സഹശ്വാസികള്‍ നാം

സഹശ്വാസികള്‍ നാം
വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും
റവ. ഡോ. കെ.എം ജോര്‍ജ്

വളരെ ഹൃദയസ്പര്‍ശിയായ ഒരു രചനയാണ് ആസന്നമായ മൃത്യുവിനെ മുഖാമുഖം കണ്ടുകൊണ്ട് ഡോ. പോള്‍ കലാധിനി എഴുതിയ ‘ശ്വാസം വായുവാകുമ്പോള്‍ (When Breath Becomes Air) എന്ന പുസ്തകം. അതിപ്രഗത്ഭനായ ഒരു ന്യൂറോ സര്‍ജന്‍ എന്ന നിലയിലേക്ക് അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ വംശജനായ കലാനിധി, സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പഠനം പരിശീലനം നടത്തിക്കൊണ്ടിരിക്കെ മുപ്പത്തേഴാം വയസ്സില്‍ ശ്വാസകോശ കാന്‍സര്‍ ബാധിച്ച് മരിച്ചു. ഒറ്റിയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ തോന്നുമെങ്കിലും ആ ചെറിയ പുസ്തകത്തിന്റെ വരികള്‍ക്കിടയിലൂടെ ആഴമേറിയ ദാര്‍ശനിക വിചാരങ്ങളും സാഹിതീയവും ആധ്യാത്മികവുമായ ഉള്‍ക്കാഴ്ചകളും നമ്മെ പുതിയ ലോകങ്ങളിലേക്ക് ബഹുദൂരം കൂട്ടിക്കൊണ്ടുപോകും. തന്റെ സഹപ്രവര്‍ത്തകയും ഭാര്യയുമായ ഡോ. ലൂസിയെയും ഏതാനും മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയും ലോകത്തില്‍ ശേഷിപ്പിച്ച് തികഞ്ഞ ബോധത്തോടെയാണ് പോള്‍ കലാനിധി യാത്രപറഞ്ഞുപോയത്. വെളുത്തകോട്ടും സ്റ്റെത്തുമണിഞ്ഞ് അനേകം രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ടിരുന്ന വിദഗ്ധനായ ഡോക്ടര്‍ ആറുമാസങ്ങള്‍കൊണ്ട് രോഗിയുടെ പൈജാമയിട്ട് എഴുതിയ പുസ്തകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. വിധവയായ അമേരിക്കക്കാരി ഭാര്യ ലൂസിയാണ് ആ പുസ്തകത്തിന് പിന്‍കുറിപ്പെഴുതി പ്രസിദ്ധീകരിച്ചത്. പ്രസിദ്ധനായ മലയാളി ഡോക്ടര്‍ എബ്രഹാം വര്‍ഗീസ് അവതാരികയെഴുതി. ജനിച്ച നിമിഷം മുതല്‍ ഏഴരദശകങ്ങളായി വായു ശ്വസിക്കുന്നുണ്ടെങ്കിലും, മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പുസ്തകം വായിച്ചപ്പോഴാണ് ഒരു വെളിപാടുപോലെ വായുവും ശ്വാസവും തമ്മിലുള്ള വ്യത്യാസം എന്റെ ബോധത്തിലേക്ക് വന്നത്. ഏതു നിമിഷമാണ് വായു ശ്വാസവും ശ്വാസം വായുവായി മാറുന്നത് എന്ന ചോദ്യം ജീവന്റെ മഹാരഹസ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജീവന്റെ അര്‍ത്ഥമെന്താണ് എന്നറിയാന്‍വേണ്ടി മെഡിസിന്‍ പഠിക്കാന്‍ പോകുന്നതിനുമുമ്പ് കേംബ്രിഡ്ജ്, സ്റ്റാന്‍ഫഡ്, യേല്‍ എന്നീ യൂണിവേഴ്‌സിറ്റികളില്‍ ഇംഗ്ലീഷ് സാഹിത്യത്തിലും പിന്നെ ശാസ്ത്രത്തിന്റെ ദാര്‍ശനിക ചരിത്രത്തിലുമൊക്കെ ബിരുദാനന്തരബിരുദം എടുത്തിരുന്ന പോള്‍ കലാനിധി പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവി ബാരണ്‍ ബ്രൂക്ക് ഗ്രെവില്‍ രചിച്ച ഒരു കവിതയില്‍ നിന്നാണ് തന്റെ പുസ്തകത്തിന്റെ ശീര്‍ഷകം സ്വീകരിച്ചത്. ഏതാണ്ട് ഇങ്ങനെ മൊഴിമാറ്റം നടത്താം ആ പഴയ വരികള്‍ക്ക്:
എന്താണ് ജീവന്‍ എന്നു മരണനിമിഷത്തില്‍ അന്വേഷിക്കുന്നവരേ,
ഒരിക്കല്‍ ശ്വാസമായിരുന്ന വായുവാണത് എന്ന് തിരിച്ചറിയുക.
