മാധവിക്കുട്ടി

മാധവിക്കുട്ടി

2009 മെയ് 31-നാണ് മലയാളത്തിലെ എക്കാലത്തെയും പ്രിയകഥാകാരി മാധവിക്കുട്ടി ഓര്‍മയായത്. മലയാള സാഹിത്യത്തില്‍ വ്യത്യസ്തശൈലിയിലുള്ള കഥകളും കവിതകളും തുറന്നെഴുത്തുകളും തുറന്നു പറച്ചിലുകളും ഓര്‍മകളും സമ്മാനിച്ച മാധവിക്കുട്ടിയുടെ അനുസ്മരണദിനത്തില്‍ അവരുടെ കൃതികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് ഡോ. മ്യൂസ് മേരി ജോര്‍ജ്ജ്. ആലുവ യു.സി. കോളെജ് മലയാള വിഭാഗം അധ്യാപികയായി വിരമിച്ച, എഴുത്തുകാരിയും പ്രഭാഷകയുമായ ടീച്ചറുമായി എഴുത്തുകാരിയും കാലടി സംസ്‌കൃത സര്‍വകലാശാല ഉദ്യോഗസ്ഥയുമായ സിന്ധു ഉല്ലാസ് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയാണല്ലോ മാധവിക്കുട്ടി. എഴുത്തുകാരി എന്ന നിലയില്‍ മാധവിക്കുട്ടിയെ രൂപപ്പെടുത്തിയ ഘടകങ്ങള്‍ എന്തൊക്കെയാണ്?
മാധവിക്കുട്ടിയുടെ വല്യമ്മാവന്‍ ആയ നാലപ്പാട്ട് നാരായണ മേനോന്‍ കവിയും വിവര്‍ത്തകനും ആയിരുന്നു. അദ്ദേഹത്തിന്റെ കണ്ണുനീര്‍ത്തുള്ളി എക്കാലത്തെയും വിലപ്പെട്ട കാവ്യങ്ങളില്‍ ഒന്നാണ്. പാവങ്ങള്‍ എന്ന നോവല്‍ വിവര്‍ത്തനം മലയാളത്തിലെ പ്രധാന കൃതികളില്‍ ഒന്നാണ്. കൂടാതെ രതിസാമ്രാജ്യം പോലുള്ള ഒരു പുസ്തകം രചിക്കുകയും ചെയ്തു. കുട്ടിക്കൃഷ്ണമാരാരെപ്പോലെയുള്ള എഴുത്തുകാര്‍ ആ വീട്ടില്‍ സന്ദര്‍ശകരായിരുന്നു. സാഹിത്യം, കല, കഥകളി, സംഗീതം എന്നിവയൊക്കെ ആ വീടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. ഇങ്ങനെയുള്ള ഒരു കുടുംബത്തില്‍ ജനിച്ച മാധവിക്കുട്ടിയുടെ എഴുത്തിനെയും ഭാവുകത്വത്തെയും ഒക്കെ രൂപ്പെടുത്തുന്നതില്‍ ഇവയൊക്കെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അച്ഛന്‍ വി.എം. നായര്‍ മാതൃഭൂമിയുടെ പത്രാധിപരായിരുന്നു. അമ്മ ബാലാമണിയമ്മയാകട്ടെ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട കവികളില്‍ ഒരാളും. മറ്റു പല സ്ത്രീകള്‍ക്കും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു ഗാര്‍ഹിക അന്തരീക്ഷത്തില്‍ ജനിച്ചു എന്നുള്ളത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും ട്രഡീഷണല്‍ ആയിട്ടുള്ള ഗാര്‍ഹിക ഉത്തരവാദിത്വങ്ങളും അതിന്റെ ഭാരങ്ങളും എഴുത്തും ഒക്കെ കൊണ്ടുപോകുന്ന ഒരുതരം മധ്യവര്‍ഗജീവികളാണ് നമ്മുടെ എഴുത്തുകാരികളില്‍ പലരും. മാധവിക്കുട്ടിയുടെ ബാല്യം കൊല്‍ക്കൊത്തപോലുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട നഗരത്തില്‍ ആയതിനാല്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരും  ഔദ്യോഗികമായി ഉന്നതിയിലുള്ളവരുമായ ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു. കൂടാതെ നാഗരിക ജീവിതാനുഭവങ്ങള്‍ ലഭിച്ചു എന്നതും ഒരു മേന്മതന്നെയാണ്. കൗമാരത്തില്‍ത്തന്നെ മാധവിക്കുട്ടി വിവാഹിതയായെങ്കിലും ധാരാളം പുസ്തകങ്ങള്‍  അതിനുമുന്‍പുതന്നെ വായിക്കാന്‍ സാധിച്ചിരുന്നു.  ഒപ്പം എഴുത്തിന്റെ ലോകത്തേക്ക് കാലുവച്ചു തുടങ്ങുകയും ചെയ്തിരുന്നു. ഇസഡോറ ഡങ്കന്റെ ‘മൈ ലൈഫ്’ എന്ന ആത്മകഥയിലെ നര്‍ത്തകിയുടെ ജീവിതവും പ്രണയവും അഗാധമായ പുത്രവാത്സല്യവും സ്വാതന്ത്ര്യവും പ്രഫഷണനുവേണ്ടിയുള്ള തീവ്രമായ അഭിനിവേശവുമൊക്കെ പ്രതിപാദിക്കുന്ന ആത്മകഥ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ വൈകാരികമായ സ്വാധീനം മാധവിക്കുട്ടിയുടെ ആത്മകഥയായ എന്റെ കഥ (My Story) യില്‍ കാണാം. ലോകത്തിലെ പ്രശസ്തമായ പല കൃതികള്‍ വായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സമൂഹത്തിലെ പരിഷ്‌കൃതമായ ചില അടരുകളുമായി പരിചയപ്പെടാനും സാധിക്കുന്നു. യാത്രകള്‍, നാലപ്പാട്ട് തറവാട്ടിലെ ഗ്രാമീണലോകം, നാഗരികജീവിതം, ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ അടിയുറച്ച വിശ്വാസികളായ മാതാപിതാക്കള്‍, എന്നിങ്ങനെ ശരാശരി മലയാളി സ്ത്രീക്ക് അനുഭവിക്കാന്‍ സാധ്യതയില്ലാത്ത പലതും 1940 കളില്‍തന്നെ  അനുഭവിച്ചുതുടങ്ങാന്‍ അവര്‍ക്കു സാധിച്ചു. അനുഭവങ്ങളുടെ വൈവിധ്യവും വൈപുല്യവും തീവ്രതയും സ്വാതന്ത്ര്യവും, അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ടായിരുന്നു. ശരിക്കും സംസ്‌കാരങ്ങളുമായുള്ള ഒരു കലരല്‍ കമലയുടെ ജീവിതത്തിലുണ്ടായിരുന്നു. ഇതൊക്കെ അവരുടെ എഴുത്തിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
മാധവിക്കുട്ടി എന്ന എഴുത്തുകാരി സാഹിത്യലോകത്ത് കടന്നുവരുന്ന കാലത്ത് മലയാള സാഹിത്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു? മാധവിക്കുട്ടി തന്റേതായ വഴി തെളിച്ചെടുത്തപ്പോള്‍ ഉണ്ടായ മാറ്റം എങ്ങനെയായിരുന്നു?
