നീതിയുട  നലവിളിയു മാനവികതയുടെ രോദനവും സത്യാനന്തരകാലത്ത്  നവമാനവികത അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ നേർക്കാഴ്ചകള്‍ – ഡോ. ആന്റണി പാലക്കൽ

പേമാരിയായി പെയ്തിറങ്ങുന്ന മഹാവ്യാധികൾ, തീതുപ്പുന്ന പ്രകൃതിദുരന്തങ്ങൾ, കൊള്ളയടിക്കപ്പെടുന്ന ഭൂമിയും പ്രകൃതിയും, ദുർബ്ബലമാകുന്ന പരിസ്ഥിതിയും താളംതെറ്റുന്ന കാലാവസ്ഥയും, ഉത്തരമുതലാളിത്ത കോർപ്പറേറ്റ് അധിനിവേശം, ആർത്തിയും ദുരയും വിതച്ച കുത്തിയൊലിക്കുന്ന കമ്പോളസംസ്കാരം, അധികാരദുരമൂത്ത ഭരണകൂട -ഭൂരിപക്ഷ ഭീകരത, പാർട്ടി ആധിപത്യമായിത്തീർന്ന ജനാധിപത്യം, ഫാസിസ്റ്റു രൂപംപൂണ്ട സാംസ്‌കാരിക ദേശീയതാവാദം, അക്കാദമിക മാഫിയയുടെ പിടിയിലമർന്ന ക്യാമ്പസുകൾ…വർത്തമാന കാലത്ത് നവമാനവികതയുടെ വെല്ലുവിളി നേരിടുന്ന നമ്മുടെ നാടിന്റ നേർചിത്രം.


വർത്തമാനകാലം സത്യാനന്തര കാലമാണ്. സത്യാനന്തരകാലം മനുഷ്യന്  കഷ്ടകാലമാണ്.    അപായസമൂഹം  (Risk Society ) എന്നാണ് ഈ കാലത്തെ വിശേഷിപ്പിക്കുന്നത്; അത്രമേൽ ഭീതിതവും ഭീഷണവുമാണ് ഈകാലം. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ അപായങ്ങൾ മനുഷ്യനെ ഒഴിയാബാധ പോലെ പിടികൂടിയിരിക്കുന്നു. തന്നെ അപായപ്പെടുത്തുവാൻ തക്കം പാർക്കുന്ന ഏതോ അദൃശ്യ ശക്തിയുടെ തണുത്ത സാന്നിധ്യം മനുഷ്യനെ എപ്പോഴും ഭയപ്പെടുത്തുന്നു. എന്തും എപ്പോഴും സംഭവിക്കാമെന്ന ഉത്കണ്ഠ വർത്തമാനകാല മനുഷ്യന്റെ കൂടപ്പിറപ്പാണ്. മഹാമാരി, പ്രകൃതിദുരന്തം, വാഹനാപകടം, രാജ്യദ്രോഹക്കുറ്റം,  മർദ്ദനം,  പീഡനം, ജയിൽവാസം, , കൊള്ള,  വഞ്ചന, പട്ടിണി, തൊഴിലില്ലായ്മ, വ്യാജാരോപണം,  പുറത്താക്കൽ, എന്നിങ്ങനെ ദുരന്തങ്ങൾ ഒന്നൊന്നായി മനുഷ്യനെ വേട്ടയാടുകയാണ്…


