ഊത് –  മനോജ് വെങ്ങോല

പ്രൊഫസര്‍ തര്യന്റെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞ്, ആളുകളെല്ലാം പിരിഞ്ഞിട്ടും അല്‍പനേരം കൂടി ഞാന്‍ സെമിത്തേരിയില്‍ തങ്ങി. അദ്ദേഹത്തിന്റെ മകന്‍ ചാര്‍ളിയും  ചില ബന്ധുക്കളും പാരിഷ് ഹാളിന് മുന്നില്‍, വികാരിയോടും ട്രസ്റ്റിമാരോടും ഒപ്പം സംസാരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു.  ഇടയ്ക്കിടെ അവര്‍ എന്റെ നേരെ നോക്കി. ‘ആരാണയാള്‍… പ്രൊഫസറുമായി എന്തുബന്ധം..?’ എന്നൊരു ചോദ്യം ഒരുപക്ഷേ, അവര്‍ പരസ്പരം ചോദിക്കുന്നുണ്ടാകണം. ചാര്‍ളിയതിന് മറുപടിയും പറയുന്നുണ്ടാകണം. ഞാനത് കാര്യമാക്കിയില്ല. പുറത്തേക്ക് ഇറങ്ങാനുള്ള പടിക്കെട്ടുകള്‍ക്ക് മുന്നിലെ അരളിമരത്തിന്റെ നിഴല്‍, മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വാഗ്ദാനംപോലെ പ്രൊഫസറുടെ കല്ലറയില്‍ വന്നുതൊടുന്നത് കാണാമായിരുന്നു. കുന്തിരിക്കമണത്തില്‍ നിന്നും വിഷാദത്തെ വേര്‍തിരിച്ചെടുക്കാനെന്നോണം, അലസമെങ്കിലും സൂക്ഷ്മതയോടെ കാറ്റുവീശി.  ലോകത്തെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ ഒരാള്‍ക്ക് മരണമില്ലെന്ന പ്രൊഫസറുടെ വാക്കുകളില്‍ ഞാനും വിശ്വസിച്ചിരുന്നു. എന്നാല്‍, തന്റെ എണ്‍പത്തിയൊന്നാം വയസില്‍, ജീവിതം ജീവിതം മാത്രമാണെന്ന്  ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതായി മാറി  അദ്ദേഹത്തിന്റെ ഈ പിന്‍മാറ്റം. മരിച്ചവരെ തിരുത്താനാവില്ലെന്ന് ഉറപ്പുള്ളതിനാല്‍, അവരെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അര്‍ത്ഥരഹിതമെന്ന് ഓര്‍ത്തുകൊണ്ട് ഞാന്‍ പുറത്തേക്ക് നടന്നു.


വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ സ്വാഭാവികമായും ഞാന്‍ പ്രൊഫസര്‍ തര്യനെക്കുറിച്ചുതന്നെ ആലോചിച്ചു. കാരുണ്യം, സ്‌നേഹം എന്നിവയെ  അദ്ദേഹം ഊര്‍ജ്ജസ്വലമായി വിവരിക്കുന്ന നിമിഷങ്ങള്‍ മനസ്സില്‍ നിറഞ്ഞു. അതിദീര്‍ഘമായ കാലത്തെ ഹ്രസ്വജീവിതത്താല്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന മനുഷ്യരുടെ പ്രസക്തിയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ  എന്ന പ്രൊഫസറുടെ ചോദ്യം ഉള്ളില്‍ തികട്ടി വന്നു.  


വീട്ടിലെത്തി കുളിച്ച്, ഒരു കപ്പു ചായയുമായി വായനാമുറിയുടെ ജനാലയ്ക്കല്‍ പുറത്തേക്ക് നോക്കി ഇരിക്കുമ്പോള്‍ അര്‍ച്ചന തിരക്കി:

‘എന്തുപറ്റി? തലവലിയോ?’

ഞാനൊന്നും പറഞ്ഞില്ല.

അവള്‍ തുടര്‍ന്നു: ‘അല്ലേലും ഈ ശവമടക്കില്‍ പങ്കെടുത്താപ്പിന്നെ  കൊറേ കഴിയണം ഒന്നു റിലാക്‌സാകാന്‍…ല്ലേ..?’

ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. മറ്റൊരു കസേര കാല്‍കൊണ്ടു നിരക്കി എനിക്കരികില്‍ സ്ഥാപിച്ച്, അതിലിരുന്നുകൊണ്ട് അവള്‍ പിന്നെയും പറഞ്ഞു.

‘പ്രൊഫസര്‍ മരിച്ചതിലിത്ര വ്യാകുലപ്പെടാനൊന്നുമില്ല. എണ്‍പത്തിയൊന്നു വയസായില്ലേ.’

ഞാനവളെ രൂക്ഷമായി നോക്കി.

അവള്‍ കൂസാതെ പറഞ്ഞു.

‘പ്രൊഫസര്‍ ആര്‍ക്കും പിടികൊടുത്തില്ല. സ്വന്തം ഉള്ളിലും ഒരു കാടുണ്ടാക്കി അതിനുള്ളില്‍ ജീവിച്ചു. എനിക്കങ്ങനെ തോന്നുന്നു. അതെന്തൊരു  ബോറാണ്…’

ഒരു മനുഷ്യന്‍ ജീവിച്ചിരുന്ന എണ്‍പത്തിയൊന്നു വര്‍ഷങ്ങളെ അര്‍ച്ചന  നിസ്സാരമായി സംഗ്രഹിച്ചതിലെ നീരസം ഒളിച്ചുവയ്ക്കാതെ ഞാന്‍ പറഞ്ഞു:

‘ജസ്റ്റ് ഷട്ട് അപ്പ്.’

എന്റെ നേരെ പരിഹാസ്യദ്യോതകമായി ഒന്നിളിച്ചു കാണിച്ച് അവളെഴുന്നേറ്റുപോയി.


പ്രൊഫസര്‍ തര്യന്‍ എന്റെ അധ്യാപകനായിരുന്നില്ല. അദ്ദേഹത്തെ മുന്‍പരിചയവും ഉണ്ടായിരുന്നില്ല. നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി ഗ്രാമാതിര്‍ത്തിയില്‍, പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനി പണിത വില്ല പ്രൊജക്റ്റിലെ ഈ വീട് സ്വന്തമാക്കിയ ശേഷമാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്.  പുതിയ വീട് കാണാനെത്തിയ ആദ്യദിവസം, പാടത്തിനക്കരെ മരക്കാടുകള്‍ക്ക് നേരെ നോക്കി അര്‍ച്ചന  അത്ഭുതപ്പെടുമ്പോള്‍ കോണ്ട്രാക്റ്റര്‍ പറഞ്ഞു.

‘വട്ടന്‍ പ്രൊഫസറുടെ കാടാണ്… പക്ഷേ, നമുക്ക് ശല്യമൊന്നുമില്ല കേട്ടോ…’

വീടിനു താഴെ വയലില്‍ മുളച്ചുതുടങ്ങിയ ഞാറുകളുടെ ഇളംപച്ച. തൊട്ടുമേലെ മരച്ചില്ലകളുടെ കടുംപച്ച. മുകളില്‍ ആകാശത്തിന്റെ നീല. ആ കാഴ്ചയുടെ പശ്ചാത്തലത്തില്‍ ഞങ്ങളിരുവരും ഒരു സെല്‍ഫിക്ക് പോസ് ചെയ്തു.

‘താഴെ പാടമല്ലേ. വെള്ളത്തിന് ഒരുകാലത്തും ക്ഷാമമുണ്ടാകില്ല. അക്കരെ പ്രൊഫസറുടെ കാട്  ഉള്ളതിനാല്‍  എപ്പഴും തണുത്ത കാറ്റും ഉണ്ടാകും.’


