മതങ്ങളും മതനിരപേക്ഷതയും ചില നിഷ്പക്ഷ ചിന്തകള്‍ – കെ. ബാബു ജോസഫ്

മതങ്ങളും മതനിരപേക്ഷതയും ചില നിഷ്പക്ഷ ചിന്തകള്‍  – കെ. ബാബു ജോസഫ്

മതനിരപേക്ഷതയെക്കുറിച്ച് ഉച്ചൈസ്തരം പ്രഘോഷിക്കുന്നവരില്‍ ഭൂരിപക്ഷവും അതിനെതിരെ ചിന്തിക്കുന്നവരും, രഹസ്യമായി പ്രവര്‍ത്തിക്കുന്നവരുമാണ്. ആട്ടിന്‍തോല്‍ ധരിച്ച ചെന്നായുടെ കാപട്യമാണ് ഇവരുടെ പക്കലുള്ളത്. ലോകത്തിന് ആത്മീയനേതൃത്വം


കൊടുക്കാന്‍ കഴിവുള്ളവരാണ് ഭാരതീയരെന്ന് വീമ്പടിക്കുന്നത് ആരെങ്കിലും ഇപ്പോള്‍ ഗൗരവമായി എടുക്കുന്നുണ്ടോ എന്നറിയില്ല. മതസാപേക്ഷതയെ ഉള്ളിലൊളിപ്പിച്ച്, മതനിരപേക്ഷത വില്‍ക്കാന്‍ ശ്രമിക്കുന്ന തന്ത്രശാലികളായ വണിക്കുകളല്ലേ നമ്മള്‍?


ഒരു മനുഷ്യകല്പിത പ്രസ്ഥാനമാണ് മതം. ആചാരാനുഷ്ഠാനങ്ങളിലൂടെയും അപേക്ഷകളിലൂടെയും ദൈവത്തെ, അല്ലെങ്കില്‍ ദൈവങ്ങളെ പ്രസാദിപ്പിച്ച് ഭൗതികമോ


അതിഭൗതികമോ ആയ അനുഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിന് അനുയായികളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണ് മതങ്ങളുടെ പ്രവര്‍ത്തന രീതി. പരമാധ്യക്ഷനോ, ഉപാധ്യക്ഷരോ ഇല്ലാത്ത മതങ്ങള്‍ അപൂര്‍വമാണ്. ആദിവാസികളുടെ ഇടയില്‍പ്പോലും ചുമതലകള്‍ നിര്‍വഹിക്കുന്ന മൂപ്പന്മാരുണ്ട്. ചിലപ്പോള്‍ ഭരണാധിപനും പുരോഹിതനും ഒരേ ആള്‍ തന്നെ ആയിരിക്കും. ഒരവശ്യതിന്മയാണ് മതമെന്ന് വിചാരിക്കുന്നവരും കുറവല്ല. സാംസ്‌കാരിക പുരോഗതിയില്‍ ഒരു സുപ്രധാന പങ്ക് മതങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാഷ, സാഹിത്യം, കല, ദര്‍ശനം, ശാസ്ത്രം, വ്യാജശാസ്ത്രം തുടങ്ങിയവ വികസിപ്പിക്കുന്നതില്‍ മതം സാരമായ സംഭാവനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പോസിറ്റീവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ് മതത്തിന്റെ നെഗറ്റീവ് സ്വാധീനം. സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാര്‍ത്ഥനകളും അനു ഷ്ഠാനങ്ങളും നിര്‍വഹിക്കുമ്പോള്‍ത്തന്നെ, അന്യരെ ദ്രോഹിക്കുന്നതിനുള്ള പരിപാടികളും ചിലര്‍ തയാറാക്കും. സാമൂഹിക പരിണാമത്തിലെ ഒരേടാണ് മതങ്ങളെന്ന പ്രതിഭാസം എന്ന് കരുതാവുന്നതാണ്.


