താന്‍ ആവശ്യപ്പെടുന്ന കവിതന്നെയായിരുന്നു അവിടെ കൂടിനിന്ന ഓരോരുത്തരും. കവിയിലൂടെ അവര്‍ ആത്മസുഖം നേടുകയായിരുന്നു.


ഞാന്‍ കുറ്റവാളിയാണ് എന്നെ ശിക്ഷിക്കൂ എന്ന് ജനമധ്യത്തില്‍ പറയുന്നതോടെത്തന്നെ അയാള്‍ കുറ്റവിമുക്തനായിക്കഴിഞ്ഞു. ഞങ്ങള്‍ക്ക് താങ്കളെ കുറ്റവിചാരണ ചെയ്ത് ശിക്ഷിക്കേണ്ട ആവശ്യമൊന്നുമില്ല എന്നു പറഞ്ഞ് അദ്ദേഹത്തെ  ട്രെയിന്‍ കയറ്റിവിട്ടാല്‍ത്തീരുന്ന പ്രശ്‌നമേ ഇതിലൊക്കെയുള്ളൂ എന്ന് ആ പരിപാടി കണ്ടുനിന്നിരുന്നവരില്‍ ഒരു സഹൃദയന്‍ കുറേക്കാലം കഴിഞ്ഞ് പറയുന്നതും കേട്ടു. സ്വകാര്യമായി.


കള്ളന്‍ താന്‍ കള്ളനാണെന്നു സമ്മതിക്കുക മിക്കവാറും പോലീസുകാരുടെ മുന്നിലാണ്. പോലീസുകാര്‍ക്ക് കള്ളന്‍ മുന്നില്‍വന്നാല്‍ ധര്‍മവ്യഥയോ നൈതിക സംഘര്‍ഷമോ ഒന്നും അനുഭവിക്കേണ്ടതില്ല. കള്ളന്‍ അവരുടെ തൊഴില്‍പരമായ ഒരാവശ്യമാണ്. പോലീസുകാര്‍ തോളില്‍കൈയിട്ടു നടക്കാന്‍ രഹസ്യമായി ആഗ്രഹിക്കുക കള്ളന്മാരോടൊപ്പമാണ്. വിശുദ്ധന്മാര്‍ എന്നു പരസ്യപ്പെട്ടവരെയാണ് പോലീസുകാര്‍ ഉള്ളുകൊണ്ട് അവഗണിക്കുക. വിശുദ്ധന്റെ തോളില്‍കൈയിട്ട് നടക്കാന്‍ ആളുകള്‍ പൊതുവെ ആഗ്രഹിക്കുകയില്ല. അയാള്‍ പിടിക്കപ്പെട്ട്, തന്നെപ്പോലെയാവുന്ന ദിവസമായിരിക്കും അയാളെ ആദരിക്കുന്നവും ഉള്ളില്‍ തേടിക്കൊണ്ടിരിക്കുക.


തനിക്ക് സ്വസ്ഥതതരുന്നതെന്തോ, അതു തേടിയാണ് മനുഷ്യര്‍ അലയുക. സാഹിത്യകൃതി വായിച്ച് ഒരാള്‍ അസ്വസ്ഥനാവുന്നുണ്ടെങ്കില്‍ അത് സ്വസ്ഥനാവാന്‍ വേണ്ടിയുള്ള സുഖകരമായ അസ്വസ്ഥതയാണ്. സ്വസ്ഥനാവാനുള്ള ഈ ആഗ്രഹം സാഹിത്യകൃതികളുടെ നിരൂപണത്തില്‍ വരെയുണ്ട്. സാഹിത്യകൃതിയെക്കുറിച്ച് നിരൂപണമെഴുതുന്നയാള്‍ ആ കൃതിയെ തന്റെ നിലവാരത്തിലേക്കു കൊണ്ടുവന്ന് സ്വസ്ഥനാവുകയാണ്. സ്വസ്ഥതയ്ക്കുവേണ്ടി ഇത്തരം പല അനുഷ്ഠാനങ്ങളുമുണ്ട്.