കോണ്ട്രാക്റ്റര്‍ ഞങ്ങള്‍ വാങ്ങിയ വീടിന്റെ ഗുണഗണങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അന്നത് കുറെ മടുപ്പിച്ചുവെങ്കിലും അയാള്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് എന്ന് താമസം തുടങ്ങിയതോടെ ഞങ്ങള്‍ക്ക് മനസ്സിലായി. എപ്പോഴും പക്ഷികളുടെ ചിലപ്പുകള്‍ ഉള്ളതിനാല്‍, നിത്യമായി ശബ്ദിക്കുന്ന ഒരു സംഗീതോപകരണംപോലെ ഞങ്ങള്‍ ശ്വസിക്കുന്ന പരിസരം  തോന്നിച്ചു. മഴയെ സ്വീകരിക്കുന്ന മരങ്ങളുടെ ഇലകള്‍ ആര്‍പ്പും ആരവവും ഉയര്‍ത്തുന്നതും ഞങ്ങളെ വിസ്മയിപ്പിച്ചു. രാത്രികളില്‍ മിന്നാമിനുങ്ങുകളുടെ പറ്റം പ്രൊഫസറുടെ ചെറുകാടിനെ നക്ഷത്രങ്ങള്‍ക്ക് ആതിഥ്യമരുളുന്ന  വിരുന്നുശാലയാക്കി. പ്രകൃതിയുടെ പ്രകൃതം സൂര്യനെ പ്രതിഫലിപ്പിക്കുന്ന മഞ്ഞുതുള്ളിയിലുണ്ട്, അതുപോലാണ് പ്രൊഫസറുടെ കാടും പാടവും എന്ന് അര്‍ച്ചന ഏതോ കവിയെ ഉദ്ധരിച്ചു.


പ്രൊഫസറെ ഒന്നുകാണണമെന്നും പരിചയപ്പെടണമെന്നും വിചാരിച്ചുവെങ്കിലും അതിനൊരു സാഹചര്യം ഒത്തുവന്നില്ല.


ആയിടെ ഫെയ്‌സ്ബുക്കില്‍ ഞാന്‍ ചില കുറിപ്പുകള്‍ എഴുതുന്നുണ്ടായിരുന്നു. വായിച്ച പുസ്തകങ്ങളും അതുവഴി പരിചയപ്പെട്ട മനുഷ്യരും അവരുടെ ജീവിതവും ആയിരുന്നു കുറിപ്പുകളില്‍.  കൂട്ടുകാരില്‍ ചിലര്‍ ഷെയര്‍ ചെയ്ത് ആ കുറിപ്പുകള്‍ക്ക് ധാരാളം വായനക്കാര്‍ ഉണ്ടായതോടെ ഒരാവേശത്തോടെ ഞാന്‍ എഴുത്ത് തുടര്‍ന്നു. എന്റെയും അര്‍ച്ചനയുടേയും പ്രണയകാലത്തെ കുറിച്ചെഴുതിയ ഒരു കുറിപ്പിനൊപ്പം പ്രൊഫസറുടെ കാടാണ് ഫോട്ടോ ആയി ചേര്‍ത്തത്. അന്ന് രാത്രി ഇന്‍ബോക്‌സില്‍ ‘മലയണ്ണാന്‍’  എന്നയാളുടെ  മെസേജ് വന്നു.


‘ഞാന്‍ പ്രൊഫസര്‍ തര്യന്‍. താങ്കളുടെ അയല്‍ക്കാരനും വായനക്കാരനുമാണ്. എന്റെ മരങ്ങളുടെ പടമെടുക്കാന്‍ ആര് നിങ്ങള്‍ക്ക് അനുവാദം തന്നു. നിരുപാധികം മാപ്പ് പറഞ്ഞാല്‍ ക്ഷമിക്കും. മാപ്പ് വാങ്ങാന്‍ ഞാന്‍ നേരില്‍ വരാം. എഴുത്ത് കൊള്ളാം.’  തൊട്ടുതാഴെ ‘കളിയാണ്’ എന്ന അര്‍ത്ഥമുള്ള ചില സ്‌മൈലികളും അയച്ചിട്ടുണ്ട്.

തിരിച്ചു ഞാന്‍ പൂവിട്ടു തൊഴുതു.

‘അയല്‍ക്കാരായിട്ടും നമ്മളിനിയും പരിചയപ്പെട്ടില്ല’ എന്നൊരു വരി കൂടെ പിന്നാലെ വന്നു. ‘കാണാം’ എന്ന് മാത്രം ഞാന്‍ മറുപടി കുറിച്ചു.


