ഓണ്‍ലൈന്‍ ഹംഗാമ
ഡോ. നിജോയ് പി. ജോസ്
ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ച് സര്‍വത്ര പരാതിയാണ്. പരാതികളില്‍ കഴമ്പുണ്ടുതാനും. നിഷേധിക്കാനാവാത്ത, ഒഴിവാക്കാനാകാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ പരാതി പറയുന്നതില്‍ മാത്രം കാര്യമില്ല. പരിഹാരകര്മങ്ങളെക്കുറിച്ചും പുനര്‍നിര്‍മാണ പ്രക്രിയകളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഒരു പ്രശ്നം ആയിരംപേര്‍ പതിനായിരം തവണ ആവര്‍ത്തിച്ച് പ്രസംഗിച്ചതുകൊണ്ട് പ്രശ്നം അവസാനിക്കില്ല. ഒരാളെങ്കിലും പ്രതിവിധിയെക്കുറിച്ച് ചിന്തിച്ചാല്‍ അത് ഉപകാരപ്രദമാകും. ഒന്നുകില്‍ പ്രശ്നത്തിന്റെ ഭാഗമാകാം. അല്ലെങ്കില്‍ പരിഹാരത്തിന്റെ ഭാഗമാകാം.
ഓണ്‍ലൈന്‍ ഗെയിമുകളുടെ അതിപ്രസരത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ഗവേഷണപരതയുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മറുവശവുംകൂടി നമുക്കൊന്ന് ചിന്തിച്ചുകൂടേ. സാഹസികത, ജിജ്ഞാസ, ആവേശം തുടങ്ങിയവയെല്ലാമാണ് അത്തരം ഗെയിമുകളുടെ മാറ്റ് കൂട്ടുന്നത്. എന്തുകൊണ്ട് പഠനരംഗത്ത് ഇത്തരം ഓണ്‍ലൈന്‍ സാധ്യതകള്‍ പരീക്ഷിക്കപ്പെടുന്നില്ല. വീഡിയോ ഓണ്‍ ചെയ്ത് വച്ച് അതിലൂടെ നടത്തുന്ന സംസാരമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന തെറ്റിദ്ധാരണയില്ത്തന്നെയാണ് വിദ്യാഭ്യാസ മേഖല ഇപ്പോഴും നിലനില്‍ക്കുന്നത്. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആ പരിമിതിക്കപ്പുറത്തേക്ക് പാഠ്യപ്രവര്‍ത്തനങ്ങളെ എത്തിക്കുന്നതിനുള്ള പരിശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയോ അധ്യാപകരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല, ഓണ്‍ലൈന്‍ പഠനം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി. ഇനിയും ഈ സമ്പ്രദായം പുതിയതാണ് ഞങ്ങള്‍ക്ക് പരിചയമില്ല എന്ന് പറഞ്ഞ് ആര്‍ക്കും മാറിനില്‍ക്കാനാകില്ല. ഓണ്‍ലൈന്‍ പഠനം രസകരവും ഇന്ററാക്ടീവും ഫലപ്രദവുമാക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചേ മതിയാകൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ച ബി.എഡ്., ടി.ടി.സി., ഡി.എഡ് പഠനങ്ങളൊന്നും ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ വിലപ്പോകില്ല എന്ന് അധ്യാപകരും മനസ്സിലാക്കണം. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ക്ലാസ് നയിക്കാനുള്ള പ്രാപ്തി നേടാന്‍ എത്ര അധ്യാപകര്‍ സ്വയം തയ്യാറായി എന്ന ചോദ്യവും ഉയരണം. അതിനുള്ള ഉത്തരവാദിത്വവും തിരിച്ചറിവും അധ്യാപകര്ക്കില്ലേ. സര്‍ക്കാരും ഇത്തരം അധ്യാപകശാക്തീകരണ പരിപാടികള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ തുടക്കം കുറിക്കേണ്ടതല്ലേ. വര്‍ഷങ്ങള്‍ നീണ്ടുനില്ക്കാതെ ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഇത്തരം പരിപാടികള്‍ പൂര്‍ത്തീകരിച്ച് അധ്യാപക സമൂഹത്തെ സജ്ജരാക്കേണ്ടേ.
ഓണ്‍ലൈനില്‍ എത്ര രസകരമായി പഠനം നടത്താന്‍ കഴിയും. ഗെയിമുകള്‍ക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഗെയിമുകളിലധിഷ്ഠിതമായ പഠനപ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ പിടിച്ചിരുത്താന്‍ കഴിയും. ക്ലാസ്മുറിയിലെ അതേ വാചകക്കസര്‍ത്തില്‍ ഓണ്‍ലൈനിലും കുട്ടികള്‍ ഇരുന്നുതരണമെന്ന് വാശിപിടിച്ചാല്‍ നടക്കില്ല. ക്ലാസ്മുറിയില്‍ നിവൃത്തിയില്ലാത്തതുകൊണ്ടുകൂടി
നമ്മള് പൂര്‍ണമായും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ എത്തിയിട്ടില്ല. ക്ലാസുകള്‍ മാത്രമാണ് ഓണ്‍ലൈനില്‍ നടക്കുന്നത്. മറ്റ് പഠനപ്രവര്‍ത്തനങ്ങള്‍ വീട്ടിലും പരിസരത്തുമായി ക്രമീകരിക്കാന്‍ കൂടി നമ്മള് പഠിക്കണം. എല്ലാ പഠനപ്രവര്‍ത്തനങ്ങളും ക്ലാസ്മുറിക്കുള്ളില്‍ മാത്രം നടത്തി ശീലിച്ചവര്‍ക്ക് അതത്ര എളുപ്പമല്ല.