വിശ്വാസമെന്ന ഇരുമ്പുലക്ക


ഒരു പറ്റം പ്രമാണങ്ങളുടെമേല്‍ കെട്ടിപ്പടുക്കുന്ന ഒരു സങ്കല്പനസംഹിത എല്ലാ മതങ്ങള്‍ക്കുമുണ്ട്. കലയും സാഹിത്യവും ദര്‍ശനവുമെല്ലാം കൂടിക്കലര്‍ന്നാണ് ഇത് ആ വിഷ്‌കൃതമാകുന്നത്. ഭൂരിപക്ഷം മതങ്ങളിലും ദൈവസങ്കല്പം ഉണ്ടെങ്കിലും, ബുദ്ധ, ജൈനമതങ്ങളില്‍ ഇത് വിഭിന്നമാണ്. ആദ്യമൊക്കെ ബൗദ്ധര്‍ ദൈവത്തെപ്പറ്റി ശബ്ദിച്ചിട്ടില്ലെങ്കിലും, കാലം പോകെ ബുദ്ധനെ ദൈവമായി സങ്കല്‍പ്പിച്ച് വണങ്ങിത്തുടങ്ങി. ജൈനര്‍ ആരാധിക്കുന്നവര്‍ മനുഷ്യരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാത്തവരാണ്. ഈശ്വരസങ്കല്പത്തില്‍ അധിഷ്ഠിതമായ മതങ്ങളില്‍ മനുഷ്യസഹജമായ ഗുണങ്ങളാണ് ദൈവത്തില്‍ ആരോപിക്കപ്പെടുന്നത്. ദേവാലയങ്ങളില്‍ മനുഷ്യരൂപത്തിലാണ് ദൈവത്തെയോ, ദൈവങ്ങളെയോ സാധാരണ പ്രതിനിധാനം ചെയ്യാറുള്ളത്. സ്‌നേഹം, അനുകമ്പ, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങള്‍ക്കു പുറമേ കോപം, പക തുടങ്ങിയ ദുര്‍ഗുണങ്ങള്‍ക്കും ഈശ്വരപ്രതിനിധാനങ്ങളുണ്ട്. ഒരേ ദൈവത്തില്‍ വിരുദ്ധ സവിശേഷതകള്‍ ആരോപിക്കുന്നതും പരിചിതമാണ്. അനന്തദയാലുവായ ദൈവം ഉഗ്രസംഹാരമൂര്‍ത്തിയായി മാറുന്ന കഥകള്‍ മിക്ക വിശുദ്ധ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും സ്ഥലം പിടിച്ചിട്ടുണ്ട്. വിഗ്രഹാരാധന തീര്‍ത്തും അന്യമായിട്ടുള്ള ചില മതങ്ങളില്‍പ്പോലും ദൈവത്തെ ആശയപരമായി ചിത്രീകരിക്കുന്നത് സ്രഷ്ടാവും രക്ഷകനും കരുണാമയനും ആയി മാത്രമല്ല, നിര്‍ദയനായ ന്യായാധിപനും ശിക്ഷകനും കൂടി ആയിട്ടാണ്. പരബ്രഹ്മത്തിന്റെ സത് – ചിത് – ആനന്ദമായുള്ള ചിത്രീകരണത്തിലും തെളിഞ്ഞു കാണുക മാനുഷിക ഭാവങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍, മാനുഷികഭാവങ്ങളെ പൂര്‍ണമായി തിരസ്‌കരിക്കുന്ന ഒരു പ്രതിനിധാനം പരമസത്യത്തെ അവതരിപ്പിക്കുമ്പോഴും സാധ്യമല്ല. ദൈവത്തെ മനുഷ്യരൂപത്തില്‍, അല്ലെങ്കില്‍ ഭാവത്തില്‍ സങ്കല്പനം ചെയ്യുന്ന സ്വഭാവം നമ്മുടെ തലച്ചോറില്‍ മുദ്രിതമാണെന്ന് റെസ അസ്ലന്‍ (Reza Aslan, God: A Human History of Religion, 2017) പറയുന്നു. എത്ര അമൂര്‍ത്തമായ ദൈവശാസ്ത്രത്തിലും മനുഷ്യസഹജഭാവങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ദൈവ നിര്‍വചനം ലഭ്യമല്ല. ഇതെല്ലാം പ്രകടിതമാകുന്നത് കഥകളിലൂടെയും പുരാണങ്ങളിലൂടെയുമാണ്. വിശ്വാസത്തിന്റെ അടിത്തറ യുക്തിഭദ്രമായ പരികല്പനകളാകണമെന്നില്ല. ഭാവനാകല്പിത മിത്തുകളും കഥകളും അവ സൂചിപ്പിക്കുന്ന സങ്കല്പനങ്ങളുമാണ് ആധാരമാകുന്നത്.