ഒരാള്‍ ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ ഇഷ്ടമോ അനിഷ്ടമോ ആണ്. അതിനുള്ളില്‍ക്കിടന്നു കളിച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങളെല്ലാം അപരനെ തൃപ്തിപ്പെടുത്താനുള്ള പ്രകടനങ്ങള്‍ മാത്രമാണ്. അത്തരം പ്രകടനങ്ങള്‍ക്കുചേര്‍ന്ന ഒരു വാക്ക് അടുത്തകാലത്തായി മലയാളത്തില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ‘കുഴപ്പമില്ല.’ ഈ വാക്കില്‍ ഇഷ്ടത്തെയും അനിഷ്ടത്തെയും ഒരുപോലെ ഒളിച്ചുകടത്താന്‍ കഴിയും ഇത്. ഇന്ത്യന്‍ ജനാധിപത്യത്തിനുചേര്‍ന്ന ഒരു വാക്കാണ്.


കാലങ്ങളായി കേന്ദ്രവും കേരളവും ഭരിച്ചുകൊണ്ടിരിക്കുന്ന പല ഭരണാധികാരികളുടെയും ഇടത്തരം ഭരണപ്രതിഭയെ വിശദീകരിക്കാന്‍ ‘കുഴപ്പമില്ല’ എന്ന വാക്കുപോലെ മറ്റൊന്നില്ല. അയാളുടെ ഭരണമെങ്ങനെ ‘കുഴപ്പമില്ല’, ആ നോവലെങ്ങനെ ‘കുഴപ്പമില്ല’, പെണ്ണുകാണാന്‍ പോയയാളോട് പെണ്ണെങ്ങനെ ‘കുഴപ്പമില്ല’. ഇടത്തരം ബോദ്ധ്യങ്ങളെയും വിപരീത ചിന്തകളെയും പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും സ്വസ്ഥത നല്‍കുംവിധം അവതരിപ്പിക്കാന്‍ ഈ വാക്ക് സഹായിക്കുന്നു. രാജഭരണത്തിനുള്ളിലോ ഏകാധിപത്യ ഭരണത്തിനുള്ളിലോ ഈ വാക്കിന് പ്രവേശനമുണ്ടാവില്ല. നല്ലതോ ചീത്തയോ എന്ന രണ്ട് വിഭജനമേ സാധ്യമാവൂ. ഉണ്ടോ, ഇല്ലയോ എന്നതാണ് അവിടെ ചോദ്യം. ജനാധിപത്യത്തില്‍ ഈ രണ്ട് വാക്കുകളുടെ വിവിധ നിറഭേദങ്ങള്‍ സാധ്യമാവുന്നു. ഉണ്ടെന്നും ഇല്ലെന്നും പറയാം, ഉണ്ടെന്നും ഇല്ലെന്നും തോന്നുന്നു എന്നും പറയാം. ഉണ്ടെന്നതുപോലെ ഇല്ലെന്നു തോന്നുന്നു എന്നു പറയാം. അതിനുമുകളില്‍ ഒരു ചര്‍ച്ച ചെയ്യുകയുമാവാം. ഏകാധിപതി ഒരുത്തരം മാത്രമേ സ്വീകരിക്കൂ.


ഒരു ചോദ്യത്തിന് അനേകം ഉത്തരങ്ങളുണ്ടാവുന്നത് ഒരു സ്വാതന്ത്ര്യമാണ്. അതുതന്നെ അസ്വാതന്ത്ര്യമുണ്ടാക്കുകയും ചെയ്യും. പലവഴികള്‍ പിരിഞ്ഞുപോകുന്ന മുക്കവലയില്‍ നില്ക്കുന്ന വഴിയറിയാത്തവന്‍ പലവഴികളുടെ അസ്വാതന്ത്ര്യമനുഭവിക്കുന്നുണ്ട്. അയാള്‍ ബാധ്യതയിലാണ്. ”ഈ വഴിയിലൂടെ പോകൂ” എന്ന നിര്‍ദേശമാണ് അയാള്‍ ആഗ്രഹിക്കുക. മനുഷ്യര്‍ക്ക് ഇങ്ങനെയൊരവസ്ഥയുള്ളതുകൊണ്ടാണ് ഗുരുക്കന്മാരുണ്ടായത്. വഴികാട്ടികള്‍ നിങ്ങളെ സ്വതന്ത്രരാക്കുന്നുവോ അസ്വതന്ത്രരാക്കുന്നുവോ എന്നതാണ് ഒരു ചോദ്യം.


