ആഗോളഗ്രാമം

ആഗോളഗ്രാമം

ടി.കെ. സന്തോഷ്‌കുമാർ

ടെലിവിഷൻ നാടോടിത്തങ്ങൾ

 

കലാവിമർശനം മാർക്‌സിസ്റ്റ് മാനദണ്ഡം എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ എഡിറ്ററായ രവീന്ദ്രൻ മൂന്നര പതിറ്റാണ്ടുകൾക്കുമുമ്പ് നടത്തി നിരീക്ഷണം ഇപ്രകാരമാണ്. വൻകിട പത്രങ്ങളുടെ വാർത്താവിന്യാസത്തിലെ വൈകല്യത്തെപ്പറ്റി നടത്തിയ നിരീക്ഷണം ഇപ്പോഴും പ്രസക്തമാണ്. അനേകസഹസ്രം തൊഴിലാളികളെ ബാധിക്കുന്ന പണിമുടക്കിന്റെ വാർത്തയെക്കാൾ പത്രങ്ങൾക്ക് പ്രധാനം ഭരണാധികാരിയുടെ ക്ഷേത്രദർശനമാണെന്നു വരുമ്പോൾ, പൊതുജീവിതത്തിൽ വല്ലപ്പോഴുമുണ്ടാകുന്ന ഉണർവുകൾ വിനിമയം ചെയ്യപ്പെടാതെ പോകുന്നു. തുടർന്ന് രവീന്ദ്രൻ പറയുന്നു, സെൻസേഷണലിസത്തിലും കഥാഖ്യാനത്തിലും ഊന്നുന്ന റിപ്പോർട്ടിങ് ശൈലി വർത്തമാനപ്പത്രങ്ങളെ വൃത്താന്തങ്ങളുടെ സ്വച്ഛന്ദലോകമാക്കി ദൂരീകരിച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തിൽ നിന്നുള്ള അന്യപ്പെടലിന് തീർച്ചയായും പ്രത്യയശാസ്ത്രവിവക്ഷകളുണ്ട്. റിപ്പോർട്ട് ചെയ്യുകവഴി അധീശവർഗത്തിനുവേണ്ടി നിർവഹിക്കുന്ന പ്രത്യയശാസ്ത്രസേവനം തന്നെയാണ് റിപ്പോർട്ട് ചെയ്യാതിരിക്കുകവഴിയും പത്രങ്ങൾ നിർവഹിക്കുന്നത്. പത്രങ്ങളെ മുൻനിർത്തിയുള്ള ഈ നിരീക്ഷണം ഇന്ന് ടെലിവിഷൻ ഉൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ബാധകമാണ്. വാർത്താവിന്യാസത്തിൽ നിന്ന് വാർത്തയുടെ പ്രാധാന്യത്തിനനുസരിച്ചുള്ള മുൻഗണനകൾ ഇല്ലാതായിരിക്കുന്നു. അപ്രധാന വാർത്തകൾ നിരന്തരം വിന്യസിക്കുന്നതിലൂടെ ജനങ്ങളിലേക്കെത്തേണ്ട വാർത്തകൾ അപ്രധാനമാകുകയാണ്. സർക്കാരാശുപത്രിയുടെ ലിഫ്റ്റ് തകർന്ന് രോഗിയായ പെൺകുട്ടി മരിച്ചത് അപ്രധാനമാകുകയും പ്രണയനൈരാശ്യത്താൽ കാമുകൻ വീട്ടിൽ അതിക്രമിച്ചുകയറി കാമുകിയെ കുത്തിക്കൊല്ലുന്നത് പ്രധാനമാകുകയും ചെയ്യുന്ന സ്ഥിതി. ഇന്നാട്ടിലെ ബഹുഭൂരിപക്ഷം സാധാരണക്കാർ ആശ്രയിക്കുന്ന ചികിത്സാകേന്ദ്രമാണ് സർക്കാരാശുപത്രി. അതുകൊണ്ടുതന്നെ ആ വാർത്തയുമായി ബന്ധപ്പെട്ട പൊതുതാല്പര്യം പ്രധാനമാണ്. എന്നാൽ അതൊരു പ്രശ്‌നമല്ലാതാകുകയും വ്യക്തിപരവും പ്രാദേശികവും ആയ കൊലപാതകത്തെ കൊണ്ടാടുകയും ചെയ്യുന്നു! സെൻസേഷണലിസത്തിന്റെ എല്ലാ സാധ്യതകളും കൊലപാതക വാർത്തയിലുണ്ട്. കഥാഖ്യാനത്തിന്റെ വിവിധതലങ്ങൾ വർണപകിട്ടോടെ വികസിപ്പിക്കാൻ ആ വാർത്തയിൽ മാധ്യമങ്ങൾക്ക് സാധിച്ചു. ഇതേ ആഖ്യാനശൈലിയാണ്, ചെല്ലാനത്തെയും ശംഖുമുഖത്തെയും വഴിഞ്ഞത്തെയും കടൽത്തീരങ്ങൾ കടലു കയറിത്തകരുമ്പോൾ സ്വകരിക്കുന്നതും. മന്ത്രിമാരുടെ പിന്നാലെ കാമറയുമായി നടന്ന് അവരെന്തെങ്കിലും പറയുന്നതും കാത്ത് നടക്കുന്നു. തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിലും കടൽത്തീരം സന്ദർശിച്ച മന്ത്രിമാരുടെ ദൃശ്യങ്ങൾ കാണാം. കടൽത്തിരകൾ തീരം കുത്തിയിളക്കിയതും കഥ പറയുന്നശൈലിയിൽതന്നെയാണ് അവതരിപ്പിക്കുന്നത്. തീരദേശവാസികളുടെ കണ്ണീർക്കഥകൾ കൂടിയാകുമ്പോൾ വാർത്താഖ്യാനം തീർന്നു. എത്രയോ കൊല്ലങ്ങളായി നമ്മുടെ കടൽത്തീരങ്ങൾ കടലെടുത്തുകൊണ്ടിരിക്കുന്നു. അതിന്റെ മുഖ്യകാരണങ്ങളിലൊന്ന്, ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആണെന്ന യാഥാർത്ഥ്യത്തിലേക്ക് ശ്രദ്ധയൂന്നാനും അതുമായി ബന്ധപ്പെട്ട അവബോധം ജനങ്ങളിൽ വളർത്തിയെടുക്കാനും സമയവും സ്ഥലവും ചെലവഴിക്കാൻ മാധ്യമങ്ങൾക്ക് യാതൊരു താല്പര്യവുമില്ല. കടലിൽ മണ്ണടിഞ്ഞ് ചെറുദ്വീപു പൊങ്ങിവരുന്നതിന്റെ ദൃശ്യാവിഷ്‌കാരം കൗതുകത്തിന്റെ അല്ലെങ്കിൽ അത്ഭുതത്തിന്റെ മട്ടിലാണ് അവതരിപ്പിക്കുന്നത്. അതും കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലമാണെന്ന് തിരിച്ചറിയുന്നതേയില്ല. ഇതുകൂടാതെ മനുഷ്യർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവിരുദ്ധ നിർമാണപ്രവർത്തനങ്ങൾ, വെള്ളം കെട്ടി നിറുത്തി ഭൂഗർഭത്തിലേക്ക് ഇറങ്ങാൻ ഇടയില്ലാത്ത കൃഷിരീതികൾ, മാലിന്യങ്ങളുടെ അശാസ്ത്രീയമായ നിക്ഷേപം അങ്ങനെ ഒട്ടേറെ കാര്യങ്ങൾ പരിസ്ഥിതിയുടെ സ്വാഭാവിക നിലനിൽപ്പിനെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്നു. കടലിൽനിന്ന് തീരപ്രദേശത്തേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ വലിയ ശേഖരം വന്നടിയുന്നത് ഇപ്പോൾ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പല പോസിലുള്ള ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിക്കുക എന്നതിനപ്പുറം, അത്രയും പ്ലാസ്റ്റിക്കുകൾ എങ്ങനെ ചെന്നുചേർന്നു, അതുണ്ടാക്കുന്ന വിനാശങ്ങളെന്താണ് എന്നതിനെപ്പറ്റിയൊന്നും ഒരുക്ഷരം ഉരിയാടില്ല. ഇത്തരത്തിൽ മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പുമായി ബന്ധപ്പെട്ട വാർത്തകളും വസ്തുതകളും വേണ്ടത്ര ഗൃഹപാഠമില്ലായ്മയുടെയും ദീർഘവീക്ഷണമില്ലായ്മയുടെയും സാമൂഹ്യപ്രതിബദ്ധതയില്ലായ്മയുടെയും ഫലമായി വിനിമയം ചെയ്യാപ്പെടാതെപോകുന്നു. അത് നിയമസഭയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഹൈഡ്രജൻ ഇന്ധനത്തിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ 10 ബസ്സുകൾ പൊതുഗതാഗതത്തിനായി നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചു. അത് വാസ്തവത്തിൽ ദീർഘവീക്ഷണമുള്ളതും സമകാലിക പരിസ്ഥിതിബോധം ഉൾക്കൊള്ളുന്നതും ആയ ഒന്നാണ്. എന്നാൽ,  മിക്ക മാധ്യമങ്ങളും ഇതിന്റെ പ്രാധാന്യം വേണ്ടത്ര ഉൾക്കൊണ്ടതേയില്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ആഗോളതാപനത്തിന് വഴിവയ്ക്കുന്നുഎന്ന ശാസ്ത്രസത്യം കൺമുന്നിൽ നിൽക്കുമ്പോൾ, ഹൈഡ്രജനാണ് പകരം വയ്ക്കാവുന്ന ഇന്ധനങ്ങളിൽ ഒന്ന് എന്ന നിഗമനത്തിൽ ശാസ്ത്രലോകം എത്തിച്ചേർന്നിട്ടുണ്ട്. ലോകത്ത് പലയിടത്തും ഹൈഡ്രജൻ സ്വീകരിച്ച് ബസ്സുകൾ ഓടുന്നുമുണ്ട്. ഫോസിൽ ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങൾ നമ്മുടെ ഗതാഗതത്തിന്റെ ഭാഗമാകുന്നത് വിപ്ലവകരമായ ചുവടുവയ്പാണ്. ഇത്തരം വാഹനങ്ങൾ ആഗോളതാപനം എന്ന മഹാവിപത്തിനും അന്തരീക്ഷമലിനീകരണത്തിനും ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്ന കാർബൺഡയോക്‌സൈഡ് പുറന്തള്ളുകയില്ല. ഇത്തരം കാര്യങ്ങളും അതിനനുബന്ധകശാസ്ത്രയാഥാർത്ഥ്യങ്ങളും സാധാരണജനങ്ങളിലെത്തിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്. അതിലൂടെ സമൂഹത്തിൽ ശാസ്ത്രാഭിമുഖ്യവും ശാസ്ത്രാവബോധവും വളർത്തുക എന്നത് മാധ്യമധർമമാണ്. ടെലിവിഷനിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും തത്സമയം ജനങ്ങളിലെത്തിച്ച വാർത്തകൾ പിറ്റേദിവസം ആവർത്തിക്കാതെ വാർത്തകൾക്കിടയിലെ വാർത്തകൾ കണ്ടെത്തിയെങ്കിൽ മാത്രമേ വിശേഷിച്ച് പത്രങ്ങൾക്ക് ഇപ്പോഴുള്ള സ്വീകാര്യത നഷ്ടപ്പെടാതിരിക്കൂ എന്നതാണ് വാസ്തവം. അങ്ങനെ ചെയ്യുമ്പോൾ ടെലിവിഷൻ ചാനലുകളും മനുഷ്യോപകാരപ്രദമായ കൂടുതൽ ഉള്ളടക്കത്തിലേക്ക് മാറിച്ചിന്തിക്കും. ഇപ്പോൾ നോക്കുന്നത് വാർത്താവതരണത്തിന്റെ കൂത്താട്ടമാണ്. അതിൽ ശരിയേത് തെറ്റേത് എന്ന ഭേദങ്ങളൊന്നുമില്ല. സംപ്രേഷണം നടത്തുന്നത് എല്ലാം ശരിയാണെന്ന പ്രതീതിയാണുള്ളത്. കുറേദിവസത്തെ അടച്ചുപൂട്ടലിനുശേഷം മദ്യശാലകൾ തുറന്നപ്പോൾ, അവിടെയുള്ള നീണ്ട ക്യൂവിന്റെ ദൃശ്യങ്ങൾ ചാനലുകൾ ആവർത്തിച്ചുകാണിച്ചു. മദ്യം വാങ്ങാൻ വന്നവർ ആരെന്ന് വ്യക്തമാകുന്നവിധം ദൃശ്യങ്ങൾ യാതൊരു മറയുമില്ലാതെയാണ് സംപ്രേഷണം ചെയ്തത്. പ്രായമായ ചില മനുഷ്യരുടെ ബൈറ്റുംഉണ്ടായിരുന്നു. ഒരാൾ റിപ്പോർട്ടറോട്, ഒരു കുപ്പികൂടി വാങ്ങിത്തരുമോ എന്നാണ് ചോദിച്ചത്? അതാകട്ടെ ഒരാഘോഷമാക്കിമാറ്റി. അയാളെ സംബന്ധിച്ചിടത്തോളം അത് ചാനൽ റിപ്പോർട്ടറാണെന്നോ, അത് സംപ്രേഷണം ചെയ്യുമെന്നോ ഒന്നും തിരിച്ചറിയുന്നില്ല. എന്നാൽ അത് തത്സമയവും പിന്നീടും കാണിക്കുകയാണ്! സ്വകാര്യതയെപ്പറ്റി, പൗരസ്വാതന്ത്ര്യത്തെപ്പറ്റി, മൗലികാവകാശത്തെപ്പറ്റി സംസാരിക്കുന്ന മാധ്യമങ്ങൾ, മദ്യം വാങ്ങാൻ ക്യൂവിൽ വന്നുനിന്നവരുടെ സ്വകാര്യതയെപ്പറ്റി മറന്നുപോയി എന്നതാണ് വാസ്തവം. മദ്യം നിരോധിച്ച ഉല്പന്നമല്ല; സർക്കാരിന്റെ വിപണനശാലകളിൽ നിന്നാണ് അവർ വാങ്ങുന്നത്. വേണ്ടത്ര ശാരീരിക അകലം പാലിച്ചോ ഇല്ലയോ എന്നു നിരീക്ഷിക്കാൻ പോലീസ് സംവിധാനവും ഉണ്ട്. ഇതെക്കുറിച്ചൊന്നും അറിയാത്തവരല്ല, മാധ്യമങ്ങൾ. എന്നാലും ആ ആൾക്കൂട്ടത്തിന്റെ സർവവ്യക്തിസ്വാതന്ത്ര്യങ്ങളെയും ഹനിച്ചുകൊണ്ട്, ആ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. അടിമുടി കൗതുകത്തിൽ അഭിരമിച്ച് യാഥാർത്ഥ്യബോധം സ്വയം നഷ്ടപ്പെടുത്തുന്ന പ്രവണതയാണിത്. ഇങ്ങനെയുള്ള കാര്യങ്ങളിലൂന്നുമ്പോഴാണ് അടിസ്ഥാന ധർമങ്ങളിൽ നിന്ന് വഴിമാറിയുള്ള നാടോടിത്തമായി മാധ്യമ പ്രവർത്തനം മാറുന്നത്. അവിടെയാണ് മാധ്യമയിടങ്ങളിൽ ഫേക് ലോറുകൾ രൂപപ്പെടുന്നത്.