വിശ്വാസത്തിന്റെ പേരില്‍ മാത്രമാണ് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതെന്ന് പറഞ്ഞുകൂടാ. സ്വത്തിനും സമ്പാദ്യത്തിനും വേണ്ടിയാണ് പലപ്പോഴും അവര്‍ പോര്‍മുഖം തുറക്കുന്നത്. സ്വന്തം മതത്തില്‍ കണ്ണുമടച്ചു വിശ്വസിക്കുന്ന ലോലമനസ്‌കര്‍ക്ക് മതേതരത്വത്തേപ്പറ്റി സംസാരിക്കാന്‍ അവകാശമില്ല. ഒരു മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യയെന്ന് ഭരണഘടന പ്രസ്താവിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇതൊരു വിശ്വാസമുഖ്യ രാഷ്ട്രമാണ്. എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ ആദരിക്കുക എന്നല്ല മതേതരത്വം അര്‍ത്ഥമാക്കുക. മാത്രമല്ല, ‘എല്ലാ വിശ്വാസങ്ങള്‍’ എന്ന പ്രയോഗം സൂചിപ്പിക്കുക, ഇപ്പോഴുള്ളതും ഇനി ആവിഷ്‌കരിക്കപ്പെടാന്‍ പോകുന്നതും എന്നാണ്. മതപരമായ സൂചനകളില്ലാത്തതായിരിക്കണം മതനിരപേക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എന്തും. ഇപ്പോള്‍ മതേതരമെന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് ദേശീയ അവധി ദിനങ്ങളാണ് നമുക്കുള്ളത്: സ്വാതന്ത്ര്യദിനം, റിപ്പബ്‌ളിക്ദിനം, ഗാന്ധിജയന്തി. മതേതരത്വം ഉറപ്പാക്കണമെങ്കില്‍, മതസംബന്ധിയായ അവധി ദിനങ്ങള്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ അവകാശപ്പെടാമെന്ന വ്യവസ്ഥ വേണം. കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ ഈ തത്ത്വം പാലിക്കുന്നുണ്ട്.


വിശ്വാസത്തെ കേവലമായി കരുതി ഇതര മതസ്ഥരെ ദ്രോഹിക്കാന്‍ തുനിയരുതെന്ന് സാമൂഹിക സമാധാനത്തിന്റെ പേരില്‍ ആവശ്യപ്പെടാം. മതപരമായ സങ്കല്പനങ്ങള്‍ക്ക് പരീക്ഷണപരമോ, നിരീക്ഷണപരമോ ആയ തെളിവില്ലാത്തതിനാല്‍, ഒരു മതവിശ്വാസവും അനന്യമാണെന്ന് പറഞ്ഞുകൂടാ. അത്ഭുതങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസങ്ങള്‍ ഒരു മതത്തിന്റെയും കുത്തകയല്ലെന്നു മാത്രമല്ല, ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടിട്ടുമില്ല. ഇതില്‍ നിന്നുരുത്തിരിയുന്നത്, എല്ലാ മതങ്ങളിലും ശരിയും തെറ്റും കണ്ടേക്കുമെന്നാണ്. അതിനാല്‍ മതേതരത്വമാണ് സുരക്ഷിത സമീപനമെന്ന് മനസ്സിലാക്കാം.


മതപരിവര്‍ത്തനം


വികാരങ്ങള്‍ ഉണര്‍ത്തുന്ന വിഷയങ്ങളില്‍ കാലിക പ്രാധാന്യമുള്ള ഒന്നാണ് മതംമാറ്റം. ഒരു മതേതര രാഷ്ട്രത്തില്‍ മതംമാറ്റത്തെച്ചൊല്ലി ഇത്രയേറെ ബഹളംവയ്‌ക്കേണ്ടതില്ല. പണവും സ്ഥാനവും മോഹിച്ച് ജനപ്രതിനിധികള്‍ കൂറ് മാറുന്നത് നമ്മുടെ ജനാധിപത്യത്തില്‍ വിഷയമേ അല്ല! വാസ്തവത്തില്‍ ഈ പ്രവണതയേയാണ് ജനങ്ങള്‍ എതിര്‍ക്കേണ്ടത്. മതംമാറ്റത്തെ നിരോധിക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള നിയമനിര്‍മാണം ചില സംസ്ഥാനങ്ങളില്‍ നടത്തുകയോ നടന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നു.