1950 കളുടെ രണ്ടാം പകുതിയിലാണ് മാധവിക്കുട്ടി എഴുതിത്തുടങ്ങുന്നത്. ഏറ്റവും ശ്രദ്ധേയങ്ങളായ കഥകളുണ്ടാകുന്നത് 1960കളിലാണ്. പക്ഷിയുടെ മണം, ഇടനാഴിയിലെ കണ്ണാടികള്‍ ചതുരംഗം, വെറും ഒരു ലഹരി പദാര്‍ത്ഥം, സ്വതന്ത്ര ജീവികള്‍ തുടങ്ങിയ കഥകളൊക്കെ പ്രസിദ്ധീകരിക്കുന്ന സമയത്ത് വളരെ കുറച്ച് എഴുത്തുകാരികളേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. രാജലക്ഷ്മി, സരസ്വതി അമ്മ, ലളിതാംബിക അന്തര്‍ജനം തുടങ്ങിയ വളരെ കുറച്ചുപേര്‍. ഈ സമയത്താണ് മാധവിക്കുട്ടിയുടെ കഥകള്‍ വരുന്നത്. മലയാള സാഹിത്യത്തില്‍ എഴുത്തുകാരികളുടെ സാന്നിധ്യം കുറവായിരിക്കുകയും അതുവരെ ഇല്ലാതിരുന്ന രീതിയിലുള്ള സാന്നിധ്യമായി മാധവിക്കുട്ടി മാറുകയും ചെയ്തു. പ്രണയത്തെക്കുറിച്ച് ആവര്‍ത്തിച്ച് ഉള്ള എഴുത്ത്, സാഹിത്യരംഗത്ത് ഒരു ഞെട്ടല്‍ സൃഷ്ടിച്ചു. ദാമ്പത്യജീവിതത്തില്‍ കുലവും ധനവും ഉണ്ടെങ്കിലും പ്രണയമില്ലെങ്കില്‍ അതിനര്‍ത്ഥമില്ല എന്ന ചിന്ത എഴുത്തിലൂടെ പങ്കുവച്ചു. ഇത് സാമൂഹിക ബോധ്യങ്ങളെ പുനര്‍നിര്‍മിക്കുന്നതിലേക്ക് ഒരു ആഹ്വാനമായിരുന്നു. ദമ്പതിമാരുടെ ഇടയില്‍ പ്രണയം ഉണ്ടോയെന്ന് അന്വേഷിക്കുന്നതും തുറന്നെഴുതുന്നതും അനുചിതമാണെന്ന ധാരണയുണ്ടായിരുന്നു. പ്രണയത്തിന് ഒരു രാഷ്ട്രീയമുണ്ട് തന്റെ പ്രണയത്തെ താന്‍ എങ്ങനെ ആവിഷ്‌ക്കരിക്കും,  എങ്ങനെ നിര്‍വചിക്കും തുടങ്ങിയ കാര്യങ്ങളിലേക്ക് ഒരു സ്ത്രീ സംസാരിച്ചുതുടങ്ങുന്നു. സാമൂഹികവിഷയങ്ങളും തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെ സരസ്വതിയമ്മയുടെ കഥകളില്‍ വന്നിരുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് ആഹാരം, വസ്ത്രം, വായു, വെള്ളം എന്നതുപോലെ അവരുടെ മനസ്സിനും ശരീരത്തിനും പ്രണയസംബന്ധിയായ ആവശ്യമുണ്ടെന്ന് സധൈര്യം തന്റെ എഴുത്തിലൂടെ പറയാന്‍ അവര്‍ ശ്രമിച്ചു. പ്രണയം എന്നത് സ്വാതന്ത്ര്യത്തിന്റെയും ചിലപ്പോഴൊക്കെ അത് സമര്‍പ്പണത്തിന്റെയും കാര്യമായി പല കഥകളിലും വന്നിട്ടുണ്ട്. ഉപരിമധ്യവര്‍ഗമാണെങ്കിലും മധ്യവര്‍ഗമാണെങ്കിലും താഴെയുള്ളവരാണെങ്കിലും സ്ത്രീപുരുഷ സഹജീവനത്തില്‍ പ്രണയത്തിന്റെ ലയപൂര്‍ണമായ ബന്ധമുണ്ടാകണമെന്നും ദാമ്പത്യത്തില്‍ പലപ്പോഴും അതില്ലെന്നും മാധവിക്കുട്ടിയുടെ നായികമാര്‍ ഉറക്കെപ്പറഞ്ഞു.