ആ പ്രൊഫൈലില്‍ കയറിനോക്കി എങ്കിലും ആളെ കാണാനായില്ല. ഫോട്ടോ കൊടുത്തിരിക്കുന്നതും മലയണ്ണാന്റെയാണ്. കവര്‍ ഫോട്ടോ കാട്. പിന്നെ, ചില ഷെയറിംഗ് പോസ്റ്റുകള്‍. അത്രമാത്രം. മറ്റു വിവരങ്ങളൊന്നുമില്ല. പ്രൊഫസര്‍ തന്നെയെന്ന് ഉറപ്പുള്ളതിനാല്‍, ലഭിച്ച ഫ്രണ്ട് റിക്ക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തു. ആകാംഷകള്‍ക്കും സന്ദേഹങ്ങള്‍ക്കും ഒട്ടും ഇടനല്‍കാതെ പിറ്റേന്ന് രാവിലെ  ഒരു സൈക്കിളില്‍,  പ്രൊഫസര്‍ തര്യന്‍ ഞങ്ങളുടെ വീട്ടുമുറ്റത്തെത്തി. ഇരുനിറത്തില്‍ മെലിഞ്ഞ ഉയരം കുറഞ്ഞ ആളായിരുന്നു പ്രൊഫസര്‍. സദാ ചിരിക്കുന്ന മുഖം. ഇട്ടിരുന്ന ക്രീം കളര്‍ ഷര്‍ട്ടിന്റെ കൈകള്‍ തെറുത്തുകൊണ്ട്, നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു: ‘മാപ്പ് വാങ്ങാന്‍ വന്നതാണ്…’

തുടര്‍ന്ന്, എന്നെ  താല്‍പര്യത്തോടെ നോക്കി, ഹസ്തദാനത്തിനായി കൈകള്‍ നീട്ടി പ്രൊഫസര്‍ പ്രശംസിച്ചു.


‘യു ആര്‍ ടൂ യംഗ്…’

പ്രായത്തെ വെല്ലുവിളിക്കുന്ന ഉത്സാഹത്തെ ഞാനും തൊട്ടു.

‘യു ടൂ…’


അതായിരുന്നു സൗഹൃദത്തിന്റെ  തുടക്കം. അവിടുന്നങ്ങോട്ട് അദേഹം ഇടയ്ക്കിടെ ഞങ്ങളെ തേടിവന്നു. പഠിപ്പിച്ച കോളേജുകള്‍, സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെയെല്ലാം, സരസവും ദീപ്തവുമായ വാക്കുകളാല്‍ ഓര്‍ത്തു പറഞ്ഞു. അദ്ദേഹം സംസാരിച്ചപ്പോള്‍ ഫലിതം പരുക്കന്‍ പ്രതലത്തിലൂടെ ഒഴുകിയെത്തുന്ന ജലം പോലെ ഞങ്ങളെ നനച്ചു. ആശയങ്ങള്‍ വെല്ലുവിളിപോലെ വിടരുന്ന പ്രഭാതമായി തോന്നി. പറക്കാന്‍ പ്രേരണ നല്‍കുന്ന ചിറകുകളായി  അദ്ദേഹം ഉച്ചരിച്ച വാക്കുകള്‍ പെരുമാറി. ഞങ്ങളോട് സൗഹാര്‍ദ്ദത്തോടെ ഇടപെട്ടുവെങ്കിലും നാട്ടുകാരോട് അദ്ദേഹം ഇക്കാണായ വര്‍ഷങ്ങള്‍ മുഴുവന്‍ അകലം പാലിച്ചുതന്നെയാണ് ജീവിച്ചത് എന്ന് ഞാന്‍ മനസ്സിലാക്കി. അന്യരാല്‍ സ്‌നേഹിക്കപ്പെടാനും ബഹുമാനിക്കപ്പെടാനും  പ്രൊഫസര്‍ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല.  


‘ഞാന്‍ എത്ര വട്ടം ഇവിടെ വന്നു. ഒരിക്കല്‍ പോലും നിങ്ങളങ്ങോട്ട് വന്നില്ലല്ലോ. മേരി നിങ്ങളെ ചോദിച്ചു.’


ഒരിക്കല്‍ പ്രൊഫസര്‍ പറഞ്ഞു.