ഓളപ്പരപ്പില്‍ മുങ്ങിത്താഴുന്ന കടലോരജീവിതം

ഓളപ്പരപ്പില്‍ മുങ്ങിത്താഴുന്ന കടലോരജീവിതം
രാജേശ്വരി പി.ആര്‍
കാലാകാലങ്ങളായി ദുരിതംപേറി ജീവിക്കുന്ന കേരളത്തിലെ തീരദേശവാസികളുടെ ജീവിതാവസ്ഥ നിന്നിടത്തുതന്നെ തുടരുന്നത് എന്തു വൈരുദ്ധ്യമാണീ ‘വികസന’ കാലഘട്ടത്തില്‍. കടലിനോടും അവഗണനകളോടും മല്ലിട്ട് ജീവിതസ്വപ്‌നങ്ങളുടെ മറുകര കാണാന്‍ തുഴയുകയാണ് ഇവര്‍…
ജീവന്‍ പണയംവച്ച് കാറ്റും കോളും അവഗണിച്ച് ആഴക്കടലില്‍ അന്നത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്നും അവശതകള്‍ മാത്രം നിറഞ്ഞതാണ്. ജീവനും ജീവിതവും കടലമ്മയ്ക്കു സമര്‍പ്പിച്ച ഇവരുടെ നിറംമങ്ങിയ ജീവിതത്തിന്റെ പുറംകാഴ്ച്ചകള്‍ പൊതുസമൂഹം കാണേണ്ടതു തന്നെയാണ്
ഇളകിയാടുന്ന തിരമാലകളെ മറികടന്ന് അന്നന്നത്തെ ഉപജീവനത്തിനായി കടലിനെ ആശ്രയിച്ച് തീരദേശത്തു കഴിയുന്ന ഇവര്‍ കഴിഞ്ഞ പ്രളയകാലത്ത് നമുക്കെല്ലാം ഒരു കൈത്താങ്ങ് കൂടിയായിരുന്നു. എന്നാല്‍ ഇവരുടെ ദുരിതജീവിതത്തിനു നേരെ കണ്ണടയ്ക്കുകയാണ് ജനപ്രതിനിധികളും സര്‍ക്കാരുകളും. കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളുടെ ജീവിതപരാധീനതകള്‍ തുടര്‍ച്ചയാകുമ്പോഴും എവിടെ പരാതിപറയണമെന്നറിയാതെ സ്വയം പരിതപിക്കുക മാത്രമാണ് ഇവര്‍.
കേരളത്തിന്റെ തീരമേഖല ഏതാണ്ട് 590 കിലോമീറ്ററോളം നീളത്തില്‍ വ്യാപിച്ചുകിടക്കുന്നതാണ്. ഇന്ത്യയുടെ മൊത്തം തീരമേഖലയുടെ പത്തു ശതമാനം വരും. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ 77 ശതമാനവും ജനസംഖ്യയുടെ 30 ശതമാനവും കേരളത്തിന്റെ വിസ്തീര്‍ണത്തിന്റെ 15 ശതമാനം മാത്രം വരുന്ന തീരദേശമേഖലയിലാണ് കഴിയുന്നത്.
2019-20 കാലത്തെ സെന്‍സസ് പ്രകാരം കേരളതീരത്തെ മത്സ്യത്തൊഴിലാളികളുടെ ജനസംഖ്യ 10,44,361 ആണ്. അതില്‍ 77 ശതമാനം (8,00,165) കടല്‍പ്പണിക്കാര്‍ ആണ്. കൂടാതെ 98 ശതമാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ഇവരില്‍ പകുതിയിലധികവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്.