അവരുടെ കവിതകളില്‍ തീ പിടിക്കുന്നതുപോലുള്ള ഇമോഷന്‍സ് കാണാം! ഭാരതീയരുടെ അബോധത്തില്‍ വാത്സല്യവും പ്രണയവും ഭക്തിയും ഒക്കെ ചേര്‍ന്ന് നിലനില്‍ക്കുന്ന ഈശ്വരനാണ് ശ്രീകൃഷ്ണന്‍. ആ ശ്രീകൃഷ്ണനിലേക്ക് പ്രണയിയായ പുരുഷസത്തയെ ആരോപിക്കുകയും പ്രണയത്തിന്റെ പര്യായമായി കൃഷ്ണനെ അവതരിപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ ജീവിതവും മുതിര്‍ന്നവരുടെ ജീവിതവും രണ്ട് അടരുകളായി സഞ്ചരിക്കുന്ന ഗാര്‍ഹിക ഇടങ്ങളായി എഴുതി. 1972-ലാണ് അവരുടെ ആത്മകഥ വന്നത്. ഇത് സത്യത്തില്‍ വലിയ ഞെട്ടല്‍ അല്ലെങ്കില്‍ വിസ്മയം സൃഷ്ടിച്ചു. നമ്മള്‍ മൂടിവച്ചിരിക്കുന്ന അകം പൊള്ളയാണെങ്കിലും പുറത്ത് നന്നായി ഭദ്രം, സുഭദ്രം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള സദാചാരത്തിന്റെ പാഠങ്ങളുണ്ട്. ഇത്തരം തുറന്നെഴുത്തുകള്‍ നടത്തുമ്പോള്‍ അത് പരിപൂര്‍ണമായും അവരുടെ ജീവിതമാണെന്ന് പറയാന്‍ പറ്റില്ല. അനുഭവമുണ്ടാകാം, ഭാവനയുണ്ടാകാം, സ്വപ്നവുമുണ്ടാകാം എല്ലാം കൂടി ചേര്‍ന്ന ഒരു ക്രാഫ്റ്റ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഏതായാലും ഈ കഥയും കവിതയും ആത്മകഥയുമൊക്കെ ചേര്‍ന്ന് മലയാളി ഇതുവരെ കാണാത്ത ഒരു പ്രത്യേകതരം സംവേദനശീലത്തിന്റേയും അനുഭവപരതയുടേയും രാഷ്ട്രീയത്തെ മുന്നോട്ടുവച്ചു. കമല മാധവിക്കുട്ടി എന്ന എഴുത്തുപേരില്‍ സ്വയം അടയാളപ്പെടുത്തിയപ്പോള്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളും വിമര്‍ശനവും ക്ഷോഭവും അംഗീകാരവും ആരാധനയും ഒക്കെ എഴുത്തിനുണ്ടായി. മാധവിക്കുട്ടി മുന്നോട്ടുവയ്ക്കുന്ന വൈകാരികമായ തീവ്രതയും അനുഭൂതിയും അഭിനിവേശങ്ങളും ഒക്കെ ഒരുപാട് സ്ത്രീകളെ സ്വാതന്ത്ര്യബോധത്തോടുകൂടി പ്രണയത്തെ സമീപിക്കുവാനും ജീവിതത്തിന്റെ മുഖത്തേക്ക് ഉറ്റുനോക്കുവാനുമൊക്കെ പ്രേരിപ്പിച്ചു. ഇപ്രകാരം നീര്‍മാതളം പൂത്തകാലം പോലെയുള്ള കുറിപ്പുകളും, ബാല്യകാലസ്മരണകളും ഒക്കെക്കൂടി മലയാളിക്ക് അത്ര പരിചയമല്ലാത്ത ഇന്ദ്രിയാനുഭൂതിപരമായ അനുഭവങ്ങളും അനുഭൂതികളും ഓര്‍മക്കുറിപ്പില്‍ കൊണ്ടുവന്നു. ഇന്ദ്രിയാനുഭൂതിപരതയെ പലപ്പോഴും ലിമിറ്റ് ചെയ്താണ് നമ്മള്‍ എഴുതാറ്. തുറന്നെഴുത്തുകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഇപ്പോള്‍ കൂടുതല്‍ വരുന്നുണ്ടെങ്കിലും മാധവിക്കുട്ടി എഴുതിയ കാലത്ത് അത് സാധാരണമായിരുന്നില്ല.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്ന വ്യക്തിയായിരുന്നു കമലാദാസ്. അങ്ങനെ വരുമ്പോള്‍ ലോകസാഹിത്യത്തില്‍ അവരുടെ സ്ഥാനം എന്തായിരുന്നു?
മാധവിക്കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത അതുതന്നെയായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുക എന്നത്. ഒരു കാലഘട്ടത്തില്‍ അവര്‍ മലയാളത്തില്‍ കവിതകള്‍ എഴുതിയിരുന്നില്ല. The Old Play House, സമ്മര്‍ ഇന്‍ കല്‍ക്കത്ത പോലുള്ള കവിതകള്‍ എഴുതിയിരുന്ന കാലഘട്ടത്തില്‍ കവിതകള്‍ എല്ലാം ഇംഗ്ലീഷിലും ഗദ്യരചനകള്‍ മലയാളത്തിലും ആയിരുന്നു. പില്കാലത്ത് മലയാളത്തില്‍ കവിതകള്‍ എഴുതിയിരുന്നു. അറുപതുകളുടെ ഒരു പ്രത്യേകത. കമല എന്നാണ് അവരുടെ പേര്. പങ്കാളി മാധവദാസ്.