കാഴ്ച,കഥ,കനം – പി. എഫ്. മാത്യൂസ്
‘ഞാന്‍ എന്നോടുതന്നെ പറഞ്ഞു:
അടരുകള്‍ അടര്ത്തുന്നത് മതിയാക്കൂ
ഒന്നും അവശേഷിക്കില്ല.
ഉള്ളിയുടെ കാമ്പന്വേഷിക്കുന്നതു പോലെയാണ്
മനുഷ്യനില്‍ ആത്മാവിനെ അന്വേഷിക്കുന്നത്.’
കെ. എ. ജയശീലന്‍
പലസ്തീന് സംവിധായകന് ഏലിയ സുലൈമാനിന്റെ ‘ഇറ്റ് മസ്റ്റ് ബി പാരഡൈസ്’ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. പലസ്തീന് പ്രതിസന്ധിയെക്കുറിച്ച് തിരക്കഥയെഴുതിക്കൊണ്ടിരിക്കെ അയാളുടെ മുറിയിലേക്കു പറന്നുവീണ കിളിയെ ശുശ്രൂഷിച്ച്, തീറ്റകൊടുത്ത് എഴുത്തുമേശയ്ക്കരികില്‍ ചേര്‍ത്തുനിറുത്തുന്നു. അയാള്‍ തുടര്‍ന്നെഴുതാന്‍ തുടങ്ങിയതും കിളി ലാപ്ടോപ്പിലേക്കു നടന്നുകയറുകയായി. പലവട്ടം തട്ടിനീക്കിയിട്ടും അതുപോയില്ല. ഒടുവില്‍ കിളിയെ തട്ടി തറയിലേക്കിട്ട് ജനല്‍തുറന്ന് പുറത്തേക്കുപോകാന്‍ ആംഗ്യഭാഷയില്‍ അയാള്‍ ആജ്ഞാപിച്ചപ്പോള്‍ കിളി പറന്നുപോകുന്നു. ഈ രംഗത്തെ ധാരാളം ചലച്ചിത്ര പണ്ഡിതര്‍ പലമട്ടില്‍ വ്യാഖ്യാനിച്ചു. ഒരു അഭിമുഖത്തിനിടയില്‍ ആ കിളിയുടെ വരവ് പലസ്തീനില്‍ ഇസ്രയേലിന്റെ ഇടപെടലായി വ്യാഖ്യാനിച്ചപ്പോള്‍ വളരേയധികം ചിരിച്ചുകെണ്ട് അദ്ദേഹം പറഞ്ഞു. നമ്മള് പലപ്പോഴും കലാസൃഷ്ടിയെ അമിതമായി വിശകലനം ചെയ്തും വ്യാഖ്യാനിച്ചും അലിഗറിയാക്കി മാറ്റാറുണ്ട്. ആ നിമിഷത്തെ ശുദ്ധവും കാവ്യാത്മകവുമായ ഒരു രംഗമായി കണ്ടുകൂടേ. ദൃശ്യകലകളെക്കുറിച്ചു പറയുമ്പോള്‍ പൊതുവേ നമ്മള് അങ്ങനെയാണ്. ഒരു കാഴ്ചയെ, ഒരു ചിത്രത്തെ അല്ലെങ്കില്‍ ഒരു ഫലിതരംഗത്തെ അതിനപ്പുറമുള്ള ആശയങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് ആസ്വാദകന് സംതൃപ്തി കിട്ടുന്നത്. നമുക്ക് കനമാണ് വേണ്ടത്. ആശയങ്ങളുടെ, ദര്‍ശനങ്ങളുടെ കനം. പെയിന്റിംഗിലും കവിതയിലും കഥയുടെ ഭാരം ചേര്‍ക്കാനും നമുക്കിഷ്ടമാണ്. നോവലുകളോ ചെറുകഥകളോ ആണെങ്കില്‍ പറയുകയും വേണ്ട.