മൂല്യമില്ലാത്ത അധ്വാനം
ഒട്ടനവധി പ്രശ്‌നങ്ങളോട് മല്ലിട്ടാണ് ഓരോ തീരവാസിയും ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നത്. രണ്ടുതരം മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ കടലോരത്തുള്ളത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളും യന്ത്രവത്കൃത തൊഴിലാളികളും. 3500 ഓളം യന്ത്രവത്കൃത ബോട്ടുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവയുണ്ട്. 18,000 ത്തോളം പരമ്പരാഗത വള്ളങ്ങളുമുണ്ട്. മത്സ്യത്തിന്റെ പ്രജനനം കൂടുതലായി നടക്കുന്നു എന്ന് കരുതുന്ന മണ്‍സൂണ്‍ കാലത്തെ 52 ദിവസമാണ് ട്രോളിങ്ങ് നിരോധനം. യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ പോകാത്ത ഈ സമയത്താണ് പരമ്പരാഗത വള്ളക്കാര്‍ക്ക് സീസണ്‍ സമയം. കടലോരത്തെ പരമ്പരാഗത വള്ളക്കാര്‍ക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്നതും ഈ സമയത്താണ്. കേരളത്തിലെ ശരാശരി മത്സ്യത്തൊഴിലാളിയുടെ വരുമാനം ഏകദേശം രണ്ടുലക്ഷമാണെങ്കില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം ഒരു ലക്ഷത്തിആറായിരത്തിലധികം വരുന്നില്ല. സീസണ്‍ പണിക്കായി 6000 ത്തോളം വള്ളങ്ങളാണ് മത്സ്യബന്ധനത്തിനായി പോകുന്നത്. രണ്ടു ലക്ഷത്തോളം തീരവാസികള്‍ ഈ സമയത്ത് മത്സ്യബന്ധനത്തിലേര്‍പ്പെടുന്നു. ഇതില്‍ പകുതിപ്പേരും സീസണ്‍ കഴിയുമ്പോള്‍ മറ്റ് പണികളിലേക്ക് തിരിയുന്നവരാണ്.
അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും മഹാമാരിയിലും കടലോരജീവിതങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അധ്വാനത്തിന് തക്ക പ്രതിഫലവും ലഭിക്കുന്നില്ല. മത്സ്യത്തിന്റെ പ്രജനനവും യാത്രയും തെക്കു നിന്ന് വടക്കോട്ടായതിനാല്‍ ഒരു നിശ്ചിത പ്രദേശത്ത് ചില സമയങ്ങളില്‍ ആവശ്യത്തിലധികം മത്സ്യം കിട്ടും. ഇന്നുവരെ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായി, മത്സ്യത്തിന് ഒരു തറവില നിശ്ചയിക്കപ്പെട്ടിട്ടില്ല. പല സ്ഥലത്തുനിന്നും കടം വാങ്ങിയും മറ്റുമാണ് ചെറുകിട ബോട്ടുകള്‍ സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ മത്സ്യത്തിന് ന്യായമായ വില വേണമെന്ന് തര്‍ക്കിക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. ഒരു ദിവസം കൂടുതല്‍ മത്സ്യം കിട്ടിയാലും ഇടനിലക്കാരും കച്ചവടക്കാരും ചേര്‍ന്ന് വില കുറച്ചേ നല്‍കൂ. മത്സ്യത്തൊഴിലാളികള്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ പൊതുമാര്‍ക്കറ്റില്‍ വില കുറയ്ക്കപ്പെടുന്നില്ല. ട്രോളിങ്ങ് നിരോധന സമയത്ത് പൊതുമാര്‍ക്കറ്റില്‍ 120 മുതല്‍ 140 രൂപ വരെ വിലയുണ്ടായിരുന്ന കൊഴുവയ്ക്ക് കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് 13 രൂപയ്ക്കു വരെ വില്‍ക്കേണ്ടിവന്നു. 17 രൂപയ്ക്ക് നത്തോലിയും 20 രൂപയ്ക്ക് കൊഴുവയും ചെല്ലാനം ഹാര്‍ബറില്‍ വിറ്റപ്പോള്‍ റോഡരികിലെ തട്ടുകച്ചവടക്കാര്‍ അരക്കിലോ കൊഴുവ 100 രൂപയ്ക്കാണ് വിറ്റത്. 20 രൂപയ്ക്ക് കൊണ്ടുപോകുന്ന മത്സ്യം 10 ഇരട്ടി വിലയ്ക്കാണ് പൊതുവിപണിയില്‍ കച്ചവടക്കാര്‍ വില്‍ക്കുന്നത്. ഒരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗമാണ് ഇങ്ങനെ നിസാരവിലയ്ക്ക് തൂക്കിവില്‍ക്കപ്പെടുന്നത്.