തിരഞ്ഞെടുക്കാന്‍ പലതും ഉണ്ടാവുക, ഒരൊറ്റ ആവശ്യത്തിനുതന്നെ വിവിധ വസ്തുക്കളും സാധ്യതകളുമുണ്ടാവുക എന്നത് സ്വാതന്ത്ര്യമാണ്. ഗ്ലാസ്‌നോസ്റ്റിനും പെരിസ്‌ട്രോയിക്കയ്ക്കും മുമ്പുള്ള സോവിയറ്റ് യൂണിയനില്‍ പോയി വന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് എഴുതിയത്, വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടെ പോയപ്പോള്‍ വാങ്ങിയ ബ്ലേഡിന് ഇപ്പോഴും അതേ വിലയേയുള്ളൂ എന്നാണ്. അതുപോലുള്ള ഒന്നോ രണ്ടോതരം ബ്ലേഡ് മാത്രമേ ഇപ്പോഴും അവിടെയുള്ളു എന്നും അദ്ദേഹം എഴുതി. അമേരിക്കയിലാണെങ്കില്‍ പലതരം ബ്ലേഡുകള്‍ ലഭ്യമാണ്. അവിടെ തിരഞ്ഞെടുക്കാന്‍ പലതുമുണ്ട്. തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നും പറയാം. എന്നാല്‍ ഏത് തിരഞ്ഞെടുക്കുന്നു എന്നത് തികച്ചും സ്വതന്ത്രമായ തിരഞ്ഞെടുപ്പാണോ എന്നതാണ് ഒരു ചോദ്യം.


അനേകം ബ്ലേഡുകളില്‍ നിന്നു ഒരാള്‍ ഒന്ന് തിരഞ്ഞെടുക്കുന്നു. പിന്നീട് അയാള്‍ അതിന്റെയാളായി മാറുന്നു. അത് ലഭിച്ചില്ലെങ്കില്‍ ഷേവ് ചെയ്തത് ശരിയായില്ല എന്നു തോന്നുന്നു. അങ്ങനെ ബ്ലേഡ് അയാളെ അസ്വതന്ത്രനാക്കാന്‍ തുടങ്ങുന്നു. അയാള്‍ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തത് അസ്വാതന്ത്ര്യവുമുണ്ടാക്കുന്നു. ആ ബ്ലേഡ് നിര്‍മിച്ചിരുന്ന കമ്പനി അവര്‍ക്ക് കൂടുതല്‍ ലാഭകരമായ രീതിയില്‍ മറ്റൊരു ബ്ലേഡ് നിര്‍മിച്ച്, ഇത് ആദ്യത്തേതിനെക്കാള്‍ മികച്ചതാണെന്ന് പരസ്യം ചെയ്താല്‍ അയാള്‍ അത് വാങ്ങി തൃപ്തനാവുന്നു. ഷേവിംഗ് തൃപ്തികരമാവുന്നു. അയാള്‍ക്ക് സ്വാതന്ത്ര്യം തിരിച്ചു കിട്ടുന്നു. ഈ സ്വാതന്ത്ര്യം ആരു തരുന്നതാണ് എന്നതാണ് ഒരു ചോദ്യം. സ്വാതന്ത്ര്യം ജൈവേച്ഛയുടെ ഭാഗമല്ല, മനുഷ്യേച്ഛയുടെ ഭാഗമാണ് എന്നതു കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. ജീവന്‍ സ്വാതന്ത്ര്യത്തെയോ പാരതന്ത്ര്യത്തെയോ പരിഗണിക്കുന്നില്ല. കടലിനും പര്‍വതത്തിനും മരങ്ങള്‍ക്കുമെല്ലാം സ്വാതന്ത്ര്യചിന്തയുണ്ട് എന്ന് അര്‍ത്ഥവാദ കഥകളില്‍ മാത്രമേ കാണാന്‍ കഴിയൂ.


ഇന്ത്യന്‍ സ്വാതന്ത്ര്യസമരകാലത്ത് നേതാക്കന്മാര്‍ കൂടുതലും ഉത്സാഹിച്ചത് മറ്റുള്ളവരെ സ്വതന്ത്രരാക്കാനാണ്. സ്വയം സ്വതന്ത്രരാവാനല്ല. ഇക്കൂട്ടത്തില്‍, സ്വാതന്ത്ര്യം തന്നില്‍നിന്ന്, തന്റെ പൂര്‍വഭാരങ്ങളില്‍നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് വിശ്വസിക്കുകയും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തത് മഹാത്മാഗാന്ധിയാണ്.