എത്ര ഉചിതമായിട്ടാണ് ‘പ്രാണവായു’ എന്ന് നമ്മുടെ ഇന്ത്യന്‍ ഭാഷകളില്‍ നാമതിനെ വ്യവഹരിക്കുന്നത്. ഈ ചെറിയ ലേഖനത്തില്‍ പുരാതനയവന ദാര്‍ശനിക പാരമ്പര്യത്തിലും ഒരളവില്‍ അതിന്റെ പിന്‍തുടര്‍ച്ചാവകാശം നേടിയ ബിസന്റ്റയില്‍ സാമ്രാജ്യത്തിലെ പൗരസ്ത്യ ക്രിസ്തീയ ദര്‍ശനത്തിലും, എങ്ങനെയാണ് ഈ പ്രാണവായുവിനെക്കുറിച്ച് വ്യവഹരിച്ചത് എന്നു സൂചിപ്പിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ ചില ആധ്യാത്മിക സാധ്യതകളും ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നു.
ശ്വാസവും സ്‌റ്റോയിക് ദര്‍ശനവും:
‘സഹശ്വസനം’ എന്നൊരു ആശയം പുരാതന ഗ്രീസിലെ പ്രസിദ്ധമായ സ്റ്റോയിക് ദാര്‍ശനിക വ്യവസ്ഥയിലുണ്ടായിരുന്നു. ഗ്രീക്കില്‍ ട്യാുിീശമ എന്നും ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളില്‍ ഇീിുെശൃമശേീി (ഇീയൃലമവേശിഴ) എന്നും വിശേഷിപ്പിക്കുന്ന ഈ ആശയം പിന്നീട് റോമന്‍ സംസ്‌കാരത്തിലും പൗരസ്ത്യ ക്രിസ്തീയ ചിന്തയിലും അതിന്റെ മുദ്രപതിപ്പിച്ചു.
ചതുര്‍ഭൂതങ്ങളാല്‍ – വായു, വെള്ളം, അഗ്നി, ഭൂമി – നിര്‍മ്മിതമായ പ്രപഞ്ചം ഒന്നായി നിലനില്‍ക്കത്തക്കവിധം അതിനെ സംഘടിപ്പിക്കയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് എന്തു ശക്തിയാണ് എന്ന ചോദ്യം ഗ്രീക്ക് ചിന്തകര്‍ നിരന്തരം ചോദിച്ചിരുന്നു. നമ്മുടെ ആധുനിക പ്രപഞ്ചവിജ്ഞാനത്തിലും നിങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നതാണ് ഈ ചോദ്യം. പ്രപഞ്ചം അനുനിമിഷം വികസ്വരമായിക്കൊണ്ടിരിക്കുകയാണെങ്കില്‍ എന്തു ശക്തിയാണ് അതിനെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്നത്. ഗുരുത്വാകര്‍ഷണബലം, ഇലക്‌ട്രോ-മാഗ്നിറ്റിക് ബലം, ന്യൂക്ലീയര്‍ തലത്തിലെ ദൃഢബലം, മുദുബലം എന്നിവ കൂടാതെ അഞ്ചാമതൊരു ബലമുണ്ടോ എന്നു ശാസ്ത്രം അന്വേഷിക്കുകയാണ്. ഈ ചോദ്യത്തിന് പുരാതന ഗ്രീക്ക് ദാര്‍ശനികര്‍ നല്‍കിയ ഉത്തരങ്ങളിലൊന്നാണ് സഹശ്വസനം (Co-breathing) എന്ന ആശയം.
ഇന്ത്യന്‍ ഷഡ്ദര്‍ശനങ്ങള്‍ പോലെ യവനപാരമ്പര്യത്തില്‍ അറിയപ്പെട്ട അഞ്ചു പ്രമുഖ ദാര്‍ശനിക സമ്പ്രദായങ്ങളില്‍ ഒന്നായിരുന്ന സ്‌റ്റോയിക് ദര്‍ശനം. ആഥന്‍സില്‍ പൂമുഖം എന്നര്‍ത്ഥമുള്ള Stoa എന്ന പൊതുമണ്ഡലത്തില്‍ പഠിച്ചുകൊണ്ടിരുന്ന ദാര്‍ശനികനായ സീനോ (Zeno) യുടെ പേരാണ് സ്റ്റോയിക് ചിന്തയുടെ തുടക്കവുമായി ബന്ധപ്പെടുന്നത്. ഇന്നും പ്രസക്തമായി വളരെപ്പേര്‍ കരുതുന്ന സുദൃഢവും പ്രായോഗികവുമായ ഒരു ധാര്‍മികജീവിതശൈലി രൂപപ്പെടുത്തുകയായിരുന്നു