കലാസ്വാദനത്തെയും കലാപ്രവൃത്തികളെയും അതിന്റെ നിഗൂഢതകളഴിച്ചുനീക്കി പുറത്തേക്കുകൊണ്ടുവരേണ്ടതുണ്ടെ
ജിംജാര്മുഷ് എന്ന അമേരിക്കന്‍ ചലച്ചിത്രകാരന്റെ ‘പാറ്റേഴ്സന്’ എന്ന സിനിമയിലെ കഥാപാത്രം തന്റെ ഭാര്യക്ക് പ്രണയപൂര്‍വം കവിത വായിച്ചുകൊടുക്കുന്ന രംഗം കണ്ടുകൊണ്ടിരിക്കുകയാണ് കഥയിലെ നായകനായ ചിത്തന്. അവന്റെ അമ്മ നളിനി പിന്നില്‍ നിന്നതു ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടു മകനോടു ചോദിച്ചു ഇതു കവിതയാണോ എന്ന്. അതെ എന്നു എഴുത്തുകാരനായ മകന് പറഞ്ഞപ്പോള്‍ നളിനി തര്‍ക്കിക്കാന്‍ തുടങ്ങി. കവി തന്റെ ഭാര്യക്കെഴുതിവച്ച കത്ത് വഴിതെറ്റി പുസ്തകത്തില്‍ കടന്നുകൂടിയതാണിത് എന്നാണവരുടെ പക്ഷം. പ്രാതലിന് ഭാര്യ എടുത്തുവച്ച പ്ലം തിന്നുതീര്‍ത്ത ഭര്‍ത്താവിന്റെ ക്ഷമാപണം മാത്രമാണത്. നിങ്ങളിഷ്ടപ്പെടുന്ന മട്ടിലുള്ള കവിതകളൊന്നും ലോകത്ത് ഒരാളും ഇപ്പോള്‍ എഴുതുന്നില്ല എന്ന് മകന് അമ്മയോട് പറയുന്നുണ്ടെങ്കിലും അമ്മയ്ക്കതൊന്നും രുചിക്കുന്നില്ല. പ്ലോട്ടോ നാടകീയ മുഹൂര്‍ത്തങ്ങളോ ഇല്ലാത്ത, ഒരേപോലെ ആവര്‍ത്തിക്കുന്ന തീരെ കനംകുറഞ്ഞ ദിവസങ്ങളുള്ള ‘പാറ്റേഴ്സന്’ എന്ന സിനിമ മുഴുവനായും നളിനി കാണുന്നുണ്ടെങ്കിലും അവള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. ചിത്തന്റെ സംഭവരഹിതമായ ജീവിതംപോലെയാണ് ആ സിനിമയെന്ന് നളിനി കരുതി. ദിനചര്യകളിലൂടെ മാത്രം ജീവിതം നയിക്കുന്ന ഒരാള്‍ക്ക് നല്ല എഴുത്തുകാരനാകാന്‍ കഴിയില്ല എന്ന് നളിനിക്കു തീര്‍ച്ചയുമുണ്ട്. പ്രണയം, രതി, വാര്‍ദ്ധക്യം, രാഷ്ട്രീയസംഘര്‍ഷം തുടങ്ങിയവയടങ്ങുന്ന ജീവിതാസക്തിയില് മുക്കിയെടുത്തതാകണം കല എന്ന് അവര്‍ വിശ്വസിക്കുന്നു. അമ്മയുടെ ആറു പ്രണയങ്ങളേക്കുറിച്ചും അവരുടെ ഏഴാമത്തെ കാമുകനെക്കുറിച്ചും അറിയാവുന്ന ചിത്തന് അവരുടെ വിമര്‍ശനം കേട്ടിട്ട് പറഞ്ഞുഃ ‘നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ എഴുതാന്‍ ഞാന്‍ ദിനപത്രത്തിലെ മുഖപ്രസംഗമെഴുത്തുകാരനല്ല’….
റഷ്യന്‍സാഹിത്യം ഒരുകാലത്ത് ആശയങ്ങളാലും വൈകാരിക മുഹൂര്‍ത്തങ്ങളാലും സമൃദ്ധമായിരുന്നു. അവിടത്തെ എഴുത്തുകാര്‍ സാറിസ്റ്റ് ഭരണകൂടത്തിനെതിരെ കഥകളിലൂടെ ഒളിയമ്പുകള്‍ എയ്തുകൊണ്ടിരുന്നു. ഏതാണ്ട് ഇരുന്നൂറു വര്‍ഷക്കാലം ഈസോപ്പിയന്‍ മട്ടിലുള്ള കഥാവിവരണമായിരുന്നു തുടര്‍ന്നുപോന്നത്. ചവിട്ടിത്തേഞ്ഞ ഈ രാജപാതകളെ ചെക്കോവ് ധിക്കരിച്ചു. വലിയ വേദാന്തങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കാതെ വളരെ നിസ്സാരമെന്നു തോന്നുന്ന കൊച്ചുകൊച്ചു കഥകളായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ചെറുകഥകള്‍. സാധാരണക്കാരുടെ അതിസാധാരണങ്ങളായ കാര്യങ്ങളായിരുന്നു മിക്കവാറും. വലിയ തത്ത്വങ്ങള്‍ ഉദ്പാദിപ്പിക്കുന്ന സന്യാസികള്‍ ജനറല്മാരെപ്പോലെ അധികാരത്താല്‍ മത്തുപിടിച്ചവര്‍ തന്നെയാണ്. അതിനാല്‍ എഴുത്തുകാരന് സത്യസന്ധനായിരിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനുപകരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യണമെന്ന് ചെക്കോവ് കരുതി. നിങ്ങള്‍ സ്വയം ഒന്നു നോക്കൂ, എത്ര വിരസമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്….
