സ്വാതന്ത്ര്യത്തിൻ്റെ രുചി സ്വന്തം ചോരയുടെ ഉപ്പാണല്ലോ

സ്വാതന്ത്ര്യത്തിൻ്റെ രുചി സ്വന്തം  ചോരയുടെ ഉപ്പാണല്ലോ :

 ഫാദർ സ്റ്റാൻ സ്വാമിയുടെ ജുഡിഷ്യൽ കൊലപാതകത്തിനൊരു അടിക്കുറിപ്പ്

……therefore I am pleased to detain you……. – കക്കയം കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് കണ്ണുകെട്ടി ഇറക്കി കൊണ്ടുവന്ന് കണ്ണൂർ സെൻട്രൽ ജയിലിൻ്റെ മുമ്പിൽ നിർത്തി ഇങ്ങനെ തുടങ്ങുന്ന ജില്ലാ കലക്റ്ററുടെ ഉത്തരവിൻ്റെ കോപ്പി കൈപ്പറ്റിയതോടെ ഞങ്ങൾ എഴുപതുകളിലെ ക്ഷുബ്ധ യൗവനത്തിൻ്റെ പ്രതിനിധികളായ ആ പതിനെട്ടു പേരുടെയും തലയിലെഴുത്ത് മാറുകയായിരുന്നു. അന്ന് അർബൻ നക്സലൈറ്റ് എന്ന പേരില്ലായിരുന്നു എന്ന് മാത്രം .പിന്നീട് അടുത്ത ഒന്നൊന്നര കൊല്ലം ഞാൻ വെറുമൊരു നമ്പറായി – D384 .മുന്നൂറ്റി എൺപത്തിനാലാം നമ്പർ മിസാ തടവുകാരൻ . ഇന്നത്തെ യുഎപിഎ യുടെ മുൻഗാമിയായിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ മിസ (maintenance of internal security act). രണ്ട് കരിനിയമങ്ങൾക്കുമിടയിൽ പോട്ടയും ടാഡയും വന്നു . ഇപ്പോഴും കരുതൽ തടങ്കൽ നിയമമനുസരിച്ച് ആയിരക്കണക്കിന് തടവുകാർ കേരളത്തിലടക്കം ജയിലുകളിൽ . സാധാരണ തടവുകാർ കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ സർവമാന തെളിവുകളും ഹാജരാക്കി സ്ഥാപിച്ച് ശിക്ഷിക്കുന്നതു വരെ നിരപരാധികൾ ,വിചാരണ കാത്തു കഴിയുന്നവർ. കരുതൽതടങ്കൽ തടവുകാരാവട്ടെ സ്വയം തെളിയിക്കണം നിരപരാധിയാണ് എന്ന് . അതുവരെ കുറ്റവാളികൾ, അതും കൊടും കുറ്റവാളികളായ രാജ്യദ്രോഹികൾ തന്നെ . നോക്കു , നിയമത്തിലെ പ്രാഥമിക നീതി തന്നെ അട്ടിമറിക്കപ്പെടുന്നത് ….

 ഇക്കഴിഞ്ഞ ദിവസം തടവിൽ വെച്ച് മരിച്ച സ്റ്റാൻ സ്റ്റാമി ഇത്തരം കരിനിയമങ്ങളുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷി .ഒന്നര പതിറ്റാണ്ടായി ജാർഖണ്ഡിലെ ആദിവാസികളോടൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ ഈ പാതിരിയച്ചൻ കഴിഞ്ഞ ഒക്ടോബറിലാണ് റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്നത് .ആരോപിതമായ കുറ്റം ഭീമ-കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ടത് .പഴയൊരു ദലിത് ഉയിർത്തെഴുന്നേല്പിൻ്റെ ഓർമ പുതുക്കുന്ന ആഘോഷം നടന്നതാണ് പ്രകോപനം. പാർക്കിൻസൻ രോഗിയായ ഈ84 കാരന് തടവറയിൽ പ്രാഥമികമായി ചെറിയ ആവശ്യങ്ങളേ ഉണ്ടായിരുന്നുള്ളു – രോഗം മൂലം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടാണ് .ഒരു സ്പൂണും സ്ട്രോയും കിട്ടിയാൽ കൊള്ളാം.ഇതിന്നിടയിലാണദ്ദേഹം കോവിഡ് ബാധിതനാവുന്നത്. ചികിത്സക്കായി ജാമ്യം അനുവദിക്കുകയോ ജയിലാസ്പത്രിയിൽ മതിയായ ചികിത്സ കിട്ടുകയോ ചെയ്യുന്നത് മിനിമം മനുഷ്യാവകാശം മാത്രം . ഇതിൻ്റെ പേരിൽ  കോടതിയും പോലിസും നടത്തിയ കണ്ണുപൊത്തിക്കളിക്കിടയിലായിരുന്നു ആ മരണം . അതുകൊണ്ടത് വെറും ജയിൽമരണമല്ല ,ജുഡിഷ്യൽ കൊലപാതകം തന്നെ . ഒരത്യാവശ്യ ഘട്ടത്തിൽ പോലും മനുഷ്യാവകാശങ്ങളുടെ കൂടെ നിൽക്കാനാവുന്നില്ലെങ്കിൽ കോടതികളെങ്ങനെ ജനാധിപത്യത്തിൻ്റെ
താങ്ങു തൂണാവും ?
ബർസാ മുണ്ട മുതൽ 400 കൊല്ലത്തെ എങ്കിലും പോരാട്ട പാരമ്പര്യമുണ്ട് ജാർഖണ്ഡിലെ ആദിവാസികൾക്ക്.  ആദിവാസികൾക്കു ഭരണഘടനാപരമായ സ്വയംഭരണാവകാശo സർക്കാർ തന്നെ നല്കിയിട്ടുള്ള പ്രദേശവുമാണത് .എന്നിട്ടും ഇന്ത്യയിലെ 40 ശതമാനം വരുന്ന തങ്ങളുടെ പാർപ്പിടങ്ങൾക്കടിയിലുള്ള ഖനിജങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറിയത് സർക്കാരിൻ്റെ  തന്നിഷ്ടത്തിന്, തങ്ങളുമായി  പ്രാഥമികമായ കൂടിയാലോചനകൾ പോലുo നടത്താതെ