വെളുപ്പിനെ നാലുമണി മുതല്‍ വള്ളവും വലയുമായി കടലിലേക്ക് ഇറങ്ങുന്ന ഇവര്‍ മത്സ്യലഭ്യതയനുസരിച്ചാണ് തിരികെയെത്തുന്നത്. വൈകിട്ട് അഞ്ചുമണി വരെ ഹാര്‍ബറില്‍ കച്ചവടവും മറ്റും ഉണ്ടാകുന്നതിനാല്‍ ഭൂരിഭാഗം ബോട്ടുകളും ആ സമയത്തിനുള്ളില്‍ തന്നെ മടങ്ങിവരും. ട്രോളിങ്ങ് നിരോധനത്തിന്റെ പേരില്‍ അമിതവില കച്ചവടക്കാര്‍ ഈടാക്കുമ്പോള്‍ അര്‍ഹിക്കുന്ന കരങ്ങളിലേക്ക് ഇതിന്റെ ഗുണങ്ങള്‍ എത്തുന്നില്ല.
അധികമായി ലഭിക്കുന്ന മത്സ്യം സംഭരിച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു സംവിധാനവുമില്ലാത്തതും തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ വന്‍കിട കച്ചവടക്കാര്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് നിസാരതുകയ്ക്ക് മത്സ്യം വാങ്ങി ദിവസങ്ങളോളം സൂക്ഷിച്ചുവച്ച് അമിതലാഭം നേടുന്നു. 1980 കളിലാണ് ഫിഷറീസ് വകുപ്പ് സംസ്ഥാനത്ത് സജീവമായത്. 40 വര്‍ഷം കഴിഞ്ഞിട്ടും അധികമായി ലഭിക്കുന്ന മത്സ്യം സംഭരിക്കാനുള്ള സംവിധാനം പോലും ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരുകളുടെ ഈ അലംബാവത്തില്‍ വന്‍കിട കച്ചവടക്കാരാണ്  ലാഭം കൊയ്യുന്നതെന്ന് ഓള്‍ ഇന്ത്യ ഫിഷ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗം ജോയ് സി. കമ്പക്കാരന്‍ പറയുന്നു.
കടലോരത്ത് 222 മത്സ്യഗ്രാമങ്ങളാണ് ഉള്ളത്. കേരളത്തിലെ 3500 യന്ത്രവത്കൃത ബോട്ടുകളില്‍ 10,000 മലയാളികള്‍ പോലും ജോലി ചെയ്യുന്നില്ല. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഈ ബോട്ടുകളില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഏറെയും. അന്നന്നു കിട്ടുന്ന അന്നംകൊണ്ട് ജീവിക്കാനാണ് കേരളത്തിലെ തൊഴിലാളികള്‍ ആഗ്രഹിക്കുന്നത്. ട്രോളിങ്ങ് ബോട്ടുകള്‍ക്ക് നിയമപ്രകാരം 30 മീറ്റര്‍ ആഴത്തില്‍ മാത്രമേ മത്സ്യബന്ധനത്തിന് അനുവാദമുള്ളൂ. പക്ഷേ, ഈ ബോട്ടുകള്‍ 10 മീറ്റര്‍ താഴ്ചയില്ലാത്ത ഭാഗങ്ങളില്‍പോലും ട്രോളിങ്ങ് നടത്തുന്നുണ്ട്. അനധികൃത മത്സ്യബന്ധനവും നടത്തുന്നു. ഇതും തീരദേശ തൊഴിലാളികളെ യന്ത്രവത്കൃത ബോട്ടുകളിലെ മത്സ്യബന്ധനത്തില്‍നിന്നു പിന്തിരിപ്പിച്ചു.
ഇടനിലക്കാരെ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നിട്ട് രണ്ടു വര്‍ഷത്തോളമാ യെങ്കിലും ആവശ്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇടനിലക്കാരെ മാറ്റുമ്പോള്‍ സര്‍ക്കാര്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ പോലുള്ള മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണം. ആ കമ്മിറ്റിക്ക് പൂര്‍ണാധികാരം കൊടുക്കണം. അതിലൂടെ മത്സ്യത്തിന്റെ വില്‍പ്പനയും സംഭരണവും കാര്യക്ഷമമാക്കണം. ഒപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് ലേലത്തിനുള്ള അധികാരം നല്‍കണം. അല്ലെങ്കില്‍ ഇടനിലക്കാരെ തന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ച് മത്സ്യഫെഡ് ഇവര്‍ക്ക് ഫണ്ട് അനുവദിച്ചുകൊണ്ട് ലേലത്തുക രണ്ടു ശതമാനമോ മൂന്നു ശതമാനമോ ലേലക്കാരന് നല്‍കി ബാക്കി തൊഴിലാളിക്ക് ലാഭകരമാകുന്ന തരത്തില്‍ നല്‍കണം.
2018 ലെ പ്രളയകാലത്ത് ഏറ്റവുമധികം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത് മത്സ്യത്തൊഴിലാളികളാണ്. അന്നു മുഖ്യമന്ത്രി ഇവരെ വിശേഷിപ്പിച്ചത് കേരളത്തിന്റെ സൈന്യം എന്നാണ്. ആ സൈന്യത്തെ ഇത്രയധികം ചൂഷണം ചെയ്തിട്ടുപോലും സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളും ഉണ്ടാകാത്തത് നിരാശാജനകമാണെന്ന് സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഷിജി തയ്യില്‍ പറയുന്നു.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം പൊതുവെ കടലില്‍ മത്സ്യങ്ങള്‍ വളരെ കുറവാണ്. ട്രോളിങ്ങ് നിരോധനത്തിനു ശേഷം ട്രോള്‍ നെറ്റുകള്‍ കടലിലേക്ക് പോയിക്കഴിഞ്ഞാല്‍ പെയര്‍ ട്രോളിങ്ങ് നടക്കും. രണ്ടു ബോട്ടുകള്‍ ഒരുമിച്ചു നിന്നുകൊണ്ട് കിലോമീറ്ററുകള്‍ മാറി, വലിയ നീളമുള്ള വലയിട്ട് അടിത്തട്ടിലേക്ക് മത്സ്യബന്ധനം നടത്തും. ഇതാണ് പെലാജിക് വല അഥവാ പെയര്‍ ട്രോളിങ്ങ്. ഈ സംവിധാനം നടത്തുന്നവര്‍ വന്‍കിട ലോബികളാണ്. ഇവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സാധാരണ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് അവര്‍ വെറും വോട്ടു ചെയ്യുന്ന വ്യക്തികള്‍ മാത്രമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിരിവു ചോദിച്ചാല്‍ ചെറുകിട വള്ളക്കാരും മത്സ്യത്തൊഴിലാളികളും നിസാരതുകയാണ് സംഭാവന നല്‍കുന്നതെങ്കില്‍ ട്രോള്‍ നെറ്റ് ഉടമകള്‍ നല്‍കുന്നത് പതിനായിരങ്ങളും ലക്ഷങ്ങളുമാണ്. ഇപ്പോള്‍ ഇവിടെ നടക്കുന്നത് ജനാധിപത്യമല്ല മറിച്ച് പണാധിപത്യമാണ്. ജനാധിപത്യമൊക്കെ വാക്കുകളില്‍ മാത്രമായതായും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.