ആ മനുഷ്യന് പതിവുള്ള നാലുമണിച്ചായയുടെ നേരത്ത്, സര്‍ക്കാര്‍ ഓഫീസിലെ തന്റെ കസേരയില്‍ നിന്നെണീറ്റ് നടന്ന് അടുത്തുളള ചെറിയ ചായക്കടയിലെ, എന്നും ഇരിക്കുന്ന കസേരയില്‍ ഇരുന്ന് എന്നത്തെയുംപോലെ മീഡിയം ചായയ്ക്ക് ആവശ്യപ്പെടുന്ന നേരത്താണ് അയാളുടെ മൊബൈല്‍ഫോണ്‍ മണിയടിക്കുന്നത്. പരിചയമില്ലാത്ത ആ നമ്പര്‍ എടുത്താല്‍ അയാളുടെ ജീവിതം മാറിമറിയും എടുത്തില്ലെങ്കില്‍ വ്യത്യസ്തമായ മറ്റൊന്നായിരിക്കും. എടുക്കണോ വേണ്ടയോ എന്ന ശങ്കയിലകപ്പെടുന്നു അയാള്‍. ‘ To be or not to be ‘ എന്നു വിശേഷിപ്പിക്കാവുന്ന, ഷേക്സ്പീരിയന്‍ മുഹൂര്‍ത്തം. അതുകൊണ്ടുതന്നെ ആ കൃതിയുടെ പേര് പച്ച ചുവപ്പ് എന്നായിരിക്കണം എന്ന് എനിക്കുതോന്നി. എന്നാലും പ്രതിസന്ധി പരിഹാരമില്ലാതെ അങ്ങനെ കിടക്കുകയാണ്. ഈ മനുഷ്യനെ എങ്ങനെ ചിത്രീകരിക്കും?… അയാളുടെ ശരീരത്തിനും മനസ്സിനും ചേരാത്ത ഒരു പേര് അയാള്‍ക്കുണ്ട് – സച്ചിദാനന്ദന്. സ്വാഭാവികമായും തീര്ച്ചയില്ലായ്മകളോടെയാകും ആദ്യത്തെ എഴുത്ത്. നോവലിന്റെ ആദ്യ കരട് ഒറ്റയടിക്ക് പൂര്‍ത്തിയാക്കിയശേഷം അസംതൃപ്തിയോടെ പത്തു വര്‍ഷത്തോളം ഞാന്‍ കാത്തിരുന്നു. പതിനൊന്നാം വര്‍ഷത്തെ പുനരെഴുത്തില്‍ ആ നോവലിന് ഒരു രൂപവും പുതിയൊരു പേരും കൈവന്നു. ‘കടലിന്റെ മണം’. നോവലിന്റെ തുടക്കത്തില്‍ ചായ കുടിക്കാനായി വന്ന സച്ചിദാനന്ദന് ആ പരിസരങ്ങളിലെവിടെയും ഇല്ലാത്ത കടലിന്റെ മണമനുഭവിക്കുന്നു. അത് ഗര്‍ഭപാത്രത്തില്‍ നിന്നുള്ള മണമാണെന്ന വിചിത്രമായ തോന്നല്‍പോലും അയാള്‍ക്കുണ്ടാകുന്നുണ്ട്. വളരെ അയുക്തികമായ ഇത്തരം തോന്നലുകള്‍ അബോധമനസ്സിന്റെ കണ്ടെത്തലുകളാണ്. ഒരു ജീവിതംകൊണ്ട് ഒന്നും പഠിക്കാത്ത മനുഷ്യന് ഒന്നിലേറെ ജീവിതങ്ങളുടെ ആവശ്യമുണ്ട്. അനവധി സാധ്യതകളുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് അതിലൊന്നു തിരഞ്ഞെടുക്കാനാകൂ. ആഴക്കടലിനു കീഴെ മറ്റൊരു പ്രപഞ്ചമാണ്. അതുപോലെത്തന്നെ ഗര്‍ഭപാത്രം പുതിയൊരു ജീവിത സാധ്യതയുമാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ അസംഖ്യം സാധ്യതകള്‍ മുന്നിലുണ്ടെങ്കില്‍ സച്ചിദാനന്ദനെപ്പോലെ ഒരാള്‍ എന്തായിരിക്കും തിരഞ്ഞെടുക്കുക?….
ദിവസങ്ങള്‍ക്കുമുമ്പ് നോവലിലെ കഥാപാത്രമായ സച്ചിദാനന്ദനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു യുവാവ് ഇങ്ങനെ എഴുതി. ‘ജീവിതത്തില്‍ എന്താകരുതെന്നു ഞാനാഗ്രഹിക്കുന്നുവോ, ഏതവസ്ഥയെ ഞാന്‍ ഭയക്കുന്നുവോ അതായിത്തീര്ന്ന, അതില്‍ ജീവിക്കുന്ന വ്യക്തിയാണ് സച്ചിദാനന്ദന്. വലിയ ക്രൂരതയോ വില്ലത്തരമോ അയാളിലില്ല. പകരം സാധാരണത്വത്തിലെ ക്രൂരത എത്രമാത്രമെന്നു വെളിവാക്കുന്ന ഒരു കഥാപാത്രമായി അയാള്‍ മാറുന്നു. അയാള്‍ നമുക്കു ചുറ്റുമുള്ള ആരൊക്കെയോ ആണ്.