സ്റ്റോയിക് ചിന്തകരുടെ ദൗത്യം. ഗ്രീക്ക്-റോമന്‍ സംസ്‌കാരത്തില്‍ നമുക്ക് ഒട്ടൊക്കെ പരിചിതമായ പേരുകളാണ് ചക്രവര്‍ത്തിയായിരുന്ന മാര്‍ക്കസ് ഔറേലിയസ്, എപ്പിക് റീറ്റസ്, സെനെക്കാ തുടങ്ങിയവരുടേത്. പ്രപഞ്ചയുക്തിയിലും നൈതികതയിലും ഊന്നിയ സ്റ്റോയിക് ദര്‍ശനം ആത്യന്തികമായി പൊതുമനുഷ്യനന്മ, സന്തോഷം, സുഖദുഃഖങ്ങളിലുള്ള സ്ഥിരചിത്തത എന്നീ മൂല്യങ്ങള്‍ താത്വികമായി മാത്രമല്ല, യഥാര്‍ത്ഥ മനുഷ്യജീവിതത്തില്‍ പ്രായോഗികമായി സാക്ഷാത്കരിക്കണം എന്ന നിലപാടാണ് എടുത്തത്. പിന്നീട് ഗ്രീക്കോ-റോമന്‍ സംസ്‌കാരത്തില്‍ അതിശക്തമായി ഉയര്‍ന്നുവന്ന ക്രിസ്തീയവിശ്വാസത്തിന്റെ നൈതിക-ധാര്‍മിക വീക്ഷണങ്ങളുമായി വളരെ പൊരുത്തപ്പെട്ടതുകൊണ്ട് ക്രിസ്തീയ സന്യാസപ്രസ്ഥാനത്തില്‍ സ്റ്റോയിക് സ്വാധീനമുണ്ടായിട്ടുണ്ട്. പ്രശസ്ത ക്രിസ്തീയ ദാര്‍ശനികരും വേദ ശാസ്ത്രജ്ഞനുമായിരുന്ന നിസ്സായിലെ ഗ്രിഗറി തന്റെ രചനകളില്‍ ആദരവോടുകൂടി എന്നാല്‍ വിമര്‍ശനപൂര്‍വം സ്റ്റോയിക് ചിന്തയെ പരമാര്‍ശിക്കുന്നുണ്ട്.
പ്രപഞ്ചത്തില്‍ അന്തര്‍ലീനമായി, അതിന്റെ എല്ലാ സൂക്ഷ്മാംശങ്ങള്‍ വരെയും വ്യാപരിക്കുന്ന ലോഗോസ് (വാക്ക്, യുക്തി, ലോജിക്, സര്‍ഗ്ഗശക്തി) എന്നൊക്കെ ഈ ഗ്രീക്ക് വാക്കിന് മൊഴിമാറ്റം കൊടുക്കാം) എന്ന ആശയം ഗ്രീക്ക് ദര്‍ശനങ്ങളില്‍ പൊതുവെയുണ്ട്. ഇതില്‍നിന്നാണ് ഘീഴശര എന്ന വാക്കു വരുന്നത്.
സ്റ്റോയിക്ക് ചിന്തയില്‍ പ്രകൃതിയും പ്രപഞ്ചവുമെല്ലാം അതിന്റെ ആന്തരികയുക്തിയാല്‍ ഭദ്രമാണ്. അത് ഒരുവിധത്തില്‍ നമുക്കും തടുക്കാനാവാത്ത വിധി പോലെയാണ്. അതിന്റെ അപ്രതിഹതമായ ശക്തിക്ക് വഴങ്ങാനേ മനുഷ്യര്‍ക്ക് സാധിക്കുകയുള്ളൂ. പക്ഷേ അതിനുള്ളില്‍ത്തന്നെ നന്മയുടെ ഗുണമുള്ള ജീവിതം നയിക്കാന്‍ നമുക്ക് കഴിയും. നീതിബോധവും മിതത്വവും, ധൈര്യവും, ആത്മസംയമനവും, നിസ്സംഗതയും, കര്‍മ്മോത്സുകതയും, വിവേകവും സവിശേഷമായ ഗുണങ്ങളാണ്. സന്തോഷമാകട്ടെ സന്താപമാകട്ടെ, ദാരിദ്ര്യമാവട്ടെ, സമ്പത്താവട്ടെ, യാതൊരുവിധ അവസ്ഥകളിലും ആടിയുലയാതെ, സ്ഥിരചിത്തതയോടെ ജീവിക്കാനാണ് സ്റ്റോയിക്ക് ദര്‍ശനം പഠിപ്പിക്കുന്നത്. അുമവേലശമ എന്നു വിളിക്കുന്ന സ്ഥിരമാനസന്റെ നിസ്സംഗത ഇന്ത്യയില്‍ ഭഗവദ്ഗീതയും മറ്റും ഉപദേശിക്കുന്നതുമായി വളരെ അടുത്ത ബന്ധമാണ്. പില്‍ക്കാല ക്രിസ്തീയ ദാര്‍ശനികരെയും താപസ്സ സന്യാസിമാരെയും വളരെ ആകര്‍ഷിച്ച ഒന്നാണിത്. തപോധനരായ സന്യാസിമാരെ ഫിലോസഫര്‍ എന്നാണ് ക്രി.പി. നാലാം നൂറ്റാണ്ടിലും മറ്റും വിശേഷിപ്പിച്ചുകൊണ്ടിരുന്നത്.