സത്യാനന്തരകാലം ധർമ്മസങ്കടത്തിന്റെ കാലവുമാണ്. ഇക്കാലത്തു ജീവനെയും ജീവിതത്തെയും സംബന്ധിക്കുന്ന തീരുമാനങ്ങളെയും വിധിന്യായങ്ങളേയും സ്വാധീനിക്കുന്നത് വസ്തുതകൾക്കും തെളിവുകൾക്കും മേലെ, വൈകാരികതയും അതിഭാവുകത്വവും മുൻവിധികളുമാണ്. അതിനാൽ, സത്യവും അസത്യവും, യാഥാർഥ്യവും മിഥ്യയും, നേരും കളവും, ധർമ്മവും അധർമ്മവുമൊക്കെ കെട്ടുപിണഞ്ഞു അവ തമ്മിലുള്ള അന്തരം നിശ്ചയിക്കാനാവാത്ത സങ്കീർണമായ ജീവിതാവസ്ഥയിലൂടെയാണ്  നാം സഞ്ചരിക്കുന്നത്. ഈ സാമൂഹിക സാഹചര്യം ഇന്നത്തെ മനുഷ്യനെ മഥിക്കുന്ന ധർമ്മസങ്കടം തന്നെയാണ്. മനുഷ്യജീവനും മനുഷ്യത്വത്തിനും- അത്രമേൽ വിലയിടിഞ്ഞ ആസുര കാലമാണിത്. ഈ സാമൂഹിക കാലാവസ്ഥ ഏറ്റവും സാരമായി ബാധിച്ചത് മനുഷ്യതയെയാണ്, – മനുഷ്യതയുടെ അടിസ്ഥാന ചോദനയും ഭാവവുമായ മാനവികതയെ ആണ്; മാനവികതയുടെ ഭാവങ്ങളായ സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളെയും, കാരുണ്യം, ആർദ്രത, വാൽസല്യം, സഹാനുഭാവം തുടങ്ങിയ വികാരങ്ങളെയുമാണ്. മനുഷ്യനെ, മനുഷ്യനാക്കുന്നതv മാനവികതയാണ്. മുലയൂട്ടുന്ന ജന്തുഗണത്തിൽപ്പെട്ട മനുഷ്യനെ ഹോമോസാപിയൻ ആയി രൂപാന്തരപ്പെടുത്തിയതും വ്യതിരക്തമാക്കിയതും നീണ്ടകാലത്തെ മാനവസംസ്കാരപാതയിൽ മനുഷ്യനിൽ വികസ്വരമായ മാനവികതാബോധമാണ്.   ഈ അർത്ഥത്തിൽ,  മനുഷ്യോല്പത്തിയുടെ പരിണാമചരിത്രം എന്നത്‌മാനവികതയിലേക്കുള്ള വികാസത്തിന്റെ ചരിത്രമാണ്.  മനുഷ്യരാശിയുടെ സംസ്കാരത്തിന്റെ വളർച്ച എന്നാൽ, മാനവികതയുടെ വളർച്ച എന്നാണർഥം.


 കലയുടെയും സാഹിത്യത്തിന്റെയും പരമമായ ലക്ഷ്യം, മനുഷ്യനിലെ മാനവിക അനുഭൂതികളെ ഉണർത്തുകയും മാനവികമൂല്യങ്ങളെ പ്രോജ്വലിപ്പിക്കുകയുമാണ്. എന്നാൽ, മാനവികത വറ്റി ഊഷരമാക്കപ്പെട്ട സാമൂഹിക ഭൂമികയിലുടെ ഇടറി നീങ്ങുവാനാണ് ഇക്കാലത്തെ മനുഷ്യന്റെ ദുര്യോഗം.  അതിനാൽത്തന്നെ, സമൂഹത്തിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന മാനവികതയെ വീണ്ടെടുക്കുകയും നവമാനവികതയെ പുനഃസൃഷ്ടിക്കുകയും ചെയ്യുക എന്നത് ഇന്നത്തെ മനുഷ്യന്റെ പ്രാഥമിക ചരിത്രനിയോഗമാകുന്നു. എന്തpകൊണ്ടാണ് നാം അധിവസിക്കുന്ന മണ്ണിൽ മാനവികത വറ്റി ഇത്രമേൽ ഊഷരമായത്?  അപമാനവികത മാറാരോഗം പോലെ നമ്മുടെ സമൂഹത്തെ ഇത്ര ആഴത്തിൽ ഗ്രസിച്ചിരിക്കുന്നത് എന്തpകൊണ്ടാണ് ? ഈ ചോദ്യങ്ങൾ നമ്മെക്കൊണ്ടെത്തിക്കുക നമ്മുടെ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചും ആ വ്യവസ്ഥയിൽ നടമാടുന്ന അധികാര പ്രയോഗത്തെക്കുറിച്ചുമുള്ള പരികല്പനകളിലേക്കpമാണ്.


നടുവൊടിഞ്ഞജനാധിപത്യം


1950  ജനുവരി 26- ന് ബി.ആർ. അംബേദ്ക്കർ സ്വതന്ത്ര റിപ്പബ്ലിക്ക് രാഷ്ട്രത്തിലെ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട്  നടത്തിയ പ്രസംഗത്തിൽ പറഞ്ഞു:  “വൈരുധ്യങ്ങൾ നിറഞ്ഞ ഒരു ജീവിതത്തിലേക്കാണ് നാം പ്രവേശിക്കുന്നത്”. അംബേദ്ക്കർ ചൂണ്ടിക്കാണിച്ച വൈരുധ്യാത്മകത അതിന്റെ തീവ്രതയിൽ നാം അറിയുന്നതും അനുഭവിക്കുന്നതും ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തിലാണെന്നുള്ളതാണ് ഏറ്റവും പരിതാപകരമായ യാഥാർഥ്യം. നമ്മുടെ രാഷ്ട്രീയ ജനാധിപത്യം വളരെ മലീമസമായിരിക്കുന്നു, ജനാധിപത്യത്തിന്റെ പൊതുയിടം ചുരുങ്ങിപ്പോയിരിക്കുന്നു.