ദന്തക്ഷയം വിനോദ് കൃഷ്ണ ഈച്ചകള്‍ പാവങ്ങളാണ്. അവയ്ക്ക് മനസ്സിന്റെ വ്രണങ്ങളില്‍ പ്രവേശിക്കാനാവില്ല. – തൗ വാന്‍ ചായി
നിലാവുള്ള കവിതകള്‍ അയാള്‍ക്കിഷ്ട്ടമല്ല. അത്തരം കവിതകള്‍ വായിക്കാനിടയായാല്‍, താളുകള്‍ കീറിയെടുത്തു കുമ്പിള് കുത്തി അതില്‍ തുപ്പിവെക്കും. രണ്ട് ദിവസം കഴിഞ്ഞു നിലാവ് ചത്ത കടലാസ് ആഹ്ലാദത്തോടെ ചുരുട്ടി എറിയും. പല്ലുവേദന അവസാനിക്കുന്ന നിമിഷം ലഭിക്കുന്ന ആശ്വാസം പോലെ ഒരനുഭവം അതയാള്‍ക്ക് നല്‍കാറുണ്ട്.
എക്കാലം മുതലാണ് തനിക്കു പലദിവസങ്ങള്‍ നീണ്ടുനില്‍ക്കാറുള്ള പല്ലുവേദന വന്നുതുടങ്ങിയത്?
ഒന്നും കൃത്യമായി ഓര്‍മ്മയില്ല. വേദനകളുടെ സ്മാരകശിലയാണല്ലോ മനുഷ്യന്. അപ്പോള്‍ അതൊന്നും ഓര്‍ത്തുവെക്കേണ്ടതില്ല. വേദനകള്‍ വരും പോകും…
ഡോക്ടര്‍ ജോസ് സാറിനെ കണ്ടു തുടങ്ങിയതില്‍ പിന്നെയാണ് പല്ലിന്റെ വേദന മാറിത്തുടങ്ങിയത്. പല്ലിന്റെ വേദന മാത്രമല്ല. മനസിന്റെയും. ചില മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് മരുന്നാണ്. അവര്‍ക്ക് വാക്കുകള്‍ക്കൊണ്ട് സഹജീവികളുടെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ പറ്റും.
നടക്കാന്‍ പോകുമ്പോള്‍ കാണാറുള്ള തണുത്തു വിറച്ചു നില്ക്കുന്ന മരത്തിന്റെ അടുത്തെത്തിയപ്പോഴാണ് ഡോക്ടറെ കുറിച്ച് കുറേക്കാലത്തിനുശേഷം ശ്യാം മുരളിക്ക് ഓര്‍മ്മ വന്നത്.
എത്ര സൗമ്യനാണ്. ഇറക്കുമതി ചെയുന്ന ജെല്‍ ഉപയോഗിച്ച് മീശ പിരിച്ചു വെക്കും. തിളങ്ങുന്ന കറുത്ത മീശയാണ് ഡോക്ടറിന്റെ ഐഡന്റിറ്റി. പൂവില്‍ തേന്‍ കുടിക്കാന്‍ ചെന്നിരിക്കുംപോലെ ഒരു ചെറിയ വര്ണ്ണപൂമ്പാറ്റ ഡോക്ടറുടെ മീശകൊമ്പില് വന്നിരിക്കുന്നതായി ഒരിക്കല്‍ സ്വപ്നം കണ്ടിരുന്നു. വിചിത്രമായ സ്വപ്നങ്ങള്‍ക്ക് ജീവിതത്തില്‍ വല്ല അര്‍ത്ഥവും ഉണ്ടോ? മറ്റുള്ളവരുടേതൊഴിച്ചു അവനവന്റെ ജീവിതം വ്യാഖ്യാനിക്കാന്‍ ആര്‍ക്കുമാവില്ല. അകത്തുനിന്നു പുറത്തേക്കു നോക്കാനുള്ള ജനല്‍ മാത്രമാണ് ജീവിതം.
മകനെ കാണാതായതില്‍ പിന്നെ അടച്ചിട്ട ജനല്‍ അന്ന് രാവിലെ ഡോക്ടര്‍ വീണ്ടും തുറന്നു. നടക്കാന്‍ പോകാന്‍ മൂഡില്ലാത്തതിനാല്‍ ജനലിനുമുന്നില്‍ ഏറെനേരം നില്ക്കാമെന്നു കരുതി. പച്ചപ്പില്‍ മകരമഞ്ഞു പെയ്യുന്നതും നോക്കിനിന്നപ്പോള്‍ സ്വയം ഉറഞ്ഞു പോകുമെന്നു തോന്നി. ആ ചിന്താഭാരത്തില്നിന്ന് മുക്തി നല്‍കിയത് ശ്യാം മുരളിയാണ്.
വലിച്ചു ഉപേക്ഷിച്ച സിഗരറ്റിന്റെ എണ്ണം ആരും ഓര്‍ക്കാത്തതുപോലെ രോഗികളെയൊന്നും ഡോക്ടര്‍ ഓര്‍ക്കാറില്ല. തന്റെ മുന്നില്‍ വരുന്നവര്‍ എല്ലാവരും നിത്യരോഗികള്‍ അല്ല. ഓര്‍ത്തുവെക്കാന്‍ മാത്രം ദീര്ഘപരിചയം ആരുമായി ഉണ്ടാവാറുമില്ല. ശ്യാം മുരളിയെ ക്ലിനിക്കില്‍ വെച്ചു കണ്ടുമുട്ടിയതിനേക്കാള്‍ കൂടുതല്‍ പുറത്തുവെച്ചാണ് കണ്ടിട്ടുള്ളത്. സൗമ്യന്‍. തന്റെ മകനെപ്പോലെ പുഞ്ചിരിക്കുന്നവന്!
തുറന്നിട്ട ജനല്‍ വഴി അവന് ചാടി വന്നിരിക്കുന്നു…
‘ഒരു കാരണവും കൂടാതെ അവനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമെന്താണ്?. വേദനകളാണോ ഓര്‍മ്മകളുടെ താക്കോല്‍’
ഡോക്ടര്‍ ജോസിന് പുകവലിക്കാന്‍ തോന്നി. രണ്ടാഴ്ചയായി നിര്‍ത്തി വെച്ചതായിരുന്നു. പാതി വലിച്ചുപേക്ഷിച്ച ഒരെണ്ണം വേസ്റ്റ് ബാസ്ക്കറ്റില്നിന്ന് തപ്പിയെടുത്തു. രണ്ട് പഫ് എടുത്തപ്പോഴേക്കും നെറുകയില്‍ കയറി.
‘ഈ വെളുപ്പാന്‍കാലത്ത് ആരോ തന്നെ ഓര്‍ക്കുകയാണ്. ആരാണത്. ഒരിക്കലും മകനാവില്ല. ശ്യാം മുരളിയാവുമോ?’
ഒരിക്കല്‍ ഇതുപോലെ മഞ്ഞുള്ള പ്രഭാതത്തിലാണ് ശ്യാം ക്ലിനിക്കില്‍ വന്നത്. കയ്യില്‍ ഉള്ള ചെറിയ പ്ലാസ്റ്റിക് കുപ്പി മേശപ്പുറത്തു വെച്ചുകൊണ്ട് പറഞ്ഞു
‘അടിവയറ്റില്‍ കഠിനമായ വേദനയായിരുന്നു. ആശുപത്രിയില്‍ എത്തി ഓപ്പറേഷന് തിയേറ്ററില്‍ കയറ്റിയതും അവന് ചാടി പോന്നു.’ ശ്യാം ചില്ല് കുപ്പി എന്റെ അരികിലേക്ക് നീട്ടി.
മൂത്രക്കല്ല്!
ആശുപത്രിക്കാര് പേരെഴുതി തന്നുവിട്ടതാണ്. പാസ്പോര്ട്ട്പോലെ ഈ കാല്‍സിയം ഡെപ്പോസിറ്റ് ജീവിതകാലം മുഴുവനും സൂക്ഷിക്കാം എന്ന് കരുതി’
അവന്റെ സംസാരം എനിക്ക് നന്നേ രസിച്ചു.
‘എന്റെ കേടുവന്ന പല്ലും പറിച്ചെടുത്തു ഇങ്ങനെ സൂക്ഷിക്കാം അല്ലേ ഡോക്ടര്‍!’
‘അത് നടക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ പല്ല് സേവ് ചെയ്യാനാണ് നോക്കാറ്’
‘അങ്ങനെ നമ്മള് വിചാരിക്കുന്നതൊന്നും നമുക്കു സേവ് ചെയ്യാന്‍ പറ്റില്ലാ ഡോക്ടര്‍’
ശ്യാം പറഞ്ഞതാണ് ശരി.
മനുഷ്യന്റെ ശേഷിപ്പ് വേദനകള്‍ മാത്രമാണ്. മകനും ഭാര്യയും ശൂന്യമാക്കിയ ഇടങ്ങള്‍… ഇനിയാര്‍ക്കും നികത്താനാവില്ല.
കാലാവസ്ഥാവ്യതിയാനം മനുഷ്യന്റെ മനസ്സും മാറ്റുമോ? ഉച്ചയ്ക്കുശേഷം ഡോക്ടര്‍ ജോസ് സാറിനെ കാണാന്‍ പോകാമെന്നു തീരുമാനിച്ച കാര്യം പൊടുന്നനെ മാറ്റിയത് എന്തുകൊണ്ടാണെന്നു ശ്യാം മുരളി തന്നോടുതന്നെ ചോദിച്ചിട്ടും തീര്‍ച്ച കിട്ടിയില്ല. രാവിലെ പതിനൊന്നു മണിക്കുള്ള ലോ ഫ്ളോര്‍ ബസ്സ് പിടിച്ചു ക്ലിനിക്കില്‍ ചെല്ലാം. അയാള്‍ ഉറപ്പിച്ചു. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുള്ള അന്തരീക്ഷമായിരുന്നു. കൃത്യസമയത്ത് ബസ്സ് വന്നു.
‘എവിടെക്കാണ് പോണ്ടത്?’ കണ്ടക്ടടര് ചോദിച്ചു.
ശ്യാം മുരളി ഒന്നും പറയാതെ കൃത്യം ടിക്കറ്റ് ചാര്‍ജ് ചില്ലറയായി കൊടുത്തു. ബസില്‍ ഡ്രൈവറും കണ്ടക്ടടറും അടക്കം അഞ്ച് യാത്രികരെ ഉള്ളൂ. കാലാവസ്ഥാ വ്യതിയാനം സഞ്ചാര വിലക്കുണ്ടാക്കും. സഞ്ചരിക്കാന്‍ കഴിയാത്ത മനുഷ്യന് നിരോധിക്കപ്പെട്ട നോട്ടുപോലെയാണ്. ഒന്നിനും കൊള്ളില്ല. അയാള്‍ പുറത്തേക്കു നോക്കിയിരുന്നു. രണ്ട് മൂന്ന് സ്റ്റോപ്പ് കഴിഞ്ഞപ്പോള്‍ നീണ്ടമുടി പുറകില്‍ കെട്ടിവെച്ച ഒരു ചെറുപ്പക്കാരന് കയറി. അവന്റെ കയ്യില്‍ ഗിറ്റാര്‍ ഉണ്ടെന്നു ശ്യാം കരുതി. പക്ഷേ, തുണിയുടെ അലങ്കാരസഞ്ചി അവന് തോളില്‍നിന്ന് ഊരി കയ്യില്‍ പിടിച്ചതായിരുന്നു. തന്റെ രണ്ട് സീറ്റ് അപ്പുറത്ത്നിന്ന് ഏതു സീറ്റില്‍ ഇരിക്കണമെന്ന് തീര്‍ച്ച കിട്ടാത്തപോലെ ഒരുനിമിഷം നിന്നപ്പോളാണ് അയാള്‍ക്കതു മനസ്സിലായത്.
ബസ്സ് ഹോണ്‍ മുഴക്കിയപ്പോള്‍ ശ്യാം മുരളി വീണ്ടും പുറത്തേക്കു നോക്കിയിരുന്നു. തന്നേക്കാള്‍ മുമ്പേ കയറിയവര്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി. ആള്‍ക്കാരില്ലാത്തതിനാല്‍ കണ്ടക്ടറുടെ മുഖത്തു യാതൊരു ഉന്മേഷവും കണ്ടില്ല. താനും മുന്നിലിരിക്കുന്ന ചെറുപ്പക്കാരനും വാടകയ്ക്ക് എടുത്ത സ്വകാര്യ വാഹനം പോലെയാണല്ലോ ബസ്സ് ഓടുന്നതെന്നു കമ്പിയില്‍ പിടിച്ചുകൊണ്ടു ശ്യാം അകമേ ചിരിച്ചു.
‘ആളിറങ്ങാനുണ്ട്… ഇറങ്ങാനുണ്ട്…’
മയക്കത്തില്‍നിന്ന് എഴുന്നേറ്റപോലെ ചെറുപ്പക്കാരന് വെപ്രാളപ്പെട്ടു. കണ്ടക്ടര്‍ ബെല്ലടിച്ചു. ബസ്സ് നിന്നു.
അവന് ഇറങ്ങിയപ്പോള്‍ ശ്യാം മുരളി അത്ഭുതപെട്ടു. ഇറങ്ങിപ്പോയത് ഒരു വൃദ്ധനാണ്!
അവന്റെ അതെ രൂപം. വേഷം.
തലമുടി നരച്ചിരിക്കുന്നു… തൊലിയെല്ലാം ചുളിഞ്ഞു. നടുവളഞ്ഞിരിക്കുന്നു.
സ്ഥലകാലഭ്രമം ഉണ്ടായവനെപ്പോലെ ശ്യാം ഇരുന്നു കുഴങ്ങി. വൃദ്ധന്റെ കയ്യില്‍ ഗിറ്റാറുണ്ടായിരുന്നു. അയാള്‍ അത് കുത്തിപിടിച്ചാണ് നടക്കുന്നത്.
നിലാവുള്ള കവിത വായിച്ചാല്‍ ഉണ്ടാവാറുള്ളപോലെ ഒരു അസ്വസ്ഥത ശ്യാം മുരളിക്കുണ്ടായി. അയാള്‍ അന്ന് ഡോക്ടറെ കാണേണ്ട എന്ന് വെച്ചു. ക്ലിനിക്കും കഴിഞ്ഞു ബസ്സ് മുന്നോട്ടു നീങ്ങിയപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ആശ്വാസം തന്നി.